Friday, 17 May 2019

Jantar Mantar



ജന്തര്‍ മന്തര്‍

1997 ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്‍ഹി വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം -3

' അച്ഛാ, എവിടെയാ ഈ ജന്തര്‍ മന്തര്‍ ?', ശ്രീക്കുട്ടന്‍ ചോദിച്ചു.

' ജന്തര്‍ മന്തറിനടുത്തല്ലെ നമ്മള്‍ താമസിക്കുന്നത്. നോക്കൂ, കേരള ഹൗസില്‍ നിന്നും കൊണാട്ട് പ്ലേസിലേക്ക് പോകുമ്പോള്‍ വലതുവശത്തായി കാണുന്നതാണ് ജന്തര്‍ മന്തര്‍', അച്ഛന്‍ പറഞ്ഞു.

' ഓ-അര്‍ദ്ധവൃത്താകൃതിയിലും കോണാകൃതിയിലുമൊക്കെ ചില നിര്‍മ്മിതികള്‍ കാറിലിരുന്ന് കണ്ടതായി ഓര്‍ക്കുന്നു.ഞാന്‍ വിചാരിച്ചു ഏതോ തകര്‍ന്ന കെട്ടിടത്തിന്റെ ഭാഗങ്ങളാകുമെന്ന്', ശ്രീക്കുട്ടന്‍ പറഞ്ഞു.

' നമുക്കിന്ന് ജന്തര്‍ മന്തര്‍ കാണാന്‍ പോയാലൊ', അവന്‍ ചോദിച്ചു.

'ഓ- ഞാന്‍ തയ്യാര്‍. നമുക്ക് ജന്തര്‍ മന്തറിലേക്ക് നടന്നുപോകാം ശ്രീക്കുട്ടാ. പോകുംവഴി അതിന്റെ ചരിത്രവും പറഞ്ഞു തരാം', അച്ഛന്‍ സമ്മതിച്ചു.അവര്‍ വേഗം ഒരുങ്ങിയിറങ്ങി. റോഡിലൂടെ നടക്കുമ്പോള്‍ അച്ഛന്‍ പറയാന്‍ തുടങ്ങി. 

' ജന്തര്‍ മന്തര്‍ യഥാര്‍ത്ഥത്തില്‍ യന്ത്ര തന്ത്രമാണ്, അതായത് ഉപകരണങ്ങളും ഗണിതസൂത്രങ്ങളുമാണ്. ഈ നിരീക്ഷണകേന്ദ്രം 1710 ല്‍ ജയ്പ്പൂരിലെ മഹാരാജാവായിരുന്ന ജയ്‌സിംഗാണ് സ്ഥാപിച്ചത്. അദ്ദേഹം ഹിന്ദു,മുസ്ലിം, യൂറോപ്യന്‍ ജ്യോതിശാസ്ത്രതത്വങ്ങള്‍ കാര്യമായി പഠിക്കുകയും നിലവിലുള്ള രേഖകളിലെ തെറ്റുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സ്വയം വികസിപ്പിച്ചെടുത്ത ചില സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജന്തര്‍ മന്തര്‍ നിര്‍മ്മിച്ചത്. ഗ്രഹണ സമയവും മറ്റും കൃത്യമായി മനസിലാക്കാനും നക്ഷത്രങ്ങളെ സംബ്ബന്ധിച്ച കാറ്റലോഗ് ഉണ്ടാക്കാനും ഈ പരിശ്രമം മഹാരാജാവിനെ സഹായിച്ചു. തുടര്‍ന്ന് ജയ്പ്പൂര്‍, ഉജ്ജയിന്‍,ബനാറസ്,മഥുര, ഡല്‍ഹി എന്നിവിടങ്ങളില്‍ അദ്ദേഹം നിരീക്ഷണ കേന്ദ്രങ്ങളുണ്ടാക്കി. നക്ഷത്രങ്ങളുടെ ഗതി സംബ്ബന്ധിച്ച് അദ്ദേഹം നടത്തിയ പഠനങ്ങള്‍ ശ്രദ്ധേയങ്ങളാണ്', അച്ഛന്റെ വിശദീകരണം അവസാനിക്കുമ്പോഴേക്കും അവര്‍ ജന്തര്‍ മന്തറില്‍ എത്തിയിരുന്നു.

 അവിടെ ആറ് പ്രധാന നിര്‍മ്മിതികളാണ് ശ്രീക്കുട്ടന് കാണാന്‍ കഴിഞ്ഞത്. അതിനെകുറിച്ച്  അച്ഛന്‍   പറയാന്‍ തുടങ്ങി. ' പ്രധാനമായി ആറ് നിര്‍മ്മിതികളാണ് ഇവിടെ ഉള്ളത്. കേന്ദ്ര നിര്‍മ്മിതിക്ക് സാമ്രാട്ട് യന്ത്ര എന്നു പറയും. ഇത് വലിയൊരു സൂര്യ ഘടികാരമാണ്. ഭൂമിക്ക് ലംബമായ ഒരുസമകോണ ത്രികോണമാണിത്. ഇതിന്റെ ഭുജം ഡല്‍ഹിയുടെ അക്ഷാംശത്തിലേക്ക് ചരിഞ്ഞാണ് നില്‍ക്കുന്നത്. ഇതിലുള്ള പടികള്‍ കയറിയാല്‍ വശങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള അക്കങ്ങള്‍ കാണാം. എന്നാല്‍ ഇപ്പോള്‍ സന്ദര്‍ശകരെ ഇതിന് അനുവദിക്കാറില്ല. ഇതിന്റെ വശങ്ങളിലുള്ള വൃത്തത്തിന്റെ അര്‍ദ്ധവൃത്തരൂപത്തിലുള്ള നിര്‍മ്മിതികളില്‍ ഒന്നില്‍ മണിക്കൂര്‍,മിനിട്ട്,സെക്കന്റുകള്‍ എന്നിവയും മറ്റൊന്നില്‍ ഇന്ത്യന്‍ ജ്യോതിശാസ്ത്രപ്രകാരമുള്ള ഖരി,പല്‍,വിപല്‍ എന്നിവയും അറിയാന്‍ കഴിയും. 24 മിനിട്ടു വീതമുള്ള 60 ഖരികള്‍ ചേര്‍ന്നതാണ് ഒരു ദിവസം. 24 സെക്കന്റുകള്‍ ചേര്‍ന്നാല്‍ ഒരു പലും 0.4 സെക്കന്റുകള്‍ ചേര്‍ന്നാല്‍ ഒരു വിപലുമാകും. 

ജയ്‌സിംഗ് കണ്ടുപിടിച്ച ജയ്പ്രകാശാണ് മറ്റൊരു നിര്‍മ്മിതി. ഇത് വാനഗോളത്തെ പ്രതിനിധീകരിക്കുന്നു. ജയ്പ്രകാശിന് തെക്കായി ഒറ്റ വൃത്തമായി തീരുന്ന രണ്ട് നിര്‍മ്മിതികളുണ്ട്. ഇവയാണ് രാം യന്ത്ര. ഇത് നക്ഷത്രങ്ങളുടെ ഉച്ചസ്ഥാനം മുതല്‍ ചക്രവാളം വരെയുള്ള ലംബവൃത്തഖണ്ഡം അളക്കാനും തിരശ്ചീനതലം അളക്കാനും ഉപയോഗിക്കുന്നു. ഇതിനുപുറമെ മിശ്രയന്ത്ര, അളക്കാനുളള പ്ലാറ്റ്‌ഫോം, രണ്ട് തൂണുകള്‍ എന്നിവയുമുണ്ട്. പകല്‍ കുറവുള്ള ഡിസംബര്‍ 21 ന് ഒരു തൂണിന്റെ നിഴല്‍ പൂര്‍ണ്ണമായും മറ്റൊന്നില്‍ പതിക്കും. പകല്‍ കൂടുതലുള്ള ജൂണ്‍ 21 ന് നിഴല്‍ ഉണ്ടാവില്ല. 

ഇങ്ങനെ ജ്യോതിശാസ്ത്രത്തില്‍ താത്പ്പര്യമുള്ളവര്‍ക്ക് പഠിക്കാന്‍ കഴിയുന്ന രസകരമായ പലതും ഈ ജന്തര്‍ മന്തറിലുണ്ട്. എന്നാല്‍ ആധുനിക ശാസ്ത്രം ഏറെ വികസിച്ചതോടെ ഇതൊരു പുരാവസ്തുകേന്ദ്രം മാത്രമായി തീര്‍ന്നിരിക്കയാണ്. നമ്മുടെ വിദ്യാഭ്യാസം പാശ്ചാത്യകേന്ദ്രീകൃതമായതിനാല്‍ ഇതിനെകുറിച്ചൊന്നും തുടര്‍പഠനങ്ങള്‍ നടക്കാതെപോയി , അച്ഛന്‍ പറഞ്ഞുനിര്‍ത്തി. 

  ' ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും കൂടുതലായി ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുമ്പോള്‍ നമുക്ക് വീണ്ടും ജന്തര്‍ മന്തറില്‍ വരാം. അപ്പോള്‍ കുറേകൂടി നന്നായി കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും', അച്ഛന്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ പൂച്ചെടികള്‍ നട്ടുവളര്‍ത്തിയ ആ പറമ്പിലൂടെ കുറെ ദൂരം നടന്നു. ഇരുട്ട് വ്യാപിക്കും മുന്നെ അവിടെനിന്നും പുറത്തിറങ്ങി കൊണാട്ട് പ്ലേസ് ലക്ഷ്യമാക്കി നടന്നു. 




No comments:

Post a Comment