ഇരുതി പക്കം അഥവാ അവസാന പേജ്
തമിഴ് ഭാഷയില്‍ ഇരുതി പക്കം എന്നാല്‍ അവസാന പേജ് എന്നാണ് അര്‍ത്ഥം. മനോ വി കണ്ണദാസന്റെ ആദ്യ ചിത്രത്തിന്റെ പേരും ഇതുതന്നെയാണ്. ഒരാളുടെ ഉള്ളില്‍ അയാള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ശത്രവുണ്ടാവുക സാധാരണമാണ്. തന്നെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന ഒരാള്‍, അതല്ലെങ്കില്‍ കൊല ചെയ്യാന്‍ ശ്രമിക്കുന്ന ഒരാള്‍ അതുമല്ലെങ്കില്‍ തന്നെ രോഗിയാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍. ഇതൊരു മാനസിക നിലയാണ്. പലപ്പോഴും മുന്നോട്ടുള്ള യാത്രയില്‍ അവനവന്‍ തന്നെ നിശ്ചയിക്കുന്ന ഒരു ശത്രു.
ഇരുതി പക്കം പറയുന്നതും അത്തരമൊരു കഥയാണ്. അനാഥയായി വളര്‍ന്ന് എഴുത്തുകാരിയായി തീര്‍ന്ന ഇയല്‍ ആണ് കഥാപാത്രം. ഒരു ദിവസം ഇയല്‍ കൊല ചെയ്യപ്പെടുന്നു. അതന്വേഷിക്കുന്ന സബ് ഇന്‍സെപ്കടറും സംഘവും പ്രതിയെ കണ്ടെത്തുന്നു. അയാളൊരു വാടക കൊലയാളിയായിരുന്നു.പണം നല്‍കിയ അജ്ഞാതനെ കണ്ടെത്തുക, കൊല എന്തിനുവേണ്ടിയായിരുന്നു എന്നറിയുക, ഈ അന്വേഷണമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഫഌറ്റില്‍ വന്നു പോയവരും ഇയലിന്റെ പരിചയക്കാരും സംശയത്തിന്റെ നിഴലിലാകുന്നു. അന്വേഷണം അവളുടെ കാമുകനിലേക്കും മറ്റൊരു കൂട്ടുകാരനിലേക്കും നീളുന്നു.
എഴുത്ത് ഭാവനയിലല്ല അനുഭവങ്ങളില്‍ നിന്നാണ് ജനിക്കേണ്ടത് എന്നു വിശ്വസിച്ചിരുന്ന ഇയല്‍ ഒരു ഇറോട്ടിക് നോവലിനായുള്ള അനുഭവം തേടലിലായിരുന്നു കുറേ കാലമായി. ഇതറിഞ്ഞ കാമുകന്‍ അവളില്‍ നിന്നും അകലുന്നു. മറ്റൊരു സുഹൃത്ത് ലൈഗികവേഴ്ചകളില്‍ അവളെ വല്ലാതെ പീഡിപ്പിക്കുന്നു. തന്റെ ജീവിതരീതികളും ചിന്തയും പ്രിയപ്പെട്ടവര്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്ന കണ്ടെത്തലാണ് ഇയലിനെ വ്യത്യസ്തമായ ഒരു ഫിക്ഷന്‍ രീതിയില്‍ തന്റെ മരണം ഒരുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒടുവില്‍ ഇന്‍സ്‌പെക്ടര്‍ അത് മനസിലാക്കുകയാണ്. അപ്പോഴും അയാളെ ആദ്യമായി പ്രണയിച്ച അദൃശ്യ വ്യക്തിയായിരുന്നു ഇയല്‍ എന്ന് ഇന്‍സ്‌പെക്ടര്‍ തിരിച്ചറിയുന്നില്ല എന്നതാണ് കഥയിലെ മറ്റൊരു ട്വിസ്റ്റ്.
സാധാരണ ക്രൈംകഥകളില്‍ നിന്നും മാറി ചിന്തിച്ചു എന്നതില്‍ മനോ എന്ന സംവിധായകന് അഭിമാനിക്കാം. ഇയല്‍ ആയി അമൃത ശ്രീനിവാസനും ഇന്‍സ്‌പെക്ടര്‍ കുമാറായി രാജേഷ് ബാലചന്ദ്രനും കാമുകന്‍ പ്രശാന്തായി വിഗ്നേഷ് ശ്രീനിവാസനും മിഥുന്‍ എന്ന സുഹൃത്തായി ശ്രീരാജും അസിസ്റ്റന്റ് പോലീസ് ഓഫീസര്‍ ജെനിഫറായി ഗിരിജ ഹരിയും നല്ല അഭിനയം കാഴ്ചവച്ചു. പ്രവീണ്‍ ബാലുവിന്റെ സിനിമറ്റോഗ്രഫിയും രാം പാണ്ഡ്യന്റെ എഡിറ്റിംഗും എം.എസ്.ജോണ്‍സ് റുപേര്‍ട്ടിന്റെ സംഗീതവും ചിത്രത്തിന് മിഴിവേകുന്നു👃
No comments:
Post a Comment