ദ്രൌപതി അമ്മന്‍
==================
വി.ആര്.അജിത് കുമാര്‍
======================
തീയിലൂടെ നടക്കുന്ന ചടങ്ങ് അവസാനിക്കുമ്പോഴാണ്
കതിരവനും കൂട്ടുകാരും ക്ഷേത്രത്തിലേക്ക് കടന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന
വാര്‍ഷിക ഉത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ചാണ് കല്‍ക്കരികനലിലൂടെയുള്ള നടത്ത.
അതുവരെയുള്ള പാപങ്ങളില്‍ നിന്നും ജീവിത ദുരിതങ്ങളില്‍ നിന്നും ഗ്രാമീണരെ
മോചിപ്പിക്കുകയാണ് കനല്‍നടത്തത്തിലൂടെ ഭക്തര്‍ ചെയ്യുന്നത്. ഗ്രാമീണര്‍ എന്നാല്‍
ക്ഷേത്രഭാരവാഹികളെ സംബ്ബന്ധിച്ചിടത്തോളം വണ്ണിയാര്‍ ഗൌണ്ടര്‍മാര്‍ മാത്രമാണ്.
അവരുടെ വയലുകളിലും പറമ്പിലും പണിയെടുക്കുന്ന ആദിദ്രാവിഡരും നാമമാത്രമായ പട്ടികവര്‍ഗ്ഗക്കാരും
ഈ ഗ്രാമീണരില്‍ ഉള്‍പ്പെടുന്നില്ല. അതിലൊരുവനായ കതിരവനും കൂട്ടുകാരുമാണ്
കോവിലിനുള്ളില്‍ കടന്നിരിക്കുന്നത്. അവിടെ കൂടി നിന്നിരുന്ന വണ്ണിയാര്‍ കൂട്ടവും
കോവിലധികാരികളും ആദ്യമൊന്ന് പകച്ചു, പിന്നെ അട്ടഹാസമായി.”കൊന്നുകളയെടാ ഈ
നായിന്‍റെ മക്കളെ”, അധികാരികളില്‍ ആരുടെയോ ശബ്ദമുയര്‍ന്നു.
കതിരവനും കൂട്ടുകാരും അടിയേറ്റ് തറയില്‍ വീണു. “തായേ, ദ്രൌപതി
അമ്മന്‍ തായേ,കാപ്പാത്തുങ്കോ” ,അവര്‍ അലറി വിളിച്ചു. കോവിലിനുള്ളില്‍ അമ്മയുടെ
ചലനങ്ങളൊന്നും ഉണ്ടായില്ല. അശ്ലീലവാക്കുകള്‍ കേട്ട് അവര്‍ നടുങ്ങിയിട്ടുണ്ടാകും.
മക്കളെ ഉപദ്രവിക്കുന്നത് കണ്ട് ബോധശൂന്യയായതോ എന്നും അറിയില്ല. ഏതായാലും
കതിരവനെയും കൂട്ടുകാരെയും അടിച്ചു പുറത്തിട്ടശേഷം ക്ഷേത്രം ശുദ്ധിവരുത്താനായി അവര്‍ കിണറിനടുത്തേക്ക്
നടന്നു. പ്രധാനികള്‍ ശുദ്ധീകരിക്കുന്നതിനുള്ള കര്‍മ്മങ്ങള്‍ ആലോചിക്കാന്‍
ഒത്തുകൂടി. കതിരവനും കൂട്ടുകാരും അടികൊണ്ട് ഒടിഞ്ഞ കാലും വലിച്ചുകൊണ്ട്
ക്ഷേത്രത്തിന് മുന്നിലൂടെ ഇഴഞ്ഞു. അവര്‍ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. കുറേ
ദൂരം ചെന്നപ്പോഴാണ് വെട്രിവേലിനെ കണ്ടത്. “അണ്ണാ ഇത് പാര്, കാലെല്ലാം ഒടഞ്ച് പോച്ച്. വേദന
സഹിക്കവയ്യണ്ണാ”
വെട്രിവേല്‍ അവരുടെ സമുദായ നേതാവാണ്. അവന്‍
ഓടിവന്നു. മൊബൈലിലൂടെ മറ്റുള്ളവരെയും വിളിച്ചു വരുത്തി.അവിടെ വലിയ കൂട്ടമായി.
ഇപ്പോള്‍ ചോദിക്കണം,പറയണം എന്നൊക്കെയായി. ആദ്യം കൊച്ചുങ്ങളെ ആസ്പത്രിയിലാക്കാം,
ബാക്കി പിന്നീടല്ലെ എന്ന് വെട്രിവേല്‍ പറഞ്ഞതോടെ അവര്‍ അടങ്ങി. ആംബുലന്‍സ് വരുത്തി
അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. “നീ എന്തിനെടാ അവിടെ പോയത്”, ആരോ
കതിരവനോട് ചോദിച്ചു.കൂട്ടുകാരന്‍ വീരനാണ് മറുപടി പറഞ്ഞത്. “ഇവന്‍ പറഞ്ഞു,
ചെറുപ്പത്തിലേ ഉള്ള ഇവനുടെ ആശൈ. കനലാട്ടം കാണണം. എങ്കില്‍ അതിപ്പോള്‍ സാധിക്കാം
എന്നായി ഞങ്ങള്‍. അങ്ങിനെയാണ് അവിടെ പോയത്”
“ നിങ്ങളല്ല പോയത് ഉള്ളില്‍ കിടന്ന മദ്യം എന്നു
പറഞ്ഞാല്‍ മതിയല്ലോ”, മദ്യത്തിന്‍റെ മണം വണ്ടിയില്‍
നിറയുന്നുണ്ടായിരുന്നു. അവര്‍ മറുപടി പറഞ്ഞില്ല. “എന്തൊരു ധൈര്യമാടാ
ഇത്, ഇങ്ങിനെ വല്ലതും ചെയ്യും മുന്നെ കൂട്ടായി ചിന്തിക്കണ്ടേ”
“ ചോദിച്ചാല്‍ യാരും സമ്മതിക്കില്ല
എന്നറിയാമായിരുന്നു, അതുകൊണ്ടാണ്”, കതിരവന്‍ പറഞ്ഞു.
“ഞങ്ങള്‍
കൂടെനിന്നേനെ”, വെട്രിവേല്‍ മറുപടിയായി പറഞ്ഞു. “കാലൊടിഞ്ഞെങ്കിലും
സാരമില്ലടാ മക്കളെ, അറിഞ്ഞോ അറിയാതെയോ വലിയൊരു സമരത്തിനാണ് നിങ്ങള്‍ തീ
കൊളുത്തിയിരിക്കുന്നത്. അവര്‍ അഗ്നിശുദ്ധി വരുത്തിയ ആ തീയില്‍ നിന്നാണ് നമ്മള്‍
ഇവിടെ അയിത്തത്തിനെതിരായ തീ കൊളുത്തുന്നത്. “
കതിരവനെയും കൂട്ടരേയും തല്ലിയ ആ നാളിന് ശേഷം മേല്‍പതി ഗ്രാമം
സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല. കതിരവനെ തല്ലിയ രാത്രിയുടെ ഇരുള്‍ മാഞ്ഞ്
കിഴക്ക് സൂര്യനുദിക്കുമ്പോള്‍ വെട്രിവേലും കൂട്ടരും പോലീസ് സ്റ്റേഷനിലെത്തി പരാതി
നല്‍കിയിരുന്നു. മാധ്യമങ്ങളെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. വിക്രവന്തി
താലൂക്കാഫീസില്‍ പോയി പരാതി നല്‍കി. സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന
ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പാക്കണം എന്നതായിരുന്നു ആവശ്യം.
വില്ലുപുരം കളക്ടറേറ്റിലെത്തി പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം അന്വേഷിക്കണം
എന്നാവശ്യപ്പെട്ടും പരാതി നല്‍കി. സൂര്യന്‍ ചൂട് പിടിക്കുന്തോറും ഗ്രാമത്തിലെ
പ്രശ്നങ്ങള്‍ക്കും ചൂടേറുകയായിരുന്നു. വണ്ണിയാര്‍മാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
അവരെ ആദിദ്രാവിഡര്‍ ആക്രമിച്ചു എന്ന മട്ടില്‍ അവരും കേസ് കൊടുത്തു. സ്വകാര്യ
ഭൂമിയും അതിലുള്ള കോവിലുമാണ് എന്നവകാശപ്പെട്ട് താലൂക്കിലെത്തി പരാതി നല്‍കി.
കളക്ടറെ കണ്ടും അവകാശമുന്നയിച്ചു.
കാലം
മാറിയതറിയാത്തവരല്ല മേല്‍പതി വില്ലേജിലെ മേളാറന്മാര്‍. മറ്റെവിടെ മാറിയാലും ഇവിടെ
മാറ്റം അനുവദിക്കില്ല എന്നുമാത്രം. നേരിട്ടറിയുന്നവര്‍ക്ക് മാത്രമെ അശുദ്ധിയുള്ളു
എന്നതില്‍ നിന്നുതന്നെ അവരുടെ ഇടുങ്ങിയ മനസ് മനസിലാക്കാം. അവര്‍ ബസില്‍
യാത്രചെയ്യുമ്പോള്‍ തൊട്ടടുത്തിരിക്കുന്നവന്‍റെ ജാതി നോക്കിയിരുന്നില്ല, കടയില്‍
നിന്നും ചായ കുടിക്കുമ്പോള്‍ ആ ഗ്ലാസ്സ് നേരത്തെ ആരാണ് ഉപയോഗിച്ചിരുന്നത്
എന്നന്വേഷിച്ചില്ല. വെറും ആപേക്ഷികമായ അശുദ്ധി ചിന്തകളാല്‍ കലുഷിതമായ മനസുമായി
ഇവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രനടയിലെത്തുമ്പോള്‍ ശ്രീ ധര്‍മ്മരാജ ദ്രൌപദി
അമ്മന്‍ കോവിലിലെ ദേവി രുദ്രയായി അവരെ നോക്കുന്നത് മനസിലാക്കാന്‍ പോലുമുള്ള
ദൈവാധീനം അവര്‍ക്കുണ്ടായില്ല. അതുകൊണ്ടുതന്നെ ഇതുവരെ വണങ്ങിയും മാറിയും
നിന്നിരുന്ന ആദിദ്രാവിഡര്‍ തലയുയര്‍ത്തിനിന്ന് സംസാരിക്കാന്‍ തുടങ്ങി. സമാധാന ചര്‍ച്ചയില്‍
വണ്ണിയാര്‍ നേതാക്കളുടെ മറുവശത്തിരുന്ന് തര്‍ക്കിക്കാന്‍ തുടങ്ങി. ഏത്
മാറ്റത്തിനും ഒരു നിമിത്തവും രക്തസാക്ഷിയും വേണം എന്നു പറയുംപോലെ ഇവിടെ കതിരവനും കൂട്ടുകാരുമായി നിമിത്തങ്ങള്‍.
എപ്പോഴും ആലസ്യത്തിലാണ്ട് കിടന്ന ദ്രൌപതി അമ്മന്‍
കോവിലിന്‍റെ പരിസരത്തുള്ള ആല്‍മരച്ചുവടുകള്‍ സജീവങ്ങളായി.
രാഷ്ട്രീയ-സാമുദായിക-സമൂഹിക പ്രവര്‍ത്തകര്‍ സ്ഥിരമായി വന്നുപോയി. പലതരം
ആള്ക്കൂട്ടങ്ങളും പോലീസും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് സജീവമാക്കിയ പറമ്പില്‍
തുടര്‍സംഘര്‍ഷങ്ങളുണ്ടാകില്ലെന്നുറപ്പാക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിച്ചു. ഒരു
ചായത്തട്ടും ജ്യൂസ് തട്ടും സജീവമായി. കഴിഞ്ഞ ദിവസമാണ് ഇളനീര്‍ വില്‍പ്പനക്കാരന്‍
കൂടി എത്തിയത്. ചൂട് ഏറിയിരിക്കുന്നു. രാവിലെ എട്ടുമണിക്കുതന്നെ പുറത്തേക്ക്
നോക്കാന്‍ വയ്യാത്തവിധം കനലെരിയുകയാണ്. ഉച്ചയാകുമ്പോള്‍ മണ്ണ് തിളച്ചുമറിയുകയാണ്.
സായംകാലത്താണ് തെല്ലൊരു കാറ്റുണ്ടാകുക. അപ്പോള്‍ ആല്‍മരത്തിന്‍റെ ഇലകളും
ആശ്വാസത്തോടെ ചെവിയാട്ടിത്തുടങ്ങും.
ശ്രീധരന്‍ മൂന്ന് വണ്ടികയറിയാണ് മേല്‍പതിയിലെത്തിയത്.
വരുംവഴിയില്‍ നോക്കെത്താ ദൂരം വയലുകളാണ്. നെല്ലാണ് കൂടുതലും. പച്ചപ്പിന്‍റെ
പ്രഭാപൂരം. ചിലയിടങ്ങളില്‍ പയറുചെടികളും കാണാം. അവ ഉഴുന്നാണെന്ന് പിന്നീടയാള്‍ മനസിലാക്കി.
ഭൂമിയെല്ലാം വണ്ണിയാന്മാരുടേതാണ്. പണിയെടുത്ത് സമൃദ്ധമാക്കിയത് ആദിദ്രാവിഡരും.
ഇരുനൂറ്റിയന്‍പത് കുടുംബങ്ങളാണ് മേല്‍പതിയിലുള്ളത്. ഇതില്‍ പകുതിയിലധികവും
വണ്ണിയാര്‍ സമുദായമാണ്. സമ്പന്നരും വിദ്യാഭ്യാസമുള്ളവരുമാണ് അവര്‍. നാല്‍പ്പത്
ശതമാനത്തോളം വരും ആദിദ്രാവിഡര്‍. ഇവരില്‍ ഭൂരിപക്ഷവും വണ്ണിയാര്‍ ഭൂമിയില്‍ പണിയെടുക്കുകയാണ്.
പുതിയ തലമുറ സ്കൂളില്‍ പോവുകയും പഠിക്കുകയും പുതിയ ലോകത്തെ അറിയുകയുമൊക്കെ
ചെയ്യുന്നു. അവരുടെ നേതാവാണ് വെട്രിവേല്‍. വെട്രിവേലാണ് അവരുടെ അംബദ്ക്കര്‍. അയാള്‍
സ്കൂള്‍ പഠിപ്പിനേക്കാളേറെ അറിവ് പുറത്തുനിന്നും നേടിയിരിക്കുന്നു. അയാള്‍ നന്നായി
സംസാരിക്കും. കേള്‍ക്കുന്നവര്‍ക്ക് അത് ശരിയാണെന്ന് ബോധ്യപ്പെടും. മേല്‍പാതിയില്‍
പ്രധാന ഇടങ്ങളെല്ലാം വണ്ണിയാന്മാരുടേതാണ്. ആദിദ്രാവിഡര്‍ താമസിക്കുന്നത്
കോളനിയിലാണ്. കോളനിയില്‍ വെട്രിവേല്‍ സമുദായ അംഗങ്ങളുമായി
സംസാരിക്കുന്നിടത്തായിരുന്നു ശ്രീധരന്‍.
“നാന്‍ ഇന്നലെ
അധികാരികളെ കണ്ട് സംസാരിച്ചു. ഇന്ത കോവില്‍ ഹിന്ദു മത-ചാരിറ്റബിള്‍ ആന്‍റ് എന്‍ഡോവ്മെന്‍്സ്
വകുപ്പിന് കീഴില്‍ വരുന്നതാണ്. വണ്ണിയാര്‍മാര്‍ വര്‍ഷങ്ങളായി കൈവശം
വച്ചുകൊണ്ടിരിക്കയാണ്. ഇത് എട്ട് കുടുംബക്കാരുടെ വകയാണെന്നും സര്‍ക്കാര്‍ കള്ളരേഖ
ഉണ്ടാക്കി എന്നുമാണ് അവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നമുക്കനുകൂലമായി
നില്‍ക്കും. ഇത് കുടുബങ്ങളുടെ സ്വത്തായതിനാല്‍ അവരുടെ ആളുകളെ മാത്രമെ കയറ്റൂ
എന്നും അവര്‍ക്കേ അതിനവകാശമുള്ളൂ എന്നുമാണ് വണ്ണിയാര്‍ നേതാക്കള്‍ പറയുന്നത്.
കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ അവര്‍ പറഞ്ഞത് ഞങ്ങടെ ക്ഷേത്രം,ഞങ്ങടെ ദൈവം
എന്നാണ്. നമ്മുടെ രാജ്യത്തെ നിയമപ്രകാരം അത്തരമൊരവകാശം ഹിന്ദുക്കള്‍ക്കില്ല.
ദളിതരെ പ്രവേശിപ്പിക്കില്ല എന്നതാണ് അവരുടെ നയം.ദളിതരെ പ്രവേശിപ്പിക്കില്ലെങ്കില്‍
ആരും പ്രവേശിക്കണ്ട എന്നതാണ് നമ്മുടെ നയം. അതേ ഇന്നത്തെക്കാലത്ത്
വിജയിക്കുകയുള്ളു. ഇതില്‍ നിന്നും നമ്മള്‍ പിറകോട്ട് പോകരുത്.”
“അപ്പോള്‍
അവര്‍ നമുക്ക് ജോലി തരാതാകില്ലെ”, വരലക്ഷ്മി ചോദിച്ചു. “നമ്മള്‍ക്ക് ജോലി
തന്നില്ലെങ്കില്‍ മറ്റാരും പുറമെനിന്നും വരാതിരിക്കാന്‍ നമ്മള്‍ നടപടി
സ്വീകരിക്കും. നമ്മള്‍ പട്ടിണികിടക്കാതെ നോക്കാന്‍ സംവിധാനം ചെയ്യും. നഷ്ടം
ഗൌണ്ടര്‍മാര്‍ക്കാവും. അവരുടെ കൃഷി കിടന്ന് നശിക്കും, ഭൂമി തരിശാവും. ഇത് ദൈവത്തെ
കണ്ട് തൊഴാനായുള്ള സമരമല്ല, നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടമാണ്”,വെട്രിവേല്‍
പറഞ്ഞു.
വരലക്ഷ്മിക്ക് സമാധാനമായി. വെട്രിവേല്‍ തുടര്‍ന്നു,”ഇന്ത്യന്‍ ഭരണഘടനയിലെ
ആര്‍ട്ടിക്കിള്‍ 17 പ്രകാരം എത്തരത്തിലുള്ള തൊട്ടുകൂടായ്മയും ശിക്ഷാര്‍ഹമാണ്.
ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതും ക്ഷേത്രത്തില്‍ കയറിയവരെ ഉപദ്രവിക്കുന്നതും ഈ
നിയമപ്രകാരം കുറ്റമാണ്. അങ്ങിനെവരുമ്പോള്‍ ഇവിടത്തെ വണ്ണിയാന്മാരെല്ലാം ജയിലില്‍
പോകേണ്ട കുറ്റമാണ് ചെയ്തിരിക്കുന്നത്. “
“ആ ആര്‍ട്ടിക്കിള്‍
എത്രയെന്ന് ഒന്നുകൂടി പറയാമോ?”, ഭാരതിരാജ ചോദിച്ചു. ആ ചോദ്യം വെട്രിവേലിന്
ഇഷ്ടപ്പെട്ടു. “ഇതൊക്കെ നമ്മളെല്ലാം പഠിച്ചുവയ്ക്കണം. ഒരു
സ്കൂളിലും ഇന്തമാതിരി പഠനം കിട്ടില്ല. എഴുതിക്കോളൂ,ആര്‍ട്ടിക്കിള്‍ പതിനേഴ്. ഇതിനും
പുറമെ തമിഴ്നാട് ക്ഷേത്രപ്രവേശന അനുമതി നിയമം 1947 പ്രകാരവും ഇവര്‍ക്ക് ശിക്ഷ
ലഭിക്കും. ഇതെല്ലാമാണ് നമ്മള്‍ പഠിക്കേണ്ടത്. അല്ലാതെ ഭാഷയുടെ മാഹാത്മ്യവും ചോള-പാണ്ഡ്യ
പാരമ്പര്യവുമൊന്നുമല്ല”
ശ്രീധരന് ആ പ്രസംഗം ഏറെ ഇഷ്ടമായി. ശ്രീധരന്‍റെ
ഓര്‍മ്മ പഠിച്ച ചരിത്രത്തിലേക്ക് പെട്ടെന്നൊരു പ്രദക്ഷിണം വച്ചു. ചോളന്മാര്‍
ഭരിച്ചിരുന്ന ഇടമായിരുന്നല്ലൊ ഇത്. കരികാലചോളന്‍റെ കാലം സമൃദ്ധിയുടേതായിരുന്നു. കുറച്ചുകാലം
വില്ലുപുരം പല്ലവ ഭരണത്തിലായിരുന്നു. അന്ന് സിംഹവിഷ്ണു പല്ലവനായിരുന്നു
ഭരണാധികാരി. എന്നാല്‍ വിജയാലയ ചോളന്‍ ഭരണം തിരിച്ചുപിടിച്ചു. പക്ഷെ പിന്നീട് വന്ന ചോളന്മാര്‍ ദുര്‍ബ്ബലരായിരുന്നു. അവരെ തോല്‍പ്പിച്ചത്
കിഴക്കന്‍ ചാലൂക്യരായിരുന്നു. ചോളര്‍ പിന്നെയും ഒരു ചെറുകാലം ഭരണത്തില്‍
വന്നെങ്കിലും എഡി 1251 ല്‍ ജാതവര്‍മ്മന്‍ സുന്ദര പാണ്ഡ്യന്‍ ഒന്നാമന്‍ ഭരണം പിടിച്ചെടുത്തു.
അതോടെ ചോള സമ്രാജ്യം അസ്തമിച്ചു. അന്‍പത് വര്‍ഷം പാണ്ഡ്യര്‍ ഭരിച്ചു. പിന്നീട്
1334 മുതല്‍ 1378 വരെ മുസ്ലിം ഭരണമായിരുന്നു. 1378 ല്‍ വിജയനഗര സാമ്രാജ്യത്തിന്
കീഴില്‍ നായക്കുമാരുടെ ഭരണമായി. 1677 വരെ ഇത് നീണ്ടു.ആ വര്‍ഷമാണ് ശിവജി ഗോല്‍ക്കൊണ്ടക്കാരെ
ഉപയോഗിച്ച് ഗിഞ്ചി പിടിച്ചെടുത്തത്. പിന്നീട് മുഗളന്മാരുടെ വരവായി. മുഗള്‍ കാലത്ത്
ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും അന്ന് തെക്കന്‍ ആര്‍ക്കോട്ട് എന്നറിയപ്പെട്ട ഈ
പ്രദേശത്ത് സെറ്റില്‍മെന്‍റുകളുണ്ടാക്കിയിരുന്നു. അവരുടെ യുദ്ധമുഖമായിരുന്നു
വില്ലുപുരം. ഒടുവില്‍ അത് ഈസ്റ്റ്ഇന്ത്യ കമ്പനിയുടെ കൈവശമായി. 1947 വരെ ബ്രിട്ടീഷ്
ആധിപത്യത്തിലായിരുന്ന വില്ലുപുരം 1993 വരെ കടലൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. 1993
സെപ്തംബര്‍ മുപ്പതിനാണ് വില്ലുപുരം ജില്ല രൂപപ്പെട്ടത്. ഇതില്‍ ഏതെല്ലാം കാലത്ത്
ആദിദ്രാവിഡര്‍ ഇവിടെ മേല്‍ക്കോയ്മ നേടിയിട്ടുണ്ടാകും? അതോ എല്ലാക്കാലത്തും അവര്‍ അടിമകളായിരുന്നോ?
ഗൌണ്ടര്‍മാര്‍ ആധിപത്യം നേടിയത് എന്നാകാം? അതിന് മുന്നെ ഈ ഭൂമിക്ക് എത്ര
അവകാശികളുണ്ടായിരുന്നിരിക്കാം?ദ്രൌപതി അമ്മന്‍ കോവില്‍ എന്നാകും നിര്‍മ്മിച്ചത്?
ആരാകും പണം മുടക്കിയത്?
ആരുടേതാകും ഭൂമി? ഇങ്ങിനെ ഒട്ടേറെ ചോദ്യങ്ങളിലും ചിന്തയിലും
മുഴുകിയിരുന്ന ശ്രീധരന്‍ അവിടെ നടന്ന യോഗം അവസാനിച്ചതും ആളുകള്‍
പിരിഞ്ഞുപോയതുമൊന്നും അറിഞ്ഞിരുന്നില്ല. അയാള്‍ മെല്ലെ അമ്പലപ്പറമ്പിലേക്ക്
നടന്നു. അവിടെ ഇളനീര്‍ കച്ചവടക്കാരന്‍ തനിച്ചിരിക്കുന്നുണ്ടായിരുന്നു. ഒരു ഇളനീര്‍
വാങ്ങിക്കുടിച്ച് ദാഹമടക്കി. അതിന്‍റെ കാമ്പ് കഴിച്ച് വിശപ്പടക്കി.
“സാറ് ഈ
നാട്ടുകാരനല്ല എന്നു തോന്നുന്നു.”
“
അതേടോ, ഇപ്പൊ നിങ്ങടെ നാടും ക്ഷേത്രവുമൊക്കെ പ്രശസ്തമായില്ലെ. അങ്ങിനെ വന്നതാ ഞാന്‍.”
“
പ്രശസ്തി എന്നല്ല സാര്‍,കുപ്രസിദ്ധി എന്ന് പറയണം. സാറിനറിയാമോ ഇന്നലെ ഇവിടെ നടന്ന
പുകില്. ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കണം എന്ന ജില്ലാ ഭരണകൂടത്തിന്‍റെ
സമ്മര്‍ദ്ദം വന്നപ്പോള്‍ ക്ഷേത്രഅധികാരികള്‍ ഒന്നു വഴങ്ങിയതാ. പക്ഷെ ഗൌണ്ടര്‍മാരുടെ
വീട്ടിലെ സ്ത്രീകള്‍ ഇവിടെ വന്ന് അവരുടെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമൊക്കെ
കൂട്ടിയിട്ട് തീയിട്ടു. ദളിതരെ പ്രവേശിപ്പിച്ചാല്‍ മണ്ണെണ്ണ ദേഹത്തൊഴിച്ച് സ്വയം
തീ കൊളുത്തുമെന്നും ഭീഷണിപ്പെടുത്തി.അവരുടെ വീട്ടിലെ ആണുങ്ങളെത്തന്നെ
പിടിപ്പില്ലാത്തവര്‍ എന്നൊക്കെ വിളിച്ചു. ഒരമ്മച്ചി അവരോട് ചോദിച്ചു നീയൊക്കെ
ആണാണോടാന്ന്. അവിടെ നിന്നിരുന്ന പുരുഷന്മാര്‍ അപ്പോഴെ സ്ഥലം വിട്ടു. ഇതിപ്പോള്‍
പുരുഷന്മാരേക്കാള്‍ സ്ത്രീകളുടെ കടുംപിടുത്തമാണ് സാറെ” അവന് ഇളനീരിന്‍റെ വിലയായി അന്‍പത് രൂപ നല്‍കി
ശ്രീധരന്‍ ആല്‍ത്തറയില്‍ വന്നിരുന്നു.
അവിടെ അര്‍ദ്ധനഗ്നനായി
ഒരാള്‍ ഇരുപ്പുണ്ടായിരുന്നു. ക്ഷേത്രത്തിന് മുന്നിലെ കാര്‍ത്തികേയന്‍റെയും ഹനുമാന്‍റെയും
വലിയ പ്രതിമകളിലേക്ക് മാറിമാറി നോക്കിയിരുന്ന അയാള്‍ വിഷാദമൂകനായിരുന്നു. ശ്രീധരന്
അയാളോട് സംസാരിക്കണം എന്നുണ്ടായിരുന്നു. എന്നാല്‍ ആ മൌനം മുറിക്കാന്‍
മനസനുവദിച്ചില്ല.അപ്പോഴാണ് വെട്രിവേല്‍ അതുവഴി വന്നത്. ശ്രീധരന്‍ വെട്രിവേലിനടുത്തേക്ക് ചെന്ന്
പരിചയപ്പെട്ടു. ക്ഷേത്രത്തെക്കുറിച്ച് കൂടുതലായി അന്വേഷിച്ചു.
“ഇരുനൂറ്റിയന്‍പത്
വര്‍ഷം പഴക്കമുണ്ടാകും ക്ഷേത്രത്തിന്”, വെട്രിവേല്‍ പറഞ്ഞു. പത്ത് ദിവസത്തെ
വാര്‍ഷികാഘോഷത്തില്‍ ഏഴാം നാളില്‍ മാത്രമാണ് ക്ഷേത്രത്തിനു പുറത്ത് ദൂരത്തായി
നിന്ന് ദ്രൌപതി അമ്മനെ കാണാന്‍ ആദിദ്രാവിഡര്‍ക്ക് അവകാശമുള്ളത്. ആ ദിവസത്തെ
ആഘോഷത്തിനായി ഒരു ലക്ഷം രൂപയാണ് പാവപ്പെട്ട ഈ സമൂഹം നല്‍കുന്നത്. വണ്ണിയാര്‍മാരുടെ
ഒരു കോടിയേക്കാളും വലുതാണ് ഈ പാവങ്ങളുടെ ഒരു ലക്ഷം. അമ്മന് കണ്ണും
കാതുമുണ്ടെങ്കില്‍ അവര്‍ ഈ പാവങ്ങള്‍ക്കൊപ്പമേ നില്‍ക്കൂ എന്നതില്‍ എനിക്കൊരു
സംശയവുമില്ല. ഗ്രാമത്തിലൂടെ ദേവിയെ ഘോഷയാത്രയായി കൊണ്ടുപോകുമ്പോള്‍ ഈ ദൈവമക്കള്‍ ആ
പരിസരത്തൊന്നും ഉണ്ടാകാന്‍ പാടില്ല. അതാണ് വഴക്കം. മൂന്ന് തലമുറയായി സീതാരാമനും
കുടുംബവുമാണ് ക്ഷേത്രം ഭരിക്കുന്നത്. അയാളാണ് ക്ഷേത്രത്തിന്‍റെ ധര്‍മ്മക്കാരന്‍.
ഇവരിപ്പോള്‍ അവകാശപ്പെടുന്നത് 1901 ലെ ഭൂരേഖപ്രകാരം ഒരു പെരുമാളിന്‍റെ മകന്‍
ചിന്നസ്വാമി നാരായണ്‍ നല്‍കിയ അറുപത് സെന്‍റിലാണ് കോവില്‍ നില്‍ക്കുന്നത് എന്നാണ്.
പാണ്ഡവര്‍ക്കും ദ്രൌപതിക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം പണിതത്
ഗിഞ്ചിയില്‍ നിന്നും വന്ന ശില്‍പ്പികളാണ് എന്നും പറയുന്നു. അപ്പോള്‍ 250 വര്‍ഷം
പഴക്കം എങ്ങിനെവരും. അതിനര്‍ത്ഥം ഇതിനും മുന്നെ ഒരു ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു
എന്നല്ലെ. അത് ആദിദ്രാവിഡര്‍ ആരാധിച്ചിരുന്ന ഇടമാണ് എന്ന് ഞങ്ങള്‍ക്ക് അവകാശവാദം
ഉന്നയിച്ചുകൂടെ. അതിനൊന്നും ഞങ്ങള്‍ ശ്രമിക്കുന്നില്ല. സ്വത്തും പണവും
അധികാരത്തിലുള്ള അവകാശവും ചോദിക്കുന്നില്ല. ആരാധനയ്ക്കുള്ള അവകാശമാണ്
ചോദിക്കുന്നത്. നിങ്ങള്‍ക്കറിയാമോ, അറുപത് വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന
ധര്‍മ്മരാജ എന്നൊരാഘോഷമുണ്ട്. കഴിഞ്ഞ വര്‍ഷം അത് നടന്നപ്പോള്‍ ഈ ഗ്രാമത്തിലെ
പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രാധികാരികള്‍
അടുത്തുള്ള ഗ്രാമങ്ങളിലെ എല്ലാവിഭാഗക്കാര്‍ക്കും പ്രവേശനം അനുവദിച്ചു. അതില്‍
നിന്നുതന്നെ ഇവരുടെ നീചമനസ് നിങ്ങള്‍ക്ക് മനസിലാക്കാം. ഇവര്‍ക്ക് കഴിക്കാനുള്ള
ഭക്ഷണം പൊരിവെയിലത്തുനിന്ന് പാകി കിളിപ്പിച്ച് കൊയ്തെടുക്കുന്നവരോട് കാട്ടുന്ന ഈ
നീചത്വത്തിന് ദ്രൌപതി അമ്മന്‍ വിലയിട്ടിരിക്കയാണ്. കതിരവനും വീരനും
ചെല്ലനുമൊക്കെയാണ് ഇവിടത്തെ പാണ്ഡവര്‍. ഞങ്ങള്‍ നീതിക്കായി പോരാടുകയാണ്. ഇത്തവണ
പിന്നോട്ടില്ല എന്നുതന്നെയാണ് തീരുമാനം. മാഷെ, ഇതിപ്പൊ കത്തിപ്പടരുന്ന സാമൂഹിക
വിപ്ലവമാണ്. പെരിയാറും അണ്ണാദുരൈയും ദ്രാവിഡമുന്നേറ്റവുമൊക്കെ കൊളുത്തിവിട്ട തീ ഇടയ്ക്കൊന്ന്
കെട്ടു,അത് വീണ്ടും ഉലയിലൂതി എടുത്തിരിക്കയാണ്. ഇനി ഇത് കെടില്ല.
ആത്മാഭിമാനത്തിനായുള്ള പോരാട്ടമാണ്, നാട്ടിലെ നീതി നടപ്പാക്കണം എന്നേ ഞങ്ങള്‍
പറയുന്നുള്ളു. ഈ വര്‍ഷം ജനുവരി രണ്ടിനാണ് കല്ലൈക്കുറിച്ചിയിലെ എഴുതവൈനാഥം ഗ്രാമത്തിലെ
ശ്രീ വരദരാജപെരുമാള്‍ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനത്തിനായുള്ള സമരം
വിജയിച്ചത്. മുന്നൂറ് പോലീസുകാരുടെ സംരക്ഷണയില്‍ ഇരുനൂറ്റിയന്‍പത് ദളിതരാണ് അവിടെ
ദര്‍ശനം നടത്തിയത്. തിരുവണ്ണാമലയിലെ തേന്‍മുടിയന്നൂര്‍ ക്ഷേത്രത്തിലും കഴിഞ്ഞ മാസം
പ്രവേശനം സാധ്യമായി.പ്രതിഷ്ഠാചടങ്ങിന് ദളിതരെ കയറ്റാതിരുന്ന വെള്ളാള ഗൌണ്ടര്‍മാരുടെ
നടപടി കാരണം തഞ്ചാവൂരിലെ അല്ലമ്പളത്തുള്ള മഴൈ മാരിയമ്മന്‍ ക്ഷേത്രം ജില്ലാ
അധികൃതര്‍ ഇടപെട്ട് പൂട്ടിയതും വലിയ സംഭവമാണ്. ഇനി ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
ഇതൊരു വീണ്ടെടുക്കലാണ് മാഷെ. ആത്മാഭിമാനം വീണ്ടെടുക്കല്‍. ഞങ്ങള്‍ക്ക് പണവും
അധികാരവും വേണ്ട,പക്ഷെ അഭിമാനം വേണം ,തല ഉയര്‍ത്തി എവിടെയും നില്‍ക്കാനുള്ള ശക്തി
ആര്‍ജ്ജിക്കണം. അതിനായി രക്തസാക്ഷിത്വം വഹിക്കാനും ഞങ്ങള്‍ തയ്യാറാണ്.ഗാന്ധിജി
പറഞ്ഞിരുന്നു,ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന്. എന്നാല്‍ ഏറ്റവും
അഴുക്കുനിറഞ്ഞ മനസുകളും ഗ്രാമങ്ങളിലാണുള്ളത്”, വെട്രിവേല്‍ പറഞ്ഞുനിര്‍ത്തി.
“ഇനി
ഇവിടെയും അതുതന്നെ നടക്കും. ആദിദ്രാവിഡരെ കയറ്റും വരെ ഈ ക്ഷേത്രം അടച്ചിടാന്‍ സര്‍ക്കാരിന്
തീരുമാനിക്കേണ്ടി വരും. ഒടുവില്‍ അവര്‍ ഞങ്ങളുടെ വഴിക്ക് വരും. ക്ഷേത്രം എല്ലാവര്‍ക്കുമായി
തുറക്കുന്ന ആ സുദിനത്തില്‍ നമുക്ക് വീണ്ടും കാണാം”, വെട്രിവേല്‍
മുന്നോട്ടുപോയി. ശ്രീധരന്‍ വീണ്ടും ആല്‍ത്തറയിലെത്തി. അവിടെ ഇരുന്ന അര്‍ദ്ധനഗ്നനായ
മനുഷ്യനൊപ്പം ഇപ്പോള്‍ നീണ്ട ജടകെട്ടിയ മുടിയുമായി ഒരു സ്ത്രീയും ഇരുപ്പുണ്ട്.
കച്ചവടക്കാരും വെറുതെ ഇരുന്നവരും വഴിപോക്കരുമെല്ലാം പോയിരിക്കുന്നു. സൂര്യന്‍
അസ്തമിക്കാറായി. അരയാലിന്‍റെ ഇലകള്‍ വല്ലാതെ
ചലിക്കുന്നുണ്ടായിരുന്നു.അഞ്ച് പോലീസുകാര്‍ അമ്പലനടയ്ക്കടുത്തായി
നിലയുറപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ പൂജാരിക്ക് മാത്രമെ പ്രവേശനമുള്ളു.പൂജാരി
ക്ഷേത്രം തുറന്ന് അകത്തേക്ക് പോയി.അതുകണ്ട് ആ സ്ത്രീ വെറുതെ ഇരുന്ന് ചിരിക്കുകയാണ്. “എന്താ നിങ്ങളിങ്ങനെ
ചിരിക്കുന്നത്”,ശ്രീധരന്‍ ചോദിച്ചു. “അന്ത ആള് യാരുക്ക് പൂജ
ചെയ്യണ്”, ചോദ്യം തന്നോടാണ് എന്നു മനസിലാക്കിയ ശ്രീധരന്‍ പറഞ്ഞു “ദ്രൌപതി അമ്മനും പാണ്ഡവര്‍ക്കും.”
അവരുടെ ചിരി
കുറേക്കൂടി ഉച്ചത്തിലായി. “കല്ല് അവിടെ ഇരുക്ക്,പക്ഷെ അവരാരും അവിടെ ഇല്ലൈ.
നാങ്കളിപ്പോള്‍ അന്ത ഇടത്താണ് വാസം.” അവര്‍ കോളനി നില്‍ക്കുന്ന ഇടത്തേക്ക് വിരല്‍
ചൂണ്ടി. പെട്ടെന്ന് ഒരിരുള്‍ മൂടിയപോലെ ശ്രീധരന് തോന്നി. കണ്ണ് തുറന്നു
നോക്കുമ്പോള്‍ അവിടെ ആരുമില്ല. ആ സ്ത്രീയും അര്‍ദ്ധനഗ്നനായ മനുഷ്യനും എവിടെപ്പോയി.
അയാള്‍ നോക്കുമ്പോള്‍ ദൂരെയായി രണ്ട് നിഴലുകള്‍ സഞ്ചരിക്കുന്നത് അയാള്‍ കണ്ടു.
അപ്പോള്‍ ക്ഷേത്രത്തില്‍ നിന്നും സംസ്കൃത ശ്ലോകങ്ങളും മണിയടിയും ഉച്ചത്തില്‍
മുഴങ്ങുന്നത് ശ്രീധരന്‍ കേള്‍ക്കുന്നുണ്ടായിരുന്നു✊