Monday, 7 March 2022

Gender justice should start from home, spread to all sectors of society. Are you for equal rights or not?


 
 എന്താണ് സ്ത്രീവിരുദ്ധത

 2017 ഫെബ്രുവരി 17 ന് കൊച്ചിയില്‍  ക്രൂരമായ ലൈഗികപീഡനത്തിന്  ഇരയായ നടി തന്റെ അതിജീവനത്തിന്റെ കഥ, ബര്‍ഖ ദത്ത് നേതൃത്വം നല്‍കിയ  വി ദ വിമെന്‍ ഓഫ് ഏഷ്യ യുടെ ഗ്ലോബല്‍ ടൗണ്‍ ഹാള്‍ പ്രോഗ്രാമില്‍ പങ്കവയ്ക്കുകയുണ്ടായി. താന്‍ ഇപ്പോള്‍ ഇരയല്ല, അതിജീവകയാണ് എന്നാണ് നടി പറഞ്ഞത്. തെളിമയോടെ നടി രംഗത്തുവന്നെങ്കിലും നമ്മുടെ നിയമങ്ങള്‍ അവരുടെ പേര് പറയാന്‍ സമ്മതിക്കുംവിധമല്ല എന്നത് നിയമത്തിന്റെ മാത്രം ഒരു പ്രത്യേകതയാണ്. ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായി മരിച്ച കുട്ടിയുടെ അമ്മ ക്രമേണ എന്റെ മകള്‍ നിര്‍ഭയ അല്ല ജ്യോതി സിംഗാണ് എന്നു വെളിപ്പെടുത്തിയത് ഇവിടെ ഓര്‍ക്കാം. എല്ലാവരും അറിയുന്ന പേര് ആരും പറയാതെ പറയുന്ന രീതി. നടന്‍ ദിലീപ് ഉള്‍പ്പെട്ട അതിവിചിത്രമായ ഗൂഢാലോചനയാണ് ബലാല്‍സംഗത്തിന് പിന്നില്‍ എന്നാണ് ആരോപണം. എന്നിട്ടും ആ കുട്ടിക്കൊപ്പം നില്‍ക്കാന്‍ സിനിമ സമൂഹത്തിനോ പൊതുസമൂഹത്തിനോ കഴിഞ്ഞില്ല. ഒരു ന്യൂനപക്ഷം മാത്രമാണ് ഒപ്പം നിന്നത്.  സിനിമ രംഗം സ്ത്രീവിരുദ്ധതയുടെ കേന്ദ്രമാണ് എന്ന് പണ്ടേ പറയാറുള്ളതാണ്. അത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് കാലഘട്ടത്തിനനുസരിച്ച് മനുഷ്യര്‍ വളരുന്നില്ല എന്നതിന് ഉദാഹരണമാണ്. അപൂര്‍വ്വം സിനിമകള്‍ മാത്രമാണ് നടിയെ നിശ്ചയിച്ച് എടുക്കപ്പെട്ട സിനിമ. അതില്‍ നായകന്‍ ആരായാലും കുഴപ്പമില്ല നായിക ഇന്നയാള്‍ ആകണം എന്നതാണ് നിശ്ചയം. എന്നാല്‍ 99 ശതമാനം ചിത്രങ്ങളും നേരേ തിരിച്ചാണ്. നായകനെ നിശ്ചയിക്കുന്നു. നായിക ആരുമാകാം, പ്രത്യേകിച്ചും നായകന് ഇഷ്ടപ്പെടണം എന്നത് നിര്‍ബ്ബന്ധമാണ് താനും. ഇത് നായിക എന്ന പദവിയെ താഴ്ത്തികെട്ടലാണ്. സിനിമ പൊതുവെ സ്ത്രീപക്ഷമല്ല എന്ന് പറയേണ്ടി വരുന്നു, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്ത്രീവിരുദ്ധത സിനിമ രംഗത്ത് കൂടുതലാണ്. നടി മുന്നോട്ടുവയ്ക്കുന്നത് ശക്തമായ ഒരു സമീപനമാണ്. ഇരകള്‍ പരസ്യമായി തുറന്നു പറച്ചിലിന് തയ്യാറാകണം, അതിലൂടെ അവള്‍ ഇര എന്നതില്‍ നിന്നും അതിജീവക എന്ന നിലയിലേക്ക് ഉയരുന്നു. അത് അനിവാര്യവുമാണ്

 കോഴിക്കോട് മാര്‍ച്ച് 6ന് നടന്ന വിമന്‍സ് പാര്‍ലമെന്റില്‍ ഫയര്‍&റെസ്‌ക്യൂ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ ബി.സന്ധ്യ പറഞ്ഞത്  ലിംഗസമത്വവും സ്ത്രീസുരക്ഷയും ഉറപ്പാക്കാന്‍ പോലീസില്‍ വലിയ മാറ്റം ആവശ്യമാണ് എന്നാണ്. ഇപ്പോള്‍ 10% മാത്രമായ വനിതപോലീസ് 50% ആകണം, സ്ത്രീകള്‍ക്ക് ഏത് സമയവും പരാതിയുമായി സ്റ്റേഷനില്‍ വരാന്‍ കഴിയണം. ഇതൊരു സ്ത്രീപക്ഷ സമീപനമാണ്.  ആര്‍.ശ്രീലേഖ ഈയിടെ മനോരമ ന്യൂസില്‍ നേരെചൊവ്വയില്‍ ചില അനുഭവങ്ങള്‍ വിവരിക്കുകയുണ്ടായി. ഇപ്പോഴും നമ്മുടെ പോലീസ് പുരുഷകേന്ദ്രീകൃതമാണ് എന്നത് അപമാനകരമാണ് എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത് എന്നു മാറും. കടുത്ത സ്ത്രീവിരുദ്ധത പോലീസിലുണ്ട് എന്നാണ് അവര്‍ പറഞ്ഞത്.

 പാര്‍ട്ടികളിലും ഈ പ്രശ്‌നമുണ്ട്. പത്രപ്രവര്‍ത്തകന്‍ പാര്‍ട്ടിയുടെ ഉന്നത ഘടകങ്ങളില്‍ 50% സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്നു ചോദിച്ചപ്പോള്‍ സിപിഎം സെക്രട്ടറി കൊടിയേരി മറുചോദ്യം ചോദിച്ചത് ഈ പാര്‍ട്ടിയെ തകര്‍ക്കുകയാണോ തന്റെ ലക്ഷ്യം എന്നാണ്. അത് സ്തീവിരുദ്ധതയാണ്. മാധ്യമക്കാരന്റെ സ്ഥാപനത്തില്‍ 50% സ്ത്രീകളാണോ ജോലി ചെയ്യുന്നത് എന്നാകാമായിരുന്നു മറു ചോദ്യം. ഇത് ഒരു പാര്‍ട്ടിയുടെ മാത്രം സമീപനമല്ല, എല്ലാ പാര്‍ട്ടികളുടെയും സമീപനമാണ്. സിനിമ പോലെ കടുത്ത സ്ത്രീവിരുദ്ധത ഉള്ള ഇടമാണ് രാഷ്ട്രീയം. എന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അതിവേഗം കാര്യങ്ങള്‍ മാറുകയാണ്. 50% ന് മുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഏറിവരുകയാണ്. കേരളത്തിലെ എല്ലാ മേഖലയിലും സ്ത്രീപക്ഷം മുന്നേറുന്ന ചിത്രം ശുഭോദര്‍ക്കമാണ്.

 എങ്കിലും എന്നിലും  മറ്റ് പുരുഷ സുഹൃത്തുക്കളുടെ ഉള്ളിലും അവരുടെ സമീപനങ്ങളിലുമുള്ള സ്ത്രീ പക്ഷസമീപനവും സ്ത്രീ വിരുദ്ധതയും ഒരു സ്വയം വിമര്‍ശനം അര്‍ഹിക്കുന്നു എന്നു കരുതട്ടെ.

ചില സ്ത്രീപക്ഷ -സ്ത്രീവിരുദ്ധ സമീപനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.  

 വീട്ടില്‍ ചര്‍ച്ചകള്‍ വരുമ്പോള്‍ ഭാര്യയോട് അഭിപ്രായം ചോദിക്കുന്നത് സ്ത്രീപക്ഷം, ചോദിക്കാതിരിക്കുന്നതും പറയുന്നതിനെ മുഖവിലയ്‌ക്കെടുക്കാത്തതും സ്ത്രീവിരുദ്ധത

 മകനോട് അഭിപ്രായം ചോദിക്കുകയും മകളോട് ചോദിക്കാതിരിക്കുകയും ചെയ്യുന്നത് സ്ത്രീവിരുദ്ധത

 ഓഫീസില്‍ സ്ത്രീകളെ പ്രധാന ചര്‍ച്ചകളില്‍ ഒഴിവാക്കി നിര്‍ത്തുന്നത് സ്ത്രീവിരുദ്ധത, വനിത ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നതും അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ മടിക്കുന്നതും സ്ത്രീവിരുദ്ധത

 ഭാര്യ-ഭര്‍ത്താക്കന്മാര്‍ പരസ്പ്പര ബഹുമാനം പ്രകടിപ്പിക്കുന്നതും വീട്ടു ജോലികളും കുട്ടികളെ വളര്‍ത്തുന്നതും സാമൂഹിക-സാമ്പത്തിക കടമകള്‍ തുല്യഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കുന്നതും സ്ത്രീപക്ഷ സമീപനം, അല്ലെങ്കില്‍ സ്ത്രീ വിരുദ്ധത

 ത്രിതല പഞ്ചായത്തുകളില്‍ അംഗങ്ങളില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടും അവരെ നിയന്ത്രിക്കുന്നത് ഭര്‍ത്താവോ അച്ഛനോ മറ്റൊരു പുരുഷനോ എങ്കില്‍ അത്  സ്ത്രീവിരുദ്ധത, സ്വയം തീരുമാനമെടുത്ത് മുന്നോട്ടുപോകുന്നത് സ്ത്രീപക്ഷം

 വ്യവസായ മേഖലയിലും സ്വകാര്യ മേഖലയിലും സ്ത്രീക്ക് തുല്യ പദവി നല്‍കുന്നത് സ്ത്രീപക്ഷം, പ്രസവ അവധി  നിഷേധിക്കുന്നതും കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവുമായി ബന്ധപ്പെട്ട്  അവധി നിഷേധിക്കുന്നതും പ്രൊമോഷന്‍ തടയുന്നതും സ്ത്രീവിരുദ്ധത, പരമാവധി പ്രോത്സാഹനം നല്‍കി ഉന്നത പദവികളിലേക്ക് എത്തിക്കുന്നത് സ്ത്രീപക്ഷം

 പോലീസിലും സേനയിലും തുല്യപദവിയും ആദരവും ബഹുമാനവും നല്‍കുന്നത് സ്ത്രീപക്ഷം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ മോശമായ പെരുമാറ്റം സ്ത്രീവിരുദ്ധത
 
 രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ തുല്യത നല്‍കുന്നതും ഉന്നതസ്ഥാനങ്ങളിലേക്ക് പാരമ്പര്യത്തിന്റെ പേരിലല്ലാതെ കഴിവിന്റെ പേരില്‍ വനിതകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതും സ്ത്രീപക്ഷം, ചൂഷണവും അടിച്ചമര്‍ത്തലും സ്ത്രീവിരുദ്ധത

 കലാ-സാഹിത്യ -സിനിമ മേഖലകളില്‍ അര്‍ഹമായ അംഗീകാരം നല്‍കുന്നത് സ്ത്രീപക്ഷം, ചൂഷണവിധേയരാക്കുകയും അതിന് പകരമായി സഹായിക്കുകയും ചെയ്യുന്നത് സ്ത്രീവിരുദ്ധത

ഇനിയുമുണ്ടാകും പറയാന്‍ ഏറെ !!!  

No comments:

Post a Comment