റെഡ്യാര്‍പട്ടിയിലേക്കൊരു സൈക്കിള്‍ സവാരി
കുറച്ചു ദിവസമായി തിരുനെല്‍വേലിയില്‍ ഇടയ്ക്കും മുറയ്ക്കും മഴ പെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കടുത്ത ചൂട് മാറി സുഖമുള്ളൊരന്തരീക്ഷമാണ് ഇവിടെ. ഇന്നും ചെറുമഴയുണ്ടായി. വൈകിട്ട് നല്ല കാറ്റും തണുപ്പും. ഒന്നു നടക്കാമെന്നു കരുതിയപ്പോഴാണ് വിഷ്ണു പറഞ്ഞത് നമുക്ക് സൈക്കിളില്‍ റെഡ്ഡ്യാര്‍പട്ടി വരെ പോകാം, സൈക്കിള്‍ ചവിട്ടാന്‍ പറ്റിയ കാലാവസ്ഥ. നല്ല ദൂരമല്ലെ എന്ന് മനസില്‍ തോന്നിയെങ്കിലും പറഞ്ഞില്ല. പോകാം എന്നായി ഞാന്‍. പാളയംകോട്ടയില്‍ നിന്നും മധുര -കന്യാകുമാരി ദേശീയപാത കയറിയാണ് യാത്ര. നല്ല റോഡ്, സൈക്കിള്‍ പാത്തുണ്ട്. ഇളം കാറ്റും സ്േ്രപ ചെയ്യുപോലെ മഴയും. ദൂരെയായി മിന്നലിന്റെ വെളിച്ചം. പരന്നു കിടക്കുന്ന ഭൂമിയാണ്. അവിടവിടെ ചെറിയ കുളങ്ങളും പുല്‍മേടുകളും. വയലുകള്‍ പലതും നികത്തി വീടുകള്‍ വയ്ക്കുന്നുണ്ട്. പാടത്ത് നൂറുകണക്കിന് കൊക്കുകള്‍.
'ജില്ല' എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിന് ശേഷം റെഡ്ഡ്യാര്‍പട്ടിയിലെ മല ഒരു സെല്‍ഫി സ്‌പോട്ടാണ്. യാത്രക്കാര്‍ മിക്കവരും അവിടെ വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കാറുണ്ട്. മല മുറിച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. തിരുനെല്‍വേലി കോര്‍പ്പറേഷന്റെ അതിരാണ് ഈ പ്രദേശം. ഇവിടെ കോര്‍പ്പറേഷന്‍ ഒരു വ്യൂപോയിന്റും റസ്റ്ററന്റും എന്റര്‍ടെയിന്റ്‌മെന്റ് സംവിധാനവും തയ്യാറാക്കുകയാണ്. അടുത്തായി ഒരു ആര്‍ക്കയോളജിക്കല്‍ മ്യൂസിയവും തയ്യാറാകുന്നുണ്ട്. താമസിയാതെ ഒരു ആക്ടിവിറ്റി ഹബ്ബായി മാറുകയാണ് ഇവിടം.
ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ അസ്തമയം കഴിഞ്ഞിരുന്നു. റോഡിലൂടെയുള്ള വാഹനങ്ങളുടെ കാഴ്ചയും ഇരുട്ടിലേക്ക് യാത്രയാകുന്ന പ്രകൃതിയും ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. അവിടെനിന്നും അതേ പാതയില്‍ രാത്രിയുടെ നിശബ്ദതയിലൂടെ ഞങ്ങള്‍ മടങ്ങി.നിങ്ങളും ഈ വഴി പോകുമ്പോള്‍ റെഡ്യാര്‍പട്ടി മറക്കണ്ട 🙏👍
No comments:
Post a Comment