Monday, 29 January 2024

Chanakyaneeti - Part - 4- Learning- Stanzas 1 to 10

 

ചാണക്യനീതി –ഭാഗം -4 - പഠനം- ശ്ലോകം 1 മുതല് 10 വരെ
===============================
വി.ആര്.അജിത് കുമാര്
==================
4.1
കുട്ടികള്ക്ക് വിദ്യാഭ്യാസം കൊടുക്കാത്ത മതാപിതാക്കളാണ് അവരുടെ യഥാര്ത്ഥ ശത്രുക്കള്. വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടി അരയന്നങ്ങള്ക്കിടയില്പെട്ട കൊക്കിനെപോലെ സമൂഹത്തില് ഒറ്റപ്പെട്ടുപോകും.
4.2
സംസ്‌കൃതം എന്റെ മനസ്സിനെ ശുദ്ധീകരിച്ചിട്ടുണ്ടെങ്കിലും, മറ്റ് ഭാഷകളും പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അമൃത് കഴിച്ചതിനു ശേഷവും ദേവന്മാർ അപ്സരസുകളുടെ ചുംബനങ്ങൾക്കായി കൊതിക്കുന്നതുപോലെ.
4.3
ഒരു പണ്ഡിതൻ എല്ലായിടത്തും ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. അറിവ് എല്ലാ നേട്ടങ്ങളും ആദരവും ലഭ്യമാക്കുന്നു.
4.4
സൌന്ദര്യവും സമ്പത്തും കുലീനമായ കുടുംബപശ്ചാത്തലവുമുള്ള ഒരു മനുഷ്യന് വിദ്യാഭ്യാസമില്ലെങ്കില്, പരിമളമില്ലാത്ത ചമതപ്പൂവ് പോലെ അവന് മൂല്യം കുറഞ്ഞവനായി മാറും.
4.5
വിദ്യാഭ്യാസമില്ലാത്ത മനുഷ്യർക്ക് കുലീനമായ കുടുംബം കൊണ്ട് എന്ത് പ്രയോജനം. താഴ്ന്ന കുടുംബത്തിൽ നിന്നായാല് പോലും ഒരു പണ്ഡിതൻ ദൈവത്തിന്റെ പ്രശംസ നേടുന്നു.
4.6
ആഗ്രഹങ്ങള് സാധിച്ചു നല്കുന്ന ഒരു കാമധേനുവാണ് അറിവ്. പ്രയാസകരമായ സമയങ്ങളിൽ പോലും അറിവ് നമുക്ക് തുണയാകും. വിദേശത്തായിരിക്കുമ്പോൾ, അറിവ് ഒരമ്മയെപ്പോലെ നമ്മെ പരിപാലിക്കും. മറഞ്ഞിരിക്കുന്ന നിധി പോലെയാണ് അറിവ്.
4.7
ദരിദ്രർക്ക് ആവശ്യങ്ങളും ആഗ്രഹങ്ങളും കുറവായിരിക്കും.എന്നാല്, സമ്പന്നന്നന്റെ ആഗ്രഹങ്ങള്ക്ക് അവസാനമില്ല. ശരിയായ അറിവ് നേടാത്തവരാണ് കൂടുതല് കൂടുതല് ആഗ്രഹിക്കുന്നത്.
4.8
എത്രതന്നെ ശ്രമിച്ചാലും ഒരു തെമ്മാടിയെ നന്മയുള്ളവനാക്കി മാറ്റാന് കഴിയില്ല. പാലിലും നെയ്യിലും കുതിർത്താലും വേപ്പുമരം മധുരതരമാകില്ലല്ലോ.
4.9
ഒരു വാക്ക് മാത്രം പഠിപ്പിച്ച ഗുരുവിനെ പോലും ബഹുമാനിക്കണം. ഗുരുവിനെ ബഹുമാനിക്കാത്തവൻ നൂറു വർഷം നായയായും ഒടുവിൽ ചണ്ഡാളനായും ജനിക്കുന്നു
(ഇവിടെയാണ് ചാതുര്വര്ണ്ണ്യത്തിനും പുറത്ത് നില്ക്കുന്ന ഒരു വ്യക്തിയെ അടയാളപ്പെടുത്തുന്നത്. നായയെക്കാളും താഴെ നില്ക്കുന്നവനാണ് ചണ്ഡാളന്. ആരായിരുന്നു ചണ്ഡാളന്. ആര്യന് അധിനിവേശം സംഭവിച്ചപ്പോള് ഓടിപ്പോകേണ്ടിവന്ന ദ്രാവിഡനാണോ? ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്തവര്ക്കൊപ്പം ചേരാന് കഴിയാതെ ഒറ്റപ്പെട്ട്, കാടുകളില് അഭയം തേടിയവരാണോ? ആ ചോദ്യം ബാക്കിയാവുന്നു.)
4.10
ഗുരുവിന്റെ ഒരു വാക്ക് പോലും, ശിഷ്യനെ ഗുരുവിനൊപ്പമാക്കി മാറ്റുന്നു. ഭൂമിയിലുള്ള ഒരു സമ്പത്തുകൊണ്ടും ഗുരുവിനുള്ള കടം വീട്ടാൻ കഴിയില്ല. ✍️

No comments:

Post a Comment