ഹുമയൂണ്‍സ് ടോംബ്
2005ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ മാസികയായ തളിരില്‍ പ്രസിദ്ധീകരിച്ച പരമ്പരയില്‍ നിന്നും -- ഭാഗം -2
'അച്ഛാ, ഇന്നു നമ്മള്‍ എവിടെയാണ് പോവുക?', ശ്രീക്കുട്ടന്‍ ചോദിച്ചു.
' താജ്മഹല്‍ പോലെ മനോഹരമായ ഒരു സ്മാരക മണ്ഡപം കാണാന്‍ പോയാലൊ?', അച്ഛന്‍ ചോദിച്ചു.
' ഡല്‍ഹിയിലൊ ? ', ശ്രീക്കുട്ടന് സംശയം.
' ഉം, ഡല്‍ഹിയില്‍ തന്നെ ', അച്ഛന്‍ പറഞ്ഞു.
' അതെവിടെ ?,', അവന്റെ സംശയം മാറിയില്ല.
' നിസാമുദീന്‍ റയില്‍വെ സ്റ്റേഷന് സമീപമാണത് ', അച്ഛന്‍ തുടര്‍ന്നു പറഞ്ഞു.
' അതിന്റെ പേരെന്താ അച്ഛാ ? ', അവന്‍ വീണ്ടും ചോദിച്ചു.
' ഹുമയൂണ്‍സ് ടോംബ് ', അച്ഛന്‍ പറഞ്ഞു.
' എന്താണച്ഛാ ഈ ടോംബെന്നു പറഞ്ഞാല്‍ ? ', ശ്രീക്കുട്ടന്‍ ചോദിച്ചു.
' മോനെ, ടോംബ് എന്നാല്‍ ശവക്കല്ലറ, കബര്‍, സ്മാരക മണ്ഡപം എന്നൊക്കെയാണര്‍ത്ഥം. ഇത് ഹുമയൂണ്‍ ചക്രവര്‍ത്തിയെ അടക്കിയ ഇടമാണ്'
ശ്രീക്കുട്ടനും അച്ഛനും യാത്ര പുറപ്പെട്ടു. പോകുന്ന വഴിക്ക് അച്ഛന്‍ ഹുമയൂണ്‍സ് ടോംബിനെക്കുറിച്ച് പലതും അവന് പറഞ്ഞുകൊടുത്തു.
' മുഗളന്മാര്‍ നിര്‍മ്മിച്ച സ്മാരക മണ്ഡപങ്ങളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് ഹുമയൂണ്‍സ് ടോംബ്. നൂറോളം ഏക്കര്‍ ചുറ്റളവുള്ള വിശാലപ്രദേശത്തിനു നടുവിലാണ് ടോംബുള്ളത്. ഇന്ത്യയില്‍ സംരക്ഷിക്കപ്പെടേണ്ട ഇരുപത് പൈതൃക സ്മാരകങ്ങളില്‍ ഒന്നായി ഇതിനെ യുനസ്‌കോ തെരഞ്ഞെടുത്തിട്ടുണ്ട്. സംരക്ഷണത്തിനും ചുറ്‌റുമുള്ള പ്രദേശങ്ങള്‍ മോടിപിടിപ്പിക്കാനും ശ്രമമാരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ രാത്രിയില്‍ പത്തുമണിവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയും ലൈറ്റിംഗ് നടത്തി ഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്', അച്ഛന്‍ പറഞ്ഞു.
പെട്ടെന്ന് ദൂരേക്ക് കൈ ചൂണ്ടി അച്ഛന്‍ പറഞ്ഞു, ' ശ്രീക്കുട്ടാ, നിസാമുദീനിലെ റോഡിന്റെ നടുക്കായി നീലക്കല്ലുകള്‍ പാകിയ ഒരു ടോംബ് കാണുന്നില്ലെ, ഇതിന് യഥാര്‍ത്ഥത്തില്‍ പച്ച മകുടമായിരുന്നു. പതിനാറാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിച്ചത്. അന്ന് പച്ചക്കല്ലുകളായിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്. 1980 ല്‍ രണ്ടാമത് ടൈല്‍സ് ഒട്ടിച്ചാണ് നീലയാക്കിയത്. ഇവിടെ നിന്നും തിരിഞ്ഞാണ് ഹുമയൂണ്‍ ടോംബിലേക്ക് പോകേണ്ടത്'
ടോംബ് അടുക്കുംതോറും ശ്രീക്കുട്ടന്റെ ആകാംഷ വര്‍ദ്ധിച്ചു. ഉയര്‍ന്ന് വിശാലമായ വാതായനം കടന്ന് അകത്തെത്തിയപ്പോള്‍ അവന്റെ മനസ് കുളിര്‍ത്തു. വിശാലമായ മുറ്റം, നിറയെ മരങ്ങള്‍, മരങ്ങളില്‍ ധാരാളം കിളികളും അവയുടെ പാട്ടും സ്വകാര്യം പറച്ചിലും. അല്‍പ്പം ദൂരെയായി ചുവന്ന കല്ലുകള്‍ കൊണ്ടുള്ള സമചതുരതറയുടെ നടുവില്‍ മനോഹരമായ സ്മാരക മണ്ഡപം. ടോംബിന്റെ ചരിത്രം അച്ഛന്‍ ശ്രീക്കുട്ടന് വിശദീകരിച്ചു കൊടുത്തു.
' 1565 ലാണ് ഹുമയൂണ്‍ ടോംബ് നിര്‍മ്മിച്ചത്. ഹുമയൂണിന്റെ മൂത്ത ഭാര്യയായ ബേഗബീഗമാണ് ടോംബ് പണിയിക്കാന്‍ തുടങ്ങിയത്. ഇവര്‍ ഹജ്ജ് ചെയ്തിരുന്നതിനാല്‍ ഹാജി ബീഗം എന്നും അറിയപ്പെട്ടിരുന്നു. ടോംബിന്റെ ശില്‍പ്പിയായ മിറാക്ക് മിര്‍സ ഖിയാസ് ഹേരാത്ത്കാരനാണ്. ഇന്ത്യയില്‍ പേര്‍ഷ്യന്‍ മാതൃകയില്‍ തീര്‍ത്ത ആദ്യത്തെ കബറാണിത്. ഹാജി ബീഗം 1581 ലാണ് നിര്യാതയായത്. അക്ബറിന്റെ അമ്മയും ഹുമയൂണിന്റെ ഇളയ ഭാര്യയുമായ ഹമിദ ബാനുബീഗവും ഇതിന്റെ നിര്‍മ്മാണത്തില്‍ വേണ്ടത്ര താത്പ്പര്യമെടുത്തിരുന്നു.ഇതിന്റെ മാതൃക വികസിപ്പിച്ചതാണ് ഒടുവില്‍ താജ്മഹളായി ,ആഗ്രയില്‍ ലോകത്തെ വിസ്മയിപ്പിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് '
പടികള്‍ കയറി മുകളിലെത്തി ശ്രീക്കുട്ടന്‍ ടോംബിനെ തൊട്ടറിഞ്ഞു. ചുവന്ന കല്ലില്‍ തീര്‍ത്ത കെട്ടിടത്തിന് വെള്ള മാര്‍ബിള്‍ മകുടമാണുള്ളത്. ചുവന്ന കല്ലിലും മാര്‍ബിളിലും തീര്‍ത്ത ജാലകങ്ങളും കൊത്തുപണികളും ഏറെ ആകര്‍ഷകങ്ങളാണ്. വളരെ വിലകൂടിയ കല്ലുകളും മാര്‍ബിളുകളുമാണ് പണിക്ക് ഉപയോഗിച്ചിട്ടുളളതെന്ന് അച്ഛന്‍ അവന് പറഞ്ഞുകൊടുത്തു. പണ്ട് ചുറ്റാകെ മനോഹരമായ പൂന്തോട്ടവും അവയ്ക്ക് ജലം നല്‍കാന്‍ കനാലുകളും ഉണ്ടായിരുന്നു. പിന്നീട് പൂന്തോട്ടം നശിച്ചുപോയി. പകല്‍ റോസാപ്പൂവും രാത്രിയില്‍ പിച്ചിപ്പൂവും വിരിഞ്ഞിരുന്നു. മുഗളന്മാര്‍ പൂന്തോട്ടത്തെ ഏറെ സ്‌നേഹിച്ചിരുന്നു.
' മുന്‍കാലങ്ങളില്‍ ഇതിന് മുകളില്‍ കയറാന്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നു. ഇപ്പോള്‍ വഴിയടച്ചിരിക്കുകയാണ്. മുകളില്‍ നിന്നുകൊണ്ട് യമുനയും ജുമാമസ്ജിദും കുത്തബ്മീനാറും മറ്റ് വിശേഷപ്പെട്ട സ്ഥലങ്ങളും കാണാന്‍ കഴിയുമായിരുന്നു. അക്ബറും ഷാജഹാനുമൊക്കെ ഈ കാഴ്ച കാണുവാനും മന്ദമാരുതന്‍ ഏല്‍ക്കാനുമായി ഇവിടെ വരാറുണ്ടായിരുന്നു', അച്ഛന്‍ പറഞ്ഞു.
അതുകേട്ടപ്പോള്‍ മുകളില്‍ കയറാന്‍ കഴിയാത്തതില്‍ ശ്രീക്കുട്ടന് നിരാശ തോന്നി.
' ഹുമയൂണ്‍ ടോംബില്‍ നിന്നും ആറുമൈല്‍ അകലെയാണ് ഷാജഹാനബാദ്. അവിടെനിന്നും ഗ്രാന്റ് ട്രങ്ക് റോഡുവഴി ആഗ്രയ്ക്കു പോകുന്നവര്‍ ടോംബില്‍ വിശ്രമിക്കുക പതിവായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്യസമരകാലത്ത് ഏറ്റവും ഒടുവിലത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ സഫറും മക്കളും ഹുമയൂണ്‍ ടോംബില്‍ വച്ചാണ് ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങിയത്. ചക്രവര്‍ത്തിയെ പിന്നീട് ബര്‍മ്മയില്‍ തടവിലാക്കുകയും മക്കളെ പരസ്യമായി വധിക്കുകയുമാണുണ്ടായത്', അച്ഛന്‍ ചരിത്രം പറഞ്ഞപ്പോള്‍ ശ്രീക്കുട്ടന്‍ ഒരു മിനിട്ട് മൗനിയായി.
പ്രധാന കെട്ടിടത്തിന്റെ അടിയിലായി അവര്‍ ധാരാളം ശവക്കല്ലറകള്‍ കണ്ടു. ഇവയെല്ലാം മുഗളകുടുംബാംഗങ്ങളുടേതാണ്. തകര്‍ന്നടിഞ്ഞ ധാരാളം ടോംബുകള്‍ ഇതിന് ചുറ്റാകെയുണ്ട്. അതിലൊന്ന് ഷെര്‍ഷായുടെ വിശ്വസ്തനായിരുന്ന ഇസാഖാന്റേതാണ്. അതിന്റെ നിര്‍മ്മാണരീതിയും വളരെ സവിശേഷമാണ്.
കാഴ്ചകള്‍ കണ്ടുനില്‍ക്കെ രാത്രിയായി. വിളക്കുകള്‍ തെളിഞ്ഞു. പ്രകാശത്തില്‍ ശില്‍പ്പം പോലെ ചാരുതയാര്‍ന്ന ടോംബ് ഒരിക്കല്‍കൂടി നോക്കി നിന്നശേഷം അവര്‍ അവിടെ നിന്നും മടങ്ങി.
No comments:
Post a Comment