ഫ്രാങ്കോ മുളയ്ക്കല്‍ |
ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റ് ചെയ്യപ്പെടണം
ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഭരണ സംവിധാനങ്ങളില്‍ ഏറ്റവും മികച്ചത് ജനാധിപത്യം തന്നെയാണ് എന്നതില്‍ സംശയമില്ല. ഇവിടത്തെ നിയമ സംവിധാനം ഒന്ന് ഉറപ്പാക്കുന്നുണ്ട് - All are equal before the law . പക്ഷെ നാം കണ്ടുവരുന്നത് മറ്റൊന്നാണ് . ജോര്‍ജ്ജ് ഓര്‍വെല്ലിന്‍റെ ആനിമല്‍ ഫാമില്‍ പന്നി നടത്തുന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്. All are equal , but some are more equal than others .ഇത് എല്ലാ കാലത്തും തുടര്‍ന്നു വരുന്ന ഒരു നെറികേടാണ്. സമ്പന്നനും അധികാരസ്ഥാനത്തുള്ളവനും ഗുണ്ടകളുമൊക്കെ ഈ more equal ല്‍ വരുന്നവരാണ്. ദൈവവിളികേട്ട് , അല്ലെങ്കില്‍ വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി കര്‍ത്താവിന്‍റെ മണവാട്ടി എന്ന പരിവേഷത്തോടെ , പല ഭൌതികസുഖങ്ങളും ത്യജിച്ച് കന്യാസ്ത്രീയുടെ കുപ്പായമണിയുന്ന ഒരു പെണ്‍കുട്ടി , അവരുടെ പരിശീലന കാലം കഴിയുന്നതോടെ കര്‍മ്മ മണ്ഡലത്തില്‍ പൂര്‍ണ്ണമായും ജീവിതം അര്‍പ്പിക്കുകയാണ്. ആതുര സേവനം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരാവുന്ന അവരെ വേട്ടയാടുന്ന സമീപനമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇത്തരം തോന്ന്യസത്തിന് വഴങ്ങുന്നവരാണ് ഏറെയും എന്നതുകൊണ്ട് അഹങ്കാരികള്‍ വിഹരിക്കുന്ന ലോകമായി ഇവിടം മാറുന്നു.
നിര്‍മ്മലമായ ജീവിതം നയിക്കുന്ന അനേകം വൈദികന്മാര്‍ക്കും ഉയര്‍ന്ന അധികാരസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കും കളങ്കമാകുന്ന ഈ ന്യൂനപക്ഷത്തെ തള്ളിപ്പറയേണ്ട ആര്‍ജ്ജവം സഭ ഒരുകാലത്തും കാട്ടിയിട്ടില്ല എന്നത് സഭയുടെ ദൌര്‍ബ്ബല്യമായി മാറുകയാണ്. സിസ്റ്റര്‍ അഭയ കേസില്‍ കുറ്റക്കാരെ സംരക്ഷിക്കാനായി സഭയും ഉന്നത അധികാര സ്ഥാനങ്ങളില്‍ വന്നുപെട്ട വിശ്വാസികളും കാട്ടിക്കൂട്ടിയ വൃത്തികേടുകള്‍ ലോകമുള്ളിടത്തോളം നിലനില്‍ക്കുന്നതാണ്. ഇത്തരത്തില്‍ ലോകമൊട്ടാകെ ഒറ്റപ്പെട്ട അനീതികള്‍ നടക്കുന്നുണ്ടാകാം. സഹിക്കുന്നവര്‍ നല്ലവരും തുറന്നു പറയുന്നവര്‍ മോശക്കാരുമായി മാറുന്ന ജനാധിപത്യത്തിന്‍റെ ചീത്തവശം നമ്മള്‍ കാണേണ്ടതുണ്ട്.
ജലന്ധര്‍ ബിഷപ്പ് പ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ളത് സഭയിലല്ല, മറിച്ച് സര്‍ക്കാര്‍ സംവിധാനത്തിലാണ്. പരാതി നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കേണ്ട പോലീസ് ദുര്‍ബ്ബലയായ അവരെ നിരന്തരം ചോദ്യം ചെയ്യുകയും ജലന്ധറിലെത്തിയ പോലീസ് ബിഷപ്പിനെ ഒന്നു കാണാന്‍ പോലും കഴിയാതെ കാത്തിരുന്ന് അപഹാസ്യരായതും മാധ്യമങ്ങളെ ഗുണ്ടകള്‍ ആക്രമിച്ചതുമൊക്കെ കാഴ്ചകളായിരുന്നല്ലൊ.
1800 കോടിയുടെ ആസ്തി ഉള്ള ഫ്രാങ്കോ എന്നാണ് ലൈജു വര്‍ഗ്ഗീസ് കഴിഞ്ഞ ദിവസം പറഞ്ഞത്, ഇത് ചെറിയ കാര്യമല്ല, പണത്തിന് മേലെ പരുന്തും പറക്കില്ല എന്നു പറയുന്നപോലെ , ഭരണ -പ്രതിപക്ഷവും ക്രിസ്തീയ സഭകളുമായി ബന്ധമുള്ള മാധ്യമങ്ങളും പോലീസും ഉള്‍പ്പെടെ നടത്തുന്ന നാടകങ്ങള്‍ തിരിച്ചറിയാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിയും എന്ന് ഇവരൊക്കെ മനസിലാക്കാന്‍ വൈകുന്നത് കഷ്ടം എന്നേ പറയാന്‍ കഴിയൂ.
സിറോ മലബാര്‍ സഭയും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും മുംബയ് ആര്‍ച്ച് ബിഷപ്പും മാര്‍പാപ്പയും കേരളത്തിലെ വിവിധ സഭകളുടെ നേതാക്കളും ഇവിടെ കാട്ടുന്ന അനീതി നിറഞ്ഞ സമീപനത്തെ യേശുക്രിസ്തുവും യഹോവയും അംഗീകരിക്കില്ല എന്ന് മനസിലാക്കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. കണക്ക് ബോധിപ്പിക്കേണ്ടാത്ത പണമുള്ള, ദൈവസേവ ചെയ്യുന്നവരുടെ മുന്നില്‍ തറ്റഴിച്ചിട്ട് , കുനിഞ്ഞു നിന്ന്, ഓച്ഛാനിച്ചു നില്‍ക്കുന്ന അധികാരി വര്‍ഗ്ഗം പൊതുസമൂഹത്തിന്‍റെ മുന്നില്‍ അപഹാസ്യരാകുന്നു എന്നതും ഇത് വോട്ടുബാങ്കിനെ ഭയന്നല്ല, ഇവര്‍ വച്ചുനീട്ടുന്ന പണത്തോട് ആര്‍ത്തിയോടെ നോക്കുന്നതുകൊണ്ടു മാത്രമാണ് എന്നും ജനം മനസിലാക്കുകയാണ്. ഉമ്മന്‍ ചാണ്ടി ഉല്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി അപഹാസ്യരാവുമ്പോള്‍ , പി.ടി. തോമസ് എന്ന ശക്തമായ വ്യക്തിത്വമുള്ള ഒരു നേതാവിനെ മാത്രമെ നമുക്ക് ഈ സന്ദര്‍ഭത്തില്‍ അഭിമാനത്തോടെ ജനസമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയൂ. പി.സി.ജോര്‍ജ്ജിനെപോലുള്ളവരെ ജയിപ്പിച്ചു വിടുന്ന ജനത്തെകുറിച്ച് നമുക്ക് ലജ്ജിക്കാം. ഫ്രങ്കോ അറസ്റ്റു ചെയ്യപ്പെടും വരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിന് ജാതിയും മതവും രാഷ്ട്രീയവും തടസമാകാതിരിക്കട്ടെ. നീതിപീഠവും ശക്തമായ ഭാഷയില്‍ പ്രതികരിക്കും എന്നും പ്രതീക്ഷിക്കാം.
വാല്‍ക്കഷണം : ശുശ്രൂഷയ്ക്കായി നിയമിക്കപ്പെടുന്ന വൈദികര്‍ക്ക് പണവും അധികാരവും കണക്കും കഴിഞ്ഞ് ആത്മീയജീവിതത്തിന് സമയമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. അതുകൊണ്ട് ദേവസ്വം ബോര്‍ഡ് പൂജാരികളെ നിയമിക്കുന്ന പോലെ വൈദികരെ നിയമിക്കുന്ന വിധം ഒരു ചര്‍ച്ച് ബോര്‍ഡും അതുപോലെ അധികാരമുള്ള ഒരു വഖഫ് ബോര്‍ഡുമൊക്കെയായി ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടനിലക്കാരാവുന്നവരെ ശമ്പളത്തിന് നിയമിക്കുന്നതാവും ഉചിതം. ദേവാലയങ്ങളില്‍ നിന്നു കിട്ടുന്ന പണം ദൈവസാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന ആതുരാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസനത്തിന് ഉപയോഗിക്കുകയും ചെയ്യാം.
No comments:
Post a Comment