Sunday, 19 May 2019

Should adoption rules be changed?

ദത്തെടുക്കല് - നിയമങ്ങളില് കാതലായ മാറ്റം ആവശ്യമോ?

ഇന്നത്തെ(19.05.2019) ഹിന്ദു പത്രത്തില് കണ്ട ഒരു റിപ്പോര്ട്ട് ഇങ്ങനെ.

പ്രസവിച്ച ഉടനെ കുട്ടികളെ വാങ്ങി വില്ക്കുന്ന ഇടനിലക്കാരെ പിടികൂടാന് ക്രൈംബ്രാഞ്ച് സിഐഡി. തമിഴ്‌നാട്ടിലെ നാമക്കല് ജില്ലയിലെ കൊള്ളി ഹില്സ് ഉള്പ്പെടെ വിവിധ പ്രദേശങ്ങളില് നിന്നും 30 പിഞ്ചുകുട്ടികളെ വിറ്റതായി കണ്ടെത്തിയതിനെ തുടര്ന്നാണ് അന്വേഷണം. പാവപ്പെട്ട സ്ത്രീകള് പ്രസവിക്കുമ്പോള്( അത് ചിലപ്പോള് ബലാല്സംഗത്തിന് ഇരയായ സ്ത്രീയാകാം, അതല്ലെങ്കില് മൂന്നാമത്തെയോ നാലാമത്തെയോ കുട്ടിയാകാം) ഇടനിലക്കാര് എത്തി കുട്ടിക്ക് നല്ല ജീവിതവും പഠനവും ഉറപ്പാക്കി നല്ല മാതാപിതാക്കളെ നല്കാം എന്നു പറഞ്ഞ് സമ്മതിപ്പിച്ച് ഇടപാടു നടത്തുന്നു.

ദത്തെടുക്കാന് തയ്യാറാകുന്നവര് ഇതിനായി 3-4 ലക്ഷം രൂപവരെ കൂലിയായി നല്കുന്നു എന്നും കണ്ടെത്തി്.എന്നാല് ഇതില് ഒരു ചില്ലിക്കാശുപോലും ഈ പാവങ്ങല്ക്ക് നല്കുകയില്ല. അവര് മക്കള് ദാരിദ്യത്തില് നിന്നും രക്ഷപെടട്ടെ എന്നു കരുതി കണ്ണടയ്ക്കുകയാണ്. നഴ്‌സിംഗ് അസിസ്റ്റന്റും ബാങ്ക്് ഉദ്യോഗസ്ഥനുമൊക്കെ ഈ ഇടപാടില് ഉണ്ടെന്നാണ് കണ്ടെത്തല്. കുട്ടികളുടെ ജനന സര്ട്ടിഫിക്കറ്റില് മാതാപിതാക്കളെ മാറ്റി സ്ഥാപിക്കുന്നതിന് 70,000 രൂപയാണ് അധികമായി വാങ്ങുന്നത്.

തട്ടിപ്പിന്റെ കഥയില് ഒരുകാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഈ കുട്ടികളെ വാങ്ങിയവരെല്ലാം മക്കളില്ലാത്തവരും കുട്ടികളെ ദത്തെടുത്ത് വളര്ത്താന് ആഗ്രഹിക്കുന്നവരുമാണ്.

നിയമപരമായി കുട്ടികളെ കിട്ടാനുള്ള ബുദ്ധിമുട്ട്, നീണ്ട കാത്തിരിപ്പ്, പ്രൊസീഡിയറിലെ നൂലാമാലകള് ഒക്കെയാണ് അവരെ ഇതിന് വളഞ്ഞ വഴിയില് പോകാന് പ്രേരിപ്പിക്കുന്നത്. രാജ്യത്തെ അഡോപ്ഷന് നിയമങ്ങള് കുറേകൂടി ലിബറലൈസ് ചെയ്താല് പാവപ്പെട്ട അനേകം കുട്ടികള്ക്ക് നല്ലൊരു ജീവിതം ലഭിക്കാനും മക്കളില്ലാത്തവര്ക്ക് ഓമനിക്കാന് കുട്ടികളെ ലഭിക്കാനും സാഹചര്യമൊരുക്കാം എന്നാണ് എനിക്ക് തോന്നുന്നത്.

ദാരിദ്ര്യത്തില് കഴിയുന്ന കുട്ടികള് പലപ്പോഴും ലൈംഗിക പീഡനങ്ങള്ക്ക് ഇരയായി തീരുന്നു, അവന്/ അവള് മോശപ്പെട്ട സാഹചര്യങ്ങളിലേക്കും അധോലോക ഇടപാടുകളിലേക്കും വഴിതിരിക്കപ്പെടുന്നു. ഇതൊഴിവാക്കാന് പാവപ്പെട്ട മാതാപിതാക്കള്ക്ക് അവരുടെ കുട്ടികളെ ദത്തിന് നല്കാന് കഴിയുന്ന ഒരു സംവിധാനവും അവരെ സ്വീകരിക്കാന് കുട്ടികളില്ലാത്ത ദമ്പതികള്ക്ക് അവസരം നല്കുന്ന ഒരു സംവിധാനവും ഉണ്ടാകേണ്ടതല്ലെ?

ഇപ്പോള് പൊതുവെ നടക്കുന്നത്, ഉപേക്ഷിക്കപ്പെട്ട കുട്ടികളെ ചൈല്ഡ് വെല്ഫെയറില് രജിസ്റ്റര് ചെയ്ത സ്ഥാപനങ്ങളില് വളര്ത്തി ആവശ്യക്കാരായ ദമ്പതികള്ക്ക് ദത്തായി നല്കുന്ന രീതിയാണ്. അതിലും സുതാര്യത തീരെ കുറവാണ്. ഇതിന് പകരം രാജ്യമൊട്ടാകെ ഇത്തരത്തില് ദത്തിനെ സംബ്ബന്ധിച്ച വലിയ അവയര്നസ് നല്കി ദത്തിന് കുട്ടികളെ നല്കാന് തയ്യാറുള്ള മാതാപിതാക്കളെക്കൊണ്ടും കുട്ടികളില്ലാത്ത ദമ്പതികളെ കൊണ്ടും രജിസ്റ്റര് ചെയ്യിച്ച് ഒരു സിംഗിള് പൂളില് നിന്നും ദത്ത് ( ജാതി, മതം, ദേശം ,ഭാഷ എന്നിങ്ങനെ വ്യത്യാസമില്ലാതെ ) എടുക്കാന് അനുവദിക്കുകയും ഓരോ മൂന്നു മാസം കൂടുമ്പോഴും കുട്ടികളുടെ ക്ഷേമം അന്വേഷിക്കാന് ഏജന്സികളെ വച്ചും കുറേപേര്ക്കെങ്കിലും ജീവിതതുല്യത നേടിക്കൊടുക്കാന് പരിശ്രമിച്ചുകൂടെ.

ഇതിലെ വൈകാരിമായ പലതലങ്ങളും പലരും എടുത്തുപറഞ്ഞേക്കാം, എന്നാല് അതിനുമപ്പുറമാണ് ഭൗതികജീവിതം എന്നത് ഒരു യാഥാര്ത്ഥ്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

55 കഴിഞ്ഞവര്ക്ക് കുട്ടികളെ നല്കില്ല, ദമ്പതികളുടെ ആകെ പ്രായം 110ല് കൂടാന് പാടില്ല എന്നിങ്ങനെ ഒരുപാട് സംഗതികളില് കിടന്നുമറിയുന്ന ഈ സംവിധാനത്തെ ലഘുതരമാക്കാന് ആത്മാര്ത്ഥമായ ഇടപെടലേ വേണ്ടൂ. പകരം വികസിത രാജ്യങ്ങള് ഉണ്ടാക്കിവച്ചിട്ടുള്ള നിയമം മെക്കാനിക്കലായി വിവര്ത്തനം ചെയ്ത് ഇന്ത്യന് നിയമമാക്കുന്നതുകൊണ്ട് പലര്ക്കും പലതും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

ഇന്നും മെട്രോ നഗരങ്ങളിലെ തെരുവില് ഉറങ്ങി ഉണരുകയും തീവ്രജീവിതത്തിന്റെ ഇരകളാവുകയും ചെയ്യുന്ന കുട്ടികളെ നമുക്കോര്ക്കാന് ശ്രമിക്കാം, അവര്ക്കൊരു നല്ല ജീവിതം നല്കാന് സര്ക്കാരുകള്ക്ക് കഴിയില്ല എന്നതിനാല് സമ്പത്തുള്ളവരും താത്പ്പര്യമുള്ളവരുമായ വ്യക്തികള്ക്ക് അത് നല്കാനുള്ള അവസരമെങ്കിലും ഉണ്ടാക്കി നല്കാന് സര്ക്കാരുകള് യത്‌നിക്കേണ്ടതുണ്ട്.

Saturday, 18 May 2019

Jama Masjid Delhi



ജമാ മസ്ജിദ്

1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം -4

ഇന്ത്യയിലെ ഏറ്റവും വലുതും മനോഹരവുമായ പള്ളി ഏതാണെന്ന് കൂട്ടുകാര്‍ക്കറിയാമോ ?

അതും ഡല്‍ഹിയിലാണ് സ്ഥിതിചെയ്യുന്നത്. ജമാ മസ്ജിദ് എന്നാണ് അതിന്റെ പേര്. ലോകത്തിലെ തന്നെ മികച്ച പള്ളികളില്‍ ഒന്നാണിത്. ആയിരക്കണക്കിനാളുകള്‍ നിത്യവും പ്രാര്‍ത്ഥിക്കാനെത്തുന്ന ഈ പള്ളി ചുവപ്പുകോട്ടയുടെ എതിര്‍വശത്തായി നഗരത്തിലെ ഏറ്റവും ഉയര്‍ന്ന ഇടത്ത് ഒരു പാറയുടെ മുകളിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 

ഞാനും അച്ഛനും കൂടിയാണ് ജമാ മസിജിദ് കാണാന്‍ പോയത്. പോകുംവഴി അച്ഛന്‍ ചോദിച്ചു, ' ശ്രീക്കുട്ടാ, ഈ പള്ളി പണികഴിപ്പിച്ചത് ആരാണെന്നറിയാമോ?'

' ഏതെങ്കിലും മുഗള്‍ ചക്രവര്‍ത്തിയാകും', ഞാന്‍ പറഞ്ഞു.

' ആരെന്ന് കൃത്യമായി പറയൂ', അച്ഛന്‍ പറഞ്ഞു. മറുപടി പറയാന്‍ ഞാനല്‍പ്പം വിഷമിച്ചു. 

' ചുവപ്പുകോട്ട പണി കഴിപ്പിച്ച അതേ ചക്രവര്‍ത്തി തന്നെയാണ് അതിനേക്കാള്‍ ഉയര്‍ന്ന തലത്തില്‍ ഈ പള്ളിയും നിര്‍മ്മിച്ചത്. ദൈവപൂജ ഏറ്റവും ഉയര്‍ന്നിടത്താകട്ടെ എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകും', അച്ഛന്‍ പറഞ്ഞു.

' ഓ- ഇപ്പോള്‍ പിടികിട്ടി. ഷാജഹാന്‍ ചക്രവര്‍ത്തി-ല്ലെ', ഞാന്‍ പറഞ്ഞു.

' അതെ മോനെ, ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ജമാ മസ്ജിദ് പണികഴിപ്പിച്ചത്. ഉസ്താദ് ഖലീല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മാണ മേല്‍നോട്ടവും വഹിച്ചു. ഷാജഹാന്‍ ചക്രവര്‍ത്തി നിയമിച്ച ഇമാമിന്റെ തലമുറയില്‍പെട്ട ഒരാളാണ് ഇപ്പോഴും ഈ പള്ളിയിലെ ഇമാം ', അച്ഛന്‍ ഇത്രയും വിശദീകരിച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ പള്ളിയുടെ മുന്നിലെത്തി. വിശാലമായ കല്‍പ്പടവുകള്‍ ചവുട്ടി മുകളിലെത്തിയപ്പോള്‍ ചെരുപ്പഴിച്ച് കൈകളില്‍ വയ്ക്കാന്‍ നിര്‍ദ്ദേശമുണ്ടായി. അനേകം വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ പള്ളി കാണാന്‍ എത്തിയിട്ടുണ്ട്. പള്ളിയുടെ ഇടത്തും വലത്തും രണ്ട് കൂറ്റന്‍ വാതിലുകളുണ്ട്. ഉള്ളില്‍ കടക്കുമ്പോള്‍ വിശാലമായ അങ്കണമാണ്. ഇത് നൂറുമീറ്റര്‍ സമചതുരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. നടുക്ക് ചെറിയൊരു കുളവുമുണ്ട്.

പള്ളി ഗോപുരങ്ങളും താഴികക്കുടങ്ങളും പേര്‍ഷ്യന്‍ മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഏത് ഉയരത്തിലും ഏത് പ്രകാശത്തിലും നിന്നു നോക്കിയാലും ഭംഗിക്ക് ക്ഷതമുണ്ടാക്കാത്തവിധമാണ് പള്ളി പണിതീര്‍ത്തിട്ടുള്ളത്. ഭിത്തികളില്‍ അറബി വചനങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. ഭാഷ അറിയാത്തതിനാല്‍ അവ വായിക്കാന്‍ കഴിഞ്ഞില്ല.

' പത്ത് രൂപ ടിക്കറ്റെടുത്താല്‍ ഗോപുരത്തിനു മുകളില്‍ കയറാം', അച്ഛന്‍ പറഞ്ഞു. ' ശ്രീക്കുട്ടന് മുകളില്‍ കയറാന്‍ പേടിയുണ്ടോ ?', അച്ഛന്‍ ചോദിച്ചു.

ഏതാണ്ട് രണ്ട് തെങ്ങിന്റെ ഉയരം വരുന്ന ഗോപുരത്തിലേക്ക് ഞാനൊന്നു നോക്കി. ഭയം തോന്നി. അത് ഉള്ളിലൊതുക്കി ഞാന്‍ പറഞ്ഞു, ' ഏയ്, എനിക്ക് പേടിയില്ല.'

' എന്നാല്‍ കയറാം', അച്ഛന്‍ നിര്‍ദ്ദേശിച്ചു. 

ഞങ്ങള്‍ ടിക്കറ്റെടുത്ത് മിനാരത്തിന്റെ ഉള്ളില്‍ പ്രവേശിച്ചു. ഇടുങ്ങിയ ചുറ്റുഗോവണി കയറുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പ്രകാശവും വായുവും കയറാന്‍ ഇട്ടിരിക്കുന്ന ചെറിയ ദ്വാരങ്ങള്‍ ആശ്വാസമായി. മുകളിലേക്ക് കയറുന്തോറും എനിക്ക് ഭയം വര്‍ദ്ധിച്ചു വന്നു. എങ്കിലും ധൈര്യം സംഭരിച്ച് കയറി. മുകളിലെത്തിയപ്പോള്‍ വലിയ സന്തോഷം തോന്നി. ആകാശത്തിരുന്നുകൊണ്ട് നഗരം കാണുന്ന പ്രതീതി. ആ കാഴ്ച ഏറെ മനോഹരവും മനസില്‍ നിന്നും മായാത്തതുമായി. 




Friday, 17 May 2019

Gold smuggling - India should be vigilant


 സ്വര്‍ണ്ണം വരുന്ന ദൂഷിത വഴികള്‍

മനോരമ ന്യൂസിലെ റിപ്പോര്‍ട്ടര്‍ എസ്.മഹേഷ്‌കുമാറും ക്യാമറാമാന്‍ സന്തോഷ് പിള്ളയും ചേര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി നല്‍കുന്ന സ്വര്‍ണ്ണ കള്ളക്കടത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ ആശങ്കാജനകമാണ്. നേപ്പാള്‍ വഴിയാണ് ഇപ്പോള്‍ പ്രധാനായും കള്ളക്കടത്ത് നടക്കുന്നത്. നേപ്പാള്‍ വിമാനത്താവളം വഴി ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണവുമായി വരുന്നു. ഇന്ത്യയിലെ പോലെ അത്ര വലിയ കസ്റ്റംസ് പരിശോധനകളില്ലാതെ അവിടെ ഇറങ്ങാന്‍ കഴിയും.

മലയാളികള്‍ ചുക്കാന്‍ പിടിക്കുന്ന വന്‍ ലോബിയാണ് ഇതിന് പിന്നില്‍. അന്യ സംസ്ഥാനക്കാരുമുണ്ട്. സ്വര്‍ണ്ണം മാത്രമല്ല, മയക്കുമരുന്ന്, കള്ളനോട്ട് അങ്ങിനെ എന്തും നേപ്പാള്‍ വഴി കടത്തിക്കൊണ്ടുവരാം. സൗഹൃദരാജ്യം അല്ലെങ്കില്‍ ആശ്രിതരാജ്യം എന്ന ലേബലുള്ള നേപ്പാളിന്റെ അതിര്‍ത്തിയില്‍ ചെക്കിങ്ങില്ല. ചെക്കിംഗുള്ള ഭൂട്ടാന്‍, മ്യാന്‍മാര്‍ അതിര്‍ത്തികള്‍ വഴിയും തീരദേശം വഴി ശ്രീലങ്കയില്‍ നിന്നുപോലും ഈ കൊളള നടക്കുകയാണ്. ഇതിനുപുറമെയാണ് നമ്മുടേതുള്‍പ്പെടെ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണവും മയക്കു മരുന്നും കള്ളപ്പണവും കടത്തി കൊണ്ടുവരുന്നത്. പിടിക്കപ്പെടുന്നവര്‍ വാര്‍ത്തയാകുമ്പോള്‍ പിടിയില്‍പെടാത്തവര്‍ അതിലേറെ.

വളരെ ശ്രദ്ധയര്‍ഹിക്കുന്ന ഒരു വിഷയമാണിത്. നമ്മുടെ എല്ലാ സ്വര്‍ണ്ണവ്യാപാരികളും രാഷ്ട്രീയ നേതൃത്വങ്ങളുമൊക്കെ അറിഞ്ഞുതന്നെയാകാം ഇതൊക്കെ നടക്കുന്നത്. നേപ്പാളില്‍ നിന്നും മറ്റ്  അതിര്‍ത്തികള്‍ കടന്നും വരുന്നവരുടെ രേഖകള്‍ പരിശേധിക്കേണ്ടത് വളരെ അനിവാര്യമായിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. ഇതിനു പുറെമെ മെറ്റല്‍ ഡിറ്റക്ടറിന്റെ പരിധിയില്‍പെടാതിരിക്കാന്‍ കുഴമ്പുകളില്‍ കലര്‍ത്തി സ്വര്‍ണ്ണത്തരികള്‍ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള എല്ലാ സ്വര്‍ണ്ണക്കടത്തും തടയാന്‍ കഴിയും വിധമുള്ള സപെഷ്യല്‍ സ്‌ക്വാഡുകളും അവ അഴിമതി മുക്തമാക്കി നിര്‍ത്താനുള്ള സൂപ്പര്‍ ചെക്കിംഗുകളുമൊക്കെ വന്നേ തീരു.

അതല്ലെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക ഘടനയെ നശിപ്പിക്കുന്ന ശക്തിയായി നമ്മുടെ അതിര്‍ത്തികള്‍ മാറും. പാകിസ്താനും ചൈനയുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ അതിന് അരു നില്‍ക്കുമെന്നതില്‍ സംശയമില്ല. താത്ക്കാലിക ലാഭം നോക്കാതെ ദേശസ്‌നേഹം മുന്‍നിര്‍ത്തി ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കും എന്നു പ്രതീക്ഷിക്കാം. പിടിക്കപ്പെടുന്നവര്‍ക്കും പ്രേരണ നല്‍ക്കുന്നവര്‍ക്കുമുളള ശിക്ഷ ഉയര്‍ത്തിയും വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കിയും ജുഡീഷ്യറിയും ഒപ്പം നില്‍ക്കേണ്ടതുണ്ട്. ഇത് രാജ്യനവോത്ഥാനത്തിന് അനിവാര്യമാണ് എന്നുകാണാന്‍ എല്ലാവരും തയ്യാറാകുമെന്നു കരുതാം. അതിന് ജനപ്രതിനിധികളെ പ്രേരിപ്പിക്കാന്‍ വോട്ടറന്മാരായ നമുക്ക് കഴിയണം. കള്ളന്മാര്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ തുറന്നുകാട്ടുകയാവട്ടെ നമ്മുടെ നവോത്ഥാന പ്രവര്‍ത്തനം. മറിച്ച് അവരുടെ കാറുകളില്‍ യാത്ര ചെയ്യലും ആതിഥ്യം സ്വീകരിക്കലും ആകാതിരിക്കട്ടെ.

Jantar Mantar



ജന്തര്‍ മന്തര്‍

1997 ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്‍ഹി വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം -3

' അച്ഛാ, എവിടെയാ ഈ ജന്തര്‍ മന്തര്‍ ?', ശ്രീക്കുട്ടന്‍ ചോദിച്ചു.

' ജന്തര്‍ മന്തറിനടുത്തല്ലെ നമ്മള്‍ താമസിക്കുന്നത്. നോക്കൂ, കേരള ഹൗസില്‍ നിന്നും കൊണാട്ട് പ്ലേസിലേക്ക് പോകുമ്പോള്‍ വലതുവശത്തായി കാണുന്നതാണ് ജന്തര്‍ മന്തര്‍', അച്ഛന്‍ പറഞ്ഞു.

' ഓ-അര്‍ദ്ധവൃത്താകൃതിയിലും കോണാകൃതിയിലുമൊക്കെ ചില നിര്‍മ്മിതികള്‍ കാറിലിരുന്ന് കണ്ടതായി ഓര്‍ക്കുന്നു.ഞാന്‍ വിചാരിച്ചു ഏതോ തകര്‍ന്ന കെട്ടിടത്തിന്റെ ഭാഗങ്ങളാകുമെന്ന്', ശ്രീക്കുട്ടന്‍ പറഞ്ഞു.

' നമുക്കിന്ന് ജന്തര്‍ മന്തര്‍ കാണാന്‍ പോയാലൊ', അവന്‍ ചോദിച്ചു.

'ഓ- ഞാന്‍ തയ്യാര്‍. നമുക്ക് ജന്തര്‍ മന്തറിലേക്ക് നടന്നുപോകാം ശ്രീക്കുട്ടാ. പോകുംവഴി അതിന്റെ ചരിത്രവും പറഞ്ഞു തരാം', അച്ഛന്‍ സമ്മതിച്ചു.അവര്‍ വേഗം ഒരുങ്ങിയിറങ്ങി. റോഡിലൂടെ നടക്കുമ്പോള്‍ അച്ഛന്‍ പറയാന്‍ തുടങ്ങി. 

' ജന്തര്‍ മന്തര്‍ യഥാര്‍ത്ഥത്തില്‍ യന്ത്ര തന്ത്രമാണ്, അതായത് ഉപകരണങ്ങളും ഗണിതസൂത്രങ്ങളുമാണ്. ഈ നിരീക്ഷണകേന്ദ്രം 1710 ല്‍ ജയ്പ്പൂരിലെ മഹാരാജാവായിരുന്ന ജയ്‌സിംഗാണ് സ്ഥാപിച്ചത്. അദ്ദേഹം ഹിന്ദു,മുസ്ലിം, യൂറോപ്യന്‍ ജ്യോതിശാസ്ത്രതത്വങ്ങള്‍ കാര്യമായി പഠിക്കുകയും നിലവിലുള്ള രേഖകളിലെ തെറ്റുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സ്വയം വികസിപ്പിച്ചെടുത്ത ചില സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജന്തര്‍ മന്തര്‍ നിര്‍മ്മിച്ചത്. ഗ്രഹണ സമയവും മറ്റും കൃത്യമായി മനസിലാക്കാനും നക്ഷത്രങ്ങളെ സംബ്ബന്ധിച്ച കാറ്റലോഗ് ഉണ്ടാക്കാനും ഈ പരിശ്രമം മഹാരാജാവിനെ സഹായിച്ചു. തുടര്‍ന്ന് ജയ്പ്പൂര്‍, ഉജ്ജയിന്‍,ബനാറസ്,മഥുര, ഡല്‍ഹി എന്നിവിടങ്ങളില്‍ അദ്ദേഹം നിരീക്ഷണ കേന്ദ്രങ്ങളുണ്ടാക്കി. നക്ഷത്രങ്ങളുടെ ഗതി സംബ്ബന്ധിച്ച് അദ്ദേഹം നടത്തിയ പഠനങ്ങള്‍ ശ്രദ്ധേയങ്ങളാണ്', അച്ഛന്റെ വിശദീകരണം അവസാനിക്കുമ്പോഴേക്കും അവര്‍ ജന്തര്‍ മന്തറില്‍ എത്തിയിരുന്നു.

 അവിടെ ആറ് പ്രധാന നിര്‍മ്മിതികളാണ് ശ്രീക്കുട്ടന് കാണാന്‍ കഴിഞ്ഞത്. അതിനെകുറിച്ച്  അച്ഛന്‍   പറയാന്‍ തുടങ്ങി. ' പ്രധാനമായി ആറ് നിര്‍മ്മിതികളാണ് ഇവിടെ ഉള്ളത്. കേന്ദ്ര നിര്‍മ്മിതിക്ക് സാമ്രാട്ട് യന്ത്ര എന്നു പറയും. ഇത് വലിയൊരു സൂര്യ ഘടികാരമാണ്. ഭൂമിക്ക് ലംബമായ ഒരുസമകോണ ത്രികോണമാണിത്. ഇതിന്റെ ഭുജം ഡല്‍ഹിയുടെ അക്ഷാംശത്തിലേക്ക് ചരിഞ്ഞാണ് നില്‍ക്കുന്നത്. ഇതിലുള്ള പടികള്‍ കയറിയാല്‍ വശങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള അക്കങ്ങള്‍ കാണാം. എന്നാല്‍ ഇപ്പോള്‍ സന്ദര്‍ശകരെ ഇതിന് അനുവദിക്കാറില്ല. ഇതിന്റെ വശങ്ങളിലുള്ള വൃത്തത്തിന്റെ അര്‍ദ്ധവൃത്തരൂപത്തിലുള്ള നിര്‍മ്മിതികളില്‍ ഒന്നില്‍ മണിക്കൂര്‍,മിനിട്ട്,സെക്കന്റുകള്‍ എന്നിവയും മറ്റൊന്നില്‍ ഇന്ത്യന്‍ ജ്യോതിശാസ്ത്രപ്രകാരമുള്ള ഖരി,പല്‍,വിപല്‍ എന്നിവയും അറിയാന്‍ കഴിയും. 24 മിനിട്ടു വീതമുള്ള 60 ഖരികള്‍ ചേര്‍ന്നതാണ് ഒരു ദിവസം. 24 സെക്കന്റുകള്‍ ചേര്‍ന്നാല്‍ ഒരു പലും 0.4 സെക്കന്റുകള്‍ ചേര്‍ന്നാല്‍ ഒരു വിപലുമാകും. 

ജയ്‌സിംഗ് കണ്ടുപിടിച്ച ജയ്പ്രകാശാണ് മറ്റൊരു നിര്‍മ്മിതി. ഇത് വാനഗോളത്തെ പ്രതിനിധീകരിക്കുന്നു. ജയ്പ്രകാശിന് തെക്കായി ഒറ്റ വൃത്തമായി തീരുന്ന രണ്ട് നിര്‍മ്മിതികളുണ്ട്. ഇവയാണ് രാം യന്ത്ര. ഇത് നക്ഷത്രങ്ങളുടെ ഉച്ചസ്ഥാനം മുതല്‍ ചക്രവാളം വരെയുള്ള ലംബവൃത്തഖണ്ഡം അളക്കാനും തിരശ്ചീനതലം അളക്കാനും ഉപയോഗിക്കുന്നു. ഇതിനുപുറമെ മിശ്രയന്ത്ര, അളക്കാനുളള പ്ലാറ്റ്‌ഫോം, രണ്ട് തൂണുകള്‍ എന്നിവയുമുണ്ട്. പകല്‍ കുറവുള്ള ഡിസംബര്‍ 21 ന് ഒരു തൂണിന്റെ നിഴല്‍ പൂര്‍ണ്ണമായും മറ്റൊന്നില്‍ പതിക്കും. പകല്‍ കൂടുതലുള്ള ജൂണ്‍ 21 ന് നിഴല്‍ ഉണ്ടാവില്ല. 

ഇങ്ങനെ ജ്യോതിശാസ്ത്രത്തില്‍ താത്പ്പര്യമുള്ളവര്‍ക്ക് പഠിക്കാന്‍ കഴിയുന്ന രസകരമായ പലതും ഈ ജന്തര്‍ മന്തറിലുണ്ട്. എന്നാല്‍ ആധുനിക ശാസ്ത്രം ഏറെ വികസിച്ചതോടെ ഇതൊരു പുരാവസ്തുകേന്ദ്രം മാത്രമായി തീര്‍ന്നിരിക്കയാണ്. നമ്മുടെ വിദ്യാഭ്യാസം പാശ്ചാത്യകേന്ദ്രീകൃതമായതിനാല്‍ ഇതിനെകുറിച്ചൊന്നും തുടര്‍പഠനങ്ങള്‍ നടക്കാതെപോയി , അച്ഛന്‍ പറഞ്ഞുനിര്‍ത്തി. 

  ' ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും കൂടുതലായി ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുമ്പോള്‍ നമുക്ക് വീണ്ടും ജന്തര്‍ മന്തറില്‍ വരാം. അപ്പോള്‍ കുറേകൂടി നന്നായി കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും', അച്ഛന്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ പൂച്ചെടികള്‍ നട്ടുവളര്‍ത്തിയ ആ പറമ്പിലൂടെ കുറെ ദൂരം നടന്നു. ഇരുട്ട് വ്യാപിക്കും മുന്നെ അവിടെനിന്നും പുറത്തിറങ്ങി കൊണാട്ട് പ്ലേസ് ലക്ഷ്യമാക്കി നടന്നു. 




Thursday, 16 May 2019

Humayun's Tomb




ഹുമയൂണ്‍സ് ടോംബ്

2005ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ മാസികയായ തളിരില്‍ പ്രസിദ്ധീകരിച്ച പരമ്പരയില്‍ നിന്നും -- ഭാഗം -2

'അച്ഛാ, ഇന്നു നമ്മള്‍ എവിടെയാണ് പോവുക?', ശ്രീക്കുട്ടന്‍ ചോദിച്ചു.
' താജ്മഹല്‍ പോലെ മനോഹരമായ ഒരു സ്മാരക മണ്ഡപം കാണാന്‍ പോയാലൊ?', അച്ഛന്‍ ചോദിച്ചു.
' ഡല്‍ഹിയിലൊ ? ', ശ്രീക്കുട്ടന് സംശയം.
' ഉം, ഡല്‍ഹിയില്‍ തന്നെ ', അച്ഛന്‍ പറഞ്ഞു.
' അതെവിടെ ?,', അവന്റെ സംശയം മാറിയില്ല.
' നിസാമുദീന്‍ റയില്‍വെ സ്റ്റേഷന് സമീപമാണത് ', അച്ഛന്‍ തുടര്‍ന്നു പറഞ്ഞു.
' അതിന്റെ പേരെന്താ അച്ഛാ ? ', അവന്‍ വീണ്ടും ചോദിച്ചു. 
' ഹുമയൂണ്‍സ് ടോംബ് ', അച്ഛന്‍ പറഞ്ഞു. 
' എന്താണച്ഛാ ഈ ടോംബെന്നു പറഞ്ഞാല്‍ ? ', ശ്രീക്കുട്ടന്‍ ചോദിച്ചു.
' മോനെ, ടോംബ് എന്നാല്‍ ശവക്കല്ലറ, കബര്‍, സ്മാരക മണ്ഡപം എന്നൊക്കെയാണര്‍ത്ഥം. ഇത് ഹുമയൂണ്‍ ചക്രവര്‍ത്തിയെ അടക്കിയ ഇടമാണ്'

    ശ്രീക്കുട്ടനും അച്ഛനും യാത്ര പുറപ്പെട്ടു. പോകുന്ന വഴിക്ക് അച്ഛന്‍ ഹുമയൂണ്‍സ് ടോംബിനെക്കുറിച്ച് പലതും അവന് പറഞ്ഞുകൊടുത്തു. 
' മുഗളന്മാര്‍ നിര്‍മ്മിച്ച സ്മാരക മണ്ഡപങ്ങളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് ഹുമയൂണ്‍സ് ടോംബ്. നൂറോളം ഏക്കര്‍ ചുറ്റളവുള്ള വിശാലപ്രദേശത്തിനു നടുവിലാണ് ടോംബുള്ളത്. ഇന്ത്യയില്‍ സംരക്ഷിക്കപ്പെടേണ്ട ഇരുപത് പൈതൃക സ്മാരകങ്ങളില്‍ ഒന്നായി ഇതിനെ യുനസ്‌കോ തെരഞ്ഞെടുത്തിട്ടുണ്ട്. സംരക്ഷണത്തിനും ചുറ്‌റുമുള്ള പ്രദേശങ്ങള്‍ മോടിപിടിപ്പിക്കാനും ശ്രമമാരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ രാത്രിയില്‍ പത്തുമണിവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയും ലൈറ്റിംഗ് നടത്തി ഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്', അച്ഛന്‍ പറഞ്ഞു. 
പെട്ടെന്ന് ദൂരേക്ക് കൈ ചൂണ്ടി അച്ഛന്‍ പറഞ്ഞു, ' ശ്രീക്കുട്ടാ, നിസാമുദീനിലെ റോഡിന്റെ നടുക്കായി നീലക്കല്ലുകള്‍ പാകിയ ഒരു ടോംബ് കാണുന്നില്ലെ, ഇതിന് യഥാര്‍ത്ഥത്തില്‍ പച്ച മകുടമായിരുന്നു. പതിനാറാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിച്ചത്. അന്ന് പച്ചക്കല്ലുകളായിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്. 1980 ല്‍ രണ്ടാമത് ടൈല്‍സ് ഒട്ടിച്ചാണ് നീലയാക്കിയത്. ഇവിടെ നിന്നും തിരിഞ്ഞാണ് ഹുമയൂണ്‍ ടോംബിലേക്ക് പോകേണ്ടത്'

ടോംബ് അടുക്കുംതോറും ശ്രീക്കുട്ടന്റെ ആകാംഷ വര്‍ദ്ധിച്ചു. ഉയര്‍ന്ന് വിശാലമായ വാതായനം കടന്ന് അകത്തെത്തിയപ്പോള്‍ അവന്റെ മനസ് കുളിര്‍ത്തു. വിശാലമായ മുറ്റം, നിറയെ മരങ്ങള്‍, മരങ്ങളില്‍ ധാരാളം കിളികളും അവയുടെ പാട്ടും സ്വകാര്യം പറച്ചിലും. അല്‍പ്പം ദൂരെയായി ചുവന്ന കല്ലുകള്‍ കൊണ്ടുള്ള സമചതുരതറയുടെ നടുവില്‍ മനോഹരമായ സ്മാരക മണ്ഡപം. ടോംബിന്റെ ചരിത്രം അച്ഛന്‍ ശ്രീക്കുട്ടന് വിശദീകരിച്ചു കൊടുത്തു.

' 1565 ലാണ് ഹുമയൂണ്‍ ടോംബ് നിര്‍മ്മിച്ചത്. ഹുമയൂണിന്റെ മൂത്ത ഭാര്യയായ ബേഗബീഗമാണ് ടോംബ് പണിയിക്കാന്‍ തുടങ്ങിയത്. ഇവര്‍ ഹജ്ജ് ചെയ്തിരുന്നതിനാല്‍ ഹാജി ബീഗം എന്നും അറിയപ്പെട്ടിരുന്നു. ടോംബിന്റെ ശില്‍പ്പിയായ മിറാക്ക് മിര്‍സ ഖിയാസ് ഹേരാത്ത്കാരനാണ്. ഇന്ത്യയില്‍ പേര്‍ഷ്യന്‍ മാതൃകയില്‍ തീര്‍ത്ത ആദ്യത്തെ കബറാണിത്. ഹാജി ബീഗം 1581 ലാണ് നിര്യാതയായത്. അക്ബറിന്റെ അമ്മയും ഹുമയൂണിന്റെ ഇളയ ഭാര്യയുമായ ഹമിദ ബാനുബീഗവും ഇതിന്റെ നിര്‍മ്മാണത്തില്‍ വേണ്ടത്ര താത്പ്പര്യമെടുത്തിരുന്നു.ഇതിന്റെ മാതൃക വികസിപ്പിച്ചതാണ് ഒടുവില്‍ താജ്മഹളായി ,ആഗ്രയില്‍ ലോകത്തെ വിസ്മയിപ്പിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് '

  പടികള്‍ കയറി മുകളിലെത്തി ശ്രീക്കുട്ടന്‍ ടോംബിനെ തൊട്ടറിഞ്ഞു. ചുവന്ന കല്ലില്‍ തീര്‍ത്ത കെട്ടിടത്തിന് വെള്ള മാര്‍ബിള്‍ മകുടമാണുള്ളത്. ചുവന്ന കല്ലിലും മാര്‍ബിളിലും തീര്‍ത്ത ജാലകങ്ങളും കൊത്തുപണികളും ഏറെ ആകര്‍ഷകങ്ങളാണ്. വളരെ വിലകൂടിയ കല്ലുകളും മാര്‍ബിളുകളുമാണ് പണിക്ക് ഉപയോഗിച്ചിട്ടുളളതെന്ന് അച്ഛന്‍ അവന് പറഞ്ഞുകൊടുത്തു. പണ്ട് ചുറ്റാകെ മനോഹരമായ പൂന്തോട്ടവും അവയ്ക്ക് ജലം നല്‍കാന്‍ കനാലുകളും ഉണ്ടായിരുന്നു. പിന്നീട് പൂന്തോട്ടം നശിച്ചുപോയി. പകല്‍ റോസാപ്പൂവും രാത്രിയില്‍ പിച്ചിപ്പൂവും വിരിഞ്ഞിരുന്നു. മുഗളന്മാര്‍ പൂന്തോട്ടത്തെ ഏറെ സ്‌നേഹിച്ചിരുന്നു. 
' മുന്‍കാലങ്ങളില്‍ ഇതിന് മുകളില്‍ കയറാന്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നു. ഇപ്പോള്‍ വഴിയടച്ചിരിക്കുകയാണ്. മുകളില്‍ നിന്നുകൊണ്ട് യമുനയും ജുമാമസ്ജിദും കുത്തബ്മീനാറും മറ്റ് വിശേഷപ്പെട്ട സ്ഥലങ്ങളും കാണാന്‍ കഴിയുമായിരുന്നു. അക്ബറും ഷാജഹാനുമൊക്കെ ഈ കാഴ്ച കാണുവാനും മന്ദമാരുതന്‍ ഏല്‍ക്കാനുമായി ഇവിടെ വരാറുണ്ടായിരുന്നു', അച്ഛന്‍ പറഞ്ഞു. 
അതുകേട്ടപ്പോള്‍ മുകളില്‍ കയറാന്‍ കഴിയാത്തതില്‍ ശ്രീക്കുട്ടന് നിരാശ തോന്നി.

' ഹുമയൂണ്‍ ടോംബില്‍ നിന്നും ആറുമൈല്‍ അകലെയാണ് ഷാജഹാനബാദ്. അവിടെനിന്നും ഗ്രാന്റ് ട്രങ്ക് റോഡുവഴി ആഗ്രയ്ക്കു പോകുന്നവര്‍ ടോംബില്‍ വിശ്രമിക്കുക പതിവായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്യസമരകാലത്ത് ഏറ്റവും ഒടുവിലത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ സഫറും മക്കളും ഹുമയൂണ്‍ ടോംബില്‍ വച്ചാണ് ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങിയത്. ചക്രവര്‍ത്തിയെ പിന്നീട് ബര്‍മ്മയില്‍ തടവിലാക്കുകയും മക്കളെ പരസ്യമായി വധിക്കുകയുമാണുണ്ടായത്', അച്ഛന്‍ ചരിത്രം പറഞ്ഞപ്പോള്‍ ശ്രീക്കുട്ടന്‍ ഒരു മിനിട്ട് മൗനിയായി. 
പ്രധാന കെട്ടിടത്തിന്റെ അടിയിലായി അവര്‍ ധാരാളം ശവക്കല്ലറകള്‍ കണ്ടു. ഇവയെല്ലാം മുഗളകുടുംബാംഗങ്ങളുടേതാണ്. തകര്‍ന്നടിഞ്ഞ ധാരാളം ടോംബുകള്‍ ഇതിന് ചുറ്റാകെയുണ്ട്. അതിലൊന്ന് ഷെര്‍ഷായുടെ വിശ്വസ്തനായിരുന്ന ഇസാഖാന്റേതാണ്. അതിന്റെ നിര്‍മ്മാണരീതിയും വളരെ സവിശേഷമാണ്. 

കാഴ്ചകള്‍ കണ്ടുനില്‍ക്കെ രാത്രിയായി. വിളക്കുകള്‍ തെളിഞ്ഞു. പ്രകാശത്തില്‍ ശില്‍പ്പം പോലെ ചാരുതയാര്‍ന്ന ടോംബ് ഒരിക്കല്‍കൂടി നോക്കി നിന്നശേഷം അവര്‍ അവിടെ നിന്നും മടങ്ങി. 








Wednesday, 15 May 2019

Kerala needs social security councils

കേരളത്തില്‍ സാമൂഹിക സുരക്ഷ സമിതികള്‍ വേണം 

കേരളം മനോരോഗികളുടെ ഒരു ക്യാമ്പായി മാറുകയാണൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭാര്യയേയും മകളെയും ആത്മഹത്യയിലേക്കെത്തിച്ച ശേഷം തനിക്ക് തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്ന വീടിന്റെ വായ്പ എഴുതിത്തള്ളാന്‍ സാഹചര്യമുണ്ടാക്കാം എന്നു ചിന്തിക്കുന്ന ഭര്‍ത്താവും അമ്മയും,  കാമുകനൊപ്പം ഒളിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന അമ്മമാര്‍, പക്ഷെ കുഞ്ഞിനെ ഒപ്പം കൊണ്ടുപോയി പീഡിപ്പിക്കുന്നതില്‍ സുഖം കണ്ടെത്തുന്നു ആ അമ്മ, ചിലപ്പോള്‍ ആ കുഞ്ഞിനെ കൊല്ലാനും തയ്യാറാവുന്നു, കുട്ടികളെ സംരക്ഷിക്കാനുളള വിവിധ സംവിധാനങ്ങള്‍ നിലവിലുണ്ട് എന്നറിയാം എന്നിട്ടും.

മയക്കു മരുന്നും മദ്യവും അനിയന്ത്രിതമയി ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍, കൊല്ലും കൊലയും കോഴിയെ അറക്കുന്ന ലാഘവത്തോടെ ചെയ്യുന്നവര്‍. എന്തൊക്കെയോ കുഴപ്പങ്ങള്‍ നമ്മുടെ ഉയര്‍ന്ന സാക്ഷരത, നവോത്ഥാന ചിന്ത, രാഷ്ട്രീയ ബോധം, മികച്ച സോഷ്യല്‍ ഇന്‍ഡക്‌സ് എന്നിവയ്‌ക്കൊപ്പം ഊറിവരുന്നുണ്ട്. അത് ഒരുതരം പെര്‍വേര്‍ഷനാണ്. അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. നമ്മുടെ സാമൂഹ്യസുരക്ഷയുടെ ഭാഗമായി എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും വിവധ മേഖലകളില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍, ജനപ്രതിനിധികള്‍, സൈക്കോളജിസ്റ്റുകള്‍ ഒക്കെ ഉള്‍പ്പെട്ട സാമൂഹികസുരക്ഷ സമിതികള്‍ വേണ്ടത്ര അധികാരങ്ങളോടെ ഉണ്ടാകേണ്ടിയിരിക്കുന്നു.

 ഓരോ കുടുംബത്തിലെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും മദ്യപന്മാര്‍, മയക്കുമരുന്നിന്റെ അഡിക്ടുകള്‍, പ്രശ്‌നകാരികളായ ചെറുപ്പക്കാര്‍ എന്നിവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും കഴിയും വിധം വലിയ മാറ്റം ആവശ്യമാണ്. യാതൊരു ഫീസും ഈടാക്കാതെയും സിറ്റിംഗ് ഫീസ് വാങ്ങാതെയും ഇതൊക്കെ ചെയ്യാന്‍ തയ്യാറുളള ആയിരക്കണക്കിന് മനുഷ്യര്‍ സമൂഹത്തിലുണ്ട്. അവരെ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരളവുവരെ ഇത്തരം പ്രശ്‌നങ്ങല്‍ ഒഴിവാക്കാന്‍ കഴിയും.

സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടും എന്നു കരുതുന്നു. ഒരു സാന്ത്വനത്തിനും തെറ്റുകള്‍ ചോദ്യം ചെയ്യാനും ചോദിക്കാനും പറയാനും സമൂഹത്തില്‍ സംവിധാനമുണ്ട് എന്ന തോന്നലുതന്നെ ആത്മഹത്യകള്‍ കുറയ്ക്കാനും അതിക്രമങ്ങള്‍ കുറയാനും സഹായിക്കും. ഇതിലും രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ പിന്നെ ആശ്രയിക്കാന്‍ ഒരു സംവിധാനവും ബാക്കിയാകില്ല.

Nagar temple at Nagarcovil

ആല്‍ത്തറയിലെ നാഗവിഗ്രഹങ്ങള്‍

പുറത്തെ ചെറുക്ഷേത്രം


നാഗര്‍കോവിലിലെ  നാഗര്‍ക്ഷേത്രം


സംഘകാലത്തു തന്നെ പ്രസിദ്ധമായിരുന്ന കോട്ടാര്‍ ചന്തയായിരുന്നു ഇന്നത്തെ നാഗര്‍കോവിലിന്റെ പ്രാഗ്രൂപമെന്നു പറയാം. കോട്ടാര്‍ ചന്തയോട് ചേര്‍ന്നാണ് കോട്ടാര്‍ റയില്‍വെ സ്‌റ്റേഷന്‍ അഥവാ നാഗര്‍കോവില്‍ ജംഗ്ഷന്‍. ചന്തയുടെ ഇടുങ്ങിയ പാതകള്‍ വലുതാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടുതന്നെ സ്റ്റേഷന്‍ വികസനവും അത്ര എളുപ്പമല്ലതന്നെ. 735 വര്‍ഷം തിരുവിതാംകൂറിന്റെ കേന്ദ്ര സ്ഥാനമായിരുന്നു കോട്ടാറും പരിസരങ്ങളും.1956ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോഴാണ് കന്യാകുമാരി ജില്ലയുടെ ഭാഗമെന്ന നിലയില്‍ നാഗര്‍കോവിലിനെ തമിഴ്‌നാടിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. 

  സര്‍പ്പങ്ങളുടെ രാജാവായ വാസുകിയെ ആരാധിക്കുന്ന നാഗരാജ ക്ഷേത്രം നിലനില്‍ക്കുന്ന ഇടം എന്ന നിലയിലാണ് കോട്ടാറിന്റെ പ്രാധാന്യം കുറഞ്ഞ് ഇവിടം നാഗര്‍കോവിലായി മാറിയത്. മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്താണ് ക്ഷേത്രത്തിന് ഈ പ്രശസ്തി കൈവന്നത്. തിരുവനന്തപുരത്തു നിന്നും കന്യാകുമാരിക്ക് വരുമ്പോള്‍ നാഗര്‍കോവിലിന്റെ അതിരിലെ പാലം കടന്ന് കളക്ടറേറ്റിന് മുന്നിലെത്തി അവിടെ നിന്നും ഇടത്തോട്ടു തിരിഞ്ഞ് നാഗര്‍ക്ഷേത്രത്തിലേക്ക് പോകാന്‍ കഴിയും. നഗരത്തിന്റെ നടുക്കല്ല, ഒരരുകി പറ്റിയാണ് ക്ഷേത്രം നില്‍ക്കുന്നതെന്നു പറയാം. 

വൈകുന്നേരത്താണ് ഞങ്ങള് അവിടെ എത്തിയത്. ഇരുട്ടു വ്യാപിച്ചു തുടങ്ങിയിരുന്നു. ഒരു നാഗര്‍ക്ഷേത്രത്തില്‍ പോകാന്‍ പറ്റിയ സമയം. ക്ഷേത്രത്തിലേക്കുള്ള ചെറിയ കവാടത്തിലൂടെ വാഹനങ്ങള്‍ക്ക് അകത്തേക്ക് പ്രവേശനമുണ്ട്. 20 രൂപയാണ് പ്രവേശന ഫീസ്.ക്ഷേത്രത്തിന് മുന്നിലായി ഒരു ആല്‍മരമുണ്ട്. ഇതിന് ചുറ്റിലുമായി അനേകം നാഗമൂര്‍ത്തികള്‍. ഇത് ഭക്തര്‍ അവരുടെ രോഗശമനത്തിനും ആഗ്രഹപൂര്‍ത്തിക്കുമൊക്കെയായി നേര്‍ച്ച വച്ചവയാണ്. അനേകം പേര്‍ അവയ്ക്ക് മഞ്ഞളും പാലും നല്‍കുന്നത് കാണാമായിരുന്നു. ഇത് തികഞ്ഞ അന്ധവിശ്വാസവും ഭക്ഷണവസ്തുക്കളുടെയും പണത്തിന്റെയും പാഴ്ചിലവുമാണ് എന്നത് വിഷമമുണ്ടാക്കി. 

ക്ഷേത്രത്തിനുള്ളില്‍ പ്രധാന ദേവതയായ വാസുകിയെയും ഉപദേവതകളായ അനന്തകൃഷ്ണനെയും  കാശിവിശ്വനാഥനെയും  പ്രത്യേക മുറികളിലായാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇവര്‍  നാഗപ്രതിഷ്ഠയ്ക്ക് വലതുവശമാണ് ഇരിക്കുന്നത്. നാഗപൂജയ്ക്ക് ശേഷമാണ് മറ്റുപൂജകള്‍ നടത്തുക.നിത്യപൂജയിലെ അവസാന പൂജ നടത്തുന്നത് അനന്തകൃഷ്ണനാണ്.കൊടിമരവും ്അനന്തകൃഷ്ണന് മുന്നിലായാണ് സ്ഥാപിച്ചിട്ടുള്ളത്.സാധാരണ കൊടിമരത്തില്‍ ഗരുഡനാണ് ഉണ്ടാവുക, എന്നാല്‍ നാഗങ്ങളുടെ പരമ്പരാഗത ശത്രവാണ് ഗരുഡന്‍ എന്നതിനാല്‍ ഇവിടെ ഗരുഡന് പകരം ആമയാണുള്ളത്. ബാലമുരുകനും കന്നിമൂലഗണപതിയും നാഗമണി ഭൂതത്താനും ശാസ്താവും പ്രകാരങ്ങളിലാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഇവിടത്തെ ദുര്‍ഗ്ഗാദേവി പ്രതിഷ്ഠയെ ക്ഷേത്രക്കുളത്തില്‍ നിന്നും കിട്ടിയതാണ് എന്നതിനാല്‍ തീര്‍ത്ഥ ദുര്‍ഗ്ഗ എന്നാണ് അറിയപ്പെടുന്നത്.മലയാളികള്‍ ബഹുമാനപുരസരം അമ്മച്ചി ദുര്‍ഗ്ഗ എന്നും വിളിക്കും. തൃശൂര്‍ പാമ്പുമേക്കാട്ട് മനയിലെ നമ്പൂതിരിമാരാണ് ഇന്നും പ്രധാന പൂജാരിമാര്‍. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് തുടങ്ങിയ പാരമ്പര്യം അനുസ്യൂതം തുടരുന്നു. 
ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍ ജാനുവരി-ഫെബ്രുവരി മാസത്തിലെ തായ് ബ്രഹ്മോത്സവം, ആവണി ഞായര്‍, ആവണി ആയില്യം, ആഗസ്റ്റ് -സെപ്തംബര്‍ കാലത്തെ ശ്രീകൃഷ്ണ ജയന്തി, സെപ്തംബര്‍-ഒക്ടോബര്‍ കാലത്തെ നവരാത്രി, നവംബര്‍-ഡിസംബര്‍ കാലത്തെ തിരുകാര്‍ത്തിക എന്നിവയാണ്. 

മുകള്‍ പ്രതലത്തില്‍ നിന്നും താഴേക്കുള്ള ഒരു കുഴിയിലാണ് നാഗരാജപ്രതിഷ്ഠയുള്ളത്.അഞ്ചുതലകളുളള വാസുകിയാണ് പ്രതിഷ്ഠ.ഇവിടെ നിന്നെടുക്കുന്ന നനഞ്ഞ മണ്ണാണ് പ്രസാദമായി നല്‍കുന്നത്.ദക്ഷിണ പുണ്യകാലമായ ജൂലൈ മുതല്‍ ഫെബ്രുവരി വരെ കറുത്ത മണ്ണും ഉത്തര പുണ്യകാലമായ ഫെബ്രുവരി-ജൂലൈ കാലത്ത് വെളുത്ത മണ്ണുമാണ് ലഭിക്കുക. ക്ഷേത്രസംരക്ഷണചുമതല സര്‍പ്പങ്ങള്‍ക്കാണ് എന്ന വിശ്വാസത്തിന്റെ ഭാഗമായി ശ്രീകോവിലില്‍ അവര്‍ക്കിരിക്കാനായി ഒരു ഓലമേഞ്ഞ മേല്‍ക്കൂരയും ഒരുക്കിയിട്ടുണ്ട്.എല്ലാ വര്‍ഷവും ജൂലൈ-ആഗസ്റ്റ് കാലത്ത് ആടിമാസം ഇത് പുതുക്കാറുണ്ട്.ആണ്‍നാഗമായ ധര്‍ണേന്ദ്രനും പെണ്‍നാഗമായ പത്മാവതിയുമാണ് ക്ഷേത്രത്തിലെ ദ്വാരപാലകര്‍. പാലും പാല്‍പ്പായസവുമാണ് നിവേദ്യം.ദിവസവും രാവിലെ പത്തുമണിക്ക് പാലഭിഷേകം നടത്താറുണ്ട്. രാവിലെ നാല് മുതല്‍ 11.30 വരെയും വൈകിട്ട് അഞ്ചു മുതല്‍ 8.30 വരെയുമാണ് ക്ഷേത്രദര്‍ശനം.

കേരളം വന്‍കാടായിരുന്നതിനാല്‍ ,ആദികാലം മുതലെ മനുഷ്യന്റെ മരണങ്ങളില്‍ അധികവും പാമ്പുകടിയേറ്റായിരുന്നു എന്നതിനാലാകാം നാഗപൂജ ശക്തമായത്. എലി ഉള്‍പ്പെടെയുള്ള ക്ഷുദ്രജീവികളെ ഇല്ലായ്മ ചെയ്യാനും പാമ്പുകള്‍ സഹായിച്ചിരുന്നുവല്ലൊ. നാഗങ്ങളുടെ പ്രതികാരത്തെപ്പറ്റിയൊക്കെ ധാരാളം മിത്തുകള്‍ പാരമ്പര്യമായി നിലനില്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാകാം നാഗങ്ങള്‍ക്ക് മനുഷ്യന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായ പാല്‍ നിവേദ്യമായി നല്‍കുന്നതും. 

ക്ഷേത്രം നില്‍ക്കുന്ന ഇടം വയലായിരുന്നു എന്നാണ് വിശ്വാസം. വയല്‍ നടുവില്‍ നിന്നാണ് വിഗ്രഹം ലഭിച്ചതെന്നും അവിടെ മുടിപ്പുര കെട്ടി പ്രാര്‍ത്ഥന ആരംഭിച്ചു എന്നും ചരിത്രം. ഒരിക്കല്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന് ത്വക്ക് രോഗം വന്നുവെന്നും ഇവിടെ വന്നു തൊഴുത് മണ്ണു തേച്ചതോടെ അസുഖം മാറിയെന്നും ഒരു ഐതീഹ്യം നിലവിലുണ്ട്. അതോടെയാണ് ഇന്നു കാണുന്ന ക്ഷേത്രം നിര്‍മ്മിച്ചു നല്‍കിയതെന്നും വിശ്വാസിക്കുന്നു. പാറ കൊണ്ടാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. അനേകം ശില്‍പ്പങ്ങളും തൂണുകളില്‍ കൊത്തിയിട്ടുണ്ട്.വേണാട്ടിലെ പോലെ നാഗക്ഷേത്രങ്ങള്‍ തമിഴ് നാട്ടിലില്ല. ഇത് പഴയ വേണാടിന്റെ ഭാഗമായിരുന്നതിനാല്‍ തമിഴ്‌നാട്ടിലെ പ്രശസ്തമായ ഏക നാഗക്ഷേത്രം എന്ന ഖ്യാതിയും ഇതിനുണ്ട്. പൊതുവെ മലയാളികളാണ് ക്ഷേത്രത്തില്‍ വരുന്നതില്‍ അധികവും. അതുകൊണ്ടുതന്നെ, മലയാളക്കരയുടെ ഒരു സ്വഭാവം ഇവിടെയും കാണാന്‍ കഴിയുന്നത്. പുരുഷന്മാര്‍ ഷര്‍ട്ടും ബനിയനും ധരിക്കാന്‍ പാടില്ല. മുണ്ടുടുക്കണം എന്ന നിര്‍ബ്ബന്ധമില്ല, പാന്റ്‌സാകാം. പാദരക്ഷകള്‍ സൂക്ഷിക്കേണ്ട ഇടത്തെകുറിച്ചുള്ള അറിയിപ്പില്‍ രസകരമായ ഒരു ഇംഗ്ലീഷ് എഴുത്തും ഇവിടെ കണ്ടു. Don't leave Footwear hear എന്നായിരുന്നു അത്. ചെരുപ്പുകള്‍ ഇത് കേട്ടിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി!!!


പ്രധാന ക്ഷേത്രമുറ്റം

ക്ഷേത്രമുറ്റം മറ്റൊരു കാഴ്ച

അക്ഷരപിശാചുള്ള ബോര്‍ഡ്