മതവും രാഷ്ട്രീയവും മനസിനെ ഭരിക്കാത്ത കുറച്ചുപേരെങ്കിലും കേരളത്തിനും വേണ്ടേ !!
2022 ജനുവരി 23 ന് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപതിപ്പിന്റെ പ്രത്യേകപതിപ്പ് ഈയിടെയാണ് കണ്ടതും വായിച്ചതും. അതില്‍ കേളപ്പനെ കുറിച്ച് ടി.പത്മനാഭന്‍ എഴുതിയ ലേഖനമുണ്ട്. അത് വായിച്ചപ്പോഴാണ് മതവും രാഷ്ട്രീയവും അന്ധവിശ്വാസം പോലെ കൊണ്ടുനടക്കുന്നവര്‍ സ്വതന്ത്ര നിലപാടുകളുള്ളവരെ എത്രമാത്രം തള്ളിപ്പറഞ്ഞിരുന്നു, അപമാനിച്ചിരുന്നു എന്നു മനസിലാകുന്നത്. സാമൂഹിക മാധ്യമങ്ങളൊക്കെ വരുന്നതിന് മുന്നെ തന്നെ നട്ടെല്ലും സ്വതന്ത്രവ്യക്തിത്വവുമുള്ളവരെ സംഘടിത രാഷ്ട്രീയ-മത ശക്തികള് എതിര്‍ക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്നത് സ്വതന്ത്ര നിലപാടുകള്‍ എടുക്കുന്ന എന്നെപോലെയുള്ള സാധാരണ മനുഷ്യര്‍ക്കും ആശ്വാസം നല്‍കുന്ന ഒന്നായി. പത്മനാഭന്‍ എഴുതുന്നു, ' അങ്ങാടിപ്പുറത്തെ തളിക്ഷേത്രം ഒരുകാലത്ത് ധാരാളം സ്വത്തുക്കളുള്ള ഒരു വലിയ ആരാധനാലയമായിരുന്നു.കാലാന്തരത്തില്‍ സ്വത്തുക്കളെല്ലാം കൈയേറ്റങ്ങളാല്‍ അന്യാധീനപ്പെട്ടു.ക്ഷേത്രവും പതുക്കെ പതുക്കെ പൊളിഞ്ഞ് നാമാവശേഷമായി.ഒടുവില്‍ പാതവക്കില്‍ നിരാംലംബമായി ഒരു ബിംബം മാത്രം അവശേഷിച്ചു. ഈ ഘട്ടത്തിലാണ് പ്രാദേശികരായ ഏതാനും ക്ഷേത്രവിശ്വാസികള്‍ തളിയുടെ പുനരുദ്ധാരണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. തങ്ങളുടെ പരിശ്രമത്തിന് സഹായമഭ്യര്‍ത്ഥിച്ചുവന്ന വിശ്വാസികളെ കേളപ്പന്‍ നിരാശനാക്കിയില്ല. തളിക്ഷേത്രത്തിന്റെ പുനരുദ്ധാരണ ശ്രമങ്ങളുടെ നേതൃസ്ഥാനം സ്വാഭാവികമായും അദ്ദേഹം ഏറ്റെടുത്തു. പിന്നീടെന്തുണ്ടായി എന്നു ഞാന്‍ വിസ്തരിച്ചു പറയുന്നില്ല. അന്നത്തെ ഭരണകൂടത്തിന്റെ മര്‍ദ്ദനമുറകള്‍ ഒരു വശത്ത്; ഒരു പ്രത്യേക മതവിഭാഗത്തില്‍പെടുന്ന പ്രാദേശികവാസികളുടെ എതിര്‍പ്പ് മറുവശത്ത്. ' നായ പാത്തിയ കല്ലിന്മേല്‍ ചന്ദനം പൂശിയ കേളപ്പാ' എന്ന ആക്രോശങ്ങള്‍ എമ്പാടും. ബ്രിട്ടീഷ് ഭരണകാലത്ത് അറസ്റ്റും ജയില്‍വാസവും മര്‍ദ്ദനങ്ങളുമൊക്കെ കേളപ്പന്‍ എത്രയോ തവണ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, സ്വതന്ത്ര ഇന്ത്യയില്‍ കേളപ്പന് നേരിടേണ്ടിവന്ന ആദ്യത്തെ അറസ്റ്റ് തളി സമരത്തോടനുബന്ധിച്ചായിരുന്നു. അറസ്റ്റ് ചെയ്തത് മന്ത്രി ഇമ്പിച്ചിബാവയുടെ പോലീസ്. അറസ്റ്റിന് കാരണം സമാധാന ഭഞ്ജനം.
കേളപ്പനെതിരെ അന്ന് ഒട്ടേറെ അപവാദങ്ങള്‍ ഉയരുകയുണ്ടായി. കേളപ്പന്‍ മുസ്ലിം വിരോധിയാണ്, കേളപ്പന്‍ സംഘിയാണ് എന്നൊക്കെ.മലപ്പുറം ജില്ല രൂപവത്ക്കരണത്തെ ന്യായമെന്ന് തനിക്കുതോന്നിയ കാരണങ്ങളാല്‍ പരസ്യമായി എതിര്‍ത്ത കേളപ്പനെതിരെ ഈ അപവാദശരങ്ങള്‍ ഏറക്കുറെ പര്യാപ്തമായിരുന്നുതാനും. എന്നാല്‍, ഈ അപവാദ കര്‍ത്താക്കള്‍ സൗകര്യപൂര്‍വ്വം മറന്ന ചില കാര്യങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം:
1.മലബാര്‍ കലാപകാലത്ത് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പൊന്നാനിയെ രക്ഷിക്കാന്‍ ജീവന്‍ പണയം വച്ച് കേളപ്പന്‍ നടത്തിയ വീരോചിത പ്രയത്‌നങ്ങള്‍.
2. വാടാനപ്പള്ളിയിലെ മുസ്ലിം പള്ളിക്ക് മുന്നിലൂടെ ചന്ദനക്കുടമെഴുന്നള്ളിച്ച് അവിടെ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഹിന്ദുമതഭ്രാന്തരെ തടഞ്ഞുനിര്‍ത്തുന്നതില്‍ കേളപ്പന്‍ വഹിച്ച പങ്ക്്.ഈ കാലത്ത് കേളപ്പന് കിട്ടിയ പുതിയ ബിരുദം ' കേളപ്പന്‍ ഹാജി' എന്നായിരുന്നു.
ജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ പൊലിപ്പിച്ചുകാട്ടാന്‍ കേളപ്പന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. നാമിന്ന് ജീവിക്കുന്നത് ഉദ്ഘാടനങ്ങളുടെയും അനാച്ഛാദനങ്ങളുടെയും സമര്‍പ്പണങ്ങളുടെയുമൊക്കെ നടുവിലാണ്. ബസ് ഷെല്‍ട്ടര്‍ മുതല്‍ പൊതുശുചിമുറിവരെ ജനപ്രതിനിധികളാല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു. പലപ്പോഴും അതൊക്കെ എംഎല്‍എ ഫണ്ടില്‍ നിന്നോ എംപി ഫണ്ടില്‍ നിന്നോ കാശെടുത്ത് നിര്‍മ്മിച്ചതായിരിക്കും. എന്നിട്ട് ഈ കാര്യം ഏതോ ഒരു വലിയ പരിത്യാഗകര്‍മ്മം ചെയ്തതുപോലെ ബസ് ഷെല്‍ട്ടറിന്റെയും പൊതുശുചിമുറിയുടെയും മുകളില്‍ മുട്ടന്‍ അക്ഷരത്തില്‍ എഴുതി വയ്ക്കുകയും ചെയ്യും!
തീര്‍ന്നിട്ടില്ല. പൊതഖജനാവില്‍ നിന്ന് പണമെടുത്ത് നിര്‍മ്മിച്ച പാലങ്ങള്‍,സ്‌കൂളുകള്‍, ആശുപത്രികെട്ടിടങ്ങല്‍ തുടങ്ങിയവ ഉദ്ഘാടനത്തിനായി വരേണ്ടുന്ന മന്ത്രിയുടെ സൗകര്യക്കുറവ് മൂലം പൊതുജനത്തിന് തുറന്നുകൊടുക്കാതെ വെറുതെയിട്ട അവസ്ഥ ഇവിടെ ഉണ്ടായിട്ടില്ലേ? ഒടുവില്‍ എന്നെങ്കിലും മന്ത്രി എത്തുമ്പോള്‍ കെട്ടിടം ഉപയോഗപ്രദമല്ലാതായ അനുഭവവും ഇവിടെയില്ലേ? മന്ത്രി യഥാസമയം തന്നെ തുറന്നുകൊടുത്ത പാലം മൂന്നുമാസത്തിനുള്ളില്‍ പൊളിഞ്ഞു നദിയില്‍ വീണതും ഈ കേരളത്തില്‍തന്നെയല്ലേ?
പഴയ കാലത്ത് ഏതോ ഒരു പുണ്യാത്മാവ് ജനോപകാരാര്‍ത്ഥം കുഴിച്ച ഒരു കുളത്തിന്റെ കരയില്‍ ഒരു ഹാഫ് മാസ്റ്റ്(ഫുള്ളല്ല!) വിളക്ക് എംപി ഫണ്ടില്‍ നിന്നെടുത്ത് നിര്‍മ്മിച്ചതിന്റെയും ഉദ്ഘാടനം ചെയ്തതിന്റെയും വീരസ്യം കൃഷ്ണശിലാഫലകത്തിലൂടെ പ്രദര്‍ശിപ്പിക്കുന്ന ജനപ്രതിനിധികളും നമ്മുടെ നാട്ടിലുണ്ടല്ലോ! എന്തിനാണ് ഇപ്പോള്‍ ഇതൊക്കെ പറയുന്നത് എന്നു ചോദിച്ചാല്‍ ,ഒരു കാരണമുണ്ട്. 1940 ല്‍ കേളപ്പന്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന കാലത്താണ് കോരപ്പുഴ പാലം നിര്‍മ്മിച്ചത്. കേളപ്പനാണ് നാട്ടുകാരുടെ ചിരകാലാഭിലാഷം സാധിച്ചുകൊടുത്തത്. എന്നും വൈകുന്നേരങ്ങളില്‍ നിര്‍മ്മാണ പുരോഗതി കാണാന്‍ കേളപ്പന്‍ പോകുമായിരുന്നു. പാലവും അപ്രോച്ചുറോഡും പൂര്‍ത്തിയാപ്പോള്‍ ആ വഴി ഭാരം കയറ്റിവന്ന വയസനായ ഒരു കാളവണ്ടിക്കാരനെ കേളപ്പന്‍ പാലത്തിലൂടെ കടത്തിവിട്ടു.അതായിരുന്നു ഉദ്ഘാടനം. ഒരുതരത്തിലുളള ഉദ്ഘാടന മഹാമഹവും അവിടെനടന്നില്ല. ഫലകങ്ങളൊന്നുമില്ലാതെ അനേകകാലം പാലം അവിടെ നിലനിന്നു.
തികഞ്ഞ വിപ്ലവകാരിയായിരുന്നതിനാലാകാം കേളപ്പന് ഉചിതമായ ഒരു സ്മാരകവും ഉയര്‍ന്നുവരാതിരുന്നതും. ഗുവായൂരില്‍ ക്ഷേത്രപ്രവേശനത്തിന് മുന്നില്‍ നിന്ന അദ്ദേഹത്തിന് അവിടെയാണ് ഒരു സ്മാരകം ഉണ്ടാകേണ്ടത്. പക്ഷെ കിഴക്കേനടയില്‍ ഈയിടെ കേളപ്പന്റെ ശിഷ്യനായിരുന്ന എകെജിയുടെ പേരിലാണ് സ്മാരകം ഉയര്‍ന്നത്. ഇത് ചരിത്രത്തെ തമസ്‌ക്കരിക്കലാണ്, ചരിത്രത്തെ വളച്ചൊടിക്കലാണ്, ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്. ഇത് ചെയ്തവര്‍ക്ക് കാലം മാപ്പുകൊടുക്കില്ല. ' , പത്മനാഭന്‍ ഇങ്ങിനെ അവസാനിപ്പിക്കുന്നു.
കേളപ്പനെപോലെയുള്ളവര്‍ ഇന്ന് അപൂര്‍വ്വ ജനുസാണ്. എപ്പോഴും എന്തിനെയോ ഭയന്നു ജീവിക്കുന്ന മനുഷ്യരാണ് കൂടുതലും. മികച്ച കഥാകൃത്തും ആര്‍ജ്ജവമുള്ള ശബ്ദത്തിനുടമയുമാണ് ടി.പത്മനാഭന്‍. പൊതുവെ എഴുത്തുകാര്‍ പഞ്ചപുച്ഛമടക്കി ജീവിക്കുന്ന ഈ കാലത്ത് പത്മനാഭന്റെ എഴുത്ത് വിലയൊരാശ്വാസമാണ്. മതവും രാഷ്ട്രീയവും മനസിനെ ഭരിക്കാത്ത കുറച്ചുപേരെങ്കിലും കേരളത്തിനും വേണ്ടേ!!👃👃👌👌
No comments:
Post a Comment