Thursday, 31 March 2022

Kerala's new liquor policy

 


സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യനയം സ്വഗതാര്‍ഹം

പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി 15.05.2018 ല്‍ മുന്നോട്ടുവച്ച പല നിര്‍ദ്ദേശങ്ങളും ഇതിലൂടെ നടപ്പിലായിരിക്കുന്നു. ഇതില്‍ സംഘടനയ്ക്ക് അതിയായ സന്തോഷമുണ്ട്. സംഘടന നല്‍കിയ പ്രൊപ്പോസല്‍ ചുവടെ ചേര്‍ക്കുന്നു.

ബഹുമാനപ്പെട്ട  എക്സൈസ് വകുപ്പ് മന്ത്രി സമക്ഷം പീപ്പിള്‍  ഫോര്‍ ബറ്റര്‍ സൊസൈറ്റി  (PEBS) സമര്‍പ്പിക്കുന്ന പ്രൊപ്പോസല്‍

സര്‍,

കേരള സംസ്ഥാനത്തിന്‍റെ  മദ്യനയത്തെകുറിച്ച്  പലവിധ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലൊ ഇത്. മദ്യം ക്ഷേത്രാചാരങ്ങളുടെ ഭാഗമായിപോലും വര്‍ഷങ്ങള്‍ക്ക് മുന്‍പെ അംഗീകരിച്ചിട്ടുള്ള ഒരു സമൂഹമാണ് കേരളത്തിലുള്ളത്.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ കേരളത്തിലെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ മദ്യം കഴിച്ചിരുന്നതായി  കേരള ചരിത്രം എഴുതിയിട്ടുള്ളവരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.നെല്ലില്‍ നിന്നും വാറ്റിയെടുത്ത മദ്യമാണ് പ്രചാരത്തിലുണ്ടായിരുന്നത്.പിന്നീട്  തെങ്ങ് ചെത്തി കള്ളെടുക്കുന്ന രീതി നിലവില്‍ വന്നു.കള്ളിന്‍റെ അമിത ഉപയോഗം മൂലം സാമ്പത്തികമായും ആരോഗ്യപരമായും നാശം സംഭവിച്ചവര്‍ ഏറെയുണ്ടായിരുന്നെങ്കിലും ശുദ്ധമായതും പ്രകൃതിയില്‍‍ നിന്നും നേരിട്ട് എടുക്കുന്നതുമായ മദ്യമായിരുന്നു കള്ള്. ജനസംഖ്യാ വര്‍ദ്ധനവും ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും കള്ളിന്‍റെ ലഭ്യതക്കുറവുമാണ് സ്പിരിറ്റ് ഉപയോഗിച്ച് ചാരായം നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും കാരണമായത്.ഇതോടെ മലയാളിയുടെ മദ്യസംസ്ക്കാരത്തില്‍ വലിയ മാറ്റം വന്നു. പട്ടണങ്ങളില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും വ്യാപകമായി. ഒരു ഘട്ടത്തില്‍ വ്യാജമദ്യ നിര്‍മ്മാണവും കേരളത്തില്‍ വ്യാപകമായി.മദ്യനിരോധനത്തിനുള്ള ആദ്യശ്രമം എന്ന നിലയില്‍ 1996 ഏപ്രില്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഏ.കെ.ആന്‍റണി ചാരായ നിരോധനം കൊണ്ടുവരുകയും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്‍റെ വില കുത്തനെ ഉയര്‍ത്തുകയും ചെയ്തതോടെയാണ് ഗ്രാമങ്ങളിലെ സാധാരണക്കാര്‍ വീണ്ടും കള്ളുഷാപ്പിലേക്ക് തിരിഞ്ഞത്.ഇതോടെ നാട്ടില്‍ ഉത്പ്പാദിപ്പിക്കുന്നതിന്‍റെ എത്രയോ ഇരട്ടി കള്ളിനുള്ള ഡിമാന്‍റാണ് ഉണ്ടായത്. ഇത്രയും കള്ള് സപ്ലൈ ചെയ്യാന്‍ കഴിയാതായതോടെ ചിറ്റൂര്‍ കേന്ദ്രീകരിച്ച് സ്പിരിറ്റും ശ്രീലങ്കന്‍ പേസ്റ്റ് തുടങ്ങിയ ആര്‍ട്ടിഫിഷ്യലായി ലഭിക്കുന്ന  ലഹരി വസ്തുക്കളും ചേര്‍ത്ത് വ്യാജക്കള്ളിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. അത് അനിതര സാധാരണമായ നിലയില്‍ വര്‍ദ്ധിച്ചതോടെ നാട്ടിലെ ഏറ്റവും സാധാരണക്കാരും പാവപ്പെട്ടവരുമായവരുടെ ആരോഗ്യം ഇല്ലാതാവുന്ന നിലയിലേക്ക് വ്യാജക്കള്ള് മാറുകയാണ്. മനുഷ്യരുടെ ജീവന്‍ നഷ്ടമാകുന്ന ഒരു വലിയ ദുരന്തത്തിലേക്ക് ഇത് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.അതുകൊണ്ടുതന്നെ വ്യാജക്കള്ള് വില്‍പ്പന അവസാനിപ്പിക്കാന്‍ ഗൌരവതരമായ ചര്‍ച്ചകളും തുടര്‍ നടപടികളും ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. 

ഇതിനായി ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന  നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1.        സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള കള്ളുഷാപ്പുകളുടെ ശോച്യാവസ്ഥ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്.ഗ്രാമത്തിലെ വയോലോരങ്ങളുടെ അരികില്‍ താത്ക്കാലിക ഷെഡുകളിലാണ് മിക്കവാറും ഷാപ്പുകളും പ്രവര്‍ത്തിക്കുന്നത്. ഇവിടെ കള്ള് സൂക്ഷിക്കുന്നതും ഭക്ഷണമുണ്ടാക്കുന്നതും തീരെ ശുചിത്വമില്ലാതെയാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിക്കുകയാണെങ്കില്‍ ഏതാണ്ടെല്ലാ ഷാപ്പുകളും അടച്ചുപൂട്ടേണ്ടി വരും എന്നതാണ് യാഥാര്‍ത്ഥ്യം.  ഇത് മാറണം. കള്ള് നമ്മുടെ പരമ്പരാഗത മദ്യവും ഗുണമേന്മയുള്ള മദ്യവുമാണ്. ഗോവന്‍ ഫെനി, ബീഹാറിലെ ഹാന്‍ഡിയ, നാഗാലാന്‍റിലെ  സൂതോ, അരുണാചലിലെ അപോ, സിക്കിമിലെ സോംഗ് ബാ എന്നിങ്ങനെ വിശേഷപ്പെട്ട  പരമ്പരാഗത മദ്യം പോലെ നമുക്ക് ഉയര്‍ത്തിക്കാട്ടാവുന്ന മദ്യമാണ് കള്ള്.അതുകൊണ്ടുതന്നെ കള്ള് മികച്ച സൌകര്യങ്ങളുള്ള ഷാപ്പുകളില്‍ ഷാപ്പുകറികളും ചേര്‍ത്ത് വില്‍ക്കാനുള്ള സംവിധാനമുണ്ടാക്കണം. കള്ളിന്‍റെയും ഭക്ഷണത്തിന്‍റെയും ഗുണമേന്മ സ്ഥിരമായി പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. അതുവഴി വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളെ ഉള്‍പ്പെടെ കള്ളുഷാപ്പുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. സര്‍ക്കാരിന് കൂടുതല്‍ വരുമാനമുണ്ടാകുന്നതിന് പുറമെ ചെത്ത്തെഴിലാളികള്‍ക്കും ഷാപ്പ് ജീവനക്കാര്‍ക്കും തെങ്ങ് കൃഷിക്കാര്‍ക്കും മികച്ച ജീവിതവും ഇതിലൂടെ ലഭിക്കും.  

2.       വ്യാജക്കള്ള് പൂര്‍ണ്ണമായും ഒഴിവാകുന്നതോടെ കള്ളിന്‍റെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്യുക സ്വാഭാവികം. ഈ സാഹചര്യത്തില്‍ സാധാരണക്കാരായ ഗ്രാമീണന് മദ്യം ലഭ്യമാക്കേണ്ടതും അനിവാര്യമാണ്.അതിനായി ഒരു പഞ്ചായത്തിന് ഒന്ന് എന്ന നിലയില്‍ വിദേശമദ്യഷാപ്പ് അനുവദിക്കേണ്ടത് അനിവാര്യമാണ്. ബിവറേജസ് കോര്‍പ്പറേഷന് ഇതിനുള്ള അനുമതി നല്‍കാവുന്നതാണ്. ശ്രീ. ഏ.കെ.ആന്‍റണിയുടെ കാലത്ത് മദ്യത്തിന് ഏര്‍പ്പെടുത്തിയ അസാധരണമായ നികുതി കുറച്ച് മറ്റ് സംസ്ഥനങ്ങളിലേതിന് തുല്യമാക്കാനും നടപടി സ്വീകരിക്കേണ്ടതുണ്ട്.

3.കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിലെ ഡിസ്റ്റിലറികള്‍ക്ക് കോടികള്‍ നല്‍കി മദ്യം വാങ്ങുന്ന നിലവിലുള്ള സംവിധാനത്തിന് പകരം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് പബ്ളിക് പ്രൈവറ്റ് പങ്കാളിത്തത്തോടെ കേരളത്തില്‍ കൂടുതല്‍ ഡിസ്റ്റിലറികള്‍ ആരംഭിക്കണം. ഓരോ വര്‍ഷവും സീസണുകളില്‍ നമുക്ക് നഷ്ടമാകുന്ന കോടിക്കണക്കിന് രൂപയുടെ പഴങ്ങളും പച്ചക്കറികളും മറ്റ് ജൈവപദാര്‍ത്ഥങ്ങളും ആയുര്‍വ്വേദ മരുന്നുകളുടെ നിര്‍മ്മാണ അവശിഷ്ടങ്ങളും മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങു വര്‍ഗ്ഗങ്ങളും  ഉപയോഗിച്ച് ലോകനിലാവാരത്തിലുള്ള മദ്യങ്ങള്‍ നിര്‍മ്മിക്കാന്‍ കേരളത്തിന് കഴിയും. ഇതിനാവശ്യമായ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്

4.യഥാര്‍ത്ഥത്തില്‍ കേരളത്തിന് ആവശ്യം മദ്യവര്‍ജ്ജനമല്ല, മദ്യത്തിന്‍റെ അമിതോപഭോഗം കുറയ്ക്കുകാണ് വേണ്ടത്. മദ്യനിരോധനവും മദ്യവര്‍ജ്ജനവും മയക്കുമരുന്നിന്‍റെ വ്യാപകമായ ഉപയോഗം വര്‍ദ്ധിപ്പിക്കുകയേയുള്ളു. ഇപ്പോള്‍ തന്നെ കേരളത്തില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കയാണ്. ഇതിനുപിന്നില്‍ അതിശക്തമായ ആഗോളമാഫിയയാണുള്ളത്. മദ്യനിരോധനം ഈ ലോബിയെ സഹായിക്കുകയും യുവാക്കളെ ഒരിക്കലും തിരികെ വരാന്‍ കഴിയാത്തവിധം മയക്കുമരുന്നിന്‍റെ  അടിമത്തത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും.  അവരെ മയക്കുമരുന്നുകാര്‍ക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കുകയാണ് വേണ്ടത്. മദ്യ ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് നാടിന്‍റെ ആവശ്യം. മദ്യം  എങ്ങിനെ, ഏതളവില്‍ എപ്പോഴൊക്കെ ഉപയോഗിക്കാം, അധികമായാല്‍ ‍‍ അതുളവാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാം  എന്നതിന് ക്ലാസ്സ് നല്‍കി മദ്യപരെ ബോധവത്ക്കരിക്കേണ്ടതുണ്ട്. അമിതമദ്യപാനത്തിന്‍റെ ദോഷവശങ്ങള്‍  ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യ- സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വീടുകളിലും സമൂഹത്തിലും പ്രശ്നകാരികളായിമാറുന്ന മദ്യപാനികളെ  ചികിത്സ ഉള്‍പ്പെടെയുള്ള കൌണ്‍സിലിംഗ് നല്‍കുന്നതിന് പ്രദേശത്തെ റസിഡന്‍സ് അസ്സോസിയേഷന്‍ പ്രതിനിധികള്‍,രാഷ്ട്രീയ- സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശിക സമിതികള്‍ ഉണ്ടാക്കണം.അവര്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമാക്കണം.

ഇത്തരത്തില്‍ മാന്യമായ ഒരു മദ്യസംസ്ക്കാരവും മദ്യനയവും നടപ്പിലാക്കാന്‍ ബഹു. മന്ത്രി മുന്‍കൈ എടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

 

വിശ്വസ്തതയോടെ ,

 

വി.ആര്‍.അജിത് കുമാര്‍                                                        പൂവറ്റൂര്‍ ബാഹുലേയന്‍

പ്രസിഡന്‍റ്                                                                              സെക്രട്ടറി

 



--


Tuesday, 22 March 2022

Dubai trip - day 6

 

 ദുബായ് യാത്ര - ആറാം ദിനം

 മാര്‍ച്ച് 18 - ഇന്ന് ദുബായ് യാത്ര അവസാനിക്കുകയാണ്.രാവിലെ പതിവ്‌പോലെ Tely cafe-ല്‍ നിന്നും ചായയൊക്കെ കുടിച്ച് എറണാകുളംകാരന്‍ ഇര്‍ഫാനോട് യാത്രയൊക്കെ പറഞ്ഞു. ഇത്ര വേഗം പോവുകയാണോ എന്ന് ഇര്‍ഫാന്റെ പരിഭവം. യുറേക്ക ഹോട്ടലില്‍ നിന്നും ബാഗേജുമെടുത്ത് ഇറങ്ങി. സനീഷിന്റെ ഒപ്പമാണ് അവിടെ വന്നത്. സനീഷിനൊപ്പം തന്നെ ഇറങ്ങി. യുറേക്ക ഹോട്ടലിനടുത്താണ് ക്ലോക്ക് ടവര്‍ എങ്കിലും ഞങ്ങള്‍ ഇതുവരെയും അവിടെ പോയിരുന്നില്ല. നമ്മുടെ ക്ലോക്ക് ടവറുകള്‍ പൊതുവെ പാറയില്‍ നിര്‍മ്മിച്ച, 100 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. ഇവിടെ ആധുനികമായ ക്ലോക്ക് ടവറാണ്.ഒരു ഫൗണ്ടനുമുണ്ട്. വണ്ടിയില്‍ ഇരുന്നു തന്നെ ടവറിന്റെ ചിത്രമെടുത്തു. യാത്ര ഷാര്‍ജയിലേക്കാണ്. അവിടെയാണ് സനീഷ് താമസിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ 7 എമിറേറ്റുകളില്‍ ഒന്നാണ് ഷാര്‍ജ.അബു ദാബിയാണ് തലസ്ഥാനം.വ്യവസായ കേന്ദ്രം ദുബായിയും. അജ്മന്‍,ഫുജൈറ,റാസ് അല്‍ ഖൈമ,ഉം അല്‍ ക്യുവെയിന്‍ എന്നിവയാണ് മറ്റ് എമിറേറ്റുകള്‍. ദുബായിലേതിനേക്കാള്‍ വികസനവും ജീവിതച്ചിലവും കുറഞ്ഞ ഇടമാണ് ഷാര്‍ജ. അതുകൊണ്ടുതന്നെ ദുബായില്‍ പണിയെടുക്കുന്ന ധാരാളം ആളുകള്‍ താമസിക്കുന്നത് ഷാര്‍ജയിലാണ്. രാവിലെയും വൈകിട്ടും ദുബായില്‍ പണിയെടുക്കുന്നവരുടെ വാഹനങ്ങളുടെ നീണ്ട നിരയാകും ഷാര്‍ജയില്‍ എവിടെയും.

 സനീഷ് നേരത്തെ ജോലി ചെയ്തിരുന്നത് ദുബായിലായിരുന്നു. ഇപ്പോള്‍ ഓഫീസ് ഷാര്‍ജയിലേക്ക് മാറി. ദുബായ് പോലെ അല്ലെങ്കിലും വികസിതമായ ഇടമാണ് ഷാര്‍ജ. വലിയ കെട്ടിടങ്ങളും മനോഹരമായ റോഡുകളും ജംഗ്ഷനുകളുമൊക്കെയുണ്ട്. സനീഷിന്റെ വീട്ടിലെത്തി, പുട്ടും പപ്പടവുമൊക്കെ കഴിച്ചിട്ടാണ് നഗരം ചുറ്റാനിറങ്ങിയത്. അങ്ങിനെ പോകവെ ഷാര്‍ജ ഫോര്‍ട്ട് എന്നു കണ്ട് അവിടെ കയറി. രണ്ട് നില കെട്ടിടമാണ്. പരമ്പരാഗത രീതിയില്‍ പാറയും കോറലും ചേര്‍ത്താണ് നിര്‍മ്മാണം. 1820 ല്‍ നിര്‍മ്മിച്ച കോട്ട ക്രമേണ നശിച്ചുപോയിരുന്നു. അതിനെ പുന:സൃഷ്ടിച്ചിരിക്കയാണ് ഇപ്പോള്‍.20 വര്‍ഷത്തെ ശ്രമമുണ്ട് അതിന് പിന്നില്‍. കോട്ടയ്ക്ക് മുന്നിലായി ഒരു തൂണുണ്ട്. കുറ്റവാളികളെ ഇവിടെ കെട്ടിയിട്ട് പരസ്യമായി ചാട്ടവാറടി നല്‍കിയിരുന്നു. രണ്ട് പീരങ്കികളും മുന്‍വശത്തായി വച്ചിട്ടുണ്ട്. കോട്ടയ്ക്കുള്ളില്‍ പഴയ കാല രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ അവരുടെ വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന ഉപകരമങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ജയിലില്‍ ഒരാള്‍ തടങ്കലില്‍ കഴിയുന്നതും ശില്‍പ്പമായി തയ്യാറാക്കിയിരിട്ടുണ്ട്. അക്കാലത്തെ ആയുധങ്ങള്‍, രാജാവിന്റെ പ്രതിമ എന്നിവയും കാണാം. പ്രതിമകള്‍ മെഴുകില്‍ തീര്‍ത്തതാണെന്നു തോന്നുന്നു. ജീവനുണ്ടെന്നേ തോന്നൂ. നല്ല വൃത്തിയും വെടിപ്പുമുള്ള മുറികള്‍.അകത്തളങ്ങളും ശ്രദ്ധേയം. നടുത്തളത്തില്‍ ഒരു വില്‍പ്പന കേന്ദ്രവും പരമ്പരാഗത ഭക്ഷണം വില്‍ക്കുന്ന ശാലയുമുണ്ട്.

 ഇന്ത്യയില്‍ ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ നോക്കി നടത്തുന്ന സ്ഥാപനങ്ങളില്‍ പലപ്പോഴും ചരിത്രം രേഖപ്പെടുത്തുക പോലുമില്ല. ഷാര്‍ജ വളരെ ചെറിയൊരു കോട്ട ഏത് വിധത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു എന്നത് കണ്ടുപഠിക്കേണ്ടതാണ്. അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ വെറുതെ നഗരം കണ്ടുകണ്ട് അജ്മാനില്‍ എത്തി. കുറേക്കൂടി ചെറിയ നഗരമാണ് അജ്മാന്‍. അവിടെയും ഒന്നു കറങ്ങി. ഷാര്‍ജയിലെ ലുലു മാളില്‍ നിന്നും കുറച്ചു പര്‍ച്ചേയ്‌സ് ഒക്കെ നടത്തി. സനീഷ്-ശാരിക ദമ്പതികളുടെ ഏക മകള്‍ ദേവ എന്ന കുഞ്ഞൂസിന്റെ ഒന്നാം പിറന്നാള്‍ കൂടിയാണ് ഇന്ന്. വീടാകെ ബലൂണുകളും ഒക്കെയായി അലങ്കരിച്ചിരിക്കയാണ്. വൈകിട്ട് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ എത്തി. അങ്ങിനെ കേക്ക് മുറിക്കലിലും ആഘോഷത്തിലും പങ്കാളികളാകാന്‍ കഴിഞ്ഞു. അതൊരു പ്രത്യേക അനുഭവമായി. തുടര്‍ന്ന് മെഗാമാളിന് സമീപമുളള കുര്‍കും റസ്റ്റാറന്റില്‍ ഭക്ഷണം. രുചികരവും കഴിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര ഭക്ഷണവും ബുഫേ ആയി ഒരുക്കിയിരുന്നു. സൂപ്പും ബീഫും ചിക്കനും പൊറോട്ടയും ചപ്പാത്തിയും ഫ്രൈഡ് റൈസും ഐസ്‌ക്രീമുമൊക്കെയാണ്. കുറേയൊക്കെ കഴിച്ചു. 19 ന് വെളുപ്പിന് 2.25 നാണ് ദുബായില്‍ നിന്നും ഫ്‌ളൈറ്റ്. പത്തുമണിക്ക് ഷാര്‍ജയില്‍ നിന്നും ഇറങ്ങി. അരമണിക്കൂര്‍ വേണ്ട എയര്‍പോര്‍ട്ടില്‍ എത്താന്‍. എങ്കിലും നേരത്തെ പുറപ്പെട്ടു. ഒരു പാകിസ്ഥാനി ആയിരുന്നു ഡ്രൈവര്‍. അയാള്‍ക്ക് വഴി അത്ര അറിയില്ല. ഗൂഗിളും വഴി തെറ്റിച്ചു. നേരത്തെ കുര്‍കുര്‍ റസ്റ്റാറന്റിലേക്ക് പോകുമ്പോള്‍ സനീഷിന്റെ ബന്ധു പറഞ്ഞത് അപ്പോള്‍ ഞാനോര്‍ത്തു, ഷാര്‍ജയില്‍ ഗൂഗിളിലെ വിശ്വസിച്ച് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന്. ഏതായാലും ഒരാളോട് ചോദിച്ച് വഴി മനസിലാക്കി എയര്‍പോര്‍ട്ടിലെത്തി. ചെക്കിന്‍ ചെയ്തു. ഡ്യൂട്ടി ഫ്രീ ഷോപ്പിലൊക്കെ കയറി കുറേ സമയം ചിലവഴിച്ചു. നാല് മണിക്കൂര്‍ യാത്ര. വിമാനത്തില്‍ ഏസി കുറവായിരുന്നത് പത്മയ്ക്ക് കുറച്ച് അസ്വസ്ഥതയുണ്ടാക്കി. ഇന്ത്യന്‍ സമയം രാവിലെ എട്ടുമണിക്ക് ഞങ്ങള്‍ മധുരയിലെത്തി. ടെമ്പിള്‍ സിറ്റി ഹോട്ടലില്‍ നിന്നും നല്ലൊരു ബ്രേക്ക് ഫാസ്റ്റും കഴിച്ച് പത്തരയോടെ തിരുനെല്‍വേലിയിലെത്തി. അങ്ങിനെ ശനിയാഴ്ച തുടങ്ങിയ യാത്ര മംഗളകരമായി അടുത്ത ശനിയാഴ്ചയില്‍ അവസാനിച്ചു.






Monday, 21 March 2022

Dubai trip - Day 5

 

 
 ദുബായ് യാത്ര -അഞ്ചാം ദിവസം

 മാര്‍ച്ച് 17. ഇന്നലെയും വളരെ താമസിച്ചാണ് ഉറങ്ങിയത്. ഉച്ച കഴിഞ്ഞ് മരുഭൂമിയിലേക്ക് യാത്ര ഉള്ളതാണ്. അതിനാല്‍ പത്മാവതിയെയും അമ്മയെയും ഹോട്ടലിലാക്കി ഞാനും വിഷ്ണുവും കൂടി എക്‌സ്‌പോ ഗ്രൗണ്ടിലേക്ക് ഒരിക്കല്‍ കൂടി പോയി. നേരത്തെ പറഞ്ഞപോലെ ഒരു മണിക്കൂര്‍ യാത്രയുണ്ട്. മെട്രോയില്‍ തിരക്ക് കുറവായിരുന്നു. അല്‍-റിഗ മുതലുള്ള സ്‌റ്റേഷനുകളൊക്കെ ഇപ്പോള്‍ കേട്ടു പഴക്കം വന്നവയായി. ജപ്പാന്‍ പവിലിയന്‍ കാണണം എന്നതായിരുന്നു വിഷ്ണുവിന്റെ പ്രധാന താത്പ്പര്യം. മറ്റൊന്ന് അവിടത്തെ പ്രധാന ആകര്‍ഷണമായി മാറിയ വെള്ളച്ചാട്ടവും. ഞങ്ങള്‍ ഒന്‍പതരയ്‌ക്കെത്തിയെങ്കിലും ജപ്പാന്‍ പവിലിയനില്‍ അന്നത്തേക്കുള്ള സന്ദര്‍ശകരുടെ ബുക്കിംഗ് കഴിഞ്ഞിരുന്നു. രാവിലെ ഒന്‍പത് മണിക്കാണ് ബുക്കിംഗ്.അത് കഴിഞ്ഞാല്‍ പിന്നെ ക്യൂ സിസ്റ്റമില്ല. 30 പേര്‍ വീതം വരുന്ന ടീമിനെ അനുവദിച്ച ഓരോ മണിക്കൂറിലും പവിലിയനില്‍ കയറ്റി ഗൈഡിന്റെ സഹായത്തോടെ  ജപ്പാന്റെ പുരോഗതി മനസിലാക്കി കൊടുക്കുകയാണ്. ജപ്പാന്‍ കൈവിട്ടതോടെ ഞങ്ങള്‍ ഇറ്റലി പവിലിയനില്‍ എത്തി. അവിടെയും വലിയ ക്യൂ ആണ്. ഇറ്റലിക്കാരും അറബികളും കയറിയ ശേഷമെ പൊതുസമൂഹത്തിന് പ്രവേശനമുള്ളു. പവിലിയന്‍ പക്ഷെ നിരാശപ്പെടുത്തി. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ വിഘടിപ്പിച്ച് ഓക്‌സിജന്‍ നല്‍കുന്ന ഒരു സൂക്ഷ്മജീവിയെ കണ്ടെത്തി എന്നതാണ് പ്രധാന ഹൈലൈറ്റ്. പിന്നെ ചില ചിത്രങ്ങളും ശില്‍പ്പങ്ങളും സാംസ്‌ക്കാരിക പൈതൃകവുമൊക്കെ കാട്ടുന്നുണ്ട്. അവിടെനിന്നും ഇറങ്ങി ഇനി പവിലിയന്‍ നോക്കണ്ട എന്നു തീരുമാനിച്ച് വെള്ളച്ചാട്ടമുള്ള ഇടത്തേക്ക് പോയി. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരുടെ ആഹ്ലാദാരവം കേട്ടുകൊണ്ടാണ് ഞങ്ങള്‍ അവിടെ എത്തിയത്. ചൂടില്‍ നല്ല ആശ്വാസം പകരുന്ന ഇടം. വിശാലമായ ഒരു വൃത്തരൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. നടുക്കൊരു സ്തൂപവും ഉണ്ട്. മൂന്ന് കവാടങ്ങളിലൂടെ ആളുകള്‍ക്ക് പ്രവേശിക്കാം. ചെറിയ ഉരുളന്‍ കല്ലുകള്‍ക്ക് നിറമടിച്ചാണ് ചരിഞ്ഞ പ്രതലം ഉണ്ടാക്കിയിരിക്കുന്നത്. നല്ലൊരു വെള്ളച്ചാട്ടത്തിന്റെ ഫീല്‍ ലഭിക്കും. സംഗീതത്തിനൊപ്പം വെള്ളം മുകളില്‍ നിന്നും എടുത്തൊഴിക്കുംപോലെ വീഴുകയാണ്.അദ്യം മെല്ലെ, പിന്നെ വേഗത്തില്‍, പിന്നീട് അതിവേഗത്തില്‍. ഓരോ ഭിത്തിയിലും നാല് സോണുകളുണ്ട്. കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലൂടെയാണ് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നത്.ഈ വെള്ളം തിരികെ പോകുന്നതിനാല്‍ ആവിയാകുന്ന ജലം മാത്രമെ നഷ്ടപ്പെടുന്നുള്ളു.

 ബുര്‍ജ് ഖലീഫയിലെ ജലധാരാ സംവിധാനം തയ്യാറാക്കിയ WET എന്ന കമ്പനിയാണ് ഇതും ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ പരിശ്രമം ഇതിന് പിന്നിലുണ്ട്. ശരീരത്തിലോ തലയിലോ ജലം വീഴും എന്ന് പ്രതീക്ഷ നല്‍കുകയും എന്നാല്‍ അത് വീഴാതിരിക്കുകയും ചെയ്യുന്നിടത്താണ് ഇതിന്റെ മേന്മ. കാലില്‍ വന്നു തട്ടുന്ന ജലം മടങ്ങി പോകുന്നത് എങ്ങിനെ എന്നും മനസിലാവില്ല. സംഗീതത്തിനൊപ്പമാണ് ജലം താഴേക്ക് വരുക. രണ്ടു വട്ടം EMMY പുരസ്‌ക്കാരം നേടിയ Ramin Djawadi ആണ് സംഗീതം ചെയ്തിരിക്കുന്നത്.

 പന്ത്രണ്ടര ആയി. രണ്ടേ മുക്കാലിനും മൂന്നരയ്ക്കുമിടയില്‍  മരുഭൂമി സവാരിക്ക് വണ്ടി വരും. അന്‍സാണ് ബുക്കു ചെയ്തിരിക്കുന്നത്. 40 ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെ നിരക്കുണ്ട്. നൂറ് ദിര്‍ഹത്തിന്റെ പാക്കേജാണ് ഞങ്ങള്‍ക്കായി എടുത്തിട്ടുള്ളത്.അതിനാല്‍ എക്‌സ്‌പോ ഗ്രൗണ്ടില്‍ നിന്നും വേഗം മടങ്ങി.ഒരു സൈഡ് സീറ്റ് കിട്ടിയതിനാല്‍ നഗരം നന്നായി കണ്ടുള്ള യാത്രയായി അത്. ഹോട്ടലില്‍ എത്തിയപ്പോള്‍ പത്മയുടെ പരിഭവം ബോധ്യപ്പെട്ടു. അയാളെ കൊണ്ടുപോകാതിരുന്നതിലുള്ള പരിഭവം. തൊട്ടടുത്തുള്ള സാഫ്രണ്‍ റസ്റ്ററന്റില്‍ നിന്നും ഒരു താലി മീല്‍സും പനീര്‍ പൊറോട്ടയും ആലു പൊറോട്ടയും വാങ്ങി. കഴിച്ചപ്പോള്‍ കുറച്ചു ഹെവിയായി തോന്നി. നല്ല രുചിയുണ്ടായിരുന്നു. മൂന്ന് മണി കഴിഞ്ഞാണ് ബ്രൗണ്‍ കളര്‍ ഷെവര്‍ലെ വന്നത്. അതിന്റെ ഡ്രൈവര്‍ ഒരു ഇറാനിയായിരുന്നു. വണ്ടിയില്‍ മൂന്ന് നൈജീരിയന്‍ പെണ്‍കുട്ടികളുമുണ്ട്. ഞാനും വിഷ്ണുവും പിറകില്‍ കയറി. ശ്രീക്കുട്ടിയും പത്മയും മിഡില്‍ സീറ്റിലും. ഡ്രൈവര്‍ക്കൊപ്പം മുന്നിലും ശ്രീക്കുട്ടിക്കൊപ്പവും നൈജീരിയക്കാര്‍.ഡ്രൈവര്‍ സംസാരപ്രിയനാണ്. അയാള്‍ നൈജീരിയക്കാരെ ഇംപ്രസ് ചെയ്യിക്കാനായി പഴയ കഥകളും ചിത്രങ്ങളുമൊക്കെ കാണിക്കുകയാണ്. വണ്ടി ഓടിക്കുന്നതിനിടയിലാണ് ഈ സാഹസമൊക്കെ. മരുഭൂമിയില്‍ ഡ്യൂണ്‍ ബാഷ് ചെയ്ത കാലം വണ്ടി കുത്തനെ നിര്‍ത്തിയിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത്. ഇപ്പോള്‍ മടുത്തു.അതുകൊണ്ട് മരുഭൂമി വരെ എത്തിയശേഷം മറ്റൊരു വണ്ടിയില്‍ മറ്റൊരാളാകും മണല്‍ക്കൂമ്പാരങ്ങളിലൂടെ വാഹനം ഓടിക്കുക എന്നൊക്കെ അയാള്‍ പറഞ്ഞു. ഇതിനിടെ നിരന്തരം അറബി ഭാഷയിലുള്ള ശബ്ദസന്ദേശങ്ങള്‍  വാട്ട്‌സ്ആപ്പില്‍ അയയ്ക്കുകയും മറുപടി നോക്കുകയും വീണ്ടും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. റോഡിലേക്ക് നോക്കുമ്പോള്‍ നമുക്കാണ് ഭയം. വാഹനങ്ങള്‍ നിരന്തരം പോവുകയല്ലെ. കുറേ ദൂരം പോയപ്പോള്‍ ഈന്തപ്പനകള്‍ മാത്രമുള്ള ഇടങ്ങള്‍ കണ്ടുതുടങ്ങി. ക്രമേണ അതും ഇല്ലാതായി. വണ്ടി ഒരു കടയുടെ മുന്നില്‍ നിര്‍ത്തി.

 മരുഭൂമിയിലേക്കു കടക്കും മുന്നെ ചായ,കോഫി,വെളളം എന്നിവയൊക്കെ കുടിക്കാനും ടോയ്‌ലറ്റില്‍ പോകാനുമൊക്കെയുള്ള ഇടമാണ്. കൂളിംഗ് ഗ്ലാസ്, മുഖം മറയ്ക്കാനുളള ടവ്വല്‍, അറബി വേഷം തുടങ്ങി പലതും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. കച്ചവടം നിയന്ത്രിക്കുന്നതും ഒരു മലയാളി ആണ്. അവിടെ അര മണിക്കൂറോളം തങ്ങി. വീണ്ടും യാത്ര തുടര്‍ന്നു. മരുഭൂമിയുടെ കാഴ്ചകള്‍ കണ്ടു തുടങ്ങി. ഒട്ടകങ്ങളും ചെറു ചെടികളുമല്ലാതെ ഒന്നുമില്ലാത്ത , ഉയര്‍ന്നും താണും കിടക്കുന്ന മരുഭൂമി. വാഹനം ഒരു മരത്തണലില്‍ നിര്‍ത്തി. അവിടെ നിന്നും ലാന്‍ഡ് ക്രൂയിസറിലേക്ക് മാറി. എല്ലാവരും സീറ്റ് ബല്‍റ്റ് ധരിച്ചു. വണ്ടി നീങ്ങിത്തുടങ്ങി. മെല്ലെ തുടങ്ങി വേഗം കൂട്ടി കൂട്ടി വലിയ കുഴികളും കുന്നുകളും താണ്ടി ഉലഞ്ഞുലഞ്ഞുളള യാത്ര. പത്മ അധികം ഭയന്നില്ല. നൈജീരിയന്‍ പെണ്‍കുട്ടികള്‍ വലിയ ഒച്ചയുണ്ടാക്കുകയും ഭയം മൂലം അടുത്തിരിക്കുന്നവരെ ബലമായി പിടിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ശ്രീക്കുട്ടിയുടെ കൈയ്യിലൊക്കെ കുറേസമയം അതിന്റെ പാട് കാണാനുണ്ടായിരുന്നു.

 ഒരു മണിക്കൂറോളം നീണ്ട ഡ്യൂണ്‍ ബാഷിംഗ്  കഴിഞ്ഞ് വണ്ടി നിരപ്പായ ഒരിടത്തെത്തി . കുറച്ചു സമയം അവിടെ ചിലവഴിച്ചു,ചിത്രങ്ങളെടുത്തു. സൂര്യന്‍ അസ്തമിക്കാറായി. പൊതുവെ ചൂട് കുറവായിരുന്നു. ഇപ്പോള്‍ തണുത്ത കാറ്റടിക്കാന്‍ തുടങ്ങി. മണ്‍ധൂളികള്‍ ചിത്രം വരയ്ക്കുന്ന മണലില്‍ എത്രനേരം ഇരുന്നാലും മുഷിയില്ല. അവിടെ നില്‍ക്കുമ്പോള്‍ അനേകം വാഹനങ്ങള്‍ ഇറങ്ങിയും കയറിയും വരുന്നത് കാണാം. പലയിടങ്ങളിലായാണ് രാത്രി ക്യാമ്പുകള്‍ ഉള്ളത്. അവിടെയെല്ലാം വാഹനങ്ങളുടെ വലിയ നിരകളും ഉണ്ട്. ഞങ്ങളും തുടര്‍യാത്രയില്‍ അത്തരമൊരു കേന്ദ്രത്തിലെത്തി. ടെന്റാണ് അവിടെ ഒരുക്കിയിരിക്കുന്നത്. നടുത്തളത്തില്‍ പെര്‍ഫോമന്‍സ് വേദി. ചുറ്റിലും കസേരകള്‍ ഇട്ടിട്ടുണ്ട്. അതിന് പുറമെ വിഐപി മേഖലയുമുണ്ട്. അവിടെ ഭക്ഷണം സര്‍വ്വു ചെയ്യാന്‍ ആളുണ്ട്. മറ്റുള്ളവര്‍ ഭക്ഷണപ്പുരയില്‍ പോയി ബുഫെ എടുത്തു വരണം. ഒട്ടകസവാരിയും പാക്കേജിന്റെ ഭാഗമായിരുന്നെങ്കിലും അത് ചെയ്തില്ല. ബാറും സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കളും ഉള്‍പ്പെടെ വില്‍പ്പന കേന്ദ്രങ്ങളുമുണ്ട് ഇവിടെ. മണല്‍ക്കൂനയില്‍ ഒരൂഞ്ഞാലും ഒരുക്കിയിരിക്കുന്നു. മരുഭൂമില്‍ ഇത്തരമൊരു സൗകര്യം ഒരു പ്രത്യകത തന്നെയാണ്. ജയ്‌സാല്‍മീറിലെ മരുഭൂമിയില്‍ ഒരു രാത്രി തങ്ങിയത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു.

 സൂര്യാസ്തമനം നോക്കി കുറച്ചു സമയം മരുഭൂമിയില്‍ ഇരുന്നു. പത്മ മണ്ണ് വാരികളിച്ചു. മുഖമൊക്കെ മൂടി, കൂളിംഗ് ഗ്ലാസും വച്ചിരുന്നു. എങ്കിലും മൂക്കിലേക്ക് പൊടി കയറാം. തണുപ്പ് കൂടി വരുകയാണ്. മരുഭൂമി പകലില്‍ വെന്തുരുകും പോലെ രാത്രിയില്‍ നന്നായി തണുക്കുകയും ചെയ്യും. തണുത്ത കാറ്റില്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. ഞങ്ങള്‍ ടെന്റിലേക്ക് മടങ്ങി. അവിടെനിന്നും ചായയും പക്കോടയും കഴിച്ചു. ചായ ഒഴിച്ചു തന്നതും ഒരു മലയാളി. ആദ്യം പാന്റ്‌സും ഷര്‍ട്ടും ധരിച്ചുനിന്ന അയാള്‍ പ്രോഗ്രാം തുടങ്ങാറായപ്പോള്‍ അറബിവേഷത്തിലാണ് എത്തിയത്. സംഗീതത്തിനൊപ്പം ഒരു കലാകാരന്‍ മനോഹരമായ നൃത്തം അവതരിപ്പിച്ചു. തുടര്‍ന്ന് ബല്ലി ഡാന്‍സുമായെത്തിയത് ഒരു ലബനന്‍ സ്ത്രീ ആണെന്നു തോന്നുന്നു. പതിനഞ്ചു മിനിട്ടോളം ഡാന്‍സ് നീണ്ടു. നിത്യവും ഏകദേശം ഒരേ രീതിയില്‍ അഭ്യാസങ്ങള്‍ നടത്തുന്ന സര്‍ക്കസ് കലാകാരന്മാരുടെ അവസ്ഥയാണ് ഇവിടെ ഉള്ളവര്‍ക്കെന്നു തോന്നി. ഭക്ഷണത്തിനുളള സമയമായി. എല്ലാവരും ബുഫേ എടുക്കാനായി ഒത്തുചേര്‍ന്നു. ഫ്രൈഡ് റൈസും കുബൂസും പനീര്‍ കറിയും തുടങ്ങി കുറേ വെജിറ്റേറിയന്‍ ഇനങ്ങളും ചിക്കനും ബീഫും ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. കുറച്ചൊക്കെ കഴിച്ചു. രുചികരം തന്നെ. പ്രത്യേകിച്ചും കനലില്‍ ചുട്ട നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം. മെഹന്തി ഇടുന്നതും പാക്കേജിന്റെ ഭാഗമാണ്. ശ്രീക്കുട്ടിയും പത്മയും ഒരു കൈയ്യില്‍ കുറച്ചു മെഹന്തി ഇട്ടു.

ഇനിയും കലാപരിപാടികള്‍ ബാക്കി. തീപ്പന്തങ്ങള്‍ കൊണ്ടുള്ള കസര്‍ത്തുകളാണ് തുടര്‍ന്നു കണ്ടത്. നല്ല മെയ് വഴക്കവും ടൈം മാനേജ്‌മെന്റുമില്ലെങ്കില്‍ തീപ്പൊള്ളല്‍ ഉറപ്പാകുന്ന പരിപാടി. 2018 ലായിരുന്നു ഞാന്‍ ദുബായില്‍ ആദ്യമായി വന്നത്. അന്ന് കണ്ടതിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ഇന്നത്തെ പെര്‍ഫോമന്‍സും. ഒരു പക്ഷെ ആളുകള്‍ മാറിയിട്ടുണ്ടാകും എന്നു മാത്രം. പരിപാടി തീരും മുന്നെ ഇറങ്ങണേ എന്ന് ഡ്രൈവര്‍ അഭ്യര്‍ത്ഥിച്ചു. ഞങ്ങളെ വിട്ടശേഷം മറ്റൊരു ക്ലൈന്റിനെ കൂടി അയാള്‍ക്ക് തിരികെ കൊണ്ടു പോകാനുണ്ട്. ഞങ്ങളും പോകാന്‍ തയ്യാറായിരിക്കയായിരുന്നു. പൂര്‍ണ്ണ ചന്ദ്രന്‍ തെളിച്ചിട്ട പ്രകാശമാണ് മരുഭൂമിയില്‍ എവിടെയും. മണ്ണ് സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. ഞങ്ങള്‍ അതിര്‍ത്തിയില്‍ എത്തിയപ്പോഴും ഞങ്ങളുടെ ഇറാനി ഡ്രൈവര്‍ എത്തിയിട്ടില്ല. അയാള്‍ വരാന്‍ 10 മിനിട്ടെടുത്തു. ഈ സമയം പത്മ നൈജീരിയക്കാരുമായി ചങ്ങാത്തം കൂടി. അവരുടെ പേരൊക്കെ ചോദിച്ചു. മാമ്മി, സൂസി, ജോയ്‌സ് ,അവര്‍ ദുബായ് കാണാന്‍ വന്നതാണ്. തിങ്കളാഴ്ച തിരികെ പോകും എന്നു പറഞ്ഞു. ഇറാനി പഴയ പടി ഫോണില്‍തന്നെയായിരുന്നു. ഞങ്ങള്‍ ഹോട്ടലില്‍ നേരത്തെ എത്തി. ഒന്‍പതര . യാത്രാക്ഷീണം കാരണം നേരത്തെ കിടന്നു. ഉറക്കത്തിലും മരുക്കാഴ്ചകള്‍ മനസില്‍ തെളിഞ്ഞുനിന്നു.








Sunday, 20 March 2022

Dubai trip - Day 4

 

ദുബായ് യാത്ര-നാലാം ദിനം 

മാര്ച്ച് 16. രാവിലെ സനീഷ് എത്തി. ദുബായ് നഗരത്തിലൂടെ ഒരു യാത്രയായിരുന്നു തുടക്കം. കരാമയിലെ ആരാമം ഹോട്ടലില് നിന്നും ഇടിയപ്പവും കുറുമയും ചിക്കനുമൊക്കെ കഴിച്ചായിരുന്നു യാത്ര. ഒടുവില് എത്തിയത് ബീച്ചുകളുടെ ലോകത്താണ്. ഇത്രയേറെ ബീച്ചുകള്, അതും തിരകളില്ലാത്ത നിശ്ചലമായ ബീച്ചുകള് മുന്പ് ഞാന് കണ്ടിട്ടില്ല. ആന്ഡമാനിലെ ബീച്ചുകള് പലതും ഇത്തരത്തിലാണ് എന്നോര്ക്കുന്നു. ഞങ്ങള് കൈറ്റ് സര്ഫിംഗ് ബീച്ചില് എത്തുമ്പോള് അവിടെ സ്ത്രീകളും പുരുഷന്മാരുമായി നൂറുകണക്കിന് വെള്ളക്കാര് വെയില് കായുന്നുണ്ടായിരുന്നു. കുടകളും കിടക്കാനുള്ള കസേരയുമായി കുറേപ്പേര്. അ തിന് വലിയ ചാര്ജ് നല്കണം. അതിനിപ്പുറം സാധാരണ ബീച്ചും. ഇവിടെ ഇരുചക്രവാഹനങ്ങള് അനുവദിച്ചിട്ടില്ല. നിയമം ലംഘിക്കുന്നവര്ക്ക് 300 ദിര്ഹം പിഴയാണ്. വെള്ളക്കാര് മാത്രം വരുന്ന ബീച്ചുകള് ദുബായില് പ്രത്യേകിച്ചും ജുമേറ, അറ്റ്‌ലാന്റിസ് ഭാഗത്തുണ്ട് എന്ന് സനീഷ് പറഞ്ഞു. ഈ ബീച്ച് പ്രസിദ്ധമായ ബുര്ജ് അല് - അരബിന് 2 കിലോമീറ്റര് അടുത്താണ്. ബുര്ജ് അല് അരബ് ബുര്ജ് ഖലീഫ വരും മുന്പ് പ്രധാന ആകര്ഷണ കേന്ദ്രമായിരുന്നു. ഇപ്പോള് പ്രതാപം കുറച്ചു നഷ്ടപ്പെട്ട നിലയിലാണ്. ബീച്ചില് നിന്നും ഞങ്ങള് സൂക്ക് മദീനത്ത് ജുമേരയിലേക്ക് പോയി. ബുര്ജ്-അല് അരബിന് സമീപമായി ഒരു തോടിനോട് ചേര്ന്നാണ് പൗരാണികത സ്ഫുരിക്കുന്ന നിറത്തില് തയ്യാറാക്കിയിട്ടുള്ള ഈ വ്യാപാര കേന്ദ്രം. ഇവിടെയും അധികവും വെള്ളക്കാരാണ് വരുന്നത്. കുറേ ഹോട്ടലുകളും ഹാന്ഡിക്രഫ്റ്റ്‌സും ആഭരണങ്ങളും വസ്ത്രങ്ങളും പരമ്പരാഗത ഉപകരണങ്ങളുമൊക്കെ വില്ക്കുന്ന കടകളാണ് ഇവിടെ ഉള്ളത്. സാംസ്‌ക്കാരിക പരിപാടികളും സായാഹ്നത്തില് ഇവിടെ നടക്കാറുണ്ട്. കടല് നികത്തി ദ്വീപുണ്ടാക്കി അവിടെയാണ് ബുര്ജ്-അല് അരബ് ഹോട്ടല് നിര്മ്മിച്ചിട്ടുള്ളത്. മദീനത്തില് നിന്നും ബുര്ജ്-അല് അരബിലേക്ക് ബോട്ട സര്വ്വീസുമുണ്ട്. എത്ര സമയം ചിലവഴിച്ചാലും മുഷിവ് തോന്നാത്ത ഇടമാണിത്.
ഇവിടെ നിന്നും അറ്റ്‌ലാന്റിസ് ഹോട്ടല്, പാം ജുമൈറ എന്നിവിടങ്ങളിലേക്ക് പോയി. ഹോട്ടലില് കയറാന് കഴിഞ്ഞില്ല. പാര്ക്കിംഗ് കിട്ടിയില്ല. പാം ജൂമൈറ കടല് നികത്തി തയ്യാറാക്കിയതാണ്. ഓരോ കെട്ടിട ശ്രുംഖലയും ഒരു പനയോല പോലെ തോന്നും. അവിടെ നിന്നും മടങ്ങും വഴി ഇന്ത്യക്കാര് തിങ്ങിപാര്ക്കുന്ന ഗാര്ഡന് എന്ന ഹൗസിംഗ് കോളനി സന്ദര്ശിച്ചു.ആലും വേപ്പുമുള്പ്പെടെ മരങ്ങള് വച്ചുപിടിപ്പിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഇവിടം. പുരന് മാള് റസ്റ്ററന്റില് നിന്നും ഉച്ച ഭക്ഷണം കഴിച്ചു. നല്ല താലി മീല്സായിരുന്നു. അവിടെ നിന്നും പോയത് മിറക്കിള് ഗാര്ഡനിലേക്കാണ്. 2013 ല് ആരംഭിച്ച മിറക്കിള് ഗാര്ഡന് 72,000 സ്‌ക്വയര് മീറ്റര് വലുപ്പത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. അവിടെ 150 ദശലക്ഷം പൂക്കളും 250 ദശലക്ഷം ചെടികളുമുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. എമിറേറ്റ്‌സിന്റെ ഉപയോഗശൂന്യമായ ഒരു എയര്ബസ് 380 ചെടികളാല് അലങ്കരിച്ച് നിര്ത്തിയിട്ടുണ്ട് ഇവിടെ. പുറമെ , മിക്കി മൗസ്, ഹില് ടോപ്പ്, കുതിര,ഒട്ടകം തുടങ്ങി രസകരമായ അനേകം രൂപങ്ങള് ,അംബ്രല്ല ടണല്, ലേക്ക് പാലസ്, ഫുഡ് കോര്ട്ട് എന്നിവയാല് ആകര്ഷകമാണ് ഇവിടം. മരുഭൂമിയില് ഇത്തരം അത്ഭുതങ്ങള് കാട്ടുന്നത് അഭിനന്ദനം അര്ഹിക്കുന്നു. ഒക്ടോബര് മുതല് ഏപ്രില് വരെയാണ് ഇത് തുറന്നു പ്രവര്ത്തിക്കുന്നത്. ദുബായ് മിനിസിപ്പാലിറ്റിയില് നിന്നുള്ള വെള്ളം റീ സൈക്കിള് ചെയ്ത് ഡ്രിപ്പ് ഇറിഗേഷന് വഴിയാണ് പൂന്തോട്ടം നനയ്ക്കുന്നത്്. ഓരോ സ്ഥലത്തും ചെടികളിലും പൂക്കളിലും തൊടാതിരിക്കാനും തടാകത്തില് ഇറങ്ങാതിരിക്കാനുമൊക്കെ പ്രത്യേക ശ്രദ്ധയോടെ ജീവനക്കാര് നില്പ്പുണ്ട്. ഇരുപത് ദിര്ഹമാണ് ഇവിടെ കയറാനുള്ള ഫീസ്. ടിക്കറ്റ് കൗണ്ടര് ടാറ്റയുടെ ഒരു പഴയ ബസ് റീ ഡൈസൈന് ചെയ്തതാണ്. ഇതിനടുത്തായി ഒരു ബട്ടര്ഫ്‌ളൈ പാര്ക്കുമുണ്ട്. അത് കാണാന് സമയം കിട്ടിയില്ല.
മിറക്കിള് ഗാര്ഡനില് നിന്നും ഞങ്ങള് ഗ്ലോബല് വില്ലേജിലേക്കാണ് പോയത്. ലോകത്തിലെ 90 രാജ്യങ്ങളുടെ സാസ്‌ക്കാരിക -വാണിജ്യ ഇടമാണ് ഗ്ലോബല് വില്ലേജ്. 1997 ല് ചെറിയ തോതില് ആരംഭിച്ച വില്ലേജ് ഇപ്പോള് വിശാലമായ ഒരു പ്രദേശം മുഴുവനും വ്യാപിച്ചു കിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌ക്കാരിക-വ്യാപാര കേന്ദ്രം എന്ന ഖ്യാതി ഇപ്പോള് ഗ്ലോബല് വില്ലേജിനാണ് ഉളളത്. ഒക്ടോബര് മുതല് ഏപ്രില് പകുതി വരെയാണ് ഇത് പ്രവര്ത്തിക്കുന്നത്. ഓരോ വര്ഷവും 50 ലക്ഷത്തോളം ആളുകളാണ് ഇവിടം സന്ദര്ശിക്കുന്നത്. 1,72,00,000 ചതുരശ്ര അടി സ്ഥലത്തായാണ് വില്ലേജ് നില്ക്കുന്നത്. 18,300 വാഹനങ്ങള്ക്ക് പാര്ക്ക് ചെയ്യാന് സൗകര്യമുണ്ട്. അറബികളുടെ പ്രധാന വിനോദ കേന്ദ്രമായി ഗ്ലോബല് വില്ലേജ് മാറിയിട്ടുണ്ട്. ഞങ്ങള് ഇന്ത്യ പവിലിയന് ഉള്പ്പെടെ അനേകം പവിലിയനുകള് കണ്ടു.വൈകിട്ട് 4 മുതല് രാത്രി 12 വരെയാണ് ഇത് പ്രവര്ത്തിക്കുന്നത്. ഇവിടെ എത്തിപ്പെടുന്നവര് രാവേറെ ചെല്ലുംവരെ ഇവിടെ നിന്നു പോകില്ല എന്നതാണ് പ്രത്യേകത. റഷ്യന്, നൈജീരിയന് തുടങ്ങി അനേകം സാംസ്‌ക്കാരിക പരിപാടികളും ഞങ്ങള് വീക്ഷിച്ചു. വിവിധ രാജ്യങ്ങളിലെ വൈവിധ്യപൂര്ണ്ണമായ വസ്തുക്കള് വാങ്ങാനുളള അവസരം കൂടിയാണ് ഈ വില്ലേജ് നല്കുന്നത്. ഫുഡ് കോര്ട്ടുകളാല് സജീവമാണ് ഈ വില്ലേജ്. ഞങ്ങള് മട്ക ചായയും വടയും കഴിച്ചു.മട്ക ചായ തയ്യാറാക്കുന്നത് കാണാന് രസമാണ്. ഒരു ചെറിയ മണ്കുടം തീച്ചൂളയില് ചൂടാക്കും .അതിലേക്ക് നാലഞ്ചു ചായ ഒന്നിച്ചൊഴിക്കും. അപ്പോഴത് പതഞ്ഞു പൊങ്ങും. പിന്നീടാണ് തണുത്ത മണ്കുടങ്ങളിലേക്കൊഴിച്ച് നമുക്ക് നല്കുന്നത്. 15 ദിര്ഹമാണ് ഗ്ലോബല് വില്ലേജിലേക്കുള്ള പ്രവേശന ഫീസ്.പണം നല്കേണ്ട പാര്ക്കിംഗും നല്കേണ്ടതില്ലാത്ത പാര്ക്കിംഗുമുണ്ട്. പണം നല്കിയാല് വേഗം വില്ലേജിലെത്താം, അല്ലെങ്കില് ഒരു കിലോമീറ്റര് നടക്കണം. വലിയ ഒരനുഭവം തന്നെയായിരുന്നു ഗ്ലോബല് വില്ലേജ് എന്നു പറയാം. ഏകദേശം പന്ത്രണ്ട് മണിക്കാണ് ഞങ്ങള് അവിടെ നിന്നും മടങ്ങിയത്🎉









Dubai trip 2022 -Day 3

 

ദുബായ് യാത്ര-മൂന്നാം ദിനം 

മാർച്ച്‌ 15. ഇന്ന് രാവിലെ ദുബായ് ക്രീക്കിൽ പോകാനാണ് തീരുമാനം. റെഡ് ലൈൻ മെട്രോയിൽ കയറി യൂണിയനിൽ ഇറങ്ങി ഗ്രീൻ ലൈൻ മെട്രോയിൽ അൽ -ഗുബൈബയിൽ ഇറങ്ങി. ഫോർട്ട്‌ കൊച്ചി പോലെ ഒരിടം. ടൂറിസ്റ്റ്കൾ ആണ് എവിടെയും. ബസിൽ വരുന്ന പാക്കേജ് ടൂറിസ്റ്റ് ആണ് ഏറെയും . ബുർ ദുബായ് ക്രീക്കിൽ നിന്നും ദേര ഓൾഡ് സൂക്കിലേക്കു പ്രൈവറ്റ് ബോട്ടുകളും സർക്കാർ സർവീസും ഉണ്ട്. സർക്കാർ സർവീസിനു ഒരു ദിർഹം ആണ് നൽകേണ്ടത്. ക്രീക്കിൽ ധാരാളം പക്ഷികൾ ഉണ്ടായിരുന്നു. ബോട്ടിൽ നിന്നും ഇറങ്ങുന്നത് പഴയ ദുബായിൽ ആണ്. തുടക്കത്തിലേ മുനിസിപ്പൽ മ്യൂസിയം ആണ്. രണ്ടു നിലയുള്ള ഒരു ചെറു കെട്ടിടം. അവിടെ ഇരുന്നാണ് പുതിയ ദുബായ് വികസിപ്പിച്ചത് . 1954 മുതലാണ് പ്ലാനിങ് തുടങ്ങിയത്. താമസിക്കാനും വ്യവസായം നടത്താനുമുള്ള കെട്ടിടങ്ങൾ തയ്യാറാക്കിയാണ് വികസനത്തിന്‌ തുടക്കമിട്ടത് . 3 മിനിറ്റ് വരുന്ന ഒരു വീഡിയോ കണ്ടു. മറ്റൊന്നുമില്ല അവിടെ.അതിന്റെ മേല്നോട്ടക്കാരനും മലയാളി തന്നെ. ഓൾഡ് ദുബായ് മൊത്തമായും വാണിജ്യ കേന്ദ്രമാണ്. ഒരു നിരയിൽ സ്‌പൈസസ് ആണ്, മറ്റൊന്ന് മനോഹരമായ ലൈറ്റുകൾ, പിന്നെ ശില്പങ്ങൾ, സ്വർണം അങ്ങിനെ പോകുന്നു നിരകൾ. Spices souq, gold souq, gold souq, textile souq എന്നിങ്ങനെ. മലബാർ ഗോൾഡിന്റെ പരസ്യമാണ് എവിടെയും.
ഡൽഹി ചാന്ദിനി ചൗക്കിലെ ഗലികൾ പോലെ. നല്ല ചൂടുണ്ടായിരുന്ന . അവിടെ നിന്നും ഭക്ഷണം കഴിച്ചു, അൽ -റാസിൽനിന്നും മെട്രോയിൽ തന്നെ മടങ്ങി. നല്ലൊരുറക്കം കഴിഞ്ഞ് സന്ധ്യയോടെ ബുർജ് ഖലീഫയിലേക്കു തിരിച്ചു. അവിടെ നിന്നുള്ള രാത്രി കാഴ്ച ഒന്ന് വേറെ തന്നെയാണ്. ബുർജ് ഖലീഫയും ചുറ്റുമുള്ള EMAAR ഗ്രൂപ്പ്‌ കെട്ടിടങ്ങളും ലൈറ്റ് & സൗണ്ട് പ്രോഗ്രാമിൽ പകൽ കണ്ടതിൽ നിന്നും വ്യത്യസ്തമായ കാഴ്ച ആയി. ബുർജ് ഖലീഫയുടെ മുന്നിലെ തടാകത്തിൽ ലൈറ്റ് &സൗണ്ടിനൊപ്പം ഫൗണ്ടനുകൾ ജലം കൊണ്ട് ചിത്രങ്ങൾ വരച്ചു. 15 മിനിറ്റ് ഇടവിട്ടാണ് പ്രകടനം. നൂറുകണക്കിന് ആളുകൾ കാഴ്ച കാണാൻ വന്നിരുന്നു. വിവിധ കോണുകളിലൂടെ പലവട്ടം ആ കാഴ്ച കണ്ടു. ഫുഡ്‌ കോർട്ടുകളാണ് അവിടത്തെ പ്രധാന ആകർഷണം. രാത്രി ഏറേ വൈകി അവിടെ നിന്നും മടങ്ങി 🥰🎉






Dubai trip -2022 -Day 2

 

 ദുബായ് യാത്ര- രണ്ടാം ദിനം

മാർച്ച്‌ 14.രാവിലെ അനസ് ഹോട്ടലിൽ എത്തി. വർഷങ്ങൾക്കു ശേഷം വീണ്ടും കാണുകയാണ്. Victers ചാനലിൽ ഒപ്പം ഉണ്ടായിരുന്നു. ആദ്യ ദുബായ് സന്ദര്ശനത്തിലും എല്ലാ സഹായങ്ങളും ചെയ്തു തന്നത് അനസ് ആയിരുന്നു. ആൾ ഇപ്പോൾ ടീകോമിൽ ടെക്നിക്കൽ മാനേജർ ആണ്. പതിവ് പോലെ tely കഫെയിൽ നിന്നും ചായ കുടിച്ചു. അനസ് 3 മെട്രോ കാർഡ് നൽകി. കുറച്ചു നാളായി ഉപയോഗിച്ചിട്ട് , റീചാർജ് ചെയ്യണം എന്ന് പറഞ്ഞു. അനസിനു വർക്കുമായ് ബന്ധപ്പെട്ടു ദുബായ് മാളിൽ പോകണമായിരുന്നു . ഞങ്ങളെ അവിടെ ഇറക്കാം എന്ന് പറഞ്ഞു. അനസിന്റെ കാറിൽ മാളിലേക്ക് പോയി. അവിടെ വലിയ മത്സ്യങ്ങളുടെ അക്ക്വേറിയവും മറ്റും കണ്ടും വിവിധ ഷോപ്പുകൾ കണ്ടും സമയം കഴിച്ചു. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ചിത്രമെടുത്തു. അവിടെ നിന്നും ദുബായ് ഇന്റർനെറ്റ്‌ സിറ്റിയിൽ പോയി. അവിടെയാണ് അനസിന്റെ സ്ഥാപനം. അനസിന്റെ ട്രീറ്റ്‌ ആയിരുന്നു ഉച്ച ഭക്ഷണം. Royal dining ഇൽ. അവിടെ നിന്നും മെട്രോയിൽ എക്സ്പോ 2020 യിലേക്ക് പോയി. അവിടെ 18-59 വയസുകാർക്കാണ് ടിക്കറ്റ്. 50 ദിർഹം. എനിക്കും പദ്മയ്ക്കും ഫ്രീ. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്‌ എന്നിവ കാണിച്ചാണ് ടിക്കറ്റ് എടുക്കേണ്ടത്. എക്സ്പോ ഒരു സംഭവം തന്നെയാണ്. ഡൽഹി പ്രഗതി മൈദാനിൽ ഒക്കെ നടക്കുന്നതിന്റെ പതിന്മടങ്ങുണ്ട്. എറ്റവും പ്രധാനം വൃത്തിയും ആധുനിക സാങ്കേതിക വിദ്യയും എസ്തെറ്റിക്സ്ഉം ആണ്. ഇസ്രായേൽ, ഇന്ത്യ, സൗദി തുടങ്ങിയ പവിലിയൻകൾ കണ്ടു. ഇന്ത്യൻ പവിലിയൻ നന്നായിട്ടുണ്ട്. നമ്മുടെ സാംസ്‌കാരിക വൈവിദ്ധ്യം , ബിസിനസ്‌ സാദ്ധ്യതകൾ ഒക്കെ നന്നായി പ്രൊജക്റ്റ്‌ ചെയ്തിട്ടുണ്ട്. നോർത്ത് ഈസ്റ്റ്‌ ആണ് ഫോക്കസ്. പ്രധാന ഹാളിൽ കയറിയപ്പോൾ ജയപ്രഭ മേനോൻ മോഹിനിയാട്ടം പെർഫോം ചെയ്യുന്ന visual ആണ് കണ്ടത്. വലിയ അഭിമാനം തോന്നി. നമ്മൾ അറിയുന്ന ഒരു കലാകാരി ഇന്റർനാഷണൽ ഇവന്റ് ഭാഗമായി കാണുന്നതിലെ സന്തോഷം. Zimbabwe യുടെ cultural പ്രോഗ്രാം കണ്ടു. രാത്രി 11മണിയോടെ മടങ്ങി. മെട്രോ 12 വരെ ഉണ്ട്. എക്സ്പോ മുതൽ Al Rigga വരെ 7.30 ദിർഹം ആണ് ഒരാൾക്ക്‌. ഒരു മണിക്കൂർ യാത്ര. ഉറങ്ങാത്ത നഗരത്തിൽ ഞങ്ങളും കിടന്നപ്പോൾ അടുത്ത ദിവസം തുടങ്ങിയിരുന്നു 🥰






Dubai trip -2022 - Day 1

 

ദുബായ് യാത്ര- മാര്ച്ച് 2022

13 ന് ഉച്ച കഴിഞ്ഞ് ദുബായ് സമയം രണ്ടു മണിക്ക് ഇവിടെ എത്തി. നാട്ടിലേതിനേക്കാൾ ഒന്നര മണിക്കൂർ പിന്നിൽ. മധുരയിൽ നിന്നും രാവിലെ 11നാണ് പുറപ്പെട്ടത്. എയർപോർട്ടിൽ സനീഷും ശാരികയും ദേവയും വന്നിരുന്നു. സനീഷിന്റെ വാഹനം JEEP ആണ്. Luggage കൂടുതൽ ഉള്ളതിനാൽ ഒരു ഇന്നോവ ടാക്സി വിളിച്ചു. ഡ്രൈവർ മൂലമറ്റംകാരൻ ജുനൈദ്. 16 വർഷമായി ഇവിടെയാണ്‌. മൂലമറ്റം power ഹൌസിൽ ജോലി ഉണ്ടായിരുന്നു. സ്ഥിരം ആയേനെ. അവിടെ നിന്നില്ല, BSF കിട്ടി, പോയില്ല, ഇപ്പോൾ പെൻഷൻ വാങ്ങി വീട്ടിൽ ഇരിക്കാമായിരുന്നു, ചിലപ്പോൾ ഫോട്ടോ ഭിത്തിയിലും വന്നേനെ എന്നും അയാൾ തന്നെ പറഞ്ഞു. ഓരോരുത്തർക്കും ഓരോ നിയോഗം എന്നും സമാധാനിച്ചു. ഇപ്പോൾ സന്തോഷവാനാണ്. മോൾ മെഡിസിന് പഠിക്കുന്നു, മോൻ എഞ്ചിനീയർ ആണ്, ഇതൊന്നും എന്റെ മിടുക്കല്ല, ഭാര്യ അധ്യാപികയാണ്, അവരുടെ കഴിവാണ്, ജുനൈദ് ചെറിയ സമയം കൊണ്ട് സ്വന്തം കഥ പറഞ്ഞു. എയർപോർട്ടിൽ നിന്നും 10 മിനിറ്റ് യാത്രയെ ഉള്ളു ഹോട്ടൽ യുറേക്കയിലേക്ക്. Al-Rigga യിലാണിത്. Luggage വച്ച ശേഷം
ഭക്ഷണം കഴിക്കാനായി കരാമയിലെ ഹോട്ടൽ ആരാമത്തിൽ പോയി.ഞായറാഴ്ച ആയതിനാൽ വലിയ തിരക്കായിരുന്നു. കല്ലപ്പവും ബീഫും മീനും ചിക്കനും ഒക്കെയായി ഭക്ഷണം കഴിഞ്ഞു. നല്ല ഭക്ഷണം. അടുത്തുള്ള ഹോട്ടലുകൾ എല്ലാം മലയാളികളുടേത്. ശരിക്കും കോഴിക്കോട് ഭക്ഷണ തെരുവിൽ എത്തിയ പോലെ.
അവിടെ നിന്നും പോർട്ട്‌ റാഷിദിയയിലേക്കാണ് പോയത്. ആദ്യ കാല പോർട്ട്‌ കളിൽ ഒന്നാണിത്. അതിനോട് ചേർന്ന് ഇപ്പോൾ മോഡേൺ യാനങ്ങളുടെ ഡോക്ക് ആണ്. അവിടെ നിന്നും യാത്ര ചെയ്യുന്ന വ്യക്തികളുടെ സ്വകാര്യ വാഹനങ്ങളാണ് കൂടുതലും. വളരെ ശാന്തമായ ഒരു ടൂറിസ്റ്റ് ഹബ് ആണിപ്പോൾ ഇവിടം. പഴയ കണ്ടൈനറുകൾ കോൺവെർട് ചെയ്തുണ്ടാക്കിയ ഹോട്ടലുകളും സൈക്കിൾ റൈഡും ഒക്കെയായി ഒരിടം. ദൂരെ ആയി ship hotel എലിസബത്ത് IIകിടക്കുന്നത് കാണാം. ഇടയ്ക്കിടെ പോകുന്ന വിമാനങ്ങളുമൊക്കെ കണ്ടു വെറുതെ ഇരിക്കാൻ ഒരിടം.
അവിടെ നിന്നും ലാമുർ ബീച്ചിലേക്ക് പോയി. ദുബൈയിൽ നാച്ചുറൽ എന്ന ഒന്നില്ല, എല്ലാം create ചെയ്തതാണ്. ഇവിടെ കടൽ നികത്തി തയ്യാറാക്കിയ activity areas ആണുള്ളത്. ഫുഡ്‌ കൗണ്ടറുകൾ ആണ് കൂടുതലും. പിന്നെ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കളി ഇടങ്ങളും. മനോഹരമായ ലൈറ്റിങ്ങുകൾ പ്രധാന ആകർഷണം. ദിര്ഹത്തിൽ നിന്നും രൂപയിലേക്കു കോൺവെർട് ചെയ്തു ചിന്തിച്ചാൽ എല്ലാം ചിലവേറിയ കാര്യങ്ങൾ. ഒരു മണിക്കൂർ വണ്ടി പാർക്കിങ്ങിന് തന്നെ 10 ദിർഹം ആണ്. രൂപയിൽ കോൺവെർട് ചെയ്‌താൽ 200 രൂപ. നാട്ടിൽ 10 രൂപ പാർക്കിംഗ് ഫീ വച്ചാൽ കലഹമുണ്ടാക്കുന്ന നമുക്ക് ഇവിടെ അതിനൊന്നും കഴിയില്ലല്ലോ. ഞങ്ങൾ 2 മണിക്കൂർ അവിടെ ചിലവഴിച്ചു. താമസ സ്ഥലത്തിന് താഴെ ഒരു thattukadayund. Tely cafe (തലശ്ശേരി ഹോട്ടൽ ഗ്രൂപ്പിന്റേതാണ് ) അവിടെനിന്നും സാൻഡ്‌വിച്ച്, ചായ, ബർഗർ ഒക്കെയായി രാത്രി ഭക്ഷണം ഒതുക്കി. ദുബായ് ഒന്നാം ദിനം അങ്ങിനെ അവസാനിക്കുമ്പോൾ അടുത്ത ദിവസം ആരംഭിച്ചു കഴിഞ്ഞിരുന്നു 🥰🎉





Wednesday, 9 March 2022

If our law and justice act well, criminals can be put behind the bar

 


 ഈ വിധികള്‍ പ്രതീക്ഷ നല്‍കുന്നു

 2022 മാര്‍ച്ച് എട്ടിന് തമിഴ്‌നാട്ടിലും കേരളത്തിലും ഉണ്ടായ രണ്ട് കോടതി വിധികള്‍ നമ്മുടെ നിയമ സംവിധാനത്തിലും ജനാധിപത്യത്തിലും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. അതിക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ പ്രതികള്‍ക്ക്  മരണശിക്ഷ വിധിച്ചു എന്നതാണ് പ്രധാനം. തമിഴ്‌നാട്ടില്‍ ജാതിയിലെ ഉച്ചനീചത്വങ്ങളാണ് കൊലയ്ക്ക് കാരണമായതെങ്കില്‍ കേരളത്തില്‍ സമാധാനപൂര്‍വ്വം ജീവിച്ചുവന്ന വൃദ്ധ ദമ്പതികളെ സ്വത്ത് മോഹിച്ച് കൊലപ്പെടുത്തിയതാണ് കേസ്.

 തമിഴ്‌നാട്ടില്‍ കൊല നടന്ന് ഏഴാം വര്‍ഷവും കേരളത്തില്‍ മൂന്നാം വര്‍ഷവും വിധി വന്നു എന്നതും നമ്മുടെ നാട്ടിലെ അനന്തമായി നീളുന്ന കേസ് വിചാരണയ്ക്കിടയില്‍ ആശ്വാസം പകരുന്ന ഒന്നായി.

 2015 ലാണ് ഗോകുല്‍രാജ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ നാമക്കലില്‍ കൊലപ്പെടുത്തിയത്. പട്ടികജാതിയില്‍ പെട്ട ഗോകുലിനെ നാമക്കല്‍ ജില്ലയിലെ പള്ളിപാളയത്ത് റയില്‍ ട്രാക്കില്‍ തല ഛേദിച്ചവിധമായിരുന്നു  കണ്ടെത്തിയത്. കുറച്ചുകൂടി ഉയര്‍ന്ന ജാതിയില്‍പെട്ട ഒരു പെണ്‍കുട്ടിക്കൊപ്പം ക്ഷേത്രസന്ദര്‍ശനം നടത്തി, ചാറ്റു ചെയ്തു എന്നിവയായിരുന്നു ഗോകുല്‍ ചെയ്ത തെറ്റുകള്‍. ധീരന്‍ ചിന്നമലൈ ഗൗണ്ടര്‍ പേരവൈ സ്ഥാപകന്‍ യുവരാജും മറ്റ് ഒന്‍പത് പേരും ചേര്‍ന്നാണ് അതിക്രൂരമായ കൊല നടത്തിയത്. എല്ലാവര്‍ക്കും മരണം വരെ ജീവപര്യന്തമാണ് പ്രത്യേക കോടതി വിധിച്ചത്. യുവരാജിന് മൂന്ന് ജീവപര്യന്തവും ആറ് പേര്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും. ഇന്ത്യന്‍ ശിക്ഷ നിയമത്തില്‍ പഴുതുകള്‍ ഏറെയുണ്ടെങ്കിലും ഈ വിധി ആശ്വാസകരം തന്നെ. നാമക്കല്‍ കോടതിയില്‍ വിശ്വാസമില്ല എന്ന ഗോകുല്‍രാജിന്റെ അമ്മയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയാണ് കേസ് പ്രത്യേക കോടതിക്ക് വിട്ടത്. സുപ്രിം കോടതിയും നേരത്തെ യുവരാജിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കെ ഈ കൊലപാതകത്തില്‍ ഞടുക്കം രേഖപ്പെടുത്തിയിരുന്നു.

 ഇനിയുള്ളത് ജയിലിലെ ജീവിതവും മേല്‍ക്കോടതിയുടെ വിധികളുമാണ്. ജയിലില്‍ ഒറ്റപ്പെട്ട ജീവിതവും പരോളില്ലാത്ത ജീവപര്യന്തവും ലഭിച്ചാലെ വിധി പൂര്‍ണ്ണമാണ് എന്നു പറയാന്‍ കഴിയൂ. ജയിലില്‍ ജോലി ചെയ്യുന്നവരും ജാതിയുടെ അഴുക്ക് വസ്ത്രം അണിഞ്ഞവരാണെങ്കില്‍ പ്രതികള്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കി നല്‍കും എന്നതില്‍ സംശയമില്ല. നീതി-ന്യായ നിര്‍വ്വഹണത്തില്‍ കടുത്ത രീതികള്‍ തന്നെ വന്നാലെ ഇത്തരം ക്രൂരതകള്‍ അവസാനിക്കൂ എന്നതില്‍ സംശയമില്ല.

 കേരളത്തില്‍ നടന്ന കൊലകളിലെ പ്രതികള്‍ ബംഗ്ലാദേശുകാരാണ്. നമ്മള്‍ അതിഥി തൊഴിലാളികള്‍ എന്ന് ലാളിത്യത്തോടെ വിളിക്കുന്ന അന്യ സംസ്ഥാനതൊഴിലാളികള്‍. ഇവര്‍ ബംഗാളില്‍ നിന്നോ ആസാമില്‍ നിന്നോ ആകും വരുക, പക്ഷെ ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് തൊഴിലെടുക്കാന്‍ വരുന്നവരാണ്. പ്രത്യേകിച്ച് ഒരു രേഖയുമില്ലാതെ സ്വതന്ത്രമായി ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാന്‍ കഴിയുന്നവര്‍. ഇതൊരുപക്ഷെ ഇന്ത്യയില്‍ മാത്രം കഴിയുന്ന ഒരു കാര്യമാണ്. 2019 നവംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  ചെങ്ങന്നൂരിനടുത്ത് വെണ്മണിയിലാണ് 75 കാരനായ ചെറിയാനും 68 കാരിയായ ലില്ലിക്കുട്ടിയും താമസിച്ചിരുന്നത്. അവിടെ ഒരാഴ്ച മുന്നെ കൂലിപ്പണി ചെയ്തപ്പോഴേ ഈ ദമ്പതികളുടെ സ്വര്‍ണ്ണവും പണവും നോട്ടമിട്ടവരാണ് ബംഗ്ലാദേശുകാരായ ലബഌ ഹുസൈനും ജുവല്‍ ഹുസൈനും. ലില്ലിക്കുട്ടിയെയും ചെറിയാനെയും അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസം രാത്രിയില്‍ ആന്ധ്രയില്‍ വച്ച് ട്രയിനില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ 45 പവന്‍ സ്വര്‍ണ്ണവും 17,000 രൂപയുമായി പിടികൂടുകയായിരുന്നു പോലീസ.

 നമ്മുടെ പോലീസിന്റെ മികവ് നമ്മള്‍ കാണാതിരുന്നുകൂടാ. ചിലര്‍ ക്രിമിനലുകളാണെങ്കിലും പോലീസിലെ ഭൂരിപക്ഷവും മിടുക്കരും സത്യസന്ധരുമാണ് എന്നത് അംഗീകരിക്കേണ്ട കാര്യമാണ്. മാവേലിക്കരയിലെ അഡീഷണല്‍ ജില്ല കോടതി ലബഌവിന് മരണശിക്ഷയും ഇരട്ട ജീവപര്യന്തവും വിധിച്ചു. ജുവലിന് മൂന്ന് ജീവപര്യന്തമാണ് ശിക്ഷ.

 ഇവിടെ ശ്രദ്ധേയമാകുന്ന ചില വിഷയങ്ങളുണ്ട്. അതിലൊന്ന് നമ്മള്‍ സ്വര്‍ണ്ണം പരസ്യമായി അണിഞ്ഞു നടക്കണമോ എന്നതാണ്. പലരേയും മരണത്തിലേക്ക് എത്തിക്കുന്നത് ഈ മഞ്ഞലോഹമാണ്. പണം കൈയ്യിലുണ്ടെങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് പോലെ വാങ്ങി വയ്ക്കാവുന്ന ഒരു ലോഹം എന്നതിനപ്പുറം സ്വര്‍ണ്ണത്തെ പ്രദര്‍ശന വസ്തുവാക്കുന്നത് ആപത്താണ്. പ്രത്യേകിച്ചും പ്രായമായ മനുഷ്യര്‍ മാത്രം താമസിക്കുന്ന വീടുകളില്‍. സ്വര്‍ണ്ണം വീട്ടില്‍ സൂക്ഷിക്കുന്നതും ആപത്താണ്. ലോക്കറില്‍തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.

 മറ്റൊന്ന് അന്യ സംസ്ഥാന തൊഴിലാളികളെ സംബ്ബന്ധിച്ചാണ്. ക്രിമിനല്‍ പശ്ഛാത്തലമുളളവരും ബംഗ്ലാദേശുകാരുമൊക്കെ നമ്മുടെ നാട്ടില്‍ യഥേഷ്ടം വിഹരിക്കുകയും പലതരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ കൈയ്യില്‍ ഇത് സംബ്ബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഒന്നും തന്നെയില്ല. ഈ രീതി മാറണം. നമ്മള്‍ ഒഡെപെക് , നോര്‍ക്ക പോലുള്ള ഏജന്‍സികള്‍ വഴി വിദേശത്തേക്ക് മലയാളികളെ അയയ്ക്കുന്നപോലെ നാട്ടില്‍ തൊഴിലെടുക്കാന്‍ വരുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും നിര്‍ബ്ബന്ധമായി ഒരു സ്ഥാപനത്തിന് കീഴില്‍ കൊണ്ടുവരണം. അവിടെ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമെ തൊഴിലെടുക്കാന്‍ അനുമതി നല്‍കാവൂ. അവരുടെ നാട്ടിലെ പോലീസ്, റവന്യൂ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ,ഉപജീവനത്തിനായി എത്തുന്നവരുടെ ജീവിത പശ്ഛാത്തലവും അറിയാനുള്ള ശ്രമം ആവശ്യമാണ്. ഒരു ചെറു തുക രജിസ്‌ട്രേഷനായി ഈടാക്കുകയും ചെയ്യാവുന്നതാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലെ നിരന്തരമുള്ള ഇന്‍സ്‌പെക്ഷനിലൂടെ രജിസ്‌ട്രേഷന്‍ കൃത്യമായി നടക്കുന്നു എന്നുറപ്പാക്കുകയും ചെയ്യാം. സാധാരണ തൊഴിലുകള്‍ ചെയ്യാന്‍ മലയാളിയെ ഇനി കിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് , ദീര്‍ഘവീഷണത്തോടെയുള്ള ഒരു സമീപനം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്. 👍

Monday, 7 March 2022

Gender justice should start from home, spread to all sectors of society. Are you for equal rights or not?


 
 എന്താണ് സ്ത്രീവിരുദ്ധത

 2017 ഫെബ്രുവരി 17 ന് കൊച്ചിയില്‍  ക്രൂരമായ ലൈഗികപീഡനത്തിന്  ഇരയായ നടി തന്റെ അതിജീവനത്തിന്റെ കഥ, ബര്‍ഖ ദത്ത് നേതൃത്വം നല്‍കിയ  വി ദ വിമെന്‍ ഓഫ് ഏഷ്യ യുടെ ഗ്ലോബല്‍ ടൗണ്‍ ഹാള്‍ പ്രോഗ്രാമില്‍ പങ്കവയ്ക്കുകയുണ്ടായി. താന്‍ ഇപ്പോള്‍ ഇരയല്ല, അതിജീവകയാണ് എന്നാണ് നടി പറഞ്ഞത്. തെളിമയോടെ നടി രംഗത്തുവന്നെങ്കിലും നമ്മുടെ നിയമങ്ങള്‍ അവരുടെ പേര് പറയാന്‍ സമ്മതിക്കുംവിധമല്ല എന്നത് നിയമത്തിന്റെ മാത്രം ഒരു പ്രത്യേകതയാണ്. ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായി മരിച്ച കുട്ടിയുടെ അമ്മ ക്രമേണ എന്റെ മകള്‍ നിര്‍ഭയ അല്ല ജ്യോതി സിംഗാണ് എന്നു വെളിപ്പെടുത്തിയത് ഇവിടെ ഓര്‍ക്കാം. എല്ലാവരും അറിയുന്ന പേര് ആരും പറയാതെ പറയുന്ന രീതി. നടന്‍ ദിലീപ് ഉള്‍പ്പെട്ട അതിവിചിത്രമായ ഗൂഢാലോചനയാണ് ബലാല്‍സംഗത്തിന് പിന്നില്‍ എന്നാണ് ആരോപണം. എന്നിട്ടും ആ കുട്ടിക്കൊപ്പം നില്‍ക്കാന്‍ സിനിമ സമൂഹത്തിനോ പൊതുസമൂഹത്തിനോ കഴിഞ്ഞില്ല. ഒരു ന്യൂനപക്ഷം മാത്രമാണ് ഒപ്പം നിന്നത്.  സിനിമ രംഗം സ്ത്രീവിരുദ്ധതയുടെ കേന്ദ്രമാണ് എന്ന് പണ്ടേ പറയാറുള്ളതാണ്. അത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് കാലഘട്ടത്തിനനുസരിച്ച് മനുഷ്യര്‍ വളരുന്നില്ല എന്നതിന് ഉദാഹരണമാണ്. അപൂര്‍വ്വം സിനിമകള്‍ മാത്രമാണ് നടിയെ നിശ്ചയിച്ച് എടുക്കപ്പെട്ട സിനിമ. അതില്‍ നായകന്‍ ആരായാലും കുഴപ്പമില്ല നായിക ഇന്നയാള്‍ ആകണം എന്നതാണ് നിശ്ചയം. എന്നാല്‍ 99 ശതമാനം ചിത്രങ്ങളും നേരേ തിരിച്ചാണ്. നായകനെ നിശ്ചയിക്കുന്നു. നായിക ആരുമാകാം, പ്രത്യേകിച്ചും നായകന് ഇഷ്ടപ്പെടണം എന്നത് നിര്‍ബ്ബന്ധമാണ് താനും. ഇത് നായിക എന്ന പദവിയെ താഴ്ത്തികെട്ടലാണ്. സിനിമ പൊതുവെ സ്ത്രീപക്ഷമല്ല എന്ന് പറയേണ്ടി വരുന്നു, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്ത്രീവിരുദ്ധത സിനിമ രംഗത്ത് കൂടുതലാണ്. നടി മുന്നോട്ടുവയ്ക്കുന്നത് ശക്തമായ ഒരു സമീപനമാണ്. ഇരകള്‍ പരസ്യമായി തുറന്നു പറച്ചിലിന് തയ്യാറാകണം, അതിലൂടെ അവള്‍ ഇര എന്നതില്‍ നിന്നും അതിജീവക എന്ന നിലയിലേക്ക് ഉയരുന്നു. അത് അനിവാര്യവുമാണ്

 കോഴിക്കോട് മാര്‍ച്ച് 6ന് നടന്ന വിമന്‍സ് പാര്‍ലമെന്റില്‍ ഫയര്‍&റെസ്‌ക്യൂ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ ബി.സന്ധ്യ പറഞ്ഞത്  ലിംഗസമത്വവും സ്ത്രീസുരക്ഷയും ഉറപ്പാക്കാന്‍ പോലീസില്‍ വലിയ മാറ്റം ആവശ്യമാണ് എന്നാണ്. ഇപ്പോള്‍ 10% മാത്രമായ വനിതപോലീസ് 50% ആകണം, സ്ത്രീകള്‍ക്ക് ഏത് സമയവും പരാതിയുമായി സ്റ്റേഷനില്‍ വരാന്‍ കഴിയണം. ഇതൊരു സ്ത്രീപക്ഷ സമീപനമാണ്.  ആര്‍.ശ്രീലേഖ ഈയിടെ മനോരമ ന്യൂസില്‍ നേരെചൊവ്വയില്‍ ചില അനുഭവങ്ങള്‍ വിവരിക്കുകയുണ്ടായി. ഇപ്പോഴും നമ്മുടെ പോലീസ് പുരുഷകേന്ദ്രീകൃതമാണ് എന്നത് അപമാനകരമാണ് എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത് എന്നു മാറും. കടുത്ത സ്ത്രീവിരുദ്ധത പോലീസിലുണ്ട് എന്നാണ് അവര്‍ പറഞ്ഞത്.

 പാര്‍ട്ടികളിലും ഈ പ്രശ്‌നമുണ്ട്. പത്രപ്രവര്‍ത്തകന്‍ പാര്‍ട്ടിയുടെ ഉന്നത ഘടകങ്ങളില്‍ 50% സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്നു ചോദിച്ചപ്പോള്‍ സിപിഎം സെക്രട്ടറി കൊടിയേരി മറുചോദ്യം ചോദിച്ചത് ഈ പാര്‍ട്ടിയെ തകര്‍ക്കുകയാണോ തന്റെ ലക്ഷ്യം എന്നാണ്. അത് സ്തീവിരുദ്ധതയാണ്. മാധ്യമക്കാരന്റെ സ്ഥാപനത്തില്‍ 50% സ്ത്രീകളാണോ ജോലി ചെയ്യുന്നത് എന്നാകാമായിരുന്നു മറു ചോദ്യം. ഇത് ഒരു പാര്‍ട്ടിയുടെ മാത്രം സമീപനമല്ല, എല്ലാ പാര്‍ട്ടികളുടെയും സമീപനമാണ്. സിനിമ പോലെ കടുത്ത സ്ത്രീവിരുദ്ധത ഉള്ള ഇടമാണ് രാഷ്ട്രീയം. എന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അതിവേഗം കാര്യങ്ങള്‍ മാറുകയാണ്. 50% ന് മുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഏറിവരുകയാണ്. കേരളത്തിലെ എല്ലാ മേഖലയിലും സ്ത്രീപക്ഷം മുന്നേറുന്ന ചിത്രം ശുഭോദര്‍ക്കമാണ്.

 എങ്കിലും എന്നിലും  മറ്റ് പുരുഷ സുഹൃത്തുക്കളുടെ ഉള്ളിലും അവരുടെ സമീപനങ്ങളിലുമുള്ള സ്ത്രീ പക്ഷസമീപനവും സ്ത്രീ വിരുദ്ധതയും ഒരു സ്വയം വിമര്‍ശനം അര്‍ഹിക്കുന്നു എന്നു കരുതട്ടെ.

ചില സ്ത്രീപക്ഷ -സ്ത്രീവിരുദ്ധ സമീപനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.  

 വീട്ടില്‍ ചര്‍ച്ചകള്‍ വരുമ്പോള്‍ ഭാര്യയോട് അഭിപ്രായം ചോദിക്കുന്നത് സ്ത്രീപക്ഷം, ചോദിക്കാതിരിക്കുന്നതും പറയുന്നതിനെ മുഖവിലയ്‌ക്കെടുക്കാത്തതും സ്ത്രീവിരുദ്ധത

 മകനോട് അഭിപ്രായം ചോദിക്കുകയും മകളോട് ചോദിക്കാതിരിക്കുകയും ചെയ്യുന്നത് സ്ത്രീവിരുദ്ധത

 ഓഫീസില്‍ സ്ത്രീകളെ പ്രധാന ചര്‍ച്ചകളില്‍ ഒഴിവാക്കി നിര്‍ത്തുന്നത് സ്ത്രീവിരുദ്ധത, വനിത ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നതും അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ മടിക്കുന്നതും സ്ത്രീവിരുദ്ധത

 ഭാര്യ-ഭര്‍ത്താക്കന്മാര്‍ പരസ്പ്പര ബഹുമാനം പ്രകടിപ്പിക്കുന്നതും വീട്ടു ജോലികളും കുട്ടികളെ വളര്‍ത്തുന്നതും സാമൂഹിക-സാമ്പത്തിക കടമകള്‍ തുല്യഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കുന്നതും സ്ത്രീപക്ഷ സമീപനം, അല്ലെങ്കില്‍ സ്ത്രീ വിരുദ്ധത

 ത്രിതല പഞ്ചായത്തുകളില്‍ അംഗങ്ങളില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടും അവരെ നിയന്ത്രിക്കുന്നത് ഭര്‍ത്താവോ അച്ഛനോ മറ്റൊരു പുരുഷനോ എങ്കില്‍ അത്  സ്ത്രീവിരുദ്ധത, സ്വയം തീരുമാനമെടുത്ത് മുന്നോട്ടുപോകുന്നത് സ്ത്രീപക്ഷം

 വ്യവസായ മേഖലയിലും സ്വകാര്യ മേഖലയിലും സ്ത്രീക്ക് തുല്യ പദവി നല്‍കുന്നത് സ്ത്രീപക്ഷം, പ്രസവ അവധി  നിഷേധിക്കുന്നതും കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവുമായി ബന്ധപ്പെട്ട്  അവധി നിഷേധിക്കുന്നതും പ്രൊമോഷന്‍ തടയുന്നതും സ്ത്രീവിരുദ്ധത, പരമാവധി പ്രോത്സാഹനം നല്‍കി ഉന്നത പദവികളിലേക്ക് എത്തിക്കുന്നത് സ്ത്രീപക്ഷം

 പോലീസിലും സേനയിലും തുല്യപദവിയും ആദരവും ബഹുമാനവും നല്‍കുന്നത് സ്ത്രീപക്ഷം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ മോശമായ പെരുമാറ്റം സ്ത്രീവിരുദ്ധത
 
 രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ തുല്യത നല്‍കുന്നതും ഉന്നതസ്ഥാനങ്ങളിലേക്ക് പാരമ്പര്യത്തിന്റെ പേരിലല്ലാതെ കഴിവിന്റെ പേരില്‍ വനിതകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതും സ്ത്രീപക്ഷം, ചൂഷണവും അടിച്ചമര്‍ത്തലും സ്ത്രീവിരുദ്ധത

 കലാ-സാഹിത്യ -സിനിമ മേഖലകളില്‍ അര്‍ഹമായ അംഗീകാരം നല്‍കുന്നത് സ്ത്രീപക്ഷം, ചൂഷണവിധേയരാക്കുകയും അതിന് പകരമായി സഹായിക്കുകയും ചെയ്യുന്നത് സ്ത്രീവിരുദ്ധത

ഇനിയുമുണ്ടാകും പറയാന്‍ ഏറെ !!!