ഗുജറാത്ത് യാത്ര
ഭാഗം -- 1
ഗാന്ധിജിയുടെ ജന്മനാട്ടിലൂടെ ഒരു യാത്ര
ഗാന്ധിജിയുടെ ജന്മനാട്ടിലൂടെ ഒരു യാത്ര
യാത്രയുടെ തയ്യാറെടുപ്പുകള്‍
ആകാശക്കാഴ്ച |
ആകാശത്ത് കടന്നുപോകുന്ന വിമാനം |
ആകാശത്തുനിന്നും അഹമ്മദാബാദ് കാഴ്ച |
യാത്രയുടെ പദ്ധതി നിര്‍വ്വഹണം വി.ആര്‍.പ്രമോദിനായിരുന്നു. സെക്രട്ടേറിയറ്റില്‍ സെക്ഷനോഫീസറായ പ്രമോദ് സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ്. ഇന്‍ഫഷര്‍മേഷന്‍ വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ കെ.സന്തോഷ് കുമാറും റൂറല്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ചീഫ് രാധാകൃഷ്ണ പിള്ളയും ടീം അംഗങ്ങളായിരുന്നു. ട്രെയിനില്‍ പുറപ്പെട്ട് ഹാപ്പയിലിറങ്ങി ദ്വാരകയില്‍ തുടങ്ങാം എന്നായിരുന്നു ആദ്യ പ്ലാന്‍. അതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റും എടുത്തു. എന്നാല്‍ മൂന്നു ദിവസം ഇതിനായി മാറ്റി വയ്ക്കണം എന്നത് ബുദ്ധിമുട്ടായി തോന്നി. അങ്ങിനെയാണ് അഹമ്മദാബാദില്‍ വിമാനത്തിലെത്തി അവിടെ നിന്നും തുടര്‍യാത്ര കാറിലാക്കാം എന്നു തീരുമാനിച്ചത്. മണിക്കൂറുകള്‍ ഇടവിട്ട് സ്റ്റോക്ക്മാര്‍ക്കറ്റ് നിരീക്ഷിക്കും വിധം നിരീക്ഷണം നടത്തിയാണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് പ്രമോദ് സംഘടിപ്പിച്ചത്. ആദ്യ അഭിനന്ദനം നല്കേണ്ടതും അവിടെയാണ്. ആദ്യം ബുക്ക് ചെയ്തത് റിട്ടേണ്‍ ടിക്കറ്റാണ്.2016 നവംബര്‍ 19 ന് രാവിലെ 10.25ന് അഹമ്മദാബാദില്‍ നിന്നും മുംബയിലേക്കും അവിടെനിന്നും 2.10ന് തിരുവനന്തപുരത്തേക്കും ഇന്‍ഡിഗോയില്‍ ടിക്കറ്റെടുത്തതോടെ യാത്ര ഉറപ്പായി. 2016 സെപ്തംബര്‍ 16ന് രാവിലെ 11.46നാണ് അതില്‍ തീരുമാനമായത്. കണ്‍വീനിയന്‍സ് ഫീ ഉള്‍പ്പെടെ ഒരാള്‍ക്ക് യാത്രക്കൂലി 5450 രൂപ. അഹമ്മദാബാദിലേക്കുള്ള ടിക്കറ്റ് എടുത്തത് ഒക്ടോബര്‍ ഏഴിന് 3.14നാണ്. തിരുവനന്തപുരം –ബാംഗ്ലൂര്‍ ജറ്റ് എയര്‍വേയ്സ് രാവിലെ 6.10ന് പുറപ്പെട്ട് 7.15ന് എത്തും. 2915 രൂപ യാത്രക്കൂലി. ബാംഗ്ലൂര്‍-അഹമ്മദാബാദ് രാവിലെ 10.05ന് പുറപ്പെട്ട് 12.10ന് എത്തും. 5391 രൂപ യാത്രക്കൂലി.
ഓര്‍ക്കേണ്ട സംഗതികളുടെ ഒരു ലിസ്റ്റ് പ്രമോദ് അയച്ചിരുന്നു. അത് ഇപ്രകാരമായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സലും രണ്ട് ഫോട്ടോകോപ്പികളും. ഔദ്യോഗിക കാര്‍ഡുണ്ടെങ്ങില്‍ അതും രണ്ട് ഫോട്ടോകോപ്പികളും. സര്‍വ്വീസില്‍ നിന്നും വിരമിച്ച എനിക്ക് ഇത് ബാധകമായിരുന്നില്ല. അഞ്ച് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍.സ്വറ്റര്‍ അല്ലെങ്കില്‍ വാമര്‍ അല്ലെങ്കില്‍ ജാക്കറ്റ്, സിംഗിള്‍ ബഡ്ഷീറ്റ്, ചെറിയ ടോര്‍ച്ചുണ്ടെങ്കില്‍ ഒരെണ്ണം, ടോയ്ലെറ്ററീസ്,മൊബൈല്‍ ചാര്‍ജര്‍,പ്രീപെയ്ഡ് മൊബൈലാണെങ്കില്‍ ആവശ്യത്തിനുള്ള റീചാര്‍ജ്ജിംഗ്, സണ്‍ഗ്ലാസ്സ്, സ്കാര്‍ഫ് , മരുന്നുകള്‍ ആവശ്യമുള്ളത്ര, അത്യാവശ്യ വസ്തുക്കള്‍ കൊണ്ടു നടക്കാന്‍ ചെറിയ ബാഗ്, കുറച്ച് വസ്ത്രങ്ങള്‍ ഉള്‍പ്പെടുന്ന ചെറിയ ട്രാവല്‍ ബാഗ്. ഓര്‍ക്കുക, ടോയ്ലറ്ററീസ് ചെക്ക് ഇന്‍ ലഗേജില്‍ തന്നെ എന്നുറപ്പാക്കണം.ഇതായിരുന്നു ആ കുറിപ്പ്. വളരെ പ്രയോജനകരമായിരുന്നു ഈ അറിയിപ്പുകള്‍.
അഹമ്മദാബാദില്‍ നിന്നും ദിയു വഴിയുള്ള യാത്രയാണ് ആദ്യം പ്ലാന്‍ ചെയ്തതെങ്കിലും അതിനെക്കാളും മികച്ചൊരു ഇറ്റിനറിയാണ് പ്രമോദ് പിന്നീട് തയ്യാറാക്കി അയച്ചത്. അതിങ്ങനെയായിരുന്നു. നവംബര്‍ 12 ന് ഉച്ചയ്ക്ക് അഹമ്മദാബാദില്‍ എത്തുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് മൊദേര സൂര്യക്ഷേത്രത്തിലേക്ക്. അവിടെ നിന്നും പാഠനിലേക്ക്. പാഠനില്‍ താമസം.13 ന് രാവിലെ കച്ചിലേക്ക്. 360 കിലോമീറ്റര്‍, 6-7 മണിക്കൂര്‍ യാത്ര. കാലോ ദുഗാര്‍,വൈറ്റ് ഡസര്‍ട്ട് എന്നിവ കണ്ട് കച്ചില്‍ താമസം. 14ന് പ്രഭാത ഭക്ഷണം കഴിഞ്ഞ് ഭുജിലേക്ക്.പ്രാഗ് മഹാള്‍, അയ്ന മഹാള്‍ എന്നിവ കണ്ട് ദ്വാരകയിലേക്ക്. ജാംനഗര്‍ വഴിയുള്ള യാത്ര 400 കിലോമീറ്റര്‍. രാത്രി എത്തുന്നിടത്ത് താമസം.15ന് രാവിലെ ദ്വാരകയില്‍ എത്തുന്നു.ദ്വാരകധീഷ്,ബെയ്ത്ത് ദ്വാരക എന്നിവ സന്ദര്‍ശിച്ച് പോര്‍ബന്ദര്‍ വഴി സോമനാഥിലേക്ക്. 4 -5 മണിക്കൂര്‍ യാത്ര. 250 കിലോമീറ്റര്‍ സഞ്ചാരം. സോമനാഥില്‍ നിന്നും ദിയുവിലേക്ക് 90 കിലോമീറ്റര്‍, 2 മണിക്കൂര്‍ യാത്ര. ഈ ദിവസം യാത്ര ക്ഷീണിപ്പിച്ചേക്കും. പക്ഷെ മറ്റു മാര്‍ഗ്ഗമില്ല. സോമനാഥില്‍ വലിയ തിരക്കാണെങ്കില്‍ ദര്‍ശനം പോലും ഒഴിവാക്കേണ്ടിവരും. ദിയുവില്‍ താമസച്ചിലവ് കൂടുതലാണ്. സര്‍ക്കാര്‍ അക്കോമൊഡേഷന്‍ നോക്കണം. ഇങ്ങനെ അതി ദീര്‍ഘ യാത്രയാണ് 15നായി നിശ്ചയിച്ചത്. 16ന് ദിയുവില്‍ നയ്ദ ഗുഹകള്‍,ദിയു കോട്ട,നഗോവ ബീച്ച്, സെന്റ്ല പോള്‍സ് പള്ളി,ദിയു മ്യൂസിയം,ഗംഗേശ്വര്‍ ക്ഷേത്രം,ദിയു സൈക്കിളിംഗ് ട്രാക്ക് എന്നിവ കണ്ട് വൈകിട്ട് ഗിറിലേക്ക് . 100 കിലോമീറ്റര്‍ ദൂരവും 2 മണിക്കൂര്‍ യാത്രയും. സസാന്‍ ഗിറില്‍ താമസം. 17ന് രാവിലെ 6 മുതല്‍ 9 വരെ ഗിറില്‍ സഫാരി. പ്രഭാതഭക്ഷണം കഴിച്ച് അംറേലി വഴി അഹമ്മദാബാദിലേക്ക്. 350 കിലോമീറ്റര്‍ യാത്രയ്ക്ക് 6 മണിക്കൂര്‍ വേണ്ടിവരും. അവിടെ താമസം കണ്ടെത്തണം. ശേഷം സമയമുണ്ടെങ്കില്‍ അക്ഷര്‍ധാം കാണണം. 18ന് സബര്‍മതി,അധ് ലാജ് സ്റ്റെപ്പ് വെല്‍,കന്‍കാരിയ തടാകം,വിന്റേജ് കാര്‍ മ്യൂസിയം, സിദ്ധി സെയ്ദി പള്ളി,കാലിക്കോ മ്യൂസിയം എന്നിവ കണ്ട് രാത്രി ചിലവഴിച്ച് 19ന് രാവിലെ വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്തേക്ക്. വളരെ ചിട്ടയായ ഒരു യാത്രയ്ക്കുള്ള കാര്യമായ വഴിയൊരുക്കം. എല്ലാം ശരിയായാല്‍ ഇതുതന്നെ രീതി.എട്ടാം പക്കം സ്വന്തം ഇടത്തില്‍ എത്തിച്ചേര്‍ന്ന് ചാക്രിക ഗമനം പൂര്‍ത്തിയാക്കാം.
പഠാനിലെ നവജീവന്‍ ഹോട്ടലില്‍ നവംബര്‍ 12ലേക്കുള്ള താമസം ബുക്ക് ചെയ്തു.ഓണ്‍ലൈനായി 484 രൂപയും ഹോട്ടലില്‍ നല്കേണ്ടത് 1936 രൂപയും. തീരെ അറിയാത്ത ഇടമായതിനാല്‍ ബുക്ക് ചെയ്യുന്നതാണ് സുരക്ഷിതം എന്ന കണക്കുകൂട്ടലിലാണ് പ്രമോദ് ഇത് ചെയ്തത്. റാന്‍ ഓഫ് കച്ചിലെ സീസണ്‍ ആരംഭിച്ചിരിക്കയാണ്. മരുഭൂമിയുടെ സ്വഭാവമുള്ള അവിടെയും താമസം ബുക്ക് ചെയ്തു. ഹോഡ്ക ഗ്രാമത്തിലെ റാന്‍ വിസാമോ വില്ലേജ് സ്റ്റേയിലായിരുന്നു അത്.
അവര്‍ വളരെ വിശദമായ വിവരങ്ങളാണ് ഓണ്‍ലൈനായി നല്കിയത്. ഭുഗകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു വരണം, ബുക്ക് ചെയ്തതിന്റെ ഹാര്‍ഡ് കോപ്പി ഉണ്ടാവണം.ഹോഡ്കയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ ഭെരന്‍ഡിലയാര ചെക്ക്പോസ്റ്റില്‍ നിന്നും വൈറ്റ് റാണിലേക്കുള്ള പ്രവേശന പാസ്സ് എടുക്കണം, ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് ദോര്‍ഡോസ ഗ്രാമം വരെയെ കിട്ടുകയുള്ളു. റാന്‍ ഉത്സവ് ആയതിനാല്‍ ചില താത്ക്കാലിക നെറ്റ് വര്‍ക്കുകള്‍ ഉണ്ടാകും. ചെക്ക്പോസ്റ്റില്‍ 24 മണിക്കൂര്‍ പെര്‍മിഷനാണ് നല്കുക.കൂടുതല്‍ സമയം വൈറ്റ് റാണില്‍ ചിലവഴിക്കണമെങ്കില്‍ റാനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ബിഎസ്എഫ് ചെക്ക്പോസ്റ്റില്‍ പണമടയ്ക്കാം. പരമ്പരാഗത കോട്ടേജാണ് ബുക്ക് ചെയ്തിരിക്കുന്നത്. അഞ്ചുപേര്‍ക്ക് 8300 രൂപയാണ് ചാര്‍ജ്ജ് . വളര്‍ത്തു മൃഗങ്ങള്‍,മദ്യം, പുകവലി എന്നിവ അനുവദിക്കുന്നതല്ല. ഭക്ഷണം പാക്കേജിന്റെ ഭാഗമാണ്. ഇന്ത്യന്‍ ബ്രേക്ക് ഫാസ്റ്റ്,ഗുജറാത്തി ലഞ്ച്, കച്ച് ഡിന്നര്‍.ചെളിയില്‍ നിര്‍മ്മി ച്ച കോട്ടേജിന് ഭുഗ എന്നാണ് പറയുക. ചെക്ക് ഇന്‍ 12 മണിയും ചെക്ക് ഔട്ട് 10 മണിയുമാണ്. മുഴുവന്‍ തുകയും അഡ്വാന്‍സായി അടയ്ക്കണം.
പ്രമോദ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ പോയി തുക അടച്ച് അതിന്റെ പകര്‍പ്പ് കൊറിയറില്‍ അയച്ചുകൊടുത്താണ് ബുക്കിംഗ് ഉറപ്പാക്കിയത്. ഞങ്ങളോടൊപ്പം അഹമ്മദാബാദില്‍ നിന്നും ഒപ്പം ചേരുന്ന പ്രമോദിന്റെ സുഹൃത്ത് വെങ്കിട്ട് തമിഴ് നാട്ടുകാരനും പിഎംഓയിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറുമാണ്. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഗ്രാമ റിസോര്‍ട്ടിലാണ് ഗിര്‍ വനപ്രദേശത്തെ താമസം ബുക്ക് ചെയ്തത്. ദിയുവിലെ സര്‍ക്യൂട്ട് ഹൌസും അത്തരത്തിലാണ് ബുക്ക് ചെയ്തത്.
യാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്ന സമയത്തുതന്നെയാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളും .ഞാന്‍ അതില്‍ ബദ്ധശ്രദ്ധനായിരുന്നതിനാല്‍ യാത്രയുടെ പൂര്‍ണ്ണ ചുമതല പ്രമോദിനായിരുന്നു. നവംബര്‍ ആറിന് വിവാഹം കഴിഞ്ഞ് അതിന്റെ കണക്കുകളൊക്കെ തീര്‍ത്ത് സ്വസ്ഥനായത് എട്ടാം തീയതിയാണ്. അന്ന് രാത്രിയിലാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഭൂകമ്പ പരിപാടിയായ നോട്ട് പിന്‍ വലിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് പണം സ്വരൂപിക്കാനുള്ള ഓട്ടമായി. ബാങ്ക് അക്കൌണ്ടില്‍ നിന്നും രണ്ട് ദിവസമായി പതിനായിരം വീതം എടുത്തു വച്ചു. വീട്ടിലെ ആവശ്യങ്ങള്‍ക്കായി പഴയ രൂപ നല്കി നാലായിരത്തിന്റെ പുതിയ രൂപയും സംഘടിപ്പിച്ചു. 12ന് മുന്‍പ് ചെയ്തുതീര്‍ക്കേണ്ട അല്ലറചില്ലറ പരിപാടികള്‍ , ചില പര്‍ച്ചേയ്സുകള്‍ ഒക്കെ നിര്‍വ്വഹിച്ച് പാക്കിംഗും നടത്തി 11ന് രാത്രിയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
രാവിലെ 4.15ന് പ്രമോദിന്റെ വണ്ടിയില്‍ രാധാകൃഷ്ണനും പ്രമോദുമെത്തി. വാഹനം ഓടിക്കുന്നത് പ്രമോദിന്റെ സുഹൃത്താണ്. സന്തോഷും ഞാനും വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ നിന്നും കയറി. ടെര്‍മിനല്‍ രണ്ടാണ്. അതിനാല്‍ ചാക്കവരെ എത്തിയാല്‍ മതി. ചെക്ക് ഇന്‍ ചെയ്തു. പ്രമോദിന്റെ കൈയ്യില്‍ ക്യമറയും സൂം ലെന്‍സുമുള്ളതിനാല്‍ ചെക്ക് ഇന്‍ ലഗേജ് ഒരിക്കല്‍ കൂടി പരിശോധിച്ചു. 6.10ന് തന്നെ ജറ്റ് എയര്‍ വേയ്സ് വിമാനം പുറപ്പെട്ടു. കുറെ കഴിഞ്ഞപ്പോള്‍ പ്രഭാത ഭക്ഷണം കിട്ടി. അവര്‍ ചിക്കന്‍ ബര്‍ഗര്‍ കഴിച്ചു, ഞാന്‍ മസാല ചപ്പാത്തിയും. ഓരോ ചായ കൂടി കഴിച്ചുകഴിഞ്ഞപ്പോള്‍ ലാന്‍ഡിംഗ് സമയമായി. ഇറങ്ങി ഒന്നാം നമ്പര്‍ ബല്‍റ്റില്‍ നിന്നും ലഗേജുകള്‍ എടുത്തു. ഇനി ഇന്‍ഡിഗോയിലാണ് യാത്ര. വെള്ളം മാത്രമെ സൌജന്യമായി ലഭിക്കൂ. മറ്റെല്ലാം പണം നല്കേണ്ടവയും.
ബാംഗലൂര്‍ വിമാനത്താവളത്തില്‍ മീറ്റര്‍ ചായ ലഭ്യമാണ്. നമ്മുടെ നാട്ടിലെ ചായക്കടകളില്‍ നീട്ടിയടിച്ച് നല്കുന്ന ചായ. നാട്ടില്‍ ഏഴ് രൂപയ്ക്ക് ലഭിക്കുമെങ്കില്‍ എയര്‍പോര്‍ട്ടി ല്‍ 67 രൂപയാണെന്നു മാത്രം. നാല് മസാല വടയും വാങ്ങി. മസാല വടയെന്നാല്‍ പരിപ്പുവട. തീരെ ചെറിയ പരിപ്പു വടകള്‍. നമ്മള്‍ വലിയ പരിപ്പുവട ഒന്നിന് ഏഴു രൂപ നല്കി വാങ്ങുമ്പോള്‍ 28 രൂപ ചിലവു വരുന്നിടത്ത് ഇവിടെ 108 രൂപയാണ്. വാങ്ങി കഴിച്ചു. ദോഷം പറയരുതല്ലൊ ,രണ്ടിനും നല്ല രുചിയുണ്ടായിരുന്നു. ബാംഗലൂരില്‍ ചെക്കിംഗിന് കൂടുതല്‍ സമയമെടുത്തു. 10.05ന് പുറപ്പെടേണ്ട വിമാനം 10.30ന് പുറപ്പെട്ടു. പത്രവായനയും ചെറുമയക്കവും കഴിഞ്ഞപ്പോള്‍ വാഹനം അഹമ്മദാബാദിലെത്തി. 12.10ന് തന്നെ. പ്രമോദിനടുത്തിരുന്ന പ്രായം ചെന്ന സ്ത്രീകളെ പരിചയപ്പെട്ടു. അവര്‍ സഹോദരിമാരും സഹോദരനും കുടുംബമായി ടൂറിലാണ്. മക്കളൊക്കെ ഓരോ നിലയിലെത്തി. ഇനി യാത്രകള്‍.ആവുന്നിടത്തോളം കറങ്ങണം. അതാണ് ലക്ഷ്യം. അവര്‍ ചിരിക്കുന്നു. അഹമ്മദാബാദില്‍ നിന്നും ദിയു വഴിയുള്ള ഒരു പാക്കേജാണ്. എല്ലാം നിശ്ചയിച്ചുറപ്പിച്ച പാതകളിലൂടെ തന്നെ. ടൂര്‍ ഓപ്പറേറ്റര്‍ വഴിയുള്ള യാത്രയാണ്. ശരിക്കും രസം തോന്നി. കുട്ടിക്കാലത്തെ കളിതമാശകള്‍ ഓര്‍ത്തും പറഞ്ഞും വയസ്സുകാലത്തുള്ള യാത്രകള്‍ക്ക് ഒരു പ്രത്യേക മധുരം തന്നെയുണ്ടാകും.(വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍)
No comments:
Post a Comment