ആല്‍ത്തറയിലെ നാഗവിഗ്രഹങ്ങള്‍ |
പുറത്തെ ചെറുക്ഷേത്രം |
നാഗര്‍കോവിലിലെ നാഗര്‍ക്ഷേത്രം
സംഘകാലത്തു തന്നെ പ്രസിദ്ധമായിരുന്ന കോട്ടാര്‍ ചന്തയായിരുന്നു ഇന്നത്തെ നാഗര്‍കോവിലിന്റെ പ്രാഗ്രൂപമെന്നു പറയാം. കോട്ടാര്‍ ചന്തയോട് ചേര്‍ന്നാണ് കോട്ടാര്‍ റയില്‍വെ സ്‌റ്റേഷന്‍ അഥവാ നാഗര്‍കോവില്‍ ജംഗ്ഷന്‍. ചന്തയുടെ ഇടുങ്ങിയ പാതകള്‍ വലുതാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടുതന്നെ സ്റ്റേഷന്‍ വികസനവും അത്ര എളുപ്പമല്ലതന്നെ. 735 വര്‍ഷം തിരുവിതാംകൂറിന്റെ കേന്ദ്ര സ്ഥാനമായിരുന്നു കോട്ടാറും പരിസരങ്ങളും.1956ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോഴാണ് കന്യാകുമാരി ജില്ലയുടെ ഭാഗമെന്ന നിലയില്‍ നാഗര്‍കോവിലിനെ തമിഴ്‌നാടിന്റെ ഭാഗമായി പ്രഖ്യാപിച്ചത്.
സര്‍പ്പങ്ങളുടെ രാജാവായ വാസുകിയെ ആരാധിക്കുന്ന നാഗരാജ ക്ഷേത്രം നിലനില്‍ക്കുന്ന ഇടം എന്ന നിലയിലാണ് കോട്ടാറിന്റെ പ്രാധാന്യം കുറഞ്ഞ് ഇവിടം നാഗര്‍കോവിലായി മാറിയത്. മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്താണ് ക്ഷേത്രത്തിന് ഈ പ്രശസ്തി കൈവന്നത്. തിരുവനന്തപുരത്തു നിന്നും കന്യാകുമാരിക്ക് വരുമ്പോള്‍ നാഗര്‍കോവിലിന്റെ അതിരിലെ പാലം കടന്ന് കളക്ടറേറ്റിന് മുന്നിലെത്തി അവിടെ നിന്നും ഇടത്തോട്ടു തിരിഞ്ഞ് നാഗര്‍ക്ഷേത്രത്തിലേക്ക് പോകാന്‍ കഴിയും. നഗരത്തിന്റെ നടുക്കല്ല, ഒരരുകി പറ്റിയാണ് ക്ഷേത്രം നില്‍ക്കുന്നതെന്നു പറയാം.
വൈകുന്നേരത്താണ് ഞങ്ങള് അവിടെ എത്തിയത്. ഇരുട്ടു വ്യാപിച്ചു തുടങ്ങിയിരുന്നു. ഒരു നാഗര്‍ക്ഷേത്രത്തില്‍ പോകാന്‍ പറ്റിയ സമയം. ക്ഷേത്രത്തിലേക്കുള്ള ചെറിയ കവാടത്തിലൂടെ വാഹനങ്ങള്‍ക്ക് അകത്തേക്ക് പ്രവേശനമുണ്ട്. 20 രൂപയാണ് പ്രവേശന ഫീസ്.ക്ഷേത്രത്തിന് മുന്നിലായി ഒരു ആല്‍മരമുണ്ട്. ഇതിന് ചുറ്റിലുമായി അനേകം നാഗമൂര്‍ത്തികള്‍. ഇത് ഭക്തര്‍ അവരുടെ രോഗശമനത്തിനും ആഗ്രഹപൂര്‍ത്തിക്കുമൊക്കെയായി നേര്‍ച്ച വച്ചവയാണ്. അനേകം പേര്‍ അവയ്ക്ക് മഞ്ഞളും പാലും നല്‍കുന്നത് കാണാമായിരുന്നു. ഇത് തികഞ്ഞ അന്ധവിശ്വാസവും ഭക്ഷണവസ്തുക്കളുടെയും പണത്തിന്റെയും പാഴ്ചിലവുമാണ് എന്നത് വിഷമമുണ്ടാക്കി.
ക്ഷേത്രത്തിനുള്ളില്‍ പ്രധാന ദേവതയായ വാസുകിയെയും ഉപദേവതകളായ അനന്തകൃഷ്ണനെയും കാശിവിശ്വനാഥനെയും പ്രത്യേക മുറികളിലായാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇവര്‍ നാഗപ്രതിഷ്ഠയ്ക്ക് വലതുവശമാണ് ഇരിക്കുന്നത്. നാഗപൂജയ്ക്ക് ശേഷമാണ് മറ്റുപൂജകള്‍ നടത്തുക.നിത്യപൂജയിലെ അവസാന പൂജ നടത്തുന്നത് അനന്തകൃഷ്ണനാണ്.കൊടിമരവും ്അനന്തകൃഷ്ണന് മുന്നിലായാണ് സ്ഥാപിച്ചിട്ടുള്ളത്.സാധാരണ കൊടിമരത്തില്‍ ഗരുഡനാണ് ഉണ്ടാവുക, എന്നാല്‍ നാഗങ്ങളുടെ പരമ്പരാഗത ശത്രവാണ് ഗരുഡന്‍ എന്നതിനാല്‍ ഇവിടെ ഗരുഡന് പകരം ആമയാണുള്ളത്. ബാലമുരുകനും കന്നിമൂലഗണപതിയും നാഗമണി ഭൂതത്താനും ശാസ്താവും പ്രകാരങ്ങളിലാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഇവിടത്തെ ദുര്‍ഗ്ഗാദേവി പ്രതിഷ്ഠയെ ക്ഷേത്രക്കുളത്തില്‍ നിന്നും കിട്ടിയതാണ് എന്നതിനാല്‍ തീര്‍ത്ഥ ദുര്‍ഗ്ഗ എന്നാണ് അറിയപ്പെടുന്നത്.മലയാളികള്‍ ബഹുമാനപുരസരം അമ്മച്ചി ദുര്‍ഗ്ഗ എന്നും വിളിക്കും. തൃശൂര്‍ പാമ്പുമേക്കാട്ട് മനയിലെ നമ്പൂതിരിമാരാണ് ഇന്നും പ്രധാന പൂജാരിമാര്‍. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് തുടങ്ങിയ പാരമ്പര്യം അനുസ്യൂതം തുടരുന്നു.
ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍ ജാനുവരി-ഫെബ്രുവരി മാസത്തിലെ തായ് ബ്രഹ്മോത്സവം, ആവണി ഞായര്‍, ആവണി ആയില്യം, ആഗസ്റ്റ് -സെപ്തംബര്‍ കാലത്തെ ശ്രീകൃഷ്ണ ജയന്തി, സെപ്തംബര്‍-ഒക്ടോബര്‍ കാലത്തെ നവരാത്രി, നവംബര്‍-ഡിസംബര്‍ കാലത്തെ തിരുകാര്‍ത്തിക എന്നിവയാണ്.
മുകള്‍ പ്രതലത്തില്‍ നിന്നും താഴേക്കുള്ള ഒരു കുഴിയിലാണ് നാഗരാജപ്രതിഷ്ഠയുള്ളത്.അഞ്ചുതലകളുളള വാസുകിയാണ് പ്രതിഷ്ഠ.ഇവിടെ നിന്നെടുക്കുന്ന നനഞ്ഞ മണ്ണാണ് പ്രസാദമായി നല്‍കുന്നത്.ദക്ഷിണ പുണ്യകാലമായ ജൂലൈ മുതല്‍ ഫെബ്രുവരി വരെ കറുത്ത മണ്ണും ഉത്തര പുണ്യകാലമായ ഫെബ്രുവരി-ജൂലൈ കാലത്ത് വെളുത്ത മണ്ണുമാണ് ലഭിക്കുക. ക്ഷേത്രസംരക്ഷണചുമതല സര്‍പ്പങ്ങള്‍ക്കാണ് എന്ന വിശ്വാസത്തിന്റെ ഭാഗമായി ശ്രീകോവിലില്‍ അവര്‍ക്കിരിക്കാനായി ഒരു ഓലമേഞ്ഞ മേല്‍ക്കൂരയും ഒരുക്കിയിട്ടുണ്ട്.എല്ലാ വര്‍ഷവും ജൂലൈ-ആഗസ്റ്റ് കാലത്ത് ആടിമാസം ഇത് പുതുക്കാറുണ്ട്.ആണ്‍നാഗമായ ധര്‍ണേന്ദ്രനും പെണ്‍നാഗമായ പത്മാവതിയുമാണ് ക്ഷേത്രത്തിലെ ദ്വാരപാലകര്‍. പാലും പാല്‍പ്പായസവുമാണ് നിവേദ്യം.ദിവസവും രാവിലെ പത്തുമണിക്ക് പാലഭിഷേകം നടത്താറുണ്ട്. രാവിലെ നാല് മുതല്‍ 11.30 വരെയും വൈകിട്ട് അഞ്ചു മുതല്‍ 8.30 വരെയുമാണ് ക്ഷേത്രദര്‍ശനം.
കേരളം വന്‍കാടായിരുന്നതിനാല്‍ ,ആദികാലം മുതലെ മനുഷ്യന്റെ മരണങ്ങളില്‍ അധികവും പാമ്പുകടിയേറ്റായിരുന്നു എന്നതിനാലാകാം നാഗപൂജ ശക്തമായത്. എലി ഉള്‍പ്പെടെയുള്ള ക്ഷുദ്രജീവികളെ ഇല്ലായ്മ ചെയ്യാനും പാമ്പുകള്‍ സഹായിച്ചിരുന്നുവല്ലൊ. നാഗങ്ങളുടെ പ്രതികാരത്തെപ്പറ്റിയൊക്കെ ധാരാളം മിത്തുകള്‍ പാരമ്പര്യമായി നിലനില്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാകാം നാഗങ്ങള്‍ക്ക് മനുഷ്യന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായ പാല്‍ നിവേദ്യമായി നല്‍കുന്നതും.
ക്ഷേത്രം നില്‍ക്കുന്ന ഇടം വയലായിരുന്നു എന്നാണ് വിശ്വാസം. വയല്‍ നടുവില്‍ നിന്നാണ് വിഗ്രഹം ലഭിച്ചതെന്നും അവിടെ മുടിപ്പുര കെട്ടി പ്രാര്‍ത്ഥന ആരംഭിച്ചു എന്നും ചരിത്രം. ഒരിക്കല്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന് ത്വക്ക് രോഗം വന്നുവെന്നും ഇവിടെ വന്നു തൊഴുത് മണ്ണു തേച്ചതോടെ അസുഖം മാറിയെന്നും ഒരു ഐതീഹ്യം നിലവിലുണ്ട്. അതോടെയാണ് ഇന്നു കാണുന്ന ക്ഷേത്രം നിര്‍മ്മിച്ചു നല്‍കിയതെന്നും വിശ്വാസിക്കുന്നു. പാറ കൊണ്ടാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. അനേകം ശില്‍പ്പങ്ങളും തൂണുകളില്‍ കൊത്തിയിട്ടുണ്ട്.വേണാട്ടിലെ പോലെ നാഗക്ഷേത്രങ്ങള്‍ തമിഴ് നാട്ടിലില്ല. ഇത് പഴയ വേണാടിന്റെ ഭാഗമായിരുന്നതിനാല്‍ തമിഴ്‌നാട്ടിലെ പ്രശസ്തമായ ഏക നാഗക്ഷേത്രം എന്ന ഖ്യാതിയും ഇതിനുണ്ട്. പൊതുവെ മലയാളികളാണ് ക്ഷേത്രത്തില്‍ വരുന്നതില്‍ അധികവും. അതുകൊണ്ടുതന്നെ, മലയാളക്കരയുടെ ഒരു സ്വഭാവം ഇവിടെയും കാണാന്‍ കഴിയുന്നത്. പുരുഷന്മാര്‍ ഷര്‍ട്ടും ബനിയനും ധരിക്കാന്‍ പാടില്ല. മുണ്ടുടുക്കണം എന്ന നിര്‍ബ്ബന്ധമില്ല, പാന്റ്‌സാകാം. പാദരക്ഷകള്‍ സൂക്ഷിക്കേണ്ട ഇടത്തെകുറിച്ചുള്ള അറിയിപ്പില്‍ രസകരമായ ഒരു ഇംഗ്ലീഷ് എഴുത്തും ഇവിടെ കണ്ടു. Don't leave Footwear hear എന്നായിരുന്നു അത്. ചെരുപ്പുകള്‍ ഇത് കേട്ടിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി!!!
പ്രധാന ക്ഷേത്രമുറ്റം |
ക്ഷേത്രമുറ്റം മറ്റൊരു കാഴ്ച |
അക്ഷരപിശാചുള്ള ബോര്‍ഡ് |
No comments:
Post a Comment