Wednesday 9 March 2022

If our law and justice act well, criminals can be put behind the bar

 


 ഈ വിധികള്‍ പ്രതീക്ഷ നല്‍കുന്നു

 2022 മാര്‍ച്ച് എട്ടിന് തമിഴ്‌നാട്ടിലും കേരളത്തിലും ഉണ്ടായ രണ്ട് കോടതി വിധികള്‍ നമ്മുടെ നിയമ സംവിധാനത്തിലും ജനാധിപത്യത്തിലും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. അതിക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ പ്രതികള്‍ക്ക്  മരണശിക്ഷ വിധിച്ചു എന്നതാണ് പ്രധാനം. തമിഴ്‌നാട്ടില്‍ ജാതിയിലെ ഉച്ചനീചത്വങ്ങളാണ് കൊലയ്ക്ക് കാരണമായതെങ്കില്‍ കേരളത്തില്‍ സമാധാനപൂര്‍വ്വം ജീവിച്ചുവന്ന വൃദ്ധ ദമ്പതികളെ സ്വത്ത് മോഹിച്ച് കൊലപ്പെടുത്തിയതാണ് കേസ്.

 തമിഴ്‌നാട്ടില്‍ കൊല നടന്ന് ഏഴാം വര്‍ഷവും കേരളത്തില്‍ മൂന്നാം വര്‍ഷവും വിധി വന്നു എന്നതും നമ്മുടെ നാട്ടിലെ അനന്തമായി നീളുന്ന കേസ് വിചാരണയ്ക്കിടയില്‍ ആശ്വാസം പകരുന്ന ഒന്നായി.

 2015 ലാണ് ഗോകുല്‍രാജ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ നാമക്കലില്‍ കൊലപ്പെടുത്തിയത്. പട്ടികജാതിയില്‍ പെട്ട ഗോകുലിനെ നാമക്കല്‍ ജില്ലയിലെ പള്ളിപാളയത്ത് റയില്‍ ട്രാക്കില്‍ തല ഛേദിച്ചവിധമായിരുന്നു  കണ്ടെത്തിയത്. കുറച്ചുകൂടി ഉയര്‍ന്ന ജാതിയില്‍പെട്ട ഒരു പെണ്‍കുട്ടിക്കൊപ്പം ക്ഷേത്രസന്ദര്‍ശനം നടത്തി, ചാറ്റു ചെയ്തു എന്നിവയായിരുന്നു ഗോകുല്‍ ചെയ്ത തെറ്റുകള്‍. ധീരന്‍ ചിന്നമലൈ ഗൗണ്ടര്‍ പേരവൈ സ്ഥാപകന്‍ യുവരാജും മറ്റ് ഒന്‍പത് പേരും ചേര്‍ന്നാണ് അതിക്രൂരമായ കൊല നടത്തിയത്. എല്ലാവര്‍ക്കും മരണം വരെ ജീവപര്യന്തമാണ് പ്രത്യേക കോടതി വിധിച്ചത്. യുവരാജിന് മൂന്ന് ജീവപര്യന്തവും ആറ് പേര്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും. ഇന്ത്യന്‍ ശിക്ഷ നിയമത്തില്‍ പഴുതുകള്‍ ഏറെയുണ്ടെങ്കിലും ഈ വിധി ആശ്വാസകരം തന്നെ. നാമക്കല്‍ കോടതിയില്‍ വിശ്വാസമില്ല എന്ന ഗോകുല്‍രാജിന്റെ അമ്മയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയാണ് കേസ് പ്രത്യേക കോടതിക്ക് വിട്ടത്. സുപ്രിം കോടതിയും നേരത്തെ യുവരാജിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കെ ഈ കൊലപാതകത്തില്‍ ഞടുക്കം രേഖപ്പെടുത്തിയിരുന്നു.

 ഇനിയുള്ളത് ജയിലിലെ ജീവിതവും മേല്‍ക്കോടതിയുടെ വിധികളുമാണ്. ജയിലില്‍ ഒറ്റപ്പെട്ട ജീവിതവും പരോളില്ലാത്ത ജീവപര്യന്തവും ലഭിച്ചാലെ വിധി പൂര്‍ണ്ണമാണ് എന്നു പറയാന്‍ കഴിയൂ. ജയിലില്‍ ജോലി ചെയ്യുന്നവരും ജാതിയുടെ അഴുക്ക് വസ്ത്രം അണിഞ്ഞവരാണെങ്കില്‍ പ്രതികള്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കി നല്‍കും എന്നതില്‍ സംശയമില്ല. നീതി-ന്യായ നിര്‍വ്വഹണത്തില്‍ കടുത്ത രീതികള്‍ തന്നെ വന്നാലെ ഇത്തരം ക്രൂരതകള്‍ അവസാനിക്കൂ എന്നതില്‍ സംശയമില്ല.

 കേരളത്തില്‍ നടന്ന കൊലകളിലെ പ്രതികള്‍ ബംഗ്ലാദേശുകാരാണ്. നമ്മള്‍ അതിഥി തൊഴിലാളികള്‍ എന്ന് ലാളിത്യത്തോടെ വിളിക്കുന്ന അന്യ സംസ്ഥാനതൊഴിലാളികള്‍. ഇവര്‍ ബംഗാളില്‍ നിന്നോ ആസാമില്‍ നിന്നോ ആകും വരുക, പക്ഷെ ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് തൊഴിലെടുക്കാന്‍ വരുന്നവരാണ്. പ്രത്യേകിച്ച് ഒരു രേഖയുമില്ലാതെ സ്വതന്ത്രമായി ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാന്‍ കഴിയുന്നവര്‍. ഇതൊരുപക്ഷെ ഇന്ത്യയില്‍ മാത്രം കഴിയുന്ന ഒരു കാര്യമാണ്. 2019 നവംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  ചെങ്ങന്നൂരിനടുത്ത് വെണ്മണിയിലാണ് 75 കാരനായ ചെറിയാനും 68 കാരിയായ ലില്ലിക്കുട്ടിയും താമസിച്ചിരുന്നത്. അവിടെ ഒരാഴ്ച മുന്നെ കൂലിപ്പണി ചെയ്തപ്പോഴേ ഈ ദമ്പതികളുടെ സ്വര്‍ണ്ണവും പണവും നോട്ടമിട്ടവരാണ് ബംഗ്ലാദേശുകാരായ ലബഌ ഹുസൈനും ജുവല്‍ ഹുസൈനും. ലില്ലിക്കുട്ടിയെയും ചെറിയാനെയും അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസം രാത്രിയില്‍ ആന്ധ്രയില്‍ വച്ച് ട്രയിനില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ 45 പവന്‍ സ്വര്‍ണ്ണവും 17,000 രൂപയുമായി പിടികൂടുകയായിരുന്നു പോലീസ.

 നമ്മുടെ പോലീസിന്റെ മികവ് നമ്മള്‍ കാണാതിരുന്നുകൂടാ. ചിലര്‍ ക്രിമിനലുകളാണെങ്കിലും പോലീസിലെ ഭൂരിപക്ഷവും മിടുക്കരും സത്യസന്ധരുമാണ് എന്നത് അംഗീകരിക്കേണ്ട കാര്യമാണ്. മാവേലിക്കരയിലെ അഡീഷണല്‍ ജില്ല കോടതി ലബഌവിന് മരണശിക്ഷയും ഇരട്ട ജീവപര്യന്തവും വിധിച്ചു. ജുവലിന് മൂന്ന് ജീവപര്യന്തമാണ് ശിക്ഷ.

 ഇവിടെ ശ്രദ്ധേയമാകുന്ന ചില വിഷയങ്ങളുണ്ട്. അതിലൊന്ന് നമ്മള്‍ സ്വര്‍ണ്ണം പരസ്യമായി അണിഞ്ഞു നടക്കണമോ എന്നതാണ്. പലരേയും മരണത്തിലേക്ക് എത്തിക്കുന്നത് ഈ മഞ്ഞലോഹമാണ്. പണം കൈയ്യിലുണ്ടെങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് പോലെ വാങ്ങി വയ്ക്കാവുന്ന ഒരു ലോഹം എന്നതിനപ്പുറം സ്വര്‍ണ്ണത്തെ പ്രദര്‍ശന വസ്തുവാക്കുന്നത് ആപത്താണ്. പ്രത്യേകിച്ചും പ്രായമായ മനുഷ്യര്‍ മാത്രം താമസിക്കുന്ന വീടുകളില്‍. സ്വര്‍ണ്ണം വീട്ടില്‍ സൂക്ഷിക്കുന്നതും ആപത്താണ്. ലോക്കറില്‍തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.

 മറ്റൊന്ന് അന്യ സംസ്ഥാന തൊഴിലാളികളെ സംബ്ബന്ധിച്ചാണ്. ക്രിമിനല്‍ പശ്ഛാത്തലമുളളവരും ബംഗ്ലാദേശുകാരുമൊക്കെ നമ്മുടെ നാട്ടില്‍ യഥേഷ്ടം വിഹരിക്കുകയും പലതരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ കൈയ്യില്‍ ഇത് സംബ്ബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഒന്നും തന്നെയില്ല. ഈ രീതി മാറണം. നമ്മള്‍ ഒഡെപെക് , നോര്‍ക്ക പോലുള്ള ഏജന്‍സികള്‍ വഴി വിദേശത്തേക്ക് മലയാളികളെ അയയ്ക്കുന്നപോലെ നാട്ടില്‍ തൊഴിലെടുക്കാന്‍ വരുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും നിര്‍ബ്ബന്ധമായി ഒരു സ്ഥാപനത്തിന് കീഴില്‍ കൊണ്ടുവരണം. അവിടെ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമെ തൊഴിലെടുക്കാന്‍ അനുമതി നല്‍കാവൂ. അവരുടെ നാട്ടിലെ പോലീസ്, റവന്യൂ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ,ഉപജീവനത്തിനായി എത്തുന്നവരുടെ ജീവിത പശ്ഛാത്തലവും അറിയാനുള്ള ശ്രമം ആവശ്യമാണ്. ഒരു ചെറു തുക രജിസ്‌ട്രേഷനായി ഈടാക്കുകയും ചെയ്യാവുന്നതാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലെ നിരന്തരമുള്ള ഇന്‍സ്‌പെക്ഷനിലൂടെ രജിസ്‌ട്രേഷന്‍ കൃത്യമായി നടക്കുന്നു എന്നുറപ്പാക്കുകയും ചെയ്യാം. സാധാരണ തൊഴിലുകള്‍ ചെയ്യാന്‍ മലയാളിയെ ഇനി കിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് , ദീര്‍ഘവീഷണത്തോടെയുള്ള ഒരു സമീപനം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്. 👍

No comments:

Post a Comment