Asha at Secretariat |
മദ്രാസ് വാര്‍ത്തകള്‍ -1
2019 മെയ് 14 നാണ് നാഗര്‍കോവിലില്‍ നിന്നും ചെന്നൈക്ക് പോരുന്നത്. ശ്രീക്കുട്ടി തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ പബ്‌ളിക് വകുപ്പില്‍ ( നാട്ടിലാണെങ്കില്‍ പൊതുഭരണം) നിയമ-നീതിനിര്‍വ്വഹണ-ബജറ്റ് വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയായി 15 ന് ചാര്‍ജ്ജെടുത്തു.
ചെപ്പോക്ക് സ്‌റ്റേഡിയത്തിന് പിറകുവശമുള്ള സ്‌റ്റേറ്റ് ഗസ്റ്റ് ഹൗസില്‍ താമസം. വലജ റോഡിലാണ് ഗസ്റ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും മദ്രാസില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കെ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന ആര്‍ക്കോട്ടിലെ നവാബ് മുഹമ്മദലി ഖാന് ബ്രിട്ടീഷ് സര്‍ക്കാര്‍ 'മാന്യനായ ഭരണധികാരി' എന്ന അര്‍ത്ഥം വരുന്ന വലജ( Wallajah) പട്ടം നല്‍കി ആദരിച്ചതാണ്.അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കാണ് ഈ റോഡിന് വലജാ റോഡ് എന്നപേര് നല്‍കിയിരിക്കുന്നത്. അദ്ദേഹം ഭരണാധികാരിയായിരുന്ന ആര്‍ക്കോട്ടിന്റെ കേന്ദ്ര പ്രദേശത്തിന് വലജാപേട്ട് എന്ന പേരും നല്‍കിയിരുന്നു.
ഗസ്റ്റ് ഹൗസില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് മറീന ബീച്ച്. സെക്രട്ടേറിയറ്റ് നില്‍ക്കുന്ന സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടും ചെന്നൈ പോര്‍ട്ടും മദ്രാസ് യൂണിവേഴ്‌സിറ്റി ആസ്ഥാനവുമെല്ലാം ഇതിനടുത്തുതന്നെയാണ്. നഗരത്തിലൂടെ നിരന്തരമോടുന്ന ഇലക്ട്രിക് ട്രെയിനിന്റെ ശബ്ദവും വാഹനങ്ങളുടെ നിരന്തര നിലവിളിയും നഗരത്തിന്റ തിരക്ക് ഓര്‍മ്മിപ്പിക്കും.
ചൂടാണ് നഗരത്തിന്. അതുകൊണ്ടുതന്നെ പകല്‍ സമയം ഗസ്റ്റ്ഹൗസില്‍ നിന്നും ഇറങ്ങില്ല. പത്രവും ടെലിവിഷനും ഇന്റര്‍നെറ്റും പുസ്തകങ്ങളും ഒക്കെയായി കുശാല്‍.
വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍ നഗരത്തിന്റ ദയനീയ മുഖം കാണേണ്ടി വരും. സിനിമ പോസ്റ്ററുകള്‍ വിരിച്ച് നടപ്പാതയില്‍ ഉറങ്ങാന്‍ ശ്രമിക്കുന്ന കുടുംബങ്ങള്‍, ദാരിദ്യവും മാനസിക രോഗവും കൊണ്ട് എല്ലുംതോലുമായ, അഴുക്കില്‍ അഭിരമിക്കുന്നവര്‍, വഴിയാകെ മൂത്രമൊഴിച്ചു നാറ്റുന്ന ആണുങ്ങള്‍ . ഇങ്ങിനെ നഗരത്തിന്റെ എല്ലാ മുഖങ്ങളും അധികം ദൂരത്തല്ലാതെ നമുക്ക് കാണാം.
ഇത് എല്ലാ നഗരങ്ങളുടെയും പൊതു സ്വഭാവമാണ്. അതിങ്ങിനെ തുടര്‍ന്നുകൊണ്ടിരിക്കും. ഭരണചക്രം മറ്റൊരു വഴിക്കും!!
In front of GH |
Chepauk stadium North view |
Guest House |
No comments:
Post a Comment