Thursday 21 April 2022

KSEB chairman B.Asok is the real left

 

 
 അശോകാണ് ശരിയായ ഇടതുപക്ഷം

 കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്  സംസ്ഥാന സര്‍ക്കാരിന്റെ കമ്പനിയായി രജിസ്റ്റര്‍ ചെയ്തത് 2011 ലാണ്. അന്നു മുതലെ കമ്പനി നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചു വന്നത്. എന്നാല്‍ 2021-22 ല്‍ 600 കോടി ലാഭം നേടി കമ്പനിയുടെ ചിട്ടവട്ടങ്ങളിലേക്ക് വന്നു. ഇങ്ങനെ ആയിത്തീരരുത് , എന്നും സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ഉപഭോക്താക്കളെ നന്നായി പിഴിയുന്ന ഒരു സംവിധാനവും കെടുകാര്യസ്ഥതയും തോന്ന്യാസങ്ങളും നടക്കുന്ന ഒരിടമായിത്തന്നെ തുടരണം എന്ന അപൂര്‍വ്വം ചിലരുടെ അജണ്ടയില്‍ പിറന്ന സമരാഭാസമാണ് ഇപ്പോള്‍ വൈദ്യുതി ഭവന് മുന്നില്‍ നടക്കുന്നത്. സസ്‌പെന്‍ഷനും സ്ഥലംമാറ്റവുമൊക്കെ മറയാക്കിയുള്ള ഒരു ചൂതുകളി. കോടിക്കണക്കിന് രൂപയുടെ പര്‍ച്ചേയ്‌സുകള്‍ മാസവും നടക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നും കൃത്യമായി പകിടി കിട്ടിക്കൊണ്ടിരുന്നവര്‍ക്ക് അത് പെട്ടെന്നില്ലാതെയാകുന്നതിലെ മാനസിക പിരിമുറക്കമാകാം ഈ സമരത്തിന് കാരണം.

  സമരം നടത്തുന്നവരുടെ അജണ്ട കൃത്യമായി അറിയുന്നൊരാള്‍ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയാകണം. അവിടെ കുറേക്കാലം മന്ത്രിയായിരുന്ന അദ്ദേഹത്തിന് കാര്യങ്ങള്‍ മാറ്റാരേക്കാളും നന്നായി അറിയാം എന്നത് സത്യം. സിപിഎമ്മിനെ സംബ്ബന്ധിച്ചിടത്തോളം ഇപ്പോള്‍ ടേയ്ഡ് യൂണിയന്‍ നേതാക്കളും സംഘടനാ നേതാക്കളും കുടത്തില്‍ നിന്നും തുറന്നുവിട്ട ഭൂതം പോലെയാണ്. ഇവരെ പിടിച്ചുകെട്ടിയല്ലാതെ ഭരണവുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഭരിക്കുന്നവരെ 'ക്ഷ,റ 'വരപ്പിക്കാന്‍ ഈ ഭൂതങ്ങള്‍ ഉപകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യജമാനനെ അനുസരിക്കാന്‍ തയ്യാറാകാത്ത വിധം വളര്‍ന്നു വലുതായിരിക്കയാണ് ഈ ഭൂതങ്ങള്‍. ചുമട്ടുതൊഴിലാളി പ്രസ്ഥാനത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ പിണറായിക്കു കഴിഞ്ഞു. വലിയ തലവേദനയാണ് കെഎസ്ആര്‍ടിസി. അവിടെ ബിജു പ്രഭാകറെ വച്ചു പരീക്ഷിച്ചു. വേണ്ടത്ര വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. അത്തരത്തില്‍ നോക്കിയാല്‍ മറ്റൊരു തലവേദനയാണ് കെഎസ്ഇബി. അവിടെ 'വെട്ടൊന്ന് തുണ്ടം രണ്ട് 'എന്ന സമീപനമുള്ള അശോകിനെ പരീക്ഷിച്ചത് വെറുതെയാവില്ല. തികഞ്ഞ കര്‍ഷകനായ മന്ത്രിക്ക് ഇക്കാര്യത്തില്‍ ചെയര്‍മാനും ബോര്‍ഡിനും ഒപ്പം നില്‍ക്കുക എന്ന ജോലി മാത്രമെയുള്ളു.

 ചെയര്‍മാന്‍ അശോക് മാതൃഭൂമി ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയ ഒരു കാര്യം ഗൗരവമുള്ളതാണ്. രണ്ടോ മൂന്നോ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഭരണസൗകര്യാര്‍ത്ഥം സ്ഥലം മാറ്റിയതാണ് സമരത്തിന് കാരണം. സ്ഥലം മാറ്റത്തിന് കാരണം അപമര്യാദയായ പെരുമാറ്റവും. സമരം ചെയ്യുന്നവര്‍ തൊഴിലാളികളല്ല, അവരെ മാനേജ് ചെയ്യേണ്ട ഉദ്യോഗസ്ഥരാണ്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ അവര്‍ക്കുതന്നെ ജാള്യത ഉണ്ടാക്കുന്നതും നാണം തോന്നേണ്ടതുമായ കാര്യങ്ങളാണ് താനും. ദിവസ ശമ്പളം 5000 മുതല്‍ പതിനായിരം വരെയുള്ള ഈ ഉദ്യോഗസ്ഥര്‍ സമരം ചെയ്യുന്ന ദിവസങ്ങളില്‍ ശമ്പളവും അനുവദിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. എത്രമാത്രം തരംതാണുപോകുന്നു ഈ ഉദ്യോഗസ്ഥര്‍ എന്നാലോചിക്കുന്നത് നല്ലതാകും. നിരുത്തരവാദപരമായി സമരം ചെയ്യുന്ന ഇവരുടെ കീഴില്‍ ജോലി ചെയ്യുന്ന സാധാരണ ജീവനക്കാര്‍ക്ക് വരും കാലങ്ങളില്‍ തരിമ്പെങ്കിലും ബഹുമാനം ഇവരോടുണ്ടാകുമോ ?  

  സംഘടന നേതാക്കളുടെ തോന്ന്യാസ സമരത്തിന് കൂട്ടുനില്‍ക്കുന്ന ഭൂരിപക്ഷവും പറയുന്നത് സമരം അനാവശ്യമാണ്, ഞങ്ങള്‍ നേതാക്കളെ ഭയന്നിട്ടാണ് ഒപ്പം നില്‍ക്കുന്നത് എന്നാണ്. സംഘടന നേതാവിന്റെ അരഗന്‍സിനെകുറിച്ചും രണ്ടഭിപ്രായമില്ല. അപ്പോള്‍ കെഎസ്ഇബിയിലെ ഓഫീസര്‍മാര്‍ ആദ്യം ചെയ്യേണ്ടത് ഭയത്തില്‍ നിന്നും മുക്തരാവുക എന്നതാണ്. അതിന് കഴിയുന്നതോടെ അവര്‍ നട്ടെല്ലുളള മനുഷ്യരായി മാറും . ഒരിക്കല്‍ മാത്രം എടുക്കേണ്ട തീരുമാനമാണത്. അതോടെ നടുവ് നിവര്‍ത്തി നടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പിന്നീടൊരിക്കലും  അഭിമാനമില്ലാത്തവിധം  നട്ടെല്ലില്ലാത്തവരായി ജീവിക്കേണ്ടി വരില്ല. അശോകിനെ നോക്കൂ, സുരേഷിന്റെ തോളിലൊക്കെ കൈയ്യിട്ടും കൊച്ചുവര്‍ത്തമാനം പറഞ്ഞും പലതിന്റെയും പങ്കുകള്‍ സ്വീകരിച്ചും സുഖമായി ജീവിച്ചുകൂടെ.സ്വന്തം കമ്പനിയല്ല, കുടുംബസ്വത്തല്ല, സ്ഥിരമായ സീറ്റുപോലുമല്ല. മുഖ്യമന്ത്രി നാളെ മുതല്‍ താന്‍ അങ്ങോട്ടുപോകണ്ട എന്നു പറഞ്ഞാല്‍ തീരുന്നൊരു കസേര. എന്നിട്ടും എന്താണ് ഇത്രയേറെ പ്രതിഷേധമുണ്ടായിട്ടും നേരിന്റെ നേര്‍ക്ക് ചങ്കുറപ്പോടെ നില്‍ക്കുന്നത്, അത് ആ നട്ടെല്ലിന്റെ ഒരു ശക്തിയാണ്.

ഈ ചൂതുകളിയില്‍ നമുക്ക് വെറും കാഴ്ചക്കാരായി നില്‍ക്കണ്ട , കമ്പനിയുടെ ഉപഭോക്താക്കളായ നമുക്ക് ബോര്‍ഡിനൊപ്പവും ചെയര്‍മാനൊപ്പവും മന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പവും നില്‍ക്കാം. ശരിയായ ഇടതുപക്ഷ സമീപനവും അതാണല്ലൊ, നേരിനൊപ്പം നമുക്കും പങ്കുചേരാം. ധിക്കാരവും ധാര്‍ഷ്ട്യവുമുള്ളവരെ പിരിച്ചുവിട്ട് മാതൃക കാട്ടാന്‍ ഇടത് സര്‍ക്കാരിന് കഴിയട്ടെ. അതോടെ വാട്ടര്‍ അതോറിറ്റിയും കെഎസ്ആര്‍ടിസിയും മറ്റ് പല വെള്ളാനകളും നന്നാവും എന്നുറപ്പ്.  



No comments:

Post a Comment