ചാണക്യനീതി - ഭാഗം- 3-ലൌകിക ജ്ഞാനം -ശ്ലോകം 21മുതൽ 30 വരെ
================
വി. ആർ. അജിത് കുമാർ
=====================
3.21
ഒരേ വസ്തുവിനെ മൂന്ന് വിധത്തിൽ മനസ്സിലാക്കാം: ഒരു യോഗിക്ക് സ്ത്രീ വെറുമൊരു ശരീരം മാത്രമാണ്. എന്നാല്‍ ഒരു കാമഭ്രാന്തന് അവള്‍ കാമവസ്തുവും നായ്ക്കള്‍ക്ക് വെറും ഇരയും മാത്രമാണ്.
( ഇവിടെ സ്ത്രീ ഒരു വസ്തുവിന് തുല്യമായി കണക്കാക്കപ്പെടുന്നത് ആ കാലത്തെ പുരുഷ സമീപനത്തിന് ഉദാഹരണമായി കാണാം.)
3.22
മദപ്പാടുള്ള ആനയുടെ തലയിൽ നിന്ന് ഒഴുകുന്ന ദ്രാവകം തേടിയെത്തുന്ന തേനീച്ചകളെ ചെവികൊണ്ട് അടിച്ചോടിക്കാന്‍ ആന ശ്രമിക്കുമ്പോള്‍ അതിന്‍റെ നെറ്റിപ്പട്ടം താഴെവീണുപോകും. ആനയുടെ നഷ്ടത്തെ കൂസാതെ തേനീച്ച താമര നിറഞ്ഞ തടാകത്തിലേക്ക് മടങ്ങി സന്തുഷ്ടനായി തേന്‍ ഭുജിക്കും.
(ശല്യക്കാരായ ചില മനുഷ്യരും വലിയ പദവികളിലുള്ളവരെ ഇത്തരത്തില്‍ ഉപദ്രവിക്കുകയും അവര്‍ക്കുണ്ടാകുന്ന അപമാനത്തില്‍ ആനന്ദിക്കുകയും ചെയ്യാറുണ്ട് .)
3.23
ജന്മനാ അന്ധരായവര്‍ ജീവിതത്തില്‍ ഒന്നുംതന്നെ കാണുന്നില്ല. അതുപോലെയാണ് കാമത്തിന്‍റെ പിടിയില്‍ അമരുന്നവരും.അവരുടെ മനസ് അന്ധമായിരിക്കും. അഹങ്കാരികൾക്ക് തിന്മയെക്കുറിച്ച് യാതൊരു ധാരണയുമുണ്ടാകില്ല, അതുപോലെ സമ്പന്നരാകാൻ ശ്രമിക്കുന്നവരും അവരുടെ പ്രവൃത്തികളിലെ പാപം കാണാതെപോകും.
3.24
ഭയാനകമായ ഒരു വിപത്തിൽ നിന്നും, ഒരു വിദേശ ആക്രമണത്തിൽ നിന്നും, ദാരുണമായ ക്ഷാമത്തിൽ നിന്നും, ദുഷ്ടന്മാരുടെ സൗഹൃദത്തിൽ നിന്നും ഓടിരക്ഷപെടുന്നവര്‍ സുരക്ഷിതരായിരിക്കും.
3.25
രാഹുവിന് അമൃത് മാരകമായതുപോലെയും വിഷം ശങ്കരന് അലങ്കാരമായതുപോലെയും, ഒരു ദുഷ്ടന്‍ ചെയ്യുന്ന പുണ്യം പോലും അനുചിതമായിരിക്കും,എന്നാല്‍ ഒരു സ്വാമി ചെയ്യുന്ന അബദ്ധപ്രവൃത്തി പോലും ശരിയായി വരുകയും ചെയ്യും.
(ഇവിടെ സ്വാമി എന്നത് മേന്മയുള്ള വ്യക്തി എന്നര്‍ത്ഥത്തിലാകണം ഉപയോഗിച്ചിരിക്കുന്നത്)
3.26
ബ്രാഹ്മണന്‍റെ ശക്തി അവന്‍റെ അറിവാണ്. രാജാവിന്‍റെ ശക്തി അവന്‍റെ സൈന്യമാണ്, വൈശ്യന്‍റെ ശക്തി അവന്‍റെ പണമാണ്, ശൂദ്രന്‍റെ ശക്തി അവന്‍റെ വിനയമാണ്
3.27
പ്രയോഗത്തില്‍ വരുത്താത്ത അറിവ് നഷ്ടമായ അറിവിന് തുല്യമാണ്. അജ്ഞതയില്‍ കഴിയുന്ന മനുഷ്യൻ മൃഗതുല്ല്യനാണ്. സൈന്യാധിപനില്ലാത്ത സൈന്യം പരാജയമാണ്. ഭര്‍ത്താവില്ലാത്ത സ്ത്രീ പാഴ്ജന്മമാണ്.
( ചാണക്യന്‍റെ കാലത്ത് സ്ത്രീ വീട്ടിനുള്ളില്‍ കഴിയുന്നവളും ഭര്‍ത്താവിനെ ആശ്രയിച്ച് ജീവിക്കുന്നവളുമായിരുന്നു എന്ന് വ്യക്തം.)
3.28
കൂറ്റൻ ആനയെ ആനക്കാരന്‍ അടക്കി നിർത്തുന്നത് ചെറിയൊരു തോട്ടി ഉപയോഗിച്ചാണ്. തോട്ടി ആനയുമായി താരമ്യം ചെയ്യുമ്പോള്‍ എത്രയോ ചെറുതാണ്. വിളക്ക് കത്തുമ്പോൾ അത് ഇരുട്ടിനെ അകറ്റുന്നു. ഇരുട്ടിന്‍റെ വ്യാപ്തി നോക്കുമ്പോള്‍ വിളക്ക് എത്രയോ ചെറുതാണ്. ഇടിമിന്നലേറ്റാൽ ഒരു പർവ്വതം തകരും. ഇടിമിന്നൽ കാഴ്ചയില്‍ എത്രയോ ചെറുതാണ്. സത്യത്തില്‍ അധികാരം ഉള്ളവനാണ് ശക്തന്‍. വലിപ്പത്തിൽ ഒരുകാര്യവുമില്ല.
3.29
ഒരു കുയിലിന്‍റെ സൗന്ദര്യം അതിന്‍റെ ശബ്ദമാണ്. ഒരു സ്ത്രീയുടെ സൗന്ദര്യം ഭർത്താവിനോടുള്ള അവളുടെ വിശ്വസ്തതയാണ്. മുഖസൌന്ദര്യമില്ലാത്തവന് അറിവുണ്ടെങ്കില്‍ അതവന്‍റെ സൌന്ദര്യമാണ്. ക്ഷമിക്കാനുള്ള കഴിവാണ് സന്യാസിയുടെ സൗന്ദര്യം.
3.30
മുന്‍കാലചെയ്തികളിലെ തെറ്റുകള്‍ മനസിലാക്കി മുന്നേറുന്നതാണ് തിരിച്ചറിവ്. അത് എത്രനേരത്തെ സംഭവിക്കുന്നുവോ അത്രയേറെ അഭിവൃദ്ധിയും ഉണ്ടാകും?👍🏼
No comments:
Post a Comment