ചാണക്യനീതി – ഭാഗം -4- പഠനം- ശ്ലോകം 11 മുതല് 21 വരെ
===============================
-വി.ആര്.അജിത് കുമാര്
===================
4.11
ഒരു ദൂതനും ആകാശത്ത് ചുറ്റി സഞ്ചരിക്കാനാവില്ല. അവിടെ നിന്ന് വാർത്തകൾ കൈമാറുന്നില്ല, അതിലെ നിവാസികളുടെ ശബ്ദം കേൾക്കുന്നുമില്ല, അവരുമായി ഒരു ബന്ധവുമില്ലതാനും. അതിനാൽ, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും പ്രവചിക്കാൻ കഴിയുന്ന ഒരു ബ്രാഹ്മണനെ പണ്ഡിതൻ എന്ന് വിളിക്കണം
4.12
ഒരു കോടാലി ഉപയോഗിച്ച് ഭൂഗർഭത്തിൽ നിന്ന് ശുദ്ധജലം കണ്ടെത്തുന്നതുപോലെ, ഉത്സാഹിയായ ഒരു വിദ്യാർത്ഥി തന്റെ അധ്യാപകനിൽ നിന്ന് അറിവ് നേടിയെടുക്കുന്നു.
4.13
മഹത്തായ ഗ്രന്ഥങ്ങള് എണ്ണമറ്റതാണ്, അതിലെ അറിവും സമൃദ്ധമാണ്, എന്നാല് നമുക്ക് ലഭിക്കുന്ന സമയം കുറവാണ്, ഉള്ള സമയം ഉപയോഗിക്കുന്നതിലും പല തടസ്സങ്ങളുമുണ്ട്. അതിനാൽ, പാൽ-വെള്ളം മിശ്രിതത്തിൽ നിന്ന് പാൽ മാത്രം കുടിക്കുന്ന ഹംസത്തെപോലെ നിങ്ങളും വിവേകത്തോടെ ഗ്രന്ഥങ്ങള് തിരഞ്ഞെടുക്കുക
4.14
നിങ്ങള് സിംഹത്തിൽ നിന്നും കൊക്കില് നിന്നും ഓരോന്നും, കോഴിയിൽ നിന്ന് നാലും കാക്കയിൽ നിന്ന് അഞ്ചും നായയിൽ നിന്ന് ആറും കഴുതയിൽ നിന്ന് മൂന്നും ഗുണങ്ങൾ പഠിക്കേണ്ടതുണ്ട്.
4.15
നിങ്ങള് ഏറ്റെടുക്കുന്ന ജോലി ചെറുതോ വലുതോ ആകട്ടെ, അത് പൂർണ്ണ മനസ്സോടെയും ആത്മാര്ത്ഥതയോടെയും ചെയ്യണം എന്നതാണ് സിംഹത്തിൽ നിന്ന് പഠിക്കേണ്ടത്.
4.16
ഒരു ജ്ഞാനി കൊക്കിനെപോലെ തന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് സ്ഥലവും സമയവും തന്റെ കഴിവും കൃത്യമായി പരിശോധിച്ച ശേഷം വേണം ലക്ഷ്യങ്ങൾ നിറവേറ്റാന് ഇറങ്ങേണ്ടത്.
4.17
നേരത്തെ എഴുന്നേൽക്കുക, പോരിൽ ധീരമായ നിലപാട് സ്വീകരിക്കുക, ലഭിക്കുന്നതൊക്കെ ബന്ധുക്കളുമായി പങ്കുവയ്ക്കുക, കഠിനാധ്വാനത്തിലൂടെ സ്വന്തം ആഹാരം കണ്ടെത്തുക എന്നിവയാണ് പൂവന്കോഴിയിൽ നിന്ന് പഠിക്കാൻ കഴിയുന്ന കാര്യങ്ങൾ.
4.18
സ്വകാര്യമായ പ്രണയം,പേടിയില്ലായ്മ, ഉപയോഗപ്രദമായ വസ്തുക്കൾ സൂക്ഷിച്ചുവയ്ക്കല്, ജാഗ്രത , ആരെയും എളുപ്പത്തിൽ വിശ്വസിക്കാതിരിക്കല് എന്നീ അഞ്ച് ഗുണങ്ങളാണ് കാക്കയിൽ നിന്ന് പഠിക്കേണ്ടത്.
4.19
നായ ഭക്ഷണപ്രിയനാണ് എന്നാൽ കിട്ടുന്നതില് സംതൃപ്തനുമാണ്, സുഖനിദ്രയുള്ളവനാണ്, എന്നാൽ ചെറു ചലനങ്ങള് പോലും തിരിച്ചറിയുന്നവനുമാണ്.അതീവവിശ്വസ്തനും ധൈര്യശാലിയുമാണ്. ഈ ആറ് ഗുണങ്ങളാണ് നായയില് നിന്നും പഠിക്കേണ്ടത്.
4.20
കഴുത ക്ഷീണിതനായാലും ഭാരം ചുമന്ന് എത്തേണ്ടിടത്ത് എത്തുന്നു. ചൂടും തണുപ്പും അവഗണിച്ചും തന്റെ കടമ നിര്വ്വഹിക്കുന്നു. കിട്ടുന്നത് എന്താണോ അത് ഭക്ഷിക്കുന്നു. കഴുതയിൽ നിന്ന് പഠിക്കേണ്ട മൂന്ന് ഗുണങ്ങൾ ഇവയാണ്.
4.21
മേല് സൂചിപ്പിച്ച ഇരുപത് കാര്യങ്ങള് അനുഷ്ഠിക്കുന്നവന് ഏതു സാഹചര്യത്തിലും അജയ്യനായിരിക്കും

No comments:
Post a Comment