Monday, 10 September 2018

Trip to Gujarat -- 5

വിസാമോയിലെ താത്ക്കാലിക ടെന്‍റ്

വിസാമോയിലെ പരമ്പരാഗത താമസസൌകര്യം

റസ്റ്റാറന്‍റ്

കുട്ടികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പരമ്പരാഗത വസ്തുക്കള്‍

ഗുജറാത്ത് യാത്ര - ഭാഗം -5
റാന്‍ ഓഫ് കച്ച്
കാലോ ദുഗാറില്‍ നിന്നും യാത്ര തികച്ചും മരുഭൂമി പോലെയുള്ള വിജനമായ പാതയിലൂടെയായിരുന്നു. അവിടവിടെ ആട്ടിന്‍ കൂട്ടങ്ങളും ആട്ടിടയരും മാത്രം. ഭൂമിയുടെ അങ്ങേയറ്റത്തേക്കാണ് യാത്ര എന്നു തോന്നും. രാജസ്ഥാനിലെ താര്‍ മരുഭൂമിയിലൂടെയുള്ള യാത്രയും ഇതേ അനുഭവമാണ് നമുക്ക് സമ്മാനിക്കുക. ഉയരം കുറഞ്ഞ പുല്ലും നിശബ്ദതയും കാറ്റിന്റെ ഹുങ്കാരവും ഒക്കെ ഇടകലരും , അപ്പോള്‍ നമ്മളും അറിയാതെ നിശബ്ദരാകും. തണുപ്പുകാലമായതിനാല്‍ സുഖമുള്ള ചൂടാണ്. വേനല്ക്കാലത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ ഉള്ളകം പൊള്ളി. കച്ച് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഫെസ്റ്റിവല്‍ ഗ്രൌണ്ടില്‍ ഉദ്യോഗസ്ഥരും പോലീസ്സുമുണ്ട്. അവിടവിടെയായി താത്ക്കാലിക റിസോര്‍ട്ടുകളും. വഴിമാറി വന്നതിനാല്‍ റിസോര്‍ട്ട് കണ്ടെത്താന്‍ കുറേ പ്രയാസപ്പെട്ടു. ഉച്ചകഴിഞ്ഞ് രണ്ടരയായതിനാല്‍ എല്ലാവര്‍ക്കും നല്ല വിശപ്പുമുണ്ട്.
ഹോഡ്ക വില്ലേജിലെ റാന്‍ വിസാമോ വില്ലേജ് സ്റ്റേയിലായിരുന്നു താമസം. ഗഗനാണ് റിസോര്‍ട്ട് ഉടമ. പ്രധാന സഹായിയുടെ പേര് ഗുരു എന്നും. നാല് ജോലിക്കാരും ഗഗന്റെ ചിറ്റപ്പനും അവിടെയുണ്ടായിരുന്നു. ചിറ്റപ്പന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഗോത്രവര്‍ഗ്ഗ ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് വന്നിട്ടുള്ള കാര്യം ഓര്‍മ്മിപ്പിച്ചു. നവംബര്‍-ഫെബ്രുവരിയാണ് കച്ച് സീസണ്‍. പിന്നീട് ചൂടും മഴയുമാകും. ആ സമയം റിസോര്‍ട്ടുകള്‍ ഏതാണ്ട് നശിച്ച അവസ്ഥയിലാവും. വെളുത്ത ചെളിയും മണ്ണും ചേര്‍ത്തുണ്ടാക്കുന്ന റിസോര്‍ട്ടുകള്‍ ചാണകം മെഴുകിയതാണ്. സെപ്തംബറില്‍ ഇത് പുതുക്കാന്‍ ആരംഭിക്കും. സീസണ്‍ കഴിഞ്ഞാല്‍ മറ്റ് പണികളില്‍ ഏര്‍പ്പെടും.
ഉച്ചയൂണിന് ചപ്പാത്തിയും ചോറും പരിപ്പും പപ്പടവും കിഴങ്ങുകറിയും പയറും ശര്‍ക്കരയും നാരങ്ങാ അച്ചാറും സോസും സലാഡും മോരുമുണ്ടായിരുന്നു. റിസോര്‍ട്ടില്‍ ടെന്റുകളുമുണ്ട്. ഞങ്ങള്‍ പരമ്പരാഗത വീടുകളിലാണ് താമസിച്ചത്.
സന്തോഷ് മധുരമിടാത്ത ചായയാണ് കുടിക്കുക. അത് മോറി ചായ്. ഞങ്ങള്‍ക്കുള്ളത് മീഠി ചായ്. ചായയും രുചിച്ച് നാല് മണിക്ക് വൈറ്റ് ഡസര്‍ട്ടിലേക്ക് യാത്ര തിരിച്ചു. ഉപ്പ് കലര്‍ന്ന മണ്ണുള്ള മരുഭൂമിയില്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ തിളക്കം. ഇതാണ് ശുഭ്രമരുപ്രദേശം. അവിടവിടെ ജലാശയങ്ങള്‍ കാണാം. കടുത്ത ഉപ്പ്ജലം അടിഞ്ഞുകൂടിയ ഇടങ്ങള്‍. വൈറ്റ് റാന്‍ അവസാനിക്കുന്നത് ഒരു നിശ്ചല തടാകത്തിലാണ്. അതിന് ഒരു കടലിന്റെ സ്വഭാവമുണ്ട്. അവിടെ സൂര്യാസ്തമയം കാണാന്‍ ആയിരങ്ങള്‍ കൂടിയിട്ടുണ്ടായിരുന്നു. ഇതേ സമയം താര്‍ മരുഭൂമിയിലെ തിരക്കും ഞാന്‍ ഓര്‍ത്തുപോയി.
അവിടത്തെ വ്യൂപോയിന്റ് മനോഹരമായ ഒരാര്‍ക്കിടെക്ചറാണ്. ഇരുമ്പില്‍ തീര്‍ത്ത സ്ട്രക്ചര്‍. റാന്‍ ഗുജറാത്തിന്റെ അതിര്‍ത്തിയാണ്, ഇന്ത്യയുടെയും. നോക്കെത്താ ദൂരം തടാകമാണ്. അതിനപ്പുറം പാകിസ്ഥാനും. ഇവിടെ അതിര്‍ത്തി രക്ഷ ചുമതല ബിഎസ്എഫിനാണ്. എന്നാല്‍ റാനില്‍ ഗുജറാത്ത് പോലീസിന്റെ ഒരു ശാഖയുണ്ട്. ബോര്‍ഡര്‍ വിംഗ് ഓഫ് സ്റ്റേറ്റ് പോലീസ്. അസ്തമയ സൂര്യന്റെ കാഴ്ച മനോഹരം. അപ്പോള്‍ മറുവശം പൂര്‍ണ്ണചന്ദ്രനുദിച്ചു. അടുത്ത ദിവസം സൂപ്പര്‍ മൂണ്‍ ഡേ ആണ്. ഞാന്‍ കാഴ്ചകള്‍ കുഞ്ഞ് മൊബൈലില്‍ പകര്‍ത്തി ലയിച്ചു നില്ക്കെ പിറകിലെ ഒച്ചയും ബഹളവും കേള്‍ക്കുന്നുണ്ടായിരുന്നില്ല. രാധാകൃഷ്ണന്‍ പിടിച്ചുമാറ്റിയപ്പോഴാണ് ആ നിമിഷത്തിന്റെ ഭീകരത ബോധ്യപ്പെട്ടത്. ഒട്ടക വണ്ടിയിലാണ് പലരും വ്യൂപോയിന്റില്‍ എത്തുന്നത്. ഈ വണ്ടിക്ക് ബ്രേക്കോ ഒട്ടകത്തിന് കടിഞ്ഞാണോ ഇല്ല. പുറപ്പെട്ടാല്‍ ഡസ്റ്റിനേഷനിലെ അവന്‍ നില്ക്കൂ. ഇടയ്ക്കുള്ള പ്രതിബന്ധങ്ങള്‍ നോക്കാറില്ല. ഒരു ഒട്ടക വണ്ടിയില്‍ കുറഞ്ഞത് പതിനഞ്ച് ആളുകളെങ്കിലും കാണും. ഞാന്‍ റോഡിന്റെ നടുക്കായിരുന്നു. തൊട്ടുപിന്നില്‍ ഒട്ടക വണ്ടിയും. ഒന്നുകില്‍ വണ്ടിയുടെ ചക്രം അല്ലെങ്കില്‍ ഒട്ടകത്തിന്റെ ചവിട്ട്. രണ്ടിലൊന്ന് ഉറപ്പായിരുന്നു. പിന്നീടതോര്‍ക്കുമ്പോഴൊക്കെ ഭയം നിറയുമായിരുന്നു.
കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജീവിച്ച അജിത് കുമാര്‍ രാജ്യത്തിന്റെ അതിര്‍ത്തിയായ വൈറ്റ് റാനില്‍ വച്ച് ഒട്ടകത്തിന്റെ ചവിട്ടേറ്റ് മരിച്ചു അഥവാ ഒട്ടകവണ്ടി തട്ടി തവിടുപൊടിയായി എന്ന വാര്‍ത്ത മനസ്സിന് മുന്നില്‍ എഴുതി വരും. ഒരു സാഹിത്യകാരന്‍ എന്നറിയപ്പെടാനും മേല്‍പ്പിടിയാന്‍ ആഗ്രഹിച്ചിരുന്നു എന്നു കൂടി ഞാനതിനൊപ്പം എഴുതിച്ചേര്‍ക്കുമായിരുന്നു. വിധിയെ തടുക്കാന്‍ ബ്രഹ്മനും കഴിയാ എന്നാരോ പറയുമ്പോഴാണ് ഞെട്ടിയുണരുക. ഇപ്പോഴും ആ ഞെട്ടല്‍ പൂര്‍ണ്ണുമായും വിട്ടുപോയിട്ടില്ലെങ്കിലും കുറഞ്ഞിട്ടുണ്ട്. മൌലാനയുടെ കുതിര ലാഖ വലിച്ച വണ്ടിയില്‍ റാനില്‍ നിന്നും മടങ്ങി. ഒട്ടക വണ്ടികളെ പിന്നിലാക്കിയായിരുന്നു ലാഖയുടെ ഓട്ടം. അവന് 250 രൂപ നല്കി. ലാഖയ്ക്ക് സ്പെഷ്യല്‍ തീറ്റ നല്കണം എന്നു പറഞ്ഞപ്പോള്‍ മൌലാന ചിരിച്ചു. കൊടുക്കാം എന്നാണോ ഇല്ല എന്നാണോ ആ ചിരിയുടെ അര്‍ത്ഥമെന്നറിയില്ല.
തിരികെ വിസാമോയിലെത്തി. അവിടെ രാത്രിയില്‍ സംഗീത പരിപാടിയുണ്ടായിരുന്നു. ദാന കാനയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രാജ കാന സന്തൂര്‍ വായിച്ചു. ഏക് താരയും ഖിര്‍ത്താറുമുണ്ടായിരുന്നു. അലൂമിനിയം കലത്തിന് മുകളില്‍ തോല്‍ ചുറ്റിയ നിലയിലാണ് ഖിര്‍താര്‍. കാന പഞ്ചയാണ് ഉപകരണം വായിച്ചത്. കബീര്‍ ദാസിന്റെയും മീരയുടെയും ഭജനുകള്‍ ഹര്‍ജി ഉദോസയും കേസ ദാനയും ആലപിച്ചു.
രാവിലെ റിസോര്‍ട്ടിനു മുന്നില്‍ പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും അലങ്കാര വസ്തുക്കളുമായി പെണ്‍കുട്ടികള്‍ എത്തി. നല്ല തിളക്കവും നിറവുമുള്ള വസ്ത്രങ്ങള്‍, മൂക്കില്‍ വലിയ അലങ്കാരച്ചന്തം,നിറഞ്ഞ ചിരി. മോനിഷ,കവിത,ശാന്ത,ഖോര എന്നിവരാണ് കുട്ടിത്താരങ്ങള്‍. മൂന്നും അഞ്ചും ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍. വീടുകളില്‍ നിര്‍മ്മിച്ച ബാഗ്,കമ്മല്‍,കീ ചെയിന്‍ തുടങ്ങി വിവിധ വസ്തുക്കള്‍ വില്‍പ്പനയ്ക്കായി നിരത്തി. ദീപാവലി അവധി കഴിഞ്ഞിട്ടില്ല, അതുകൊണ്ടാണ് സ്കൂളില്‍ പോകാത്തതെന്ന് അവര്‍ പറഞ്ഞു. എല്ലാവരും ഓര്‍മ്മയ്ക്കായി ചില സുവനീറുകള്‍ വാങ്ങി. ആവശ്യമുണ്ടായിട്ടല്ല, ആ കുട്ടികളുടെ സന്തോഷവും പുഞ്ചിരിയും കാണാനായി. ബിസ്സിനസ്സില്‍ അവര്‍ തികഞ്ഞ സ്മാര്‍ട്ട്നസ്സ് കാട്ടി.
കച്ചിലെ ക്ലേ റിലീഫുകളിലെ മിറര്‍ വര്‍ക്കുകള്‍ പ്രസിദ്ധമാണ്. അവരുടെ പരമ്പരാഗത കുടിലുകളില്‍ നമുക്കിത് കാണാം. അവരുടെ ഭിത്തികളും ഉപകരണങ്ങളും ചിത്രങ്ങളാലും കണ്ണാടിത്തുണ്ടുകളാലും തിളങ്ങുന്നവയാണ്. മുളയിലുള്ള ഫ്രെയിമില്‍ വൈറ്റ് ക്ലെ ഉപയോഗിച്ചാണ് വീട് നിര്‍മ്മിക്കുക. ധാന്യപ്പുര,വസ്ത്രങ്ങള്‍,വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെ സൂക്ഷിപ്പുപുര, ഇരിപ്പിടങ്ങള്‍,അലമാരകള്‍,ഭിത്തി തുടങ്ങി എല്ലാം ഇത്തരത്തില്‍ നിര്‍മ്മിക്കും. ജനാലകളും കതകുകളും അലങ്കരിക്കും. ഈ മേഖലയില്‍ ലോകപ്രശസ്തനാണ് ബാബര്‍ ഭുര. മേഘ്വാള്‍ സമുദായത്തിലുള്ള ഭുരയും സഹോദരങ്ങളും മക്കളും ചെറുമക്കളും ഈ മേഖലയില്‍ മിടുക്കര്‍. ബാസാര്‍ ഭുരയുടെ സഹോദരീ പുത്രനാണ് ഗഗന്‍. തുകലിലും തുണി എംബ്രോയിഡറിയിലും ക്ലേ വര്‍ക്കിലും മിറര്‍ വര്‍ക്കിലും മിടുക്കരായ ഇവരുടെ കൂട്ടുകുടുംബം ഹോഡ്കയിലെ ബാനി ഗ്രാമത്തിലാണ് താമസിക്കുന്നത്. എണ്‍പതംഗങ്ങള്‍ അടങ്ങുന്നതാണ് ഈ കുടുംബം. സ്ത്രീകളാണ് ജോലിയില്‍ മികവ് പുലര്‍ത്തുന്നവര്‍. 25 വര്‍ഷം മുന്‍പ് ഈ ജോലി വാണിജ്യവത്ക്കരിക്കപ്പെട്ടു. അതോടെയാണ് പുരുഷന്മാരും രംഗത്ത് വന്നത്. ഭുരയുടെ അഞ്ച് സഹോദരന്മാരും രണ്ട് സഹോദരിമാരും നാല് പെണ്മക്കളും രണ്ട് ആണ്മക്കളും ഇപ്പോള്‍ ഈ രംഗത്ത് സജീവമാണ്.
രണ്ടാം ക്ലാസ്സ് പഠനം മാത്രമുള്ള ഭുര ഇപ്പോള്‍ ലോകമറിയുന്ന കലാകാരനാണ്. പണ്ട് കൈയ്യും കണ്ണും മനസ്സും മാത്രമറിഞ്ഞ് ചെയ്തുവന്ന ജോലിക്ക് ഇപ്പോള്‍ അളവുകളുണ്ട്. കൂടുതല്‍ പ്രൊഫഷണലായി എന്നു പറയാം. കഴിവതും പാരമ്പര്യത്തിലൂന്നിയാണ് ജോലി ചെയ്യുക. ഇപ്പോള്‍ പ്ലൈ കൂടി ഉപയോഗിക്കുന്നുണ്ട് നിര്‍മ്മാണത്തിനായി. മെഷീന്‍ പ്രിന്റഡ് വര്‍ക്കുകളും വന്നുതുടങ്ങിയിട്ടുണ്ട്. ഇത് പരമ്പരാഗത രീതികളെ നശിപ്പിക്കുമെന്ന ആശങ്കയും കലാകാരന്മാര്‍ക്കുണ്ട്. ഭുരയുടെ വര്‍ക്കുകള്‍ അഹമ്മദാബാദ്,മുംബയ്,ഡല്‍ഹി,ജര്‍മ്മനിയിലെ ലീപ്സിംഗ് ഗ്രാനി മ്യൂസിയം എന്നിവിടങ്ങളിലുണ്ട് എന്നു പറയുമ്പോള്‍ ഗഗന്റെ മുഖത്ത് അഭിമാനം തിളങ്ങി.
വിസാമോയില്‍ പ്രാതലായി കിട്ടിയത് പൊഹയായിരുന്നു. പൊഹ എന്നാല്‍ അവില്‍ ഉപ്പുമാവ്. ബ്രഡ്,ബട്ടര്‍,ജാം എന്നിവയുമുണ്ടായിരുന്നു. അവിടെ നിന്നും ഗ്രാമവാസികള്‍ താമസിക്കുന്നിടത്ത് പോയി. പരമ്പരാഗത വീടുകളില്‍ എല്ലാവരും കൈത്തൊഴില്‍ ചെയ്യുന്നു. പരിസരം അത്ഭുതകരമാംവിധം വൃത്തിയുള്ളതായിരുന്നു. അഴുക്കും മോശമായ ഗന്ധവുമൊന്നുമില്ലാതെ ഒരു ഗ്രാമം കാണുക അപൂര്‍വ്വം. അവിടെ നിര്‍മ്മിക്കുന്ന മനോഹരമായ ചിത്രപ്പണികളുള്ള ബെഡ്ഷീറ്റുകളും രജായികളും അന്യദേശങ്ങളിലേക്ക് പോകുന്നുണ്ട്. പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ മിടുക്കര്‍. പലവിധ അലങ്കാര വസ്തുക്കളും അവിടെ നിര്‍മ്മിക്കുന്നുണ്ട്. കുറേ കീചെയിനുകള്‍ അവിടെനിന്നു വാങ്ങി. ഗുജറാത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന മരം ദേശി ബാവ്ഡിയ എന്ന മുള്‍ച്ചെടിയാണ്. പുളിയുള്ള ഫലം നല്കുന്ന ഗുരാ സാംമ്ലിയും ഗ്രാമത്തില്‍ കാണാന്‍ കഴിഞ്ഞു. അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വളരെ അടുപ്പമുള്ള ചില സുഹൃത്തുക്കളെ വിട്ടുപോകുംപോലെ തോന്നി. എനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അതേ വികാരം തന്നെയായിരുന്നു. നിഷ്ക്കളങ്കരായ മനുഷ്യര്‍ സമ്മാനിക്കുന്ന ചില മധുരങ്ങള്‍.
റാന്‍ ഓഫ് കച്ചിലെ പ്രധാന വാഹനം

സന്ദര്‍ശകരെ കാത്ത്

ഉപ്പ് നിറഞ്ഞ തടാകം

റാനിലെ അസ്തമയം

റാനിലെ വ്യൂ പോയിന്‍റ്

വൃത്തിയും സൌന്ദര്യവുമുള്ള ഗ്രാമീണ വീട്

ഗ്രാമം 

No comments:

Post a Comment