സ്വര്‍ണ്ണം വരുന്ന ദൂഷിത വഴികള്‍
മനോരമ ന്യൂസിലെ റിപ്പോര്‍ട്ടര്‍ എസ്.മഹേഷ്‌കുമാറും ക്യാമറാമാന്‍ സന്തോഷ് പിള്ളയും ചേര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി നല്‍കുന്ന സ്വര്‍ണ്ണ കള്ളക്കടത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ ആശങ്കാജനകമാണ്. നേപ്പാള്‍ വഴിയാണ് ഇപ്പോള്‍ പ്രധാനായും കള്ളക്കടത്ത് നടക്കുന്നത്. നേപ്പാള്‍ വിമാനത്താവളം വഴി ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണവുമായി വരുന്നു. ഇന്ത്യയിലെ പോലെ അത്ര വലിയ കസ്റ്റംസ് പരിശോധനകളില്ലാതെ അവിടെ ഇറങ്ങാന്‍ കഴിയും.
മലയാളികള്‍ ചുക്കാന്‍ പിടിക്കുന്ന വന്‍ ലോബിയാണ് ഇതിന് പിന്നില്‍. അന്യ സംസ്ഥാനക്കാരുമുണ്ട്. സ്വര്‍ണ്ണം മാത്രമല്ല, മയക്കുമരുന്ന്, കള്ളനോട്ട് അങ്ങിനെ എന്തും നേപ്പാള്‍ വഴി കടത്തിക്കൊണ്ടുവരാം. സൗഹൃദരാജ്യം അല്ലെങ്കില്‍ ആശ്രിതരാജ്യം എന്ന ലേബലുള്ള നേപ്പാളിന്റെ അതിര്‍ത്തിയില്‍ ചെക്കിങ്ങില്ല. ചെക്കിംഗുള്ള ഭൂട്ടാന്‍, മ്യാന്‍മാര്‍ അതിര്‍ത്തികള്‍ വഴിയും തീരദേശം വഴി ശ്രീലങ്കയില്‍ നിന്നുപോലും ഈ കൊളള നടക്കുകയാണ്. ഇതിനുപുറമെയാണ് നമ്മുടേതുള്‍പ്പെടെ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണവും മയക്കു മരുന്നും കള്ളപ്പണവും കടത്തി കൊണ്ടുവരുന്നത്. പിടിക്കപ്പെടുന്നവര്‍ വാര്‍ത്തയാകുമ്പോള്‍ പിടിയില്‍പെടാത്തവര്‍ അതിലേറെ.
വളരെ ശ്രദ്ധയര്‍ഹിക്കുന്ന ഒരു വിഷയമാണിത്. നമ്മുടെ എല്ലാ സ്വര്‍ണ്ണവ്യാപാരികളും രാഷ്ട്രീയ നേതൃത്വങ്ങളുമൊക്കെ അറിഞ്ഞുതന്നെയാകാം ഇതൊക്കെ നടക്കുന്നത്. നേപ്പാളില്‍ നിന്നും മറ്റ് അതിര്‍ത്തികള്‍ കടന്നും വരുന്നവരുടെ രേഖകള്‍ പരിശേധിക്കേണ്ടത് വളരെ അനിവാര്യമായിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. ഇതിനു പുറെമെ മെറ്റല്‍ ഡിറ്റക്ടറിന്റെ പരിധിയില്‍പെടാതിരിക്കാന്‍ കുഴമ്പുകളില്‍ കലര്‍ത്തി സ്വര്‍ണ്ണത്തരികള്‍ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള എല്ലാ സ്വര്‍ണ്ണക്കടത്തും തടയാന്‍ കഴിയും വിധമുള്ള സപെഷ്യല്‍ സ്‌ക്വാഡുകളും അവ അഴിമതി മുക്തമാക്കി നിര്‍ത്താനുള്ള സൂപ്പര്‍ ചെക്കിംഗുകളുമൊക്കെ വന്നേ തീരു.
അതല്ലെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക ഘടനയെ നശിപ്പിക്കുന്ന ശക്തിയായി നമ്മുടെ അതിര്‍ത്തികള്‍ മാറും. പാകിസ്താനും ചൈനയുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ അതിന് അരു നില്‍ക്കുമെന്നതില്‍ സംശയമില്ല. താത്ക്കാലിക ലാഭം നോക്കാതെ ദേശസ്‌നേഹം മുന്‍നിര്‍ത്തി ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കും എന്നു പ്രതീക്ഷിക്കാം. പിടിക്കപ്പെടുന്നവര്‍ക്കും പ്രേരണ നല്‍ക്കുന്നവര്‍ക്കുമുളള ശിക്ഷ ഉയര്‍ത്തിയും വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കിയും ജുഡീഷ്യറിയും ഒപ്പം നില്‍ക്കേണ്ടതുണ്ട്. ഇത് രാജ്യനവോത്ഥാനത്തിന് അനിവാര്യമാണ് എന്നുകാണാന്‍ എല്ലാവരും തയ്യാറാകുമെന്നു കരുതാം. അതിന് ജനപ്രതിനിധികളെ പ്രേരിപ്പിക്കാന്‍ വോട്ടറന്മാരായ നമുക്ക് കഴിയണം. കള്ളന്മാര്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ തുറന്നുകാട്ടുകയാവട്ടെ നമ്മുടെ നവോത്ഥാന പ്രവര്‍ത്തനം. മറിച്ച് അവരുടെ കാറുകളില്‍ യാത്ര ചെയ്യലും ആതിഥ്യം സ്വീകരിക്കലും ആകാതിരിക്കട്ടെ.
No comments:
Post a Comment