ഗുജറാത്ത് യാത്ര - ഭാഗം - 2
മൊദേര സൂര്യക്ഷേത്രം അഹമ്മദാബാദില്‍ ഭക്ഷണം |
മോദേര സൂര്യക്ഷേത്രം |
പ്രധാന കുളം |
ക്ഷേത്രത്തിന് ചുറ്റിലും ചെറിയ വിഗ്രഹങ്ങള്‍ |
ക്ഷേത്രം സൈഡ് വ്യൂ |
മറ്റൊരു ക്ഷേത്രക്കാഴ്ച |
കുളത്തിന്‍റെ മറ്റൊരു വ്യൂ |
വെങ്കിട്ടരാമന്‍ നേരത്തെ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ഗുരുമൂര്‍ത്തി ഏര്‍പ്പാടാക്കിയ ടൊയോട്ടോ ഇന്നോവയിലാണ് ഇനി യാത്ര. ഡ്രൈവര്‍ മുകേഷ് രാജസ്ഥാന്‍കാരനാണ്. അച്ഛന്‍ നേരത്തെ അഹമ്മദാബാദിലെത്തി സ്ഥിരതാമസമാക്കിയ ഒരു പെയിന്ററാണ്. എപ്പോഴും ചിരിക്കുന്ന,തമാശകള്‍ പറയുന്ന ആളാണ് മുകേഷ്.അയാളുടെ സഹോദരന്മാരും ഡ്രൈവറന്മാരാണ്. ഒരാള്‍ ബാംഗ്ലൂരിലേക്കുള്ള വോള്‍ വോ ഓടിക്കുന്നു. മറ്റൊരാള്‍ ഡല്‍ഹിയിലേക്കും. മറ്റ് രണ്ടുപേര്‍ ടാക്സി ഓടിക്കുന്നു.മുകേഷിന് ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് മക്കളാണ്. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. അവരെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്നു. ഫീസ് കൂടുതലാണെങ്കിലും നന്നായി പഠിക്കട്ടെ എന്നാണ് മുകേഷിന്റെ ഭാഷ്യം. നഗരഹൃദയത്തിലാണ് താമസം. പ്രസവം നിര്‍ത്തിയോ എന്ന ചോദ്യത്തിന് ജീ സാബ് എന്നു മറുപടി. സദാസമയവും പാന്‍പരാഗ് കഴിച്ചുകൊണ്ടിരിക്കും. ആദ്യമൊക്കെ ഒരു ദിവസം 25 പായ്ക്കറ്റ് ഒക്കെ വേണമായിരുന്നു എന്നാണ് മുകേഷ് പറയുന്നത്. ഇപ്പോള്‍ എണ്ണം കുറച്ചുകൊണ്ടുവരുന്നു. എങ്കിലും മൂന്ന് നാല് പാക്കറ്റ് നിത്യവും വേണ്ടിവരും. പല്ലുകള്‍ കറപിടിച്ച് തവിട്ട് നിറത്തിലാണ്. യാത്രയില്‍ ഇടയ്ക്കിടെ ഗ്ലാസ്സ് ഡോര്‍ താഴ്ത്തി തുപ്പിക്കൊണ്ടിരിക്കുന്ന ശീലവുമുണ്ട്.
വെങ്കിട്ടിനേയും മുകേഷിനെയും പരിചയപ്പെട്ട് ,ലഗേജും കയറ്റി വണ്ടി പുറപ്പെട്ടു. മൊദേരയിലേക്കാണ് പോകേണ്ടതെന്നു പറഞ്ഞപ്പോള്‍ മുകേഷിന്റെ ചോദ്യം, സ്റ്റേഡിയത്തിലേക്കാണോ എന്ന്. ഞങ്ങള്‍ ചിരിച്ചുപോയി. അഹമ്മാദാബാദില്‍ ഒരു മൊദേര സ്റ്റേഡിയമുണ്ട് എന്ന കാര്യം ഞങ്ങള്‍ ഓര്‍ത്തിരുന്നില്ല. ഭായ്,ഞങ്ങള്‍ക്ക് പോകേണ്ടത് മൊദേര സൂര്യക്ഷേത്രത്തിലേക്കാണ്. വെങ്കിട്ട് വിശദീകരിച്ചു കൊടുത്തു. മുകേഷ് ചിരിച്ചുകൊണ്ട് വാഹനം ഓടിച്ചു.
ഹിന്ദിയും ഗുജറാത്തിയും തമ്മില്‍ ചെറിയ വ്യത്യാസമേയുള്ളു എഴുത്തില്‍. ബോര്‍ഡുകള്‍ വായിക്കാന്‍ കഴിയും. മുകേഷിന് ഹിന്ദി നന്നായറിയാം. ഞങ്ങള്‍ നഗരത്തിലൂടെ യാത്ര ആരംഭിച്ചു. സബര്‍മതി നദിയും നര്‍മ്മദാ കനാലും കടന്ന് വൃന്ദാവന്‍ ഗാര്‍ഡന്‍ റെസ്റ്ററന്റില്‍ ഭക്ഷണത്തിനായി കയറി. നല്ല വിശപ്പുണ്ട് ,തിരക്ക് കഴിഞ്ഞിരിക്കുന്നു. സമയം രണ്ടരയായിട്ടുണ്ട്. തുറന്ന ഇടം. മേല്ക്കൂരയുണ്ട്. തന്തൂര്‍ റൊട്ടിയും ആലു മട്ടര്‍, കടയ് പനീര്‍,ദാല്‍,റെയ്ത്ത എന്നിവയും ഓര്‍ഡര്‍ ചെയ്തു. രാധാകൃഷ്ണന്‍ ചോറ് അന്വേഷിച്ചു. അതവിടെയില്ല. ഇനിയുള്ള യാത്രയില്‍ ചോറും സാമ്പാറും ദോശയുമൊന്നും പ്രതീക്ഷിക്കരുതെന്ന് വെങ്കിട്ട് മുന്നറിയിപ്പ് നല്കി. വിശപ്പു മാറാനുള്ളതൊക്കെ കഴിച്ചുകൊള്ളുക. രുചി നോക്കേണ്ടതില്ല.
ഭക്ഷണം നന്നായി. എല്ലാവരും രുചികരമായി കഴിച്ചു.യാത്ര തുടര്‍ന്നു. നല്ല വിശാലമായ റോഡുകള്‍.ഇരുവശവും മുള്ള് മരങ്ങളാണ്. മരുഭൂമിയുടെ സ്വഭാവമുള്ള ഇടങ്ങളിലെല്ലാം ഇവ കാണാം. വടക്കേ ഇന്ത്യയില്‍ മാത്രമല്ല,ആന്ധ്ര,തമിഴ് നാട് ,ഒരു പക്ഷെ കേരളത്തിലും കര്‍ണ്ണാടകത്തിലും വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും ഹിമാലയന്‍ സംസ്ഥാനങ്ങളിലുമാകും ഇവ ഇല്ലാതിരിക്കുക. പരുത്തിയും ആവണക്കും തിനയും കൃഷി ചെയ്തിട്ടുള്ള പാടങ്ങളാണ് റോഡിന് ഇരുവശവും. ബസ്സുകള്‍ തീരെ കുറവ്.മിക്കവര്‍ക്കും സ്വന്തം വാഹനമുണ്ട്. ടൂ വീലര്‍ അല്ലെങ്കില്‍ ഫോര്‍ വീലര്‍. അല്ലാത്തവര്‍ ആട്ടോയില്‍ യാത്ര ചെയ്യുന്നു. മുണ്ട് താറുടുത്ത് ജുബ്ബയും ധരിച്ച് നടന്നു പോകുന്നവര്‍ ധാരാളം. അത് ഗുജറാത്തിലെ പരമ്പരാഗത വേഷമായ റബ്ഡിയാണ്. യാത്രാവഴിയില്‍ സെയ്ജിലെത്തുമ്പോള്‍ ഇഫ്കോയുടെ ഫാക്ടറി കണ്ടു. വളരെ വിശാലമായ കോമ്പൌണ്ടിലാണ് ഫാക്ടറി നില്ക്കുന്നത്.
ത്സഘ്ടയാണ് ഗുജറാത്തിലെ പൊതുജനങ്ങളുടെ പ്രധാന യാത്രാ വാഹനം.18 ലക്ഷം ആളുകളുടെ നിത്യയാത്ര നടക്കുന്നത് ത്സഘ്ടയിലൂടെയാണ്.സൌരാഷ്ട്രയിലെ 600 ഗ്രാമങ്ങള്‍ ചലിക്കുന്നതും ത്സഘ്ട ഉള്ളതുകൊണ്ടാണ്. 25 – 30 ആളുകള്‍ വരെ കയറുന്ന വാഹനം ഗര്‍ഭിണികളെ ആശുപത്രിയില്‍ കൊണ്ടുപോകാനും ശവം കൊണ്ടുപോകാനും വരെ ഉപയോഗിക്കുന്നു. അതിനുപുറമെ ഏത് ലോഡ് കൊണ്ടുപോകാനും ത്സഘ്ട ഉപയോഗിക്കുന്നു. ഇരുമ്പു കമ്പി,വാട്ടര്‍ ടാങ്ക്,സിമന്റ്,കരിക്ക് തുടങ്ങി മീന്‍ വരെ ത്സഘ്ടയില്‍ കൊണ്ടുപോകുന്നത് കണ്ടു. വാഹനത്തിന്റെ, മുന്‍ വശം ബുള്ളറ്റിന്റേതാണ്. പെട്രോള്‍ ടാങ്ക് ഉള്‍പ്പെടെ ഗിയര്‍ സംവിധാനം വരെ ബുള്ളറ്റിന്റെ ഭാഗമാണ്. പിറകില്‍ പിക്അപ്പ് വാനിന്റെ ബോഡിയാണുള്ളത്. ഗ്രീവ്സ് പോലെയുള്ള കമ്പനികളുടെ ഡീസല്‍ എന്‍ജിനിലാണ് വാഹനം ഓടുന്നത്. 3.2 കിലോ വാട്ടിന്റെ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഒരു ലിറ്ററിന് 35 കിലോമീറ്റര്‍ വരെ ഓടാന്‍ ഇതിന് കഴിയും. 1972 ല്‍ ജഗ്ജീവന്‍ ചന്ദ്ര എന്ന ഗാരേജ് ഉടമ രൂപകല്‍പ്പന ചെയ്ത വാഹനം വിപുലമായ വ്യവസായമാക്കി മാറ്റിയത് മകന്‍ ജയന്തി ഭായ് ചന്ദ്രയുടെ ശ്രമഫലമായാണ്. അവരുടെ അതുല്‍ ആട്ടോമൊബൈല്‍സാണ് ഭൂരിപക്ഷം വണ്ടികളും നിര്‍മ്മിക്കുന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരം മുതല്‍ മുകളിലോട്ടാണ് വില. ആട്ടോറിക്ഷയും പിക്അപ്പും ബുള്ളറ്റും ചേര്‍ന്നൊരു മിശ്രിതമാണ് ത്സഘ്ട എന്നു പറയാം. ഇനിയുള്ള യാത്രകളില്‍ എവിടെയും നമുക്ക് ത്സഘ്ടകള്‍ കാണാന്‍ കഴിയും.
യാത്രക്കിടയിലാണ് വെങ്കിട്ട് അഹമ്മദാബാദിലെ തിരുപ്പതി ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞത്. ആന്ധ്രയിലെ ക്ഷേത്രമാതൃകയില്‍ നിര്‍മ്മി ച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലും വിശ്വാസികളായ ഗുജറാത്തികള്‍ വലിയ തുകകളാണ് സംഭാവന നല്കുന്നത്. ഞാനപ്പോള്‍ ഡല്‍ഹി മയൂര്‍ വിഹാറിലെ ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തെക്കുറിച്ച് വെങ്കിട്ടിനോട് പറയുകയുണ്ടായി. പക്ഷെ നടവരുമാനം അത്രയ്ക്കില്ല എന്നും പറഞ്ഞു.
കേരളവുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത ഭൂമിയാണ് ഗുജറാത്തിന്റേത്. ജനവാസം അവിടവിടെ മാത്രം. നീണ്ടുകിടക്കുന്ന കൃഷിയിടങ്ങള്‍. ഇടയ്ക്ക് വ്യവസായ കേന്ദ്രങ്ങള്‍. റോഡില്‍ ചുറ്റി നടക്കുന്ന കന്നുകാലികള്‍, പക്ഷെ പട്ടികളെ തീരെ കണ്ടില്ല. ഒരു പക്ഷെ ഭൂരിപക്ഷം ജനങ്ങളും സസ്യഭുക്കുകളായതിനാല്‍ മാംസഭുക്കായ പട്ടിക്ക് വളരാന്‍ പറ്റിയ ഇടമല്ലാത്തിനാലാവാം. റോഡുകള്‍ വളവും കയറ്റിറക്കവുമില്ലാതെ പരന്നു കിടക്കുകയാണ്. കേരളത്തിലെ കുന്നും കുഴിയും ട്രാഫിക് ജാമും കാണാനില്ല.
ഞങ്ങള്‍ മൊഹ്സാനയില്‍ നിന്നും 26 കിലോമീറ്റര്‍ മാറി ചെറിയ കുന്നിന്‍ പ്രദേശത്തെ ഗ്രാമത്തില്‍ സ്ഥതി ചെയ്യുന്ന മൊദേര സൂര്യക്ഷേത്രത്തിലെത്തുമ്പോള്‍ രണ്ട് മണിയായിരുന്നു. സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന പഴയ ക്ഷേത്രമാണ് മൊദേര. ഇവിടെ മൊഹാര കാ പൂര്‍ എന്നും അറിയപ്പെട്ടിരുന്നു. സത് യുഗത്തില്‍ ധര്‍മ്മാരണ്യ എന്നും ത്രേതായുഗത്തില്‍ ശതമന്ദിര്‍ എന്നും ദ്വാപര യുഗത്തില്‍ വേദഭുവന്‍ എന്നും കലിയുഗത്തില്‍ മൊദേരയെന്നും ഈ പ്രദേശം അറിയപ്പെട്ടതായും വിശ്വസിക്കുന്നു. ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കിഴക്കോട്ട് ദര്‍ശനമായുള്ള ക്ഷേത്രം പത്താം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവിടത്തെ ചെറിയ മ്യൂസിയത്തിന്റെ മേല്‍നോട്ടം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ബറോഡ സര്‍ക്കിളിനാണ്. ഒന്‍പതാം നൂറ്റാണ്ടിലെ ആദിവരാഹനും പത്താം നൂറ്റാണ്ടിലെ കുബേരനും പതിനൊന്നിലെ അപ്സരസുകളും ഗംഗാധര ശിവനും തൃഭംഗയും രഥമേറിയ സൂര്യനും സൂര്യക്ഷേത്രത്തിന്റെ മാതൃകയും 16-17 കാലത്തെ ഗണേശനും 11ലെ പത്മാസന സൂര്യനും ആകര്‍ഷണീയ കാഴ്ചകള്‍. നാല് കൈയ്യുള്ള പാര്‍വ്വതിയും അപൂര്‍വ്വ ശില്‍പ്പമാണ്. ഇവിടത്തെ കുളമാണ് സൂര്യകുണ്ഡ്. 989 വര്‍ഷം പഴക്കമുണ്ട് ക്ഷേത്രത്തിന് എന്നു വിശ്വസിക്കപ്പെടുന്നു. 1025ല്‍ പണിതീര്‍ന്നതായി കരുതപ്പെടുന്നു. കുളത്തിനു പുറമെ സഭാ മണ്ഡലവും സൂര്യക്ഷേത്രവുമാണുള്ളത്.
ഭൂപേന്ദ്ര 150 രൂപ ഫീസില്‍ ഗൈഡായി വന്നു. അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങി. ഗുജറാത്തിന്റെ തലസ്ഥാനമായിരുന്ന സിദ്ധപൂര്‍ പാഠനിലാണ് ഇപ്പോഴത്തെ തലസ്ഥാനമായ ഗാന്ധി നഗര്‍ സ്ഥിതിചെയ്യുന്നത്. 11-12 നൂറ്റാണ്ടുകളില്‍ സോളങ്കികളാണ് നാട് ഭരിച്ചിരുന്നത്. അതില്‍ ഭോല ഭീംദേവ് സോളങ്കി (1022-1066) യാണ് സൂര്യക്ഷേത്രം നിര്‍മ്മിച്ചത്. ട്രോപ്പിക് ഓഫ് കാന്‍സര്‍ കടന്നു പോകുന്നത് ക്ഷേത്രത്തിലൂടെയാണ്. മാര്‍ച്ച് 21നും സെപ്തംബര്‍ 23 നും ക്ഷേത്ര വിഗ്രഹമിരുന്നിടത്ത് കൃത്യമായി സൂര്യ തേജസ്സ് വന്നു നിറയുമെന്ന് പറഞ്ഞ് ഭൂപേന്ദ്ര ആ ചിത്രങ്ങള്‍ സ്വന്തം മൊബൈലില്‍ കാണിച്ചു തന്നു. അലാവുദീന്‍ ഖില്‍ജിയുടെ പടയോട്ടത്തില്‍ ക്ഷേത്രത്തിന് അവിടവിടെ നാശനഷ്ടങ്ങള്‍ വരുകയുണ്ടായി. രത്നങ്ങളും കല്ലുകളും പതിച്ച കിരീടം ഉള്‍പ്പെടെ വിഗ്രഹം എടുത്തുകൊണ്ടു പോവുകയും ചെയ്തു എന്നു പറയുമ്പോള്‍ ഭൂപേന്ദ്രയുടെ മുഖത്ത് രോഷം പ്രകടമാകുന്നത് കാണാമായിരുന്നു.
52.6 മീറ്റര്‍ നീളവും 36.6 മീറ്റര്‍ വീതിയുമുള്ള ദീര്‍ഘചതുരമായ കുളത്തില്‍ സ്പ്രിംഗ് വാട്ടര്‍ ഉണ്ടായിരുന്നു. ഇതിന്റെ കരയിലായി 108 ചെറിയ ക്ഷേത്രങ്ങളുണ്ട്. ഹിന്ദുവിശ്വാസത്തില്‍ 108ന് പ്രത്യേക പ്രാധാന്യമുണ്ട്. 108 മന്ത്രങ്ങള്‍, ദൈവനാമം ചൊല്ലുന്നത് 108 തവണ എന്നിങ്ങനെ. ഗണേശ് ,ശുക്ലാദേവി, അനന്തശയനത്തിലുള്ള വിഷ്ണു, ശിവന്‍ എന്നിവയും ഈ കൂട്ടത്തിലുണ്ട്. 9 ദിശകളിലായി 52 ശക്തിഭഗവാന്മാരുണ്ടെന്ന് ഭൂപേന്ദ്ര പറഞ്ഞുതന്നു. വടക്ക് കിഴക്കുഭാഗത്തായാണ് പ്രവേശന കവാടം. ഇതിന്റെ മുന്നിലെ ചെറു മണ്ഡപത്തില്‍ കൈറ്റ് ഫെസ്റ്റിവല്‍ കാലത്ത് നൃത്തസംഗീത പരിപാടികള്‍ അരങ്ങേറാറുണ്ട്. സൂര്യകുണ്ഡില്‍ നാല് പ്രധാനക്ഷേത്രങ്ങളാണുള്ളത്. കിഴക്ക് വിഷ്ണുക്ഷേത്രം, വടക്ക് ശിവക്ഷേത്രം ,തെക്ക് ശീതള മാതാ ക്ഷേത്രം, അതിനോടു ചേര്‍ന്ന് ഗണപതിയും പിന്നെ അനേകം ചെറുക്ഷേത്രങ്ങളും. അവ ചുറ്റി വന്നാല്‍ സഭാ മണ്ഡലമായി. സഭാ മണ്ഡലത്തില്‍ 52 ആഴ്ചകളെ സൂചിപ്പിക്കുന്ന 52 തൂണുകളുണ്ട്. ഹിന്ദുമതം അനുശാസിക്കുന്ന 52 രക്ഷാവാതിലുകളായും ഇതിന് വിവക്ഷയുണ്ട്. സഭാ മണ്ഡലത്തിന് ചുറ്റിലുമായി അടിസ്ഥാന ഭിത്തിയില്‍ 365 ആനകളെ കൊത്തിവച്ചിരിക്കുന്നു. ഒരു വര്‍ഷത്തിലെ ദിവസങ്ങളുടെ സൂചകമാണിത്. ഇവിടെ 12 പ്രധാന പ്രതിമകളുണ്ട്. ഇവ 12 മാസങ്ങളെ സൂചിപ്പിക്കുന്നു. ഇവിടെ ഭക്തജനങ്ങള്‍ പാടുകയും ഒടുവില്‍ നൃത്തം ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ട് സഭാമണ്ഡലത്തിന് നൃത്തക്ഷേത്രമെന്നും പേരുണ്ടായിരുന്നു.
നടുക്കുള്ള ഡോമിനകത്തായിരുന്നു സൂര്യ വിഗ്രഹം. വിഗ്രഹത്തില്‍ നേരിട്ട് പ്രഭാത സൂര്യന്റെ പ്രകാശം ലഭിക്കും വിധമാണ് ക്ഷേത്രനിര്‍മ്മാണം. ക്ഷേത്രത്തിന്റെെ ഓരോ മൂലയിലും സൂര്യദേവനുണ്ട്. ക്ഷേത്രത്തിനടിയിലൂടെ ഒരു പാതയുണ്ടെന്നും വിശ്വസിക്കുന്നു. ഒന്ന് പഠാനിലേക്കും മറ്റൊന്ന് സിദ്ധിപ്പൂരിലേക്കുമെന്നാണ് വിശ്വാസം. സിദ്ധിപ്പൂരും മൊദേരയും പഠാന്റെ അധീനതയിലായിരുന്നു എന്നും കരുതുന്നു. സ്വര്‍ണ്ണ ത്തില്‍ തീര്‍ത്തതും കുതിരകള്‍ വലിക്കുന്ന രഥത്തിലുള്ളതുമായ സൂര്യഭഗവാനെ ഖില്‍ജി കൊണ്ടുപോയതായി കരുതുന്നു. കിരീടത്തിലെ ഡയമണ്ട് മാര്‍ച്ച് 21ലെ ഉത്തരായനിലും സെപ്തംബര്‍ 22ലെ ദക്ഷിണായനത്തിലും പ്രഭാതസൂര്യന്റെു തേജസ്സില്‍ പ്രതിഫലിപ്പിച്ച് ക്ഷേത്രത്തെ പ്രകാശപൂരിതമാക്കിയിരുന്നതായി കരുതുന്നു. ജനനവും ജീവിതവും മരണവുമെല്ലാം സൌരോര്‍ജ്ജത്തെ ആശ്രയിച്ചാണ് എന്ന സന്ദേശം നല്കുന്ന ശില്‍പ്പങ്ങളും നമുക്ക് അവിടെ കാണാം.
ക്ഷേത്രത്തിന്റെ ഇടതുവശം പ്രധാന സംരക്ഷകനായ കാലഭൈരവനും തുടര്‍ന്ന് ശിവപാര്‍വ്വതി, നാഗകന്യക,വടക്ക് യക്ഷികുബേരനും പന്ത്രണ്ട് വ്യത്യസ്ത നിലയിലുള്ള സൂര്യ ദേവനുമുണ്ട്. പന്ത്രണ്ട് ആദിത്യന്മാരായി ഇതിനെ കരുതുന്നു. രണ്ട് താമരകള്‍ പിടിച്ചിരിക്കുന്ന ആദിത്യന്‍,താമര വിരിയും പോലെയിരിക്കുന്ന ആദിത്യന്‍,അരുണന്‍ നയിക്കുന്ന തേരില്‍ ഇരിക്കുന്ന നാല് കൈകളുള്ള ആദിത്യന്‍ എന്നിങ്ങനെ. രണ്ട് കൈകളില്‍ താമരയും രണ്ട് കൈകളില്‍ കടിഞ്ഞാണുമായാണ് ഇരുപ്പ്.വശങ്ങളിലെ ഉപദേവതകള്‍ അമ്പും വില്ലും ഉപയോഗിച്ച് ഇരുട്ടിനെ ഓടിക്കുന്നതായി കരുതുന്നു. സൂര്യഭഗവാന് നാല് ഭാര്യമാരുണ്ടെന്ന് പറയുന്നത് നാല് ദിക്കുകളാണ്. ഏഴ് കുതിരകള്‍ ഏഴ് ദിനങ്ങളും ഏഴ് നിറങ്ങളുമാണ്. കടിഞ്ഞാണ്‍ പ്രകൃതിയെ നിയന്ത്രിക്കുന്നതിന്റെ സൂചനയാണ്. പൂജിക്കുന്ന സൂര്യരൂപങ്ങളെ ആദിത്യേശ്വര്‍, ബാലര്‍ക്കന്‍,കോട്യാര്‍ക്കന്‍ എന്നിങ്ങനെ അറിയപ്പെടുന്നു.കുബേരന് പിന്നിലായി വായുദേവന്‍,വിശ്വകര്‍മ്മ, ശങ്കര്‍ ഭഗവാന്‍,സമാധി ,ഭൈരവന്‍,ശനി,വിഷ്ണു,അഗ്നി,ദേവേ
No comments:
Post a Comment