Sunday, 19 May 2019

Safdarjung tomb





   സഫ്ദര്‍ജംഗ് ടോംബ് 

   1997 ല്‍ ബാലസാഹിത്യ ഇന്‍സ്ട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 4

 ശ്രീക്കുട്ടനും അച്ഛനും കൂടി സഫ്ദര്‍ജംഗ് ടോംബിലെത്തിയപ്പോള്‍ അവന്റെ മനസില്‍ ഒരു സംശയം ഉറവകൂടി. 

 ' അച്ഛാ, ഇതുകണ്ടിട്ട് ഹുമയൂണ്‍ ടോംബ് പോലെയുണ്ടല്ലൊ ', അവന്‍ പറഞ്ഞു.

'ഹുമയൂണ്‍ ടോംബിന്റെ വികലമായ ഒരനുകരണമാണ് ശ്രീക്കുട്ടാ സഫ്ദര്‍ജംഗ് ടോംബ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് ഷായുടെയും അഹമ്മദ് ഷായുടെയും വസീറായിരുന്ന മിര്‍സാ മുഖിം അബ്ദുല്‍ മന്‍സൂര്‍ ഖാന്‍ എന്ന സഫ്ദര്‍ജംഗിന്റെ സമാധി മണ്ഡപമാണിത്. '

' എന്താണച്ഛാ വസീര്‍ എന്നാല്‍ ?', ശ്രീക്കുട്ടന്‍ ചോദിച്ചു. 

' വസീര്‍ എന്നാല്‍ പ്രധാനമന്ത്രി എന്നാണര്‍ത്ഥം.ഈ സമാധി മണ്ഡപത്തിന് ഹുമയൂണ്‍ ടോംബിനോളം വലുപ്പമുണ്ടെങ്കിലും ഇതിന്റെ തറയ്ക്ക് വിസ്തീര്‍ണ്ണം കുറവാണ്. ഹുമയൂണ്‍ ടോംബനിനോളം ഭംഗിയുമില്ല ', അച്ഛന്‍ പറഞ്ഞു.

' എനിക്ക് കണ്ടപ്പോള്‍ തന്നെ അച്ഛനോട് പറയണമെന്നുണ്ടായിരുന്നു, ഇതിന് ഭംഗി കുറവാണെന്ന്. ഇത്രയ്ക്ക് ഭംഗി കുറയാന്‍ കാരണമെന്താണച്ഛാ? ', അവന്‍ വീണ്ടും ചോദ്യമുന്നയിച്ചു. 

' പ്രധാന കാരണം ഇതിന്റെ നിര്‍മ്മാണത്തിനുപയോഗിച്ചിട്ടുള്ള വസ്തുക്കളുടെ ഗുണക്കുറവാണ്. ഹുമയൂണ്‍ ടോംബില്‍ ഉപയോഗിച്ച തരം ഭംഗിയുള്ളതും വിലപിടിച്ചതുമായ ചുവന്ന കല്ലുകള്‍ക്കു പകരം അടച്ച നിറമുള്ള ബ്രൗണ്‍ കല്ലുകളാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത് കാണുമ്പോള്‍ നിറം മങ്ങിയ ഒരു പൂവുപോലെ തോന്നുന്നില്ലെ, ശ്രീക്കുട്ടന് !', അവന്‍ തലകുലുക്കി സമ്മതിച്ചു. 

' താഴികക്കുടത്തില്‍ ഉപയോഗിച്ചിരിക്കുന്ന മാര്‍ബിളും ഗുണം കുറഞ്ഞവയാണ്. അതില്‍ ഭംഗിയില്ലാത്ത മഞ്ഞവരകള്‍ കാണുന്നത് അതുകൊണ്ടാണ്.' 

അച്ഛന്‍ പറഞ്ഞപ്പോഴാണ് ശ്രീക്കുട്ടന്‍ അത് ശ്രദ്ധിച്ചത്. 

' ഹുമയൂണിന്റെ കാലത്തുണ്ടായിരുന്നത്ര പ്രഗത്ഭരായ വാസ്തുശില്‍പ്പികളും സഫ്ദര്‍ജംഗിന്റെ കാലത്തുണ്ടായിരുന്നില്ല എന്നതും വാസ്തവമാണ്. മാത്രമല്ല, സഫ്ദര്‍ജംഗിന്റെ കുടുംബക്കാര്‍ അത്ര സമ്പന്നരുമായിരുന്നില്ല', അച്ഛന്‍ തുടര്‍ന്നു.

വിശാലമായ പൂന്തോട്ടത്തിലൂടെ ചുറ്റി നടക്കവെ ശ്രീക്കുട്ടന്‍ അച്ഛനോട് ചോദിച്ചു, ' സഫ്ദര്‍ ജംഗിന്റെ ചരിത്രം ഒന്നു പറയാമോ അച്ഛാ '

' പിന്നെന്താ , കേട്ടോളൂ മോനെ. മുഗള്‍ ഭരണത്തിന്‍ കീഴില്‍ അവധിലെ ഗവര്‍ണ്ണറായിരുന്നു നവാബ് സാദത്ത് ഖാന്‍. പാനിപ്പട്ട് യുദ്ധത്തില്‍ പേര്‍ഷ്യന്‍ രാജാവ് നാദിര്‍ഷാ മുഗള്‍ പട്ടാളത്തെ തോല്‍പ്പിച്ചപ്പോള്‍ ,കൂട്ടത്തില്‍ ഒരു സൈന്യത്തലവനായിരുന്ന സാദത്ത് ഖാന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് സാദത്ത് ഖാന്റെ അനന്തിരവന്‍ സഫ്ദര്‍ ജംഗ് 1739 ല്‍ അവധിലെ ഗവര്‍ണ്ണറും മുഗള്‍ ചക്രവര്‍ത്തിയുടെ പ്രധാനമന്ത്രിയുമായി. എന്നാല്‍ 1752 ല്‍ ഗാസിയുദീന്‍ ഇമാ ദുല്‍ മുല്‍ക്കിന്റെ പ്രേരണയാല്‍ മുഗള്‍ ചക്രവര്‍ത്തി സഫ്ദര്‍ജംഗിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കി. തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ പുരാണക്വിലയും ഫിറോസാബാദും പരിസരവും ഉള്‍പ്പെടുന്ന അന്നത്തെ പഴയ ദല്‍ഹി സഫ്ദര്‍ജംഗിന്റെ അധീനതയിലും ഷാജഹാനബാദ് എന്ന പുതിയ ദല്‍ഹി ചക്രവര്‍ത്തിയുടെ അധീനതയിലുമായി. സഫ്ദര്‍ജംഗ് ഒരു നല്ല യോദ്ധാവിയിരുന്നില്ല. തുടര്‍ന്നുള്ള യുദ്ധത്തില്‍ അദ്ദേഹം പരാജയപ്പെടുകയും അവധിലേക്ക് പലായനം ചെയ്യുകയും ചെയ്തു. 1754 ല്‍ സഫ്ദര്‍ജംഗ് മരിച്ചു. അദ്ദേഹത്തിന്റെ ദേഹമടക്കിയ ഇടമാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ സഫ്ദര്‍ജംഗ് ടോംബ്.', അച്ഛന്‍ ഇത്രയും വിശദീകരിച്ചപ്പോള്‍ ശ്രീക്കുട്ടന് ചരിത്രം വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു.

' ഈ ടോംബ് പണി കഴിപ്പിച്ചത് ആരാണച്ഛാ ?', അവന്റെ സംശയം വീണ്ടും ഉണര്‍ന്നു. 

' സഫ്ദര്‍ ജംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ ഷൂജ-ഉദ്-ദൗള അധികാരമേറ്റു.അദ്ദേഹമാണ് ഈ ടോംബ് പണികഴിപ്പിച്ചത്. ഷൂജ ബ്രിട്ടീഷുകാരുമായി പോരാടുകയും തുടര്‍ന്ന് ക്ലൈവുമായി ഒരുടമ്പടിയുണ്ടാക്കി മുഗളന്മാരുടെ അധീനതയില്‍ നിന്നും പൂര്‍ണ്ണമായി മോചനം നേടുകയും ചെയ്തു. തുടര്‍ന്ന് സാഹിത്യം, സംഗീതം,ചിത്രരചന, വാസ്തുവിദ്യ എന്നീ മേഖലകളില്‍ അവധ് ഉയര്‍ന്ന പദവി നേടി. 1857 ലെ സ്വാതന്ത്യസമര കാലം വരെ അവധിലെ നവാബുമാര്‍ സഫ്ദര്‍ജംഗ് ടോംബ് കാര്യമായി സംരക്ഷിക്കുകയും ചെയ്തു', അച്ഛന്‍ പറഞ്ഞുനിര്‍ത്തി. 

' അച്ഛാ, ടോംബിലെ വശങ്ങളില്‍ കാണുന്ന കെട്ടിടങ്ങള്‍ എന്താണ് ? ', ശ്രീക്കുട്ടന്‍ ചോദിച്ചു

' അവ ഷൂജ-ഉദ്-ദൗളയും കുടുംബവും ദല്‍ഹിയില്‍ എത്തുമ്പോള്‍ താമസിച്ചിരുന്ന ചെറിയ കൊട്ടാരങ്ങളാണ് . പടിഞ്ഞാറുള്ളത് ജംഗ്‌ളി മഹല്‍, അതായത് വനത്തിലെ കൊട്ടാരം. വടക്കുള്ളത് മോത്തി മഹല്‍ അഥവാ പവിഴക്കൊട്ടാരം. തെക്കുള്ളത് ബാദ്ഷാ പസന്ത് അല്ലെങ്കില്‍ രാജാവിന്റെ പ്രിയപ്പെട്ട ഇടം. ഈ കെട്ടിടങ്ങളെല്ലാം ഇപ്പോള്‍ ആര്‍ക്കിയോളജി വകുപ്പിന്റെ കൈയ്യിലാണ്. അവരുടെ ഓഫീസുകള്‍ ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്', അച്ഛന്‍ പറഞ്ഞു. 

 ടോംബ് കണ്ട് പുറത്തിറങ്ങിയപ്പോള്‍ സൂര്യന്‍ അസ്തമിക്കുകയായിരുന്നു. നഷ്ടപ്രതാപത്തിന്റെ നിഴലില്‍ നിശ്ചലമായി നില്‍ക്കുന്ന ടോംബ് ഒരിക്കല്‍ കൂടി നോക്കി നിന്നശേഷം അവര്‍ കാറില്‍ കയറി. 










No comments:

Post a Comment