ദത്തെടുക്കല് - നിയമങ്ങളില് കാതലായ മാറ്റം ആവശ്യമോ?
ഇന്നത്തെ(19.05.2019) ഹിന്ദു പത്രത്തില് കണ്ട ഒരു റിപ്പോര്ട്ട് ഇങ്ങനെ.
പ്രസവിച്ച ഉടനെ കുട്ടികളെ വാങ്ങി വില്ക്കുന്ന ഇടനിലക്കാരെ പിടികൂടാന് ക്രൈംബ്രാഞ്ച് സിഐഡി. തമിഴ്‌നാട്ടിലെ നാമക്കല് ജില്ലയിലെ കൊള്ളി ഹില്സ് ഉള്പ്പെടെ വിവിധ പ്രദേശങ്ങളില് നിന്നും 30 പിഞ്ചുകുട്ടികളെ വിറ്റതായി കണ്ടെത്തിയതിനെ തുടര്ന്നാണ് അന്വേഷണം. പാവപ്പെട്ട സ്ത്രീകള് പ്രസവിക്കുമ്പോള്( അത് ചിലപ്പോള് ബലാല്സംഗത്തിന് ഇരയായ സ്ത്രീയാകാം, അതല്ലെങ്കില് മൂന്നാമത്തെയോ നാലാമത്തെയോ കുട്ടിയാകാം) ഇടനിലക്കാര് എത്തി കുട്ടിക്ക് നല്ല ജീവിതവും പഠനവും ഉറപ്പാക്കി നല്ല മാതാപിതാക്കളെ നല്കാം എന്നു പറഞ്ഞ് സമ്മതിപ്പിച്ച് ഇടപാടു നടത്തുന്നു.
ദത്തെടുക്കാന് തയ്യാറാകുന്നവര് ഇതിനായി 3-4 ലക്ഷം രൂപവരെ കൂലിയായി നല്കുന്നു എന്നും കണ്ടെത്തി്.എന്നാല് ഇതില് ഒരു ചില്ലിക്കാശുപോലും ഈ പാവങ്ങല്ക്ക് നല്കുകയില്ല. അവര് മക്കള് ദാരിദ്യത്തില് നിന്നും രക്ഷപെടട്ടെ എന്നു കരുതി കണ്ണടയ്ക്കുകയാണ്. നഴ്‌സിംഗ് അസിസ്റ്റന്റും ബാങ്ക്് ഉദ്യോഗസ്ഥനുമൊക്കെ ഈ ഇടപാടില് ഉണ്ടെന്നാണ് കണ്ടെത്തല്. കുട്ടികളുടെ ജനന സര്ട്ടിഫിക്കറ്റില് മാതാപിതാക്കളെ മാറ്റി സ്ഥാപിക്കുന്നതിന് 70,000 രൂപയാണ് അധികമായി വാങ്ങുന്നത്.
തട്ടിപ്പിന്റെ കഥയില് ഒരുകാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഈ കുട്ടികളെ വാങ്ങിയവരെല്ലാം മക്കളില്ലാത്തവരും കുട്ടികളെ ദത്തെടുത്ത് വളര്ത്താന് ആഗ്രഹിക്കുന്നവരുമാണ്.
നിയമപരമായി കുട്ടികളെ കിട്ടാനുള്ള ബുദ്ധിമുട്ട്, നീണ്ട കാത്തിരിപ്പ്, പ്രൊസീഡിയറിലെ നൂലാമാലകള് ഒക്കെയാണ് അവരെ ഇതിന് വളഞ്ഞ വഴിയില് പോകാന് പ്രേരിപ്പിക്കുന്നത്. രാജ്യത്തെ അഡോപ്ഷന് നിയമങ്ങള് കുറേകൂടി ലിബറലൈസ് ചെയ്താല് പാവപ്പെട്ട അനേകം കുട്ടികള്ക്ക് നല്ലൊരു ജീവിതം ലഭിക്കാനും മക്കളില്ലാത്തവര്ക്ക് ഓമനിക്കാന് കുട്ടികളെ ലഭിക്കാനും സാഹചര്യമൊരുക്കാം എന്നാണ് എനിക്ക് തോന്നുന്നത്.
ദാരിദ്ര്യത്തില് കഴിയുന്ന കുട്ടികള് പലപ്പോഴും ലൈംഗിക പീഡനങ്ങള്ക്ക് ഇരയായി തീരുന്നു, അവന്/ അവള് മോശപ്പെട്ട സാഹചര്യങ്ങളിലേക്കും അധോലോക ഇടപാടുകളിലേക്കും വഴിതിരിക്കപ്പെടുന്നു. ഇതൊഴിവാക്കാന് പാവപ്പെട്ട മാതാപിതാക്കള്ക്ക് അവരുടെ കുട്ടികളെ ദത്തിന് നല്കാന് കഴിയുന്ന ഒരു സംവിധാനവും അവരെ സ്വീകരിക്കാന് കുട്ടികളില്ലാത്ത ദമ്പതികള്ക്ക് അവസരം നല്കുന്ന ഒരു സംവിധാനവും ഉണ്ടാകേണ്ടതല്ലെ?
ഇപ്പോള് പൊതുവെ നടക്കുന്നത്, ഉപേക്ഷിക്കപ്പെട്ട കുട്ടികളെ ചൈല്ഡ് വെല്ഫെയറില് രജിസ്റ്റര് ചെയ്ത സ്ഥാപനങ്ങളില് വളര്ത്തി ആവശ്യക്കാരായ ദമ്പതികള്ക്ക് ദത്തായി നല്കുന്ന രീതിയാണ്. അതിലും സുതാര്യത തീരെ കുറവാണ്. ഇതിന് പകരം രാജ്യമൊട്ടാകെ ഇത്തരത്തില് ദത്തിനെ സംബ്ബന്ധിച്ച വലിയ അവയര്നസ് നല്കി ദത്തിന് കുട്ടികളെ നല്കാന് തയ്യാറുള്ള മാതാപിതാക്കളെക്കൊണ്ടും കുട്ടികളില്ലാത്ത ദമ്പതികളെ കൊണ്ടും രജിസ്റ്റര് ചെയ്യിച്ച് ഒരു സിംഗിള് പൂളില് നിന്നും ദത്ത് ( ജാതി, മതം, ദേശം ,ഭാഷ എന്നിങ്ങനെ വ്യത്യാസമില്ലാതെ ) എടുക്കാന് അനുവദിക്കുകയും ഓരോ മൂന്നു മാസം കൂടുമ്പോഴും കുട്ടികളുടെ ക്ഷേമം അന്വേഷിക്കാന് ഏജന്സികളെ വച്ചും കുറേപേര്ക്കെങ്കിലും ജീവിതതുല്യത നേടിക്കൊടുക്കാന് പരിശ്രമിച്ചുകൂടെ.
ഇതിലെ വൈകാരിമായ പലതലങ്ങളും പലരും എടുത്തുപറഞ്ഞേക്കാം, എന്നാല് അതിനുമപ്പുറമാണ് ഭൗതികജീവിതം എന്നത് ഒരു യാഥാര്ത്ഥ്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
55 കഴിഞ്ഞവര്ക്ക് കുട്ടികളെ നല്കില്ല, ദമ്പതികളുടെ ആകെ പ്രായം 110ല് കൂടാന് പാടില്ല എന്നിങ്ങനെ ഒരുപാട് സംഗതികളില് കിടന്നുമറിയുന്ന ഈ സംവിധാനത്തെ ലഘുതരമാക്കാന് ആത്മാര്ത്ഥമായ ഇടപെടലേ വേണ്ടൂ. പകരം വികസിത രാജ്യങ്ങള് ഉണ്ടാക്കിവച്ചിട്ടുള്ള നിയമം മെക്കാനിക്കലായി വിവര്ത്തനം ചെയ്ത് ഇന്ത്യന് നിയമമാക്കുന്നതുകൊണ്ട് പലര്ക്കും പലതും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
ഇന്നും മെട്രോ നഗരങ്ങളിലെ തെരുവില് ഉറങ്ങി ഉണരുകയും തീവ്രജീവിതത്തിന്റെ ഇരകളാവുകയും ചെയ്യുന്ന കുട്ടികളെ നമുക്കോര്ക്കാന് ശ്രമിക്കാം, അവര്ക്കൊരു നല്ല ജീവിതം നല്കാന് സര്ക്കാരുകള്ക്ക് കഴിയില്ല എന്നതിനാല് സമ്പത്തുള്ളവരും താത്പ്പര്യമുള്ളവരുമായ വ്യക്തികള്ക്ക് അത് നല്കാനുള്ള അവസരമെങ്കിലും ഉണ്ടാക്കി നല്കാന് സര്ക്കാരുകള് യത്‌നിക്കേണ്ടതുണ്ട്.
No comments:
Post a Comment