Wednesday, 22 May 2019

Water worries


 Letter published in The Hindu, May 22, 2019

Water Worries

When we have enough water, the thought of water conservation is distant.(Editorial," Eye on the monsoon", may 21) But now, when we are staring at a crisis, we think of solutions that should have been worked upon earlier. It is time to set up new recharging wells and improve existing ones. Rain harvesting fails mainly because the operating part fails. It is important to entrust the operation and maintenance of rain harvesting on a long term basis to the agency which constructs the same. Drip irrigation also met with the same fate after installation and obtaining a subsidy . Operation and maintenance should also be made a condition before awarding the work. Judicious use of water is another major concern. Field awareness is crucial. The support of non-government organisations should be thought of.
V.R.Ajith kumar
Thiruvananthapuram

Tuesday, 21 May 2019

Firoz sha kotla Delhi


 ഫിറോസ് ഷാ കോട്‌ല

1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 5

  ' ശ്രീക്കുട്ടാ, ടിവിയില്‍ ക്രിക്കറ്റ് കളി കാണുമ്പോള്‍ ഫിറോസ് ഷാ കോട്‌ല മൈതാനത്തെ കുറിച്ച് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലൊ. ഫിറോസ് ഷാ കോട്‌ലയോട് ചേര്‍ന്നു കാണുന്ന മൈതാനമാണത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഐടിഒ ജംഗ്ഷനില്‍ നിന്നും ചുവപ്പുകോട്ടയിലേക്ക് പോകുന്നിടത്ത് വലതുവശത്തായാണ് കോട്‌ല', അച്ഛന്‍ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ശ്രീക്കുട്ടന് ആ സ്ഥലത്തെകുറിച്ച് ഏകദേശ ധാരണ കിട്ടി.

     വൈകുന്നേരത്താണ് ഞങ്ങള്‍ കോട്‌ല കാണാന്‍ പുറപ്പെട്ടത്.

' അച്ഛന്‍ പറഞ്ഞത് ശരി തന്നെ, ഐടിഒയില്‍ നല്ല തിരക്കുതന്നെ', ശ്രീക്കുട്ടന്‍ പറഞ്ഞു.

' വളരെ കാലം മുന്‍പ് കാടുപിടിച്ചു കിടന്ന സ്ഥലമാണിത്. പിന്നീട് ആദ്യം വന്നത് ഇന്‍കംടാക്‌സ് ഓഫീസാണ്. അതുകൊണ്ടാണ് ഐടിഒ ജംഗ്ഷന്‍ എന്നു പേരുവന്നത്. തുടര്‍ന്ന് അനേകം ഓഫീസുകള്‍ സ്ഥാപിക്കുകയും തിരക്കേറുകയും ചെയ്തു', അച്ഛന്‍ പറഞ്ഞു.

     സംസാരിച്ചിരിക്കെ ട്രാഫിക് സിഗ്നല്‍ കിട്ടി. വേഗം തന്നെ ഞങ്ങള്‍ കോട്‌ലയിലെത്തി.

     1351 മുതല്‍ 1388 വരെ ഹിന്ദുസ്ഥാന്‍ ഭരിച്ച പ്രസിദ്ധ തുഗ്ലക്ക് രാജാവായ ഫിറോസ് ഷായാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ആദ്യത്തെ തുഗ്ലക്ക് രാജാവായ ഗിയാസുദീനാണ് തുഗ്ലക്കാബാദ് സ്ഥാപിച്ചത്. രണ്ടാമന്‍ മുഹമ്മദ് ഷാ ബിജയ് മണ്ഡല്‍ സ്ഥാപിച്ചു. മുഹമ്മദ് ഷാ ക്രൂരനും വട്ടനുമായിരുന്നു. അയാള്‍ ഡല്‍ഹിയിലുണ്ടായിരുന്ന ജനങ്ങളെ ഡക്കാണിലെ ദൗലത്താബാദിലേക്ക് കൊണ്ടുപോവുകയും കഷ്ടപ്പെടുത്തുകയും ചെയ്തു. മുഹമ്മദ് ഷായുടെ അളിയനാണ് ഫിറോസ് ഷാ. മുഹമ്മദ് ഷായ്ക്കുശേഷം ഭരണമേറ്റ ഫിറോസ് പട്ടാളത്തെ തിരികെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് സ്വന്തം രാജ്യം സ്ഥാപിച്ചു.

    ജനനന്മ ലക്ഷ്യമാക്കിയാണ് ഫിറോസ് ഷാ പ്രവര്‍ത്തിച്ചത്. അദ്ദേഹം നല്ല അറിവും വിനയവുമുള്ള ആളായിരുന്നു. യുദ്ധങ്ങള്‍ക്ക് പണം ചിലവിടാതെ നാടിന്റെ പുരോഗതിക്കാണ് അദ്ദേഹം പണം ചിലവിട്ടത്. യമുനയില്‍ നിന്നും ജലം കൊണ്ടുവന്ന് കൃഷി നടത്താന്‍ കനാലുകള്‍ സ്ഥാപിച്ചതാണ് അദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും വലിയ വികസന പദ്ധതി.

     ഫിറോസ് ഷാ അധികാരമേല്‍ക്കുമ്പോള്‍ സിരി, വിജയ് മണ്ഡല്‍, കുത്തബിലെ കൊട്ടാരം എന്നിവയുണ്ടായിരുന്നെങ്കിലും യമുനയുടെ തീരത്ത് ഒരു കൊട്ടാരം പണിയാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങിനെയാണ് ഫിറോസ് ഷാ കോട്‌ലയുടെ നിര്‍മ്മാണം നടന്നത്. അതിന് ചുറ്റാകെ വളര്‍ന്ന പട്ടണത്തിന് ഫിറോസ്ഷാബാദെന്ന് പേരുമിട്ടു.

  അച്ഛന്‍ ചരിത്രം തുടരവെ ഞങ്ങള്‍ കോട്‌ലയുടെ ഗേറ്റിലെത്തി. ടിക്കറ്റെടുത്ത് അകത്തു കടന്നു.

  'നോക്കൂ മോനെ, ഇടതുവശം കാണുന്ന ഈ പുല്‍മേടാണ് കൊട്ടാരത്തിലെ പൊതുസ്ഥലം. വലതുവശത്തെ ഹാളുകളില്‍ രാജാവ് ജനങ്ങളെ കാണാന്‍ വന്നിരിക്കുമായിരുന്നു. ചുവപ്പുകോട്ടപോലെ മനോഹരമല്ല കോട്‌ല എങ്കിലും ചരിത്രപരമായ പ്രാധാന്യം കുറച്ചു കാണാന്‍ കഴിയില്ല', അച്ഛന്‍ പറഞ്ഞു.

    ഞങ്ങള്‍ മുന്നോട്ടു നടന്ന് നടുക്കായി കാണുന്ന കെട്ടിടത്തിലേക്ക് കടന്നു. അവിടെയുണ്ടായിരുന്ന ആള്‍ ചെരുപ്പഴിച്ചു വയ്ക്കാന്‍ പറഞ്ഞപ്പോഴാണ് അതൊരു പുരാതന പള്ളിയാണ് എന്നു മനസിലായത്. ജുമാ മസ്ജിദിലെ പോലെ മകുടവും ആഢംബരവുമില്ലെങ്കിലും ധാരാളം പേര്‍ അവിടെ ചന്ദനത്തിരി കത്തിച്ച് പ്രര്‍ത്ഥന നടത്തുന്നത് കാണാന്‍ കഴിഞ്ഞു. ഫിറോസ് ഷായുടെ കാലത്ത് ജുമാമസ്ജിദ് എന്നാണ് ഇൗ പള്ളി അറിയപ്പെട്ടിരുന്നത്.

      പള്ളിയുടെ ഇടതുവശമാണ് ബവോലി. പിരമിഡാകൃതിയില്‍ തീര്‍ത്ത ഈ സ്വകാര്യ മന്ദിരം നിര്‍മ്മിച്ചതിനു പിന്നിലും ഒരു കഥയുണ്ട്. സ്ഥിരമായി വേട്ടയ്ക്കുപോകുമായിരുന്നു ഫിറോസ് ഷാ. ഒരിക്കല്‍ വേട്ടയ്ക്കു പോയപ്പോള്‍ അംബാലയിലെ മനോഹരമായ അശോകസ്തംഭം അദ്ദേഹം കണ്ടു. അതില്‍ മോഹിതനായ രാജാവ് ആ കൂറ്റന്‍ അശോകസ്തംഭം കേടുവരാതെ ഇളക്കി എടുപ്പിച്ച് നാല്‍പ്പത്തിരണ്ട് ചക്രങ്ങളുള്ള വണ്ടിയില്‍ ഇരുനൂറ് ആളുകളെക്കൊണ്ട് വലിപ്പിച്ച് വന്‍ ശ്രമം നടത്തി ഡല്‍ഹിയില്‍ കൊണ്ടുവന്നു. അശോകസ്തംഭം സ്ഥാപിക്കുവാനാണ് പിരമിഡാകൃതിയിലുള്ള കെട്ടിടം നിര്‍മ്മിച്ചത്. ഞങ്ങള്‍ മൂന്നു നിലയുള്ള ആ കെട്ടിടത്തില്‍ കയറി. ആധുനിക യന്ത്രോപകരണങ്ങളില്ലാത്ത ആ കാലത്ത് ഇത്തരമൊരു സാഹസം നടത്തിയത് അത്ഭുതകരമായി തോന്നി. മനുഷ്യര്‍ക്കുണ്ടായ കഷ്ടപ്പാട് ഓര്‍ത്തപ്പോള്‍ രാജാവിന് തോന്നിയ മതിപ്പ് കുറയുകയും ചെയ്തു

 'ഈ അശോക സ്തംഭത്തിനു മുകളില്‍ ഒരു ലോഹമുണ്ടായിരുന്നു. അത് മറാഠികളൊ ജാട്ടുകളൊ പടയോട്ടം നടത്തിയപ്പോള്‍ തട്ടിക്കൊണ്ടുപോയി. നോക്കൂ, ശ്രീക്കുട്ടാ, അശോകസ്തംഭത്തില്‍ കൊത്തിയിരിക്കുന്ന അക്ഷരങ്ങള്‍. അവ പാലി ഭാഷയിലുള്ളതാണ്', അച്ഛന്‍ പറഞ്ഞു.

    ഞാന്‍ തൂണിനടുത്തു ചെന്ന് അതൊക്കെ നോക്കിക്കണ്ടു. കൊട്ടാരത്തിനു പിന്നില്‍ നോക്കെത്താ ദൂരത്താണ് യമുന. അതുകൊണ്ട് സംശയം തീര്‍ക്കാനായി ഞാന്‍ ചോദിച്ചു,' അച്ഛാ, രാജാവ് യമുനയുടെ തീരത്താണ് കൊട്ടാരം നിര്‍മ്മിച്ചത് എന്നല്ലെ പറഞ്ഞത്. എന്നിട്ട് യമുന എത്രയോ ദൂരെയാണ് ? '

  'മോനെ , ഫിറോസ് ഷായുടെ കാലത്ത് യമുന ഇതിനടുത്തുകൂടിയാണ് ഒഴുകിയിരുന്നത്. കാലം കടന്നുപോയപ്പോള്‍ യമുന ചെറുതായി ചെറുതായി ഇന്നത്തെ നിലയിലായതാണ്. '

    വിശാലമായ പഴയ യമുനയെകുറിച്ച് ഓര്‍ത്തപ്പോള്‍ ഇന്നത്തെ അതിന്റെ സ്ഥിതി ശ്രീക്കുട്ടനില്‍ ദുഃഖമുളവാക്കി. യമുന ദൂരെയാണെങ്കിലും ഒരിളം കാറ്റ് മെല്ലെ വന്ന് അവനെ തഴുകി. ആ കാറ്റേറ്റ് കുറേനേരം കൂടി ബവോലിയില്‍ ഇരുന്നിട്ട് അവര്‍ പതുക്കെ പടവുകള്‍ ഇറങ്ങി.




Monday, 20 May 2019

Chennai news -1

Asha at Secretariat

 മദ്രാസ് വാര്‍ത്തകള്‍ -1

 2019 മെയ് 14 നാണ്  നാഗര്‍കോവിലില്‍ നിന്നും ചെന്നൈക്ക് പോരുന്നത്. ശ്രീക്കുട്ടി തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ പബ്‌ളിക് വകുപ്പില്‍ ( നാട്ടിലാണെങ്കില്‍ പൊതുഭരണം) നിയമ-നീതിനിര്‍വ്വഹണ-ബജറ്റ് വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയായി 15 ന് ചാര്‍ജ്ജെടുത്തു.

ചെപ്പോക്ക് സ്‌റ്റേഡിയത്തിന് പിറകുവശമുള്ള സ്‌റ്റേറ്റ് ഗസ്റ്റ് ഹൗസില്‍ താമസം. വലജ റോഡിലാണ് ഗസ്റ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും മദ്രാസില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കെ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന ആര്‍ക്കോട്ടിലെ നവാബ് മുഹമ്മദലി ഖാന് ബ്രിട്ടീഷ് സര്‍ക്കാര്‍ 'മാന്യനായ ഭരണധികാരി' എന്ന അര്‍ത്ഥം വരുന്ന വലജ( Wallajah) പട്ടം നല്‍കി ആദരിച്ചതാണ്.അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കാണ് ഈ റോഡിന് വലജാ റോഡ് എന്നപേര് നല്‍കിയിരിക്കുന്നത്. അദ്ദേഹം ഭരണാധികാരിയായിരുന്ന ആര്‍ക്കോട്ടിന്റെ കേന്ദ്ര പ്രദേശത്തിന് വലജാപേട്ട് എന്ന പേരും നല്‍കിയിരുന്നു.

ഗസ്റ്റ് ഹൗസില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് മറീന ബീച്ച്. സെക്രട്ടേറിയറ്റ് നില്‍ക്കുന്ന സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടും ചെന്നൈ പോര്‍ട്ടും മദ്രാസ് യൂണിവേഴ്‌സിറ്റി ആസ്ഥാനവുമെല്ലാം ഇതിനടുത്തുതന്നെയാണ്. നഗരത്തിലൂടെ നിരന്തരമോടുന്ന ഇലക്ട്രിക് ട്രെയിനിന്റെ ശബ്ദവും വാഹനങ്ങളുടെ നിരന്തര നിലവിളിയും നഗരത്തിന്റ തിരക്ക് ഓര്‍മ്മിപ്പിക്കും.

 ചൂടാണ് നഗരത്തിന്. അതുകൊണ്ടുതന്നെ പകല്‍ സമയം ഗസ്റ്റ്ഹൗസില്‍ നിന്നും ഇറങ്ങില്ല. പത്രവും ടെലിവിഷനും ഇന്റര്‍നെറ്റും പുസ്തകങ്ങളും ഒക്കെയായി കുശാല്‍.

 വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍ നഗരത്തിന്റ ദയനീയ മുഖം കാണേണ്ടി വരും. സിനിമ പോസ്റ്ററുകള്‍ വിരിച്ച് നടപ്പാതയില്‍ ഉറങ്ങാന്‍ ശ്രമിക്കുന്ന കുടുംബങ്ങള്‍, ദാരിദ്യവും മാനസിക രോഗവും കൊണ്ട് എല്ലുംതോലുമായ, അഴുക്കില്‍ അഭിരമിക്കുന്നവര്‍, വഴിയാകെ മൂത്രമൊഴിച്ചു നാറ്റുന്ന ആണുങ്ങള്‍ . ഇങ്ങിനെ നഗരത്തിന്റെ എല്ലാ മുഖങ്ങളും അധികം ദൂരത്തല്ലാതെ നമുക്ക് കാണാം.

ഇത് എല്ലാ നഗരങ്ങളുടെയും പൊതു സ്വഭാവമാണ്. അതിങ്ങിനെ തുടര്‍ന്നുകൊണ്ടിരിക്കും. ഭരണചക്രം മറ്റൊരു വഴിക്കും!!

In front of GH

Chepauk stadium North view

Guest House

Sunday, 19 May 2019

Safdarjung tomb





   സഫ്ദര്‍ജംഗ് ടോംബ് 

   1997 ല്‍ ബാലസാഹിത്യ ഇന്‍സ്ട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 4

 ശ്രീക്കുട്ടനും അച്ഛനും കൂടി സഫ്ദര്‍ജംഗ് ടോംബിലെത്തിയപ്പോള്‍ അവന്റെ മനസില്‍ ഒരു സംശയം ഉറവകൂടി. 

 ' അച്ഛാ, ഇതുകണ്ടിട്ട് ഹുമയൂണ്‍ ടോംബ് പോലെയുണ്ടല്ലൊ ', അവന്‍ പറഞ്ഞു.

'ഹുമയൂണ്‍ ടോംബിന്റെ വികലമായ ഒരനുകരണമാണ് ശ്രീക്കുട്ടാ സഫ്ദര്‍ജംഗ് ടോംബ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് ഷായുടെയും അഹമ്മദ് ഷായുടെയും വസീറായിരുന്ന മിര്‍സാ മുഖിം അബ്ദുല്‍ മന്‍സൂര്‍ ഖാന്‍ എന്ന സഫ്ദര്‍ജംഗിന്റെ സമാധി മണ്ഡപമാണിത്. '

' എന്താണച്ഛാ വസീര്‍ എന്നാല്‍ ?', ശ്രീക്കുട്ടന്‍ ചോദിച്ചു. 

' വസീര്‍ എന്നാല്‍ പ്രധാനമന്ത്രി എന്നാണര്‍ത്ഥം.ഈ സമാധി മണ്ഡപത്തിന് ഹുമയൂണ്‍ ടോംബിനോളം വലുപ്പമുണ്ടെങ്കിലും ഇതിന്റെ തറയ്ക്ക് വിസ്തീര്‍ണ്ണം കുറവാണ്. ഹുമയൂണ്‍ ടോംബനിനോളം ഭംഗിയുമില്ല ', അച്ഛന്‍ പറഞ്ഞു.

' എനിക്ക് കണ്ടപ്പോള്‍ തന്നെ അച്ഛനോട് പറയണമെന്നുണ്ടായിരുന്നു, ഇതിന് ഭംഗി കുറവാണെന്ന്. ഇത്രയ്ക്ക് ഭംഗി കുറയാന്‍ കാരണമെന്താണച്ഛാ? ', അവന്‍ വീണ്ടും ചോദ്യമുന്നയിച്ചു. 

' പ്രധാന കാരണം ഇതിന്റെ നിര്‍മ്മാണത്തിനുപയോഗിച്ചിട്ടുള്ള വസ്തുക്കളുടെ ഗുണക്കുറവാണ്. ഹുമയൂണ്‍ ടോംബില്‍ ഉപയോഗിച്ച തരം ഭംഗിയുള്ളതും വിലപിടിച്ചതുമായ ചുവന്ന കല്ലുകള്‍ക്കു പകരം അടച്ച നിറമുള്ള ബ്രൗണ്‍ കല്ലുകളാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത് കാണുമ്പോള്‍ നിറം മങ്ങിയ ഒരു പൂവുപോലെ തോന്നുന്നില്ലെ, ശ്രീക്കുട്ടന് !', അവന്‍ തലകുലുക്കി സമ്മതിച്ചു. 

' താഴികക്കുടത്തില്‍ ഉപയോഗിച്ചിരിക്കുന്ന മാര്‍ബിളും ഗുണം കുറഞ്ഞവയാണ്. അതില്‍ ഭംഗിയില്ലാത്ത മഞ്ഞവരകള്‍ കാണുന്നത് അതുകൊണ്ടാണ്.' 

അച്ഛന്‍ പറഞ്ഞപ്പോഴാണ് ശ്രീക്കുട്ടന്‍ അത് ശ്രദ്ധിച്ചത്. 

' ഹുമയൂണിന്റെ കാലത്തുണ്ടായിരുന്നത്ര പ്രഗത്ഭരായ വാസ്തുശില്‍പ്പികളും സഫ്ദര്‍ജംഗിന്റെ കാലത്തുണ്ടായിരുന്നില്ല എന്നതും വാസ്തവമാണ്. മാത്രമല്ല, സഫ്ദര്‍ജംഗിന്റെ കുടുംബക്കാര്‍ അത്ര സമ്പന്നരുമായിരുന്നില്ല', അച്ഛന്‍ തുടര്‍ന്നു.

വിശാലമായ പൂന്തോട്ടത്തിലൂടെ ചുറ്റി നടക്കവെ ശ്രീക്കുട്ടന്‍ അച്ഛനോട് ചോദിച്ചു, ' സഫ്ദര്‍ ജംഗിന്റെ ചരിത്രം ഒന്നു പറയാമോ അച്ഛാ '

' പിന്നെന്താ , കേട്ടോളൂ മോനെ. മുഗള്‍ ഭരണത്തിന്‍ കീഴില്‍ അവധിലെ ഗവര്‍ണ്ണറായിരുന്നു നവാബ് സാദത്ത് ഖാന്‍. പാനിപ്പട്ട് യുദ്ധത്തില്‍ പേര്‍ഷ്യന്‍ രാജാവ് നാദിര്‍ഷാ മുഗള്‍ പട്ടാളത്തെ തോല്‍പ്പിച്ചപ്പോള്‍ ,കൂട്ടത്തില്‍ ഒരു സൈന്യത്തലവനായിരുന്ന സാദത്ത് ഖാന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് സാദത്ത് ഖാന്റെ അനന്തിരവന്‍ സഫ്ദര്‍ ജംഗ് 1739 ല്‍ അവധിലെ ഗവര്‍ണ്ണറും മുഗള്‍ ചക്രവര്‍ത്തിയുടെ പ്രധാനമന്ത്രിയുമായി. എന്നാല്‍ 1752 ല്‍ ഗാസിയുദീന്‍ ഇമാ ദുല്‍ മുല്‍ക്കിന്റെ പ്രേരണയാല്‍ മുഗള്‍ ചക്രവര്‍ത്തി സഫ്ദര്‍ജംഗിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കി. തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ പുരാണക്വിലയും ഫിറോസാബാദും പരിസരവും ഉള്‍പ്പെടുന്ന അന്നത്തെ പഴയ ദല്‍ഹി സഫ്ദര്‍ജംഗിന്റെ അധീനതയിലും ഷാജഹാനബാദ് എന്ന പുതിയ ദല്‍ഹി ചക്രവര്‍ത്തിയുടെ അധീനതയിലുമായി. സഫ്ദര്‍ജംഗ് ഒരു നല്ല യോദ്ധാവിയിരുന്നില്ല. തുടര്‍ന്നുള്ള യുദ്ധത്തില്‍ അദ്ദേഹം പരാജയപ്പെടുകയും അവധിലേക്ക് പലായനം ചെയ്യുകയും ചെയ്തു. 1754 ല്‍ സഫ്ദര്‍ജംഗ് മരിച്ചു. അദ്ദേഹത്തിന്റെ ദേഹമടക്കിയ ഇടമാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ സഫ്ദര്‍ജംഗ് ടോംബ്.', അച്ഛന്‍ ഇത്രയും വിശദീകരിച്ചപ്പോള്‍ ശ്രീക്കുട്ടന് ചരിത്രം വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു.

' ഈ ടോംബ് പണി കഴിപ്പിച്ചത് ആരാണച്ഛാ ?', അവന്റെ സംശയം വീണ്ടും ഉണര്‍ന്നു. 

' സഫ്ദര്‍ ജംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ ഷൂജ-ഉദ്-ദൗള അധികാരമേറ്റു.അദ്ദേഹമാണ് ഈ ടോംബ് പണികഴിപ്പിച്ചത്. ഷൂജ ബ്രിട്ടീഷുകാരുമായി പോരാടുകയും തുടര്‍ന്ന് ക്ലൈവുമായി ഒരുടമ്പടിയുണ്ടാക്കി മുഗളന്മാരുടെ അധീനതയില്‍ നിന്നും പൂര്‍ണ്ണമായി മോചനം നേടുകയും ചെയ്തു. തുടര്‍ന്ന് സാഹിത്യം, സംഗീതം,ചിത്രരചന, വാസ്തുവിദ്യ എന്നീ മേഖലകളില്‍ അവധ് ഉയര്‍ന്ന പദവി നേടി. 1857 ലെ സ്വാതന്ത്യസമര കാലം വരെ അവധിലെ നവാബുമാര്‍ സഫ്ദര്‍ജംഗ് ടോംബ് കാര്യമായി സംരക്ഷിക്കുകയും ചെയ്തു', അച്ഛന്‍ പറഞ്ഞുനിര്‍ത്തി. 

' അച്ഛാ, ടോംബിലെ വശങ്ങളില്‍ കാണുന്ന കെട്ടിടങ്ങള്‍ എന്താണ് ? ', ശ്രീക്കുട്ടന്‍ ചോദിച്ചു

' അവ ഷൂജ-ഉദ്-ദൗളയും കുടുംബവും ദല്‍ഹിയില്‍ എത്തുമ്പോള്‍ താമസിച്ചിരുന്ന ചെറിയ കൊട്ടാരങ്ങളാണ് . പടിഞ്ഞാറുള്ളത് ജംഗ്‌ളി മഹല്‍, അതായത് വനത്തിലെ കൊട്ടാരം. വടക്കുള്ളത് മോത്തി മഹല്‍ അഥവാ പവിഴക്കൊട്ടാരം. തെക്കുള്ളത് ബാദ്ഷാ പസന്ത് അല്ലെങ്കില്‍ രാജാവിന്റെ പ്രിയപ്പെട്ട ഇടം. ഈ കെട്ടിടങ്ങളെല്ലാം ഇപ്പോള്‍ ആര്‍ക്കിയോളജി വകുപ്പിന്റെ കൈയ്യിലാണ്. അവരുടെ ഓഫീസുകള്‍ ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്', അച്ഛന്‍ പറഞ്ഞു. 

 ടോംബ് കണ്ട് പുറത്തിറങ്ങിയപ്പോള്‍ സൂര്യന്‍ അസ്തമിക്കുകയായിരുന്നു. നഷ്ടപ്രതാപത്തിന്റെ നിഴലില്‍ നിശ്ചലമായി നില്‍ക്കുന്ന ടോംബ് ഒരിക്കല്‍ കൂടി നോക്കി നിന്നശേഷം അവര്‍ കാറില്‍ കയറി. 










Should adoption rules be changed?

ദത്തെടുക്കല്‍ - നിയമങ്ങളില്‍ കാതലായ മാറ്റം ആവശ്യമോ?

ഇന്നത്തെ(19.05.2019) ഹിന്ദു പത്രത്തില്‍ കണ്ട ഒരു റിപ്പോര്‍ട്ട് ഇങ്ങനെ.

പ്രസവിച്ച ഉടനെ കുട്ടികളെ വാങ്ങി വില്‍ക്കുന്ന ഇടനിലക്കാരെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് സിഐഡി. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ കൊള്ളി ഹില്‍സ് ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ നിന്നും 30 പിഞ്ചുകുട്ടികളെ വിറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. പാവപ്പെട്ട സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍( അത് ചിലപ്പോള്‍ ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയാകാം, അതല്ലെങ്കില്‍ മൂന്നാമത്തെയോ നാലാമത്തെയോ കുട്ടിയാകാം) ഇടനിലക്കാര്‍ എത്തി കുട്ടിക്ക് നല്ല ജീവിതവും പഠനവും ഉറപ്പാക്കി നല്ല മാതാപിതാക്കളെ നല്‍കാം എന്നു പറഞ്ഞ് സമ്മതിപ്പിച്ച് ഇടപാടു നടത്തുന്നു.

ദത്തെടുക്കാന്‍ തയ്യാറാകുന്നവര്‍ ഇതിനായി 3-4 ലക്ഷം രൂപവരെ കൂലിയായി നല്‍കുന്നു എന്നും കണ്ടെത്തി്.എന്നാല്‍ ഇതില്‍ ഒരു ചില്ലിക്കാശുപോലും ഈ പാവങ്ങല്‍ക്ക് നല്‍കുകയില്ല. അവര്‍ മക്കള്‍ ദാരിദ്യത്തില്‍ നിന്നും രക്ഷപെടട്ടെ എന്നു കരുതി കണ്ണടയ്ക്കുകയാണ്. നഴ്‌സിംഗ് അസിസ്റ്റന്റും ബാങ്ക്് ഉദ്യോഗസ്ഥനുമൊക്കെ ഈ ഇടപാടില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളെ മാറ്റി സ്ഥാപിക്കുന്നതിന് 70,000 രൂപയാണ് അധികമായി വാങ്ങുന്നത്.

തട്ടിപ്പിന്റെ കഥയില്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഈ കുട്ടികളെ വാങ്ങിയവരെല്ലാം മക്കളില്ലാത്തവരും കുട്ടികളെ ദത്തെടുത്ത് വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമാണ്.

നിയമപരമായി കുട്ടികളെ കിട്ടാനുള്ള ബുദ്ധിമുട്ട്, നീണ്ട കാത്തിരിപ്പ്, പ്രൊസീഡിയറിലെ നൂലാമാലകള്‍ ഒക്കെയാണ് അവരെ ഇതിന് വളഞ്ഞ വഴിയില്‍ പോകാന്‍ പ്രേരിപ്പിക്കുന്നത്. രാജ്യത്തെ അഡോപ്ഷന്‍ നിയമങ്ങള്‍ കുറേകൂടി ലിബറലൈസ് ചെയ്താല്‍ പാവപ്പെട്ട അനേകം കുട്ടികള്‍ക്ക് നല്ലൊരു ജീവിതം ലഭിക്കാനും മക്കളില്ലാത്തവര്‍ക്ക് ഓമനിക്കാന്‍ കുട്ടികളെ ലഭിക്കാനും സാഹചര്യമൊരുക്കാം എന്നാണ് എനിക്ക് തോന്നുന്നത്.

ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികള്‍ പലപ്പോഴും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായി തീരുന്നു, അവന്‍/ അവള്‍ മോശപ്പെട്ട സാഹചര്യങ്ങളിലേക്കും അധോലോക ഇടപാടുകളിലേക്കും വഴിതിരിക്കപ്പെടുന്നു. ഇതൊഴിവാക്കാന്‍ പാവപ്പെട്ട മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ ദത്തിന് നല്‍കാന്‍ കഴിയുന്ന ഒരു സംവിധാനവും അവരെ സ്വീകരിക്കാന്‍ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് അവസരം നല്‍കുന്ന ഒരു സംവിധാനവും ഉണ്ടാകേണ്ടതല്ലെ?

ഇപ്പോള്‍ പൊതുവെ നടക്കുന്നത്, ഉപേക്ഷിക്കപ്പെട്ട കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയറില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ വളര്‍ത്തി ആവശ്യക്കാരായ ദമ്പതികള്‍ക്ക് ദത്തായി നല്‍കുന്ന രീതിയാണ്. അതിലും സുതാര്യത തീരെ കുറവാണ്. ഇതിന് പകരം രാജ്യമൊട്ടാകെ ഇത്തരത്തില്‍ ദത്തിനെ സംബ്ബന്ധിച്ച വലിയ അവയര്‍നസ് നല്‍കി ദത്തിന് കുട്ടികളെ നല്‍കാന്‍ തയ്യാറുള്ള മാതാപിതാക്കളെക്കൊണ്ടും കുട്ടികളില്ലാത്ത ദമ്പതികളെ കൊണ്ടും രജിസ്റ്റര്‍ ചെയ്യിച്ച് ഒരു സിംഗിള്‍ പൂളില്‍ നിന്നും ദത്ത് ( ജാതി, മതം, ദേശം ,ഭാഷ എന്നിങ്ങനെ വ്യത്യാസമില്ലാതെ ) എടുക്കാന്‍ അനുവദിക്കുകയും ഓരോ മൂന്നു മാസം കൂടുമ്പോഴും കുട്ടികളുടെ ക്ഷേമം അന്വേഷിക്കാന്‍ ഏജന്‍സികളെ വച്ചും കുറേപേര്‍ക്കെങ്കിലും ജീവിതതുല്യത നേടിക്കൊടുക്കാന്‍ പരിശ്രമിച്ചുകൂടെ.

ഇതിലെ വൈകാരിമായ പലതലങ്ങളും പലരും എടുത്തുപറഞ്ഞേക്കാം, എന്നാല്‍ അതിനുമപ്പുറമാണ് ഭൗതികജീവിതം എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

55 കഴിഞ്ഞവര്‍ക്ക് കുട്ടികളെ നല്‍കില്ല, ദമ്പതികളുടെ ആകെ പ്രായം 110ല്‍ കൂടാന്‍ പാടില്ല എന്നിങ്ങനെ ഒരുപാട് സംഗതികളില്‍ കിടന്നുമറിയുന്ന ഈ സംവിധാനത്തെ ലഘുതരമാക്കാന്‍ ആത്മാര്‍ത്ഥമായ ഇടപെടലേ വേണ്ടൂ. പകരം വികസിത രാജ്യങ്ങള്‍ ഉണ്ടാക്കിവച്ചിട്ടുള്ള നിയമം മെക്കാനിക്കലായി വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ നിയമമാക്കുന്നതുകൊണ്ട് പലര്‍ക്കും പലതും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

ഇന്നും മെട്രോ നഗരങ്ങളിലെ തെരുവില്‍ ഉറങ്ങി ഉണരുകയും തീവ്രജീവിതത്തിന്റെ ഇരകളാവുകയും ചെയ്യുന്ന കുട്ടികളെ നമുക്കോര്‍ക്കാന്‍ ശ്രമിക്കാം, അവര്‍ക്കൊരു നല്ല ജീവിതം നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല എന്നതിനാല്‍ സമ്പത്തുള്ളവരും താത്പ്പര്യമുള്ളവരുമായ വ്യക്തികള്‍ക്ക് അത് നല്‍കാനുള്ള അവസരമെങ്കിലും ഉണ്ടാക്കി നല്‍കാന്‍ സര്‍ക്കാരുകള്‍ യത്‌നിക്കേണ്ടതുണ്ട്.

Saturday, 18 May 2019

Jama Masjid Delhi



ജമാ മസ്ജിദ്

1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം -4

ഇന്ത്യയിലെ ഏറ്റവും വലുതും മനോഹരവുമായ പള്ളി ഏതാണെന്ന് കൂട്ടുകാര്‍ക്കറിയാമോ ?

അതും ഡല്‍ഹിയിലാണ് സ്ഥിതിചെയ്യുന്നത്. ജമാ മസ്ജിദ് എന്നാണ് അതിന്റെ പേര്. ലോകത്തിലെ തന്നെ മികച്ച പള്ളികളില്‍ ഒന്നാണിത്. ആയിരക്കണക്കിനാളുകള്‍ നിത്യവും പ്രാര്‍ത്ഥിക്കാനെത്തുന്ന ഈ പള്ളി ചുവപ്പുകോട്ടയുടെ എതിര്‍വശത്തായി നഗരത്തിലെ ഏറ്റവും ഉയര്‍ന്ന ഇടത്ത് ഒരു പാറയുടെ മുകളിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 

ഞാനും അച്ഛനും കൂടിയാണ് ജമാ മസിജിദ് കാണാന്‍ പോയത്. പോകുംവഴി അച്ഛന്‍ ചോദിച്ചു, ' ശ്രീക്കുട്ടാ, ഈ പള്ളി പണികഴിപ്പിച്ചത് ആരാണെന്നറിയാമോ?'

' ഏതെങ്കിലും മുഗള്‍ ചക്രവര്‍ത്തിയാകും', ഞാന്‍ പറഞ്ഞു.

' ആരെന്ന് കൃത്യമായി പറയൂ', അച്ഛന്‍ പറഞ്ഞു. മറുപടി പറയാന്‍ ഞാനല്‍പ്പം വിഷമിച്ചു. 

' ചുവപ്പുകോട്ട പണി കഴിപ്പിച്ച അതേ ചക്രവര്‍ത്തി തന്നെയാണ് അതിനേക്കാള്‍ ഉയര്‍ന്ന തലത്തില്‍ ഈ പള്ളിയും നിര്‍മ്മിച്ചത്. ദൈവപൂജ ഏറ്റവും ഉയര്‍ന്നിടത്താകട്ടെ എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകും', അച്ഛന്‍ പറഞ്ഞു.

' ഓ- ഇപ്പോള്‍ പിടികിട്ടി. ഷാജഹാന്‍ ചക്രവര്‍ത്തി-ല്ലെ', ഞാന്‍ പറഞ്ഞു.

' അതെ മോനെ, ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ജമാ മസ്ജിദ് പണികഴിപ്പിച്ചത്. ഉസ്താദ് ഖലീല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മാണ മേല്‍നോട്ടവും വഹിച്ചു. ഷാജഹാന്‍ ചക്രവര്‍ത്തി നിയമിച്ച ഇമാമിന്റെ തലമുറയില്‍പെട്ട ഒരാളാണ് ഇപ്പോഴും ഈ പള്ളിയിലെ ഇമാം ', അച്ഛന്‍ ഇത്രയും വിശദീകരിച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ പള്ളിയുടെ മുന്നിലെത്തി. വിശാലമായ കല്‍പ്പടവുകള്‍ ചവുട്ടി മുകളിലെത്തിയപ്പോള്‍ ചെരുപ്പഴിച്ച് കൈകളില്‍ വയ്ക്കാന്‍ നിര്‍ദ്ദേശമുണ്ടായി. അനേകം വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ പള്ളി കാണാന്‍ എത്തിയിട്ടുണ്ട്. പള്ളിയുടെ ഇടത്തും വലത്തും രണ്ട് കൂറ്റന്‍ വാതിലുകളുണ്ട്. ഉള്ളില്‍ കടക്കുമ്പോള്‍ വിശാലമായ അങ്കണമാണ്. ഇത് നൂറുമീറ്റര്‍ സമചതുരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. നടുക്ക് ചെറിയൊരു കുളവുമുണ്ട്.

പള്ളി ഗോപുരങ്ങളും താഴികക്കുടങ്ങളും പേര്‍ഷ്യന്‍ മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഏത് ഉയരത്തിലും ഏത് പ്രകാശത്തിലും നിന്നു നോക്കിയാലും ഭംഗിക്ക് ക്ഷതമുണ്ടാക്കാത്തവിധമാണ് പള്ളി പണിതീര്‍ത്തിട്ടുള്ളത്. ഭിത്തികളില്‍ അറബി വചനങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. ഭാഷ അറിയാത്തതിനാല്‍ അവ വായിക്കാന്‍ കഴിഞ്ഞില്ല.

' പത്ത് രൂപ ടിക്കറ്റെടുത്താല്‍ ഗോപുരത്തിനു മുകളില്‍ കയറാം', അച്ഛന്‍ പറഞ്ഞു. ' ശ്രീക്കുട്ടന് മുകളില്‍ കയറാന്‍ പേടിയുണ്ടോ ?', അച്ഛന്‍ ചോദിച്ചു.

ഏതാണ്ട് രണ്ട് തെങ്ങിന്റെ ഉയരം വരുന്ന ഗോപുരത്തിലേക്ക് ഞാനൊന്നു നോക്കി. ഭയം തോന്നി. അത് ഉള്ളിലൊതുക്കി ഞാന്‍ പറഞ്ഞു, ' ഏയ്, എനിക്ക് പേടിയില്ല.'

' എന്നാല്‍ കയറാം', അച്ഛന്‍ നിര്‍ദ്ദേശിച്ചു. 

ഞങ്ങള്‍ ടിക്കറ്റെടുത്ത് മിനാരത്തിന്റെ ഉള്ളില്‍ പ്രവേശിച്ചു. ഇടുങ്ങിയ ചുറ്റുഗോവണി കയറുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പ്രകാശവും വായുവും കയറാന്‍ ഇട്ടിരിക്കുന്ന ചെറിയ ദ്വാരങ്ങള്‍ ആശ്വാസമായി. മുകളിലേക്ക് കയറുന്തോറും എനിക്ക് ഭയം വര്‍ദ്ധിച്ചു വന്നു. എങ്കിലും ധൈര്യം സംഭരിച്ച് കയറി. മുകളിലെത്തിയപ്പോള്‍ വലിയ സന്തോഷം തോന്നി. ആകാശത്തിരുന്നുകൊണ്ട് നഗരം കാണുന്ന പ്രതീതി. ആ കാഴ്ച ഏറെ മനോഹരവും മനസില്‍ നിന്നും മായാത്തതുമായി. 




Friday, 17 May 2019

Gold smuggling - India should be vigilant


 സ്വര്‍ണ്ണം വരുന്ന ദൂഷിത വഴികള്‍

മനോരമ ന്യൂസിലെ റിപ്പോര്‍ട്ടര്‍ എസ്.മഹേഷ്‌കുമാറും ക്യാമറാമാന്‍ സന്തോഷ് പിള്ളയും ചേര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി നല്‍കുന്ന സ്വര്‍ണ്ണ കള്ളക്കടത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ ആശങ്കാജനകമാണ്. നേപ്പാള്‍ വഴിയാണ് ഇപ്പോള്‍ പ്രധാനായും കള്ളക്കടത്ത് നടക്കുന്നത്. നേപ്പാള്‍ വിമാനത്താവളം വഴി ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണവുമായി വരുന്നു. ഇന്ത്യയിലെ പോലെ അത്ര വലിയ കസ്റ്റംസ് പരിശോധനകളില്ലാതെ അവിടെ ഇറങ്ങാന്‍ കഴിയും.

മലയാളികള്‍ ചുക്കാന്‍ പിടിക്കുന്ന വന്‍ ലോബിയാണ് ഇതിന് പിന്നില്‍. അന്യ സംസ്ഥാനക്കാരുമുണ്ട്. സ്വര്‍ണ്ണം മാത്രമല്ല, മയക്കുമരുന്ന്, കള്ളനോട്ട് അങ്ങിനെ എന്തും നേപ്പാള്‍ വഴി കടത്തിക്കൊണ്ടുവരാം. സൗഹൃദരാജ്യം അല്ലെങ്കില്‍ ആശ്രിതരാജ്യം എന്ന ലേബലുള്ള നേപ്പാളിന്റെ അതിര്‍ത്തിയില്‍ ചെക്കിങ്ങില്ല. ചെക്കിംഗുള്ള ഭൂട്ടാന്‍, മ്യാന്‍മാര്‍ അതിര്‍ത്തികള്‍ വഴിയും തീരദേശം വഴി ശ്രീലങ്കയില്‍ നിന്നുപോലും ഈ കൊളള നടക്കുകയാണ്. ഇതിനുപുറമെയാണ് നമ്മുടേതുള്‍പ്പെടെ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണവും മയക്കു മരുന്നും കള്ളപ്പണവും കടത്തി കൊണ്ടുവരുന്നത്. പിടിക്കപ്പെടുന്നവര്‍ വാര്‍ത്തയാകുമ്പോള്‍ പിടിയില്‍പെടാത്തവര്‍ അതിലേറെ.

വളരെ ശ്രദ്ധയര്‍ഹിക്കുന്ന ഒരു വിഷയമാണിത്. നമ്മുടെ എല്ലാ സ്വര്‍ണ്ണവ്യാപാരികളും രാഷ്ട്രീയ നേതൃത്വങ്ങളുമൊക്കെ അറിഞ്ഞുതന്നെയാകാം ഇതൊക്കെ നടക്കുന്നത്. നേപ്പാളില്‍ നിന്നും മറ്റ്  അതിര്‍ത്തികള്‍ കടന്നും വരുന്നവരുടെ രേഖകള്‍ പരിശേധിക്കേണ്ടത് വളരെ അനിവാര്യമായിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. ഇതിനു പുറെമെ മെറ്റല്‍ ഡിറ്റക്ടറിന്റെ പരിധിയില്‍പെടാതിരിക്കാന്‍ കുഴമ്പുകളില്‍ കലര്‍ത്തി സ്വര്‍ണ്ണത്തരികള്‍ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള എല്ലാ സ്വര്‍ണ്ണക്കടത്തും തടയാന്‍ കഴിയും വിധമുള്ള സപെഷ്യല്‍ സ്‌ക്വാഡുകളും അവ അഴിമതി മുക്തമാക്കി നിര്‍ത്താനുള്ള സൂപ്പര്‍ ചെക്കിംഗുകളുമൊക്കെ വന്നേ തീരു.

അതല്ലെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക ഘടനയെ നശിപ്പിക്കുന്ന ശക്തിയായി നമ്മുടെ അതിര്‍ത്തികള്‍ മാറും. പാകിസ്താനും ചൈനയുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ അതിന് അരു നില്‍ക്കുമെന്നതില്‍ സംശയമില്ല. താത്ക്കാലിക ലാഭം നോക്കാതെ ദേശസ്‌നേഹം മുന്‍നിര്‍ത്തി ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കും എന്നു പ്രതീക്ഷിക്കാം. പിടിക്കപ്പെടുന്നവര്‍ക്കും പ്രേരണ നല്‍ക്കുന്നവര്‍ക്കുമുളള ശിക്ഷ ഉയര്‍ത്തിയും വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കിയും ജുഡീഷ്യറിയും ഒപ്പം നില്‍ക്കേണ്ടതുണ്ട്. ഇത് രാജ്യനവോത്ഥാനത്തിന് അനിവാര്യമാണ് എന്നുകാണാന്‍ എല്ലാവരും തയ്യാറാകുമെന്നു കരുതാം. അതിന് ജനപ്രതിനിധികളെ പ്രേരിപ്പിക്കാന്‍ വോട്ടറന്മാരായ നമുക്ക് കഴിയണം. കള്ളന്മാര്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ തുറന്നുകാട്ടുകയാവട്ടെ നമ്മുടെ നവോത്ഥാന പ്രവര്‍ത്തനം. മറിച്ച് അവരുടെ കാറുകളില്‍ യാത്ര ചെയ്യലും ആതിഥ്യം സ്വീകരിക്കലും ആകാതിരിക്കട്ടെ.