Tuesday, 11 September 2018

Trip to Gujarat -- 6

പ്രാഗ് മഹല്‍

നഗരക്കാഴ്ച

ഗുജറാത്ത് യാത്ര - ഭാഗം -6

ഭുജ്
 
ഹോഡ്കയില്‍ നിന്നും വീണ്ടും പരന്നൊഴുകുന്ന ഇടങ്ങളിലേക്ക്. ഈ യാത്ര ഭുജിലേക്കാണ്. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഭുജില്‍ 2001ല്‍ വന്ന ഓര്‍മ്മകള്‍ക്ക് ഇപ്പോഴും ജീവനുണ്ട്. അന്ന് നാല് ട്രക്ക് നിറയെ സാധനങ്ങളുമായാണ് ഡല്‍ഹിയില്‍ നിന്നും വന്നത്. വിവിധ മലയാളി സംഘടനകള്‍ ശേഖരിച്ച മരുന്നുകള്‍,കമ്പിളി, ഭക്ഷണം എന്നിങ്ങനെ ദുരിതബാധിതര്‍ക്കാമവശ്യമായ സാധനങ്ങള്‍. എവിടെയും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും നിസ്സഹായരായി നില്ക്കുന്ന മനുഷ്യരും . അതായിരുന്നു ഭൂകമ്പം വിതച്ച നാട്ടിലെ അവസ്ഥ. വന്‍ നിക്ഷേപങ്ങള്‍ സ്വന്തമായുള്ളവര്‍, വലിയ വാഹനങ്ങളും വീടുമുള്ളവര്‍, മികച്ച ജോലി ചെയ്യുന്നവര്‍, ഇവരെല്ലാം ബ്രഡിനുവേണ്ടിയും കുടിവെള്ളത്തിനു വേണ്ടിയും ക്യൂ നില്ക്കുന്ന കാഴ്ച. മനുഷ്യന് എല്ലാം മറക്കാന്‍ കഴിവുള്ളതിനാല്‍ അവര്‍ വീണ്ടും പഴയപോലെ ആയിട്ടുണ്ടാകും. ജാതിയും മതവും സ്റ്റാറ്റസുമൊക്കെ തിരികെ പിടിച്ചിട്ടുണ്ടാകും. ഞാന്‍ ഓര്‍ത്തു.

ഭുജിലെ പ്രാഗ് മഹല്‍ പാലസ്സായിരുന്നു ലക്ഷ്യം. ദര്‍ബര്‍ ഗഡിലാണത്. കച്ച് സ്റ്റഡി സെന്ററും അവിടെയാണ്. 450 വര്‍ഷം മുന്‍പ് നിര്‍മ്മിച്ചതാണ് റാന്‍ നിവാസ്. 2001ലെ ഭൂമി കുലുക്കത്തില്‍ പൊളിഞ്ഞു. റാണിവീട് മാത്രമാണ് ബാക്കിയായത്. മാര്‍ബിളിലെ കൊത്തുപണികളാണ് ഇതിന്റെ പ്രത്യേകത. 1510ലാണ് കൊട്ടാരം നിര്‍മ്മിച്ചത്. റാവു ശ്രീ ഖെന്‍ഗുര്‍ജിയാണ് 1548ല്‍ പണിപൂര്‍ത്തിയാക്കിയത്. പ്രാഗ് മഹല്‍ നിര്‍മ്മിച്ചത് 1865ല്‍ മഹാറാവ് ശ്രീ പ്രാഗാമാന്‍‌ജിയുടെ കാലത്താണ്. കേണല്‍ ഹെന്‍ട്രി സെയിന്റ് ക്ലെയര്‍ പില്ക്കിന്‍സിന്റേതായിരുന്നു ഡിസൈന്‍. നിയോ ഗോത്തിക് സ്റ്റൈലിലാണ് നിര്‍മ്മാണം. ഇറ്റാലിയന്‍ ഇന്റീരിയറും ദര്‍ബാര്‍ ഹാളും വലിയ മുറികളും വരാന്തകളും ആകര്‍ഷണീയ കാഴ്ചകളാണ്.

ചുവന്ന സാന്‍ഡ്സ്റ്റോണും വെള്ള മാര്‍ബിളുമാണ് ഉപയോഗിച്ചിരിക്കുന്നത്. കൊത്തുപണികള്‍ ഒറ്റക്കല്ലുകളിലാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. 150 അടിയുള്ള ക്ലോക്ക് ടവറും മണിയുമാണ് മറ്റൊരാകര്‍ഷണം. പത്തൊന്‍പ‍താം നൂറ്റാണ്ടിലെ കൊളോണിയല്‍ ആര്‍ക്കിടെക്ചറാണ്. അമീര്‍ഖാന്റെ പ്രസിദ്ധമായ സിനിമ ലഗാന്‍ ഷൂട്ട് ചെയ്തത് ഭുജിലായിരുന്നു. പാലസ്സിലും ഷൂട്ടിംഗ് നടന്നിരുന്നു.
ക്ലോക്ക് ടവറിലേക്ക് 56 പടികളാണുള്ളത്. ഒരാള്‍ക്ക് മാത്രം പോകാന്‍ കഴിയും വിധം ഇടുങ്ങിയതാണ് വഴി.

ഇത്തരം ടവര്‍ ഇന്ത്യയില്‍ രണ്ടെണ്ണമാണുള്ളത്. ഒന്ന് ഭുജിലും മറ്റൊന്ന് മുംബയിലും. ഭുജിലെ ടവര്‍ 1865ലാണ് സ്ഥാപിച്ചത്. 1877ല്‍ ക്ലോക്ക് പ്രവര്‍ത്തിച്ചു തുടങ്ങി. അഞ്ചാം നിലവരെയാണ് പടികളുള്ളത്. ആദ്യ നിലയില്‍ താക്കോല്‍ മുകളിലേക്കും താഴേക്കും നീക്കാനുള്ള ഭാരങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. രണ്ടാം നിലയില്‍ സ്ഥാപിച്ചിട്ടുള്ള പെന്‍ഡുലത്തിന് 100 കിലോ തൂക്കമുണ്ട്. മൂന്നാം നിലയിലാണ് ക്ലോക്ക് മഷീനറികള്‍ ഒരുക്കിയിരിക്കുന്നത്. നാലില്‍ മണികളാണുള്ളത്. അതിന്റെ തൂക്കം എഴുനൂറ് കിലോ വരും . അഞ്ചാം നില കാഴ്ച ഗാലറിയാണ്. പുറത്തേക്ക് നോക്കിയാല്‍ ഭുജിന്റെ നഗരക്കാഴ്ചകള്‍ കാണാം.ആദ്യ 15 മിനിട്ടിന് നാല് തവണ, 30 മിനിട്ടിന് എട്ട് തവണ, 45 മിനിട്ടിന് 12 തവണ, അറുപത് മിനിട്ടിന് 16 തവണ എന്ന രീതിയിലാണ് മണി മുഴങ്ങുക.മുഗള്‍ ഭരണകാലത്ത് വടക്കുനിന്നും പലായനം ചെയ്ത കാമാഗര്‍ വംശക്കാരുടെ ചിത്രപ്പണികള്‍ കൊട്ടാരത്തിലുണ്ട്.

ഭുജില്‍ ഇടയ്ക്കിടെയുണ്ടാകുന്ന ഭൂമികുലുക്കത്തെക്കുറിച്ച് അവിടെ ഒരൈതീഹ്യം നിലനില്ക്കുന്നുണ്ട്. അതിങ്ങനെയാണ്. ഭൂമി ഒരു പാമ്പിന്റെു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഭുജില്‍ കൊട്ടാരം നിര്‍മ്മിക്കാന്‍ തീരുമാനിച്ച രാജാവ് അത് നിര്‍മ്മിച്ചത് പാമ്പിന്റെ തലയ്ക്ക് ആണിയടിച്ചായിരുന്നു.അത് തലയില്‍ കൃത്യമായി പതിച്ചുവോ എന്ന് പലര്‍ക്കും സംശയമായി. സംശയം തീരാനായി ആണി ഊരി. അതില്‍ ചോരയുണ്ടായിരുന്നു. തുടര്‍ന്ന് വീണ്ടും അടിച്ചു കയറ്റുമ്പോഴേക്കും പാമ്പ് തല മാറ്റിയിരുന്നു. വാലിലാണ് ആണി കയറിയത്. വാലിലെ ആണി ഊരാനുള്ള ശ്രമത്തിന്റെു ഭാഗമായി പാമ്പ് ഇടയ്ക്കിടെ ഇഴയുമ്പോഴാണ് ഭൂമികുലുക്കമുണ്ടാകുന്നത് എന്നാണ് വിശ്വാസം.

പ്രാഗ് മഹലിനോട് ചേര്‍ന്നു തന്നെയാണ് ഐന മഹല്‍. അവിടത്തെ ഹാള്‍ ഓഫ് മിറര്‍ പഴക്കം ചെന്നെങ്കിലും ശ്രദ്ധേയം. മെയിന്റനന്‍സ് കുറവാണ്. സ്വകാര്യ മേല്‍നോട്ടത്തിലാണ് മഹലുള്ളത്. 1750ല്‍ ലാഖ് പത് ജി നിര്‍മ്മിച്ചതാണ് ഐന മഹല്‍. റാം സിംഗ് മുലമാണ് കലാകാരന്‍. 15 വര്‍ഷം യൂറോപ്പില്‍ കലാപഠനം നടത്തിയ ആളാണ് മുലം. മാണ്ട്വിയില്‍ ഗ്ലാസ്സ് ഫാക്ടറി തുടങ്ങിയാണ് ആവശ്യമായ ഗ്ലാസ്സുകള്‍ തയ്യാറാക്കിയത്. ചാള്‍സ് ഹാര്‍ഡിംഗിന്റെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.

രാജാവായിരുന്ന ശ്രീ മദന്‍സിംഗ്ജി ബ്രിട്ടീഷുകാരമായി നല്ല സൌഹൃദത്തിലായിരുന്നു. മുഗളരുടെ ഭരണകാലത്ത് അവരുടെ അധീശത്വം അംഗീകരിച്ച രാജാക്കന്മാര്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ ചിത്രമുള്ള നാണയങ്ങളാണ് വിനിമയത്തിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്വാതന്ത്യം പ്രഖ്യാപിച്ചതോടെ ജയ്ഹിന്ദ് കൊത്തിയ നാണയം നിര്‍മ്മിച്ചു. ഗ്ലാസ്സ് പെയിന്റിങ്ങുകളും ലിത്തോ പെയിന്റിങ്ങുകളും കൊട്ടാരത്തില്‍ സമൃദ്ധം. ഭുജിലെ സ്വാമി നാരായണ്‍ മന്ദിറും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്.

ഭുജില്‍ നിന്നും മടങ്ങവെ ബചാവോയിലെ ഹോട്ടല്‍ അഷീസില്‍ നിന്നും ഗുജറാത്തി താലി കഴിച്ചു. തക്കാളി കറി, കിഴങ്ങ് കറി,മട്ടര്‍,ദാല്‍,മോര് എന്നിവയും ചപ്പാത്തിയും ചോറും. പരുത്തിയും റാഗിയും സമൃദ്ധി പകരുന്ന ആയിരക്കണക്കിന് ഏക്കര്‍ പാടങ്ങളിലൂടെയുള്ള യാത്ര. ജാംനഗര്‍ റിലയന്‍സിന്റെ സാമ്രാജ്യമാണ്. അവിടെ നിന്നും ദ്വാരകയിലേക്കുള്ള യാത്ര നല്ല പച്ചപ്പിലൂടെയാണ്, കടുകും തുവരയും മല്ലിയുമൊക്കെ തളിര്‍ത്തും പൂത്തും നില്ക്കുന്ന പാടങ്ങള്‍ നല്കുന്ന ഉന്മേഷം, അത് നല്കുന്ന സുഖമുള്ള കാറ്റേറ്റായിരുന്നു യാത്ര.


ഐനമഹലില്‍ നിന്നുള്ള നഗരക്കാഴ്ച

രാധാസ്വാമി മന്ദിര്‍ 



Monday, 10 September 2018

Franco should be arrested

ഫ്രാങ്കോ മുളയ്ക്കല്‍

 ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റ് ചെയ്യപ്പെടണം

ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഭരണ സംവിധാനങ്ങളില്‍ ഏറ്റവും മികച്ചത്  ജനാധിപത്യം തന്നെയാണ്  എന്നതില്‍ സംശയമില്ല. ഇവിടത്തെ നിയമ സംവിധാനം ഒന്ന് ഉറപ്പാക്കുന്നുണ്ട് - All  are equal  before  the  law . പക്ഷെ നാം കണ്ടുവരുന്നത്  മറ്റൊന്നാണ് . ജോര്‍ജ്ജ്  ഓര്‍വെല്ലിന്‍റെ  ആനിമല്‍ ഫാമില്‍  പന്നി നടത്തുന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്. All  are equal , but some are more equal than others .ഇത് എല്ലാ കാലത്തും തുടര്‍ന്നു വരുന്ന ഒരു നെറികേടാണ്. സമ്പന്നനും അധികാരസ്ഥാനത്തുള്ളവനും ഗുണ്ടകളുമൊക്കെ ഈ more equal ല്‍ വരുന്നവരാണ്. ദൈവവിളികേട്ട് , അല്ലെങ്കില്‍ വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി കര്‍ത്താവിന്‍റെ മണവാട്ടി എന്ന പരിവേഷത്തോടെ , പല ഭൌതികസുഖങ്ങളും ത്യജിച്ച്  കന്യാസ്ത്രീയുടെ കുപ്പായമണിയുന്ന ഒരു പെണ്‍കുട്ടി , അവരുടെ പരിശീലന കാലം കഴിയുന്നതോടെ കര്‍മ്മ മണ്ഡലത്തില്‍ പൂര്‍ണ്ണമായും ജീവിതം അര്‍പ്പിക്കുകയാണ്. ആതുര സേവനം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരാവുന്ന അവരെ വേട്ടയാടുന്ന സമീപനമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇത്തരം തോന്ന്യസത്തിന് വഴങ്ങുന്നവരാണ് ഏറെയും എന്നതുകൊണ്ട്  അഹങ്കാരികള്‍ വിഹരിക്കുന്ന ലോകമായി ഇവിടം മാറുന്നു.
നിര്‍മ്മലമായ ജീവിതം നയിക്കുന്ന അനേകം വൈദികന്മാര്‍ക്കും ഉയര്‍ന്ന അധികാരസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കും കളങ്കമാകുന്ന ഈ ന്യൂനപക്ഷത്തെ തള്ളിപ്പറയേണ്ട ആര്‍ജ്ജവം സഭ ഒരുകാലത്തും കാട്ടിയിട്ടില്ല എന്നത് സഭയുടെ ദൌര്‍ബ്ബല്യമായി മാറുകയാണ്. സിസ്റ്റര്‍ അഭയ കേസില്‍ കുറ്റക്കാരെ സംരക്ഷിക്കാനായി സഭയും ഉന്നത അധികാര സ്ഥാനങ്ങളില്‍ വന്നുപെട്ട വിശ്വാസികളും കാട്ടിക്കൂട്ടിയ വൃത്തികേടുകള്‍ ലോകമുള്ളിടത്തോളം നിലനില്‍ക്കുന്നതാണ്. ഇത്തരത്തില്‍ ലോകമൊട്ടാകെ ഒറ്റപ്പെട്ട അനീതികള്‍ നടക്കുന്നുണ്ടാകാം. സഹിക്കുന്നവര്‍ നല്ലവരും തുറന്നു പറയുന്നവര്‍ മോശക്കാരുമായി മാറുന്ന ജനാധിപത്യത്തിന്‍റെ ചീത്തവശം നമ്മള്‍ കാണേണ്ടതുണ്ട്.
ജലന്ധര്‍ ബിഷപ്പ് പ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ളത് സഭയിലല്ല, മറിച്ച് സര്‍ക്കാര്‍ സംവിധാനത്തിലാണ്. പരാതി നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍  നടപടി സ്വീകരിക്കേണ്ട പോലീസ് ദുര്‍ബ്ബലയായ അവരെ നിരന്തരം ചോദ്യം ചെയ്യുകയും ജലന്ധറിലെത്തിയ പോലീസ്  ബിഷപ്പിനെ ഒന്നു കാണാന്‍ പോലും കഴിയാതെ കാത്തിരുന്ന് അപഹാസ്യരായതും മാധ്യമങ്ങളെ ഗുണ്ടകള്‍ ആക്രമിച്ചതുമൊക്കെ കാഴ്ചകളായിരുന്നല്ലൊ.
1800  കോടിയുടെ ആസ്തി ഉള്ള ഫ്രാങ്കോ എന്നാണ് ലൈജു വര്‍ഗ്ഗീസ് കഴിഞ്ഞ ദിവസം പറഞ്ഞത്, ഇത് ചെറിയ കാര്യമല്ല, പണത്തിന് മേലെ പരുന്തും പറക്കില്ല എന്നു പറയുന്നപോലെ , ഭരണ -പ്രതിപക്ഷവും ക്രിസ്തീയ സഭകളുമായി ബന്ധമുള്ള മാധ്യമങ്ങളും പോലീസും ഉള്‍പ്പെടെ നടത്തുന്ന നാടകങ്ങള്‍ തിരിച്ചറിയാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിയും എന്ന് ഇവരൊക്കെ മനസിലാക്കാന്‍ വൈകുന്നത്  കഷ്ടം എന്നേ പറയാന്‍ കഴിയൂ.
സിറോ മലബാര്‍ സഭയും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും മുംബയ് ആര്‍ച്ച് ബിഷപ്പും മാര്‍പാപ്പയും കേരളത്തിലെ വിവിധ സഭകളുടെ നേതാക്കളും ഇവിടെ കാട്ടുന്ന അനീതി നിറഞ്ഞ സമീപനത്തെ യേശുക്രിസ്തുവും യഹോവയും അംഗീകരിക്കില്ല എന്ന് മനസിലാക്കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. കണക്ക് ബോധിപ്പിക്കേണ്ടാത്ത പണമുള്ള,  ദൈവസേവ ചെയ്യുന്നവരുടെ മുന്നില്‍ തറ്റഴിച്ചിട്ട് , കുനിഞ്ഞു നിന്ന്, ഓച്ഛാനിച്ചു നില്‍ക്കുന്ന അധികാരി വര്‍ഗ്ഗം  പൊതുസമൂഹത്തിന്‍റെ മുന്നില്‍ അപഹാസ്യരാകുന്നു എന്നതും ഇത് വോട്ടുബാങ്കിനെ ഭയന്നല്ല, ഇവര്‍ വച്ചുനീട്ടുന്ന പണത്തോട് ആര്‍ത്തിയോടെ നോക്കുന്നതുകൊണ്ടു മാത്രമാണ് എന്നും ജനം മനസിലാക്കുകയാണ്. ഉമ്മന്‍ ചാണ്ടി ഉല്‍പ്പെടെയുള്ള  നേതാക്കള്‍ പരസ്യമായി അപഹാസ്യരാവുമ്പോള്‍ , പി.ടി. തോമസ് എന്ന ശക്തമായ വ്യക്തിത്വമുള്ള  ഒരു നേതാവിനെ മാത്രമെ നമുക്ക്  ഈ സന്ദര്‍ഭത്തില്‍ അഭിമാനത്തോടെ ജനസമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയൂ. പി.സി.ജോര്‍ജ്ജിനെപോലുള്ളവരെ ജയിപ്പിച്ചു വിടുന്ന ജനത്തെകുറിച്ച് നമുക്ക് ലജ്ജിക്കാം. ഫ്രങ്കോ അറസ്റ്റു ചെയ്യപ്പെടും വരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിന് ജാതിയും മതവും രാഷ്ട്രീയവും തടസമാകാതിരിക്കട്ടെ. നീതിപീഠവും ശക്തമായ ഭാഷയില്‍ പ്രതികരിക്കും എന്നും പ്രതീക്ഷിക്കാം.
വാല്‍ക്കഷണം : ശുശ്രൂഷയ്ക്കായി  നിയമിക്കപ്പെടുന്ന വൈദികര്‍ക്ക്  പണവും അധികാരവും കണക്കും കഴിഞ്ഞ് ആത്മീയജീവിതത്തിന് സമയമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. അതുകൊണ്ട്  ദേവസ്വം ബോര്‍ഡ്  പൂജാരികളെ നിയമിക്കുന്ന പോലെ വൈദികരെ നിയമിക്കുന്ന വിധം ഒരു ചര്‍ച്ച് ബോര്‍ഡും അതുപോലെ അധികാരമുള്ള ഒരു വഖഫ് ബോര്‍ഡുമൊക്കെയായി ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടനിലക്കാരാവുന്നവരെ ശമ്പളത്തിന് നിയമിക്കുന്നതാവും ഉചിതം. ദേവാലയങ്ങളില്‍ നിന്നു കിട്ടുന്ന പണം ദൈവസാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന ആതുരാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസനത്തിന്  ഉപയോഗിക്കുകയും ചെയ്യാം.

Trip to Gujarat -- 5

വിസാമോയിലെ താത്ക്കാലിക ടെന്‍റ്

വിസാമോയിലെ പരമ്പരാഗത താമസസൌകര്യം

റസ്റ്റാറന്‍റ്

കുട്ടികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പരമ്പരാഗത വസ്തുക്കള്‍

ഗുജറാത്ത് യാത്ര - ഭാഗം -5
റാന്‍ ഓഫ് കച്ച്
കാലോ ദുഗാറില്‍ നിന്നും യാത്ര തികച്ചും മരുഭൂമി പോലെയുള്ള വിജനമായ പാതയിലൂടെയായിരുന്നു. അവിടവിടെ ആട്ടിന്‍ കൂട്ടങ്ങളും ആട്ടിടയരും മാത്രം. ഭൂമിയുടെ അങ്ങേയറ്റത്തേക്കാണ് യാത്ര എന്നു തോന്നും. രാജസ്ഥാനിലെ താര്‍ മരുഭൂമിയിലൂടെയുള്ള യാത്രയും ഇതേ അനുഭവമാണ് നമുക്ക് സമ്മാനിക്കുക. ഉയരം കുറഞ്ഞ പുല്ലും നിശബ്ദതയും കാറ്റിന്റെ ഹുങ്കാരവും ഒക്കെ ഇടകലരും , അപ്പോള്‍ നമ്മളും അറിയാതെ നിശബ്ദരാകും. തണുപ്പുകാലമായതിനാല്‍ സുഖമുള്ള ചൂടാണ്. വേനല്ക്കാലത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ ഉള്ളകം പൊള്ളി. കച്ച് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഫെസ്റ്റിവല്‍ ഗ്രൌണ്ടില്‍ ഉദ്യോഗസ്ഥരും പോലീസ്സുമുണ്ട്. അവിടവിടെയായി താത്ക്കാലിക റിസോര്‍ട്ടുകളും. വഴിമാറി വന്നതിനാല്‍ റിസോര്‍ട്ട് കണ്ടെത്താന്‍ കുറേ പ്രയാസപ്പെട്ടു. ഉച്ചകഴിഞ്ഞ് രണ്ടരയായതിനാല്‍ എല്ലാവര്‍ക്കും നല്ല വിശപ്പുമുണ്ട്.
ഹോഡ്ക വില്ലേജിലെ റാന്‍ വിസാമോ വില്ലേജ് സ്റ്റേയിലായിരുന്നു താമസം. ഗഗനാണ് റിസോര്‍ട്ട് ഉടമ. പ്രധാന സഹായിയുടെ പേര് ഗുരു എന്നും. നാല് ജോലിക്കാരും ഗഗന്റെ ചിറ്റപ്പനും അവിടെയുണ്ടായിരുന്നു. ചിറ്റപ്പന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഗോത്രവര്‍ഗ്ഗ ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് വന്നിട്ടുള്ള കാര്യം ഓര്‍മ്മിപ്പിച്ചു. നവംബര്‍-ഫെബ്രുവരിയാണ് കച്ച് സീസണ്‍. പിന്നീട് ചൂടും മഴയുമാകും. ആ സമയം റിസോര്‍ട്ടുകള്‍ ഏതാണ്ട് നശിച്ച അവസ്ഥയിലാവും. വെളുത്ത ചെളിയും മണ്ണും ചേര്‍ത്തുണ്ടാക്കുന്ന റിസോര്‍ട്ടുകള്‍ ചാണകം മെഴുകിയതാണ്. സെപ്തംബറില്‍ ഇത് പുതുക്കാന്‍ ആരംഭിക്കും. സീസണ്‍ കഴിഞ്ഞാല്‍ മറ്റ് പണികളില്‍ ഏര്‍പ്പെടും.
ഉച്ചയൂണിന് ചപ്പാത്തിയും ചോറും പരിപ്പും പപ്പടവും കിഴങ്ങുകറിയും പയറും ശര്‍ക്കരയും നാരങ്ങാ അച്ചാറും സോസും സലാഡും മോരുമുണ്ടായിരുന്നു. റിസോര്‍ട്ടില്‍ ടെന്റുകളുമുണ്ട്. ഞങ്ങള്‍ പരമ്പരാഗത വീടുകളിലാണ് താമസിച്ചത്.
സന്തോഷ് മധുരമിടാത്ത ചായയാണ് കുടിക്കുക. അത് മോറി ചായ്. ഞങ്ങള്‍ക്കുള്ളത് മീഠി ചായ്. ചായയും രുചിച്ച് നാല് മണിക്ക് വൈറ്റ് ഡസര്‍ട്ടിലേക്ക് യാത്ര തിരിച്ചു. ഉപ്പ് കലര്‍ന്ന മണ്ണുള്ള മരുഭൂമിയില്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ തിളക്കം. ഇതാണ് ശുഭ്രമരുപ്രദേശം. അവിടവിടെ ജലാശയങ്ങള്‍ കാണാം. കടുത്ത ഉപ്പ്ജലം അടിഞ്ഞുകൂടിയ ഇടങ്ങള്‍. വൈറ്റ് റാന്‍ അവസാനിക്കുന്നത് ഒരു നിശ്ചല തടാകത്തിലാണ്. അതിന് ഒരു കടലിന്റെ സ്വഭാവമുണ്ട്. അവിടെ സൂര്യാസ്തമയം കാണാന്‍ ആയിരങ്ങള്‍ കൂടിയിട്ടുണ്ടായിരുന്നു. ഇതേ സമയം താര്‍ മരുഭൂമിയിലെ തിരക്കും ഞാന്‍ ഓര്‍ത്തുപോയി.
അവിടത്തെ വ്യൂപോയിന്റ് മനോഹരമായ ഒരാര്‍ക്കിടെക്ചറാണ്. ഇരുമ്പില്‍ തീര്‍ത്ത സ്ട്രക്ചര്‍. റാന്‍ ഗുജറാത്തിന്റെ അതിര്‍ത്തിയാണ്, ഇന്ത്യയുടെയും. നോക്കെത്താ ദൂരം തടാകമാണ്. അതിനപ്പുറം പാകിസ്ഥാനും. ഇവിടെ അതിര്‍ത്തി രക്ഷ ചുമതല ബിഎസ്എഫിനാണ്. എന്നാല്‍ റാനില്‍ ഗുജറാത്ത് പോലീസിന്റെ ഒരു ശാഖയുണ്ട്. ബോര്‍ഡര്‍ വിംഗ് ഓഫ് സ്റ്റേറ്റ് പോലീസ്. അസ്തമയ സൂര്യന്റെ കാഴ്ച മനോഹരം. അപ്പോള്‍ മറുവശം പൂര്‍ണ്ണചന്ദ്രനുദിച്ചു. അടുത്ത ദിവസം സൂപ്പര്‍ മൂണ്‍ ഡേ ആണ്. ഞാന്‍ കാഴ്ചകള്‍ കുഞ്ഞ് മൊബൈലില്‍ പകര്‍ത്തി ലയിച്ചു നില്ക്കെ പിറകിലെ ഒച്ചയും ബഹളവും കേള്‍ക്കുന്നുണ്ടായിരുന്നില്ല. രാധാകൃഷ്ണന്‍ പിടിച്ചുമാറ്റിയപ്പോഴാണ് ആ നിമിഷത്തിന്റെ ഭീകരത ബോധ്യപ്പെട്ടത്. ഒട്ടക വണ്ടിയിലാണ് പലരും വ്യൂപോയിന്റില്‍ എത്തുന്നത്. ഈ വണ്ടിക്ക് ബ്രേക്കോ ഒട്ടകത്തിന് കടിഞ്ഞാണോ ഇല്ല. പുറപ്പെട്ടാല്‍ ഡസ്റ്റിനേഷനിലെ അവന്‍ നില്ക്കൂ. ഇടയ്ക്കുള്ള പ്രതിബന്ധങ്ങള്‍ നോക്കാറില്ല. ഒരു ഒട്ടക വണ്ടിയില്‍ കുറഞ്ഞത് പതിനഞ്ച് ആളുകളെങ്കിലും കാണും. ഞാന്‍ റോഡിന്റെ നടുക്കായിരുന്നു. തൊട്ടുപിന്നില്‍ ഒട്ടക വണ്ടിയും. ഒന്നുകില്‍ വണ്ടിയുടെ ചക്രം അല്ലെങ്കില്‍ ഒട്ടകത്തിന്റെ ചവിട്ട്. രണ്ടിലൊന്ന് ഉറപ്പായിരുന്നു. പിന്നീടതോര്‍ക്കുമ്പോഴൊക്കെ ഭയം നിറയുമായിരുന്നു.
കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജീവിച്ച അജിത് കുമാര്‍ രാജ്യത്തിന്റെ അതിര്‍ത്തിയായ വൈറ്റ് റാനില്‍ വച്ച് ഒട്ടകത്തിന്റെ ചവിട്ടേറ്റ് മരിച്ചു അഥവാ ഒട്ടകവണ്ടി തട്ടി തവിടുപൊടിയായി എന്ന വാര്‍ത്ത മനസ്സിന് മുന്നില്‍ എഴുതി വരും. ഒരു സാഹിത്യകാരന്‍ എന്നറിയപ്പെടാനും മേല്‍പ്പിടിയാന്‍ ആഗ്രഹിച്ചിരുന്നു എന്നു കൂടി ഞാനതിനൊപ്പം എഴുതിച്ചേര്‍ക്കുമായിരുന്നു. വിധിയെ തടുക്കാന്‍ ബ്രഹ്മനും കഴിയാ എന്നാരോ പറയുമ്പോഴാണ് ഞെട്ടിയുണരുക. ഇപ്പോഴും ആ ഞെട്ടല്‍ പൂര്‍ണ്ണുമായും വിട്ടുപോയിട്ടില്ലെങ്കിലും കുറഞ്ഞിട്ടുണ്ട്. മൌലാനയുടെ കുതിര ലാഖ വലിച്ച വണ്ടിയില്‍ റാനില്‍ നിന്നും മടങ്ങി. ഒട്ടക വണ്ടികളെ പിന്നിലാക്കിയായിരുന്നു ലാഖയുടെ ഓട്ടം. അവന് 250 രൂപ നല്കി. ലാഖയ്ക്ക് സ്പെഷ്യല്‍ തീറ്റ നല്കണം എന്നു പറഞ്ഞപ്പോള്‍ മൌലാന ചിരിച്ചു. കൊടുക്കാം എന്നാണോ ഇല്ല എന്നാണോ ആ ചിരിയുടെ അര്‍ത്ഥമെന്നറിയില്ല.
തിരികെ വിസാമോയിലെത്തി. അവിടെ രാത്രിയില്‍ സംഗീത പരിപാടിയുണ്ടായിരുന്നു. ദാന കാനയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രാജ കാന സന്തൂര്‍ വായിച്ചു. ഏക് താരയും ഖിര്‍ത്താറുമുണ്ടായിരുന്നു. അലൂമിനിയം കലത്തിന് മുകളില്‍ തോല്‍ ചുറ്റിയ നിലയിലാണ് ഖിര്‍താര്‍. കാന പഞ്ചയാണ് ഉപകരണം വായിച്ചത്. കബീര്‍ ദാസിന്റെയും മീരയുടെയും ഭജനുകള്‍ ഹര്‍ജി ഉദോസയും കേസ ദാനയും ആലപിച്ചു.
രാവിലെ റിസോര്‍ട്ടിനു മുന്നില്‍ പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും അലങ്കാര വസ്തുക്കളുമായി പെണ്‍കുട്ടികള്‍ എത്തി. നല്ല തിളക്കവും നിറവുമുള്ള വസ്ത്രങ്ങള്‍, മൂക്കില്‍ വലിയ അലങ്കാരച്ചന്തം,നിറഞ്ഞ ചിരി. മോനിഷ,കവിത,ശാന്ത,ഖോര എന്നിവരാണ് കുട്ടിത്താരങ്ങള്‍. മൂന്നും അഞ്ചും ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍. വീടുകളില്‍ നിര്‍മ്മിച്ച ബാഗ്,കമ്മല്‍,കീ ചെയിന്‍ തുടങ്ങി വിവിധ വസ്തുക്കള്‍ വില്‍പ്പനയ്ക്കായി നിരത്തി. ദീപാവലി അവധി കഴിഞ്ഞിട്ടില്ല, അതുകൊണ്ടാണ് സ്കൂളില്‍ പോകാത്തതെന്ന് അവര്‍ പറഞ്ഞു. എല്ലാവരും ഓര്‍മ്മയ്ക്കായി ചില സുവനീറുകള്‍ വാങ്ങി. ആവശ്യമുണ്ടായിട്ടല്ല, ആ കുട്ടികളുടെ സന്തോഷവും പുഞ്ചിരിയും കാണാനായി. ബിസ്സിനസ്സില്‍ അവര്‍ തികഞ്ഞ സ്മാര്‍ട്ട്നസ്സ് കാട്ടി.
കച്ചിലെ ക്ലേ റിലീഫുകളിലെ മിറര്‍ വര്‍ക്കുകള്‍ പ്രസിദ്ധമാണ്. അവരുടെ പരമ്പരാഗത കുടിലുകളില്‍ നമുക്കിത് കാണാം. അവരുടെ ഭിത്തികളും ഉപകരണങ്ങളും ചിത്രങ്ങളാലും കണ്ണാടിത്തുണ്ടുകളാലും തിളങ്ങുന്നവയാണ്. മുളയിലുള്ള ഫ്രെയിമില്‍ വൈറ്റ് ക്ലെ ഉപയോഗിച്ചാണ് വീട് നിര്‍മ്മിക്കുക. ധാന്യപ്പുര,വസ്ത്രങ്ങള്‍,വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെ സൂക്ഷിപ്പുപുര, ഇരിപ്പിടങ്ങള്‍,അലമാരകള്‍,ഭിത്തി തുടങ്ങി എല്ലാം ഇത്തരത്തില്‍ നിര്‍മ്മിക്കും. ജനാലകളും കതകുകളും അലങ്കരിക്കും. ഈ മേഖലയില്‍ ലോകപ്രശസ്തനാണ് ബാബര്‍ ഭുര. മേഘ്വാള്‍ സമുദായത്തിലുള്ള ഭുരയും സഹോദരങ്ങളും മക്കളും ചെറുമക്കളും ഈ മേഖലയില്‍ മിടുക്കര്‍. ബാസാര്‍ ഭുരയുടെ സഹോദരീ പുത്രനാണ് ഗഗന്‍. തുകലിലും തുണി എംബ്രോയിഡറിയിലും ക്ലേ വര്‍ക്കിലും മിറര്‍ വര്‍ക്കിലും മിടുക്കരായ ഇവരുടെ കൂട്ടുകുടുംബം ഹോഡ്കയിലെ ബാനി ഗ്രാമത്തിലാണ് താമസിക്കുന്നത്. എണ്‍പതംഗങ്ങള്‍ അടങ്ങുന്നതാണ് ഈ കുടുംബം. സ്ത്രീകളാണ് ജോലിയില്‍ മികവ് പുലര്‍ത്തുന്നവര്‍. 25 വര്‍ഷം മുന്‍പ് ഈ ജോലി വാണിജ്യവത്ക്കരിക്കപ്പെട്ടു. അതോടെയാണ് പുരുഷന്മാരും രംഗത്ത് വന്നത്. ഭുരയുടെ അഞ്ച് സഹോദരന്മാരും രണ്ട് സഹോദരിമാരും നാല് പെണ്മക്കളും രണ്ട് ആണ്മക്കളും ഇപ്പോള്‍ ഈ രംഗത്ത് സജീവമാണ്.
രണ്ടാം ക്ലാസ്സ് പഠനം മാത്രമുള്ള ഭുര ഇപ്പോള്‍ ലോകമറിയുന്ന കലാകാരനാണ്. പണ്ട് കൈയ്യും കണ്ണും മനസ്സും മാത്രമറിഞ്ഞ് ചെയ്തുവന്ന ജോലിക്ക് ഇപ്പോള്‍ അളവുകളുണ്ട്. കൂടുതല്‍ പ്രൊഫഷണലായി എന്നു പറയാം. കഴിവതും പാരമ്പര്യത്തിലൂന്നിയാണ് ജോലി ചെയ്യുക. ഇപ്പോള്‍ പ്ലൈ കൂടി ഉപയോഗിക്കുന്നുണ്ട് നിര്‍മ്മാണത്തിനായി. മെഷീന്‍ പ്രിന്റഡ് വര്‍ക്കുകളും വന്നുതുടങ്ങിയിട്ടുണ്ട്. ഇത് പരമ്പരാഗത രീതികളെ നശിപ്പിക്കുമെന്ന ആശങ്കയും കലാകാരന്മാര്‍ക്കുണ്ട്. ഭുരയുടെ വര്‍ക്കുകള്‍ അഹമ്മദാബാദ്,മുംബയ്,ഡല്‍ഹി,ജര്‍മ്മനിയിലെ ലീപ്സിംഗ് ഗ്രാനി മ്യൂസിയം എന്നിവിടങ്ങളിലുണ്ട് എന്നു പറയുമ്പോള്‍ ഗഗന്റെ മുഖത്ത് അഭിമാനം തിളങ്ങി.
വിസാമോയില്‍ പ്രാതലായി കിട്ടിയത് പൊഹയായിരുന്നു. പൊഹ എന്നാല്‍ അവില്‍ ഉപ്പുമാവ്. ബ്രഡ്,ബട്ടര്‍,ജാം എന്നിവയുമുണ്ടായിരുന്നു. അവിടെ നിന്നും ഗ്രാമവാസികള്‍ താമസിക്കുന്നിടത്ത് പോയി. പരമ്പരാഗത വീടുകളില്‍ എല്ലാവരും കൈത്തൊഴില്‍ ചെയ്യുന്നു. പരിസരം അത്ഭുതകരമാംവിധം വൃത്തിയുള്ളതായിരുന്നു. അഴുക്കും മോശമായ ഗന്ധവുമൊന്നുമില്ലാതെ ഒരു ഗ്രാമം കാണുക അപൂര്‍വ്വം. അവിടെ നിര്‍മ്മിക്കുന്ന മനോഹരമായ ചിത്രപ്പണികളുള്ള ബെഡ്ഷീറ്റുകളും രജായികളും അന്യദേശങ്ങളിലേക്ക് പോകുന്നുണ്ട്. പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ മിടുക്കര്‍. പലവിധ അലങ്കാര വസ്തുക്കളും അവിടെ നിര്‍മ്മിക്കുന്നുണ്ട്. കുറേ കീചെയിനുകള്‍ അവിടെനിന്നു വാങ്ങി. ഗുജറാത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന മരം ദേശി ബാവ്ഡിയ എന്ന മുള്‍ച്ചെടിയാണ്. പുളിയുള്ള ഫലം നല്കുന്ന ഗുരാ സാംമ്ലിയും ഗ്രാമത്തില്‍ കാണാന്‍ കഴിഞ്ഞു. അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വളരെ അടുപ്പമുള്ള ചില സുഹൃത്തുക്കളെ വിട്ടുപോകുംപോലെ തോന്നി. എനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അതേ വികാരം തന്നെയായിരുന്നു. നിഷ്ക്കളങ്കരായ മനുഷ്യര്‍ സമ്മാനിക്കുന്ന ചില മധുരങ്ങള്‍.
റാന്‍ ഓഫ് കച്ചിലെ പ്രധാന വാഹനം

സന്ദര്‍ശകരെ കാത്ത്

ഉപ്പ് നിറഞ്ഞ തടാകം

റാനിലെ അസ്തമയം

റാനിലെ വ്യൂ പോയിന്‍റ്

വൃത്തിയും സൌന്ദര്യവുമുള്ള ഗ്രാമീണ വീട്

ഗ്രാമം 

Saturday, 8 September 2018

Trip to Gujarat --- 4

ബചാവു എക്സ്പ്രസ് ഹൈവെ 

ഒട്ടകങ്ങളുടെ കൂട്ടം

ഒട്ടക ഉടമ ഷെറീഫ്

കാലോ ദുഗര്‍

ഉപ്പുരസമുള്ള  മണ്ണ്
ഗുജറാത്ത് യാത്ര -- ഭാഗം -- 4
കാലോ ദുഗര്‍
രാവിലെ അഞ്ചുമണിക്ക് പാഠനില്‍ നിന്നും പുറപ്പെട്ടു. നോക്കെത്താ ദൂരം നീണ്ടുകിടക്കുന്ന പരന്ന റോഡിലൂടെ അതിവേഗം വണ്ടിയോടി. സംസ്ഥാന റോഡ് വികസന കോര്‍പ്പറേഷനാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. എങ്ങും ഒരു ഗട്ടറുമില്ലാത്ത റോഡ്. ശുക്ലി നദി കടന്നുള്ള യാത്ര. കണ്ണുകള്‍ എത്തുന്നതിനും അപ്പുറം പരന്നു കിടക്കുകയാണ് പാടങ്ങള്‍. രാധന്‍പൂര്‍ മുതല്‍ ബചാവു വരെ എക്സപ്രസ്സ് ഹൈവേയാണ്. രാധന്‍പൂരിലെ ജൈനക്ഷേത്രം മനോഹരവും ശ്രദ്ധേയവുമാണ്. എന്നാല്‍ ചരിത്രപരമായ പ്രാധാന്യം ഒട്ടില്ലതാനും. ഇത്തരത്തിലുള്ള ജൈനക്ഷേത്രങ്ങള്‍ ഗുജറാത്തില്‍ ധാരാളം കാണാന്‍ കഴിയും. എക്സ്പ്രസ്സ് ഹൈവേയില്‍ ഒരു ട്രക്ക് തലകീഴായി കിടക്കുന്നത് കണ്ടു. അടുത്തായി തകര്‍ന്നടിഞ്ഞ ഒരു കാറും. മെച്ചമായ റോഡും അതിവേഗവും വരുത്തുന്ന അപകടങ്ങളാണ് ഇപ്പോള്‍ റോഡിലെ പുതിയ വെല്ലുവിളി.
പാഠന്‍ ജില്ല അവസാനിക്കുന്നിടത്ത് ഒരു തടാകം കണ്ടു, ധാരാളം ദേശാടനപ്പക്ഷികളും. ഉപ്പുള്ള മണ്ണാണ് അവിടെയെല്ലാം. ഹോട്ടല്‍ സഹയോഗില്‍ പ്രഭാത ഭക്ഷണത്തിനിറങ്ങി. ടോയ്ലറ്റ് വളരെ മോശം നിലയിലായിരുന്നതിനാല്‍ ഭക്ഷണം കഴിക്കാന്‍ നില്ക്കാതെ അവിടെ നിന്നിറങ്ങി. പിന്നീട് ബചാവുവിലെ ഹോട്ടല്‍ ശിവ് ഇന്‍റര്‍നാഷണലില്‍ കയറി. നല്ല വൃത്തിയുള്ള ഇടം. പൂരിയും കറിയും വാങ്ങിക്കഴിച്ചു. വില കൂടുതലാണ്. അഞ്ചുപേര്‍ക്ക് ആയിരം രൂപയ്ക്ക് മുകളിലായി.
പാഠനില്‍ നിന്നും 360 കിലോമീറ്റര്‍ അകലെയാണ് ഭുജിലെ കച്ച്. യാത്രയില്‍ എവിടെയും എണ്ണയ്ക്കായി കൃഷി ചെയ്യുന്ന ആവണക്കിന്‍ പാടങ്ങള്‍ കാണാം. ഞങ്ങള്‍ എത്തിച്ചേര്‍ന്നത് കാലോദുഗ്ഗാറിലേക്കും റാന്‍ ഓഫ് കച്ചിലേക്കുമുള്ള യാത്രയുടെ പാസ്സ് നല്കുന്ന ബരിന്‍ഡിയ ചെക്ക്പോസ്റ്റിലാണ്. അവിടെ പേരയ്ക്ക വില്ക്കുന്ന മീനാക്ഷരിക്ക് എട്ടു വയസ്സുണ്ടാകും. നിര്‍മ്മലമായ ചിരിയും കച്ചവട തന്ത്രങ്ങളുമായി അവള്‍ അടുത്തുവന്നു. പേരയ്ക്കയ്ക്ക് ജാംഫല്‍ എന്നാണ് ഗുജറാത്തിയില്‍ പറയുക. മൂന്ന് പേരയ്ക്കയും അതിനുള്ള മസാലയും കൂടി പത്ത് രൂപയാണ്. “സര്‍, നല്ല മധുരമുള്ള പേരയ്ക്കയാണ്. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നും”, അവള്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസം സൌജന്യവും നിര്‍ബ്ബന്ധിതവുമാക്കിയിട്ടുള്ള ഇന്ത്യയുടെ ഭാഗമാണ് ഗുജറാത്ത്. പക്ഷെ മീനാക്ഷരി സ്കൂളില്‍ പോകുന്നില്ല. അവളുടെ ജ്യേഷ്ടന്‍ കിരണിന് പത്ത് വയസ്സുണ്ടാകും. അവനും പേരയ്ക്ക വില്ക്കുകയാണ്. അച്ഛനും അമ്മയുമില്ല എന്നാണ് അവര്‍ പറഞ്ഞത്. അത് കച്ചവടത്തിലെ സഹതാപ തന്ത്രമാണെന്ന് മുകേഷ് പറഞ്ഞു. അച്ഛനമ്മമാരും അവിടെ കച്ചവടം ചെയ്യുന്നുണ്ടാകുമെന്ന് അയാള്‍ പറഞ്ഞു. അഥവാ അത് കളവാണെങ്കിലും ആ കുട്ടികളുടെ നിഷ്ക്കളങ്കമായ കള്ളത്തരം നമ്മില്‍ ദേഷ്യം ഉണര്‍ത്തില്ല എന്നതാണ് സത്യം.
പാസ്സിന് 650 രൂപയാണ്. പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ത്ത് വാഹനം മുന്നോട്ട് നീങ്ങി. മരുഭൂമി പോലെ വിജനമായ റോഡില്‍ പെട്ടെന്ന് മണികിലുക്കവുമായി ഒരൊട്ടകക്കൂട്ടം പ്രത്യക്ഷമായി. നൂറോളം ഒട്ടകങ്ങളുണ്ട്. തീറ്റ കഴിഞ്ഞ് ഗ്രാമത്തിലേക്ക് പോവുകയാണ് ഒട്ടകങ്ങള്‍. രാജസ്ഥാനില്‍ നിന്ന് ആളുകള്‍ വന്ന് ഒട്ടകങ്ങളെ വാങ്ങും. അതിനായി വളര്‍ത്തുകയാണ് ഇവരെ. കഴുത്തില്‍ കെട്ടിയ മണിയുടെ സംഗീതം ഇമ്പമുള്ളതാണ്. പച്ചിലകള്‍ അപൂര്‍വ്വമാണെങ്കിലും അതാണ് പ്രധാന തീറ്റ. വണ്ടി നിര്‍ത്തി എല്ലാവരും ഇറങ്ങി ഫോട്ടോ എടുത്തു. ഉടമ ഷറീഫുമായി സംസാരിച്ചു. അഴുക്കും പൊടിയും നിറഞ്ഞ വസ്ത്രങ്ങളും മുഖവും തവിട്ടുനിറമുള്ള പല്ലുകളുമായി ഷെറീഫ്. നിന്ന് സംസാരിക്കാന്‍ സമയമില്ല. മരുഭൂമിയിലെ കപ്പലുകള്‍ പലവഴിക്കായി പോകും. ഇത്രയും വലിയ ഒരു കൂട്ടം ജീവികളെ നിയന്ത്രിക്കുന്നത് ഈ ചെറിയ മനുഷ്യനും അയാളുടെ ഭാര്യയുമാണ്. മനുഷ്യന്‍റെ തലച്ചോറ്, അത് മാത്രമാണ് അവനുള്ള ശക്തി എന്നു തോന്നിപ്പോയി ഒരു നിമിഷം. അയാള്‍ ഒരു ചിത്രത്തിന് പോസ് ചെയ്തശേഷം ഒട്ടകങ്ങള്‍ക്ക് പിന്നാലെ ഓടി.
പടിഞ്ഞാറന്‍ ഗുജറാത്തിലെ അവസാന ഗ്രാമമാണ് ഖാവ്ട. കാലോ ദുഗറിലേക്കുള്ള യാത്രയിലാണിത്. കാലോ ദുഗര്‍ എന്നാല്‍ കറുത്ത കുന്ന്. ഇങ്ങനെ പേര് വരുവാനുള്ള കാരണം അറിയില്ല. എങ്കിലും അവിടെ നിന്നുള്ള കാഴ്ച അപാരമാണ്. റാന്‍ ഓഫ് കച്ചിന്‍റെ വിശാലമായ കാഴ്ചയിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്ന ഇടമാണ് കാലോ ദുഗര്‍. പ്രഭാതവും സായാഹ്നവുമാണ് കാഴ്ചയ്ക്ക് മനോഹരം. പക്ഷെ ഞങ്ങള്‍ എത്തിയത് നട്ടുച്ചയ്ക്കായിരുന്നു. കാലോ ദുഗറിനപ്പുറം പാകിസ്ഥാനാണ്. 462 മീറ്റര്‍ ഉയരമുള്ള കാലോ ദുഗറാണ് കച്ചിലെ ഏറ്റവും ഉയര്‍ന്ന സ്ഥലവും. ദൂജില്‍ നിന്നും 97 കിലോമീറ്ററും ഖാവ്ടയില്‍ നിന്നും 25 കിലോമീറ്ററും ദൂരമുണ്ട് ഇവിടേക്ക്.
പാകിസ്ഥാന്‍ അതിര്‍ത്തിയായ ഇവിടെ ശക്തമായ സൈനിക സാന്നിധ്യവുമുണ്ട്. 400 വര്‍ഷം പഴക്കമുള്ള ദത്താത്രേയ ക്ഷേത്രം അവിടത്തെ മറ്റൊരാകര്‍ഷണമാണ്. ബ്രഹ്മാവും വിഷ്ണുവും ശിവനും ഒന്നു ചേര്‍ന്ന രൂപമാണ് ദത്താത്രേയ. ദത്താത്രേയ ഒരിക്കല്‍ ഭൂമിയില്‍ ഇറങ്ങി നടക്കുമ്പോള്‍ ഇവിടെ പട്ടിണി കിടക്കുന്ന കുറുക്കന്മാരെ കണ്ടു എന്നും അവര്‍ക്ക് കഴിക്കാന്‍ സ്വന്തം ശരീരം ഭക്ഷണമായി നല്‍കി എന്നുമൊരു വിശ്വാസം ഇവിടെയുണ്ട്. അവര്‍ കഴിക്കുന്തോറും ശരീരം പുനസൃഷ്ടിക്കപ്പെട്ടു എന്നും വിശ്വാസികള്‍ പറയുന്നു. അതിന് ശേഷം ഈ ക്ഷേത്രമുണ്ടായെന്നും എല്ലാ ദിവസവും കുറുക്കന്മാര്‍ക്ക് പൂജ കഴിഞ്ഞ് പ്രസാദവും ചോറും നല്കി വരുന്നുണ്ടെന്നും ഇവിടത്തുകാര്‍ പറഞ്ഞു.ദത്താത്രേയയുടെ ഭക്തനായ ലാഖ്ഗുരു ഇവിടെ താമസിച്ചിരുന്നെന്നും അദ്ദേഹം കുറുക്കന്മാര്‍ക്ക് തീറ്റ നല്കി വന്നു എന്നുമാണ് മറ്റൊരു ഐതീഹ്യം. ഒരു ദിവസം ഭക്ഷണമില്ലാതിരുന്നപ്പോള്‍ അദ്ദേഹം സ്വശരീരം മുറിച്ച് നല്കി എന്നാണ് ആ ഐതീഹ്യത്തില്‍ പറയുന്നത്. കാലോ ദുഗാറിലെ രാജാവിനെ പരീക്ഷിക്കാന്‍ ദത്താത്രേയ കാട്ടുകുറുക്കനായി വന്ന് ഭക്ഷണം ചോദിച്ചുവെന്നും രാജാവ് ശരീരത്തിന്‍റെ ഒരു ഭാഗം മുറിച്ചു നല്കികയെന്നുമാണ് മറ്റൊരു കഥ.
കഥകള്‍ എന്തൊക്കെയായാലും കുറുക്കന്മാര്‍ വരുന്നതും ഭക്ഷണം കഴിക്കുന്നതും ഒരു സത്യമാണ്. മുന്‍പ് ഇരുപതിലേറെയുണ്ടായിരുന്ന കുറുക്കന്മാര്‍ ഇപ്പോള്‍ എട്ടായി കുറഞ്ഞിട്ടുണ്ടെന്നു മാത്രം. അവര്‍ കഴിക്കുന്നത് ക്ഷേത്രത്തിലെ പ്രസാദവും ചോറുമാണ്.
കാലോ ദുഗറിലെ ഭൂരിപക്ഷം ജനങ്ങളും മുസ്ലിം മത വിശ്വാസികളാണ്. അവിടെ മീഠോ മാവ് വില്ക്കു ന്ന ഹാറൂണിനെ പരിചയപ്പെട്ടു. പാലും പഞ്ചസാരയും കുറുക്കി ഏലയ്ക്ക ചേര്‍ത്താണ് മിഠോമാവ് തയ്യാറാക്കുന്നത്. നൂറുഗ്രാമിന് 30 രൂപ. ദിവസം 100-150 രൂപ കിട്ടുമെന്ന് ഹാറൂണ്‍ പറഞ്ഞു. ജലം തീരെ കുറവുള്ള പ്രദേശമായതിനാല്‍ എല്ലാവരും മുഷിഞ്ഞ നിലയിലാണ് കാണുന്നത്. പാനും ബീഡിയും പ്രധാനം. ഉയരങ്ങളില്‍ പറന്ന് അനങ്ങാതെ നില്ക്കുന്ന പരുന്തുകള്‍ ധാരാളം. ഇവയ്ക്ക് മൊണ്ടാഗൂസ് ഹാര്‍മനര്‍ എന്ന് വിളിപ്പേര്. കള്ളിമുള്ളുകളും ധാരാളമായുണ്ട്. ഇവിടം കടലായിരുന്നു എന്നും ചരിത്രം പറയുന്നു.
ഒട്ടകപ്പുറത്ത് വെറുതെ ഒന്നു യാത്ര ചെയ്തു. മുന്നില്‍ ഞാനും പിറകില്‍ രാധാകൃഷ്ണനുമായിരുന്നു. ഒട്ടകം എഴുന്നേല്ക്കുമ്പോഴും ഇറങ്ങാനായി ഇരിക്കുമ്പോഴും ഒരു പേടി തോന്നും. 50 രൂപ കൊടുത്തു. ഷരീഫും ഇബ്രാഹീമും മാത്രമല്ല ഏകദേശം 25 ആളുകള്‍ ഈ തൊഴിലിലുണ്ട്. നാലിലും ഏഴിലുമായി പഠിത്തം ഉപേക്ഷിച്ചവര്‍. പഠനം കൊണ്ട് വയറു നിറയുമോ ,കുടുംബം മുന്നോട്ട് പോകുമോ എന്നൊക്കെയുള്ള അവരുടെ ചോദ്യങ്ങള്‍ ശ്രദ്ധേയം. പഠിത്തം വളരെ മുഷിപ്പന്‍ പരിപാടിയാണ്, ഈ ജോലി രസമാണ് എന്ന് മഞ്ഞപ്പല്ലുകള്‍കാ‍ട്ടി നിഷ്ക്കളങ്കമായ ചിരിയോടെ ഷരീഫ് പറഞ്ഞപ്പോള്‍ അവനായിരിക്കാം ശരി എന്നു തോന്നി.

Wednesday, 5 September 2018

Trip to Gujarat - 3

റാണി കി വാവ് ഗാര്‍ഡന്‍

മുകളില്‍ നിന്നുള്ള കാഴ്ച

ശില്‍പ്പം

ശില്‍പ്പം

ശില്‍പ്പം

അപ്സരസ്

വരാഹം

കിണര്‍

ബഹുനിലകള്‍
ഗുജറാത്ത് യാത്ര - ഭാഗം -3
റാണി കി വാവ്

സൂര്യക്ഷേത്രത്തില്‍ നിന്നിറങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു. പാഠനിലേക്കാണ് ഇനി പോകേണ്ടത്. സോളങ്കികള്‍ ഭരിക്കുന്ന കാലത്ത് പ്രതാപത്തോടെ നിലനിന്ന പട്ടണം.ഇപ്പോള്‍ രാജകീയതയുടെ ചില അംശങ്ങള്‍ മാത്രം ബാക്കിനിര്‍ത്തുന്ന ഒരു ചെറുപട്ടണം. നഗരവാതിലുകളുടെ അവശിഷ്ടങ്ങളും കോട്ടമതിലുമൊക്കെ അവിടെ കാണാം. പ്രധാന ആകര്‍ഷണം റാണി കി വാവ് അഥവാ സ്റ്റെപ് വെല്ലാണ്. പടി കെട്ടിയ കിണറ്‍.
ചാവ്ട രാജവംശത്തിലെ വന്‍രാജ് ചാവ്ട എഡി 745 ല്‍ സ്ഥാപിച്ച പട്ടണമാണ് പാഠന്‍. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പ്രധാനമന്ത്രിയുമായിരുന്ന അന്‍ഹില്‍ ഷെപ്പേര്‍ഡിനോടുള്ള ആദരസൂചകമായി നഗരത്തിന് അന്‍ഹില്‍ പാഠന്‍ എന്നു പേരിട്ടു. ക്രമേണ അത് ചുരുങ്ങി പാഠനായി മാറി.ചാവ്ട രാജവംശത്തിലെ അവസാന കണ്ണിയായ രാജാവിന്റെ ദത്തുപുത്രനായിരുന്നു മുല്‍രാജ്. അദ്ദേഹമാണ് ഒന്നാം സൊളാങ്കി രാജാവ്.യുദ്ധതത്പ്പരനായ മുല്‍രാജ് പടിഞ്ഞാറേക്ക് വെട്ടിക്കയറി സാമ്രാജ്യം വികസിപ്പിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമി സിദ്ധരാജ് ജയ്സിംഗ് ,മാള്‍വ കൂട്ടിച്ചേര്‍ത്തു .

മറ്റൊരു പ്രധാന രാജാവായ കുമാര്‍ പാല്‍ അക്കാലത്ത് ജൈനിസം പ്രോത്സാഹിപ്പിച്ചിരുന്നു. സോളങ്കികളുടെ പ്രതാപകാലത്ത് സാമ്രാജ്യം പടിഞ്ഞാറ് സൌരാഷ്ട്രയും കച്ചും തെക്ക് ലാറ്റയും കിഴക്ക് മാള്‍വയും വടക്ക് ദക്ഷിണ രാജസ്ഥാനും വരെ വ്യാപിച്ചിരുന്നു.ചരിത്രകാരന്‍ ടേര്‍ഷ്യസ് ചാന്ദ്ലര്‍ രേഖപ്പെടുത്തിയിട്ടുള്ളത് എഡി ആയിരത്തില്‍ ലോകത്തെ പത്ത് പ്രധാന നഗരങ്ങളില്‍ ഒന്ന് പാഠനായിരുന്നു എന്നാണ്. ഒരു ലക്ഷത്തോളം ജനങ്ങളും നഗരത്തില്‍ വസിച്ചിരുന്നു. മുസ്ലിം അധിനിവേശത്തിലാണ് നഗരം ഇല്ലാതായത്. ദല്‍ഹി സുല്‍ത്താന്‍ കുത്തബ്-ഉദ്-ദിന്‍ ഐബക്ക് 1200ലും 1210ലും നഗരം കൈയ്യേറി കൊള്ളയടിച്ചു.1298ല്‍ അലാദിന്‍ ഖില്‍ജി നഗരം നശിപ്പിച്ചു.

അന്‍ഹില്‍ വാരയ്ക്ക് സമീപമാണ് പുതിയ നഗരം ഉയര്‍ന്നത്. 1304-1411 കാലത്ത് ഗുജറാത്ത് സുല്‍ത്താനേറ്റിന്റെ തലസ്ഥാനമായിരുന്നു പുതിയ പാഠന്‍. അതിന്റെ അവശിഷ്ടങ്ങളാണ് ഇന്ന് നഗരത്തില്‍ കാണുന്നത്. സോളങ്കി രാജവംശവുമായി ബന്ധപ്പെട്ട ഒരു ഭിത്തി മാത്രമാണ് ശേഷിപ്പുള്ളത്. കല്‍ക്കയില്‍ നിന്നും റാണി കി വാവിലേക്ക് വരുമ്പോള്‍ നമുക്കത് കാണാന്‍ കഴിയും. 1411 ലാണ് സുല്‍ത്താന്‍ അഹമ്മദ് ഷാ തലസ്ഥാനം അഹമ്മദാബാദിലേക്ക് മാറ്റിയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ 1947 വരെ പാഠന്‍ ബറോഡ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

കൈകൊണ്ട് നിര്‍മ്മിക്കുന്ന ഏറ്റവും പ്രസിദ്ധമായ സാരിയാണ് പഠോല. ഇത് പാഠന്റെ പ്രത്യേകതയാണ്. വളരെ ശ്രദ്ധയോടെ നാല് മുതല്‍ ആറുമാസം വരെ എടുത്താണ് ഒരു സാരി തയ്യാറാക്കുക. പച്ചിലകള്‍ ഉപയോഗിച്ച് നിറം നല്‍കുകയും സ്വര്‍ണ്ണനൂലുകള്‍ പോലും നിര്‍മ്മാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന ഇവ തയ്യാറാക്കുന്ന രണ്ട് കുടുംബങ്ങള്‍ മാത്രമെ നിലവിലുള്ളു. അവര്‍ ഈ കരവിരുത് സ്വന്തം കുടുംബത്തിലെ ആണ്‍മക്കള്‍ക്ക് മാത്രമെ പകര്‍ന്നു നല്കൂ. ഈ സാരിയുടെ വില ഇരുപതിനായിരം മുതല്‍ 20 ലക്ഷംവരെയാണ്.അവ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളില്‍ പോകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. വളരെ വൈകിയാണ് ഞങ്ങള്‍ റാണി കി വാവില്‍ നിന്നിറങ്ങിയത്.

അഹമ്മദാബാദില്‍ നിന്നും 140 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് പാഠന്‍ സ്ഥിതി ചെയ്യുന്നത്. സരസ്വതി നദിയുടെ കരയിലാണിതെന്ന് വിശ്വസിക്കപ്പെടുന്നു. സരസ്വതി നദി ഇന്നില്ല എന്നതും ഓര്‍ക്കുക. ആയിരം ശിവലിംഗങ്ങളുള്ള ജലാശയവും പട്ടോല സാരിയും റാണി കി വാവുമാണ് പാഠന്റെ ഇന്നത്തെ പ്രശസ്തിക്ക് കാരണം. ഇന്ത്യയിലെ പടിക്കിണറുകളില്‍ ഏറ്റവും വലുതും ശ്രദ്ധേയവുമായ കിണറാണ് റാണി കി വാവ്. ചുറ്റിലുമുള്ള ദൈവശില്‍പ്പങ്ങളും തൂണുകളും ചേര്‍ന്ന് ഇതിനെ ഒരു ക്ഷേത്രക്കുളമാക്കി മാറ്റിയിരിക്കുന്നു. സോളങ്കി രാജവംശത്തിലെ ഒന്നാം ഭീംദേവിന്റെ രാജ്ഞി ഉദയമതിയാണ് കിണര്‍ പണികഴിപ്പിച്ചതെന്ന് വിശ്വസിക്കുന്നു. ഇത് പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാന കാലവുമായിരുന്നു.
കിണറിനും ജലത്തിനും വലിയ പ്രാധാന്യമാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ പ്രദേശത്ത്. മഴ കുറവുള്ളതും മണല്‍ മണ്ണുള്ളതുമായ ഇവിടെ ജലനില വളരെ താണതാണ്. അതുകൊണ്ടുതന്നെ വളരെ ആഴത്തില്‍ കുഴിച്ചാല്‍ മാത്രമെ ശുദ്ധജലം ലഭ്യമാവൂ. ആദ്യ കാലം വളരെ ലളിതമായി പടികെട്ടിയ കിണറുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ക്രമേണ തൂണുകളും ശില്‍പ്പങ്ങളും വലിയ പടികളുമായി അത് വികസിച്ചു. ഒരു വിശ്രമ സ്ഥലമായും ജലസ്രോതസ്സായും അവ മാറി. ഇത്തരം വലുതും ചെറുതുമായ കിണറുകള്‍ ഗുജറാത്തിലും രാജസ്ഥാനിലും കണ്ടെത്തിയിട്ടുണ്ട്. റാണി കി വാവ് നമ്മെ അത്ഭുതപ്പെടുത്തുന്നത് അതിന്റെ വലുപ്പം കൊണ്ടും ഭംഗികൊണ്ടുമാണ്. മനോഹരമായി രൂപകല്‍പ്പന ചെയ്ത വലിയൊരു പാര്‍ക്കിലാണ് കിണറുള്ളത്. ആള്‍ക്കാര്‍ക്ക് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പുല്ല് വച്ചുപിടിപ്പിച്ച് മനോഹരമാക്കിയ പാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഇത്ര അത്ഭുതകരമായ ഒരു കിണറും പരിസരവും തൊട്ടടുത്തുണ്ട് എന്നു നമ്മള്‍ മനസ്സിലാക്കില്ല. അടുത്തേക്കടുത്തേക്ക് ചെല്ലുമ്പോള്‍ കണ്ണുകള്‍ വിസ്മയം കൊണ്ട് വിടരും. മനസ്സ് അത്ഭുതക്കാഴ്ച കണ്ട് കുളിര്‍ക്കും . ഇത്രയും ആഴവും പരപ്പുമുള്ള ഒരിടം ഭൂമിയുടെ സമനിരപ്പിന് താഴെ സൃഷ്ടിച്ച നാമറിയാത്ത ഭരണാധികാരിയെയും കലാകാരന്മാരെയും അല്‍പ്പസമയം ഓര്‍ത്തുപോകും.

65 മീറ്റര്‍ നീളവും നൂറുകണക്കിന് ശില്‍പ്പങ്ങളുമായി ഇവിടം നമ്മെ അമ്പരപ്പിക്കും. മണ്ണ് വീണ് നിറഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു റാണി കി വാവ്. ഇതിന്റെ മുകളില്‍ കണ്ട ഭാഗങ്ങള്‍ എടുത്തുകൊണ്ടുപോയി പത്തൊന്‍പതാം നൂറ്റാണ്ടില്‍ സമീപത്തുതന്നെ ബരോട്ട് വാവ് കെട്ടിയതും ചരിത്രം. ഒടുവില്‍ കിഴക്കുഭാഗത്ത് സ്വതന്ത്രമായി നില്ക്കുന്ന ചില തൂണുകളും പടിഞ്ഞാറുഭാഗത്തെ ഭിത്തിയും മാത്രം പ്രത്യക്ഷത്തിലുണ്ടായി. ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഏറ്റെടുത്ത് മണ്ണു നീക്കിയും കേടായ ഭാഗങ്ങള്‍ ശരിയാക്കിയും റാണി കി വാവ് പുനസ്ഥാപിച്ചു.

ഒരു കവാടത്തിലൂടെയാണ് നമ്മള്‍ റാണി കി വാവിലേക്ക് കടക്കുക. തുടര്‍ന്ന് പടിക്കെട്ടുകളാണ്. വളരെ വിശാലമായ പടിക്കെട്ടുകള്‍. ഇടയ്ക്കിടെ ചെറുബഹുനിലകളില്‍ പവിലിയനുകള്‍. നടന്ന് ഒടുവില്‍ എത്തിച്ചേരുന്നത് ചെറു തടാകത്തില്‍. അതിനുമപ്പുറമാണ് കിണര്‍. കിണറിലെ അധികജലത്തെ തടാകം സ്വീകരിക്കുന്നു. ഒന്നാം പവിലിയന് രണ്ട് നിലയും രണ്ടാം പവിലിയന് നാല് നിലയും മൂന്നാം പവിലിയന് ആറു നിലയും നാലാം പവിലിയന് ഏഴ് നിലകളുമുണ്ട്. ഓരോ പവിലിയനിലെയും മുകള്‍നില സമനിരപ്പില്‍ എത്തും വിധം ക്രമീകരിച്ചിരിക്കുന്നു. കിണറിന്റെ ആഴം 29 മീറ്ററാണ്.

കിണറിന് ജലം സംഭരിക്കാനെ കഴിയൂ എങ്കിലും റാണി കി വാവ് നമ്മെ അത്ഭുതപ്പെടുത്തുന്നത് അതിന്റെ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലൂടെയും ആനന്ദം പകരുന്ന ശില്‍പ്പങ്ങളിലൂടെയും അലങ്കാരങ്ങളിലൂടെയുമാണ്. എത്ര സമയമിരുന്നാലും മടുക്കാത്ത ഒരാകര്‍ഷണവലയം റാണി കി വാവിനുണ്ടെന്നു പറയാം. ചിത്രമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ തൂണിലെയും കൊത്തുപണികള്‍ക്ക് പിന്നാലെ അവരറിയാതെ സഞ്ചരിക്കുന്നതായി തോന്നും. സ്ത്രീകളും പുരുഷന്മാരും കുട്ടികളും സെല്‍ഫിയെടുത്തും തനിയെ പോസ് ചെയ്തും സായൂജ്യമടയുന്നു.
റാണി കി വാവിന് ചുറ്റിലുമായി വലിയ ശില്‍പ്പങ്ങള്‍ തന്നെ നാനൂറോളം വരും. എല്ലാം ചേര്‍ന്ന് കുറഞ്ഞത് എണ്ണൂറ് ശില്‍പ്പങ്ങളുടെ സമ്മേളനമാണ് അവിടെ കാണാന്‍ കഴിയുക.

പവിലിയനുകളെ താങ്ങി നിര്‍ത്തുന്ന 292 തൂണുകളുണ്ടായിരുന്നതില്‍ 226 എണ്ണം ഇപ്പോഴും അവിടെയുണ്ട്. ചിലത് പൊട്ടിയിട്ടുണ്ടെങ്കിലും നിലനിര്‍ത്തിയിരിക്കുന്നു. താഴേക്കിറങ്ങുമ്പോള്‍ മൂന്നാം സ്റ്റേജിലാണ് വാസ്തുവിദ്യയുടെയും ശില്‍പ്പിനിര്‍മ്മാണത്തിന്റെയും കരവിരുത് നമ്മള്‍ പൂര്‍ണ്ണമായും ആസ്വദിക്കുക. ദീര്‍ഘചതുരാകൃതിയിലുള്ള തടാകത്തിന് ഏഴ് ചതുരശ്ര മീറ്റര്‍ വ്യാസമുണ്ട്. ഇത്ര വലുപ്പമുള്ള തടാകം മറ്റൊരു കിണറിനുമില്ല എന്നത് റാണി കി വാവിന്റെ മറ്റൊരു സവിശേഷതയാണ്.

എണ്ണൂറോളം ശില്‍പ്പങ്ങളുള്ളത് ടെറസ്സിന്റെ കുറുകെയുള്ള മേഖലകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാന ശില്‍പ്പങ്ങള്‍ക്കായി നടുവിലുള്ള ഭാഗവും താഴ്ഭാഗം ചെറുശില്‍പ്പങ്ങള്‍ക്കായും ജാലക്കമാനങ്ങളുടെ മുകള്‍ഭാ‍ഗം അലങ്കാര ശില്‍പ്പങ്ങള്‍ക്കായും മാറ്റിയിരിക്കുന്നു. മൂര്‍ത്തികളും അപ്സരസ്സുകളും ദിക്പാലകരും ഇടവിട്ട് വരുംവിധമാണ് ശില്‍പ്പനിര്‍മ്മാണം. വിഷ്ണുഭഗവാന്റെ 25 രൂപങ്ങള്‍ കൊത്തിയിട്ടുണ്ട്. മുഖം ഒന്നുതന്നെയാണെങ്കിലും ശംഖ്,ചക്രം,ഗദ,താമര എന്നിവ പിടിച്ചിട്ടുള്ള കൈകളുടെ സ്ഥാനങ്ങളില്‍ മാറ്റമുണ്ട് എന്നു മാത്രം. 12 ഗൌരിമാരുടെ 15 ശില്‍പ്പങ്ങളും നമുക്ക് കാണാന്‍ കഴിയും .
ഉമ,പാര്‍വ്വതി,ഗൌരി,ലളിത,ശ്രയ,കൃഷ്ണ,മനേശ്വരി,രംഭ,സാവിത്രി,തൃഷന്ദ,തൊത്താല,തൃപുര എന്നിവരാണ് ഗൌരിമാര്‍. സ്ത്രീകളുടെ വിവാഹത്തിന് അനുഗ്രഹം ചൊരിയുന്ന ദേവിമാരായി ഇവര്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഇതിലെല്ലാം പാര്‍വ്വതിയുടെ അഗ്നിപ്രവേശത്തിന്റെ സൂചകങ്ങളും കാണാം. പാര്‍വ്വതിയുടെ മുജ്ജന്മമായ സതി ദക്ഷപ്രജാപതിയുടെ പുത്രിയായിരുന്നു. അച്ഛനെ ധിക്കരിച്ച് ,നഗ്നനായി ചുടലകളില്‍ നടക്കുകയും പാമ്പുകളും വന്യമൃഗങ്ങളുമായി കൂട്ടുകൂടുകയും ചെയ്യുന്ന ശിവനെ വരിച്ചതിനാല്‍ അവളെ വീട്ടില്‍ നിന്നും പുറത്താക്കി. ഒരിക്കല്‍ ദക്ഷന്‍ നടത്തിയ ബലിയാഗത്തില്‍ ക്ഷണിക്കാതെ എത്തിയ സതിയെ ദക്ഷന്‍ അപമാനിച്ചു. ഇതില്‍ പ്രതിക്ഷേധിച്ച് സതി തീയില്‍ ചാടി ജീവത്യാഗം ചെയ്തു. അവള്‍ ഹിമവാന്റെ പുത്രിയായി പുനര്‍ജനിച്ചു. പഞ്ചാഗ്നി നടുവില്‍ തപസ്സുചെയ്ത് ശിവനെ പ്രത്യക്ഷപ്പെടുത്തി വിവാഹം ചെയ്തു എന്നാണ് ഐതീഹ്യം. അതിനെ ആസ്പ്പദമാക്കിയാണ് ഗൌരീബിംബങ്ങള്‍ ചെയ്തിരിക്കുന്നത്. നാല് തീക്കുണ്ഡങ്ങള്‍ക്ക് നടുവില്‍ സൂര്യനെ നോക്കി നില്‍ക്കുന്ന രീതിക്കാണ് പഞ്ചാഗ്നി നടുവില്‍ എന്നു പറയുന്നത്. ഏറ്റവും ആകര്‍ഷകമായ ശില്‍പ്പവും അത് തന്നെ.

ധാര,ധൃവ,സോമ,അപ,അനല,അനില,പ്രത്യൂഷ,പ്രഭാസ എന്നിങ്ങനെ എട്ടു വസുക്കളെയും ശില്‍പ്പങ്ങളില്‍ കാണാം. വസുക്കള്‍ക്കുമുണ്ടൊരു കഥ പറയാന്‍. മഹാഭാരതത്തില്‍ പറയുന്നതാണിക്കഥ. ശന്തനു മഹാരാജാവിന് അതിസുന്ദരിയായൊരു പെണ്‍കുട്ടിയില്‍ അനുരാഗമുദിച്ചു. അവള്‍ ഒരു വ്യവസ്ഥ വച്ചു. വിവാഹം കഴിക്കാം, പക്ഷെ അവള്‍ ചെയ്യുന്ന ഒന്നിനെയും ചോദ്യം ചെയ്യാന്‍ പാടില്ല. രാജാവ് സമ്മതിച്ചു. വിവാഹവും നടന്നു. അവള്‍ ഏഴ് കുട്ടികളെ പ്രസവിച്ചു. ഓരോ കുട്ടിയെയും പ്രസവിച്ച ഉടന്‍ ഗംഗയില്‍ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ എട്ടാമത്തെ പുത്രനെ മുക്കിക്കൊല്ലാന്‍ തുടങ്ങിയപ്പോള്‍ രാജാവ് പ്രതിഷേധിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു, അവള്‍ ചെയ്യുന്നത് ഒരു നിയോഗമാണ്. ഈ മക്കള്‍ വസുക്കളാണ്. അവര്‍ക്ക് ശാപം കിട്ടി ഭൂമിയില്‍ ജനിച്ചവരാണ്. അവര്‍ ജീവിച്ചിരുന്നാല്‍ ഒരു സന്ന്യാസിയുടെ പശുക്കളെ മോഷ്ടിക്കേണ്ടിവരും. അതില്‍ നിന്നുള്ള മോചനമാണ് ഈ പുണ്യനദിയിലെ മുങ്ങി മരണം. ഈ സുന്ദരിയായ അമ്മ ഗംഗ തന്നെയായിരുന്നു. അവര്‍ വസുക്കള്‍ക്ക് നഷ്ട പ്രതാപം തിരിച്ചു നല്കി. വാഗ്ദാന ലംഘനം നടത്തിയ രാജാവിനെ വിട്ട് അവര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ എട്ടാമന് മോക്ഷം കിട്ടാതെപോയി. അദ്ദേഹമാണ് പിന്നീട് ഭീക്ഷ്മരായി അറിയപ്പെട്ടത്. പലയിടത്തായി വസുക്കളുടെ ശില്‍പ്പങ്ങള്‍ കൊത്തിയിട്ടുണ്ടെങ്കിലും കിണറിലേക്ക് നോക്കി തൊഴുത് നില്‍ക്കുന്ന താഴെത്തട്ടിലെ വസുക്കളാണ് മികച്ച ശില്‍പ്പങ്ങള്‍.

മൂന്നാം ടെറസിലാണ് ശില്‍പ്പങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിച്ചുതുടങ്ങുന്നത്. വിഷ്ണുവിന്റെ അവതാരങ്ങളാണ് പ്രധാനം.വരാഹ,വാമന,രാമ,ബലരാമ,പരശുരാമ,ബുദ്ധ,കല്ക്കി എന്നിങ്ങനെയാണ് അവതാര പ്രതിഷ്ഠ. നരസിംഹവും ഉണ്ടായിരുന്നിരിക്കണം. ഇളകിപ്പോയ പ്രതിമ അതാകാം. ഗുജറാത്തിലെ പതിനൊന്നാം നൂറ്റാണ്ട് ചിത്രങ്ങളില്‍ മത്സ്യവും കൂര്‍മ്മവും കാണാറില്ല എന്നതും ശ്രദ്ധേയമാണ്.
വടക്കും തെക്കും ദര്‍ശനമായുള്ള ഭിത്തികളിലെ ഈ എട്ട് മൂര്‍ത്തികള്‍ക്ക് പുറമെ പോത്തിനെ വധിക്കുന്ന ദുര്‍ഗ്ഗ, സൂര്യദേവന്‍,വിഷ്ണു,ഭൈരവ എന്നിവയും കാണാം. ഗുജറാത്തിലെ ബലരാമമൂര്‍ത്തി മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. നാല് കൈകളുള്ള ബലരാമന്‍ ഇടംകാലില്‍ ബലം കൊടുത്ത് ചരിഞ്ഞാണ് നില്ക്കുന്നത്. കൈകളില്‍ കലപ്പ,താമര,ഉലക്ക,ഫലം എന്നിവയും കാണാം. ശേഷനാഗം തലയ്ക്ക് മുകളില്‍ ഫണം വിടര്‍ത്തി നില്ക്കുന്നനിലയിലാണ് ശില്‍പ്പം . മറ്റിടങ്ങളിലെ ബലരാമന്‍ ഒരു കൈയ്യില്‍ മദ്യത്തിന്റെ ജാര്‍ സൂക്ഷിക്കുന്ന നിലയിലാണ് കാണാറുള്ളത്. ആദികാലം മുതലെ ആ പ്രദേശത്തെ ജനങ്ങള്‍ മദ്യം ഉപേക്ഷിച്ചിരുന്നതിന്റെ ലക്ഷണമായി ഇതിനെ കാണാവുന്നതാണ്.

പരശുരാമന്റെ നാല് കൈകളില്‍ കാണുന്നത് മഴുവും അമ്പും വില്ലും ഫലവുമാണ്. നാല് കൈകളുള്ള രാമനും അപൂര്‍വ്വതയാണ്. അമ്പും വില്ലും വാളും പരിചയവുമായാണ് രാമരൂപം കൊത്തിയിരിക്കുന്നത്. അപ്സരസുകളും നാഗകന്യമാരും നായിക കര്‍പ്പൂര മഞ്ജരിയുമൊക്കെ രതിശില്‍പ്പങ്ങളുടെ വശ്യതയുണര്‍ത്തുന്നവയാണ്. മഹാരാജ്ഞി ശ്രീ ഉദയമതി എന്ന് രേഖപ്പെടുത്തിയ ഒരു ശില്‍പ്പവും കൂട്ടത്തിലുണ്ട്. 1064ല്‍ ഭീംദേവിന്റെ മരണശേഷമാണ് ഉദയമതി ഈ ശില്‍പ്പ സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. പാര്‍വ്വതിയുടെ തപസ്സ് ശിവനെ പ്രാപിക്കാനായിരുന്നെങ്കില്‍ ഭീംദേവിനൊപ്പം ചേരാനുള്ള ഉദയമതിയുടെ താത്പ്പര്യമാകാം പാര്‍വ്വതിക്ക് കൂടുതല്‍ പ്രാധാന്യം നല്കി ശില്‍പ്പസമുച്ചയമുണ്ടാക്കാന്‍ കാരണം.

ഏഴുമണിയായിട്ടും ആളുകള്‍ അവിടെ എത്തുന്നുണ്ടായിരുന്നു. ഞങ്ങള്‍ പുല്‍ത്തകിടിയില്‍ വിശ്രമിക്കുമ്പോള്‍ ഒരു കൂട്ടര്‍ വേഗത്തില്‍ പോകുന്നുണ്ടായിരുന്നു. വിനോദസഞ്ചാരികളാണ്. ഒറ്റ നോട്ടത്തില്‍ ദൃശ്യമല്ലാത്ത വാവ് ഒരു നോക്ക് കാണാനുള്ള ഓട്ടം. ഗേറ്റടയ്ക്കാന്‍ സമയമായി. വാവ് കഹാം ഹെ എന്ന അവരുടെ ചോദ്യം ഞങ്ങള്‍ക്ക് നേരെ നീണ്ടുവന്നു. ഞങ്ങള്‍ കൈചൂണ്ടിയ ഇടത്തേക്ക് അവര്‍ ഓടുന്നുണ്ടായിരുന്നു. അവര്‍ക്ക് ഒരൊറ്റ ദൃശ്യക്കാഴ്ചയില്‍ അത് ഒതുക്കേണ്ടിവരുമല്ലോ എന്ന വിഷമം തോന്നി. ഒരുപാട് ഓര്‍മ്മകള്‍ പേറുന്ന ആ പ്രദേശം ആലസ്യത്തിലേക്ക് മടങ്ങുകയാണ്. രാത്രിയില്‍ ദൈവങ്ങളും പിശാചുക്കളും നാഗകന്യമാരും അപ്സരസുകളും തടാകത്തില്‍ മുങ്ങിക്കുളിക്കുമായിരിക്കും. ഈ പുല്‍ത്തകിടിയില്‍ ഉദയമതിയും ഭീംദേവും വന്നിരുന്ന് പ്രണയിക്കുന്നുണ്ടാകാം. അവരുടെ സ്വൈരവിഹാരത്തിന് തടസ്സമാകേണ്ടതില്ല എന്ന് മനസ്സില്‍ കരുതി ഞങ്ങള്‍ അവിടെനിന്നിറങ്ങി.

പുരാതനമായ പാഠന്റെ പുതിയ മുഖമുള്ള ചെറുനഗരിയില്‍ ഇരുചക്ര വാഹനങ്ങളും കാറുകളും അതിദ്രുതം പ്രവഹിക്കുന്നു. നേരത്തെ ബുക്ക് ചെയ്ത ഹോട്ടല്‍ നവജീവനിലെത്തി. ഒരു സാധാരണ ഹോട്ടലാണ്. അവിടെനിന്നും ചായ കുടിച്ചു. പുറത്തിറങ്ങി തട്ടു കടയില്‍ നിന്നും ഓംലറ്റ് കഴിച്ചു. എണ്ണയില്‍ കുളിപ്പിച്ചാണ് ഓംലറ്റുണ്ടാക്കുന്നത്. സവാള,തക്കാളി,മുളക്,മുളക് പൊടി,ഉപ്പ്, മുട്ട എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ മുട്ടതോരന് നല്ല ഡിമാന്റുനണ്ട് അവിടെ. ബുര്‍ജി എന്നാണിതിന് പറയുക. അഞ്ച് ഓംലറ്റിന് ഏക് സൌ പച്ചോ (175 രൂപ) വില. സന്തോഷിന്റെ ഷൂസ് തിരുവനന്തപുരത്തു വച്ചുതന്നെ കേടായിരുന്നു. അത് ഉപേക്ഷിച്ച് പുതിയൊരു ഷൂസ് വാങ്ങി. ആപ്പിളും പേരയ്ക്കയും ചന്തയില്‍ നിന്നുവാങ്ങി നവജീവനിലെത്തി ,ഭക്ഷണം കഴിച്ച് യാത്രാക്ഷീണത്തില്‍ കിടന്നുറങ്ങി.മദ്യനിരോധനമുള്ള ഗുജറാത്തില്‍ ഒന്നു കൈ ഞൊടിച്ചാല്‍ മദ്യം കിട്ടും എന്നതും ഡ്രൈവര്‍ മുകേഷ് തെളിയിച്ചു.





Monday, 3 September 2018

Trip to Gujarat - 2

ഗുജറാത്ത് യാത്ര - ഭാഗം - 2
                                                              മൊദേര സൂര്യക്ഷേത്രം 
അഹമ്മദാബാദില്‍ ഭക്ഷണം

മോദേര സൂര്യക്ഷേത്രം

പ്രധാന കുളം

ക്ഷേത്രത്തിന് ചുറ്റിലും ചെറിയ വിഗ്രഹങ്ങള്‍

ക്ഷേത്രം സൈഡ് വ്യൂ

മറ്റൊരു ക്ഷേത്രക്കാഴ്ച

കുളത്തിന്‍റെ മറ്റൊരു വ്യൂ


                        വെങ്കിട്ടരാമന്‍ നേരത്തെ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ഗുരുമൂര്‍ത്തി  ഏര്‍പ്പാടാക്കിയ ടൊയോട്ടോ ഇന്നോവയിലാണ് ഇനി യാത്ര. ഡ്രൈവര്‍ മുകേഷ് രാജസ്ഥാന്‍കാരനാണ്. അച്ഛന്‍ നേരത്തെ അഹമ്മദാബാദിലെത്തി സ്ഥിരതാമസമാക്കിയ ഒരു പെയിന്ററാണ്. എപ്പോഴും ചിരിക്കുന്ന,തമാശകള്‍ പറയുന്ന ആളാണ് മുകേഷ്.അയാളുടെ സഹോദരന്മാരും ഡ്രൈവറന്മാരാണ്. ഒരാള്‍ ബാംഗ്ലൂരിലേക്കുള്ള വോള്‍ വോ ഓടിക്കുന്നു. മറ്റൊരാള്‍ ഡല്‍ഹിയിലേക്കും. മറ്റ് രണ്ടുപേര്‍ ടാക്സി ഓടിക്കുന്നു.മുകേഷിന് ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് മക്കളാണ്. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. അവരെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്നു. ഫീസ് കൂടുതലാണെങ്കിലും നന്നായി പഠിക്കട്ടെ എന്നാണ് മുകേഷിന്റെ ഭാഷ്യം. നഗരഹൃദയത്തിലാണ് താമസം. പ്രസവം നിര്‍ത്തിയോ എന്ന ചോദ്യത്തിന് ജീ സാബ് എന്നു മറുപടി. സദാസമയവും പാന്‍പരാഗ് കഴിച്ചുകൊണ്ടിരിക്കും. ആദ്യമൊക്കെ ഒരു ദിവസം 25 പായ്ക്കറ്റ് ഒക്കെ വേണമായിരുന്നു എന്നാണ് മുകേഷ് പറയുന്നത്. ഇപ്പോള്‍ എണ്ണം കുറച്ചുകൊണ്ടുവരുന്നു. എങ്കിലും മൂന്ന് നാല് പാക്കറ്റ് നിത്യവും വേണ്ടിവരും. പല്ലുകള്‍ കറപിടിച്ച് തവിട്ട് നിറത്തിലാണ്. യാത്രയില്‍ ഇടയ്ക്കിടെ ഗ്ലാസ്സ് ഡോര്‍ താഴ്ത്തി തുപ്പിക്കൊണ്ടിരിക്കുന്ന ശീലവുമുണ്ട്.
വെങ്കിട്ടിനേയും മുകേഷിനെയും പരിചയപ്പെട്ട് ,ലഗേജും കയറ്റി വണ്ടി പുറപ്പെട്ടു. മൊദേരയിലേക്കാണ് പോകേണ്ടതെന്നു പറഞ്ഞപ്പോള്‍ മുകേഷിന്റെ ചോദ്യം, സ്റ്റേഡിയത്തിലേക്കാണോ എന്ന്. ഞങ്ങള്‍ ചിരിച്ചുപോയി. അഹമ്മാദാബാദില്‍ ഒരു മൊദേര സ്റ്റേഡിയമുണ്ട് എന്ന കാര്യം ഞങ്ങള്‍ ഓര്‍ത്തിരുന്നില്ല. ഭായ്,ഞങ്ങള്‍ക്ക് പോകേണ്ടത് മൊദേര സൂര്യക്ഷേത്രത്തിലേക്കാണ്. വെങ്കിട്ട് വിശദീകരിച്ചു കൊടുത്തു. മുകേഷ് ചിരിച്ചുകൊണ്ട് വാഹനം ഓടിച്ചു.
ഹിന്ദിയും ഗുജറാത്തിയും തമ്മില്‍ ചെറിയ വ്യത്യാസമേയുള്ളു എഴുത്തില്‍. ബോര്‍ഡുകള്‍ വായിക്കാന്‍ കഴിയും. മുകേഷിന് ഹിന്ദി നന്നായറിയാം. ഞങ്ങള്‍ നഗരത്തിലൂടെ യാത്ര ആരംഭിച്ചു. സബര്‍മതി നദിയും നര്‍മ്മദാ കനാലും കടന്ന് വൃന്ദാവന്‍ ഗാര്‍ഡന്‍ റെസ്റ്ററന്റില്‍ ഭക്ഷണത്തിനായി കയറി. നല്ല വിശപ്പുണ്ട് ,തിരക്ക് കഴിഞ്ഞിരിക്കുന്നു. സമയം രണ്ടരയായിട്ടുണ്ട്. തുറന്ന ഇടം. മേല്ക്കൂരയുണ്ട്. തന്തൂര്‍ റൊട്ടിയും ആലു മട്ടര്‍, കടയ് പനീര്‍,ദാല്‍,റെയ്ത്ത എന്നിവയും ഓര്‍ഡര്‍ ചെയ്തു. രാധാകൃഷ്ണന്‍ ചോറ് അന്വേഷിച്ചു. അതവിടെയില്ല. ഇനിയുള്ള യാത്രയില്‍ ചോറും സാമ്പാറും ദോശയുമൊന്നും പ്രതീക്ഷിക്കരുതെന്ന് വെങ്കിട്ട് മുന്നറിയിപ്പ് നല്കി. വിശപ്പു മാറാനുള്ളതൊക്കെ കഴിച്ചുകൊള്ളുക. രുചി നോക്കേണ്ടതില്ല.
ഭക്ഷണം നന്നായി. എല്ലാവരും രുചികരമായി കഴിച്ചു.യാത്ര തുടര്‍ന്നു. നല്ല വിശാലമായ റോഡുകള്‍.ഇരുവശവും മുള്ള് മരങ്ങളാണ്. മരുഭൂമിയുടെ സ്വഭാവമുള്ള ഇടങ്ങളിലെല്ലാം ഇവ കാണാം. വടക്കേ ഇന്ത്യയില്‍ മാത്രമല്ല,ആന്ധ്ര,തമിഴ് നാട് ,ഒരു പക്ഷെ കേരളത്തിലും കര്‍ണ്ണാടകത്തിലും വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും ഹിമാലയന്‍ സംസ്ഥാനങ്ങളിലുമാകും ഇവ ഇല്ലാതിരിക്കുക. പരുത്തിയും ആവണക്കും തിനയും കൃഷി ചെയ്തിട്ടുള്ള പാടങ്ങളാണ് റോഡിന് ഇരുവശവും. ബസ്സുകള്‍ തീരെ കുറവ്.മിക്കവര്‍ക്കും  സ്വന്തം വാഹനമുണ്ട്. ടൂ വീലര്‍ അല്ലെങ്കില്‍ ഫോര്‍ വീലര്‍. അല്ലാത്തവര്‍ ആട്ടോയില്‍ യാത്ര ചെയ്യുന്നു. മുണ്ട് താറുടുത്ത് ജുബ്ബയും ധരിച്ച് നടന്നു പോകുന്നവര്‍ ധാരാളം. അത് ഗുജറാത്തിലെ പരമ്പരാഗത വേഷമായ റബ്ഡിയാണ്. യാത്രാവഴിയില്‍ സെയ്ജിലെത്തുമ്പോള്‍ ഇഫ്കോയുടെ ഫാക്ടറി കണ്ടു. വളരെ വിശാലമായ കോമ്പൌണ്ടിലാണ് ഫാക്ടറി നില്ക്കുന്നത്.
ത്സഘ്ടയാണ് ഗുജറാത്തിലെ പൊതുജനങ്ങളുടെ പ്രധാന യാത്രാ വാഹനം.18 ലക്ഷം ആളുകളുടെ നിത്യയാത്ര നടക്കുന്നത് ത്സഘ്ടയിലൂടെയാണ്.സൌരാഷ്ട്രയിലെ 600 ഗ്രാമങ്ങള്‍ ചലിക്കുന്നതും ത്സഘ്ട ഉള്ളതുകൊണ്ടാണ്.  25 – 30 ആളുകള്‍ വരെ കയറുന്ന വാഹനം ഗര്‍ഭിണികളെ ആശുപത്രിയില്‍ കൊണ്ടുപോകാനും ശവം കൊണ്ടുപോകാനും വരെ ഉപയോഗിക്കുന്നു. അതിനുപുറമെ ഏത് ലോഡ് കൊണ്ടുപോകാനും ത്സഘ്ട ഉപയോഗിക്കുന്നു. ഇരുമ്പു കമ്പി,വാട്ടര്‍ ടാങ്ക്,സിമന്റ്,കരിക്ക് തുടങ്ങി മീന്‍ വരെ ത്സഘ്ടയില്‍ കൊണ്ടുപോകുന്നത് കണ്ടു. വാഹനത്തിന്റെ, മുന്‍ വശം ബുള്ളറ്റിന്റേതാണ്. പെട്രോള്‍ ടാങ്ക് ഉള്‍പ്പെടെ ഗിയര്‍ സംവിധാനം വരെ ബുള്ളറ്റിന്റെ ഭാഗമാണ്. പിറകില്‍ പിക്അപ്പ് വാനിന്റെ ബോഡിയാണുള്ളത്. ഗ്രീവ്സ് പോലെയുള്ള കമ്പനികളുടെ ഡീസല്‍ എന്‍ജിനിലാണ് വാഹനം ഓടുന്നത്. 3.2 കിലോ വാട്ടിന്റെ  എന്‍ജി‍നാണ് ഉപയോഗിക്കുന്നത്. ഒരു ലിറ്ററിന് 35 കിലോമീറ്റര്‍ വരെ ഓടാന്‍ ഇതിന് കഴിയും. 1972 ല്‍ ജഗ്ജീവന്‍ ചന്ദ്ര എന്ന ഗാരേജ് ഉടമ രൂപകല്‍പ്പന ചെയ്ത വാഹനം വിപുലമായ വ്യവസായമാക്കി മാറ്റിയത് മകന്‍ ജയന്തി ഭായ് ചന്ദ്രയുടെ ശ്രമഫലമായാണ്. അവരുടെ അതുല്‍ ആട്ടോമൊബൈല്‍സാണ് ഭൂരിപക്ഷം വണ്ടികളും നിര്‍മ്മിക്കുന്നത്.  ഒരു ലക്ഷത്തി ഇരുപതിനായിരം മുതല്‍ മുകളിലോട്ടാണ് വില. ആട്ടോറിക്ഷയും പിക്അപ്പും ബുള്ളറ്റും ചേര്‍ന്നൊരു മിശ്രിതമാണ് ത്സഘ്ട എന്നു പറയാം. ഇനിയുള്ള യാത്രകളില്‍ എവിടെയും നമുക്ക് ത്സഘ്ടകള്‍ കാണാന്‍ കഴിയും.
യാത്രക്കിടയിലാണ് വെങ്കിട്ട് അഹമ്മദാബാദിലെ തിരുപ്പതി ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞത്. ആന്ധ്രയിലെ ക്ഷേത്രമാതൃകയില്‍ നിര്‍മ്മി ച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലും വിശ്വാസികളായ ഗുജറാത്തികള്‍ വലിയ തുകകളാണ് സംഭാവന നല്കുന്നത്. ഞാനപ്പോള്‍ ഡല്‍ഹി മയൂര്‍ വിഹാറിലെ ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തെക്കുറിച്ച് വെങ്കിട്ടിനോട് പറയുകയുണ്ടായി. പക്ഷെ നടവരുമാനം അത്രയ്ക്കില്ല എന്നും പറഞ്ഞു.
കേരളവുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത ഭൂമിയാണ് ഗുജറാത്തിന്റേത്. ജനവാസം അവിടവിടെ മാത്രം. നീണ്ടുകിടക്കുന്ന കൃഷിയിടങ്ങള്‍. ഇടയ്ക്ക് വ്യവസായ കേന്ദ്രങ്ങള്‍. റോഡില്‍ ചുറ്റി നടക്കുന്ന കന്നുകാലികള്‍, പക്ഷെ പട്ടികളെ തീരെ കണ്ടില്ല. ഒരു പക്ഷെ ഭൂരിപക്ഷം ജനങ്ങളും സസ്യഭുക്കുകളായതിനാല്‍ മാംസഭുക്കായ പട്ടിക്ക് വളരാന്‍ പറ്റിയ ഇടമല്ലാത്തിനാലാവാം. റോഡുകള്‍ വളവും കയറ്റിറക്കവുമില്ലാതെ പരന്നു കിടക്കുകയാണ്. കേരളത്തിലെ കുന്നും കുഴിയും ട്രാഫിക് ജാമും കാണാനില്ല.
ഞങ്ങള്‍ മൊഹ്സാനയില്‍ നിന്നും 26 കിലോമീറ്റര്‍ മാറി ചെറിയ കുന്നിന്‍ പ്രദേശത്തെ ഗ്രാമത്തില്‍ സ്ഥതി ചെയ്യുന്ന മൊദേര സൂര്യക്ഷേത്രത്തിലെത്തുമ്പോള്‍ രണ്ട് മണിയായിരുന്നു. സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന പഴയ ക്ഷേത്രമാണ് മൊദേര. ഇവിടെ മൊഹാര കാ പൂര്‍ എന്നും അറിയപ്പെട്ടിരുന്നു. സത് യുഗത്തില്‍ ധര്‍മ്മാരണ്യ എന്നും ത്രേതായുഗത്തില്‍ ശതമന്ദിര്‍ എന്നും ദ്വാപര യുഗത്തില്‍ വേദഭുവന്‍ എന്നും കലിയുഗത്തില്‍ മൊദേരയെന്നും ഈ പ്രദേശം അറിയപ്പെട്ടതായും വിശ്വസിക്കുന്നു. ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കിഴക്കോട്ട് ദര്‍ശനമായുള്ള ക്ഷേത്രം പത്താം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവിടത്തെ ചെറിയ മ്യൂസിയത്തിന്റെ മേല്‍നോട്ടം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ബറോഡ സര്‍ക്കിളിനാണ്. ഒന്‍പതാം നൂറ്റാണ്ടിലെ ആദിവരാഹനും പത്താം നൂറ്റാണ്ടിലെ കുബേരനും പതിനൊന്നിലെ അപ്സരസുകളും ഗംഗാധര ശിവനും തൃഭംഗയും രഥമേറിയ  സൂര്യനും സൂര്യക്ഷേത്രത്തിന്റെ മാതൃകയും 16-17 കാലത്തെ ഗണേശനും 11ലെ പത്മാസന സൂര്യനും ആകര്‍ഷണീയ കാഴ്ചകള്‍. നാല് കൈയ്യുള്ള പാര്‍‌വ്വതിയും അപൂര്‍വ്വ  ശില്‍പ്പമാണ്. ഇവിടത്തെ കുളമാണ് സൂര്യകുണ്ഡ്. 989 വര്‍ഷം പഴക്കമുണ്ട് ക്ഷേത്രത്തിന് എന്നു വിശ്വസിക്കപ്പെടുന്നു. 1025ല്‍ പണിതീര്‍ന്നതായി കരുതപ്പെടുന്നു. കുളത്തിനു പുറമെ സഭാ മണ്ഡലവും സൂര്യക്ഷേത്രവുമാണുള്ളത്.
ഭൂപേന്ദ്ര 150 രൂപ ഫീസില്‍ ഗൈഡായി വന്നു. അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങി. ഗുജറാത്തിന്റെ തലസ്ഥാനമായിരുന്ന സിദ്ധപൂര്‍ പാഠനിലാണ് ഇപ്പോഴത്തെ തലസ്ഥാനമായ ഗാന്ധി നഗര്‍ സ്ഥിതിചെയ്യുന്നത്. 11-12 നൂറ്റാണ്ടുകളില്‍ സോളങ്കികളാണ് നാട് ഭരിച്ചിരുന്നത്. അതില്‍ ഭോല ഭീംദേവ് സോളങ്കി (1022-1066) യാണ് സൂര്യക്ഷേത്രം നിര്‍മ്മിച്ചത്. ട്രോപ്പിക് ഓഫ് കാന്‍സര്‍ കടന്നു പോകുന്നത് ക്ഷേത്രത്തിലൂടെയാണ്. മാര്‍ച്ച്  21നും സെപ്തംബര്‍ 23 നും ക്ഷേത്ര വിഗ്രഹമിരുന്നിടത്ത് കൃത്യമായി സൂര്യ തേജസ്സ് വന്നു നിറയുമെന്ന് പറഞ്ഞ് ഭൂപേന്ദ്ര ആ ചിത്രങ്ങള്‍ സ്വന്തം മൊബൈലില്‍ കാണിച്ചു തന്നു. അലാവുദീന്‍ ഖില്‍ജിയുടെ പടയോട്ടത്തില്‍ ക്ഷേത്രത്തിന് അവിടവിടെ നാശനഷ്ടങ്ങള്‍ വരുകയുണ്ടായി. രത്നങ്ങളും കല്ലുകളും പതിച്ച കിരീടം ഉള്‍പ്പെടെ വിഗ്രഹം എടുത്തുകൊണ്ടു പോവുകയും ചെയ്തു എന്നു പറയുമ്പോള്‍ ഭൂപേന്ദ്രയുടെ മുഖത്ത് രോഷം പ്രകടമാകുന്നത് കാണാമായിരുന്നു. 
52.6 മീറ്റര്‍ നീളവും 36.6 മീറ്റര്‍ വീതിയുമുള്ള ദീര്‍ഘചതുരമായ കുളത്തില്‍ സ്പ്രിംഗ് വാട്ടര്‍ ഉണ്ടായിരുന്നു. ഇതിന്റെ കരയിലായി 108 ചെറിയ ക്ഷേത്രങ്ങളുണ്ട്. ഹിന്ദുവിശ്വാസത്തില്‍ 108ന് പ്രത്യേക പ്രാധാന്യമുണ്ട്. 108 മന്ത്രങ്ങള്‍, ദൈവനാമം ചൊല്ലുന്നത് 108 തവണ എന്നിങ്ങനെ. ഗണേശ് ,ശുക്ലാദേവി, അനന്തശയനത്തിലുള്ള വിഷ്ണു, ശിവന്‍ എന്നിവയും ഈ കൂട്ടത്തിലുണ്ട്. 9 ദിശകളിലായി 52 ശക്തിഭഗവാന്മാരുണ്ടെന്ന് ഭൂപേന്ദ്ര പറഞ്ഞുതന്നു. വടക്ക് കിഴക്കുഭാഗത്തായാണ് പ്രവേശന കവാടം. ഇതിന്റെ മുന്നിലെ ചെറു മണ്ഡപത്തില്‍ കൈറ്റ് ഫെസ്റ്റിവല്‍ കാലത്ത് നൃത്തസംഗീത പരിപാടികള്‍ അരങ്ങേറാറുണ്ട്. സൂര്യകുണ്ഡില്‍ നാല് പ്രധാനക്ഷേത്രങ്ങളാണുള്ളത്. കിഴക്ക് വിഷ്ണുക്ഷേത്രം, വടക്ക് ശിവക്ഷേത്രം ,തെക്ക് ശീതള മാതാ ക്ഷേത്രം, അതിനോടു ചേര്‍ന്ന്  ഗണപതിയും പിന്നെ അനേകം ചെറുക്ഷേത്രങ്ങളും. അവ ചുറ്റി വന്നാല്‍ സഭാ മണ്ഡലമായി. സഭാ മണ്ഡലത്തില്‍ 52 ആഴ്ചകളെ സൂചിപ്പിക്കുന്ന 52 തൂണുകളുണ്ട്. ഹിന്ദുമതം അനുശാസിക്കുന്ന 52 രക്ഷാവാതിലുകളായും ഇതിന് വിവക്ഷയുണ്ട്. സഭാ മണ്ഡലത്തിന് ചുറ്റിലുമായി അടിസ്ഥാന ഭിത്തിയില്‍ 365 ആനകളെ കൊത്തിവച്ചിരിക്കുന്നു. ഒരു വര്‍ഷത്തിലെ ദിവസങ്ങളുടെ സൂചകമാണിത്. ഇവിടെ 12 പ്രധാന പ്രതിമകളുണ്ട്. ഇവ 12 മാസങ്ങളെ സൂചിപ്പിക്കുന്നു. ഇവിടെ ഭക്തജനങ്ങള്‍  പാടുകയും ഒടുവില്‍ നൃത്തം ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ട് സഭാമണ്ഡലത്തിന് നൃത്തക്ഷേത്രമെന്നും പേരുണ്ടായിരുന്നു.
നടുക്കുള്ള ഡോമിനകത്തായിരുന്നു സൂര്യ വിഗ്രഹം. വിഗ്രഹത്തില്‍ നേരിട്ട് പ്രഭാത സൂര്യന്റെ പ്രകാശം ലഭിക്കും വിധമാണ് ക്ഷേത്രനിര്‍മ്മാണം. ക്ഷേത്രത്തിന്റെെ ഓരോ മൂലയിലും സൂര്യദേവനുണ്ട്. ക്ഷേത്രത്തിനടിയിലൂടെ ഒരു പാതയുണ്ടെന്നും വിശ്വസിക്കുന്നു. ഒന്ന് പഠാനിലേക്കും മറ്റൊന്ന് സിദ്ധിപ്പൂരിലേക്കുമെന്നാണ് വിശ്വാസം. സിദ്ധിപ്പൂരും മൊദേരയും പഠാന്റെ അധീനതയിലായിരുന്നു എന്നും കരുതുന്നു. സ്വര്‍ണ്ണ ത്തില്‍ തീര്‍ത്തതും കുതിരകള്‍ വലിക്കുന്ന രഥത്തിലുള്ളതുമായ സൂര്യഭഗവാനെ ഖില്‍ജി കൊണ്ടുപോയതായി കരുതുന്നു. കിരീടത്തിലെ ഡയമണ്ട് മാര്‍ച്ച്  21ലെ ഉത്തരായനിലും സെപ്തംബര്‍ 22ലെ ദക്ഷിണായനത്തിലും പ്രഭാതസൂര്യന്റെു തേജസ്സില്‍ പ്രതിഫലിപ്പിച്ച് ക്ഷേത്രത്തെ പ്രകാശപൂരിതമാക്കിയിരുന്നതായി കരുതുന്നു. ജനനവും ജീവിതവും മരണവുമെല്ലാം സൌരോര്‍ജ്ജത്തെ ആശ്രയിച്ചാണ് എന്ന സന്ദേശം നല്കുന്ന ശില്‍പ്പങ്ങളും നമുക്ക്  അവിടെ കാണാം.
ക്ഷേത്രത്തിന്റെ ഇടതുവശം പ്രധാന സംരക്ഷകനായ കാലഭൈരവനും തുടര്‍ന്ന്  ശിവപാര്‍വ്വതി, നാഗകന്യക,വടക്ക് യക്ഷികുബേരനും പന്ത്രണ്ട് വ്യത്യസ്ത നിലയിലുള്ള സൂര്യ ദേവനുമുണ്ട്. പന്ത്രണ്ട് ആദിത്യന്മാരായി ഇതിനെ കരുതുന്നു. രണ്ട് താമരകള്‍ പിടിച്ചിരിക്കുന്ന ആദിത്യന്‍,താമര വിരിയും പോലെയിരിക്കുന്ന ആദിത്യന്‍,അരുണന്‍ നയിക്കുന്ന തേരില്‍ ഇരിക്കുന്ന നാല് കൈകളുള്ള ആദിത്യന്‍‍ എന്നിങ്ങനെ.  രണ്ട് കൈകളില്‍ താമരയും രണ്ട് കൈകളില്‍ കടിഞ്ഞാണുമായാണ് ഇരുപ്പ്.വശങ്ങളിലെ ഉപദേവതകള്‍ അമ്പും വില്ലും ഉപയോഗിച്ച് ഇരുട്ടിനെ ഓടിക്കുന്നതായി കരുതുന്നു. സൂര്യഭഗവാന് നാല് ഭാര്യമാരുണ്ടെന്ന് പറയുന്നത് നാല് ദിക്കുകളാണ്. ഏഴ് കുതിരകള്‍ ഏഴ് ദിനങ്ങളും ഏഴ് നിറങ്ങളുമാണ്. കടിഞ്ഞാണ്‍ പ്രകൃതിയെ നിയന്ത്രിക്കുന്നതിന്റെ സൂചനയാണ്. പൂജിക്കുന്ന സൂര്യരൂപങ്ങളെ ആദിത്യേശ്വര്‍, ബാലര്‍ക്കന്‍,കോട്യാര്‍ക്കന്‍ എന്നിങ്ങനെ അറിയപ്പെടുന്നു.കുബേരന് പിന്നിലായി വായുദേവന്‍,വിശ്വകര്‍മ്മ, ശങ്കര്‍ ഭഗവാന്‍,സമാധി ,ഭൈരവന്‍,ശനി,വിഷ്ണു,അഗ്നി,ദേവേ
ന്ദ്രന്‍,ഗണപതി, ഇന്ദ്രന്‍ എന്നിവയുമുണ്ട്. താമരയുടെ ഇതളുകള്‍ വിരിയുംപോലെയാണ് ക്ഷേത്രനിര്‍മ്മാണം .രണ്ടായിരത്തില്‍ പുതിയ നൂറ്റാണ്ടിന്റെ‍ ഉദയവുമായി ബന്ധപ്പെട്ട ആഘോഷവും ഇവിടെയാണ് നടന്നത്.

Trip to Gujarat = Chapter 1


 ഗുജറാത്ത് യാത്ര

ഭാഗം -- 1
ഗാന്ധിജിയുടെ ജന്മനാട്ടിലൂടെ ഒരു യാത്ര
യാത്രയുടെ തയ്യാറെടുപ്പുകള്‍
ആകാശക്കാഴ്ച

ആകാശത്ത്  കടന്നുപോകുന്ന വിമാനം

ആകാശത്തുനിന്നും അഹമ്മദാബാദ് കാഴ്ച

യാത്രയെ സംബ്ബന്ധിച്ചിടത്തോളം അതിന്റെ തയ്യാറെടുപ്പുകളാണ് അതിപ്രധാനം. ഒരു ദിവസം രാവിലെ നിശ്ചയിച്ച് തോളിലൊരു ബാഗുമിട്ട് പുറപ്പെടുന്ന നാടോടി യാത്രകളുണ്ട്.അതിന് അതിന്റേതായ ത്രില്ലുമുണ്ട്. എന്നാല്‍ മുന്‍ നിശ്ചയപ്രകാരമുള്ള ഒരു പാത തെളിച്ച് അതുവഴിയുള്ള യാത്രയുടെ സുഖം മറ്റൊന്നാണ്.ഗുജറാത്തിലേക്കുള്ള ഞങ്ങളുടെ യാത്ര അത്തരമൊന്നായിരുന്നു. മഹാത്മാഗാന്ധിയുടെ നാട്,സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ,ഇപ്പോള്‍ നരേന്ദ്ര മോഡിയുടെ നാട്. സ്വാതന്ത്യ സമര ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള സബര്‍മതിയും കറുത്ത അടയാളമായി മാറിയ ഗോദ്രയും വര്‍ഗ്ഗീയ കലാപങ്ങളുമൊക്കെ ചേര്‍ന്ന നാട്. ദാണ്ഡിയ നൃത്തത്തിന്റെ, പ്രശസ്ത കലാകാരന്മാരുടെ, വ്യവസായികളുടെ വലിയ നിരയുള്ള നാട്. സര്‍ദാര്‍ സരോവര്‍ പദ്ധതിയും ആദിവാസി കുടിയിറക്കും വികസന കുതിപ്പും കനാലിനു മുകളില്‍ സൌരോര്‍ജ്ജ ഉത്പ്പാദനവും വരെ അനേക വിഷയങ്ങള്‍ മനസ്സില്‍ ഓടിയെത്തും ഗുജറാത്ത് എന്നു കേള്‍ക്കുമ്പോള്‍. ബംഗാളില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ തോല്‍വിയ്ക്ക് ഒരു കാരണം സിംഗൂരിലെ നാനോ ഫാക്ടറിയുടെ വരവായിരുന്നു.അന്ന് തോറ്റു മാറേണ്ടി വന്ന ടാറ്റയ്ക് ഫാക്ടറി തുടങ്ങാന്‍ ഇടം നല്കി പരിപോഷിപ്പിച്ച നാടാണ് ഗുജറാത്ത്. വിവിധ ഇനം ഭക്ഷ്യോത്പ്പന്നങ്ങളും പരുത്തിയും മാവും തെങ്ങും സമൃദ്ധി പകരുന്ന ഗുജറാത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും സിംഹങ്ങളുടെ കേന്ദ്രമായ ഗിര്‍ വനമാണ്.
യാത്രയുടെ പദ്ധതി നിര്‍വ്വഹണം വി.ആര്‍.പ്രമോദിനായിരുന്നു. സെക്രട്ടേറിയറ്റില്‍ സെക്ഷനോഫീസറായ പ്രമോദ് സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ്. ഇന്‍ഫഷര്‍മേഷന്‍ വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ കെ.സന്തോഷ് കുമാറും റൂറല്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ചീഫ് രാധാകൃഷ്ണ പിള്ളയും ടീം അംഗങ്ങളായിരുന്നു. ട്രെയിനില്‍ പുറപ്പെട്ട് ഹാപ്പയിലിറങ്ങി ദ്വാരകയില്‍ തുടങ്ങാം എന്നായിരുന്നു ആദ്യ പ്ലാന്‍. അതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റും എടുത്തു. എന്നാല്‍ മൂന്നു ദിവസം ഇതിനായി മാറ്റി വയ്ക്കണം എന്നത് ബുദ്ധിമുട്ടായി തോന്നി. അങ്ങിനെയാണ് അഹമ്മദാബാദില്‍ വിമാനത്തിലെത്തി അവിടെ നിന്നും തുടര്‍യാത്ര കാറിലാക്കാം എന്നു തീരുമാനിച്ചത്. മണിക്കൂറുകള്‍ ഇടവിട്ട് സ്റ്റോക്ക്മാര്‍ക്കറ്റ് നിരീക്ഷിക്കും വിധം നിരീക്ഷണം നടത്തിയാണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് പ്രമോദ് സംഘടിപ്പിച്ചത്. ആദ്യ അഭിനന്ദനം നല്കേണ്ടതും അവിടെയാണ്. ആദ്യം ബുക്ക് ചെയ്തത് റിട്ടേണ്‍ ടിക്കറ്റാണ്.2016 നവംബര്‍ 19 ന് രാവിലെ 10.25ന് അഹമ്മദാബാദില്‍ നിന്നും മുംബയിലേക്കും അവിടെനിന്നും 2.10ന് തിരുവനന്തപുരത്തേക്കും ഇന്‍ഡിഗോയില്‍ ടിക്കറ്റെടുത്തതോടെ യാത്ര ഉറപ്പായി. 2016 സെപ്തംബര്‍ 16ന് രാവിലെ 11.46നാണ് അതില്‍ തീരുമാനമായത്. കണ്‍വീനിയന്‍സ് ഫീ ഉള്‍പ്പെടെ ഒരാള്‍ക്ക് യാത്രക്കൂലി 5450 രൂപ. അഹമ്മദാബാദിലേക്കുള്ള ടിക്കറ്റ് എടുത്തത് ഒക്ടോബര്‍ ഏഴിന് 3.14നാണ്. തിരുവനന്തപുരം –ബാംഗ്ലൂര്‍ ജറ്റ് എയര്‍വേയ്സ് രാവിലെ 6.10ന് പുറപ്പെട്ട് 7.15ന് എത്തും. 2915 രൂപ യാത്രക്കൂലി. ബാംഗ്ലൂര്‍-അഹമ്മദാബാദ് രാവിലെ 10.05ന് പുറപ്പെട്ട് 12.10ന് എത്തും. 5391 രൂപ യാത്രക്കൂലി.
ഓര്‍ക്കേണ്ട സംഗതികളുടെ ഒരു ലിസ്റ്റ് പ്രമോദ് അയച്ചിരുന്നു. അത് ഇപ്രകാരമായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സലും രണ്ട് ഫോട്ടോകോപ്പികളും. ഔദ്യോഗിക കാര്‍ഡുണ്ടെങ്ങില്‍ അതും രണ്ട് ഫോട്ടോകോപ്പികളും. സര്‍വ്വീസില്‍ നിന്നും വിരമിച്ച എനിക്ക് ഇത് ബാധകമായിരുന്നില്ല. അഞ്ച് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍.സ്വറ്റര്‍ അല്ലെങ്കില്‍ വാമര്‍ അല്ലെങ്കില്‍ ജാക്കറ്റ്, സിംഗിള്‍ ബഡ്ഷീറ്റ്, ചെറിയ ടോര്‍ച്ചുണ്ടെങ്കില്‍ ഒരെണ്ണം, ടോയ്ലെറ്ററീസ്,മൊബൈല്‍ ചാര്‍ജര്‍,പ്രീപെയ്ഡ് മൊബൈലാണെങ്കില്‍ ആവശ്യത്തിനുള്ള റീചാര്‍ജ്ജിംഗ്, സണ്‍ഗ്ലാസ്സ്, സ്കാര്‍ഫ് , മരുന്നുകള്‍ ആവശ്യമുള്ളത്ര, അത്യാവശ്യ വസ്തുക്കള്‍ കൊണ്ടു നടക്കാന്‍ ചെറിയ ബാഗ്, കുറച്ച് വസ്ത്രങ്ങള്‍ ഉള്‍പ്പെടുന്ന ചെറിയ ട്രാവല്‍ ബാഗ്. ഓര്‍ക്കുക, ടോയ്ലറ്ററീസ് ചെക്ക് ഇന്‍ ലഗേജില്‍ തന്നെ എന്നുറപ്പാക്കണം.ഇതായിരുന്നു ആ കുറിപ്പ്. വളരെ പ്രയോജനകരമായിരുന്നു ഈ അറിയിപ്പുകള്‍.
അഹമ്മദാബാദില്‍ നിന്നും ദിയു വഴിയുള്ള യാത്രയാണ് ആദ്യം പ്ലാന്‍ ചെയ്തതെങ്കിലും അതിനെക്കാളും മികച്ചൊരു ഇറ്റിനറിയാണ് പ്രമോദ് പിന്നീട് തയ്യാറാക്കി അയച്ചത്. അതിങ്ങനെയായിരുന്നു. നവംബര്‍ 12 ന് ഉച്ചയ്ക്ക് അഹമ്മദാബാദില്‍ എത്തുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് മൊദേര സൂര്യക്ഷേത്രത്തിലേക്ക്. അവിടെ നിന്നും പാഠനിലേക്ക്. പാഠനില്‍ താമസം.13 ന് രാവിലെ കച്ചിലേക്ക്. 360 കിലോമീറ്റര്‍, 6-7 മണിക്കൂര്‍ യാത്ര. കാലോ ദുഗാര്‍,വൈറ്റ് ഡസര്‍ട്ട് എന്നിവ കണ്ട് കച്ചില്‍ താമസം. 14ന് പ്രഭാത ഭക്ഷണം കഴിഞ്ഞ് ഭുജിലേക്ക്.പ്രാഗ് മഹാള്‍, അയ്ന മഹാള്‍ എന്നിവ കണ്ട് ദ്വാരകയിലേക്ക്. ജാംനഗര്‍ വഴിയുള്ള യാത്ര 400 കിലോമീറ്റര്‍. രാത്രി എത്തുന്നിടത്ത് താമസം.15ന് രാവിലെ ദ്വാരകയില്‍ എത്തുന്നു.ദ്വാരകധീഷ്,ബെയ്ത്ത് ദ്വാരക എന്നിവ സന്ദര്‍ശിച്ച് പോര്‍ബന്ദര്‍ വഴി സോമനാഥിലേക്ക്. 4 -5 മണിക്കൂര്‍ യാത്ര. 250 കിലോമീറ്റര്‍ സഞ്ചാരം. സോമനാഥില്‍ നിന്നും ദിയുവിലേക്ക് 90 കിലോമീറ്റര്‍, 2 മണിക്കൂര്‍ യാത്ര. ഈ ദിവസം യാത്ര ക്ഷീണിപ്പിച്ചേക്കും. പക്ഷെ മറ്റു മാര്‍ഗ്ഗമില്ല. സോമനാഥില്‍ വലിയ തിരക്കാണെങ്കില്‍ ദര്‍ശനം പോലും ഒഴിവാക്കേണ്ടിവരും. ദിയുവില്‍ താമസച്ചിലവ് കൂടുതലാണ്. സര്‍ക്കാര്‍ അക്കോമൊഡേഷന്‍ നോക്കണം. ഇങ്ങനെ അതി ദീര്‍ഘ യാത്രയാണ് 15നായി നിശ്ചയിച്ചത്. 16ന് ദിയുവില്‍ നയ്ദ ഗുഹകള്‍,ദിയു കോട്ട,നഗോവ ബീച്ച്, സെന്റ്ല പോള്‍സ് പള്ളി,ദിയു മ്യൂസിയം,ഗംഗേശ്വര്‍ ക്ഷേത്രം,ദിയു സൈക്കിളിംഗ് ട്രാക്ക് എന്നിവ കണ്ട് വൈകിട്ട് ഗിറിലേക്ക് . 100 കിലോമീറ്റര്‍ ദൂരവും 2 മണിക്കൂര്‍ യാത്രയും. സസാന്‍ ഗിറില്‍ താമസം. 17ന് രാവിലെ 6 മുതല്‍ 9 വരെ ഗിറില്‍ സഫാരി. പ്രഭാതഭക്ഷണം കഴിച്ച് അംറേലി വഴി അഹമ്മദാബാദിലേക്ക്. 350 കിലോമീറ്റര്‍ യാത്രയ്ക്ക് 6 മണിക്കൂര്‍ വേണ്ടിവരും. അവിടെ താമസം കണ്ടെത്തണം. ശേഷം സമയമുണ്ടെങ്കില്‍ അക്ഷര്‍ധാം കാണണം. 18ന് സബര്‍മതി,അധ് ലാജ് സ്റ്റെപ്പ് വെല്‍,കന്‍കാരിയ തടാകം,വിന്റേജ് കാര്‍ മ്യൂസിയം, സിദ്ധി സെയ്ദി പള്ളി,കാലിക്കോ മ്യൂസിയം എന്നിവ കണ്ട് രാത്രി ചിലവഴിച്ച് 19ന് രാവിലെ വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്തേക്ക്. വളരെ ചിട്ടയായ ഒരു യാത്രയ്ക്കുള്ള കാര്യമായ വഴിയൊരുക്കം. എല്ലാം ശരിയായാല്‍ ഇതുതന്നെ രീതി.എട്ടാം പക്കം സ്വന്തം ഇടത്തില്‍ എത്തിച്ചേര്‍ന്ന് ചാക്രിക ഗമനം പൂര്‍ത്തിയാക്കാം.
പഠാനിലെ നവജീവന്‍ ഹോട്ടലില്‍ നവംബര്‍ 12ലേക്കുള്ള താമസം ബുക്ക് ചെയ്തു.ഓണ്‍ലൈനായി 484 രൂപയും ഹോട്ടലില്‍ നല്കേണ്ടത് 1936 രൂപയും. തീരെ അറിയാത്ത ഇടമായതിനാല്‍ ബുക്ക് ചെയ്യുന്നതാണ് സുരക്ഷിതം എന്ന കണക്കുകൂട്ടലിലാണ് പ്രമോദ് ഇത് ചെയ്തത്. റാന്‍ ഓഫ് കച്ചിലെ സീസണ്‍ ആരംഭിച്ചിരിക്കയാണ്. മരുഭൂമിയുടെ സ്വഭാവമുള്ള അവിടെയും താമസം ബുക്ക് ചെയ്തു. ഹോഡ്ക ഗ്രാമത്തിലെ റാന്‍ വിസാമോ വില്ലേജ് സ്റ്റേയിലായിരുന്നു അത്.
അവര്‍ വളരെ വിശദമായ വിവരങ്ങളാണ് ഓണ്‍ലൈനായി നല്കിയത്. ഭുഗകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു വരണം, ബുക്ക് ചെയ്തതിന്റെ ഹാര്‍ഡ് കോപ്പി ഉണ്ടാവണം.ഹോഡ്കയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ ഭെരന്‍ഡിലയാര ചെക്ക്പോസ്റ്റില്‍ നിന്നും വൈറ്റ് റാണിലേക്കുള്ള പ്രവേശന പാസ്സ് എടുക്കണം, ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് ദോര്‍ഡോസ ഗ്രാമം വരെയെ കിട്ടുകയുള്ളു. റാന്‍ ഉത്സവ് ആയതിനാല്‍ ചില താത്ക്കാലിക നെറ്റ് വര്‍ക്കുകള്‍ ഉണ്ടാകും. ചെക്ക്പോസ്റ്റില്‍ 24 മണിക്കൂര്‍ പെര്‍മിഷനാണ് നല്കുക.കൂടുതല്‍ സമയം വൈറ്റ് റാണില്‍ ചിലവഴിക്കണമെങ്കില്‍ റാനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ബിഎസ്എഫ് ചെക്ക്പോസ്റ്റില്‍ പണമടയ്ക്കാം. പരമ്പരാഗത കോട്ടേജാണ് ബുക്ക് ചെയ്തിരിക്കുന്നത്. അഞ്ചുപേര്‍ക്ക് 8300 രൂപയാണ് ചാര്‍ജ്ജ് . വളര്‍ത്തു മൃഗങ്ങള്‍,മദ്യം, പുകവലി എന്നിവ അനുവദിക്കുന്നതല്ല. ഭക്ഷണം പാക്കേജിന്റെ ഭാഗമാണ്. ഇന്ത്യന്‍ ബ്രേക്ക് ഫാസ്റ്റ്,ഗുജറാത്തി ലഞ്ച്, കച്ച് ഡിന്നര്‍.ചെളിയില്‍ നിര്‍മ്മി ച്ച കോട്ടേജിന് ഭുഗ എന്നാണ് പറയുക. ചെക്ക് ഇന്‍ 12 മണിയും ചെക്ക് ഔട്ട് 10 മണിയുമാണ്. മുഴുവന്‍ തുകയും അഡ്വാന്‍സായി അടയ്ക്കണം.
പ്രമോദ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ പോയി തുക അടച്ച് അതിന്റെ പകര്‍പ്പ് കൊറിയറില്‍ അയച്ചുകൊടുത്താണ് ബുക്കിംഗ് ഉറപ്പാക്കിയത്. ഞങ്ങളോടൊപ്പം അഹമ്മദാബാദില്‍ നിന്നും ഒപ്പം ചേരുന്ന പ്രമോദിന്റെ സുഹൃത്ത് വെങ്കിട്ട് തമിഴ് നാട്ടുകാരനും പിഎംഓയിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറുമാണ്. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഗ്രാമ റിസോര്‍ട്ടിലാണ് ഗിര്‍ വനപ്രദേശത്തെ താമസം ബുക്ക് ചെയ്തത്. ദിയുവിലെ സര്‍ക്യൂട്ട് ഹൌസും അത്തരത്തിലാണ് ബുക്ക് ചെയ്തത്.
യാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്ന സമയത്തുതന്നെയാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളും .ഞാന്‍ അതില്‍ ബദ്ധശ്രദ്ധനായിരുന്നതിനാല്‍ യാത്രയുടെ പൂര്‍ണ്ണ ചുമതല പ്രമോദിനായിരുന്നു. നവംബര്‍ ആറിന് വിവാഹം കഴിഞ്ഞ് അതിന്റെ കണക്കുകളൊക്കെ തീര്‍ത്ത് സ്വസ്ഥനായത് എട്ടാം തീയതിയാണ്. അന്ന് രാത്രിയിലാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഭൂകമ്പ പരിപാടിയായ നോട്ട് പിന്‍ വലിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് പണം സ്വരൂപിക്കാനുള്ള ഓട്ടമായി. ബാങ്ക് അക്കൌണ്ടില്‍ നിന്നും രണ്ട് ദിവസമായി പതിനായിരം വീതം എടുത്തു വച്ചു. വീട്ടിലെ ആവശ്യങ്ങള്‍ക്കായി പഴയ രൂപ നല്കി നാലായിരത്തിന്റെ പുതിയ രൂപയും സംഘടിപ്പിച്ചു. 12ന് മുന്‍പ് ചെയ്തുതീര്‍ക്കേണ്ട അല്ലറചില്ലറ പരിപാടികള്‍ , ചില പര്‍ച്ചേയ്സുകള്‍ ഒക്കെ നിര്‍വ്വഹിച്ച് പാക്കിംഗും നടത്തി 11ന് രാത്രിയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
രാവിലെ 4.15ന് പ്രമോദിന്റെ വണ്ടിയില്‍ രാധാകൃഷ്ണനും പ്രമോദുമെത്തി. വാഹനം ഓടിക്കുന്നത് പ്രമോദിന്റെ സുഹൃത്താണ്. സന്തോഷും ഞാനും വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ നിന്നും കയറി. ടെര്‍മിനല്‍ രണ്ടാണ്. അതിനാല്‍ ചാക്കവരെ എത്തിയാല്‍ മതി. ചെക്ക് ഇന്‍ ചെയ്തു. പ്രമോദിന്റെ കൈയ്യില്‍ ക്യമറയും സൂം ലെന്‍സുമുള്ളതിനാല്‍ ചെക്ക് ഇന്‍ ലഗേജ് ഒരിക്കല്‍ കൂടി പരിശോധിച്ചു. 6.10ന് തന്നെ ജറ്റ് എയര്‍ വേയ്സ് വിമാനം പുറപ്പെട്ടു. കുറെ കഴിഞ്ഞപ്പോള്‍ പ്രഭാത ഭക്ഷണം കിട്ടി. അവര്‍ ചിക്കന്‍ ബര്‍ഗര്‍ കഴിച്ചു, ഞാന്‍ മസാല ചപ്പാത്തിയും. ഓരോ ചായ കൂടി കഴിച്ചുകഴിഞ്ഞപ്പോള്‍ ലാന്‍ഡിംഗ് സമയമായി. ഇറങ്ങി ഒന്നാം നമ്പര്‍ ബല്‍റ്റില്‍ നിന്നും ലഗേജുകള്‍ എടുത്തു. ഇനി ഇന്‍ഡിഗോയിലാണ് യാത്ര. വെള്ളം മാത്രമെ സൌജന്യമായി ലഭിക്കൂ. മറ്റെല്ലാം പണം നല്കേണ്ടവയും.
ബാംഗലൂര്‍ വിമാനത്താവളത്തില്‍ മീറ്റര്‍ ചായ ലഭ്യമാണ്. നമ്മുടെ നാട്ടിലെ ചായക്കടകളില്‍ നീട്ടിയടിച്ച് നല്കുന്ന ചായ. നാട്ടില്‍ ഏഴ് രൂപയ്ക്ക് ലഭിക്കുമെങ്കില്‍ എയര്‍പോര്‍ട്ടി ല്‍ 67 രൂപയാണെന്നു മാത്രം. നാല് മസാല വടയും വാങ്ങി. മസാല വടയെന്നാല്‍ പരിപ്പുവട. തീരെ ചെറിയ പരിപ്പു വടകള്‍. നമ്മള്‍ വലിയ പരിപ്പുവട ഒന്നിന് ഏഴു രൂപ നല്കി വാങ്ങുമ്പോള്‍ 28 രൂപ ചിലവു വരുന്നിടത്ത് ഇവിടെ 108 രൂപയാണ്. വാങ്ങി കഴിച്ചു. ദോഷം പറയരുതല്ലൊ ,രണ്ടിനും നല്ല രുചിയുണ്ടായിരുന്നു. ബാംഗലൂരില്‍ ചെക്കിംഗിന് കൂടുതല്‍ സമയമെടുത്തു. 10.05ന് പുറപ്പെടേണ്ട വിമാനം 10.30ന് പുറപ്പെട്ടു. പത്രവായനയും ചെറുമയക്കവും കഴിഞ്ഞപ്പോള്‍ വാഹനം അഹമ്മദാബാദിലെത്തി. 12.10ന് തന്നെ. പ്രമോദിനടുത്തിരുന്ന പ്രായം ചെന്ന സ്ത്രീകളെ പരിചയപ്പെട്ടു. അവര്‍ സഹോദരിമാരും സഹോദരനും കുടുംബമായി ടൂറിലാണ്. മക്കളൊക്കെ ഓരോ നിലയിലെത്തി. ഇനി യാത്രകള്‍.ആവുന്നിടത്തോളം കറങ്ങണം. അതാണ് ലക്ഷ്യം. അവര്‍ ചിരിക്കുന്നു. അഹമ്മദാബാദില്‍ നിന്നും ദിയു വഴിയുള്ള ഒരു പാക്കേജാണ്. എല്ലാം നിശ്ചയിച്ചുറപ്പിച്ച പാതകളിലൂടെ തന്നെ. ടൂര്‍ ഓപ്പറേറ്റര്‍ വഴിയുള്ള യാത്രയാണ്. ശരിക്കും രസം തോന്നി. കുട്ടിക്കാലത്തെ കളിതമാശകള്‍ ഓര്‍ത്തും പറഞ്ഞും വയസ്സുകാലത്തുള്ള യാത്രകള്‍ക്ക് ഒരു പ്രത്യേക മധുരം തന്നെയുണ്ടാകും.(വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍)