Sunday, 20 March 2022

Dubai trip - Day 4

 

ദുബായ് യാത്ര-നാലാം ദിനം 

മാര്ച്ച് 16. രാവിലെ സനീഷ് എത്തി. ദുബായ് നഗരത്തിലൂടെ ഒരു യാത്രയായിരുന്നു തുടക്കം. കരാമയിലെ ആരാമം ഹോട്ടലില് നിന്നും ഇടിയപ്പവും കുറുമയും ചിക്കനുമൊക്കെ കഴിച്ചായിരുന്നു യാത്ര. ഒടുവില് എത്തിയത് ബീച്ചുകളുടെ ലോകത്താണ്. ഇത്രയേറെ ബീച്ചുകള്, അതും തിരകളില്ലാത്ത നിശ്ചലമായ ബീച്ചുകള് മുന്പ് ഞാന് കണ്ടിട്ടില്ല. ആന്ഡമാനിലെ ബീച്ചുകള് പലതും ഇത്തരത്തിലാണ് എന്നോര്ക്കുന്നു. ഞങ്ങള് കൈറ്റ് സര്ഫിംഗ് ബീച്ചില് എത്തുമ്പോള് അവിടെ സ്ത്രീകളും പുരുഷന്മാരുമായി നൂറുകണക്കിന് വെള്ളക്കാര് വെയില് കായുന്നുണ്ടായിരുന്നു. കുടകളും കിടക്കാനുള്ള കസേരയുമായി കുറേപ്പേര്. അ തിന് വലിയ ചാര്ജ് നല്കണം. അതിനിപ്പുറം സാധാരണ ബീച്ചും. ഇവിടെ ഇരുചക്രവാഹനങ്ങള് അനുവദിച്ചിട്ടില്ല. നിയമം ലംഘിക്കുന്നവര്ക്ക് 300 ദിര്ഹം പിഴയാണ്. വെള്ളക്കാര് മാത്രം വരുന്ന ബീച്ചുകള് ദുബായില് പ്രത്യേകിച്ചും ജുമേറ, അറ്റ്‌ലാന്റിസ് ഭാഗത്തുണ്ട് എന്ന് സനീഷ് പറഞ്ഞു. ഈ ബീച്ച് പ്രസിദ്ധമായ ബുര്ജ് അല് - അരബിന് 2 കിലോമീറ്റര് അടുത്താണ്. ബുര്ജ് അല് അരബ് ബുര്ജ് ഖലീഫ വരും മുന്പ് പ്രധാന ആകര്ഷണ കേന്ദ്രമായിരുന്നു. ഇപ്പോള് പ്രതാപം കുറച്ചു നഷ്ടപ്പെട്ട നിലയിലാണ്. ബീച്ചില് നിന്നും ഞങ്ങള് സൂക്ക് മദീനത്ത് ജുമേരയിലേക്ക് പോയി. ബുര്ജ്-അല് അരബിന് സമീപമായി ഒരു തോടിനോട് ചേര്ന്നാണ് പൗരാണികത സ്ഫുരിക്കുന്ന നിറത്തില് തയ്യാറാക്കിയിട്ടുള്ള ഈ വ്യാപാര കേന്ദ്രം. ഇവിടെയും അധികവും വെള്ളക്കാരാണ് വരുന്നത്. കുറേ ഹോട്ടലുകളും ഹാന്ഡിക്രഫ്റ്റ്‌സും ആഭരണങ്ങളും വസ്ത്രങ്ങളും പരമ്പരാഗത ഉപകരണങ്ങളുമൊക്കെ വില്ക്കുന്ന കടകളാണ് ഇവിടെ ഉള്ളത്. സാംസ്‌ക്കാരിക പരിപാടികളും സായാഹ്നത്തില് ഇവിടെ നടക്കാറുണ്ട്. കടല് നികത്തി ദ്വീപുണ്ടാക്കി അവിടെയാണ് ബുര്ജ്-അല് അരബ് ഹോട്ടല് നിര്മ്മിച്ചിട്ടുള്ളത്. മദീനത്തില് നിന്നും ബുര്ജ്-അല് അരബിലേക്ക് ബോട്ട സര്വ്വീസുമുണ്ട്. എത്ര സമയം ചിലവഴിച്ചാലും മുഷിവ് തോന്നാത്ത ഇടമാണിത്.
ഇവിടെ നിന്നും അറ്റ്‌ലാന്റിസ് ഹോട്ടല്, പാം ജുമൈറ എന്നിവിടങ്ങളിലേക്ക് പോയി. ഹോട്ടലില് കയറാന് കഴിഞ്ഞില്ല. പാര്ക്കിംഗ് കിട്ടിയില്ല. പാം ജൂമൈറ കടല് നികത്തി തയ്യാറാക്കിയതാണ്. ഓരോ കെട്ടിട ശ്രുംഖലയും ഒരു പനയോല പോലെ തോന്നും. അവിടെ നിന്നും മടങ്ങും വഴി ഇന്ത്യക്കാര് തിങ്ങിപാര്ക്കുന്ന ഗാര്ഡന് എന്ന ഹൗസിംഗ് കോളനി സന്ദര്ശിച്ചു.ആലും വേപ്പുമുള്പ്പെടെ മരങ്ങള് വച്ചുപിടിപ്പിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഇവിടം. പുരന് മാള് റസ്റ്ററന്റില് നിന്നും ഉച്ച ഭക്ഷണം കഴിച്ചു. നല്ല താലി മീല്സായിരുന്നു. അവിടെ നിന്നും പോയത് മിറക്കിള് ഗാര്ഡനിലേക്കാണ്. 2013 ല് ആരംഭിച്ച മിറക്കിള് ഗാര്ഡന് 72,000 സ്‌ക്വയര് മീറ്റര് വലുപ്പത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. അവിടെ 150 ദശലക്ഷം പൂക്കളും 250 ദശലക്ഷം ചെടികളുമുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. എമിറേറ്റ്‌സിന്റെ ഉപയോഗശൂന്യമായ ഒരു എയര്ബസ് 380 ചെടികളാല് അലങ്കരിച്ച് നിര്ത്തിയിട്ടുണ്ട് ഇവിടെ. പുറമെ , മിക്കി മൗസ്, ഹില് ടോപ്പ്, കുതിര,ഒട്ടകം തുടങ്ങി രസകരമായ അനേകം രൂപങ്ങള് ,അംബ്രല്ല ടണല്, ലേക്ക് പാലസ്, ഫുഡ് കോര്ട്ട് എന്നിവയാല് ആകര്ഷകമാണ് ഇവിടം. മരുഭൂമിയില് ഇത്തരം അത്ഭുതങ്ങള് കാട്ടുന്നത് അഭിനന്ദനം അര്ഹിക്കുന്നു. ഒക്ടോബര് മുതല് ഏപ്രില് വരെയാണ് ഇത് തുറന്നു പ്രവര്ത്തിക്കുന്നത്. ദുബായ് മിനിസിപ്പാലിറ്റിയില് നിന്നുള്ള വെള്ളം റീ സൈക്കിള് ചെയ്ത് ഡ്രിപ്പ് ഇറിഗേഷന് വഴിയാണ് പൂന്തോട്ടം നനയ്ക്കുന്നത്്. ഓരോ സ്ഥലത്തും ചെടികളിലും പൂക്കളിലും തൊടാതിരിക്കാനും തടാകത്തില് ഇറങ്ങാതിരിക്കാനുമൊക്കെ പ്രത്യേക ശ്രദ്ധയോടെ ജീവനക്കാര് നില്പ്പുണ്ട്. ഇരുപത് ദിര്ഹമാണ് ഇവിടെ കയറാനുള്ള ഫീസ്. ടിക്കറ്റ് കൗണ്ടര് ടാറ്റയുടെ ഒരു പഴയ ബസ് റീ ഡൈസൈന് ചെയ്തതാണ്. ഇതിനടുത്തായി ഒരു ബട്ടര്ഫ്‌ളൈ പാര്ക്കുമുണ്ട്. അത് കാണാന് സമയം കിട്ടിയില്ല.
മിറക്കിള് ഗാര്ഡനില് നിന്നും ഞങ്ങള് ഗ്ലോബല് വില്ലേജിലേക്കാണ് പോയത്. ലോകത്തിലെ 90 രാജ്യങ്ങളുടെ സാസ്‌ക്കാരിക -വാണിജ്യ ഇടമാണ് ഗ്ലോബല് വില്ലേജ്. 1997 ല് ചെറിയ തോതില് ആരംഭിച്ച വില്ലേജ് ഇപ്പോള് വിശാലമായ ഒരു പ്രദേശം മുഴുവനും വ്യാപിച്ചു കിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌ക്കാരിക-വ്യാപാര കേന്ദ്രം എന്ന ഖ്യാതി ഇപ്പോള് ഗ്ലോബല് വില്ലേജിനാണ് ഉളളത്. ഒക്ടോബര് മുതല് ഏപ്രില് പകുതി വരെയാണ് ഇത് പ്രവര്ത്തിക്കുന്നത്. ഓരോ വര്ഷവും 50 ലക്ഷത്തോളം ആളുകളാണ് ഇവിടം സന്ദര്ശിക്കുന്നത്. 1,72,00,000 ചതുരശ്ര അടി സ്ഥലത്തായാണ് വില്ലേജ് നില്ക്കുന്നത്. 18,300 വാഹനങ്ങള്ക്ക് പാര്ക്ക് ചെയ്യാന് സൗകര്യമുണ്ട്. അറബികളുടെ പ്രധാന വിനോദ കേന്ദ്രമായി ഗ്ലോബല് വില്ലേജ് മാറിയിട്ടുണ്ട്. ഞങ്ങള് ഇന്ത്യ പവിലിയന് ഉള്പ്പെടെ അനേകം പവിലിയനുകള് കണ്ടു.വൈകിട്ട് 4 മുതല് രാത്രി 12 വരെയാണ് ഇത് പ്രവര്ത്തിക്കുന്നത്. ഇവിടെ എത്തിപ്പെടുന്നവര് രാവേറെ ചെല്ലുംവരെ ഇവിടെ നിന്നു പോകില്ല എന്നതാണ് പ്രത്യേകത. റഷ്യന്, നൈജീരിയന് തുടങ്ങി അനേകം സാംസ്‌ക്കാരിക പരിപാടികളും ഞങ്ങള് വീക്ഷിച്ചു. വിവിധ രാജ്യങ്ങളിലെ വൈവിധ്യപൂര്ണ്ണമായ വസ്തുക്കള് വാങ്ങാനുളള അവസരം കൂടിയാണ് ഈ വില്ലേജ് നല്കുന്നത്. ഫുഡ് കോര്ട്ടുകളാല് സജീവമാണ് ഈ വില്ലേജ്. ഞങ്ങള് മട്ക ചായയും വടയും കഴിച്ചു.മട്ക ചായ തയ്യാറാക്കുന്നത് കാണാന് രസമാണ്. ഒരു ചെറിയ മണ്കുടം തീച്ചൂളയില് ചൂടാക്കും .അതിലേക്ക് നാലഞ്ചു ചായ ഒന്നിച്ചൊഴിക്കും. അപ്പോഴത് പതഞ്ഞു പൊങ്ങും. പിന്നീടാണ് തണുത്ത മണ്കുടങ്ങളിലേക്കൊഴിച്ച് നമുക്ക് നല്കുന്നത്. 15 ദിര്ഹമാണ് ഗ്ലോബല് വില്ലേജിലേക്കുള്ള പ്രവേശന ഫീസ്.പണം നല്കേണ്ട പാര്ക്കിംഗും നല്കേണ്ടതില്ലാത്ത പാര്ക്കിംഗുമുണ്ട്. പണം നല്കിയാല് വേഗം വില്ലേജിലെത്താം, അല്ലെങ്കില് ഒരു കിലോമീറ്റര് നടക്കണം. വലിയ ഒരനുഭവം തന്നെയായിരുന്നു ഗ്ലോബല് വില്ലേജ് എന്നു പറയാം. ഏകദേശം പന്ത്രണ്ട് മണിക്കാണ് ഞങ്ങള് അവിടെ നിന്നും മടങ്ങിയത്🎉









Dubai trip 2022 -Day 3

 

ദുബായ് യാത്ര-മൂന്നാം ദിനം 

മാർച്ച്‌ 15. ഇന്ന് രാവിലെ ദുബായ് ക്രീക്കിൽ പോകാനാണ് തീരുമാനം. റെഡ് ലൈൻ മെട്രോയിൽ കയറി യൂണിയനിൽ ഇറങ്ങി ഗ്രീൻ ലൈൻ മെട്രോയിൽ അൽ -ഗുബൈബയിൽ ഇറങ്ങി. ഫോർട്ട്‌ കൊച്ചി പോലെ ഒരിടം. ടൂറിസ്റ്റ്കൾ ആണ് എവിടെയും. ബസിൽ വരുന്ന പാക്കേജ് ടൂറിസ്റ്റ് ആണ് ഏറെയും . ബുർ ദുബായ് ക്രീക്കിൽ നിന്നും ദേര ഓൾഡ് സൂക്കിലേക്കു പ്രൈവറ്റ് ബോട്ടുകളും സർക്കാർ സർവീസും ഉണ്ട്. സർക്കാർ സർവീസിനു ഒരു ദിർഹം ആണ് നൽകേണ്ടത്. ക്രീക്കിൽ ധാരാളം പക്ഷികൾ ഉണ്ടായിരുന്നു. ബോട്ടിൽ നിന്നും ഇറങ്ങുന്നത് പഴയ ദുബായിൽ ആണ്. തുടക്കത്തിലേ മുനിസിപ്പൽ മ്യൂസിയം ആണ്. രണ്ടു നിലയുള്ള ഒരു ചെറു കെട്ടിടം. അവിടെ ഇരുന്നാണ് പുതിയ ദുബായ് വികസിപ്പിച്ചത് . 1954 മുതലാണ് പ്ലാനിങ് തുടങ്ങിയത്. താമസിക്കാനും വ്യവസായം നടത്താനുമുള്ള കെട്ടിടങ്ങൾ തയ്യാറാക്കിയാണ് വികസനത്തിന്‌ തുടക്കമിട്ടത് . 3 മിനിറ്റ് വരുന്ന ഒരു വീഡിയോ കണ്ടു. മറ്റൊന്നുമില്ല അവിടെ.അതിന്റെ മേല്നോട്ടക്കാരനും മലയാളി തന്നെ. ഓൾഡ് ദുബായ് മൊത്തമായും വാണിജ്യ കേന്ദ്രമാണ്. ഒരു നിരയിൽ സ്‌പൈസസ് ആണ്, മറ്റൊന്ന് മനോഹരമായ ലൈറ്റുകൾ, പിന്നെ ശില്പങ്ങൾ, സ്വർണം അങ്ങിനെ പോകുന്നു നിരകൾ. Spices souq, gold souq, gold souq, textile souq എന്നിങ്ങനെ. മലബാർ ഗോൾഡിന്റെ പരസ്യമാണ് എവിടെയും.
ഡൽഹി ചാന്ദിനി ചൗക്കിലെ ഗലികൾ പോലെ. നല്ല ചൂടുണ്ടായിരുന്ന . അവിടെ നിന്നും ഭക്ഷണം കഴിച്ചു, അൽ -റാസിൽനിന്നും മെട്രോയിൽ തന്നെ മടങ്ങി. നല്ലൊരുറക്കം കഴിഞ്ഞ് സന്ധ്യയോടെ ബുർജ് ഖലീഫയിലേക്കു തിരിച്ചു. അവിടെ നിന്നുള്ള രാത്രി കാഴ്ച ഒന്ന് വേറെ തന്നെയാണ്. ബുർജ് ഖലീഫയും ചുറ്റുമുള്ള EMAAR ഗ്രൂപ്പ്‌ കെട്ടിടങ്ങളും ലൈറ്റ് & സൗണ്ട് പ്രോഗ്രാമിൽ പകൽ കണ്ടതിൽ നിന്നും വ്യത്യസ്തമായ കാഴ്ച ആയി. ബുർജ് ഖലീഫയുടെ മുന്നിലെ തടാകത്തിൽ ലൈറ്റ് &സൗണ്ടിനൊപ്പം ഫൗണ്ടനുകൾ ജലം കൊണ്ട് ചിത്രങ്ങൾ വരച്ചു. 15 മിനിറ്റ് ഇടവിട്ടാണ് പ്രകടനം. നൂറുകണക്കിന് ആളുകൾ കാഴ്ച കാണാൻ വന്നിരുന്നു. വിവിധ കോണുകളിലൂടെ പലവട്ടം ആ കാഴ്ച കണ്ടു. ഫുഡ്‌ കോർട്ടുകളാണ് അവിടത്തെ പ്രധാന ആകർഷണം. രാത്രി ഏറേ വൈകി അവിടെ നിന്നും മടങ്ങി 🥰🎉






Dubai trip -2022 -Day 2

 

 ദുബായ് യാത്ര- രണ്ടാം ദിനം

മാർച്ച്‌ 14.രാവിലെ അനസ് ഹോട്ടലിൽ എത്തി. വർഷങ്ങൾക്കു ശേഷം വീണ്ടും കാണുകയാണ്. Victers ചാനലിൽ ഒപ്പം ഉണ്ടായിരുന്നു. ആദ്യ ദുബായ് സന്ദര്ശനത്തിലും എല്ലാ സഹായങ്ങളും ചെയ്തു തന്നത് അനസ് ആയിരുന്നു. ആൾ ഇപ്പോൾ ടീകോമിൽ ടെക്നിക്കൽ മാനേജർ ആണ്. പതിവ് പോലെ tely കഫെയിൽ നിന്നും ചായ കുടിച്ചു. അനസ് 3 മെട്രോ കാർഡ് നൽകി. കുറച്ചു നാളായി ഉപയോഗിച്ചിട്ട് , റീചാർജ് ചെയ്യണം എന്ന് പറഞ്ഞു. അനസിനു വർക്കുമായ് ബന്ധപ്പെട്ടു ദുബായ് മാളിൽ പോകണമായിരുന്നു . ഞങ്ങളെ അവിടെ ഇറക്കാം എന്ന് പറഞ്ഞു. അനസിന്റെ കാറിൽ മാളിലേക്ക് പോയി. അവിടെ വലിയ മത്സ്യങ്ങളുടെ അക്ക്വേറിയവും മറ്റും കണ്ടും വിവിധ ഷോപ്പുകൾ കണ്ടും സമയം കഴിച്ചു. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ചിത്രമെടുത്തു. അവിടെ നിന്നും ദുബായ് ഇന്റർനെറ്റ്‌ സിറ്റിയിൽ പോയി. അവിടെയാണ് അനസിന്റെ സ്ഥാപനം. അനസിന്റെ ട്രീറ്റ്‌ ആയിരുന്നു ഉച്ച ഭക്ഷണം. Royal dining ഇൽ. അവിടെ നിന്നും മെട്രോയിൽ എക്സ്പോ 2020 യിലേക്ക് പോയി. അവിടെ 18-59 വയസുകാർക്കാണ് ടിക്കറ്റ്. 50 ദിർഹം. എനിക്കും പദ്മയ്ക്കും ഫ്രീ. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്‌ എന്നിവ കാണിച്ചാണ് ടിക്കറ്റ് എടുക്കേണ്ടത്. എക്സ്പോ ഒരു സംഭവം തന്നെയാണ്. ഡൽഹി പ്രഗതി മൈദാനിൽ ഒക്കെ നടക്കുന്നതിന്റെ പതിന്മടങ്ങുണ്ട്. എറ്റവും പ്രധാനം വൃത്തിയും ആധുനിക സാങ്കേതിക വിദ്യയും എസ്തെറ്റിക്സ്ഉം ആണ്. ഇസ്രായേൽ, ഇന്ത്യ, സൗദി തുടങ്ങിയ പവിലിയൻകൾ കണ്ടു. ഇന്ത്യൻ പവിലിയൻ നന്നായിട്ടുണ്ട്. നമ്മുടെ സാംസ്‌കാരിക വൈവിദ്ധ്യം , ബിസിനസ്‌ സാദ്ധ്യതകൾ ഒക്കെ നന്നായി പ്രൊജക്റ്റ്‌ ചെയ്തിട്ടുണ്ട്. നോർത്ത് ഈസ്റ്റ്‌ ആണ് ഫോക്കസ്. പ്രധാന ഹാളിൽ കയറിയപ്പോൾ ജയപ്രഭ മേനോൻ മോഹിനിയാട്ടം പെർഫോം ചെയ്യുന്ന visual ആണ് കണ്ടത്. വലിയ അഭിമാനം തോന്നി. നമ്മൾ അറിയുന്ന ഒരു കലാകാരി ഇന്റർനാഷണൽ ഇവന്റ് ഭാഗമായി കാണുന്നതിലെ സന്തോഷം. Zimbabwe യുടെ cultural പ്രോഗ്രാം കണ്ടു. രാത്രി 11മണിയോടെ മടങ്ങി. മെട്രോ 12 വരെ ഉണ്ട്. എക്സ്പോ മുതൽ Al Rigga വരെ 7.30 ദിർഹം ആണ് ഒരാൾക്ക്‌. ഒരു മണിക്കൂർ യാത്ര. ഉറങ്ങാത്ത നഗരത്തിൽ ഞങ്ങളും കിടന്നപ്പോൾ അടുത്ത ദിവസം തുടങ്ങിയിരുന്നു 🥰






Dubai trip -2022 - Day 1

 

ദുബായ് യാത്ര- മാര്ച്ച് 2022

13 ന് ഉച്ച കഴിഞ്ഞ് ദുബായ് സമയം രണ്ടു മണിക്ക് ഇവിടെ എത്തി. നാട്ടിലേതിനേക്കാൾ ഒന്നര മണിക്കൂർ പിന്നിൽ. മധുരയിൽ നിന്നും രാവിലെ 11നാണ് പുറപ്പെട്ടത്. എയർപോർട്ടിൽ സനീഷും ശാരികയും ദേവയും വന്നിരുന്നു. സനീഷിന്റെ വാഹനം JEEP ആണ്. Luggage കൂടുതൽ ഉള്ളതിനാൽ ഒരു ഇന്നോവ ടാക്സി വിളിച്ചു. ഡ്രൈവർ മൂലമറ്റംകാരൻ ജുനൈദ്. 16 വർഷമായി ഇവിടെയാണ്‌. മൂലമറ്റം power ഹൌസിൽ ജോലി ഉണ്ടായിരുന്നു. സ്ഥിരം ആയേനെ. അവിടെ നിന്നില്ല, BSF കിട്ടി, പോയില്ല, ഇപ്പോൾ പെൻഷൻ വാങ്ങി വീട്ടിൽ ഇരിക്കാമായിരുന്നു, ചിലപ്പോൾ ഫോട്ടോ ഭിത്തിയിലും വന്നേനെ എന്നും അയാൾ തന്നെ പറഞ്ഞു. ഓരോരുത്തർക്കും ഓരോ നിയോഗം എന്നും സമാധാനിച്ചു. ഇപ്പോൾ സന്തോഷവാനാണ്. മോൾ മെഡിസിന് പഠിക്കുന്നു, മോൻ എഞ്ചിനീയർ ആണ്, ഇതൊന്നും എന്റെ മിടുക്കല്ല, ഭാര്യ അധ്യാപികയാണ്, അവരുടെ കഴിവാണ്, ജുനൈദ് ചെറിയ സമയം കൊണ്ട് സ്വന്തം കഥ പറഞ്ഞു. എയർപോർട്ടിൽ നിന്നും 10 മിനിറ്റ് യാത്രയെ ഉള്ളു ഹോട്ടൽ യുറേക്കയിലേക്ക്. Al-Rigga യിലാണിത്. Luggage വച്ച ശേഷം
ഭക്ഷണം കഴിക്കാനായി കരാമയിലെ ഹോട്ടൽ ആരാമത്തിൽ പോയി.ഞായറാഴ്ച ആയതിനാൽ വലിയ തിരക്കായിരുന്നു. കല്ലപ്പവും ബീഫും മീനും ചിക്കനും ഒക്കെയായി ഭക്ഷണം കഴിഞ്ഞു. നല്ല ഭക്ഷണം. അടുത്തുള്ള ഹോട്ടലുകൾ എല്ലാം മലയാളികളുടേത്. ശരിക്കും കോഴിക്കോട് ഭക്ഷണ തെരുവിൽ എത്തിയ പോലെ.
അവിടെ നിന്നും പോർട്ട്‌ റാഷിദിയയിലേക്കാണ് പോയത്. ആദ്യ കാല പോർട്ട്‌ കളിൽ ഒന്നാണിത്. അതിനോട് ചേർന്ന് ഇപ്പോൾ മോഡേൺ യാനങ്ങളുടെ ഡോക്ക് ആണ്. അവിടെ നിന്നും യാത്ര ചെയ്യുന്ന വ്യക്തികളുടെ സ്വകാര്യ വാഹനങ്ങളാണ് കൂടുതലും. വളരെ ശാന്തമായ ഒരു ടൂറിസ്റ്റ് ഹബ് ആണിപ്പോൾ ഇവിടം. പഴയ കണ്ടൈനറുകൾ കോൺവെർട് ചെയ്തുണ്ടാക്കിയ ഹോട്ടലുകളും സൈക്കിൾ റൈഡും ഒക്കെയായി ഒരിടം. ദൂരെ ആയി ship hotel എലിസബത്ത് IIകിടക്കുന്നത് കാണാം. ഇടയ്ക്കിടെ പോകുന്ന വിമാനങ്ങളുമൊക്കെ കണ്ടു വെറുതെ ഇരിക്കാൻ ഒരിടം.
അവിടെ നിന്നും ലാമുർ ബീച്ചിലേക്ക് പോയി. ദുബൈയിൽ നാച്ചുറൽ എന്ന ഒന്നില്ല, എല്ലാം create ചെയ്തതാണ്. ഇവിടെ കടൽ നികത്തി തയ്യാറാക്കിയ activity areas ആണുള്ളത്. ഫുഡ്‌ കൗണ്ടറുകൾ ആണ് കൂടുതലും. പിന്നെ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കളി ഇടങ്ങളും. മനോഹരമായ ലൈറ്റിങ്ങുകൾ പ്രധാന ആകർഷണം. ദിര്ഹത്തിൽ നിന്നും രൂപയിലേക്കു കോൺവെർട് ചെയ്തു ചിന്തിച്ചാൽ എല്ലാം ചിലവേറിയ കാര്യങ്ങൾ. ഒരു മണിക്കൂർ വണ്ടി പാർക്കിങ്ങിന് തന്നെ 10 ദിർഹം ആണ്. രൂപയിൽ കോൺവെർട് ചെയ്‌താൽ 200 രൂപ. നാട്ടിൽ 10 രൂപ പാർക്കിംഗ് ഫീ വച്ചാൽ കലഹമുണ്ടാക്കുന്ന നമുക്ക് ഇവിടെ അതിനൊന്നും കഴിയില്ലല്ലോ. ഞങ്ങൾ 2 മണിക്കൂർ അവിടെ ചിലവഴിച്ചു. താമസ സ്ഥലത്തിന് താഴെ ഒരു thattukadayund. Tely cafe (തലശ്ശേരി ഹോട്ടൽ ഗ്രൂപ്പിന്റേതാണ് ) അവിടെനിന്നും സാൻഡ്‌വിച്ച്, ചായ, ബർഗർ ഒക്കെയായി രാത്രി ഭക്ഷണം ഒതുക്കി. ദുബായ് ഒന്നാം ദിനം അങ്ങിനെ അവസാനിക്കുമ്പോൾ അടുത്ത ദിവസം ആരംഭിച്ചു കഴിഞ്ഞിരുന്നു 🥰🎉





Wednesday, 9 March 2022

If our law and justice act well, criminals can be put behind the bar

 


 ഈ വിധികള്‍ പ്രതീക്ഷ നല്‍കുന്നു

 2022 മാര്‍ച്ച് എട്ടിന് തമിഴ്‌നാട്ടിലും കേരളത്തിലും ഉണ്ടായ രണ്ട് കോടതി വിധികള്‍ നമ്മുടെ നിയമ സംവിധാനത്തിലും ജനാധിപത്യത്തിലും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. അതിക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ പ്രതികള്‍ക്ക്  മരണശിക്ഷ വിധിച്ചു എന്നതാണ് പ്രധാനം. തമിഴ്‌നാട്ടില്‍ ജാതിയിലെ ഉച്ചനീചത്വങ്ങളാണ് കൊലയ്ക്ക് കാരണമായതെങ്കില്‍ കേരളത്തില്‍ സമാധാനപൂര്‍വ്വം ജീവിച്ചുവന്ന വൃദ്ധ ദമ്പതികളെ സ്വത്ത് മോഹിച്ച് കൊലപ്പെടുത്തിയതാണ് കേസ്.

 തമിഴ്‌നാട്ടില്‍ കൊല നടന്ന് ഏഴാം വര്‍ഷവും കേരളത്തില്‍ മൂന്നാം വര്‍ഷവും വിധി വന്നു എന്നതും നമ്മുടെ നാട്ടിലെ അനന്തമായി നീളുന്ന കേസ് വിചാരണയ്ക്കിടയില്‍ ആശ്വാസം പകരുന്ന ഒന്നായി.

 2015 ലാണ് ഗോകുല്‍രാജ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ നാമക്കലില്‍ കൊലപ്പെടുത്തിയത്. പട്ടികജാതിയില്‍ പെട്ട ഗോകുലിനെ നാമക്കല്‍ ജില്ലയിലെ പള്ളിപാളയത്ത് റയില്‍ ട്രാക്കില്‍ തല ഛേദിച്ചവിധമായിരുന്നു  കണ്ടെത്തിയത്. കുറച്ചുകൂടി ഉയര്‍ന്ന ജാതിയില്‍പെട്ട ഒരു പെണ്‍കുട്ടിക്കൊപ്പം ക്ഷേത്രസന്ദര്‍ശനം നടത്തി, ചാറ്റു ചെയ്തു എന്നിവയായിരുന്നു ഗോകുല്‍ ചെയ്ത തെറ്റുകള്‍. ധീരന്‍ ചിന്നമലൈ ഗൗണ്ടര്‍ പേരവൈ സ്ഥാപകന്‍ യുവരാജും മറ്റ് ഒന്‍പത് പേരും ചേര്‍ന്നാണ് അതിക്രൂരമായ കൊല നടത്തിയത്. എല്ലാവര്‍ക്കും മരണം വരെ ജീവപര്യന്തമാണ് പ്രത്യേക കോടതി വിധിച്ചത്. യുവരാജിന് മൂന്ന് ജീവപര്യന്തവും ആറ് പേര്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും. ഇന്ത്യന്‍ ശിക്ഷ നിയമത്തില്‍ പഴുതുകള്‍ ഏറെയുണ്ടെങ്കിലും ഈ വിധി ആശ്വാസകരം തന്നെ. നാമക്കല്‍ കോടതിയില്‍ വിശ്വാസമില്ല എന്ന ഗോകുല്‍രാജിന്റെ അമ്മയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയാണ് കേസ് പ്രത്യേക കോടതിക്ക് വിട്ടത്. സുപ്രിം കോടതിയും നേരത്തെ യുവരാജിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കെ ഈ കൊലപാതകത്തില്‍ ഞടുക്കം രേഖപ്പെടുത്തിയിരുന്നു.

 ഇനിയുള്ളത് ജയിലിലെ ജീവിതവും മേല്‍ക്കോടതിയുടെ വിധികളുമാണ്. ജയിലില്‍ ഒറ്റപ്പെട്ട ജീവിതവും പരോളില്ലാത്ത ജീവപര്യന്തവും ലഭിച്ചാലെ വിധി പൂര്‍ണ്ണമാണ് എന്നു പറയാന്‍ കഴിയൂ. ജയിലില്‍ ജോലി ചെയ്യുന്നവരും ജാതിയുടെ അഴുക്ക് വസ്ത്രം അണിഞ്ഞവരാണെങ്കില്‍ പ്രതികള്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കി നല്‍കും എന്നതില്‍ സംശയമില്ല. നീതി-ന്യായ നിര്‍വ്വഹണത്തില്‍ കടുത്ത രീതികള്‍ തന്നെ വന്നാലെ ഇത്തരം ക്രൂരതകള്‍ അവസാനിക്കൂ എന്നതില്‍ സംശയമില്ല.

 കേരളത്തില്‍ നടന്ന കൊലകളിലെ പ്രതികള്‍ ബംഗ്ലാദേശുകാരാണ്. നമ്മള്‍ അതിഥി തൊഴിലാളികള്‍ എന്ന് ലാളിത്യത്തോടെ വിളിക്കുന്ന അന്യ സംസ്ഥാനതൊഴിലാളികള്‍. ഇവര്‍ ബംഗാളില്‍ നിന്നോ ആസാമില്‍ നിന്നോ ആകും വരുക, പക്ഷെ ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് തൊഴിലെടുക്കാന്‍ വരുന്നവരാണ്. പ്രത്യേകിച്ച് ഒരു രേഖയുമില്ലാതെ സ്വതന്ത്രമായി ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാന്‍ കഴിയുന്നവര്‍. ഇതൊരുപക്ഷെ ഇന്ത്യയില്‍ മാത്രം കഴിയുന്ന ഒരു കാര്യമാണ്. 2019 നവംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  ചെങ്ങന്നൂരിനടുത്ത് വെണ്മണിയിലാണ് 75 കാരനായ ചെറിയാനും 68 കാരിയായ ലില്ലിക്കുട്ടിയും താമസിച്ചിരുന്നത്. അവിടെ ഒരാഴ്ച മുന്നെ കൂലിപ്പണി ചെയ്തപ്പോഴേ ഈ ദമ്പതികളുടെ സ്വര്‍ണ്ണവും പണവും നോട്ടമിട്ടവരാണ് ബംഗ്ലാദേശുകാരായ ലബഌ ഹുസൈനും ജുവല്‍ ഹുസൈനും. ലില്ലിക്കുട്ടിയെയും ചെറിയാനെയും അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസം രാത്രിയില്‍ ആന്ധ്രയില്‍ വച്ച് ട്രയിനില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ 45 പവന്‍ സ്വര്‍ണ്ണവും 17,000 രൂപയുമായി പിടികൂടുകയായിരുന്നു പോലീസ.

 നമ്മുടെ പോലീസിന്റെ മികവ് നമ്മള്‍ കാണാതിരുന്നുകൂടാ. ചിലര്‍ ക്രിമിനലുകളാണെങ്കിലും പോലീസിലെ ഭൂരിപക്ഷവും മിടുക്കരും സത്യസന്ധരുമാണ് എന്നത് അംഗീകരിക്കേണ്ട കാര്യമാണ്. മാവേലിക്കരയിലെ അഡീഷണല്‍ ജില്ല കോടതി ലബഌവിന് മരണശിക്ഷയും ഇരട്ട ജീവപര്യന്തവും വിധിച്ചു. ജുവലിന് മൂന്ന് ജീവപര്യന്തമാണ് ശിക്ഷ.

 ഇവിടെ ശ്രദ്ധേയമാകുന്ന ചില വിഷയങ്ങളുണ്ട്. അതിലൊന്ന് നമ്മള്‍ സ്വര്‍ണ്ണം പരസ്യമായി അണിഞ്ഞു നടക്കണമോ എന്നതാണ്. പലരേയും മരണത്തിലേക്ക് എത്തിക്കുന്നത് ഈ മഞ്ഞലോഹമാണ്. പണം കൈയ്യിലുണ്ടെങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് പോലെ വാങ്ങി വയ്ക്കാവുന്ന ഒരു ലോഹം എന്നതിനപ്പുറം സ്വര്‍ണ്ണത്തെ പ്രദര്‍ശന വസ്തുവാക്കുന്നത് ആപത്താണ്. പ്രത്യേകിച്ചും പ്രായമായ മനുഷ്യര്‍ മാത്രം താമസിക്കുന്ന വീടുകളില്‍. സ്വര്‍ണ്ണം വീട്ടില്‍ സൂക്ഷിക്കുന്നതും ആപത്താണ്. ലോക്കറില്‍തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.

 മറ്റൊന്ന് അന്യ സംസ്ഥാന തൊഴിലാളികളെ സംബ്ബന്ധിച്ചാണ്. ക്രിമിനല്‍ പശ്ഛാത്തലമുളളവരും ബംഗ്ലാദേശുകാരുമൊക്കെ നമ്മുടെ നാട്ടില്‍ യഥേഷ്ടം വിഹരിക്കുകയും പലതരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ കൈയ്യില്‍ ഇത് സംബ്ബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഒന്നും തന്നെയില്ല. ഈ രീതി മാറണം. നമ്മള്‍ ഒഡെപെക് , നോര്‍ക്ക പോലുള്ള ഏജന്‍സികള്‍ വഴി വിദേശത്തേക്ക് മലയാളികളെ അയയ്ക്കുന്നപോലെ നാട്ടില്‍ തൊഴിലെടുക്കാന്‍ വരുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും നിര്‍ബ്ബന്ധമായി ഒരു സ്ഥാപനത്തിന് കീഴില്‍ കൊണ്ടുവരണം. അവിടെ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമെ തൊഴിലെടുക്കാന്‍ അനുമതി നല്‍കാവൂ. അവരുടെ നാട്ടിലെ പോലീസ്, റവന്യൂ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ,ഉപജീവനത്തിനായി എത്തുന്നവരുടെ ജീവിത പശ്ഛാത്തലവും അറിയാനുള്ള ശ്രമം ആവശ്യമാണ്. ഒരു ചെറു തുക രജിസ്‌ട്രേഷനായി ഈടാക്കുകയും ചെയ്യാവുന്നതാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലെ നിരന്തരമുള്ള ഇന്‍സ്‌പെക്ഷനിലൂടെ രജിസ്‌ട്രേഷന്‍ കൃത്യമായി നടക്കുന്നു എന്നുറപ്പാക്കുകയും ചെയ്യാം. സാധാരണ തൊഴിലുകള്‍ ചെയ്യാന്‍ മലയാളിയെ ഇനി കിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് , ദീര്‍ഘവീഷണത്തോടെയുള്ള ഒരു സമീപനം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്. 👍

Monday, 7 March 2022

Gender justice should start from home, spread to all sectors of society. Are you for equal rights or not?


 
 എന്താണ് സ്ത്രീവിരുദ്ധത

 2017 ഫെബ്രുവരി 17 ന് കൊച്ചിയില്‍  ക്രൂരമായ ലൈഗികപീഡനത്തിന്  ഇരയായ നടി തന്റെ അതിജീവനത്തിന്റെ കഥ, ബര്‍ഖ ദത്ത് നേതൃത്വം നല്‍കിയ  വി ദ വിമെന്‍ ഓഫ് ഏഷ്യ യുടെ ഗ്ലോബല്‍ ടൗണ്‍ ഹാള്‍ പ്രോഗ്രാമില്‍ പങ്കവയ്ക്കുകയുണ്ടായി. താന്‍ ഇപ്പോള്‍ ഇരയല്ല, അതിജീവകയാണ് എന്നാണ് നടി പറഞ്ഞത്. തെളിമയോടെ നടി രംഗത്തുവന്നെങ്കിലും നമ്മുടെ നിയമങ്ങള്‍ അവരുടെ പേര് പറയാന്‍ സമ്മതിക്കുംവിധമല്ല എന്നത് നിയമത്തിന്റെ മാത്രം ഒരു പ്രത്യേകതയാണ്. ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായി മരിച്ച കുട്ടിയുടെ അമ്മ ക്രമേണ എന്റെ മകള്‍ നിര്‍ഭയ അല്ല ജ്യോതി സിംഗാണ് എന്നു വെളിപ്പെടുത്തിയത് ഇവിടെ ഓര്‍ക്കാം. എല്ലാവരും അറിയുന്ന പേര് ആരും പറയാതെ പറയുന്ന രീതി. നടന്‍ ദിലീപ് ഉള്‍പ്പെട്ട അതിവിചിത്രമായ ഗൂഢാലോചനയാണ് ബലാല്‍സംഗത്തിന് പിന്നില്‍ എന്നാണ് ആരോപണം. എന്നിട്ടും ആ കുട്ടിക്കൊപ്പം നില്‍ക്കാന്‍ സിനിമ സമൂഹത്തിനോ പൊതുസമൂഹത്തിനോ കഴിഞ്ഞില്ല. ഒരു ന്യൂനപക്ഷം മാത്രമാണ് ഒപ്പം നിന്നത്.  സിനിമ രംഗം സ്ത്രീവിരുദ്ധതയുടെ കേന്ദ്രമാണ് എന്ന് പണ്ടേ പറയാറുള്ളതാണ്. അത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് കാലഘട്ടത്തിനനുസരിച്ച് മനുഷ്യര്‍ വളരുന്നില്ല എന്നതിന് ഉദാഹരണമാണ്. അപൂര്‍വ്വം സിനിമകള്‍ മാത്രമാണ് നടിയെ നിശ്ചയിച്ച് എടുക്കപ്പെട്ട സിനിമ. അതില്‍ നായകന്‍ ആരായാലും കുഴപ്പമില്ല നായിക ഇന്നയാള്‍ ആകണം എന്നതാണ് നിശ്ചയം. എന്നാല്‍ 99 ശതമാനം ചിത്രങ്ങളും നേരേ തിരിച്ചാണ്. നായകനെ നിശ്ചയിക്കുന്നു. നായിക ആരുമാകാം, പ്രത്യേകിച്ചും നായകന് ഇഷ്ടപ്പെടണം എന്നത് നിര്‍ബ്ബന്ധമാണ് താനും. ഇത് നായിക എന്ന പദവിയെ താഴ്ത്തികെട്ടലാണ്. സിനിമ പൊതുവെ സ്ത്രീപക്ഷമല്ല എന്ന് പറയേണ്ടി വരുന്നു, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്ത്രീവിരുദ്ധത സിനിമ രംഗത്ത് കൂടുതലാണ്. നടി മുന്നോട്ടുവയ്ക്കുന്നത് ശക്തമായ ഒരു സമീപനമാണ്. ഇരകള്‍ പരസ്യമായി തുറന്നു പറച്ചിലിന് തയ്യാറാകണം, അതിലൂടെ അവള്‍ ഇര എന്നതില്‍ നിന്നും അതിജീവക എന്ന നിലയിലേക്ക് ഉയരുന്നു. അത് അനിവാര്യവുമാണ്

 കോഴിക്കോട് മാര്‍ച്ച് 6ന് നടന്ന വിമന്‍സ് പാര്‍ലമെന്റില്‍ ഫയര്‍&റെസ്‌ക്യൂ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ ബി.സന്ധ്യ പറഞ്ഞത്  ലിംഗസമത്വവും സ്ത്രീസുരക്ഷയും ഉറപ്പാക്കാന്‍ പോലീസില്‍ വലിയ മാറ്റം ആവശ്യമാണ് എന്നാണ്. ഇപ്പോള്‍ 10% മാത്രമായ വനിതപോലീസ് 50% ആകണം, സ്ത്രീകള്‍ക്ക് ഏത് സമയവും പരാതിയുമായി സ്റ്റേഷനില്‍ വരാന്‍ കഴിയണം. ഇതൊരു സ്ത്രീപക്ഷ സമീപനമാണ്.  ആര്‍.ശ്രീലേഖ ഈയിടെ മനോരമ ന്യൂസില്‍ നേരെചൊവ്വയില്‍ ചില അനുഭവങ്ങള്‍ വിവരിക്കുകയുണ്ടായി. ഇപ്പോഴും നമ്മുടെ പോലീസ് പുരുഷകേന്ദ്രീകൃതമാണ് എന്നത് അപമാനകരമാണ് എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത് എന്നു മാറും. കടുത്ത സ്ത്രീവിരുദ്ധത പോലീസിലുണ്ട് എന്നാണ് അവര്‍ പറഞ്ഞത്.

 പാര്‍ട്ടികളിലും ഈ പ്രശ്‌നമുണ്ട്. പത്രപ്രവര്‍ത്തകന്‍ പാര്‍ട്ടിയുടെ ഉന്നത ഘടകങ്ങളില്‍ 50% സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്നു ചോദിച്ചപ്പോള്‍ സിപിഎം സെക്രട്ടറി കൊടിയേരി മറുചോദ്യം ചോദിച്ചത് ഈ പാര്‍ട്ടിയെ തകര്‍ക്കുകയാണോ തന്റെ ലക്ഷ്യം എന്നാണ്. അത് സ്തീവിരുദ്ധതയാണ്. മാധ്യമക്കാരന്റെ സ്ഥാപനത്തില്‍ 50% സ്ത്രീകളാണോ ജോലി ചെയ്യുന്നത് എന്നാകാമായിരുന്നു മറു ചോദ്യം. ഇത് ഒരു പാര്‍ട്ടിയുടെ മാത്രം സമീപനമല്ല, എല്ലാ പാര്‍ട്ടികളുടെയും സമീപനമാണ്. സിനിമ പോലെ കടുത്ത സ്ത്രീവിരുദ്ധത ഉള്ള ഇടമാണ് രാഷ്ട്രീയം. എന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അതിവേഗം കാര്യങ്ങള്‍ മാറുകയാണ്. 50% ന് മുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഏറിവരുകയാണ്. കേരളത്തിലെ എല്ലാ മേഖലയിലും സ്ത്രീപക്ഷം മുന്നേറുന്ന ചിത്രം ശുഭോദര്‍ക്കമാണ്.

 എങ്കിലും എന്നിലും  മറ്റ് പുരുഷ സുഹൃത്തുക്കളുടെ ഉള്ളിലും അവരുടെ സമീപനങ്ങളിലുമുള്ള സ്ത്രീ പക്ഷസമീപനവും സ്ത്രീ വിരുദ്ധതയും ഒരു സ്വയം വിമര്‍ശനം അര്‍ഹിക്കുന്നു എന്നു കരുതട്ടെ.

ചില സ്ത്രീപക്ഷ -സ്ത്രീവിരുദ്ധ സമീപനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.  

 വീട്ടില്‍ ചര്‍ച്ചകള്‍ വരുമ്പോള്‍ ഭാര്യയോട് അഭിപ്രായം ചോദിക്കുന്നത് സ്ത്രീപക്ഷം, ചോദിക്കാതിരിക്കുന്നതും പറയുന്നതിനെ മുഖവിലയ്‌ക്കെടുക്കാത്തതും സ്ത്രീവിരുദ്ധത

 മകനോട് അഭിപ്രായം ചോദിക്കുകയും മകളോട് ചോദിക്കാതിരിക്കുകയും ചെയ്യുന്നത് സ്ത്രീവിരുദ്ധത

 ഓഫീസില്‍ സ്ത്രീകളെ പ്രധാന ചര്‍ച്ചകളില്‍ ഒഴിവാക്കി നിര്‍ത്തുന്നത് സ്ത്രീവിരുദ്ധത, വനിത ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നതും അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ മടിക്കുന്നതും സ്ത്രീവിരുദ്ധത

 ഭാര്യ-ഭര്‍ത്താക്കന്മാര്‍ പരസ്പ്പര ബഹുമാനം പ്രകടിപ്പിക്കുന്നതും വീട്ടു ജോലികളും കുട്ടികളെ വളര്‍ത്തുന്നതും സാമൂഹിക-സാമ്പത്തിക കടമകള്‍ തുല്യഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കുന്നതും സ്ത്രീപക്ഷ സമീപനം, അല്ലെങ്കില്‍ സ്ത്രീ വിരുദ്ധത

 ത്രിതല പഞ്ചായത്തുകളില്‍ അംഗങ്ങളില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടും അവരെ നിയന്ത്രിക്കുന്നത് ഭര്‍ത്താവോ അച്ഛനോ മറ്റൊരു പുരുഷനോ എങ്കില്‍ അത്  സ്ത്രീവിരുദ്ധത, സ്വയം തീരുമാനമെടുത്ത് മുന്നോട്ടുപോകുന്നത് സ്ത്രീപക്ഷം

 വ്യവസായ മേഖലയിലും സ്വകാര്യ മേഖലയിലും സ്ത്രീക്ക് തുല്യ പദവി നല്‍കുന്നത് സ്ത്രീപക്ഷം, പ്രസവ അവധി  നിഷേധിക്കുന്നതും കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവുമായി ബന്ധപ്പെട്ട്  അവധി നിഷേധിക്കുന്നതും പ്രൊമോഷന്‍ തടയുന്നതും സ്ത്രീവിരുദ്ധത, പരമാവധി പ്രോത്സാഹനം നല്‍കി ഉന്നത പദവികളിലേക്ക് എത്തിക്കുന്നത് സ്ത്രീപക്ഷം

 പോലീസിലും സേനയിലും തുല്യപദവിയും ആദരവും ബഹുമാനവും നല്‍കുന്നത് സ്ത്രീപക്ഷം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ മോശമായ പെരുമാറ്റം സ്ത്രീവിരുദ്ധത
 
 രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ തുല്യത നല്‍കുന്നതും ഉന്നതസ്ഥാനങ്ങളിലേക്ക് പാരമ്പര്യത്തിന്റെ പേരിലല്ലാതെ കഴിവിന്റെ പേരില്‍ വനിതകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതും സ്ത്രീപക്ഷം, ചൂഷണവും അടിച്ചമര്‍ത്തലും സ്ത്രീവിരുദ്ധത

 കലാ-സാഹിത്യ -സിനിമ മേഖലകളില്‍ അര്‍ഹമായ അംഗീകാരം നല്‍കുന്നത് സ്ത്രീപക്ഷം, ചൂഷണവിധേയരാക്കുകയും അതിന് പകരമായി സഹായിക്കുകയും ചെയ്യുന്നത് സ്ത്രീവിരുദ്ധത

ഇനിയുമുണ്ടാകും പറയാന്‍ ഏറെ !!!  

Wednesday, 2 March 2022

Pinarayi, Kerala's Xi Jinping , can lead the party from chronic disabilities to a progressive party


 സിപിഎം മുന്നോട്ടുവയ്ക്കുന്ന അജണ്ട-
 ഒരു സാധാരണക്കാരനായ മലയാളിയുടെ രാഷ്ട്രീയ നിരീക്ഷണം

 സംസ്ഥാനത്തെ ഏറ്റവും പ്രബലമായ പാര്‍ട്ടി ഇന്ന് സിപിഎം ആണ്. അതിന്റെ സംസ്ഥാന സമ്മേളനം നടക്കുകയാണ് എറണാകുളത്ത്. ദേശീയ സമ്മേളനം ഭാവിയില്‍ നടക്കുന്നത് കണ്ണൂരുമാണ്. എല്‍ഡിഎഫിന്റെ രണ്ടാം വരവോടെ കേരളത്തില്‍ പാര്‍ട്ടി എന്നാല്‍ സഖാവ് പിണറായി വിജയന്‍ ആണ്. അദ്ദേഹം അധികാരത്തില്‍ എത്തിയശേഷം വികസന അജണ്ടയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയില്‍ മൊത്തമായി എടുത്താലും പാര്‍ട്ടി ഇന്ന് ശക്തമായി നിലനില്‍ക്കുന്നത് കേരളത്തില്‍ മാത്രമാണ്. പിണറായി വിജയന്‍ എന്ന നേതാവിന് ചുറ്റിലുമായി കറങ്ങുകയാണ് പാര്‍ട്ടി. പണ്ടേ ചൈനീസ് കമ്മ്യൂണിസത്തിനെ താലോലിച്ചവരാണ് സിപിഎം. ഇന്നും അങ്ങിനെതന്നെയാണ്. ചൈനയില്‍ ഇപ്പോള്‍ പാര്‍ട്ടി എന്നാല്‍ അതിന്റെ നേതാവും ഭരണാധികാരിയുമായ Xi Jinping ആണ്. ഇവിടെ അധികാരത്തിന് പുറത്തു നില്‍ക്കുന്ന സീതാംറാം യച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ സഖാവ് പിണറായിയെ ആശ്രയിച്ചേ പറ്റൂ. പിണറായി കേരളത്തില്‍ വിഭാഗീയത തുടച്ചുമാറ്റി Xi Jinping പോലെ ഏകാധിപതി ആയിരിക്കയാണ്. പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തില്‍ കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുള്ള എം.എ.ബേബി, തോമസ് ഐസക് , സുധാകരന്‍ തുടങ്ങിയ വ്യക്തിത്വങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ മാത്രം നല്‍കി ഒതുക്കിയിരിക്കയാണ്. പണ്ട് വിപ്ലവം നക്‌സല്‍ബാരിയില്‍ നിന്നും എന്നു പറഞ്ഞപോലെ ,സിപിഎം എന്നാല്‍ കണ്ണൂര്‍ ജില്ലയെ ചുറ്റിപ്പറ്റിയുള്ള ഒരു സംവിധാനമായി മാറി. തീര്‍ച്ചയായും സ്വാനുഭവത്തിലൂടെ പിണറായി ആര്‍ജ്ജിച്ച ഒരു വിശ്വാസമാകാം ഇതിന് കാരണം. കണ്ണൂരിനപ്പുറം ഒരാളെയും വിശ്വസിക്കാന്‍ കഴിയാത്തവിധം പാര്‍ട്ടിയിലെ പലരേയും മാറ്റി നിര്‍ത്തേണ്ടതുണ്ട്. അത് അദ്ദേഹത്തെ സംബ്ബന്ധിച്ചിടത്തോളം ശരിയായ നിലപാട് ആണ് താനും.

 കൊടിയേരിയാണ് വിശ്വസിക്കാന്‍ ഏറ്റവും മികച്ചയാള്‍ എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. അജണ്ടകള്‍ നിശ്ചയിക്കുന്നതും പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുന്നതും ആ ഒരു വെളിപാടിന്റെ  അടിസ്ഥാനത്തിലാണ്. ഇന്ത്യയിലെ പ്രധാന പ്രാദേശിക പാര്‍ട്ടികളായ ബിജു ജനതാ ദളും ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന പാര്‍ട്ടിയും ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും യുപിയിലെ സമാജ് വാദി പാര്‍ട്ടിയും ഒരു പരിധിവരെ കോണ്‍ഗ്രസും  ഉള്‍പ്പെടുന്ന ബഹുഭൂരിപക്ഷം പ്രസ്ഥാനങ്ങളും ഇത്തരത്തില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതും. ഇവിടെ അധികാരവും സമ്പത്തും വലിയ ഘടകമാണ്. ആദര്‍ശം ഇന്നൊരു നനഞ്ഞ പടക്കം മാത്രമാണ്. ഭൂതകാലം തുറന്നുനോക്കാന്‍ പോലും കൊള്ളാത്തത്ര മലീമസമായ പുസ്തകവും. വര്‍ത്തമാന കാലവും ഭാവിയും മാത്രമെ ഒരു ഭരണാധിപന് മുന്നിലുള്ളൂ.  അതില്‍ രണ്ട് കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടാനുള്ളത്. ഒന്ന് അധികാരത്തിന്റെ തുടര്‍ച്ച. രണ്ട് വികസനത്തിലൂന്നിയ ശക്തമായ സമൂഹത്തെ കെട്ടിപ്പടുക്കല്‍.

 ഭരണത്തുടര്‍ച്ചയാണ് ജനാധിപത്യത്തില്‍ പ്രധാനം. അതിനുള്ള അവസരങ്ങളെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക എന്നത് ബുദ്ധിമാന്മാരുടെ ലക്ഷണമാണ്. വര്‍ഗ്ഗ സമരം എന്ന കാള്‍ മാക്‌സിന്റെയും ലെനിന്റെയും മാവോയുടെയും അജണ്ടയില്‍ നിന്നും മാറി  പ്രായോഗിക രാഷ്ട്രീയത്തിന്റെ അജണ്ടയായ വര്‍ഗ്ഗീയതയെ മുറുകെ പിടിക്കാനുള്ള പാര്‍ട്ടി തീരുമാനം ശ്രദ്ധേയമാണ്. കൊടിയേരി സംസാരിക്കുന്നത് ഇപ്പോള്‍ വര്‍ഗ്ഗ സമരത്തെ കുറിച്ചല്ല, ഇടതുപക്ഷം ന്യൂനപക്ഷ സമുദായത്തെ പരമാവധി പാര്‍ട്ടിയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു. അതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ് 25 വര്‍ഷത്തേക്കുളള കേരളത്തെ മുന്നില്‍ കണ്ടുള്ള വികസന ചര്‍ച്ചകളും. ഒന്നുറപ്പാണ്, ന്യൂനപക്ഷത്തെ ഒരു കൊടിക്കീഴില്‍ എത്തിക്കാനും ന്യൂനപക്ഷ സംരക്ഷണമാണ് യഥാര്‍ത്ഥ മതേതരത്വം എന്നു വിശ്വസിക്കുന്ന ഒരു നല്ല പങ്ക് ഭുരിപക്ഷ സമുദായ അംഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയുകയും ചെയ്താല്‍ 25 വര്‍ഷത്തേക്ക് ഭരണം മിനിമം ഗ്യാരണ്ടിയാണ്. മുസ്ലിം ലീഗിനെ ഒപ്പം കൂട്ടുക എന്നത് പാര്‍ട്ടിയുടെ പഴയ അജണ്ടയാണ്. നായനാര്‍ ആയിരുന്നു അതിന്റെ ഉപജ്ഞാതാവ്, പക്ഷെ പണി കിട്ടിയത് എം.വി.രാഘവനും. ഇപ്പോള്‍ അത്തരത്തിലുള്ള പണികള്‍ കൊടുക്കാന്‍ ഈഎംഎസ് പോലെ ആരുമില്ലാത്തതിനാല്‍ , അണികള്‍ പൂര്‍ണ്ണമായും കൊഴിഞ്ഞ് തീവ്രവാദ സംഘടനകളില്‍ പോകും മുന്നെ ലീഗ് ഇടതുപക്ഷത്തേക്ക് വരുമെന്നത് ഉറപ്പ്. അതിനുള്ള കരുക്കള്‍ നീങ്ങിത്തുടങ്ങി എന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്. അത് യുഡിഎഫിന് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാകും. ജോസ്.കെ.മാണി പോയതിലും വലിയ ഭൂമികുലുക്കം. കാല്‍ചുവട്ടിലെ മണ്ണ് ഒന്നാകെ ഒലിച്ചുപോകും പോലെയാകും യുഡിഎഫിന്. ഈ മാറ്റത്തോടെ , പരമ്പാരഗത ശത്രുവായ വലതുകമ്മ്യൂണിസ്റ്റുകാരെ സഖ്യത്തില്‍ നിന്നും പുറത്താക്കുകയൊ നിശബ്ദമാക്കുകയോ ചെയ്യാം എന്നതാണ് സിപിഎമ്മിന് ഉണ്ടാക്കുന്ന വലിയ നേട്ടം.ഇത് ആഗ്രഹിക്കാത്ത ഒരു മാര്‍ക്‌സിസ്റ്റുകാരനും ഇന്ന് ജീവിച്ചിരിക്കുന്നുണ്ടാവില്ല. പരിസ്ഥിതിയും മറ്റ് ഉടായിപ്പുകളുമായി എപ്പോഴും പാര്‍ട്ടിയെയും നേതാവിനെയും സമ്മര്‍ദ്ദത്തിലാക്കുന്ന തലവേദന ഒഴിവാക്കുക എന്നത് ചെറുതല്ലല്ലോ.

 കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം സിപിഎമ്മിനും ബിജെപിക്കും ഒരുപോലെ ചതുര്‍ത്ഥിയുള്ള പ്രസ്ഥാനമാണ്. രാജ്യത്തെ മറ്റെല്ലായിടത്തെയും എന്നപോലെ കേരളത്തെയും കോണ്‍ഗ്രസ് മുക്തമാക്കണം എന്ന് ബിജെപി ആഗ്രഹിക്കുന്നു. കേരളത്തിലെ സിപിഎമ്മും ആഗ്രഹിക്കുന്നത് അതുതന്നെയാണ്. ബംഗാള്‍ ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ദുര്‍ബ്ബലമായതിനാല്‍ അവര്‍ അങ്ങിനെ ആഗ്രഹിക്കുന്നുണ്ടാവില്ല. ഇത്തരമൊരു അജണ്ടയില്‍ പ്രവര്‍ത്തിക്കുന്നു എന്നതുകൊണ്ടുതന്നെ ബിജെപിയുടെ കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നതും യുഡിഎഫിന്റെ തകര്‍ച്ചയാണ്. അതിന്  അനുഗുണമായ പ്രവര്‍ത്തനങ്ങള്‍ സിപിഎം ചെയ്യുമ്പോള്‍, പ്രാദേശികമായ ചില രക്തസാക്ഷികളുടെ സൃഷ്ടിപ്പുകളൊക്കെ ,രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുണ്ടാകുമെങ്കിലും സിപിഎം ഭരിക്കുന്ന കേരളത്തെയാണ് ബിജെപി ഇഷ്ടപ്പെടുന്നത്. ഇപ്പോള്‍ ലക്ഷ്യമിടുന്ന വിധം കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണെങ്കില്‍, ഭാവിയില്‍ പ്രധാന പ്രതിപക്ഷമാകാന്‍ എന്‍ഡിഎയ്ക്കും കഴിയും. അല്ലാതെ പ്രവര്‍ത്തിച്ചു കയറിവരാനുളള ശേഷിയും ശേമുഷിയും ബിജെപിക്കില്ല എന്ന് ദേശീയ നേതൃത്വം മനസിലാക്കി കഴിഞ്ഞു.

 ഇനി ഭരണത്തുടര്‍ച്ചയോടൊപ്പം വികസനവും സമ്പത്താര്‍ജ്ജിക്കലുമാണ്. കേരള സിപിഎം ഇന്ന് രാജ്യത്തെ സമ്പന്നരായ ഏതൊരു വ്യക്തിയേയും പോലെ സാമ്പത്തികമായും ആസ്ഥിപരമായും  ശക്തമാണ്. ഇത് പൂര്‍വ്വാധികം ശക്തമായി തുടരുക എന്നതും പാര്‍ട്ടി പ്രവര്‍ത്തകരെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതും പാര്‍ട്ടിയുടെ നിലനില്‍പ്പിനും ശക്തിക്കും അനിവാര്യമാണ്. അത് ചൈനയുടെ സമീപനവുമാണ. ചൈനയിലെ സമ്പന്നരെല്ലാം പാര്‍ട്ടിയിലെ ഉന്നതരാണ്. അത്തരത്തിലുളള ഒരു സംവിധാനത്തിലേക്ക് പാര്‍ട്ടി മാറുകയാണ്. മുതലാളിത്തത്തില്‍ ഊന്നിയുള്ള കമ്മ്യൂണിസം എന്ന Xi Jingping നയമാണ് പാര്‍ട്ടി പിന്‍തുടരുന്നത്. മുതലാളികളുമായി പങ്കാളിത്തമില്ലാതെ നാട് വികസിക്കുകയില്ല. അതിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനമാണ് സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍. വ്യവസായവും കച്ചവടവും നടത്തുന്നവരെ ബുദ്ധിമുട്ടിക്കുന്ന മൂരാച്ചി സ്വഭാവം നഷ്ടമായിട്ടില്ലാത്ത ട്രേയ്ഡ് യൂണിയന്‍ നേതാക്കന്മാര്‍ക്കും അണികള്‍ക്കും മുഖ്യമന്ത്രി താക്കീത് നല്‍കി കഴിഞ്ഞു. അനുസരിക്കുക എന്നതാണ് കൃത്യമായ പാര്‍ട്ടി നയം. അതുണ്ടാവും, ഉണ്ടായേ തീരു. അതോടെ വികസനവും എല്ലാ രംഗത്തും ശാക്തീകരണവും നടപ്പിലാകുന്ന ഒരു സംസ്ഥാനമായി കേരളം മാറും. അമേരിക്കയും യൂറോപ്പുമായാണ് എല്ലാക്കാലത്തും കേരളം താരതമ്യപ്പെടുത്താറുള്ളത്. അതുതന്നെയാണ് ശരിയും. താത്ക്കാലിക നേട്ടത്തിനായുള്ള കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച് ബിജെപിയും സിപിഎമ്മും നാടിന്റെ വികസന ലക്ഷ്യങ്ങള്‍ക്കായി മുന്നോട്ടു പോകുമെങ്കില്‍ പാരിസ്ഥിതികമായ ആഘാതങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും പുരോഗമനം കാംക്ഷിക്കുന്ന മനുഷ്യര്‍ക്ക് അനുഗുണമായ ഒരു നാടായി ഇത് മാറും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരുത്തുന്ന മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ പ്രൈമറി തലം മുതല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വിദ്യാഭ്യാസ പരിഷ്‌ക്കരണം കൂടി അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകണം. അതിന് പത്തു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് കൂടുതല്‍ അപകടമാകും ഈ രംഗത്ത് ഉണ്ടാക്കുക.

 ഏതായാലും മാറുന്ന കേരളമാകും നവകേരളം എന്നതില്‍ സംശയമില്ല. ദീര്‍ഘനാള്‍ തുടര്‍ച്ചയായി കേരളം ഭരിക്കാനുളള സാഹചര്യം സിപിഎമ്മിന് സംജാതമാകുകയാണ്. അത് പശ്ചിമ ബംഗാളിന് സംഭവിച്ചപോലെ ആകില്ല എന്നതും ഉറപ്പ്. സഖാവ് പിണറായിക്കും സിപിഎമ്മിനും ആശംസകള്‍ നേരുന്നു !! ലാല്‍ സലാം !!