Saturday, 8 September 2018

Trip to Gujarat --- 4

ബചാവു എക്സ്പ്രസ് ഹൈവെ 

ഒട്ടകങ്ങളുടെ കൂട്ടം

ഒട്ടക ഉടമ ഷെറീഫ്

കാലോ ദുഗര്‍

ഉപ്പുരസമുള്ള  മണ്ണ്
ഗുജറാത്ത് യാത്ര -- ഭാഗം -- 4
കാലോ ദുഗര്‍
രാവിലെ അഞ്ചുമണിക്ക് പാഠനില്‍ നിന്നും പുറപ്പെട്ടു. നോക്കെത്താ ദൂരം നീണ്ടുകിടക്കുന്ന പരന്ന റോഡിലൂടെ അതിവേഗം വണ്ടിയോടി. സംസ്ഥാന റോഡ് വികസന കോര്‍പ്പറേഷനാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. എങ്ങും ഒരു ഗട്ടറുമില്ലാത്ത റോഡ്. ശുക്ലി നദി കടന്നുള്ള യാത്ര. കണ്ണുകള്‍ എത്തുന്നതിനും അപ്പുറം പരന്നു കിടക്കുകയാണ് പാടങ്ങള്‍. രാധന്‍പൂര്‍ മുതല്‍ ബചാവു വരെ എക്സപ്രസ്സ് ഹൈവേയാണ്. രാധന്‍പൂരിലെ ജൈനക്ഷേത്രം മനോഹരവും ശ്രദ്ധേയവുമാണ്. എന്നാല്‍ ചരിത്രപരമായ പ്രാധാന്യം ഒട്ടില്ലതാനും. ഇത്തരത്തിലുള്ള ജൈനക്ഷേത്രങ്ങള്‍ ഗുജറാത്തില്‍ ധാരാളം കാണാന്‍ കഴിയും. എക്സ്പ്രസ്സ് ഹൈവേയില്‍ ഒരു ട്രക്ക് തലകീഴായി കിടക്കുന്നത് കണ്ടു. അടുത്തായി തകര്‍ന്നടിഞ്ഞ ഒരു കാറും. മെച്ചമായ റോഡും അതിവേഗവും വരുത്തുന്ന അപകടങ്ങളാണ് ഇപ്പോള്‍ റോഡിലെ പുതിയ വെല്ലുവിളി.
പാഠന്‍ ജില്ല അവസാനിക്കുന്നിടത്ത് ഒരു തടാകം കണ്ടു, ധാരാളം ദേശാടനപ്പക്ഷികളും. ഉപ്പുള്ള മണ്ണാണ് അവിടെയെല്ലാം. ഹോട്ടല്‍ സഹയോഗില്‍ പ്രഭാത ഭക്ഷണത്തിനിറങ്ങി. ടോയ്ലറ്റ് വളരെ മോശം നിലയിലായിരുന്നതിനാല്‍ ഭക്ഷണം കഴിക്കാന്‍ നില്ക്കാതെ അവിടെ നിന്നിറങ്ങി. പിന്നീട് ബചാവുവിലെ ഹോട്ടല്‍ ശിവ് ഇന്‍റര്‍നാഷണലില്‍ കയറി. നല്ല വൃത്തിയുള്ള ഇടം. പൂരിയും കറിയും വാങ്ങിക്കഴിച്ചു. വില കൂടുതലാണ്. അഞ്ചുപേര്‍ക്ക് ആയിരം രൂപയ്ക്ക് മുകളിലായി.
പാഠനില്‍ നിന്നും 360 കിലോമീറ്റര്‍ അകലെയാണ് ഭുജിലെ കച്ച്. യാത്രയില്‍ എവിടെയും എണ്ണയ്ക്കായി കൃഷി ചെയ്യുന്ന ആവണക്കിന്‍ പാടങ്ങള്‍ കാണാം. ഞങ്ങള്‍ എത്തിച്ചേര്‍ന്നത് കാലോദുഗ്ഗാറിലേക്കും റാന്‍ ഓഫ് കച്ചിലേക്കുമുള്ള യാത്രയുടെ പാസ്സ് നല്കുന്ന ബരിന്‍ഡിയ ചെക്ക്പോസ്റ്റിലാണ്. അവിടെ പേരയ്ക്ക വില്ക്കുന്ന മീനാക്ഷരിക്ക് എട്ടു വയസ്സുണ്ടാകും. നിര്‍മ്മലമായ ചിരിയും കച്ചവട തന്ത്രങ്ങളുമായി അവള്‍ അടുത്തുവന്നു. പേരയ്ക്കയ്ക്ക് ജാംഫല്‍ എന്നാണ് ഗുജറാത്തിയില്‍ പറയുക. മൂന്ന് പേരയ്ക്കയും അതിനുള്ള മസാലയും കൂടി പത്ത് രൂപയാണ്. “സര്‍, നല്ല മധുരമുള്ള പേരയ്ക്കയാണ്. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നും”, അവള്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസം സൌജന്യവും നിര്‍ബ്ബന്ധിതവുമാക്കിയിട്ടുള്ള ഇന്ത്യയുടെ ഭാഗമാണ് ഗുജറാത്ത്. പക്ഷെ മീനാക്ഷരി സ്കൂളില്‍ പോകുന്നില്ല. അവളുടെ ജ്യേഷ്ടന്‍ കിരണിന് പത്ത് വയസ്സുണ്ടാകും. അവനും പേരയ്ക്ക വില്ക്കുകയാണ്. അച്ഛനും അമ്മയുമില്ല എന്നാണ് അവര്‍ പറഞ്ഞത്. അത് കച്ചവടത്തിലെ സഹതാപ തന്ത്രമാണെന്ന് മുകേഷ് പറഞ്ഞു. അച്ഛനമ്മമാരും അവിടെ കച്ചവടം ചെയ്യുന്നുണ്ടാകുമെന്ന് അയാള്‍ പറഞ്ഞു. അഥവാ അത് കളവാണെങ്കിലും ആ കുട്ടികളുടെ നിഷ്ക്കളങ്കമായ കള്ളത്തരം നമ്മില്‍ ദേഷ്യം ഉണര്‍ത്തില്ല എന്നതാണ് സത്യം.
പാസ്സിന് 650 രൂപയാണ്. പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ത്ത് വാഹനം മുന്നോട്ട് നീങ്ങി. മരുഭൂമി പോലെ വിജനമായ റോഡില്‍ പെട്ടെന്ന് മണികിലുക്കവുമായി ഒരൊട്ടകക്കൂട്ടം പ്രത്യക്ഷമായി. നൂറോളം ഒട്ടകങ്ങളുണ്ട്. തീറ്റ കഴിഞ്ഞ് ഗ്രാമത്തിലേക്ക് പോവുകയാണ് ഒട്ടകങ്ങള്‍. രാജസ്ഥാനില്‍ നിന്ന് ആളുകള്‍ വന്ന് ഒട്ടകങ്ങളെ വാങ്ങും. അതിനായി വളര്‍ത്തുകയാണ് ഇവരെ. കഴുത്തില്‍ കെട്ടിയ മണിയുടെ സംഗീതം ഇമ്പമുള്ളതാണ്. പച്ചിലകള്‍ അപൂര്‍വ്വമാണെങ്കിലും അതാണ് പ്രധാന തീറ്റ. വണ്ടി നിര്‍ത്തി എല്ലാവരും ഇറങ്ങി ഫോട്ടോ എടുത്തു. ഉടമ ഷറീഫുമായി സംസാരിച്ചു. അഴുക്കും പൊടിയും നിറഞ്ഞ വസ്ത്രങ്ങളും മുഖവും തവിട്ടുനിറമുള്ള പല്ലുകളുമായി ഷെറീഫ്. നിന്ന് സംസാരിക്കാന്‍ സമയമില്ല. മരുഭൂമിയിലെ കപ്പലുകള്‍ പലവഴിക്കായി പോകും. ഇത്രയും വലിയ ഒരു കൂട്ടം ജീവികളെ നിയന്ത്രിക്കുന്നത് ഈ ചെറിയ മനുഷ്യനും അയാളുടെ ഭാര്യയുമാണ്. മനുഷ്യന്‍റെ തലച്ചോറ്, അത് മാത്രമാണ് അവനുള്ള ശക്തി എന്നു തോന്നിപ്പോയി ഒരു നിമിഷം. അയാള്‍ ഒരു ചിത്രത്തിന് പോസ് ചെയ്തശേഷം ഒട്ടകങ്ങള്‍ക്ക് പിന്നാലെ ഓടി.
പടിഞ്ഞാറന്‍ ഗുജറാത്തിലെ അവസാന ഗ്രാമമാണ് ഖാവ്ട. കാലോ ദുഗറിലേക്കുള്ള യാത്രയിലാണിത്. കാലോ ദുഗര്‍ എന്നാല്‍ കറുത്ത കുന്ന്. ഇങ്ങനെ പേര് വരുവാനുള്ള കാരണം അറിയില്ല. എങ്കിലും അവിടെ നിന്നുള്ള കാഴ്ച അപാരമാണ്. റാന്‍ ഓഫ് കച്ചിന്‍റെ വിശാലമായ കാഴ്ചയിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്ന ഇടമാണ് കാലോ ദുഗര്‍. പ്രഭാതവും സായാഹ്നവുമാണ് കാഴ്ചയ്ക്ക് മനോഹരം. പക്ഷെ ഞങ്ങള്‍ എത്തിയത് നട്ടുച്ചയ്ക്കായിരുന്നു. കാലോ ദുഗറിനപ്പുറം പാകിസ്ഥാനാണ്. 462 മീറ്റര്‍ ഉയരമുള്ള കാലോ ദുഗറാണ് കച്ചിലെ ഏറ്റവും ഉയര്‍ന്ന സ്ഥലവും. ദൂജില്‍ നിന്നും 97 കിലോമീറ്ററും ഖാവ്ടയില്‍ നിന്നും 25 കിലോമീറ്ററും ദൂരമുണ്ട് ഇവിടേക്ക്.
പാകിസ്ഥാന്‍ അതിര്‍ത്തിയായ ഇവിടെ ശക്തമായ സൈനിക സാന്നിധ്യവുമുണ്ട്. 400 വര്‍ഷം പഴക്കമുള്ള ദത്താത്രേയ ക്ഷേത്രം അവിടത്തെ മറ്റൊരാകര്‍ഷണമാണ്. ബ്രഹ്മാവും വിഷ്ണുവും ശിവനും ഒന്നു ചേര്‍ന്ന രൂപമാണ് ദത്താത്രേയ. ദത്താത്രേയ ഒരിക്കല്‍ ഭൂമിയില്‍ ഇറങ്ങി നടക്കുമ്പോള്‍ ഇവിടെ പട്ടിണി കിടക്കുന്ന കുറുക്കന്മാരെ കണ്ടു എന്നും അവര്‍ക്ക് കഴിക്കാന്‍ സ്വന്തം ശരീരം ഭക്ഷണമായി നല്‍കി എന്നുമൊരു വിശ്വാസം ഇവിടെയുണ്ട്. അവര്‍ കഴിക്കുന്തോറും ശരീരം പുനസൃഷ്ടിക്കപ്പെട്ടു എന്നും വിശ്വാസികള്‍ പറയുന്നു. അതിന് ശേഷം ഈ ക്ഷേത്രമുണ്ടായെന്നും എല്ലാ ദിവസവും കുറുക്കന്മാര്‍ക്ക് പൂജ കഴിഞ്ഞ് പ്രസാദവും ചോറും നല്കി വരുന്നുണ്ടെന്നും ഇവിടത്തുകാര്‍ പറഞ്ഞു.ദത്താത്രേയയുടെ ഭക്തനായ ലാഖ്ഗുരു ഇവിടെ താമസിച്ചിരുന്നെന്നും അദ്ദേഹം കുറുക്കന്മാര്‍ക്ക് തീറ്റ നല്കി വന്നു എന്നുമാണ് മറ്റൊരു ഐതീഹ്യം. ഒരു ദിവസം ഭക്ഷണമില്ലാതിരുന്നപ്പോള്‍ അദ്ദേഹം സ്വശരീരം മുറിച്ച് നല്കി എന്നാണ് ആ ഐതീഹ്യത്തില്‍ പറയുന്നത്. കാലോ ദുഗാറിലെ രാജാവിനെ പരീക്ഷിക്കാന്‍ ദത്താത്രേയ കാട്ടുകുറുക്കനായി വന്ന് ഭക്ഷണം ചോദിച്ചുവെന്നും രാജാവ് ശരീരത്തിന്‍റെ ഒരു ഭാഗം മുറിച്ചു നല്കികയെന്നുമാണ് മറ്റൊരു കഥ.
കഥകള്‍ എന്തൊക്കെയായാലും കുറുക്കന്മാര്‍ വരുന്നതും ഭക്ഷണം കഴിക്കുന്നതും ഒരു സത്യമാണ്. മുന്‍പ് ഇരുപതിലേറെയുണ്ടായിരുന്ന കുറുക്കന്മാര്‍ ഇപ്പോള്‍ എട്ടായി കുറഞ്ഞിട്ടുണ്ടെന്നു മാത്രം. അവര്‍ കഴിക്കുന്നത് ക്ഷേത്രത്തിലെ പ്രസാദവും ചോറുമാണ്.
കാലോ ദുഗറിലെ ഭൂരിപക്ഷം ജനങ്ങളും മുസ്ലിം മത വിശ്വാസികളാണ്. അവിടെ മീഠോ മാവ് വില്ക്കു ന്ന ഹാറൂണിനെ പരിചയപ്പെട്ടു. പാലും പഞ്ചസാരയും കുറുക്കി ഏലയ്ക്ക ചേര്‍ത്താണ് മിഠോമാവ് തയ്യാറാക്കുന്നത്. നൂറുഗ്രാമിന് 30 രൂപ. ദിവസം 100-150 രൂപ കിട്ടുമെന്ന് ഹാറൂണ്‍ പറഞ്ഞു. ജലം തീരെ കുറവുള്ള പ്രദേശമായതിനാല്‍ എല്ലാവരും മുഷിഞ്ഞ നിലയിലാണ് കാണുന്നത്. പാനും ബീഡിയും പ്രധാനം. ഉയരങ്ങളില്‍ പറന്ന് അനങ്ങാതെ നില്ക്കുന്ന പരുന്തുകള്‍ ധാരാളം. ഇവയ്ക്ക് മൊണ്ടാഗൂസ് ഹാര്‍മനര്‍ എന്ന് വിളിപ്പേര്. കള്ളിമുള്ളുകളും ധാരാളമായുണ്ട്. ഇവിടം കടലായിരുന്നു എന്നും ചരിത്രം പറയുന്നു.
ഒട്ടകപ്പുറത്ത് വെറുതെ ഒന്നു യാത്ര ചെയ്തു. മുന്നില്‍ ഞാനും പിറകില്‍ രാധാകൃഷ്ണനുമായിരുന്നു. ഒട്ടകം എഴുന്നേല്ക്കുമ്പോഴും ഇറങ്ങാനായി ഇരിക്കുമ്പോഴും ഒരു പേടി തോന്നും. 50 രൂപ കൊടുത്തു. ഷരീഫും ഇബ്രാഹീമും മാത്രമല്ല ഏകദേശം 25 ആളുകള്‍ ഈ തൊഴിലിലുണ്ട്. നാലിലും ഏഴിലുമായി പഠിത്തം ഉപേക്ഷിച്ചവര്‍. പഠനം കൊണ്ട് വയറു നിറയുമോ ,കുടുംബം മുന്നോട്ട് പോകുമോ എന്നൊക്കെയുള്ള അവരുടെ ചോദ്യങ്ങള്‍ ശ്രദ്ധേയം. പഠിത്തം വളരെ മുഷിപ്പന്‍ പരിപാടിയാണ്, ഈ ജോലി രസമാണ് എന്ന് മഞ്ഞപ്പല്ലുകള്‍കാ‍ട്ടി നിഷ്ക്കളങ്കമായ ചിരിയോടെ ഷരീഫ് പറഞ്ഞപ്പോള്‍ അവനായിരിക്കാം ശരി എന്നു തോന്നി.

No comments:

Post a Comment