പഠനത്തിനായുള്ള കുടിയേറ്റം –രജിസ്ട്രേഷന് സമ്പ്രദായം സ്വാഗതാര്ഹം
=========================
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്സില് ഈയിടെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ ചെയര്മാന് ഡിജിറ്റല് സര്വ്വകലാശാല വൈസ്ചാന്സലര് സജി ഗോപിനാഥായിരുന്നു. കേരളത്തില് നിന്നും ചെറുപ്പക്കാര് പഠനത്തിനായി അന്യ സംസ്ഥാനങ്ങളിലേക്കോ അന്യ രാജ്യങ്ങളിലേക്കോ ചേക്കേറുന്നത് സംബ്ബന്ധിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. അവര് അവരുടെ നിര്ദ്ദേശങ്ങള് സമര്പ്പിച്ചിട്ടുണ്ട്. അതില് പ്രധാനം കുടിയേറ്റം മോണിറ്റര് ചെയ്യാനായി ഒരു സമഗ്രമായ ഡേറ്റബേസ് ഉണ്ടാക്കണം എന്നാണ്. വിദ്യാഭ്യാസ കണ്സള്ട്ടന്സി സേവനം നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റ വിദ്യാര്ത്ഥികള്ക്കായി ഒരു രജിസ്ട്രേഷന് പോര്ട്ടല് ആരംഭിക്കണമെന്നും സമിതി ശുപാര്ശ ചെയ്തിട്ടുണ്ട്. ഇത് ഉന്നത വിദ്യാഭ്യാസ കൌണ്സിലിന്റെയോ നോര്ക്ക റൂട്ട്സിന്റെയോ കീഴിലാകണം എന്നും സമിതി പറയുന്നു. വിദ്യാര്ത്ഥി കുടിയേറ്റം സംബ്ബന്ധിച്ച ഗവേഷണത്തിനും സഹായം നല്കണമെന്നും സമിതി ശുപാര്ശ ചെയ്തിട്ടുണ്ട്. ഈ നീക്കം സ്വാഗതാര്ഹമാണ്. കുറഞ്ഞ പക്ഷം എത്ര കുട്ടികള് വര്ഷം തോറും നാടുവിടുന്നു എന്നെങ്കിലും അറിയാമല്ലോ. ഏത് ഏജന്സി വഴിയാണ് പോകുന്നത് എന്നും അറിയേണ്ടതുണ്ട്. കോടിക്കണക്കിന് രൂപയാണ് ഓരോ വര്ഷവും കുട്ടികളുടെ കുടിയേറ്റം വഴി കേരളത്തില് നിന്നും പുറത്തേക്ക് പോകുന്നത്. ഏജന്സികള്ക്ക് പത്ത് ശതമാനം മുതല് മുകളിലേക്കാണ് കമ്മീഷന് ലഭിക്കുന്നത്. ചില ഏജന്സികള് എത്തിപ്പെടുന്ന നാട്ടില് കുട്ടികള്ക്ക് താമസം ,ഭക്ഷണം തുടങ്ങിയവ ഒരുക്കിയും പണം സമ്പാദിക്കുന്നുണ്ട്. ഇതെല്ലാം അക്കൌണ്ടബിള് ആക്കുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസ കൌണ്സിലിന് വലിയൊരു ഉത്തരവാദിത്തം കൂടിയുണ്ട് എന്നത് മറക്കണ്ട.
നമ്മുടെ ഉന്നതവിദ്യാഭ്യാസം ഇത്തരമൊരു കൌണ്സില് വന്നതുകൊണ്ട് ഏതെങ്കിലും തരത്തില് മെച്ചപ്പെട്ടിട്ടുണ്ടോ എന്നൊരന്വേഷണം കൂടി നടത്തേണ്ടതുണ്ട്. ഈ സമിതിക്കായി മുടക്കുന്ന കോടികള് അവിടെ തൊഴിലെടുക്കാന് എത്തിപ്പെടുന്നവര്ക്കല്ലാതെ കുട്ടികള്ക്കും അധ്യാപകര്ക്കും ഉപകാരപ്പെടുന്നുണ്ടോ എന്നതാണ് അന്വേഷിക്കേണ്ടത്. ഗുണകരമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് പൊതുജനത്തിനറിയാമെങ്കിലും ഔദ്യോഗികമായി ഒരു സമിതി പറയുന്നതാണല്ലൊ ശരിയായ രീതി. ഒന്നും ചെയ്യാന് കഴിയുന്നില്ലെങ്കില് കാമ്പസുകളിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന് നടപടിയെടുക്കണം എന്ന് സര്ക്കാരിനോട് ആവശ്യപ്പെടുകയെങ്കിലും ചെയ്തുകൂടെ. കുട്ടികളെ അടിപിടിയും വെട്ടുകുത്തും പഠിപ്പിക്കുന്ന ഇടമാകരുത് കാമ്പസുകള് എന്നു പറയാന് കൊണ്സിലിന് കഴിയണ്ടെ. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുഗുണമായി സിലബസും സംവിധാനങ്ങളും പരിഷ്ക്കരിച്ച് നമ്മുടെ കുട്ടികള്ക്ക് നാട്ടില് തൊഴില് ചെയ്ത് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടുക്കാനെങ്കിലും ആവശ്യപ്പെട്ടുകൂടെ. പോര്ട്ടലുണ്ടാക്കുമ്പോള് അതില് ഒരു കോളം കൂടി ഉള്പ്പെടുത്താന് കൌണ്സില് ശുപാര്ശ ചെയ്യണം. ഞാന് എന്തുകൊണ്ട് നാടുവിടുന്നു എന്നതുകൂടി രേഖപ്പെടുത്താന് കുട്ടികളോട് പറയണം. രാഷ്ട്രീയ അതിപ്രസരം കൊണ്ട് പോക്കണം കെട്ടുകിടക്കുന്ന ഒരു സംസ്ഥാനത്തുനിന്നും രക്ഷപെടാനാണ് അവരുടെ ഈ സാഹസം എന്ന് വെളിവാകുന്നതോടെയെങ്കിലും രാഷ്ട്രീയക്കാര്ക്ക് നേരംവെളുത്തു എന്ന് ബോധം ഉണ്ടാകുമെങ്കില് അത് നല്ലതാണ്. ബുദ്ധിജീവികളുടെ സമിതി കണ്ടെത്തുന്ന അക്കാദമിക ജാര്ഗണുകളേക്കാള് ജീവനുണ്ടാകും കുട്ടികളുടെ ഈ അഭിപ്രായത്തിന് എന്നതില് സംശയമില്ല
No comments:
Post a Comment