ചാണക്യനീതി -ഭാഗം - 5 - സമ്പത്ത്- ശ്ലോകം 1 മുതല് 10 വരെ
=========================
വി.ആര്.അജിത് കുമാര്
===================
5.1
ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ഒപ്പം പണമില്ലാതെ ജീവിക്കുന്നതിലും ഭേദം കടുവയും ആനയും വിഹരിക്കുന്ന കാട്ടില് ,ഒരു മരച്ചുവട്ടില് ഇലകളും പഴങ്ങളും കഴിച്ചും വെള്ളം കുടിച്ചും മരവുരി ധരിച്ചും പുല്ലില് ഉറങ്ങിയും ജീവിക്കുന്നതാണ്.
5.2
ഈ ലോകത്ത് മനുഷ്യന്റെ യഥാര്ത്ഥ മിത്രം പണമാണ്. പണമില്ലാത്തവനെ സുഹൃത്തുക്കളും ഭാര്യയും അഭ്യുദയകാംക്ഷിളും ആശ്രിതരും ഉപേക്ഷിച്ചുപോകും. പണം തിരികെ വന്നാല് ഉപേക്ഷിച്ചവരെല്ലാം തിരികെയെത്തും.
5.3
വിഡ്ഢികൾ ആരാധിക്കപ്പെടാത്ത,ഭക്ഷ്യധാന്യങ്ങൾ ശരിയായി സംഭരിക്കപ്പെടുന്ന, ഭാര്യയും ഭർത്താവും ഏറ്റുമുട്ടാത്ത ഇടങ്ങളില് ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മി സ്വന്തം ഇഷ്ടപ്രകാരം വന്നുചേരും.
5.4
അലക്കാത്ത വസ്ത്രം ധരിക്കുന്നവനും വൃത്തികെട്ട പല്ലുകൾ ഉള്ളവനും ആർത്തിയുള്ളവനും പരുഷമായി സംസാരിക്കുന്നവനും സൂര്യോദയത്തിനു ശേഷവും ഉറങ്ങുന്നവനും ലക്ഷ്മിയുടെ പ്രീതി നഷ്ടപ്പെടും
5.5 അന്യായമായി സമ്പാദിച്ച പണം പത്തു വർഷം നിലനിൽക്കും, പതിനൊന്നാം വർഷത്തിൽ, മുതലും പലിശയും ചേര്ന്ന് അത് അപ്രത്യക്ഷമാകും
5.6
മല്ലടിച്ചോ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയോ സമ്പത്ത് ഉണ്ടാക്കരുത്
5.7
ഒരു വൈക്കോൽ ഭാരം കുറഞ്ഞതാണ്, പഞ്ഞി അതിനേക്കാൾ ഭാരം കുറഞ്ഞതാണ്. ഏറ്റവും ഭാരം കുറഞ്ഞത് യാചകനാണ്. എന്തുകൊണ്ടാണ് കാറ്റ് അവനെ പറത്തിവിടാത്തത്? കാരണം അവൻ ഭിക്ഷ ചോദിക്കുമെന്ന് കാറ്റുപോലും ഭയപ്പെടുന്നു!
5.8
മോശം കാലത്തേക്ക് ഒരാള് പണം സൂക്ഷിച്ചുവയ്ക്കണം.ധനികർക്ക് ദുരന്തമുണ്ടാകുമോ എന്ന് സംശയിക്കേണ്ടതില്ല. എന്തെന്നാൽ, ലക്ഷ്മി ചഞ്ചലയാണ്, അവൾ പുറത്തേക്ക് പോകുമ്പോൾ, കുമിഞ്ഞുകൂടിയ സമ്പത്തും ഇല്ലാതാകും!
5.9
സമ്പത്ത് ശ്രദ്ധയോടെ വിനിയോഗിക്കപ്പെടേണ്ടതാണ്. ഏക ഭര്തൃവതിയായ സ്ത്രീയെ പോലെയോ വഴിയാത്രക്കാർ പോലും ആസ്വദിക്കുന്ന തെരുവിലെ സ്ത്രീയെപ്പോലെയോ ആകാന് പാടില്ല. ഇതിനിടയിലാണ് സമ്പത്തിനുള്ള സ്ഥാനം.
(ഇവിടെയും പുരുഷകേന്ദ്രീകൃതമായ സമൂഹത്തില് സ്ത്രീയുടെ സ്ഥാനം ഉപഭോഗവസ്തുവിനെപോലെയാണ് എന്നു കാണാം. )
5.10
പണവുമായി ബന്ധപ്പെടുമ്പോള് മഹാന്മാരുടെ പ്രവൃത്തികൾ പോലും വിചിത്രമാണ്. സമ്പത്ത് ഇല്ലാത്തപ്പോള് അവർ അതിനെ വൈക്കോൽ പോലെ ഭാരം കുറഞ്ഞതായി കണക്കാക്കുന്നു, എന്നാൽ സമ്പത്ത് ലഭിച്ചു തുടങ്ങുമ്പോൾ, അവർ അതിനെ കൈവിടാതെ അതിന് മുകളിലേക്ക് വളയുന്നു!
No comments:
Post a Comment