Tuesday, 21 May 2019

Firoz sha kotla Delhi


 ഫിറോസ് ഷാ കോട്‌ല

1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 5

  ' ശ്രീക്കുട്ടാ, ടിവിയില്‍ ക്രിക്കറ്റ് കളി കാണുമ്പോള്‍ ഫിറോസ് ഷാ കോട്‌ല മൈതാനത്തെ കുറിച്ച് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലൊ. ഫിറോസ് ഷാ കോട്‌ലയോട് ചേര്‍ന്നു കാണുന്ന മൈതാനമാണത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഐടിഒ ജംഗ്ഷനില്‍ നിന്നും ചുവപ്പുകോട്ടയിലേക്ക് പോകുന്നിടത്ത് വലതുവശത്തായാണ് കോട്‌ല', അച്ഛന്‍ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ശ്രീക്കുട്ടന് ആ സ്ഥലത്തെകുറിച്ച് ഏകദേശ ധാരണ കിട്ടി.

     വൈകുന്നേരത്താണ് ഞങ്ങള്‍ കോട്‌ല കാണാന്‍ പുറപ്പെട്ടത്.

' അച്ഛന്‍ പറഞ്ഞത് ശരി തന്നെ, ഐടിഒയില്‍ നല്ല തിരക്കുതന്നെ', ശ്രീക്കുട്ടന്‍ പറഞ്ഞു.

' വളരെ കാലം മുന്‍പ് കാടുപിടിച്ചു കിടന്ന സ്ഥലമാണിത്. പിന്നീട് ആദ്യം വന്നത് ഇന്‍കംടാക്‌സ് ഓഫീസാണ്. അതുകൊണ്ടാണ് ഐടിഒ ജംഗ്ഷന്‍ എന്നു പേരുവന്നത്. തുടര്‍ന്ന് അനേകം ഓഫീസുകള്‍ സ്ഥാപിക്കുകയും തിരക്കേറുകയും ചെയ്തു', അച്ഛന്‍ പറഞ്ഞു.

     സംസാരിച്ചിരിക്കെ ട്രാഫിക് സിഗ്നല്‍ കിട്ടി. വേഗം തന്നെ ഞങ്ങള്‍ കോട്‌ലയിലെത്തി.

     1351 മുതല്‍ 1388 വരെ ഹിന്ദുസ്ഥാന്‍ ഭരിച്ച പ്രസിദ്ധ തുഗ്ലക്ക് രാജാവായ ഫിറോസ് ഷായാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ആദ്യത്തെ തുഗ്ലക്ക് രാജാവായ ഗിയാസുദീനാണ് തുഗ്ലക്കാബാദ് സ്ഥാപിച്ചത്. രണ്ടാമന്‍ മുഹമ്മദ് ഷാ ബിജയ് മണ്ഡല്‍ സ്ഥാപിച്ചു. മുഹമ്മദ് ഷാ ക്രൂരനും വട്ടനുമായിരുന്നു. അയാള്‍ ഡല്‍ഹിയിലുണ്ടായിരുന്ന ജനങ്ങളെ ഡക്കാണിലെ ദൗലത്താബാദിലേക്ക് കൊണ്ടുപോവുകയും കഷ്ടപ്പെടുത്തുകയും ചെയ്തു. മുഹമ്മദ് ഷായുടെ അളിയനാണ് ഫിറോസ് ഷാ. മുഹമ്മദ് ഷായ്ക്കുശേഷം ഭരണമേറ്റ ഫിറോസ് പട്ടാളത്തെ തിരികെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് സ്വന്തം രാജ്യം സ്ഥാപിച്ചു.

    ജനനന്മ ലക്ഷ്യമാക്കിയാണ് ഫിറോസ് ഷാ പ്രവര്‍ത്തിച്ചത്. അദ്ദേഹം നല്ല അറിവും വിനയവുമുള്ള ആളായിരുന്നു. യുദ്ധങ്ങള്‍ക്ക് പണം ചിലവിടാതെ നാടിന്റെ പുരോഗതിക്കാണ് അദ്ദേഹം പണം ചിലവിട്ടത്. യമുനയില്‍ നിന്നും ജലം കൊണ്ടുവന്ന് കൃഷി നടത്താന്‍ കനാലുകള്‍ സ്ഥാപിച്ചതാണ് അദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും വലിയ വികസന പദ്ധതി.

     ഫിറോസ് ഷാ അധികാരമേല്‍ക്കുമ്പോള്‍ സിരി, വിജയ് മണ്ഡല്‍, കുത്തബിലെ കൊട്ടാരം എന്നിവയുണ്ടായിരുന്നെങ്കിലും യമുനയുടെ തീരത്ത് ഒരു കൊട്ടാരം പണിയാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങിനെയാണ് ഫിറോസ് ഷാ കോട്‌ലയുടെ നിര്‍മ്മാണം നടന്നത്. അതിന് ചുറ്റാകെ വളര്‍ന്ന പട്ടണത്തിന് ഫിറോസ്ഷാബാദെന്ന് പേരുമിട്ടു.

  അച്ഛന്‍ ചരിത്രം തുടരവെ ഞങ്ങള്‍ കോട്‌ലയുടെ ഗേറ്റിലെത്തി. ടിക്കറ്റെടുത്ത് അകത്തു കടന്നു.

  'നോക്കൂ മോനെ, ഇടതുവശം കാണുന്ന ഈ പുല്‍മേടാണ് കൊട്ടാരത്തിലെ പൊതുസ്ഥലം. വലതുവശത്തെ ഹാളുകളില്‍ രാജാവ് ജനങ്ങളെ കാണാന്‍ വന്നിരിക്കുമായിരുന്നു. ചുവപ്പുകോട്ടപോലെ മനോഹരമല്ല കോട്‌ല എങ്കിലും ചരിത്രപരമായ പ്രാധാന്യം കുറച്ചു കാണാന്‍ കഴിയില്ല', അച്ഛന്‍ പറഞ്ഞു.

    ഞങ്ങള്‍ മുന്നോട്ടു നടന്ന് നടുക്കായി കാണുന്ന കെട്ടിടത്തിലേക്ക് കടന്നു. അവിടെയുണ്ടായിരുന്ന ആള്‍ ചെരുപ്പഴിച്ചു വയ്ക്കാന്‍ പറഞ്ഞപ്പോഴാണ് അതൊരു പുരാതന പള്ളിയാണ് എന്നു മനസിലായത്. ജുമാ മസ്ജിദിലെ പോലെ മകുടവും ആഢംബരവുമില്ലെങ്കിലും ധാരാളം പേര്‍ അവിടെ ചന്ദനത്തിരി കത്തിച്ച് പ്രര്‍ത്ഥന നടത്തുന്നത് കാണാന്‍ കഴിഞ്ഞു. ഫിറോസ് ഷായുടെ കാലത്ത് ജുമാമസ്ജിദ് എന്നാണ് ഇൗ പള്ളി അറിയപ്പെട്ടിരുന്നത്.

      പള്ളിയുടെ ഇടതുവശമാണ് ബവോലി. പിരമിഡാകൃതിയില്‍ തീര്‍ത്ത ഈ സ്വകാര്യ മന്ദിരം നിര്‍മ്മിച്ചതിനു പിന്നിലും ഒരു കഥയുണ്ട്. സ്ഥിരമായി വേട്ടയ്ക്കുപോകുമായിരുന്നു ഫിറോസ് ഷാ. ഒരിക്കല്‍ വേട്ടയ്ക്കു പോയപ്പോള്‍ അംബാലയിലെ മനോഹരമായ അശോകസ്തംഭം അദ്ദേഹം കണ്ടു. അതില്‍ മോഹിതനായ രാജാവ് ആ കൂറ്റന്‍ അശോകസ്തംഭം കേടുവരാതെ ഇളക്കി എടുപ്പിച്ച് നാല്‍പ്പത്തിരണ്ട് ചക്രങ്ങളുള്ള വണ്ടിയില്‍ ഇരുനൂറ് ആളുകളെക്കൊണ്ട് വലിപ്പിച്ച് വന്‍ ശ്രമം നടത്തി ഡല്‍ഹിയില്‍ കൊണ്ടുവന്നു. അശോകസ്തംഭം സ്ഥാപിക്കുവാനാണ് പിരമിഡാകൃതിയിലുള്ള കെട്ടിടം നിര്‍മ്മിച്ചത്. ഞങ്ങള്‍ മൂന്നു നിലയുള്ള ആ കെട്ടിടത്തില്‍ കയറി. ആധുനിക യന്ത്രോപകരണങ്ങളില്ലാത്ത ആ കാലത്ത് ഇത്തരമൊരു സാഹസം നടത്തിയത് അത്ഭുതകരമായി തോന്നി. മനുഷ്യര്‍ക്കുണ്ടായ കഷ്ടപ്പാട് ഓര്‍ത്തപ്പോള്‍ രാജാവിന് തോന്നിയ മതിപ്പ് കുറയുകയും ചെയ്തു

 'ഈ അശോക സ്തംഭത്തിനു മുകളില്‍ ഒരു ലോഹമുണ്ടായിരുന്നു. അത് മറാഠികളൊ ജാട്ടുകളൊ പടയോട്ടം നടത്തിയപ്പോള്‍ തട്ടിക്കൊണ്ടുപോയി. നോക്കൂ, ശ്രീക്കുട്ടാ, അശോകസ്തംഭത്തില്‍ കൊത്തിയിരിക്കുന്ന അക്ഷരങ്ങള്‍. അവ പാലി ഭാഷയിലുള്ളതാണ്', അച്ഛന്‍ പറഞ്ഞു.

    ഞാന്‍ തൂണിനടുത്തു ചെന്ന് അതൊക്കെ നോക്കിക്കണ്ടു. കൊട്ടാരത്തിനു പിന്നില്‍ നോക്കെത്താ ദൂരത്താണ് യമുന. അതുകൊണ്ട് സംശയം തീര്‍ക്കാനായി ഞാന്‍ ചോദിച്ചു,' അച്ഛാ, രാജാവ് യമുനയുടെ തീരത്താണ് കൊട്ടാരം നിര്‍മ്മിച്ചത് എന്നല്ലെ പറഞ്ഞത്. എന്നിട്ട് യമുന എത്രയോ ദൂരെയാണ് ? '

  'മോനെ , ഫിറോസ് ഷായുടെ കാലത്ത് യമുന ഇതിനടുത്തുകൂടിയാണ് ഒഴുകിയിരുന്നത്. കാലം കടന്നുപോയപ്പോള്‍ യമുന ചെറുതായി ചെറുതായി ഇന്നത്തെ നിലയിലായതാണ്. '

    വിശാലമായ പഴയ യമുനയെകുറിച്ച് ഓര്‍ത്തപ്പോള്‍ ഇന്നത്തെ അതിന്റെ സ്ഥിതി ശ്രീക്കുട്ടനില്‍ ദുഃഖമുളവാക്കി. യമുന ദൂരെയാണെങ്കിലും ഒരിളം കാറ്റ് മെല്ലെ വന്ന് അവനെ തഴുകി. ആ കാറ്റേറ്റ് കുറേനേരം കൂടി ബവോലിയില്‍ ഇരുന്നിട്ട് അവര്‍ പതുക്കെ പടവുകള്‍ ഇറങ്ങി.




No comments:

Post a Comment