Wednesday, 15 May 2019

Kerala needs social security councils

കേരളത്തില്‍ സാമൂഹിക സുരക്ഷ സമിതികള്‍ വേണം 

കേരളം മനോരോഗികളുടെ ഒരു ക്യാമ്പായി മാറുകയാണൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭാര്യയേയും മകളെയും ആത്മഹത്യയിലേക്കെത്തിച്ച ശേഷം തനിക്ക് തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്ന വീടിന്റെ വായ്പ എഴുതിത്തള്ളാന്‍ സാഹചര്യമുണ്ടാക്കാം എന്നു ചിന്തിക്കുന്ന ഭര്‍ത്താവും അമ്മയും,  കാമുകനൊപ്പം ഒളിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന അമ്മമാര്‍, പക്ഷെ കുഞ്ഞിനെ ഒപ്പം കൊണ്ടുപോയി പീഡിപ്പിക്കുന്നതില്‍ സുഖം കണ്ടെത്തുന്നു ആ അമ്മ, ചിലപ്പോള്‍ ആ കുഞ്ഞിനെ കൊല്ലാനും തയ്യാറാവുന്നു, കുട്ടികളെ സംരക്ഷിക്കാനുളള വിവിധ സംവിധാനങ്ങള്‍ നിലവിലുണ്ട് എന്നറിയാം എന്നിട്ടും.

മയക്കു മരുന്നും മദ്യവും അനിയന്ത്രിതമയി ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍, കൊല്ലും കൊലയും കോഴിയെ അറക്കുന്ന ലാഘവത്തോടെ ചെയ്യുന്നവര്‍. എന്തൊക്കെയോ കുഴപ്പങ്ങള്‍ നമ്മുടെ ഉയര്‍ന്ന സാക്ഷരത, നവോത്ഥാന ചിന്ത, രാഷ്ട്രീയ ബോധം, മികച്ച സോഷ്യല്‍ ഇന്‍ഡക്‌സ് എന്നിവയ്‌ക്കൊപ്പം ഊറിവരുന്നുണ്ട്. അത് ഒരുതരം പെര്‍വേര്‍ഷനാണ്. അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. നമ്മുടെ സാമൂഹ്യസുരക്ഷയുടെ ഭാഗമായി എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും വിവധ മേഖലകളില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍, ജനപ്രതിനിധികള്‍, സൈക്കോളജിസ്റ്റുകള്‍ ഒക്കെ ഉള്‍പ്പെട്ട സാമൂഹികസുരക്ഷ സമിതികള്‍ വേണ്ടത്ര അധികാരങ്ങളോടെ ഉണ്ടാകേണ്ടിയിരിക്കുന്നു.

 ഓരോ കുടുംബത്തിലെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും മദ്യപന്മാര്‍, മയക്കുമരുന്നിന്റെ അഡിക്ടുകള്‍, പ്രശ്‌നകാരികളായ ചെറുപ്പക്കാര്‍ എന്നിവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും കഴിയും വിധം വലിയ മാറ്റം ആവശ്യമാണ്. യാതൊരു ഫീസും ഈടാക്കാതെയും സിറ്റിംഗ് ഫീസ് വാങ്ങാതെയും ഇതൊക്കെ ചെയ്യാന്‍ തയ്യാറുളള ആയിരക്കണക്കിന് മനുഷ്യര്‍ സമൂഹത്തിലുണ്ട്. അവരെ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരളവുവരെ ഇത്തരം പ്രശ്‌നങ്ങല്‍ ഒഴിവാക്കാന്‍ കഴിയും.

സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടും എന്നു കരുതുന്നു. ഒരു സാന്ത്വനത്തിനും തെറ്റുകള്‍ ചോദ്യം ചെയ്യാനും ചോദിക്കാനും പറയാനും സമൂഹത്തില്‍ സംവിധാനമുണ്ട് എന്ന തോന്നലുതന്നെ ആത്മഹത്യകള്‍ കുറയ്ക്കാനും അതിക്രമങ്ങള്‍ കുറയാനും സഹായിക്കും. ഇതിലും രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ പിന്നെ ആശ്രയിക്കാന്‍ ഒരു സംവിധാനവും ബാക്കിയാകില്ല.

No comments:

Post a Comment