ദുബായ് യാത്ര - ആറാം ദിനം
മാര്‍ച്ച് 18 - ഇന്ന് ദുബായ് യാത്ര അവസാനിക്കുകയാണ്.രാവിലെ പതിവ്‌പോലെ Tely cafe-ല്‍ നിന്നും ചായയൊക്കെ കുടിച്ച് എറണാകുളംകാരന്‍ ഇര്‍ഫാനോട് യാത്രയൊക്കെ പറഞ്ഞു. ഇത്ര വേഗം പോവുകയാണോ എന്ന് ഇര്‍ഫാന്റെ പരിഭവം. യുറേക്ക ഹോട്ടലില്‍ നിന്നും ബാഗേജുമെടുത്ത് ഇറങ്ങി. സനീഷിന്റെ ഒപ്പമാണ് അവിടെ വന്നത്. സനീഷിനൊപ്പം തന്നെ ഇറങ്ങി. യുറേക്ക ഹോട്ടലിനടുത്താണ് ക്ലോക്ക് ടവര്‍ എങ്കിലും ഞങ്ങള്‍ ഇതുവരെയും അവിടെ പോയിരുന്നില്ല. നമ്മുടെ ക്ലോക്ക് ടവറുകള്‍ പൊതുവെ പാറയില്‍ നിര്‍മ്മിച്ച, 100 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. ഇവിടെ ആധുനികമായ ക്ലോക്ക് ടവറാണ്.ഒരു ഫൗണ്ടനുമുണ്ട്. വണ്ടിയില്‍ ഇരുന്നു തന്നെ ടവറിന്റെ ചിത്രമെടുത്തു. യാത്ര ഷാര്‍ജയിലേക്കാണ്. അവിടെയാണ് സനീഷ് താമസിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ 7 എമിറേറ്റുകളില്‍ ഒന്നാണ് ഷാര്‍ജ.അബു ദാബിയാണ് തലസ്ഥാനം.വ്യവസായ കേന്ദ്രം ദുബായിയും. അജ്മന്‍,ഫുജൈറ,റാസ് അല്‍ ഖൈമ,ഉം അല്‍ ക്യുവെയിന്‍ എന്നിവയാണ് മറ്റ് എമിറേറ്റുകള്‍. ദുബായിലേതിനേക്കാള്‍ വികസനവും ജീവിതച്ചിലവും കുറഞ്ഞ ഇടമാണ് ഷാര്‍ജ. അതുകൊണ്ടുതന്നെ ദുബായില്‍ പണിയെടുക്കുന്ന ധാരാളം ആളുകള്‍ താമസിക്കുന്നത് ഷാര്‍ജയിലാണ്. രാവിലെയും വൈകിട്ടും ദുബായില്‍ പണിയെടുക്കുന്നവരുടെ വാഹനങ്ങളുടെ നീണ്ട നിരയാകും ഷാര്‍ജയില്‍ എവിടെയും.
സനീഷ് നേരത്തെ ജോലി ചെയ്തിരുന്നത് ദുബായിലായിരുന്നു. ഇപ്പോള്‍ ഓഫീസ് ഷാര്‍ജയിലേക്ക് മാറി. ദുബായ് പോലെ അല്ലെങ്കിലും വികസിതമായ ഇടമാണ് ഷാര്‍ജ. വലിയ കെട്ടിടങ്ങളും മനോഹരമായ റോഡുകളും ജംഗ്ഷനുകളുമൊക്കെയുണ്ട്. സനീഷിന്റെ വീട്ടിലെത്തി, പുട്ടും പപ്പടവുമൊക്കെ കഴിച്ചിട്ടാണ് നഗരം ചുറ്റാനിറങ്ങിയത്. അങ്ങിനെ പോകവെ ഷാര്‍ജ ഫോര്‍ട്ട് എന്നു കണ്ട് അവിടെ കയറി. രണ്ട് നില കെട്ടിടമാണ്. പരമ്പരാഗത രീതിയില്‍ പാറയും കോറലും ചേര്‍ത്താണ് നിര്‍മ്മാണം. 1820 ല്‍ നിര്‍മ്മിച്ച കോട്ട ക്രമേണ നശിച്ചുപോയിരുന്നു. അതിനെ പുന:സൃഷ്ടിച്ചിരിക്കയാണ് ഇപ്പോള്‍.20 വര്‍ഷത്തെ ശ്രമമുണ്ട് അതിന് പിന്നില്‍. കോട്ടയ്ക്ക് മുന്നിലായി ഒരു തൂണുണ്ട്. കുറ്റവാളികളെ ഇവിടെ കെട്ടിയിട്ട് പരസ്യമായി ചാട്ടവാറടി നല്‍കിയിരുന്നു. രണ്ട് പീരങ്കികളും മുന്‍വശത്തായി വച്ചിട്ടുണ്ട്. കോട്ടയ്ക്കുള്ളില്‍ പഴയ കാല രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ അവരുടെ വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന ഉപകരമങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ജയിലില്‍ ഒരാള്‍ തടങ്കലില്‍ കഴിയുന്നതും ശില്‍പ്പമായി തയ്യാറാക്കിയിരിട്ടുണ്ട്. അക്കാലത്തെ ആയുധങ്ങള്‍, രാജാവിന്റെ പ്രതിമ എന്നിവയും കാണാം. പ്രതിമകള്‍ മെഴുകില്‍ തീര്‍ത്തതാണെന്നു തോന്നുന്നു. ജീവനുണ്ടെന്നേ തോന്നൂ. നല്ല വൃത്തിയും വെടിപ്പുമുള്ള മുറികള്‍.അകത്തളങ്ങളും ശ്രദ്ധേയം. നടുത്തളത്തില്‍ ഒരു വില്‍പ്പന കേന്ദ്രവും പരമ്പരാഗത ഭക്ഷണം വില്‍ക്കുന്ന ശാലയുമുണ്ട്.
ഇന്ത്യയില്‍ ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ നോക്കി നടത്തുന്ന സ്ഥാപനങ്ങളില്‍ പലപ്പോഴും ചരിത്രം രേഖപ്പെടുത്തുക പോലുമില്ല. ഷാര്‍ജ വളരെ ചെറിയൊരു കോട്ട ഏത് വിധത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു എന്നത് കണ്ടുപഠിക്കേണ്ടതാണ്. അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ വെറുതെ നഗരം കണ്ടുകണ്ട് അജ്മാനില്‍ എത്തി. കുറേക്കൂടി ചെറിയ നഗരമാണ് അജ്മാന്‍. അവിടെയും ഒന്നു കറങ്ങി. ഷാര്‍ജയിലെ ലുലു മാളില്‍ നിന്നും കുറച്ചു പര്‍ച്ചേയ്‌സ് ഒക്കെ നടത്തി. സനീഷ്-ശാരിക ദമ്പതികളുടെ ഏക മകള്‍ ദേവ എന്ന കുഞ്ഞൂസിന്റെ ഒന്നാം പിറന്നാള്‍ കൂടിയാണ് ഇന്ന്. വീടാകെ ബലൂണുകളും ഒക്കെയായി അലങ്കരിച്ചിരിക്കയാണ്. വൈകിട്ട് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ എത്തി. അങ്ങിനെ കേക്ക് മുറിക്കലിലും ആഘോഷത്തിലും പങ്കാളികളാകാന്‍ കഴിഞ്ഞു. അതൊരു പ്രത്യേക അനുഭവമായി. തുടര്‍ന്ന് മെഗാമാളിന് സമീപമുളള കുര്‍കും റസ്റ്റാറന്റില്‍ ഭക്ഷണം. രുചികരവും കഴിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര ഭക്ഷണവും ബുഫേ ആയി ഒരുക്കിയിരുന്നു. സൂപ്പും ബീഫും ചിക്കനും പൊറോട്ടയും ചപ്പാത്തിയും ഫ്രൈഡ് റൈസും ഐസ്‌ക്രീമുമൊക്കെയാണ്. കുറേയൊക്കെ കഴിച്ചു. 19 ന് വെളുപ്പിന് 2.25 നാണ് ദുബായില്‍ നിന്നും ഫ്‌ളൈറ്റ്. പത്തുമണിക്ക് ഷാര്‍ജയില്‍ നിന്നും ഇറങ്ങി. അരമണിക്കൂര്‍ വേണ്ട എയര്‍പോര്‍ട്ടില്‍ എത്താന്‍. എങ്കിലും നേരത്തെ പുറപ്പെട്ടു. ഒരു പാകിസ്ഥാനി ആയിരുന്നു ഡ്രൈവര്‍. അയാള്‍ക്ക് വഴി അത്ര അറിയില്ല. ഗൂഗിളും വഴി തെറ്റിച്ചു. നേരത്തെ കുര്‍കുര്‍ റസ്റ്റാറന്റിലേക്ക് പോകുമ്പോള്‍ സനീഷിന്റെ ബന്ധു പറഞ്ഞത് അപ്പോള്‍ ഞാനോര്‍ത്തു, ഷാര്‍ജയില്‍ ഗൂഗിളിലെ വിശ്വസിച്ച് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന്. ഏതായാലും ഒരാളോട് ചോദിച്ച് വഴി മനസിലാക്കി എയര്‍പോര്‍ട്ടിലെത്തി. ചെക്കിന്‍ ചെയ്തു. ഡ്യൂട്ടി ഫ്രീ ഷോപ്പിലൊക്കെ കയറി കുറേ സമയം ചിലവഴിച്ചു. നാല് മണിക്കൂര്‍ യാത്ര. വിമാനത്തില്‍ ഏസി കുറവായിരുന്നത് പത്മയ്ക്ക് കുറച്ച് അസ്വസ്ഥതയുണ്ടാക്കി. ഇന്ത്യന്‍ സമയം രാവിലെ എട്ടുമണിക്ക് ഞങ്ങള്‍ മധുരയിലെത്തി. ടെമ്പിള്‍ സിറ്റി ഹോട്ടലില്‍ നിന്നും നല്ലൊരു ബ്രേക്ക് ഫാസ്റ്റും കഴിച്ച് പത്തരയോടെ തിരുനെല്‍വേലിയിലെത്തി. അങ്ങിനെ ശനിയാഴ്ച തുടങ്ങിയ യാത്ര മംഗളകരമായി അടുത്ത ശനിയാഴ്ചയില്‍ അവസാനിച്ചു.
No comments:
Post a Comment