Wednesday, 5 September 2018

Trip to Gujarat - 3

റാണി കി വാവ് ഗാര്‍ഡന്‍

മുകളില്‍ നിന്നുള്ള കാഴ്ച

ശില്‍പ്പം

ശില്‍പ്പം

ശില്‍പ്പം

അപ്സരസ്

വരാഹം

കിണര്‍

ബഹുനിലകള്‍
ഗുജറാത്ത് യാത്ര - ഭാഗം -3
റാണി കി വാവ്

സൂര്യക്ഷേത്രത്തില്‍ നിന്നിറങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു. പാഠനിലേക്കാണ് ഇനി പോകേണ്ടത്. സോളങ്കികള്‍ ഭരിക്കുന്ന കാലത്ത് പ്രതാപത്തോടെ നിലനിന്ന പട്ടണം.ഇപ്പോള്‍ രാജകീയതയുടെ ചില അംശങ്ങള്‍ മാത്രം ബാക്കിനിര്‍ത്തുന്ന ഒരു ചെറുപട്ടണം. നഗരവാതിലുകളുടെ അവശിഷ്ടങ്ങളും കോട്ടമതിലുമൊക്കെ അവിടെ കാണാം. പ്രധാന ആകര്‍ഷണം റാണി കി വാവ് അഥവാ സ്റ്റെപ് വെല്ലാണ്. പടി കെട്ടിയ കിണറ്‍.
ചാവ്ട രാജവംശത്തിലെ വന്‍രാജ് ചാവ്ട എഡി 745 ല്‍ സ്ഥാപിച്ച പട്ടണമാണ് പാഠന്‍. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പ്രധാനമന്ത്രിയുമായിരുന്ന അന്‍ഹില്‍ ഷെപ്പേര്‍ഡിനോടുള്ള ആദരസൂചകമായി നഗരത്തിന് അന്‍ഹില്‍ പാഠന്‍ എന്നു പേരിട്ടു. ക്രമേണ അത് ചുരുങ്ങി പാഠനായി മാറി.ചാവ്ട രാജവംശത്തിലെ അവസാന കണ്ണിയായ രാജാവിന്റെ ദത്തുപുത്രനായിരുന്നു മുല്‍രാജ്. അദ്ദേഹമാണ് ഒന്നാം സൊളാങ്കി രാജാവ്.യുദ്ധതത്പ്പരനായ മുല്‍രാജ് പടിഞ്ഞാറേക്ക് വെട്ടിക്കയറി സാമ്രാജ്യം വികസിപ്പിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമി സിദ്ധരാജ് ജയ്സിംഗ് ,മാള്‍വ കൂട്ടിച്ചേര്‍ത്തു .

മറ്റൊരു പ്രധാന രാജാവായ കുമാര്‍ പാല്‍ അക്കാലത്ത് ജൈനിസം പ്രോത്സാഹിപ്പിച്ചിരുന്നു. സോളങ്കികളുടെ പ്രതാപകാലത്ത് സാമ്രാജ്യം പടിഞ്ഞാറ് സൌരാഷ്ട്രയും കച്ചും തെക്ക് ലാറ്റയും കിഴക്ക് മാള്‍വയും വടക്ക് ദക്ഷിണ രാജസ്ഥാനും വരെ വ്യാപിച്ചിരുന്നു.ചരിത്രകാരന്‍ ടേര്‍ഷ്യസ് ചാന്ദ്ലര്‍ രേഖപ്പെടുത്തിയിട്ടുള്ളത് എഡി ആയിരത്തില്‍ ലോകത്തെ പത്ത് പ്രധാന നഗരങ്ങളില്‍ ഒന്ന് പാഠനായിരുന്നു എന്നാണ്. ഒരു ലക്ഷത്തോളം ജനങ്ങളും നഗരത്തില്‍ വസിച്ചിരുന്നു. മുസ്ലിം അധിനിവേശത്തിലാണ് നഗരം ഇല്ലാതായത്. ദല്‍ഹി സുല്‍ത്താന്‍ കുത്തബ്-ഉദ്-ദിന്‍ ഐബക്ക് 1200ലും 1210ലും നഗരം കൈയ്യേറി കൊള്ളയടിച്ചു.1298ല്‍ അലാദിന്‍ ഖില്‍ജി നഗരം നശിപ്പിച്ചു.

അന്‍ഹില്‍ വാരയ്ക്ക് സമീപമാണ് പുതിയ നഗരം ഉയര്‍ന്നത്. 1304-1411 കാലത്ത് ഗുജറാത്ത് സുല്‍ത്താനേറ്റിന്റെ തലസ്ഥാനമായിരുന്നു പുതിയ പാഠന്‍. അതിന്റെ അവശിഷ്ടങ്ങളാണ് ഇന്ന് നഗരത്തില്‍ കാണുന്നത്. സോളങ്കി രാജവംശവുമായി ബന്ധപ്പെട്ട ഒരു ഭിത്തി മാത്രമാണ് ശേഷിപ്പുള്ളത്. കല്‍ക്കയില്‍ നിന്നും റാണി കി വാവിലേക്ക് വരുമ്പോള്‍ നമുക്കത് കാണാന്‍ കഴിയും. 1411 ലാണ് സുല്‍ത്താന്‍ അഹമ്മദ് ഷാ തലസ്ഥാനം അഹമ്മദാബാദിലേക്ക് മാറ്റിയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ 1947 വരെ പാഠന്‍ ബറോഡ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

കൈകൊണ്ട് നിര്‍മ്മിക്കുന്ന ഏറ്റവും പ്രസിദ്ധമായ സാരിയാണ് പഠോല. ഇത് പാഠന്റെ പ്രത്യേകതയാണ്. വളരെ ശ്രദ്ധയോടെ നാല് മുതല്‍ ആറുമാസം വരെ എടുത്താണ് ഒരു സാരി തയ്യാറാക്കുക. പച്ചിലകള്‍ ഉപയോഗിച്ച് നിറം നല്‍കുകയും സ്വര്‍ണ്ണനൂലുകള്‍ പോലും നിര്‍മ്മാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന ഇവ തയ്യാറാക്കുന്ന രണ്ട് കുടുംബങ്ങള്‍ മാത്രമെ നിലവിലുള്ളു. അവര്‍ ഈ കരവിരുത് സ്വന്തം കുടുംബത്തിലെ ആണ്‍മക്കള്‍ക്ക് മാത്രമെ പകര്‍ന്നു നല്കൂ. ഈ സാരിയുടെ വില ഇരുപതിനായിരം മുതല്‍ 20 ലക്ഷംവരെയാണ്.അവ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളില്‍ പോകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. വളരെ വൈകിയാണ് ഞങ്ങള്‍ റാണി കി വാവില്‍ നിന്നിറങ്ങിയത്.

അഹമ്മദാബാദില്‍ നിന്നും 140 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് പാഠന്‍ സ്ഥിതി ചെയ്യുന്നത്. സരസ്വതി നദിയുടെ കരയിലാണിതെന്ന് വിശ്വസിക്കപ്പെടുന്നു. സരസ്വതി നദി ഇന്നില്ല എന്നതും ഓര്‍ക്കുക. ആയിരം ശിവലിംഗങ്ങളുള്ള ജലാശയവും പട്ടോല സാരിയും റാണി കി വാവുമാണ് പാഠന്റെ ഇന്നത്തെ പ്രശസ്തിക്ക് കാരണം. ഇന്ത്യയിലെ പടിക്കിണറുകളില്‍ ഏറ്റവും വലുതും ശ്രദ്ധേയവുമായ കിണറാണ് റാണി കി വാവ്. ചുറ്റിലുമുള്ള ദൈവശില്‍പ്പങ്ങളും തൂണുകളും ചേര്‍ന്ന് ഇതിനെ ഒരു ക്ഷേത്രക്കുളമാക്കി മാറ്റിയിരിക്കുന്നു. സോളങ്കി രാജവംശത്തിലെ ഒന്നാം ഭീംദേവിന്റെ രാജ്ഞി ഉദയമതിയാണ് കിണര്‍ പണികഴിപ്പിച്ചതെന്ന് വിശ്വസിക്കുന്നു. ഇത് പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാന കാലവുമായിരുന്നു.
കിണറിനും ജലത്തിനും വലിയ പ്രാധാന്യമാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ പ്രദേശത്ത്. മഴ കുറവുള്ളതും മണല്‍ മണ്ണുള്ളതുമായ ഇവിടെ ജലനില വളരെ താണതാണ്. അതുകൊണ്ടുതന്നെ വളരെ ആഴത്തില്‍ കുഴിച്ചാല്‍ മാത്രമെ ശുദ്ധജലം ലഭ്യമാവൂ. ആദ്യ കാലം വളരെ ലളിതമായി പടികെട്ടിയ കിണറുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ക്രമേണ തൂണുകളും ശില്‍പ്പങ്ങളും വലിയ പടികളുമായി അത് വികസിച്ചു. ഒരു വിശ്രമ സ്ഥലമായും ജലസ്രോതസ്സായും അവ മാറി. ഇത്തരം വലുതും ചെറുതുമായ കിണറുകള്‍ ഗുജറാത്തിലും രാജസ്ഥാനിലും കണ്ടെത്തിയിട്ടുണ്ട്. റാണി കി വാവ് നമ്മെ അത്ഭുതപ്പെടുത്തുന്നത് അതിന്റെ വലുപ്പം കൊണ്ടും ഭംഗികൊണ്ടുമാണ്. മനോഹരമായി രൂപകല്‍പ്പന ചെയ്ത വലിയൊരു പാര്‍ക്കിലാണ് കിണറുള്ളത്. ആള്‍ക്കാര്‍ക്ക് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പുല്ല് വച്ചുപിടിപ്പിച്ച് മനോഹരമാക്കിയ പാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഇത്ര അത്ഭുതകരമായ ഒരു കിണറും പരിസരവും തൊട്ടടുത്തുണ്ട് എന്നു നമ്മള്‍ മനസ്സിലാക്കില്ല. അടുത്തേക്കടുത്തേക്ക് ചെല്ലുമ്പോള്‍ കണ്ണുകള്‍ വിസ്മയം കൊണ്ട് വിടരും. മനസ്സ് അത്ഭുതക്കാഴ്ച കണ്ട് കുളിര്‍ക്കും . ഇത്രയും ആഴവും പരപ്പുമുള്ള ഒരിടം ഭൂമിയുടെ സമനിരപ്പിന് താഴെ സൃഷ്ടിച്ച നാമറിയാത്ത ഭരണാധികാരിയെയും കലാകാരന്മാരെയും അല്‍പ്പസമയം ഓര്‍ത്തുപോകും.

65 മീറ്റര്‍ നീളവും നൂറുകണക്കിന് ശില്‍പ്പങ്ങളുമായി ഇവിടം നമ്മെ അമ്പരപ്പിക്കും. മണ്ണ് വീണ് നിറഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു റാണി കി വാവ്. ഇതിന്റെ മുകളില്‍ കണ്ട ഭാഗങ്ങള്‍ എടുത്തുകൊണ്ടുപോയി പത്തൊന്‍പതാം നൂറ്റാണ്ടില്‍ സമീപത്തുതന്നെ ബരോട്ട് വാവ് കെട്ടിയതും ചരിത്രം. ഒടുവില്‍ കിഴക്കുഭാഗത്ത് സ്വതന്ത്രമായി നില്ക്കുന്ന ചില തൂണുകളും പടിഞ്ഞാറുഭാഗത്തെ ഭിത്തിയും മാത്രം പ്രത്യക്ഷത്തിലുണ്ടായി. ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഏറ്റെടുത്ത് മണ്ണു നീക്കിയും കേടായ ഭാഗങ്ങള്‍ ശരിയാക്കിയും റാണി കി വാവ് പുനസ്ഥാപിച്ചു.

ഒരു കവാടത്തിലൂടെയാണ് നമ്മള്‍ റാണി കി വാവിലേക്ക് കടക്കുക. തുടര്‍ന്ന് പടിക്കെട്ടുകളാണ്. വളരെ വിശാലമായ പടിക്കെട്ടുകള്‍. ഇടയ്ക്കിടെ ചെറുബഹുനിലകളില്‍ പവിലിയനുകള്‍. നടന്ന് ഒടുവില്‍ എത്തിച്ചേരുന്നത് ചെറു തടാകത്തില്‍. അതിനുമപ്പുറമാണ് കിണര്‍. കിണറിലെ അധികജലത്തെ തടാകം സ്വീകരിക്കുന്നു. ഒന്നാം പവിലിയന് രണ്ട് നിലയും രണ്ടാം പവിലിയന് നാല് നിലയും മൂന്നാം പവിലിയന് ആറു നിലയും നാലാം പവിലിയന് ഏഴ് നിലകളുമുണ്ട്. ഓരോ പവിലിയനിലെയും മുകള്‍നില സമനിരപ്പില്‍ എത്തും വിധം ക്രമീകരിച്ചിരിക്കുന്നു. കിണറിന്റെ ആഴം 29 മീറ്ററാണ്.

കിണറിന് ജലം സംഭരിക്കാനെ കഴിയൂ എങ്കിലും റാണി കി വാവ് നമ്മെ അത്ഭുതപ്പെടുത്തുന്നത് അതിന്റെ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലൂടെയും ആനന്ദം പകരുന്ന ശില്‍പ്പങ്ങളിലൂടെയും അലങ്കാരങ്ങളിലൂടെയുമാണ്. എത്ര സമയമിരുന്നാലും മടുക്കാത്ത ഒരാകര്‍ഷണവലയം റാണി കി വാവിനുണ്ടെന്നു പറയാം. ചിത്രമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ തൂണിലെയും കൊത്തുപണികള്‍ക്ക് പിന്നാലെ അവരറിയാതെ സഞ്ചരിക്കുന്നതായി തോന്നും. സ്ത്രീകളും പുരുഷന്മാരും കുട്ടികളും സെല്‍ഫിയെടുത്തും തനിയെ പോസ് ചെയ്തും സായൂജ്യമടയുന്നു.
റാണി കി വാവിന് ചുറ്റിലുമായി വലിയ ശില്‍പ്പങ്ങള്‍ തന്നെ നാനൂറോളം വരും. എല്ലാം ചേര്‍ന്ന് കുറഞ്ഞത് എണ്ണൂറ് ശില്‍പ്പങ്ങളുടെ സമ്മേളനമാണ് അവിടെ കാണാന്‍ കഴിയുക.

പവിലിയനുകളെ താങ്ങി നിര്‍ത്തുന്ന 292 തൂണുകളുണ്ടായിരുന്നതില്‍ 226 എണ്ണം ഇപ്പോഴും അവിടെയുണ്ട്. ചിലത് പൊട്ടിയിട്ടുണ്ടെങ്കിലും നിലനിര്‍ത്തിയിരിക്കുന്നു. താഴേക്കിറങ്ങുമ്പോള്‍ മൂന്നാം സ്റ്റേജിലാണ് വാസ്തുവിദ്യയുടെയും ശില്‍പ്പിനിര്‍മ്മാണത്തിന്റെയും കരവിരുത് നമ്മള്‍ പൂര്‍ണ്ണമായും ആസ്വദിക്കുക. ദീര്‍ഘചതുരാകൃതിയിലുള്ള തടാകത്തിന് ഏഴ് ചതുരശ്ര മീറ്റര്‍ വ്യാസമുണ്ട്. ഇത്ര വലുപ്പമുള്ള തടാകം മറ്റൊരു കിണറിനുമില്ല എന്നത് റാണി കി വാവിന്റെ മറ്റൊരു സവിശേഷതയാണ്.

എണ്ണൂറോളം ശില്‍പ്പങ്ങളുള്ളത് ടെറസ്സിന്റെ കുറുകെയുള്ള മേഖലകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാന ശില്‍പ്പങ്ങള്‍ക്കായി നടുവിലുള്ള ഭാഗവും താഴ്ഭാഗം ചെറുശില്‍പ്പങ്ങള്‍ക്കായും ജാലക്കമാനങ്ങളുടെ മുകള്‍ഭാ‍ഗം അലങ്കാര ശില്‍പ്പങ്ങള്‍ക്കായും മാറ്റിയിരിക്കുന്നു. മൂര്‍ത്തികളും അപ്സരസ്സുകളും ദിക്പാലകരും ഇടവിട്ട് വരുംവിധമാണ് ശില്‍പ്പനിര്‍മ്മാണം. വിഷ്ണുഭഗവാന്റെ 25 രൂപങ്ങള്‍ കൊത്തിയിട്ടുണ്ട്. മുഖം ഒന്നുതന്നെയാണെങ്കിലും ശംഖ്,ചക്രം,ഗദ,താമര എന്നിവ പിടിച്ചിട്ടുള്ള കൈകളുടെ സ്ഥാനങ്ങളില്‍ മാറ്റമുണ്ട് എന്നു മാത്രം. 12 ഗൌരിമാരുടെ 15 ശില്‍പ്പങ്ങളും നമുക്ക് കാണാന്‍ കഴിയും .
ഉമ,പാര്‍വ്വതി,ഗൌരി,ലളിത,ശ്രയ,കൃഷ്ണ,മനേശ്വരി,രംഭ,സാവിത്രി,തൃഷന്ദ,തൊത്താല,തൃപുര എന്നിവരാണ് ഗൌരിമാര്‍. സ്ത്രീകളുടെ വിവാഹത്തിന് അനുഗ്രഹം ചൊരിയുന്ന ദേവിമാരായി ഇവര്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഇതിലെല്ലാം പാര്‍വ്വതിയുടെ അഗ്നിപ്രവേശത്തിന്റെ സൂചകങ്ങളും കാണാം. പാര്‍വ്വതിയുടെ മുജ്ജന്മമായ സതി ദക്ഷപ്രജാപതിയുടെ പുത്രിയായിരുന്നു. അച്ഛനെ ധിക്കരിച്ച് ,നഗ്നനായി ചുടലകളില്‍ നടക്കുകയും പാമ്പുകളും വന്യമൃഗങ്ങളുമായി കൂട്ടുകൂടുകയും ചെയ്യുന്ന ശിവനെ വരിച്ചതിനാല്‍ അവളെ വീട്ടില്‍ നിന്നും പുറത്താക്കി. ഒരിക്കല്‍ ദക്ഷന്‍ നടത്തിയ ബലിയാഗത്തില്‍ ക്ഷണിക്കാതെ എത്തിയ സതിയെ ദക്ഷന്‍ അപമാനിച്ചു. ഇതില്‍ പ്രതിക്ഷേധിച്ച് സതി തീയില്‍ ചാടി ജീവത്യാഗം ചെയ്തു. അവള്‍ ഹിമവാന്റെ പുത്രിയായി പുനര്‍ജനിച്ചു. പഞ്ചാഗ്നി നടുവില്‍ തപസ്സുചെയ്ത് ശിവനെ പ്രത്യക്ഷപ്പെടുത്തി വിവാഹം ചെയ്തു എന്നാണ് ഐതീഹ്യം. അതിനെ ആസ്പ്പദമാക്കിയാണ് ഗൌരീബിംബങ്ങള്‍ ചെയ്തിരിക്കുന്നത്. നാല് തീക്കുണ്ഡങ്ങള്‍ക്ക് നടുവില്‍ സൂര്യനെ നോക്കി നില്‍ക്കുന്ന രീതിക്കാണ് പഞ്ചാഗ്നി നടുവില്‍ എന്നു പറയുന്നത്. ഏറ്റവും ആകര്‍ഷകമായ ശില്‍പ്പവും അത് തന്നെ.

ധാര,ധൃവ,സോമ,അപ,അനല,അനില,പ്രത്യൂഷ,പ്രഭാസ എന്നിങ്ങനെ എട്ടു വസുക്കളെയും ശില്‍പ്പങ്ങളില്‍ കാണാം. വസുക്കള്‍ക്കുമുണ്ടൊരു കഥ പറയാന്‍. മഹാഭാരതത്തില്‍ പറയുന്നതാണിക്കഥ. ശന്തനു മഹാരാജാവിന് അതിസുന്ദരിയായൊരു പെണ്‍കുട്ടിയില്‍ അനുരാഗമുദിച്ചു. അവള്‍ ഒരു വ്യവസ്ഥ വച്ചു. വിവാഹം കഴിക്കാം, പക്ഷെ അവള്‍ ചെയ്യുന്ന ഒന്നിനെയും ചോദ്യം ചെയ്യാന്‍ പാടില്ല. രാജാവ് സമ്മതിച്ചു. വിവാഹവും നടന്നു. അവള്‍ ഏഴ് കുട്ടികളെ പ്രസവിച്ചു. ഓരോ കുട്ടിയെയും പ്രസവിച്ച ഉടന്‍ ഗംഗയില്‍ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ എട്ടാമത്തെ പുത്രനെ മുക്കിക്കൊല്ലാന്‍ തുടങ്ങിയപ്പോള്‍ രാജാവ് പ്രതിഷേധിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു, അവള്‍ ചെയ്യുന്നത് ഒരു നിയോഗമാണ്. ഈ മക്കള്‍ വസുക്കളാണ്. അവര്‍ക്ക് ശാപം കിട്ടി ഭൂമിയില്‍ ജനിച്ചവരാണ്. അവര്‍ ജീവിച്ചിരുന്നാല്‍ ഒരു സന്ന്യാസിയുടെ പശുക്കളെ മോഷ്ടിക്കേണ്ടിവരും. അതില്‍ നിന്നുള്ള മോചനമാണ് ഈ പുണ്യനദിയിലെ മുങ്ങി മരണം. ഈ സുന്ദരിയായ അമ്മ ഗംഗ തന്നെയായിരുന്നു. അവര്‍ വസുക്കള്‍ക്ക് നഷ്ട പ്രതാപം തിരിച്ചു നല്കി. വാഗ്ദാന ലംഘനം നടത്തിയ രാജാവിനെ വിട്ട് അവര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ എട്ടാമന് മോക്ഷം കിട്ടാതെപോയി. അദ്ദേഹമാണ് പിന്നീട് ഭീക്ഷ്മരായി അറിയപ്പെട്ടത്. പലയിടത്തായി വസുക്കളുടെ ശില്‍പ്പങ്ങള്‍ കൊത്തിയിട്ടുണ്ടെങ്കിലും കിണറിലേക്ക് നോക്കി തൊഴുത് നില്‍ക്കുന്ന താഴെത്തട്ടിലെ വസുക്കളാണ് മികച്ച ശില്‍പ്പങ്ങള്‍.

മൂന്നാം ടെറസിലാണ് ശില്‍പ്പങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിച്ചുതുടങ്ങുന്നത്. വിഷ്ണുവിന്റെ അവതാരങ്ങളാണ് പ്രധാനം.വരാഹ,വാമന,രാമ,ബലരാമ,പരശുരാമ,ബുദ്ധ,കല്ക്കി എന്നിങ്ങനെയാണ് അവതാര പ്രതിഷ്ഠ. നരസിംഹവും ഉണ്ടായിരുന്നിരിക്കണം. ഇളകിപ്പോയ പ്രതിമ അതാകാം. ഗുജറാത്തിലെ പതിനൊന്നാം നൂറ്റാണ്ട് ചിത്രങ്ങളില്‍ മത്സ്യവും കൂര്‍മ്മവും കാണാറില്ല എന്നതും ശ്രദ്ധേയമാണ്.
വടക്കും തെക്കും ദര്‍ശനമായുള്ള ഭിത്തികളിലെ ഈ എട്ട് മൂര്‍ത്തികള്‍ക്ക് പുറമെ പോത്തിനെ വധിക്കുന്ന ദുര്‍ഗ്ഗ, സൂര്യദേവന്‍,വിഷ്ണു,ഭൈരവ എന്നിവയും കാണാം. ഗുജറാത്തിലെ ബലരാമമൂര്‍ത്തി മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. നാല് കൈകളുള്ള ബലരാമന്‍ ഇടംകാലില്‍ ബലം കൊടുത്ത് ചരിഞ്ഞാണ് നില്ക്കുന്നത്. കൈകളില്‍ കലപ്പ,താമര,ഉലക്ക,ഫലം എന്നിവയും കാണാം. ശേഷനാഗം തലയ്ക്ക് മുകളില്‍ ഫണം വിടര്‍ത്തി നില്ക്കുന്നനിലയിലാണ് ശില്‍പ്പം . മറ്റിടങ്ങളിലെ ബലരാമന്‍ ഒരു കൈയ്യില്‍ മദ്യത്തിന്റെ ജാര്‍ സൂക്ഷിക്കുന്ന നിലയിലാണ് കാണാറുള്ളത്. ആദികാലം മുതലെ ആ പ്രദേശത്തെ ജനങ്ങള്‍ മദ്യം ഉപേക്ഷിച്ചിരുന്നതിന്റെ ലക്ഷണമായി ഇതിനെ കാണാവുന്നതാണ്.

പരശുരാമന്റെ നാല് കൈകളില്‍ കാണുന്നത് മഴുവും അമ്പും വില്ലും ഫലവുമാണ്. നാല് കൈകളുള്ള രാമനും അപൂര്‍വ്വതയാണ്. അമ്പും വില്ലും വാളും പരിചയവുമായാണ് രാമരൂപം കൊത്തിയിരിക്കുന്നത്. അപ്സരസുകളും നാഗകന്യമാരും നായിക കര്‍പ്പൂര മഞ്ജരിയുമൊക്കെ രതിശില്‍പ്പങ്ങളുടെ വശ്യതയുണര്‍ത്തുന്നവയാണ്. മഹാരാജ്ഞി ശ്രീ ഉദയമതി എന്ന് രേഖപ്പെടുത്തിയ ഒരു ശില്‍പ്പവും കൂട്ടത്തിലുണ്ട്. 1064ല്‍ ഭീംദേവിന്റെ മരണശേഷമാണ് ഉദയമതി ഈ ശില്‍പ്പ സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. പാര്‍വ്വതിയുടെ തപസ്സ് ശിവനെ പ്രാപിക്കാനായിരുന്നെങ്കില്‍ ഭീംദേവിനൊപ്പം ചേരാനുള്ള ഉദയമതിയുടെ താത്പ്പര്യമാകാം പാര്‍വ്വതിക്ക് കൂടുതല്‍ പ്രാധാന്യം നല്കി ശില്‍പ്പസമുച്ചയമുണ്ടാക്കാന്‍ കാരണം.

ഏഴുമണിയായിട്ടും ആളുകള്‍ അവിടെ എത്തുന്നുണ്ടായിരുന്നു. ഞങ്ങള്‍ പുല്‍ത്തകിടിയില്‍ വിശ്രമിക്കുമ്പോള്‍ ഒരു കൂട്ടര്‍ വേഗത്തില്‍ പോകുന്നുണ്ടായിരുന്നു. വിനോദസഞ്ചാരികളാണ്. ഒറ്റ നോട്ടത്തില്‍ ദൃശ്യമല്ലാത്ത വാവ് ഒരു നോക്ക് കാണാനുള്ള ഓട്ടം. ഗേറ്റടയ്ക്കാന്‍ സമയമായി. വാവ് കഹാം ഹെ എന്ന അവരുടെ ചോദ്യം ഞങ്ങള്‍ക്ക് നേരെ നീണ്ടുവന്നു. ഞങ്ങള്‍ കൈചൂണ്ടിയ ഇടത്തേക്ക് അവര്‍ ഓടുന്നുണ്ടായിരുന്നു. അവര്‍ക്ക് ഒരൊറ്റ ദൃശ്യക്കാഴ്ചയില്‍ അത് ഒതുക്കേണ്ടിവരുമല്ലോ എന്ന വിഷമം തോന്നി. ഒരുപാട് ഓര്‍മ്മകള്‍ പേറുന്ന ആ പ്രദേശം ആലസ്യത്തിലേക്ക് മടങ്ങുകയാണ്. രാത്രിയില്‍ ദൈവങ്ങളും പിശാചുക്കളും നാഗകന്യമാരും അപ്സരസുകളും തടാകത്തില്‍ മുങ്ങിക്കുളിക്കുമായിരിക്കും. ഈ പുല്‍ത്തകിടിയില്‍ ഉദയമതിയും ഭീംദേവും വന്നിരുന്ന് പ്രണയിക്കുന്നുണ്ടാകാം. അവരുടെ സ്വൈരവിഹാരത്തിന് തടസ്സമാകേണ്ടതില്ല എന്ന് മനസ്സില്‍ കരുതി ഞങ്ങള്‍ അവിടെനിന്നിറങ്ങി.

പുരാതനമായ പാഠന്റെ പുതിയ മുഖമുള്ള ചെറുനഗരിയില്‍ ഇരുചക്ര വാഹനങ്ങളും കാറുകളും അതിദ്രുതം പ്രവഹിക്കുന്നു. നേരത്തെ ബുക്ക് ചെയ്ത ഹോട്ടല്‍ നവജീവനിലെത്തി. ഒരു സാധാരണ ഹോട്ടലാണ്. അവിടെനിന്നും ചായ കുടിച്ചു. പുറത്തിറങ്ങി തട്ടു കടയില്‍ നിന്നും ഓംലറ്റ് കഴിച്ചു. എണ്ണയില്‍ കുളിപ്പിച്ചാണ് ഓംലറ്റുണ്ടാക്കുന്നത്. സവാള,തക്കാളി,മുളക്,മുളക് പൊടി,ഉപ്പ്, മുട്ട എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ മുട്ടതോരന് നല്ല ഡിമാന്റുനണ്ട് അവിടെ. ബുര്‍ജി എന്നാണിതിന് പറയുക. അഞ്ച് ഓംലറ്റിന് ഏക് സൌ പച്ചോ (175 രൂപ) വില. സന്തോഷിന്റെ ഷൂസ് തിരുവനന്തപുരത്തു വച്ചുതന്നെ കേടായിരുന്നു. അത് ഉപേക്ഷിച്ച് പുതിയൊരു ഷൂസ് വാങ്ങി. ആപ്പിളും പേരയ്ക്കയും ചന്തയില്‍ നിന്നുവാങ്ങി നവജീവനിലെത്തി ,ഭക്ഷണം കഴിച്ച് യാത്രാക്ഷീണത്തില്‍ കിടന്നുറങ്ങി.മദ്യനിരോധനമുള്ള ഗുജറാത്തില്‍ ഒന്നു കൈ ഞൊടിച്ചാല്‍ മദ്യം കിട്ടും എന്നതും ഡ്രൈവര്‍ മുകേഷ് തെളിയിച്ചു.





No comments:

Post a Comment