ശര്‍മ്മാജി നംകീന്‍ - റിഷി കപൂറിന്റെ അവസാന സിനിമ
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേരളത്തില്‍ പെന്‍ഷന്‍ പ്രായം 56 ആണ്. മറ്റിടങ്ങളില്‍ അന്‍പത്തിയെട്ട്-അറുപത് എന്നിങ്ങനെയാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ 58-60 എന്ന നിലയില്‍ ഇത് സംഭവിക്കുന്നു. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍,മുതലാളിമാര്‍ ഇവരൊക്കെ അവര്‍ ആഗ്രഹിക്കുമ്പോഴാണ് റിട്ടയര്‍ ചെയ്യുന്നത്. അല്ലെങ്കില്‍ സിപിഎമ്മിലെപോലെ 75 എന്നൊക്കെ സീലിംഗ് വയ്ക്കും. അമേരിക്കയിലും യൂറോപ്പിലുമൊക്കെ റിട്ടയര്‍മെന്റ് ,ജോലിചെയ്യുന്നവര്‍ ആഗ്രഹിക്കുന്ന സമയത്താണ് എന്നു കേട്ടിട്ടുണ്ട്, ശരിയാണോ എന്നറിയില്ല. ഏതായാലും വക്കീലിനും ഡോക്ടര്‍ക്കും അതങ്ങിനെയാണ് എന്നത് സത്യം.
ഇവിടെ ഇത് പറയാന്‍ കാരണം റിഷി കപൂറിന്റെ അവസാന ചിത്രമായ ശര്‍മ്മാജി നംകീന്‍ (ശര്‍മ്മാജിയുടെ സ്വാദിഷ്ട ലഘുഭക്ഷണം എന്ന് വിവര്‍ത്തനം)ആണ്. റിട്ടയര്‍ ചെയ്യുമ്പോള്‍ കൊച്ചുമക്കളെ നോക്കുക തുടങ്ങിയ ആക്ടിവിറ്റികള്‍ ഉണ്ടെങ്കില്‍ സമയം പോകുന്നതറിയില്ല( ഇത് സ്വന്തം അനുഭവം) എന്നാല്‍ പലരുടെയും സ്ഥിതി അതല്ല. സമയം പോകില്ല. എത്ര നേരം പത്രം വായിക്കും? എത്ര നേരം ടിവി കാണും? എത്ര നേരം സോഷ്യല്‍ മീഡിയയില്‍ എഴുത്തും വായനയും കാഴ്ചയും കേള്‍വിയും നടക്കും. മടുക്കില്ലെ. പിന്നെ കുറച്ചു നടത്തം, സമപ്രായക്കാരുമായി സൊറ പറച്ചില്‍. എന്നാല്‍, പലതും ചെയ്യണം എന്നാഗ്രഹിക്കുന്നവരുണ്ട്. ആ കൂട്ടത്തിലാണ് റിഷി കപൂര്‍ അഭിനയിക്കുന്ന ബ്രിജ് ഗോപാല്‍ ശര്‍മ്മ എന്ന കഥാപാത്രം. സങ്കടത്തോടെയാണ് അദ്ദേഹം മിക്‌സി നിര്‍മ്മാണ കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നത്.വിഭാര്യനായ ശര്‍മ്മയ്ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. അവര്‍ക്കുള്ള ഭക്ഷണമുണ്ടാക്കലാണ് അദ്ദേഹത്തിന്റെ പ്രധാന ജോലി. പാചകം ശര്‍മ്മയുടെ ഇഷ്ടവിനോദമാണ്. മൂത്തയാള്‍ ജോലിക്കും ഇളയവന്‍ കോളേജിലും പോകുന്നതോടെ വീട് ശൂന്യമാകും. ഒറ്റപ്പെടല്‍ വലിയ പ്രശ്‌നമാണ്.
പാചകം പ്രൊഫഷണലായി ചെയ്യാം എന്നു വിചാരിക്കുമ്പോള്‍ മൂത്തമകന്‍ അതിനെ എതിര്‍ത്തു. എങ്കിലും അവനറിയാതെ,ചില വീടുകളിലെ ചെറു പാര്‍ട്ടികള്‍ ശര്‍മ്മാജി നടത്തിക്കൊടുക്കുന്നു. മകന്‍ സന്ദീപ് ശര്‍മ്മയ്ക്ക് ഒരു പ്രണയമുണ്ട്. അവള്‍ അവരേക്കാള്‍ സമ്പന്നയുമാണ്. മകന് പുതിയ ഫഌറ്റ് വാങ്ങി കുറച്ചുകൂടി മെച്ചപ്പെട്ട ഇടത്തേക്ക് മാറണം. അവന്‍ അച്ഛനോട് പറയാതെ ഫഌറ്റിന് അഡ്വാന്‍സ് നല്‍കുന്നു. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റുകാരന്‍ അവനെ ചതിക്കുന്നു. അവന്‍ റിയല്‍ എസ്റ്റേറ്റുകാരനെ കാണാനെത്തുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരുമായി അടിപിടിയുണ്ടായി പോലീസ് സ്‌റ്റേഷനിലാകുന്നു. വിവരം അറിഞ്ഞ് ശര്‍മ്മാജിയും ശര്‍മ്മയുടെ ഫാന്‍സായ സ്ത്രീ സുഹൃത്തുക്കളും പോലീസ് സ്‌റ്റേഷനില്‍ എത്തുന്നു. അവരെയും പോലീസ് തടഞ്ഞുവയ്ക്കുകയാണ്. ഒടുവില്‍ ശര്‍മ്മയുടെ സുഹൃത്തായ വീണ മന്‍ചന്ദയുടെ സഹോദരി ഭര്‍ത്താവ് മേയര്‍ റോബി (അയാളും ശര്‍മ്മയുടെ ഫാന്‍ ആണ്) സ്റ്റേഷനില്‍ വന്ന് എല്ലാവരേയും മോചിപ്പിക്കുകയും ഫഌറ്റ് ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നു.
പല പ്രമുഖരുടെയും ബലഹീനതയാണല്ലൊ നല്ല ഭക്ഷണം. മേയറുടെ ആ ബലഹീനതയാണ് ശര്‍മ്മാജിക്ക് ഗുണമായത്. ഈ സംഭവത്തോടെ മക്കളും അച്ഛന്റെ ആരാധകരായി മാറുകയാണ്.
നല്ലൊരു ഫീല്‍ഗുഡ് മൂവിയാണ് ശര്‍മ്മാജി നംകീന്‍. വയസുകാലത്തും വളരെ ക്യൂട്ടായിരിക്കുന്ന റിഷി കപൂറാണ് സിനിമയുടെ ആത്മാവ്. എന്നാല്‍ ചിത്രം മുഴുവന്‍ ഷൂട്ടു ചെയ്യും മുന്നെ അദ്ദേഹം മരിച്ചുപോയി. ബാക്കി രംഗങ്ങളില്‍ പകരം അഭിനയിച്ചത് പരേഷ് റാവലാണ്. അദ്ദേഹം മികച്ച അഭിനേതാവാണെങ്കിലും റിഷി കപൂറിന് പകരമാകുന്നില്ല എന്നതൊരു പോരായ്മയാണ്. ജൂഹി ചൗള,സുഹൈല്‍ നയ്യാര്‍,ഇഷ തല്‍വാര്‍,സതീഷ് കൗശിക് തുടങ്ങി വലിയ താരനിരയുണ്ട് ചിത്രത്തില്‍. ഹിതേഷ് ഭാട്ടിയയും സുപ്രതീക് സെന്നും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയില്‍ ഹിതേഷ് ഭാട്ടിയയാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമറ്റോഗ്രഫി പിയൂഷ് പുട്ടിയും എഡിറ്റിംഗ് ബോധാദിത്യ ബാനര്‍ജിയും സംഗീതം സ്‌നേഹ കന്‍വല്‍ക്കറും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്❤
No comments:
Post a Comment