Saturday, 10 June 2023

Jellikkatt - the deep rooted tamil culture

 

ജെല്ലിക്കെട്ട്

-   വി.ആര്‍.അജിത് കുമാര്‍

 

സി.എസ്.ചെല്ലപ്പയുടെ വാടിവാസല്‍ എന്ന നോവലിന്‍റെ മലയാളം പരിഭാഷ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരു മോശം പരിഭാഷ ആണെങ്കിലും ജെല്ലിക്കെട്ട് എന്തെന്ന് മനസിലാക്കാനും അതിന്‍റെ വൈകാരികത അറിയാനും ഇത് ഉപകരിച്ചു.കാളയ്ക്ക് മൈതാനത്തേക്ക് പ്രവേശിക്കാനുള്ള ഇടുങ്ങിയ വഴിയാണ് വാടിവാസല്‍. അതൊരു വലിയ കുതിപ്പാണ്. അവന്‍റെ ഉപ്പൂടി അഥവാ പൂഞ്ഞയില്‍ പിടിച്ചുതൂങ്ങി വിജയിക്കുക എന്നതാണ് ഓരോ വീരന്‍റെയും സ്വപ്നം. കാരി എന്ന കാളയോടുള്ള പിച്ചിയുടെ പ്രതികാരമാണ് വാടിവാസല്‍ പറയുന്നത്. അവന്‍റെ അച്ഛന്‍ അമ്പുളിയുടെ വയറുകീറി തെറിച്ച ചോര കാരിയുടെ കൊമ്പുകളില്‍ കണ്ടത് അവന്‍ മറക്കുന്നില്ല.പ്രമുഖ തമിഴ്നടന്‍ സൂര്യ നായകനായി വാടിവാസല്‍ സിനിമയാവുകയാണ്. ജെല്ലിക്കെട്ടിന് എരു താഴ്വുതാള്‍ എന്നും പറയും. പൊങ്കല്‍ കാലത്താണ് ഈ ആഘോഷം നടക്കുന്നത്.ഒരു കൂട്ടം ഗ്രാമങ്ങള്‍ക്ക് പൊതുവായി ഒരിടവും ഒരു ആഘോഷവും എന്നതാണ് ഈ മാട് ഉത്സവത്തിന്‍റെ രീതി. ചിലയിടത്ത് മഞ്ചുവിരട്ടാകും നടക്കുക.മറ്റൊരിടത്ത് വെളിവിരട്ടും ഇനി ഒരിടത്ത് വടമാടും നടക്കും.ഓരോന്നിനും ഓരോ നിയമങ്ങളും രീതികളുമുണ്ട്.

 

 ജെല്ലിക്കെട്ട് സുപ്രിംകോടതി നിരോധിച്ചത് 2014 മേയിലായിരുന്നു.ജീവിതത്തില്‍ ഇതുവരെ ജെല്ലിക്കെട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും നിരോധനത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി. തമിഴന്‍റെ സംസ്ക്കാരവും അടയാളവുമായി ജെല്ലിക്കെട്ട് മാറി.സാംസ്ക്കാരിക നായകരും രാഷ്ട്രീയ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമെല്ലാം പ്രതിഷേധത്തിന്‍റെ ഭാഗമായി. വലിയ ജനക്കൂട്ടം ചെന്നൈയിലെ മറീന ബീച്ചില്‍ തമ്പടിച്ചു. 2017 ല്‍ തമിഴ്നാട് നിയമസഭ ജെല്ലിക്കെട്ട് നടത്താന്‍ ഓര്‍ഡിനന്‍സ് പാസ്സാക്കി. ഇപ്പോള്‍ സുപ്രിംകോടതിയും മുന്‍തീരുമാനം മാറ്റി. ജെല്ലിക്കെട്ട് ദ്രാവിഡ സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്നും നിരോധിക്കാന്‍ കഴിയില്ലെന്നും വിധിയെഴുതി കഴിഞ്ഞു.

സംഘംകൃതികളില്‍ ഈ ആഘോഷത്തിന് വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നത് കാണാം. അന്നൊക്കെ വീരന്‍റെ ലക്ഷണമായിരുന്നു ജെല്ലിക്കെട്ടിലെ പങ്കാളിത്തം. വിജയിയെ സുന്ദരികള്‍ ആരാധിക്കുകയും പ്രണയിക്കുകയും ചെയ്തിരുന്നു. യുദ്ധകാലത്തെ പോരാളികളായിരുന്നില്ല ഇവര്‍. കര്‍ഷകരും കാലിമേയ്ക്കുന്നവരുമായ സമൂഹത്തിലായിരുന്നു ജെല്ലിക്കെട്ട് സജീവമായിരുന്നത്. കാലിമേയ്ച്ചു നടന്ന ആയര്‍ സമുദായത്തിലായിരുന്നു ഇത് അധികവും നടന്നിരുന്നത്. പിന്നീട് എല്ലാ ജനസമൂഹവും പങ്കാളികളാവുകയായിരുന്നു. ഇരുപതാംനൂറ്റാണ്ടില്‍ സമൂഹത്തിലെ ഇടുങ്ങിയ പ്രാദേശിക-ജാതി മേല്‍ക്കോയ്മകളെ അതിജീവിച്ച് ഗ്രാമീണതയുടെ സാംസ്ക്കാരിക മുദ്രയായി ജെല്ലിക്കെട്ട് മാറി. മൃഗസ്നേഹികള്‍ ഈ ഉത്സവത്തെ പ്രാകൃതവും ക്രൂരവുമായി കാണുന്നു, എന്നാല്‍ ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഈ ആഘോഷം നിരോധിച്ചിരുന്നില്ല എന്ന് കാണാം.

 

 ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന ഉപ്പൂടിയുള്ള കാളകള്‍ തമിഴ്നാടും സിന്ധുനദീതട സംസ്ക്കാരവും തമ്മിലുള്ള ഒരു ഇണക്കുകണ്ണിയായി പലരും കരുതുന്നു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കീളടിയില്‍ കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പുകള്‍ നടത്തുന്ന ഉത്ഖനത്തില്‍ ലഭ്യമായ പല വസ്തുക്കളും ഇത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഏതായാലും ജെല്ലിക്കെട്ട് എന്ന സ്പോര്‍ട്ട്സുമായി ബന്ധപ്പെട്ടു മാത്രമാണ് തമിഴ്നാടിന്‍റെ തനത് ഇനങ്ങളായ കങ്കേയം,പുളിക്കുളം,ഉംബ്ളച്ചേരി, അലംബാടി തുടങ്ങിയ കാള ഇനങ്ങള്‍ നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ അവ അന്യം നിന്നുപോകുമായിരുന്നു.

No comments:

Post a Comment