സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യനയം സ്വഗതാര്‍ഹം
പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി 15.05.2018 ല്‍ മുന്നോട്ടുവച്ച പല നിര്‍ദ്ദേശങ്ങളും ഇതിലൂടെ നടപ്പിലായിരിക്കുന്നു. ഇതില്‍ സംഘടനയ്ക്ക് അതിയായ സന്തോഷമുണ്ട്. സംഘടന നല്‍കിയ പ്രൊപ്പോസല്‍ ചുവടെ ചേര്‍ക്കുന്നു.
ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി സമക്ഷം പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി (PEBS) സമര്‍പ്പിക്കുന്ന പ്രൊപ്പോസല്‍
സര്‍,
കേരള സംസ്ഥാനത്തിന്‍റെ
മദ്യനയത്തെകുറിച്ച് പലവിധ ചര്‍ച്ചകള്‍
നടക്കുന്ന കാലമാണല്ലൊ ഇത്. മദ്യം ക്ഷേത്രാചാരങ്ങളുടെ ഭാഗമായിപോലും വര്‍ഷങ്ങള്‍ക്ക്
മുന്‍പെ അംഗീകരിച്ചിട്ടുള്ള ഒരു സമൂഹമാണ് കേരളത്തിലുള്ളത്.നൂറ്റാണ്ടുകള്‍
ഇതിനായി ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
1. സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള കള്ളുഷാപ്പുകളുടെ ശോച്യാവസ്ഥ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്.ഗ്രാമത്തിലെ വയോലോരങ്ങളുടെ അരികില്‍ താത്ക്കാലിക ഷെഡുകളിലാണ് മിക്കവാറും ഷാപ്പുകളും പ്രവര്‍ത്തിക്കുന്നത്. ഇവിടെ കള്ള് സൂക്ഷിക്കുന്നതും ഭക്ഷണമുണ്ടാക്കുന്നതും തീരെ ശുചിത്വമില്ലാതെയാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിക്കുകയാണെങ്കില്‍ ഏതാണ്ടെല്ലാ ഷാപ്പുകളും അടച്ചുപൂട്ടേണ്ടി വരും എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് മാറണം. കള്ള് നമ്മുടെ പരമ്പരാഗത മദ്യവും ഗുണമേന്മയുള്ള മദ്യവുമാണ്. ഗോവന്‍ ഫെനി, ബീഹാറിലെ ഹാന്‍ഡിയ, നാഗാലാന്‍റിലെ സൂതോ, അരുണാചലിലെ അപോ, സിക്കിമിലെ സോംഗ് ബാ എന്നിങ്ങനെ വിശേഷപ്പെട്ട പരമ്പരാഗത മദ്യം പോലെ നമുക്ക് ഉയര്‍ത്തിക്കാട്ടാവുന്ന മദ്യമാണ് കള്ള്.അതുകൊണ്ടുതന്നെ കള്ള് മികച്ച സൌകര്യങ്ങളുള്ള ഷാപ്പുകളില്‍ ഷാപ്പുകറികളും ചേര്‍ത്ത് വില്‍ക്കാനുള്ള സംവിധാനമുണ്ടാക്കണം. കള്ളിന്‍റെയും ഭക്ഷണത്തിന്‍റെയും ഗുണമേന്മ സ്ഥിരമായി പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. അതുവഴി വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളെ ഉള്‍പ്പെടെ കള്ളുഷാപ്പുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. സര്‍ക്കാരിന് കൂടുതല്‍ വരുമാനമുണ്ടാകുന്നതിന് പുറമെ ചെത്ത്തെഴിലാളികള്‍ക്കും ഷാപ്പ് ജീവനക്കാര്‍ക്കും തെങ്ങ് കൃഷിക്കാര്‍ക്കും മികച്ച ജീവിതവും ഇതിലൂടെ ലഭിക്കും.
2. വ്യാജക്കള്ള് പൂര്‍ണ്ണമായും ഒഴിവാകുന്നതോടെ കള്ളിന്‍റെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്യുക സ്വാഭാവികം. ഈ സാഹചര്യത്തില്‍ സാധാരണക്കാരായ ഗ്രാമീണന് മദ്യം ലഭ്യമാക്കേണ്ടതും അനിവാര്യമാണ്.അതിനായി ഒരു പഞ്ചായത്തിന് ഒന്ന് എന്ന നിലയില്‍ വിദേശമദ്യഷാപ്പ് അനുവദിക്കേണ്ടത് അനിവാര്യമാണ്. ബിവറേജസ് കോര്‍പ്പറേഷന് ഇതിനുള്ള അനുമതി നല്‍കാവുന്നതാണ്. ശ്രീ. ഏ.കെ.ആന്‍റണിയുടെ കാലത്ത് മദ്യത്തിന് ഏര്‍പ്പെടുത്തിയ അസാധരണമായ നികുതി കുറച്ച് മറ്റ് സംസ്ഥനങ്ങളിലേതിന് തുല്യമാക്കാനും നടപടി സ്വീകരിക്കേണ്ടതുണ്ട്.
3.കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിലെ ഡിസ്റ്റിലറികള്‍ക്ക് കോടികള്‍ നല്‍കി മദ്യം വാങ്ങുന്ന നിലവിലുള്ള സംവിധാനത്തിന് പകരം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് പബ്ളിക് –പ്രൈവറ്റ് പങ്കാളിത്തത്തോടെ കേരളത്തില്‍ കൂടുതല്‍ ഡിസ്റ്റിലറികള്‍ ആരംഭിക്കണം. ഓരോ വര്‍ഷവും സീസണുകളില്‍ നമുക്ക് നഷ്ടമാകുന്ന കോടിക്കണക്കിന് രൂപയുടെ പഴങ്ങളും പച്ചക്കറികളും മറ്റ് ജൈവപദാര്‍ത്ഥങ്ങളും ആയുര്‍വ്വേദ മരുന്നുകളുടെ നിര്‍മ്മാണ അവശിഷ്ടങ്ങളും മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങു വര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ലോകനിലാവാരത്തിലുള്ള മദ്യങ്ങള്‍ നിര്‍മ്മിക്കാന്‍ കേരളത്തിന് കഴിയും. ഇതിനാവശ്യമായ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്
4.യഥാര്‍ത്ഥത്തില്‍ കേരളത്തിന് ആവശ്യം മദ്യവര്‍ജ്ജനമല്ല, മദ്യത്തിന്‍റെ അമിതോപഭോഗം കുറയ്ക്കുകാണ് വേണ്ടത്. മദ്യനിരോധനവും മദ്യവര്‍ജ്ജനവും മയക്കുമരുന്നിന്‍റെ വ്യാപകമായ ഉപയോഗം വര്‍ദ്ധിപ്പിക്കുകയേയുള്ളു. ഇപ്പോള്‍ തന്നെ കേരളത്തില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കയാണ്. ഇതിനുപിന്നില്‍ അതിശക്തമായ ആഗോളമാഫിയയാണുള്ളത്. മദ്യനിരോധനം ഈ ലോബിയെ സഹായിക്കുകയും യുവാക്കളെ ഒരിക്കലും തിരികെ വരാന്‍ കഴിയാത്തവിധം മയക്കുമരുന്നിന്‍റെ അടിമത്തത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. അവരെ മയക്കുമരുന്നുകാര്‍ക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കുകയാണ് വേണ്ടത്. മദ്യ ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് നാടിന്‍റെ ആവശ്യം. മദ്യം എങ്ങിനെ, ഏതളവില്‍ എപ്പോഴൊക്കെ ഉപയോഗിക്കാം, അധികമായാല്‍ അതുളവാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാം എന്നതിന് ക്ലാസ്സ് നല്‍കി മദ്യപരെ ബോധവത്ക്കരിക്കേണ്ടതുണ്ട്. അമിതമദ്യപാനത്തിന്‍റെ ദോഷവശങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യ- സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വീടുകളിലും സമൂഹത്തിലും പ്രശ്നകാരികളായിമാറുന്ന മദ്യപാനികളെ ചികിത്സ ഉള്‍പ്പെടെയുള്ള കൌണ്‍സിലിംഗ് നല്‍കുന്നതിന് പ്രദേശത്തെ റസിഡന്‍സ് അസ്സോസിയേഷന്‍ പ്രതിനിധികള്‍,രാഷ്ട്രീയ- സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശിക സമിതികള്‍ ഉണ്ടാക്കണം.അവര്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമാക്കണം.
ഇത്തരത്തില്‍ മാന്യമായ ഒരു മദ്യസംസ്ക്കാരവും മദ്യനയവും നടപ്പിലാക്കാന്‍ ബഹു. മന്ത്രി മുന്‍കൈ എടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ ,
വി.ആര്‍.അജിത് കുമാര്‍
പ്രസിഡന്‍റ്
--
No comments:
Post a Comment