Sunday 20 March 2022

Dubai trip - Day 4

 

ദുബായ് യാത്ര-നാലാം ദിനം 

മാര്ച്ച് 16. രാവിലെ സനീഷ് എത്തി. ദുബായ് നഗരത്തിലൂടെ ഒരു യാത്രയായിരുന്നു തുടക്കം. കരാമയിലെ ആരാമം ഹോട്ടലില് നിന്നും ഇടിയപ്പവും കുറുമയും ചിക്കനുമൊക്കെ കഴിച്ചായിരുന്നു യാത്ര. ഒടുവില് എത്തിയത് ബീച്ചുകളുടെ ലോകത്താണ്. ഇത്രയേറെ ബീച്ചുകള്, അതും തിരകളില്ലാത്ത നിശ്ചലമായ ബീച്ചുകള് മുന്പ് ഞാന് കണ്ടിട്ടില്ല. ആന്ഡമാനിലെ ബീച്ചുകള് പലതും ഇത്തരത്തിലാണ് എന്നോര്ക്കുന്നു. ഞങ്ങള് കൈറ്റ് സര്ഫിംഗ് ബീച്ചില് എത്തുമ്പോള് അവിടെ സ്ത്രീകളും പുരുഷന്മാരുമായി നൂറുകണക്കിന് വെള്ളക്കാര് വെയില് കായുന്നുണ്ടായിരുന്നു. കുടകളും കിടക്കാനുള്ള കസേരയുമായി കുറേപ്പേര്. അ തിന് വലിയ ചാര്ജ് നല്കണം. അതിനിപ്പുറം സാധാരണ ബീച്ചും. ഇവിടെ ഇരുചക്രവാഹനങ്ങള് അനുവദിച്ചിട്ടില്ല. നിയമം ലംഘിക്കുന്നവര്ക്ക് 300 ദിര്ഹം പിഴയാണ്. വെള്ളക്കാര് മാത്രം വരുന്ന ബീച്ചുകള് ദുബായില് പ്രത്യേകിച്ചും ജുമേറ, അറ്റ്‌ലാന്റിസ് ഭാഗത്തുണ്ട് എന്ന് സനീഷ് പറഞ്ഞു. ഈ ബീച്ച് പ്രസിദ്ധമായ ബുര്ജ് അല് - അരബിന് 2 കിലോമീറ്റര് അടുത്താണ്. ബുര്ജ് അല് അരബ് ബുര്ജ് ഖലീഫ വരും മുന്പ് പ്രധാന ആകര്ഷണ കേന്ദ്രമായിരുന്നു. ഇപ്പോള് പ്രതാപം കുറച്ചു നഷ്ടപ്പെട്ട നിലയിലാണ്. ബീച്ചില് നിന്നും ഞങ്ങള് സൂക്ക് മദീനത്ത് ജുമേരയിലേക്ക് പോയി. ബുര്ജ്-അല് അരബിന് സമീപമായി ഒരു തോടിനോട് ചേര്ന്നാണ് പൗരാണികത സ്ഫുരിക്കുന്ന നിറത്തില് തയ്യാറാക്കിയിട്ടുള്ള ഈ വ്യാപാര കേന്ദ്രം. ഇവിടെയും അധികവും വെള്ളക്കാരാണ് വരുന്നത്. കുറേ ഹോട്ടലുകളും ഹാന്ഡിക്രഫ്റ്റ്‌സും ആഭരണങ്ങളും വസ്ത്രങ്ങളും പരമ്പരാഗത ഉപകരണങ്ങളുമൊക്കെ വില്ക്കുന്ന കടകളാണ് ഇവിടെ ഉള്ളത്. സാംസ്‌ക്കാരിക പരിപാടികളും സായാഹ്നത്തില് ഇവിടെ നടക്കാറുണ്ട്. കടല് നികത്തി ദ്വീപുണ്ടാക്കി അവിടെയാണ് ബുര്ജ്-അല് അരബ് ഹോട്ടല് നിര്മ്മിച്ചിട്ടുള്ളത്. മദീനത്തില് നിന്നും ബുര്ജ്-അല് അരബിലേക്ക് ബോട്ട സര്വ്വീസുമുണ്ട്. എത്ര സമയം ചിലവഴിച്ചാലും മുഷിവ് തോന്നാത്ത ഇടമാണിത്.
ഇവിടെ നിന്നും അറ്റ്‌ലാന്റിസ് ഹോട്ടല്, പാം ജുമൈറ എന്നിവിടങ്ങളിലേക്ക് പോയി. ഹോട്ടലില് കയറാന് കഴിഞ്ഞില്ല. പാര്ക്കിംഗ് കിട്ടിയില്ല. പാം ജൂമൈറ കടല് നികത്തി തയ്യാറാക്കിയതാണ്. ഓരോ കെട്ടിട ശ്രുംഖലയും ഒരു പനയോല പോലെ തോന്നും. അവിടെ നിന്നും മടങ്ങും വഴി ഇന്ത്യക്കാര് തിങ്ങിപാര്ക്കുന്ന ഗാര്ഡന് എന്ന ഹൗസിംഗ് കോളനി സന്ദര്ശിച്ചു.ആലും വേപ്പുമുള്പ്പെടെ മരങ്ങള് വച്ചുപിടിപ്പിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഇവിടം. പുരന് മാള് റസ്റ്ററന്റില് നിന്നും ഉച്ച ഭക്ഷണം കഴിച്ചു. നല്ല താലി മീല്സായിരുന്നു. അവിടെ നിന്നും പോയത് മിറക്കിള് ഗാര്ഡനിലേക്കാണ്. 2013 ല് ആരംഭിച്ച മിറക്കിള് ഗാര്ഡന് 72,000 സ്‌ക്വയര് മീറ്റര് വലുപ്പത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. അവിടെ 150 ദശലക്ഷം പൂക്കളും 250 ദശലക്ഷം ചെടികളുമുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. എമിറേറ്റ്‌സിന്റെ ഉപയോഗശൂന്യമായ ഒരു എയര്ബസ് 380 ചെടികളാല് അലങ്കരിച്ച് നിര്ത്തിയിട്ടുണ്ട് ഇവിടെ. പുറമെ , മിക്കി മൗസ്, ഹില് ടോപ്പ്, കുതിര,ഒട്ടകം തുടങ്ങി രസകരമായ അനേകം രൂപങ്ങള് ,അംബ്രല്ല ടണല്, ലേക്ക് പാലസ്, ഫുഡ് കോര്ട്ട് എന്നിവയാല് ആകര്ഷകമാണ് ഇവിടം. മരുഭൂമിയില് ഇത്തരം അത്ഭുതങ്ങള് കാട്ടുന്നത് അഭിനന്ദനം അര്ഹിക്കുന്നു. ഒക്ടോബര് മുതല് ഏപ്രില് വരെയാണ് ഇത് തുറന്നു പ്രവര്ത്തിക്കുന്നത്. ദുബായ് മിനിസിപ്പാലിറ്റിയില് നിന്നുള്ള വെള്ളം റീ സൈക്കിള് ചെയ്ത് ഡ്രിപ്പ് ഇറിഗേഷന് വഴിയാണ് പൂന്തോട്ടം നനയ്ക്കുന്നത്്. ഓരോ സ്ഥലത്തും ചെടികളിലും പൂക്കളിലും തൊടാതിരിക്കാനും തടാകത്തില് ഇറങ്ങാതിരിക്കാനുമൊക്കെ പ്രത്യേക ശ്രദ്ധയോടെ ജീവനക്കാര് നില്പ്പുണ്ട്. ഇരുപത് ദിര്ഹമാണ് ഇവിടെ കയറാനുള്ള ഫീസ്. ടിക്കറ്റ് കൗണ്ടര് ടാറ്റയുടെ ഒരു പഴയ ബസ് റീ ഡൈസൈന് ചെയ്തതാണ്. ഇതിനടുത്തായി ഒരു ബട്ടര്ഫ്‌ളൈ പാര്ക്കുമുണ്ട്. അത് കാണാന് സമയം കിട്ടിയില്ല.
മിറക്കിള് ഗാര്ഡനില് നിന്നും ഞങ്ങള് ഗ്ലോബല് വില്ലേജിലേക്കാണ് പോയത്. ലോകത്തിലെ 90 രാജ്യങ്ങളുടെ സാസ്‌ക്കാരിക -വാണിജ്യ ഇടമാണ് ഗ്ലോബല് വില്ലേജ്. 1997 ല് ചെറിയ തോതില് ആരംഭിച്ച വില്ലേജ് ഇപ്പോള് വിശാലമായ ഒരു പ്രദേശം മുഴുവനും വ്യാപിച്ചു കിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌ക്കാരിക-വ്യാപാര കേന്ദ്രം എന്ന ഖ്യാതി ഇപ്പോള് ഗ്ലോബല് വില്ലേജിനാണ് ഉളളത്. ഒക്ടോബര് മുതല് ഏപ്രില് പകുതി വരെയാണ് ഇത് പ്രവര്ത്തിക്കുന്നത്. ഓരോ വര്ഷവും 50 ലക്ഷത്തോളം ആളുകളാണ് ഇവിടം സന്ദര്ശിക്കുന്നത്. 1,72,00,000 ചതുരശ്ര അടി സ്ഥലത്തായാണ് വില്ലേജ് നില്ക്കുന്നത്. 18,300 വാഹനങ്ങള്ക്ക് പാര്ക്ക് ചെയ്യാന് സൗകര്യമുണ്ട്. അറബികളുടെ പ്രധാന വിനോദ കേന്ദ്രമായി ഗ്ലോബല് വില്ലേജ് മാറിയിട്ടുണ്ട്. ഞങ്ങള് ഇന്ത്യ പവിലിയന് ഉള്പ്പെടെ അനേകം പവിലിയനുകള് കണ്ടു.വൈകിട്ട് 4 മുതല് രാത്രി 12 വരെയാണ് ഇത് പ്രവര്ത്തിക്കുന്നത്. ഇവിടെ എത്തിപ്പെടുന്നവര് രാവേറെ ചെല്ലുംവരെ ഇവിടെ നിന്നു പോകില്ല എന്നതാണ് പ്രത്യേകത. റഷ്യന്, നൈജീരിയന് തുടങ്ങി അനേകം സാംസ്‌ക്കാരിക പരിപാടികളും ഞങ്ങള് വീക്ഷിച്ചു. വിവിധ രാജ്യങ്ങളിലെ വൈവിധ്യപൂര്ണ്ണമായ വസ്തുക്കള് വാങ്ങാനുളള അവസരം കൂടിയാണ് ഈ വില്ലേജ് നല്കുന്നത്. ഫുഡ് കോര്ട്ടുകളാല് സജീവമാണ് ഈ വില്ലേജ്. ഞങ്ങള് മട്ക ചായയും വടയും കഴിച്ചു.മട്ക ചായ തയ്യാറാക്കുന്നത് കാണാന് രസമാണ്. ഒരു ചെറിയ മണ്കുടം തീച്ചൂളയില് ചൂടാക്കും .അതിലേക്ക് നാലഞ്ചു ചായ ഒന്നിച്ചൊഴിക്കും. അപ്പോഴത് പതഞ്ഞു പൊങ്ങും. പിന്നീടാണ് തണുത്ത മണ്കുടങ്ങളിലേക്കൊഴിച്ച് നമുക്ക് നല്കുന്നത്. 15 ദിര്ഹമാണ് ഗ്ലോബല് വില്ലേജിലേക്കുള്ള പ്രവേശന ഫീസ്.പണം നല്കേണ്ട പാര്ക്കിംഗും നല്കേണ്ടതില്ലാത്ത പാര്ക്കിംഗുമുണ്ട്. പണം നല്കിയാല് വേഗം വില്ലേജിലെത്താം, അല്ലെങ്കില് ഒരു കിലോമീറ്റര് നടക്കണം. വലിയ ഒരനുഭവം തന്നെയായിരുന്നു ഗ്ലോബല് വില്ലേജ് എന്നു പറയാം. ഏകദേശം പന്ത്രണ്ട് മണിക്കാണ് ഞങ്ങള് അവിടെ നിന്നും മടങ്ങിയത്🎉









No comments:

Post a Comment