Saturday, 18 May 2019

Jama Masjid Delhi



ജമാ മസ്ജിദ്

1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം -4

ഇന്ത്യയിലെ ഏറ്റവും വലുതും മനോഹരവുമായ പള്ളി ഏതാണെന്ന് കൂട്ടുകാര്‍ക്കറിയാമോ ?

അതും ഡല്‍ഹിയിലാണ് സ്ഥിതിചെയ്യുന്നത്. ജമാ മസ്ജിദ് എന്നാണ് അതിന്റെ പേര്. ലോകത്തിലെ തന്നെ മികച്ച പള്ളികളില്‍ ഒന്നാണിത്. ആയിരക്കണക്കിനാളുകള്‍ നിത്യവും പ്രാര്‍ത്ഥിക്കാനെത്തുന്ന ഈ പള്ളി ചുവപ്പുകോട്ടയുടെ എതിര്‍വശത്തായി നഗരത്തിലെ ഏറ്റവും ഉയര്‍ന്ന ഇടത്ത് ഒരു പാറയുടെ മുകളിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 

ഞാനും അച്ഛനും കൂടിയാണ് ജമാ മസിജിദ് കാണാന്‍ പോയത്. പോകുംവഴി അച്ഛന്‍ ചോദിച്ചു, ' ശ്രീക്കുട്ടാ, ഈ പള്ളി പണികഴിപ്പിച്ചത് ആരാണെന്നറിയാമോ?'

' ഏതെങ്കിലും മുഗള്‍ ചക്രവര്‍ത്തിയാകും', ഞാന്‍ പറഞ്ഞു.

' ആരെന്ന് കൃത്യമായി പറയൂ', അച്ഛന്‍ പറഞ്ഞു. മറുപടി പറയാന്‍ ഞാനല്‍പ്പം വിഷമിച്ചു. 

' ചുവപ്പുകോട്ട പണി കഴിപ്പിച്ച അതേ ചക്രവര്‍ത്തി തന്നെയാണ് അതിനേക്കാള്‍ ഉയര്‍ന്ന തലത്തില്‍ ഈ പള്ളിയും നിര്‍മ്മിച്ചത്. ദൈവപൂജ ഏറ്റവും ഉയര്‍ന്നിടത്താകട്ടെ എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകും', അച്ഛന്‍ പറഞ്ഞു.

' ഓ- ഇപ്പോള്‍ പിടികിട്ടി. ഷാജഹാന്‍ ചക്രവര്‍ത്തി-ല്ലെ', ഞാന്‍ പറഞ്ഞു.

' അതെ മോനെ, ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ജമാ മസ്ജിദ് പണികഴിപ്പിച്ചത്. ഉസ്താദ് ഖലീല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മാണ മേല്‍നോട്ടവും വഹിച്ചു. ഷാജഹാന്‍ ചക്രവര്‍ത്തി നിയമിച്ച ഇമാമിന്റെ തലമുറയില്‍പെട്ട ഒരാളാണ് ഇപ്പോഴും ഈ പള്ളിയിലെ ഇമാം ', അച്ഛന്‍ ഇത്രയും വിശദീകരിച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ പള്ളിയുടെ മുന്നിലെത്തി. വിശാലമായ കല്‍പ്പടവുകള്‍ ചവുട്ടി മുകളിലെത്തിയപ്പോള്‍ ചെരുപ്പഴിച്ച് കൈകളില്‍ വയ്ക്കാന്‍ നിര്‍ദ്ദേശമുണ്ടായി. അനേകം വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ പള്ളി കാണാന്‍ എത്തിയിട്ടുണ്ട്. പള്ളിയുടെ ഇടത്തും വലത്തും രണ്ട് കൂറ്റന്‍ വാതിലുകളുണ്ട്. ഉള്ളില്‍ കടക്കുമ്പോള്‍ വിശാലമായ അങ്കണമാണ്. ഇത് നൂറുമീറ്റര്‍ സമചതുരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. നടുക്ക് ചെറിയൊരു കുളവുമുണ്ട്.

പള്ളി ഗോപുരങ്ങളും താഴികക്കുടങ്ങളും പേര്‍ഷ്യന്‍ മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഏത് ഉയരത്തിലും ഏത് പ്രകാശത്തിലും നിന്നു നോക്കിയാലും ഭംഗിക്ക് ക്ഷതമുണ്ടാക്കാത്തവിധമാണ് പള്ളി പണിതീര്‍ത്തിട്ടുള്ളത്. ഭിത്തികളില്‍ അറബി വചനങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. ഭാഷ അറിയാത്തതിനാല്‍ അവ വായിക്കാന്‍ കഴിഞ്ഞില്ല.

' പത്ത് രൂപ ടിക്കറ്റെടുത്താല്‍ ഗോപുരത്തിനു മുകളില്‍ കയറാം', അച്ഛന്‍ പറഞ്ഞു. ' ശ്രീക്കുട്ടന് മുകളില്‍ കയറാന്‍ പേടിയുണ്ടോ ?', അച്ഛന്‍ ചോദിച്ചു.

ഏതാണ്ട് രണ്ട് തെങ്ങിന്റെ ഉയരം വരുന്ന ഗോപുരത്തിലേക്ക് ഞാനൊന്നു നോക്കി. ഭയം തോന്നി. അത് ഉള്ളിലൊതുക്കി ഞാന്‍ പറഞ്ഞു, ' ഏയ്, എനിക്ക് പേടിയില്ല.'

' എന്നാല്‍ കയറാം', അച്ഛന്‍ നിര്‍ദ്ദേശിച്ചു. 

ഞങ്ങള്‍ ടിക്കറ്റെടുത്ത് മിനാരത്തിന്റെ ഉള്ളില്‍ പ്രവേശിച്ചു. ഇടുങ്ങിയ ചുറ്റുഗോവണി കയറുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പ്രകാശവും വായുവും കയറാന്‍ ഇട്ടിരിക്കുന്ന ചെറിയ ദ്വാരങ്ങള്‍ ആശ്വാസമായി. മുകളിലേക്ക് കയറുന്തോറും എനിക്ക് ഭയം വര്‍ദ്ധിച്ചു വന്നു. എങ്കിലും ധൈര്യം സംഭരിച്ച് കയറി. മുകളിലെത്തിയപ്പോള്‍ വലിയ സന്തോഷം തോന്നി. ആകാശത്തിരുന്നുകൊണ്ട് നഗരം കാണുന്ന പ്രതീതി. ആ കാഴ്ച ഏറെ മനോഹരവും മനസില്‍ നിന്നും മായാത്തതുമായി. 




No comments:

Post a Comment