Thursday 8 June 2023

Ex communication

 

ജാതിഭ്രഷ്ട്

-വി.ആര്‍.അജിത് കുമാര്‍

പളനിചാമി തന്‍റെ ജ്യൂസ് കടയുടെ മുന്നിലിരുന്ന് ആ ദിവസം ഓര്‍ത്തെടുക്കുകയായിരുന്നു. അതയാളുടെ പതിവ് രീതിയാണ്. കടയില്‍ മറ്റാരുമില്ലെങ്കില്‍ തനിച്ചിരുന്ന് കരയും. ആരെങ്കിലും ജ്യൂസ് കുടിക്കാന്‍ വരുമ്പോള്‍ മുഖത്തൊരു ചിരി വരുത്തി സന്തോഷത്തോടെ അവരുടെ ദാഹം തീര്‍ക്കും. പളനിചാമിയുടെ കടയില്‍ മിക്കപ്പോഴും നല്ല തിരക്കാവും. അതുകൊണ്ടുതന്നെ ഇത്തരം സങ്കടമൂഹൂര്‍ത്തങ്ങള്‍ കുറവാണെന്നു മാത്രം. 2017 ലായിരുന്നു അച്ഛന്‍റെ മരണം. സഹോദരിയാണ് വിളിച്ചു പറഞ്ഞത്. അണ്ണാ, അപ്പാ പോയി.

 വല്ലാത്തൊരു ഷോക്കായിരുന്നു അത്. ഇടിമിന്നലേറ്റപോലെ തരിച്ചിരുന്നു പോയി. അപ്പായെ കണ്ടിട്ട് വര്‍ഷങ്ങളായി. ആവതുള്ളപ്പോള്‍ ആറു മാസത്തിലൊരിക്കല്‍ ദിണ്ഡിഗല്‍ പട്ടണത്തിലെ ഹോട്ടല്‍ ശിവറാമിലായിരുന്നു അവര്‍ തമ്മില്‍ കണ്ടിരുന്നത്. കുറേ നേരം ഒന്നും മിണ്ടാതെ പരസ്പ്പരം നോക്കിയിരിക്കും. പിന്നെ നാട്ടിലേയും വീട്ടിലേയും കഥകള്‍ പറഞ്ഞുതുടങ്ങും. കുട്ടിക്കാലത്ത് അപ്പാ തന്നെയും കൊണ്ട് പല ഉത്സവങ്ങള്‍ക്കും പോയ കഥകള്‍ കേള്‍ക്കുമ്പോള്‍ പളനി ഒരു കൊച്ചുകുട്ടിയാകും. ഒത്തിരി ചിരിക്കും. അപ്പായ്ക്ക് ഇഷ്ടമുള്ള പൊറോട്ടയും മട്ടനും കഴിയ്ക്കും. മടങ്ങാന്‍ നേരം ഒരു പൊതി അവന്‍ അപ്പായ്ക്ക് കൊടുക്കും. അതില്‍ പതിനായിരം രൂപയുണ്ടാകും. അതൊരു സന്തോഷം. കെട്ടിപ്പിടിച്ച് കുറേ നേരം കരയും. എന്നിട്ട് തിരിഞ്ഞുനോക്കാതെ ഒറ്റ നടത്തമാണ്.

നല്ല ഉയര്‍ന്ന ശരീരവും ഒത്ത വണ്ണവുമായിരുന്നു അപ്പായ്ക്ക്. വയലില്‍ നിന്നും കൊയ്തെടുക്കുന്നതൊക്കെ തനിയെ വീട്ടിലെത്തിക്കുമായിരുന്നു. അമ്മ വഴക്കു പറയുമ്പോള്‍ അപ്പ ചിരിക്കും. നിന്നെയും ഞാന്‍ കുറേ എടുത്തതല്ലേ. അങ്ങിനെ എടുത്തെടുത്ത് പിള്ളേരും മൂന്നായി. അമ്മ നാണത്തോടെ വീട്ടിലേക്കു കയറി പോകും. അപ്പായെ ഒടുവില്‍ കണ്ടപ്പോള്‍ ശരീരം നന്നെ ക്ഷീണിച്ചിരുന്നു. പഞ്ചസാര രക്തത്തില്‍ കൂടുതലാണ്. ഗുളിക കഴിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തില്‍ നിയന്ത്രണമില്ല. ആര് പറഞ്ഞാലും കേള്‍ക്കുകയുമില്ല. അന്ന് യാത്ര പറഞ്ഞു പോകുമ്പോള്‍ ഇനി നമുക്ക് തമ്മില്‍ കാണാന്‍ കഴിയുമോ എന്ന് സംശയമാണ് മോനെ എന്ന് അപ്പാ പറഞ്ഞു. അങ്ങിനെയൊന്നും പറയല്ലെ അപ്പാ എന്ന് പറഞ്ഞെങ്കിലും സംഭവിച്ചത് അതാണ്. ഒരു വീഴ്ച. കുറേ നാള്‍ ആശുപത്രിയിലായിരുന്നു. പോയികാണാന്‍ സഹോദരങ്ങള്‍ സമ്മതിച്ചില്ല.സമുദായക്കാര്‍ അറിഞ്ഞാല്‍ അവര്‍ക്കും കൂടി ഭ്രഷ്ടാകും. അവരുടെ കുട്ടികളുടെ വിവാഹം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവരെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. അനിയന്‍ മുന്‍നിശ്ചയപ്രകാരം ഹോട്ടല്‍ ശിവറാമില്‍ വരും. അവന്‍റെ കൈയ്യില്‍ പണം നല്‍കും.ഇതായി പിന്നെ രീതി. എങ്കിലും അവസാനം കണ്ട ആ ഓര്‍മ്മയില്‍ അപ്പ ഉണ്ടായിരുന്നു. അമ്മയെ കാണാനേ കഴിഞ്ഞിട്ടില്ല. ആ വേദന ചില്ലറയല്ല. എന്നുമാത്രമല്ല അപ്പായെപോലെ അത്ര വിശാലഹൃദയമല്ല അമ്മയുടേത്. ഉള്ളില്‍ സ്നേഹമുണ്ടെങ്കിലും സമുദായത്തെ ധിക്കരിച്ചവന്‍  എന്ന നിലയില്‍ പളനിചാമിയോട് അവര്‍ക്ക് ദേഷ്യമായിരുന്നു. അത് വഴി ഭാവിയിലുണ്ടായ ബുദ്ധിമുട്ടുകള്‍ അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

1993 ലായിരുന്നു ഹൈദരാബാദില്‍ വച്ച് പൂങ്കുഴലിയെ പരിചയപ്പെട്ടത്. കൃഷിയില്‍ താത്പ്പര്യമില്ലാത്തതുകൊണ്ടാണ് മൂത്തമകനായിട്ടും പളനി നാട് വിട്ടുപോയത്.കൃഷികൊണ്ട് ജീവിക്കുക പ്രയാസമാണ്, എല്ലാ രാഷ്ട്രീയക്കാരും കൃഷിക്കാരെ സഹായിക്കും എന്ന് പറയുമെങ്കിലും അത് വെറുംവാക്കാണ്. കര്‍ഷകന്‍ എന്നും ദരിദ്രനായി തുടരുകയേയുള്ളു,അപ്പാ പറഞ്ഞു. അമ്മയുടെ എതിര്‍പ്പിനെ മറികടന്ന് അത്ര ദൂരം പോകാന്‍ കഴിഞ്ഞത് അപ്പായുടെ ധൈര്യത്തിലാണ്. വലിയ നഗരങ്ങളൊന്നും കണ്ടിട്ടില്ലാത്ത പളനി സ്കൂളില്‍ ഒപ്പം പഠിച്ചിരുന്ന കൂട്ടുകാരന്‍റെ ശിപാര്‍ശയിലാണ് ഹൈദരാബാദിലേക്ക് പോയത്. ഒരു മരുന്നു കമ്പനിയിലായിരുന്നു അവന് ജോലി. പളനി അവിടെ എത്തിയപ്പോഴേക്കും കൂട്ടുകാരന് ബോംബെയിലേക്ക് മാറ്റമായിരുന്നു. പ്രയാസപ്പെട്ട് കമ്പനി കണ്ടുപിടിച്ചു. ജോലിയും തരമായി. ഭാഷ അറിയാതെ പകച്ചു നില്‍ക്കുന്ന പളനിക്ക് മുന്നില്‍ ദൈവത്തെപോലെയാണ് പൂങ്കുഴലി വന്നുപെട്ടത്. പാര്‍ക്കില്‍ വിഷമിച്ച് ഇരിക്കുമ്പോഴാണ് അവള്‍ ഒരു ഐസ്ക്രീം നുണഞ്ഞ് അടുത്ത ബഞ്ചില്‍ ഇരിക്കുന്നതുകണ്ടത്. അവളൊരു തമിഴ്നാട്ടുകാരിയാണ് എന്ന് പളനിക്ക് തോന്നി. നേരെ ചെന്ന് സംസാരിച്ചു. കാര്യങ്ങള്‍ പറഞ്ഞു. അവള്‍ ഹൈദരാബാദില്‍ ജനിച്ചുവളര്‍ന്നവളാണ്. അപ്പാ അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. അവള്‍ അവനെകൂട്ടി വീട്ടില്‍ പോയി. പൂങ്കുഴലിയുടെ അപ്പായുടെ സഹായത്തോടെ താമസസൌകര്യവും മറ്റും ലഭിച്ചു. അങ്ങിനെ ആ ബന്ധം വളര്‍ന്നു. പൂങ്കുഴലിയെ വിട്ടൊരു ജീവിതം തനിക്കില്ല എന്ന മട്ടായി.

വിവരം അപ്പായെ കത്തെഴുതി അറിയിച്ചു. അതുവരെ ചിന്തിക്കാതിരുന്ന ഒരു സാമൂഹിക പ്രശ്നം അപ്പോഴാണ് മുന്നിലേക്ക് എത്തിപ്പെട്ടത്. മോനെ,അവളുടെ ജാതി എന്താ?”, അപ്പാ കത്തിലൂടെ ചോദിച്ചു. പ്രണയത്തില്‍ സ്ത്രീയും പുരുഷനും മാത്രമെ ഉണ്ടായിരുന്നുള്ളു. ജാതി ഏത് എന്നത് അവന്‍ ചിന്തിച്ചിരുന്നില്ല. അവളോട് ചോദിക്കാനും മടി. അതുകൊണ്ട് കത്ത് അവള്‍ക്ക് കൊടുത്തു. അവള്‍ തമാശമട്ടില്‍ ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു, ഞങ്ങള്‍ ചെട്ടിയാരന്മാരാണ്. നീങ്കളാ?”

അവന്‍ മടിച്ചു മടിച്ച് പറഞ്ഞു, ഞാന്‍ കോണാര്‍ സമുദായമാണ്. അവള്‍ പറഞ്ഞു, ഞാന്‍ ഇന്തമാതിരി ഒരു സമുദായം കേള്‍ക്കവെ ഇല്ലൈ. നമുക്ക് അപ്പായുടെ മുന്നില്‍ വിവാഹക്കാര്യം അവതരിപ്പിക്കാം. അപ്പാ എന്ത് പറയും എന്ന് നോക്കാമല്ലൊ. അങ്ങിനെയാണ് പൂങ്കുഴലിയുടെ അപ്പായ്ക്ക് മുന്നില്‍ അവര്‍ അവരുടെ ഇഷ്ടം അവതരിപ്പിച്ചത്. ഇത് നേരത്തെ മനസിലാക്കിയിരുന്ന അയാള്‍ പറഞ്ഞു, ഇവളുടെ അമ്മാവെ പ്രണയിച്ച് ഒളിച്ചോടിയവരാണ് ഞങ്ങള്‍. ജാതി ഒന്നുതന്നെ,പക്ഷെ ഞാന്‍ പാവപ്പെട്ടവനും അവള്‍ സമ്പന്നയും. നാട് വിട്ടശേഷം ജാതി,മതം ഒന്നും ചിന്തയിലേ ഉണ്ടായിട്ടില്ല. നമ്മുടെ ആളുകള്‍ക്ക് ശുദ്ധപ്രാന്താ. ഏതായാലും കോണരും ചെട്ടിയാരും പിന്നോക്ക സമുദായങ്ങളാണ്, വലിയ പ്രശ്നമുണ്ടാകില്ലെന്നു തോന്നുന്നു. നീ അപ്പായ്ക്ക് കത്തെഴുതി ചോദിക്ക്.

അവന്‍ അപ്പായ്ക്ക് കത്തെഴുതി. അപ്പായ്ക്ക് വിരോധമില്ലെങ്കിലും അവന്‍റെ അമ്മ അതിനെ എതിര്‍ത്തു.സഹോദരങ്ങള്‍ അനുകൂലിച്ചുമില്ല, എതിര്‍ത്തുമില്ല. സമുദായനേതാക്കളെ അപ്പാ വിവരമറിയിച്ചു. രാജപ്പാ,നിനക്ക് ലജ്ജയില്ലെ ഇങ്ങിനൊരാവശ്യവുമായി വരാന്‍. നമ്മുടെ സമുദായം നമുക്ക് ദൈവം മാതിരി. അതില്‍ ഒരു കലര്‍പ്പും പാടില്ല. നമ്മുടെ ആള്‍ക്കാരും ചെട്ടിയാരന്മാരും തമ്മിലുള്ള സംഘട്ടനം നിനക്കറിയാത്തതാണോ. എങ്ങിനെ മനസുവന്നു നിനക്കിതുമായി വരാന്‍. ചെറുക്കനെ ഇപ്പൊ തിരിച്ചു വിളിക്കണം. അവനുക്കുള്ള പെണ്ണിനെ നമുക്ക് ഉടനെ കണ്ടെത്താം. അവന്‍ വരുന്നില്ലേല്‍ അവന്‍ പുറത്ത്, ഈ നാടിനും സമുദായത്തിനും പുറത്ത്. കര്‍മ്മങ്ങള്‍ ചെയ്ത് അവനെ മരിച്ചവനെന്നു കരുതിയാല്‍ നിനക്കും കുടുംബത്തിനും സമുദായത്തില്‍ കഴിയാം. ഇല്ലേല്‍ നീങ്കളെല്ലാം പുറത്ത്. ഇത് സമുദായ നീതി”, തലൈവര്‍ ഒച്ച ഉയര്‍ത്തി. രാജപ്പന്‍റെ നെഞ്ചുവിറച്ചു. കണ്ണുകള്‍ കലങ്ങി, ഒച്ചയില്ലാണ്ട് നാവ് നിശബ്ദമായി. ചുണ്ടുകള്‍ വരണ്ടു. തലൈവര്‍ നടന്നുപോയ വഴിയിലേക്ക് നോക്കി രാജപ്പന്‍ നിശബ്ദനായിരുന്നു . പിന്നാലെ മറ്റ് സഭാനേതാക്കളും പോയി. രാജപ്പന് കരച്ചില്‍ വന്നു. അയാള്‍ നടന്ന് വീട്ടിലെത്തി. അതിനിടയില്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു.

എല്ലാ സംഭവങ്ങളും പളനിചാമിക്കുള്ള കത്തില്‍ എഴുതി. ഒടുവില്‍ ഇങ്ങനെ എഴുതി നിര്‍ത്തി. നിനക്ക് ജോലിയും സ്നേഹിക്കുന്ന ഒരു പെണ്ണും വേണമെന്നാണ് എന്‍റെ ആഗ്രഹം. ഇവിടെ ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഞാന്‍ സഹിച്ചുകൊള്ളാം. എല്ലാ നന്മകളും നേര്‍ന്നുകൊണ്ട് അപ്പാ. ആ കത്ത് അവനൊരു ഊര്‍ജ്ജമായിരുന്നു. ചെറുപ്പത്തിന്‍റെ തിളപ്പുകൂടിയായപ്പോള്‍ മറ്റൊന്നും ഓര്‍ത്തില്ല. ഹൈദരാബാദിലെ ഒരമ്പലത്തില്‍ ചെറിയൊരു ചടങ്ങോടെ വിവാഹം നടത്തി. കാലം വേഗത്തില്‍ കടന്നുപോയി. അപ്പായും അമ്മയും സഹോദരങ്ങളും സമുദായത്തില്‍ നിന്നും കുത്തുവാക്കുകള്‍ കേട്ട് വിഷമിച്ചു,പിന്നീടത് തഴമ്പിച്ചു. അവര്‍ക്ക് നല്ല വിവാഹമൊന്നും കിട്ടിയില്ല. സാമ്പത്തികമായി മോശപ്പെട്ടവര്‍ മാത്രമാണ് വിവാഹത്തിന് സമ്മതിച്ചത്. പളനി നാട്ടിലെത്തുംവരെ സമുദായത്തിന്‍റെ ക്രൂരതകള്‍ അത്ര അറിഞ്ഞില്ല. കമ്പനി അടച്ചുപൂട്ടിയപ്പോഴാണ് അതുവരെയുണ്ടായിരുന്ന സമ്പാദ്യവുമായി നാട്ടിലേക്ക് മടങ്ങിയതും കട തുടങ്ങിയതും. നാട്ടിലേക്ക് ചെന്ന് അച്ഛനമ്മമാരെ കാണാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അന്ന് സമുദായ നേതാക്കളുടെയും അനുചരരുടേയും കത്തിക്ക് ഇരയാകാതെ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. ആ കൂട്ടത്തില്‍ ചെറുപ്പക്കാരും ഉണ്ടായിരുന്നു എന്നത് അവനെ വേദനിപ്പിച്ചു. പുതിയ തലമുറ ജാതി മതങ്ങള്‍ക്കപ്പുറത്തേക്ക് വളരും എന്നു കരുതിയത് തെറ്റായി.

വീട്ടില്‍ കയറാന്‍ കഴിയാതെ അവന്‍ മടങ്ങി. പിന്നെയും സമുദായത്തെ സമരസപ്പെടുത്താന്‍ ശ്രമം നടന്നു. അവര്‍ വഴങ്ങിയില്ല. ഒരു ലക്ഷം രൂപ പിഴയും നിരുപാധിക മാപ്പും മുതിര്‍ന്നവരുടെ കാല്‍ക്കല്‍ വീണുള്ള ക്ഷമാപണവുമായിരുന്നു ശിക്ഷയായി നിശ്ചയിച്ചത്. അപ്പാ അതിനോട് യോജിച്ചില്ല. ഒരിക്കലും നീയത് ചെയ്യരുത്”, അപ്പാ പറഞ്ഞു.സമുദായനേതാക്കളും മനുഷ്യരല്ലെ, മൂത്തമകന്‍ എന്ന നിലയില്‍ തനിക്ക് അപ്പായെ അവസാനമായി കാണാനുള്ള അനുമതിയും കര്‍മ്മം ചെയ്യാനുള്ള അവകാശവും അനുവദിക്കുമെന്ന് അവന്‍ കരുതി. ആ വിശ്വാസത്തിലാണ് അന്ന് വണ്ടി കയറിയത്. മനസില്‍ തിങ്ങിനിറയുന്ന ഒരായിരം ഓര്‍മ്മകളുണ്ടായിരുന്നു. അവന്‍ ഗ്രാമാതിര്‍ത്തിയില്‍ വണ്ടി ഇറങ്ങി. അപ്പോള്‍ തന്നെ ചില ചെറുപ്പക്കാര്‍ അവനെ സമീപിച്ചു. എന്താണ്, എവിടെപോകുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളായി. അവന്‍ കാര്യം പറഞ്ഞു. അതൊക്കെ നോക്കാന്‍ സമുദായത്തില്‍ ആളുകളുണ്ട്. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവന്‍ ആ ശരീരം കണ്ടാല്‍ അങ്ങോര്‍ക്കുപോലും അയിത്തമാകും. വേഗം തിരിച്ചുപൊയ്ക്കോളണം എന്നതായിരുന്നു താക്കീത്. പളനി അത് കേള്‍ക്കാതെ മുന്നോട്ടു നടന്നു. പിന്നില്‍ നിന്നായിരുന്നു അടി. തല കറങ്ങിവീണതുമാത്രം പളനിക്കറിയാം. പിന്നെ ഉണരുന്നത് രാത്രിയിലാണ്. പരിചിതമല്ലാത്ത ഏതോ ഒരുവഴിയില്‍ കിടക്കുകയായിരുന്നു അവന്‍.

അവന്‍റെ പഴ്സും ധരിച്ചിരുന്ന സ്വര്‍ണ്ണവും മൊബൈലുമൊക്കെ നഷ്ടപ്പെട്ടിരുന്നു. അതെല്ലാം അയിത്തമില്ലാത്ത വസ്തുക്കളാണല്ലോ. ആ പ്രദേശത്തെ മനുഷ്യരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി. കേസ്സെടുക്കാന്‍ പോലീസ് വിസ്സമ്മതിച്ചു. ഒടുവില്‍ വലിയ നിര്‍ബ്ബന്ധത്തിന് വഴങ്ങി കേസ്സെടുത്തു. മാസങ്ങള്‍ കഴിഞ്ഞു. കേസിന് ഒരു പുരോഗതിയുമുണ്ടായില്ല. രാജപ്പന്‍ മൂത്തമകനായി എഴുതിവച്ച ഭൂമി അനാഥമായി കിടന്നു. അമ്മ കിടപ്പിലാണ്. അവരെ കൂടെകൊണ്ടുവന്ന് നിര്‍ത്തണമെന്നുണ്ട്. പക്ഷെ അമ്മ പോലും അതിന് സമ്മതിക്കില്ല. അന്ന് സഹോദരനും സഹോദരിയും കുടുംബവും ചേര്‍ന്നാണ് ചുടലപറമ്പില്‍ അപ്പായെ ദഹിപ്പിച്ചത്. നാട്ടുകാര്‍ തൊടാതെ നോക്കിനിന്നു. തൊട്ടാല്‍ അശുദ്ധിയുണ്ടാകും എന്നാണ് സമുദായനേതാക്കള്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ സഹായിക്കണമെന്നു തോന്നിയവര്‍ക്കുപോലും അതിനായില്ല. ആ കഥകളൊക്കെ കേട്ടപ്പോള്‍ പളനിക്ക് വാശി കൂടുകയാണ് ചെയ്തത്. ചിലപ്പോള്‍ തോന്നും ഈ നേതാക്കന്മാരെ എല്ലാം വെടിവച്ചുകൊല്ലാന്‍ ഒരു തോക്ക് സംഘടിപ്പിക്കണമെന്ന്. പിന്നീട് അത് മാറും. പെരിയാര്‍ ഉള്‍പ്പെടെ എത്ര മഹാന്മാര്‍ ശ്രമിച്ചു, എന്നിട്ടും മാറാത്ത വ്യവസ്ഥിതി തനിക്കെങ്ങിനെ മാറ്റാന്‍ കഴിയും. സമുദായത്തിന്‍റെ ക്ഷേത്രത്തിലേക്ക് വാര്‍ഷികപ്പണം പോലും വാങ്ങാന്‍ തയ്യാറാകാത്ത ഇടുങ്ങിയ മനുഷ്യ മനസുകളെ ആര്‍ക്ക് നന്നാക്കാന്‍ കഴിയും.

പ്രകൃതിക്ക് മാത്രമെ അതിന് കഴിയൂ. വലിയ കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ ഒക്കെ വന്ന് എല്ലാം നശിക്കുമ്പോള്‍ ജാതിയും മതവും ഒന്നുമില്ലാതെ വിശപ്പ് മാറ്റാന്‍ നിരനിരയായി നില്‍ക്കുന്നവര്‍ക്ക് അന്നമാണല്ലോ ദൈവവും ജാതിയും മതവും. അപകടത്തില്‍പെട്ട് ആശുപത്രിയിലെത്തുന്നവന്‍ ജാതി ചോദിച്ചല്ലല്ലോ രക്തം സ്വീകരിക്കുന്നത്. പക്ഷെ ഇതെല്ലാം താത്ക്കാലികമാകുന്നു,ഭൂരിപക്ഷം മനുഷ്യരും അഴുക്ക് നിറഞ്ഞ ജാതികിണറില്‍ നിന്നും മോചനം കിട്ടാത്ത തവളകളായി തുടരുകയാണ്. പളനിചാമിയുടെ ചിന്തകള്‍ക്ക് ചൂട് പിടിച്ചിരിക്കെയാണ് സഹോദരന്‍റെ ഫോണ്‍ വന്നത്. അണ്ണാ,അപ്പാ നിങ്ങള്‍ക്കെഴുതി വച്ച ഭൂമിയില്‍ മുനിയാണ്ടി കക്കൂസ് കെട്ടുന്നു.നമ്മളെന്ത് ചെയ്യും?”

നീ ഒന്നും പറയണ്ട. ഞാന്‍ നോക്കട്ടെ”, പളനി ഫോണ്‍ വച്ചു. മുനിയാണ്ടി അയല്‍ക്കാരനാണ്,സമുദായ നേതാവും.തനിക്കൊപ്പം കളിച്ചുനടന്നവന്‍. ഇപ്പോള്‍ സമുദായം അവന്‍റെ കൈകളിലാണ്. അയാള്‍ ആലോചിച്ചു. ഇനി എന്ത്? പോലീസും നിയമസംവിധാനവുമൊന്നും ഇതുവരെ തനിക്കനുകൂലമായിരുന്നില്ല. എങ്കിലും അതല്ലാതെ എന്ത് ചെയ്യാന്‍. അയാള്‍ കട ഭാര്യയെ ഏല്‍പ്പിച്ച് ഇറങ്ങി നടന്നു. പോലീസിലും റവന്യൂവിലും പരാതി കൊടുക്കണം. മുഖ്യമന്ത്രിക്കും ഒരു പരാതി അയയ്ക്കണം. ഫലമുണ്ടാകുമോ എന്ന് നോക്കാമല്ലോ. അപ്പാ തനിക്കെഴുതി തന്ന ഭൂമി അപ്പായുടെ ആത്മാവും വിയര്‍പ്പുമാണ്. അതിനായി ഇനി ജീവിതകാലം മുഴുവനും പോരാടും. ആ പോരാട്ടം തന്നെയാണ് അപ്പാവോടുള്ള കടപ്പാട് നിര്‍വ്വഹിക്കലും. പളനി നാട്ടില്‍ ബസിറങ്ങി പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി. അവിടവിടെ പതുങ്ങി നിന്ന ചില ചെറുപ്പക്കാരും പളനിക്ക് പിന്നിലായി നീങ്ങുന്നുണ്ടായിരുന്നു.

No comments:

Post a Comment