Monday, 21 March 2022

Dubai trip - Day 5

 

 
 ദുബായ് യാത്ര -അഞ്ചാം ദിവസം

 മാര്‍ച്ച് 17. ഇന്നലെയും വളരെ താമസിച്ചാണ് ഉറങ്ങിയത്. ഉച്ച കഴിഞ്ഞ് മരുഭൂമിയിലേക്ക് യാത്ര ഉള്ളതാണ്. അതിനാല്‍ പത്മാവതിയെയും അമ്മയെയും ഹോട്ടലിലാക്കി ഞാനും വിഷ്ണുവും കൂടി എക്‌സ്‌പോ ഗ്രൗണ്ടിലേക്ക് ഒരിക്കല്‍ കൂടി പോയി. നേരത്തെ പറഞ്ഞപോലെ ഒരു മണിക്കൂര്‍ യാത്രയുണ്ട്. മെട്രോയില്‍ തിരക്ക് കുറവായിരുന്നു. അല്‍-റിഗ മുതലുള്ള സ്‌റ്റേഷനുകളൊക്കെ ഇപ്പോള്‍ കേട്ടു പഴക്കം വന്നവയായി. ജപ്പാന്‍ പവിലിയന്‍ കാണണം എന്നതായിരുന്നു വിഷ്ണുവിന്റെ പ്രധാന താത്പ്പര്യം. മറ്റൊന്ന് അവിടത്തെ പ്രധാന ആകര്‍ഷണമായി മാറിയ വെള്ളച്ചാട്ടവും. ഞങ്ങള്‍ ഒന്‍പതരയ്‌ക്കെത്തിയെങ്കിലും ജപ്പാന്‍ പവിലിയനില്‍ അന്നത്തേക്കുള്ള സന്ദര്‍ശകരുടെ ബുക്കിംഗ് കഴിഞ്ഞിരുന്നു. രാവിലെ ഒന്‍പത് മണിക്കാണ് ബുക്കിംഗ്.അത് കഴിഞ്ഞാല്‍ പിന്നെ ക്യൂ സിസ്റ്റമില്ല. 30 പേര്‍ വീതം വരുന്ന ടീമിനെ അനുവദിച്ച ഓരോ മണിക്കൂറിലും പവിലിയനില്‍ കയറ്റി ഗൈഡിന്റെ സഹായത്തോടെ  ജപ്പാന്റെ പുരോഗതി മനസിലാക്കി കൊടുക്കുകയാണ്. ജപ്പാന്‍ കൈവിട്ടതോടെ ഞങ്ങള്‍ ഇറ്റലി പവിലിയനില്‍ എത്തി. അവിടെയും വലിയ ക്യൂ ആണ്. ഇറ്റലിക്കാരും അറബികളും കയറിയ ശേഷമെ പൊതുസമൂഹത്തിന് പ്രവേശനമുള്ളു. പവിലിയന്‍ പക്ഷെ നിരാശപ്പെടുത്തി. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ വിഘടിപ്പിച്ച് ഓക്‌സിജന്‍ നല്‍കുന്ന ഒരു സൂക്ഷ്മജീവിയെ കണ്ടെത്തി എന്നതാണ് പ്രധാന ഹൈലൈറ്റ്. പിന്നെ ചില ചിത്രങ്ങളും ശില്‍പ്പങ്ങളും സാംസ്‌ക്കാരിക പൈതൃകവുമൊക്കെ കാട്ടുന്നുണ്ട്. അവിടെനിന്നും ഇറങ്ങി ഇനി പവിലിയന്‍ നോക്കണ്ട എന്നു തീരുമാനിച്ച് വെള്ളച്ചാട്ടമുള്ള ഇടത്തേക്ക് പോയി. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരുടെ ആഹ്ലാദാരവം കേട്ടുകൊണ്ടാണ് ഞങ്ങള്‍ അവിടെ എത്തിയത്. ചൂടില്‍ നല്ല ആശ്വാസം പകരുന്ന ഇടം. വിശാലമായ ഒരു വൃത്തരൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. നടുക്കൊരു സ്തൂപവും ഉണ്ട്. മൂന്ന് കവാടങ്ങളിലൂടെ ആളുകള്‍ക്ക് പ്രവേശിക്കാം. ചെറിയ ഉരുളന്‍ കല്ലുകള്‍ക്ക് നിറമടിച്ചാണ് ചരിഞ്ഞ പ്രതലം ഉണ്ടാക്കിയിരിക്കുന്നത്. നല്ലൊരു വെള്ളച്ചാട്ടത്തിന്റെ ഫീല്‍ ലഭിക്കും. സംഗീതത്തിനൊപ്പം വെള്ളം മുകളില്‍ നിന്നും എടുത്തൊഴിക്കുംപോലെ വീഴുകയാണ്.അദ്യം മെല്ലെ, പിന്നെ വേഗത്തില്‍, പിന്നീട് അതിവേഗത്തില്‍. ഓരോ ഭിത്തിയിലും നാല് സോണുകളുണ്ട്. കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലൂടെയാണ് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നത്.ഈ വെള്ളം തിരികെ പോകുന്നതിനാല്‍ ആവിയാകുന്ന ജലം മാത്രമെ നഷ്ടപ്പെടുന്നുള്ളു.

 ബുര്‍ജ് ഖലീഫയിലെ ജലധാരാ സംവിധാനം തയ്യാറാക്കിയ WET എന്ന കമ്പനിയാണ് ഇതും ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ പരിശ്രമം ഇതിന് പിന്നിലുണ്ട്. ശരീരത്തിലോ തലയിലോ ജലം വീഴും എന്ന് പ്രതീക്ഷ നല്‍കുകയും എന്നാല്‍ അത് വീഴാതിരിക്കുകയും ചെയ്യുന്നിടത്താണ് ഇതിന്റെ മേന്മ. കാലില്‍ വന്നു തട്ടുന്ന ജലം മടങ്ങി പോകുന്നത് എങ്ങിനെ എന്നും മനസിലാവില്ല. സംഗീതത്തിനൊപ്പമാണ് ജലം താഴേക്ക് വരുക. രണ്ടു വട്ടം EMMY പുരസ്‌ക്കാരം നേടിയ Ramin Djawadi ആണ് സംഗീതം ചെയ്തിരിക്കുന്നത്.

 പന്ത്രണ്ടര ആയി. രണ്ടേ മുക്കാലിനും മൂന്നരയ്ക്കുമിടയില്‍  മരുഭൂമി സവാരിക്ക് വണ്ടി വരും. അന്‍സാണ് ബുക്കു ചെയ്തിരിക്കുന്നത്. 40 ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെ നിരക്കുണ്ട്. നൂറ് ദിര്‍ഹത്തിന്റെ പാക്കേജാണ് ഞങ്ങള്‍ക്കായി എടുത്തിട്ടുള്ളത്.അതിനാല്‍ എക്‌സ്‌പോ ഗ്രൗണ്ടില്‍ നിന്നും വേഗം മടങ്ങി.ഒരു സൈഡ് സീറ്റ് കിട്ടിയതിനാല്‍ നഗരം നന്നായി കണ്ടുള്ള യാത്രയായി അത്. ഹോട്ടലില്‍ എത്തിയപ്പോള്‍ പത്മയുടെ പരിഭവം ബോധ്യപ്പെട്ടു. അയാളെ കൊണ്ടുപോകാതിരുന്നതിലുള്ള പരിഭവം. തൊട്ടടുത്തുള്ള സാഫ്രണ്‍ റസ്റ്ററന്റില്‍ നിന്നും ഒരു താലി മീല്‍സും പനീര്‍ പൊറോട്ടയും ആലു പൊറോട്ടയും വാങ്ങി. കഴിച്ചപ്പോള്‍ കുറച്ചു ഹെവിയായി തോന്നി. നല്ല രുചിയുണ്ടായിരുന്നു. മൂന്ന് മണി കഴിഞ്ഞാണ് ബ്രൗണ്‍ കളര്‍ ഷെവര്‍ലെ വന്നത്. അതിന്റെ ഡ്രൈവര്‍ ഒരു ഇറാനിയായിരുന്നു. വണ്ടിയില്‍ മൂന്ന് നൈജീരിയന്‍ പെണ്‍കുട്ടികളുമുണ്ട്. ഞാനും വിഷ്ണുവും പിറകില്‍ കയറി. ശ്രീക്കുട്ടിയും പത്മയും മിഡില്‍ സീറ്റിലും. ഡ്രൈവര്‍ക്കൊപ്പം മുന്നിലും ശ്രീക്കുട്ടിക്കൊപ്പവും നൈജീരിയക്കാര്‍.ഡ്രൈവര്‍ സംസാരപ്രിയനാണ്. അയാള്‍ നൈജീരിയക്കാരെ ഇംപ്രസ് ചെയ്യിക്കാനായി പഴയ കഥകളും ചിത്രങ്ങളുമൊക്കെ കാണിക്കുകയാണ്. വണ്ടി ഓടിക്കുന്നതിനിടയിലാണ് ഈ സാഹസമൊക്കെ. മരുഭൂമിയില്‍ ഡ്യൂണ്‍ ബാഷ് ചെയ്ത കാലം വണ്ടി കുത്തനെ നിര്‍ത്തിയിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത്. ഇപ്പോള്‍ മടുത്തു.അതുകൊണ്ട് മരുഭൂമി വരെ എത്തിയശേഷം മറ്റൊരു വണ്ടിയില്‍ മറ്റൊരാളാകും മണല്‍ക്കൂമ്പാരങ്ങളിലൂടെ വാഹനം ഓടിക്കുക എന്നൊക്കെ അയാള്‍ പറഞ്ഞു. ഇതിനിടെ നിരന്തരം അറബി ഭാഷയിലുള്ള ശബ്ദസന്ദേശങ്ങള്‍  വാട്ട്‌സ്ആപ്പില്‍ അയയ്ക്കുകയും മറുപടി നോക്കുകയും വീണ്ടും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. റോഡിലേക്ക് നോക്കുമ്പോള്‍ നമുക്കാണ് ഭയം. വാഹനങ്ങള്‍ നിരന്തരം പോവുകയല്ലെ. കുറേ ദൂരം പോയപ്പോള്‍ ഈന്തപ്പനകള്‍ മാത്രമുള്ള ഇടങ്ങള്‍ കണ്ടുതുടങ്ങി. ക്രമേണ അതും ഇല്ലാതായി. വണ്ടി ഒരു കടയുടെ മുന്നില്‍ നിര്‍ത്തി.

 മരുഭൂമിയിലേക്കു കടക്കും മുന്നെ ചായ,കോഫി,വെളളം എന്നിവയൊക്കെ കുടിക്കാനും ടോയ്‌ലറ്റില്‍ പോകാനുമൊക്കെയുള്ള ഇടമാണ്. കൂളിംഗ് ഗ്ലാസ്, മുഖം മറയ്ക്കാനുളള ടവ്വല്‍, അറബി വേഷം തുടങ്ങി പലതും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. കച്ചവടം നിയന്ത്രിക്കുന്നതും ഒരു മലയാളി ആണ്. അവിടെ അര മണിക്കൂറോളം തങ്ങി. വീണ്ടും യാത്ര തുടര്‍ന്നു. മരുഭൂമിയുടെ കാഴ്ചകള്‍ കണ്ടു തുടങ്ങി. ഒട്ടകങ്ങളും ചെറു ചെടികളുമല്ലാതെ ഒന്നുമില്ലാത്ത , ഉയര്‍ന്നും താണും കിടക്കുന്ന മരുഭൂമി. വാഹനം ഒരു മരത്തണലില്‍ നിര്‍ത്തി. അവിടെ നിന്നും ലാന്‍ഡ് ക്രൂയിസറിലേക്ക് മാറി. എല്ലാവരും സീറ്റ് ബല്‍റ്റ് ധരിച്ചു. വണ്ടി നീങ്ങിത്തുടങ്ങി. മെല്ലെ തുടങ്ങി വേഗം കൂട്ടി കൂട്ടി വലിയ കുഴികളും കുന്നുകളും താണ്ടി ഉലഞ്ഞുലഞ്ഞുളള യാത്ര. പത്മ അധികം ഭയന്നില്ല. നൈജീരിയന്‍ പെണ്‍കുട്ടികള്‍ വലിയ ഒച്ചയുണ്ടാക്കുകയും ഭയം മൂലം അടുത്തിരിക്കുന്നവരെ ബലമായി പിടിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ശ്രീക്കുട്ടിയുടെ കൈയ്യിലൊക്കെ കുറേസമയം അതിന്റെ പാട് കാണാനുണ്ടായിരുന്നു.

 ഒരു മണിക്കൂറോളം നീണ്ട ഡ്യൂണ്‍ ബാഷിംഗ്  കഴിഞ്ഞ് വണ്ടി നിരപ്പായ ഒരിടത്തെത്തി . കുറച്ചു സമയം അവിടെ ചിലവഴിച്ചു,ചിത്രങ്ങളെടുത്തു. സൂര്യന്‍ അസ്തമിക്കാറായി. പൊതുവെ ചൂട് കുറവായിരുന്നു. ഇപ്പോള്‍ തണുത്ത കാറ്റടിക്കാന്‍ തുടങ്ങി. മണ്‍ധൂളികള്‍ ചിത്രം വരയ്ക്കുന്ന മണലില്‍ എത്രനേരം ഇരുന്നാലും മുഷിയില്ല. അവിടെ നില്‍ക്കുമ്പോള്‍ അനേകം വാഹനങ്ങള്‍ ഇറങ്ങിയും കയറിയും വരുന്നത് കാണാം. പലയിടങ്ങളിലായാണ് രാത്രി ക്യാമ്പുകള്‍ ഉള്ളത്. അവിടെയെല്ലാം വാഹനങ്ങളുടെ വലിയ നിരകളും ഉണ്ട്. ഞങ്ങളും തുടര്‍യാത്രയില്‍ അത്തരമൊരു കേന്ദ്രത്തിലെത്തി. ടെന്റാണ് അവിടെ ഒരുക്കിയിരിക്കുന്നത്. നടുത്തളത്തില്‍ പെര്‍ഫോമന്‍സ് വേദി. ചുറ്റിലും കസേരകള്‍ ഇട്ടിട്ടുണ്ട്. അതിന് പുറമെ വിഐപി മേഖലയുമുണ്ട്. അവിടെ ഭക്ഷണം സര്‍വ്വു ചെയ്യാന്‍ ആളുണ്ട്. മറ്റുള്ളവര്‍ ഭക്ഷണപ്പുരയില്‍ പോയി ബുഫെ എടുത്തു വരണം. ഒട്ടകസവാരിയും പാക്കേജിന്റെ ഭാഗമായിരുന്നെങ്കിലും അത് ചെയ്തില്ല. ബാറും സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കളും ഉള്‍പ്പെടെ വില്‍പ്പന കേന്ദ്രങ്ങളുമുണ്ട് ഇവിടെ. മണല്‍ക്കൂനയില്‍ ഒരൂഞ്ഞാലും ഒരുക്കിയിരിക്കുന്നു. മരുഭൂമില്‍ ഇത്തരമൊരു സൗകര്യം ഒരു പ്രത്യകത തന്നെയാണ്. ജയ്‌സാല്‍മീറിലെ മരുഭൂമിയില്‍ ഒരു രാത്രി തങ്ങിയത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു.

 സൂര്യാസ്തമനം നോക്കി കുറച്ചു സമയം മരുഭൂമിയില്‍ ഇരുന്നു. പത്മ മണ്ണ് വാരികളിച്ചു. മുഖമൊക്കെ മൂടി, കൂളിംഗ് ഗ്ലാസും വച്ചിരുന്നു. എങ്കിലും മൂക്കിലേക്ക് പൊടി കയറാം. തണുപ്പ് കൂടി വരുകയാണ്. മരുഭൂമി പകലില്‍ വെന്തുരുകും പോലെ രാത്രിയില്‍ നന്നായി തണുക്കുകയും ചെയ്യും. തണുത്ത കാറ്റില്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. ഞങ്ങള്‍ ടെന്റിലേക്ക് മടങ്ങി. അവിടെനിന്നും ചായയും പക്കോടയും കഴിച്ചു. ചായ ഒഴിച്ചു തന്നതും ഒരു മലയാളി. ആദ്യം പാന്റ്‌സും ഷര്‍ട്ടും ധരിച്ചുനിന്ന അയാള്‍ പ്രോഗ്രാം തുടങ്ങാറായപ്പോള്‍ അറബിവേഷത്തിലാണ് എത്തിയത്. സംഗീതത്തിനൊപ്പം ഒരു കലാകാരന്‍ മനോഹരമായ നൃത്തം അവതരിപ്പിച്ചു. തുടര്‍ന്ന് ബല്ലി ഡാന്‍സുമായെത്തിയത് ഒരു ലബനന്‍ സ്ത്രീ ആണെന്നു തോന്നുന്നു. പതിനഞ്ചു മിനിട്ടോളം ഡാന്‍സ് നീണ്ടു. നിത്യവും ഏകദേശം ഒരേ രീതിയില്‍ അഭ്യാസങ്ങള്‍ നടത്തുന്ന സര്‍ക്കസ് കലാകാരന്മാരുടെ അവസ്ഥയാണ് ഇവിടെ ഉള്ളവര്‍ക്കെന്നു തോന്നി. ഭക്ഷണത്തിനുളള സമയമായി. എല്ലാവരും ബുഫേ എടുക്കാനായി ഒത്തുചേര്‍ന്നു. ഫ്രൈഡ് റൈസും കുബൂസും പനീര്‍ കറിയും തുടങ്ങി കുറേ വെജിറ്റേറിയന്‍ ഇനങ്ങളും ചിക്കനും ബീഫും ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. കുറച്ചൊക്കെ കഴിച്ചു. രുചികരം തന്നെ. പ്രത്യേകിച്ചും കനലില്‍ ചുട്ട നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം. മെഹന്തി ഇടുന്നതും പാക്കേജിന്റെ ഭാഗമാണ്. ശ്രീക്കുട്ടിയും പത്മയും ഒരു കൈയ്യില്‍ കുറച്ചു മെഹന്തി ഇട്ടു.

ഇനിയും കലാപരിപാടികള്‍ ബാക്കി. തീപ്പന്തങ്ങള്‍ കൊണ്ടുള്ള കസര്‍ത്തുകളാണ് തുടര്‍ന്നു കണ്ടത്. നല്ല മെയ് വഴക്കവും ടൈം മാനേജ്‌മെന്റുമില്ലെങ്കില്‍ തീപ്പൊള്ളല്‍ ഉറപ്പാകുന്ന പരിപാടി. 2018 ലായിരുന്നു ഞാന്‍ ദുബായില്‍ ആദ്യമായി വന്നത്. അന്ന് കണ്ടതിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ഇന്നത്തെ പെര്‍ഫോമന്‍സും. ഒരു പക്ഷെ ആളുകള്‍ മാറിയിട്ടുണ്ടാകും എന്നു മാത്രം. പരിപാടി തീരും മുന്നെ ഇറങ്ങണേ എന്ന് ഡ്രൈവര്‍ അഭ്യര്‍ത്ഥിച്ചു. ഞങ്ങളെ വിട്ടശേഷം മറ്റൊരു ക്ലൈന്റിനെ കൂടി അയാള്‍ക്ക് തിരികെ കൊണ്ടു പോകാനുണ്ട്. ഞങ്ങളും പോകാന്‍ തയ്യാറായിരിക്കയായിരുന്നു. പൂര്‍ണ്ണ ചന്ദ്രന്‍ തെളിച്ചിട്ട പ്രകാശമാണ് മരുഭൂമിയില്‍ എവിടെയും. മണ്ണ് സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. ഞങ്ങള്‍ അതിര്‍ത്തിയില്‍ എത്തിയപ്പോഴും ഞങ്ങളുടെ ഇറാനി ഡ്രൈവര്‍ എത്തിയിട്ടില്ല. അയാള്‍ വരാന്‍ 10 മിനിട്ടെടുത്തു. ഈ സമയം പത്മ നൈജീരിയക്കാരുമായി ചങ്ങാത്തം കൂടി. അവരുടെ പേരൊക്കെ ചോദിച്ചു. മാമ്മി, സൂസി, ജോയ്‌സ് ,അവര്‍ ദുബായ് കാണാന്‍ വന്നതാണ്. തിങ്കളാഴ്ച തിരികെ പോകും എന്നു പറഞ്ഞു. ഇറാനി പഴയ പടി ഫോണില്‍തന്നെയായിരുന്നു. ഞങ്ങള്‍ ഹോട്ടലില്‍ നേരത്തെ എത്തി. ഒന്‍പതര . യാത്രാക്ഷീണം കാരണം നേരത്തെ കിടന്നു. ഉറക്കത്തിലും മരുക്കാഴ്ചകള്‍ മനസില്‍ തെളിഞ്ഞുനിന്നു.








No comments:

Post a Comment