ചാണക്യനീതി –ഭാഗം -3 -ലൌകികജ്ഞാനം- ശ്ലോകം 31 മുതൽ 40 വരെ
====================
വി. ആർ. അജിത് കുമാർ
======================
3.31
തേന്‍ പോലെ മധുരമുള്ളവനും ഔഷധങ്ങളുടെ ദേവനുമായ ചന്ദ്രൻ, അമൃത് പോലെ അനശ്വരനും ശോഭയുള്ളവനുമാണ്. എന്നാല്‍ സൂര്യന്‍റെ സാന്നിധ്യത്തിൽ അതിന്‍റെ പ്രഭ നശിക്കുന്നു. അതുപോലെയാണ് മറ്റൊരാളുടെ വീട്ടിൽ താമസിക്കുന്നവന്‍റെയും സ്ഥിതി. അവന്‍ അപകർഷതകൊണ്ട് വിളറിപ്പോകുക സ്വാഭാവികം.
3.32
ദാരിദ്ര്യത്തെ മനക്കരുത്തുകൊണ്ട് മറികടക്കാം. മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കാം. പാകംചെയ്യാത്ത ഭക്ഷണം ചൂടാക്കി ഉപയോഗിക്കാം. വൈരൂപ്യത്തെ നല്ല സ്വഭാവം കൊണ്ട് മറികടക്കാം.
3.33
സമ്പത്തല്ല, സദ്‌ഗുണങ്ങളാണ് എല്ലായിടത്തും അഭിനന്ദിക്കപ്പെടുക. അര്‍ദ്ധചന്ദ്രന്‍ കളങ്കമില്ലാത്തവനാണെങ്കിലും പൂർണ്ണചന്ദ്രനെയാണ് എല്ലാവരും ആരാധിക്കുക എന്നോര്‍ക്കുക.
3.34
ഒരു വ്യക്തിയുടെ പെരുമാറ്റം അവന്‍റെ കുടുംബമഹിമ സൂചിപ്പിക്കുന്നു. ഭാഷ അവന്‍ ജനിച്ച പ്രദേശത്തെ തിരിച്ചറിയാന്‍ ഉപകരിക്കുന്നു. ഊഷ്മളതയും വാത്സല്യവും സൗഹൃദത്തെ സൂചിപ്പിക്കുന്നു. ശരീരഘടന പോഷണത്തെ സൂചിപ്പിക്കുന്നു.
3.35
ഭൂഗർഭജലം ശുദ്ധമാണ്, ഭർത്താവിനോട് വിശ്വസ്തയായ സ്ത്രീയും ശുദ്ധയാണ്. ഉദാരമതിയായ രാജാവും സംതൃപ്‌തനായ ബ്രാഹ്മണനും ഇത്തരത്തില്‍ ശുദ്ധതയുള്ളവരാണ്.
3.36
പഠിച്ച കാര്യങ്ങള്‍ നിലനില്‍ക്കാന്‍ പരിശീലനം അനിവാര്യമാണ്. അംഗങ്ങളുടെ നല്ല പെരുമാറ്റത്തിലൂടെ മാത്രമെ കുടുംബബന്ധങ്ങൾ നിലനില്‍ക്കുകയുള്ളു. ഒരു ആര്യന്‍ അവന്‍റെ ഉത്തമഗുണങ്ങളാല്‍ അറിയപ്പെടുന്നു. കണ്ണുകളിലാണ് കോപം പ്രതിഫലിക്കുന്നത്.
3.37
വിവേകമുള്ള വ്യക്തി നേടിയെടുക്കുന്ന നൻമ തിളങ്ങുന്ന സ്വർണ്ണത്തിൽ പതിച്ച രത്നംപോലെ തിളക്കമേറ്റുന്നതാണ്.
3.38
ബുദ്ധിയുള്ളവൻ ശക്തിയിലും സമ്പന്നനാണെങ്കിൽ, അവനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ദുരഹങ്കാരിയെങ്കില്‍ അഹങ്കാരിയായ സിംഹത്തെ ഒരു കുറുനരി മരണത്തിലേക്ക് കൊണ്ടെത്തിച്ച പോലെയുള്ള അനുഭവമാകും ഉണ്ടാവുക.
(ഇവിടെ പഞ്ചതന്ത്രം കഥയാണ് ചാണക്യന്‍ ഉദാഹരണമാക്കുന്നത്.ആരോഗ്യം നശിച്ച സിംഹത്തിന് വേട്ടയാടാന്‍ കഴിയാതെയായി. തന്‍റെ ക്ഷേമം അന്വേഷിക്കാന്‍ ദിവസവും ഓരോ മൃഗങ്ങള്‍ തന്‍റെ ഗുഹയിലെത്തണമെന്ന് സിംഹം നിര്‍ദ്ദേശിച്ചു. മൃഗങ്ങളെത്തുമ്പോള് വാതില്ക്കല് കിടക്കുന്ന സിംഹം അകത്തുപോയി മരുന്നെടുത്ത് കൊണ്ടുവരാന്‍ മൃഗത്തോട് നിര്‍ദ്ദേശിക്കും. അത് കത്തുകയറുമ്പോള് സിംഹം പിന്നാലെ ചെന്ന് അതിനെ ഭക്ഷണമാക്കും. സിംഹത്തെ കാണാന്‍പോയ സുഹൃത്തുക്കളുടെ തിരോധാനം അറിയാനായി കുറുക്കന് എത്തി. അവനോടും മരുന്നെടുത്തുവരാൻ സിംഹം നിര്‍ദ്ദേശിച്ചു. മൃഗങ്ങളുടെ കാല്‍പ്പാടുകള്‍ അകത്തേക്ക് മാത്രമെയുള്ളു, അവരൊന്നും തിരികെ മടങ്ങിയിട്ടില്ല എന്നത് അപ്പോഴാണ് കുറുക്കന് ശ്രദ്ധിച്ചത്. അവന്‍ അത് ചോദിച്ചപ്പോള് ആ കാല്‍പ്പാടുകള്‍ താന്‍ മായ്ച്ചുകളഞ്ഞതാണെന്ന് സിംഹം കളവ് പറഞ്ഞു. രാജാവ് കള്ളം പറയുകയാണ് എന്നു മനസിലാക്കിയ കുറുക്കന് താങ്കളുടെ ചതി ഞാന് കാട്ടിലെല്ലാവരേയും അറിയിക്കും എന്നു പറഞ്ഞ് മടങ്ങി. അതിന് ശേഷം ഒരു മൃഗവും സിംഹത്തിനെ കാണാന് വന്നില്ല. അവന്‍ പട്ടിണികിടന്ന് മരിക്കുകയും ചെയ്തു.)
3.39
ബലവാന്മാർക്ക് ഭാരമുള്ള ജോലി ഏതാണ്? വ്യാപാരിക്ക് വളരെ അകലെയുള്ള സ്ഥലം ഏതാണ്? ഏത് രാജ്യമാണ് പണ്ഡിതർക്ക് അന്യമായത്? മൃദുഭാഷികളോട് ആർക്കാണ് പരുഷമായി പെരുമാറാൻ കഴിയുക?
3.40
അത്യാഗ്രഹത്തേക്കാൾ മോശമായ വൈകല്യം എന്താണ്? വഞ്ചനയെക്കാൾ നീചമായ പ്രവൃത്തി എന്താണ്? നിങ്ങൾ സത്യസന്ധനാണെങ്കിൽ, പുണ്യം നേടാന്‍ വ്രതമനുഷ്ഠിക്കേണ്ടതില്ല. നിങ്ങൾ നല്ല ധര്‍മ്മബോധമുള്ള വ്യക്തിയാണെങ്കിൽ, ആത്മശുദ്ധിക്കായി തീർത്ഥാടനം നടത്തേണ്ടതില്ല. നന്മ പോലെ വിശിഷ്ടമായ ഒന്നുംതന്നെയില്ല എന്നറിയുക. നിങ്ങൾ ശ്രേഷ്ടനാണെങ്കിൽ, നിങ്ങൾക്ക് മറ്റ് അലങ്കാരങ്ങള്‍ ആവശ്യമില്ല. വിദ്യാഭ്യാസത്തേക്കാൾ മികച്ച സമ്പത്ത് എങ്ങും ലഭിക്കില്ല. മരണത്തേക്കാൾ മോശമാണ് കുപ്രസിദ്ധി എന്നും അറിയുക.🙏🏿
No comments:
Post a Comment