ചാണക്യനീതി -ഭാഗം-3- ലൌകിക ജ്ഞാനം- ശ്ലോകം 1 മുതല് 10 വരെ
===========================
-വി.ആര്.അജിത് കുമാര്
===================
3.1
ധര്മ്മാചരണം, അറിവ് ഉള്പ്പെടെയുള്ള സ്വത്ത് സമ്പാദനം, ആഗ്രഹപൂര്ത്തീകരണം,മോക്ഷം എന്നിവ നേടുന്നതിൽ പരാജയപ്പെടുന്നവൻ ആടിന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന മാംസം പോലെ ഉപയോഗശൂന്യമായ ജീവിതമാകും നയിക്കുന്നത്.
3.2
ഈ ഭൂമിയിൽ യഥാർത്ഥത്തിൽ മൂന്ന് രത്നങ്ങളാണുള്ളത്, വെള്ളവും ഭക്ഷ്യധാന്യങ്ങളും നല്ല വാക്കുകളുമാണവ.എന്നാൽ മന്ദബുദ്ധികള് ഉരുളൻ കല്ലുകളെ രത്നങ്ങളായി കരുതുന്നു.
3.3
ലോകം ഒരു കയ്പേറിയ വൃക്ഷമാണ്.എന്നാല് അതിൽ രണ്ട് അമൃത് നിറഞ്ഞ പഴങ്ങൾ തൂങ്ങിക്കിടപ്പുണ്ട്. മധുരതരവും വിജ്ഞാനപ്രദവുമായ വാക്കുകളും നല്ല മനുഷ്യരുമായുള്ള സംസര്ഗ്ഗവുമാണ് ആ പഴങ്ങള്.
3.4
നന്മ സൗന്ദര്യത്തിന്റെ അലങ്കാരമാണ്, കുടുംബത്തിന്റെ മഹത്വം സൗമ്യതയാണ്, പൂർണ്ണതയാണ് പഠനത്തിന്റെ കിരീടം, അന്യര്ക്ക് ഉപകാരപ്പെടലാണ് ഐശ്വര്യത്തിന്റെ സൗന്ദര്യം.
3.5
ഒരുവന് ഇരിക്കുന്ന ഉയര്ന്ന ഇടമല്ല, മറിച്ച് അവന്റെ സദ്ഗുണങ്ങളാണ് അവനെ വലിയവനാക്കുന്നത്. കൊട്ടാരത്തിന് മുകളില് ചേക്കേറിയെന്നാല് ഒരു കാക്കയ്ക്ക് ഗരുഡനാകാനാകുമോ?
3.6
സ്വർണ്ണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാന് നാല് മാര്ഗ്ഗങ്ങളുണ്ട്. അതിനെ ഉരച്ചുനോക്കും,മുറിക്കും,ചൂടാക്കും, അടിച്ചുപരത്തും. അതുപോലെ, മനുഷ്യനെയും പരീക്ഷിക്കേണ്ടതുണ്ട്.അവന്റെ ആത്മത്യാഗം, പെരുമാറ്റം, സദ്ഗുണങ്ങൾ, സത്പ്രവൃത്തികൾ എന്നിവയാണ് നാല് ഉരകല്ലുകള്.
3.7
സാവധാനവും ക്രമമായും വെള്ളത്തുള്ളികള് ഒരു കുടത്തില് വീണ് നിറയും പോലെയാണ് അറിവും സത്ഗുണങ്ങളും സമ്പത്തും ഒരുവനില് നിറയുന്നത്.
3.8
മഴവെള്ളത്തിന് തുല്യമായി മറ്റൊന്നില്ല എന്നതുപോലെയാണ് ആത്മബലവും. അതിന് തുല്യമായ മറ്റൊരു ശക്തിയില്ല. കണ്ണിന്റെ കാഴ്ചയ്ക്ക് തുല്യവും മറ്റൊന്നില്ലതന്നെ. ഭക്ഷ്യധാന്യങ്ങളേക്കാൾ പ്രിയങ്കരമായ ഒരു സമ്പത്തും ഇല്ലെന്നും ഓര്ക്കുക.
3.9
ജോലിയിലൂടെ ദാരിദ്ര്യം ഇല്ലാതാകുന്നു, പ്രാർത്ഥന പാപങ്ങളെ മായ്ച്ചുകളയുന്നു, നിശബ്ദത വഴക്കുകളെ ശമിപ്പിക്കുന്നു, ജാഗ്രത ഭയത്തെ അകറ്റുന്നു.
3.10
ജ്ഞാനികള് ഭൂതകാലത്തെക്കുറിച്ചോര്ത്ത് വിഷമിക്കില്ല, ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടില്ല, അവര് വർത്തമാന നിമിഷത്തിലെ കര്മ്മങ്ങളിലാണ് ശ്രദ്ധയര്പ്പിക്കുക.
No comments:
Post a Comment