
ചാണക്യനീതി - ഭാഗം- 3-ലൌകിക ജ്ഞാനം -ശ്ലോകം 41മുതൽ 44 വരെ
================
വി. ആർ. അജിത് കുമാർ
=====================
3.41
രാജാവ് ഒരു കാര്യം ഒരു തവണ മാത്രമേ പറയൂ, പണ്ഡിതര്‍ ശിഷ്യരോട് ഒരു കാര്യം ഒരു തവണ മാത്രമേ പറയൂ, ഒരാൾ തന്‍റെ മകളെ ഒരു തവണ മാത്രമേ വിവാഹം കഴിപ്പിക്കുകയുള്ളു. ഇവ മൂന്നും ഒരിക്കൽ മാത്രമേ നടക്കുകയുള്ളു.
( ഇവിടെയും കാലഘട്ടം സ്ത്രീപക്ഷമായിരുന്നില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. എത്രമോശപ്പെട്ട ഭര്‍ത്താവാണെങ്കിലും അയാളെ പരിചരിച്ച് ജീവിക്കുവാനെ സ്ത്രീക്ക് അവകാശമുണ്ടായിരുന്നുള്ളു എന്ന് വ്യക്തം. മാത്രമല്ല, ഭര്‍ത്താവ് മരിച്ചാല്‍ പുനര്‍വിവാഹവും ഉണ്ടായിരുന്നില്ല എന്നും മനസിലാക്കണം)
3.42
അസംതൃപ്തനായ ബ്രാഹ്മണനും സംതൃപ്തനായ രാജാവും വിനയമുള്ള വേശ്യയും ധിക്കാരിയായ ഗൃഹനാഥയും വേഗത്തില്‍ നശിച്ചുപോകും.
3.43
അവസരത്തിനൊത്ത് സംസാരിക്കുന്നവനും കഴിവനുസരിച്ച് സഹായിക്കുന്നവനും അധികാരം മനസിലാക്കി കോപിക്കുന്നവനുമാണ് യഥാര്‍ത്ഥ പണ്ഡിതന്‍.
3.44
സ്വർണ്ണത്തിന് സുഗന്ധം നല്‍കാനും, കരിമ്പിന് പഴം നല്‍കാനും, ചന്ദനമരത്തിന് പൂക്കൾ നൽകാനും, പണ്ഡിതന് സമ്പത്ത് നൽകാനും, രാജാവിന് ദീർഘായുസ്സ് നൽകാനും സ്രഷ്ടാവായ ബ്രഹ്മാവിനെ ആരും ഉപദേശിച്ചിട്ടില്ലായിരിക്കാം🙏🏿
ചാണക്യനീതി –ഭാഗം -3 -ലൌകികജ്ഞാനം- ശ്ലോകം 31 മുതൽ 40 വരെ
====================
വി. ആർ. അജിത് കുമാർ
======================
3.31
തേന്‍ പോലെ മധുരമുള്ളവനും ഔഷധങ്ങളുടെ ദേവനുമായ ചന്ദ്രൻ, അമൃത് പോലെ അനശ്വരനും ശോഭയുള്ളവനുമാണ്. എന്നാല്‍ സൂര്യന്‍റെ സാന്നിധ്യത്തിൽ അതിന്‍റെ പ്രഭ നശിക്കുന്നു. അതുപോലെയാണ് മറ്റൊരാളുടെ വീട്ടിൽ താമസിക്കുന്നവന്‍റെയും സ്ഥിതി. അവന്‍ അപകർഷതകൊണ്ട് വിളറിപ്പോകുക സ്വാഭാവികം.
3.32
ദാരിദ്ര്യത്തെ മനക്കരുത്തുകൊണ്ട് മറികടക്കാം. മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കാം. പാകംചെയ്യാത്ത ഭക്ഷണം ചൂടാക്കി ഉപയോഗിക്കാം. വൈരൂപ്യത്തെ നല്ല സ്വഭാവം കൊണ്ട് മറികടക്കാം.
3.33
സമ്പത്തല്ല, സദ്‌ഗുണങ്ങളാണ് എല്ലായിടത്തും അഭിനന്ദിക്കപ്പെടുക. അര്‍ദ്ധചന്ദ്രന്‍ കളങ്കമില്ലാത്തവനാണെങ്കിലും പൂർണ്ണചന്ദ്രനെയാണ് എല്ലാവരും ആരാധിക്കുക എന്നോര്‍ക്കുക.
3.34
ഒരു വ്യക്തിയുടെ പെരുമാറ്റം അവന്‍റെ കുടുംബമഹിമ സൂചിപ്പിക്കുന്നു. ഭാഷ അവന്‍ ജനിച്ച പ്രദേശത്തെ തിരിച്ചറിയാന്‍ ഉപകരിക്കുന്നു. ഊഷ്മളതയും വാത്സല്യവും സൗഹൃദത്തെ സൂചിപ്പിക്കുന്നു. ശരീരഘടന പോഷണത്തെ സൂചിപ്പിക്കുന്നു.
3.35
ഭൂഗർഭജലം ശുദ്ധമാണ്, ഭർത്താവിനോട് വിശ്വസ്തയായ സ്ത്രീയും ശുദ്ധയാണ്. ഉദാരമതിയായ രാജാവും സംതൃപ്‌തനായ ബ്രാഹ്മണനും ഇത്തരത്തില്‍ ശുദ്ധതയുള്ളവരാണ്.
3.36
പഠിച്ച കാര്യങ്ങള്‍ നിലനില്‍ക്കാന്‍ പരിശീലനം അനിവാര്യമാണ്. അംഗങ്ങളുടെ നല്ല പെരുമാറ്റത്തിലൂടെ മാത്രമെ കുടുംബബന്ധങ്ങൾ നിലനില്‍ക്കുകയുള്ളു. ഒരു ആര്യന്‍ അവന്‍റെ ഉത്തമഗുണങ്ങളാല്‍ അറിയപ്പെടുന്നു. കണ്ണുകളിലാണ് കോപം പ്രതിഫലിക്കുന്നത്.
3.37
വിവേകമുള്ള വ്യക്തി നേടിയെടുക്കുന്ന നൻമ തിളങ്ങുന്ന സ്വർണ്ണത്തിൽ പതിച്ച രത്നംപോലെ തിളക്കമേറ്റുന്നതാണ്.
3.38
ബുദ്ധിയുള്ളവൻ ശക്തിയിലും സമ്പന്നനാണെങ്കിൽ, അവനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ദുരഹങ്കാരിയെങ്കില്‍ അഹങ്കാരിയായ സിംഹത്തെ ഒരു കുറുനരി മരണത്തിലേക്ക് കൊണ്ടെത്തിച്ച പോലെയുള്ള അനുഭവമാകും ഉണ്ടാവുക.
(ഇവിടെ പഞ്ചതന്ത്രം കഥയാണ് ചാണക്യന്‍ ഉദാഹരണമാക്കുന്നത്.ആരോഗ്യം നശിച്ച സിംഹത്തിന് വേട്ടയാടാന്‍ കഴിയാതെയായി. തന്‍റെ ക്ഷേമം അന്വേഷിക്കാന്‍ ദിവസവും ഓരോ മൃഗങ്ങള്‍ തന്‍റെ ഗുഹയിലെത്തണമെന്ന് സിംഹം നിര്‍ദ്ദേശിച്ചു. മൃഗങ്ങളെത്തുമ്പോള് വാതില്ക്കല് കിടക്കുന്ന സിംഹം അകത്തുപോയി മരുന്നെടുത്ത് കൊണ്ടുവരാന്‍ മൃഗത്തോട് നിര്‍ദ്ദേശിക്കും. അത് കത്തുകയറുമ്പോള് സിംഹം പിന്നാലെ ചെന്ന് അതിനെ ഭക്ഷണമാക്കും. സിംഹത്തെ കാണാന്‍പോയ സുഹൃത്തുക്കളുടെ തിരോധാനം അറിയാനായി കുറുക്കന് എത്തി. അവനോടും മരുന്നെടുത്തുവരാൻ സിംഹം നിര്‍ദ്ദേശിച്ചു. മൃഗങ്ങളുടെ കാല്‍പ്പാടുകള്‍ അകത്തേക്ക് മാത്രമെയുള്ളു, അവരൊന്നും തിരികെ മടങ്ങിയിട്ടില്ല എന്നത് അപ്പോഴാണ് കുറുക്കന് ശ്രദ്ധിച്ചത്. അവന്‍ അത് ചോദിച്ചപ്പോള് ആ കാല്‍പ്പാടുകള്‍ താന്‍ മായ്ച്ചുകളഞ്ഞതാണെന്ന് സിംഹം കളവ് പറഞ്ഞു. രാജാവ് കള്ളം പറയുകയാണ് എന്നു മനസിലാക്കിയ കുറുക്കന് താങ്കളുടെ ചതി ഞാന് കാട്ടിലെല്ലാവരേയും അറിയിക്കും എന്നു പറഞ്ഞ് മടങ്ങി. അതിന് ശേഷം ഒരു മൃഗവും സിംഹത്തിനെ കാണാന് വന്നില്ല. അവന്‍ പട്ടിണികിടന്ന് മരിക്കുകയും ചെയ്തു.)
3.39
ബലവാന്മാർക്ക് ഭാരമുള്ള ജോലി ഏതാണ്? വ്യാപാരിക്ക് വളരെ അകലെയുള്ള സ്ഥലം ഏതാണ്? ഏത് രാജ്യമാണ് പണ്ഡിതർക്ക് അന്യമായത്? മൃദുഭാഷികളോട് ആർക്കാണ് പരുഷമായി പെരുമാറാൻ കഴിയുക?
3.40
അത്യാഗ്രഹത്തേക്കാൾ മോശമായ വൈകല്യം എന്താണ്? വഞ്ചനയെക്കാൾ നീചമായ പ്രവൃത്തി എന്താണ്? നിങ്ങൾ സത്യസന്ധനാണെങ്കിൽ, പുണ്യം നേടാന്‍ വ്രതമനുഷ്ഠിക്കേണ്ടതില്ല. നിങ്ങൾ നല്ല ധര്‍മ്മബോധമുള്ള വ്യക്തിയാണെങ്കിൽ, ആത്മശുദ്ധിക്കായി തീർത്ഥാടനം നടത്തേണ്ടതില്ല. നന്മ പോലെ വിശിഷ്ടമായ ഒന്നുംതന്നെയില്ല എന്നറിയുക. നിങ്ങൾ ശ്രേഷ്ടനാണെങ്കിൽ, നിങ്ങൾക്ക് മറ്റ് അലങ്കാരങ്ങള്‍ ആവശ്യമില്ല. വിദ്യാഭ്യാസത്തേക്കാൾ മികച്ച സമ്പത്ത് എങ്ങും ലഭിക്കില്ല. മരണത്തേക്കാൾ മോശമാണ് കുപ്രസിദ്ധി എന്നും അറിയുക.🙏🏿
ചാണക്യനീതി - ഭാഗം- 3-ലൌകിക ജ്ഞാനം -ശ്ലോകം 21മുതൽ 30 വരെ
================
വി. ആർ. അജിത് കുമാർ
=====================
3.21
ഒരേ വസ്തുവിനെ മൂന്ന് വിധത്തിൽ മനസ്സിലാക്കാം: ഒരു യോഗിക്ക് സ്ത്രീ വെറുമൊരു ശരീരം മാത്രമാണ്. എന്നാല്‍ ഒരു കാമഭ്രാന്തന് അവള്‍ കാമവസ്തുവും നായ്ക്കള്‍ക്ക് വെറും ഇരയും മാത്രമാണ്.
( ഇവിടെ സ്ത്രീ ഒരു വസ്തുവിന് തുല്യമായി കണക്കാക്കപ്പെടുന്നത് ആ കാലത്തെ പുരുഷ സമീപനത്തിന് ഉദാഹരണമായി കാണാം.)
3.22
മദപ്പാടുള്ള ആനയുടെ തലയിൽ നിന്ന് ഒഴുകുന്ന ദ്രാവകം തേടിയെത്തുന്ന തേനീച്ചകളെ ചെവികൊണ്ട് അടിച്ചോടിക്കാന്‍ ആന ശ്രമിക്കുമ്പോള്‍ അതിന്‍റെ നെറ്റിപ്പട്ടം താഴെവീണുപോകും. ആനയുടെ നഷ്ടത്തെ കൂസാതെ തേനീച്ച താമര നിറഞ്ഞ തടാകത്തിലേക്ക് മടങ്ങി സന്തുഷ്ടനായി തേന്‍ ഭുജിക്കും.
(ശല്യക്കാരായ ചില മനുഷ്യരും വലിയ പദവികളിലുള്ളവരെ ഇത്തരത്തില്‍ ഉപദ്രവിക്കുകയും അവര്‍ക്കുണ്ടാകുന്ന അപമാനത്തില്‍ ആനന്ദിക്കുകയും ചെയ്യാറുണ്ട് .)
3.23
ജന്മനാ അന്ധരായവര്‍ ജീവിതത്തില്‍ ഒന്നുംതന്നെ കാണുന്നില്ല. അതുപോലെയാണ് കാമത്തിന്‍റെ പിടിയില്‍ അമരുന്നവരും.അവരുടെ മനസ് അന്ധമായിരിക്കും. അഹങ്കാരികൾക്ക് തിന്മയെക്കുറിച്ച് യാതൊരു ധാരണയുമുണ്ടാകില്ല, അതുപോലെ സമ്പന്നരാകാൻ ശ്രമിക്കുന്നവരും അവരുടെ പ്രവൃത്തികളിലെ പാപം കാണാതെപോകും.
3.24
ഭയാനകമായ ഒരു വിപത്തിൽ നിന്നും, ഒരു വിദേശ ആക്രമണത്തിൽ നിന്നും, ദാരുണമായ ക്ഷാമത്തിൽ നിന്നും, ദുഷ്ടന്മാരുടെ സൗഹൃദത്തിൽ നിന്നും ഓടിരക്ഷപെടുന്നവര്‍ സുരക്ഷിതരായിരിക്കും.
3.25
രാഹുവിന് അമൃത് മാരകമായതുപോലെയും വിഷം ശങ്കരന് അലങ്കാരമായതുപോലെയും, ഒരു ദുഷ്ടന്‍ ചെയ്യുന്ന പുണ്യം പോലും അനുചിതമായിരിക്കും,എന്നാല്‍ ഒരു സ്വാമി ചെയ്യുന്ന അബദ്ധപ്രവൃത്തി പോലും ശരിയായി വരുകയും ചെയ്യും.
(ഇവിടെ സ്വാമി എന്നത് മേന്മയുള്ള വ്യക്തി എന്നര്‍ത്ഥത്തിലാകണം ഉപയോഗിച്ചിരിക്കുന്നത്)
3.26
ബ്രാഹ്മണന്‍റെ ശക്തി അവന്‍റെ അറിവാണ്. രാജാവിന്‍റെ ശക്തി അവന്‍റെ സൈന്യമാണ്, വൈശ്യന്‍റെ ശക്തി അവന്‍റെ പണമാണ്, ശൂദ്രന്‍റെ ശക്തി അവന്‍റെ വിനയമാണ്
3.27
പ്രയോഗത്തില്‍ വരുത്താത്ത അറിവ് നഷ്ടമായ അറിവിന് തുല്യമാണ്. അജ്ഞതയില്‍ കഴിയുന്ന മനുഷ്യൻ മൃഗതുല്ല്യനാണ്. സൈന്യാധിപനില്ലാത്ത സൈന്യം പരാജയമാണ്. ഭര്‍ത്താവില്ലാത്ത സ്ത്രീ പാഴ്ജന്മമാണ്.
( ചാണക്യന്‍റെ കാലത്ത് സ്ത്രീ വീട്ടിനുള്ളില്‍ കഴിയുന്നവളും ഭര്‍ത്താവിനെ ആശ്രയിച്ച് ജീവിക്കുന്നവളുമായിരുന്നു എന്ന് വ്യക്തം.)
3.28
കൂറ്റൻ ആനയെ ആനക്കാരന്‍ അടക്കി നിർത്തുന്നത് ചെറിയൊരു തോട്ടി ഉപയോഗിച്ചാണ്. തോട്ടി ആനയുമായി താരമ്യം ചെയ്യുമ്പോള്‍ എത്രയോ ചെറുതാണ്. വിളക്ക് കത്തുമ്പോൾ അത് ഇരുട്ടിനെ അകറ്റുന്നു. ഇരുട്ടിന്‍റെ വ്യാപ്തി നോക്കുമ്പോള്‍ വിളക്ക് എത്രയോ ചെറുതാണ്. ഇടിമിന്നലേറ്റാൽ ഒരു പർവ്വതം തകരും. ഇടിമിന്നൽ കാഴ്ചയില്‍ എത്രയോ ചെറുതാണ്. സത്യത്തില്‍ അധികാരം ഉള്ളവനാണ് ശക്തന്‍. വലിപ്പത്തിൽ ഒരുകാര്യവുമില്ല.
3.29
ഒരു കുയിലിന്‍റെ സൗന്ദര്യം അതിന്‍റെ ശബ്ദമാണ്. ഒരു സ്ത്രീയുടെ സൗന്ദര്യം ഭർത്താവിനോടുള്ള അവളുടെ വിശ്വസ്തതയാണ്. മുഖസൌന്ദര്യമില്ലാത്തവന് അറിവുണ്ടെങ്കില്‍ അതവന്‍റെ സൌന്ദര്യമാണ്. ക്ഷമിക്കാനുള്ള കഴിവാണ് സന്യാസിയുടെ സൗന്ദര്യം.
3.30
മുന്‍കാലചെയ്തികളിലെ തെറ്റുകള്‍ മനസിലാക്കി മുന്നേറുന്നതാണ് തിരിച്ചറിവ്. അത് എത്രനേരത്തെ സംഭവിക്കുന്നുവോ അത്രയേറെ അഭിവൃദ്ധിയും ഉണ്ടാകും?👍🏼