Monday 26 June 2023

Adheenams and the senkol

 

ശൈവമതവും ചെങ്കോലും

---------------------------------------

വി.ആര്.അജിത് കുമാര്

---------------------------------------

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് സന്ന്യാസിമാരുടെ സാന്നിധ്യവും ചെങ്കോലും അത് സംബ്ബന്ധിച്ച ഒരുപാട് വിമര്‍ശനങ്ങളും നമ്മള്‍ വായിച്ചിരുന്നു. തമിഴ്നാട്ടിലെ തിരുവാവാടുതുറൈ അധീനത്തിലെ പ്രധാനി ശ്രീ അമ്പലവാണ ദേശികരായിരുന്നു ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയത്. അങ്ങിനെയാണ് അധീനങ്ങളെ കുറിച്ച് ഞാന്‍ ആദ്യമായി അറിയുന്നതും. തമിഴ്നാട്ടില്‍ മാത്രമായുള്ള ശൈവസന്ന്യാസിമാരുടെ മഠങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ അധീനങ്ങള്‍. ഇവ അബ്രാഹ്മണമഠങ്ങളാണ് എന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ പതിനെട്ട് അധീനങ്ങള്‍ തമിഴ്നാട്ടിലുണ്ട്.

പതിനാറാം നൂറ്റാണ്ടില്‍ ശൈവസിദ്ധാന്തം പ്രചരിപ്പിക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് സമാന്തരമായി തുടങ്ങിയതാണ് അധീനങ്ങള്‍. പ്രധാന അധീനങ്ങള്‍ക്ക് അളവറ്റ സ്വത്തും ശാഖകളുമുണ്ട്. തമിഴ് ഭാഷ,സംസ്ക്കാരം,സംഗീതം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും അധീനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ഒരേ സമയം വലിയൊരു ജനാവലി ശിവപൂജ ചെയ്യുന്ന അപൂര്‍വ്വ കാഴ്ച ഇത്തരം അധീനങ്ങളില്‍ കാണാം. അധീനങ്ങളുടെ തലവന്മാര്‍ തമിഴിലും സംസ്കൃതത്തിലും നല്ല അറിവുള്ളവരും ശൈവസിദ്ധാന്തവും തമിഴ് സാഹിത്യവുമായി ബന്ധപ്പെട്ട അനേകം രചനകള്‍ നിര്‍വ്വഹിച്ചിട്ടുള്ളവരുമാണ്. യഥാര്‍ത്ഥത്തില്‍ മഠങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഈ കേന്ദ്രങ്ങള്‍ പിന്നീടെപ്പൊഴോ അധീനം എന്ന പേര് സ്വീകരിക്കുകയായിരുന്നു. മഠാധിപതി പണ്ടാരം എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടത് ബഹുമാനാര്‍ത്ഥം പണ്ടാരസന്നിധി എന്നും ഗുരുമഹാസന്നിധാനം എന്നും തിരുത്തപ്പെട്ടു.

തിരവാവാടുതുറൈ,ധര്‍മ്മപുരം,തിരുപണന്തല്‍,സൂര്യനാര്‍കോവില്‍,തൊണ്ടൈമണ്ഡലം,മധുരൈ തിരുജ്ഞാനസംബന്ധാര്‍,കുണ്ട്രക്കുടി തിരുവണ്ണാമലൈ എന്നീ അധീനങ്ങളുടെ തലവന്മാര്‍ നിത്യബ്രഹ്മചാരികളാണ്. എന്നാല്‍ തുഴവൂര്‍,വേളാക്കുറിച്ചി,നാച്ചിയാര്‍ കോവില്‍,വരണി എന്നീ അധീനങ്ങളുടെ തലപ്പത്തുള്ളവര്‍ കുടുംബജീവിതം നയിക്കുന്നവരാണ്. ഇത്തരം മഠങ്ങളുടെ അധികാരം അച്ഛനില്‍ നിന്നും മകനിലേക്ക് കൈമാറുന്ന രീതിയുമുണ്ട്.

അധീനങ്ങളില്‍ സന്ന്യാസികളാകാന്‍ ഒരു ജാതി അടയാളമുണ്ട്. വെള്ളാള സമുദായത്തിലെ നാല് പിരിവുകളില്‍ പെടുന്നവരേയും ചെട്ടിയാര്‍ വിഭാഗത്തിലെ ഒരു പിരിവില്‍പെടുന്നവരേയും മാത്രമെ സന്ന്യാസികളാക്കുകയുള്ളു. പിള്ളൈ, തൊണ്ടൈമണ്ഡലമുദലിയാര്‍, കര്‍ക്കത്താര്‍ പിള്ളൈ,ദേശികര്‍,ശൈവ ചെട്ടിയാര്‍ എന്നിവരാണ് ഈ പിരിവുകള്‍. മഠങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പണ്ഡിതന്മാരും വെള്ളാള വിഭാഗത്തില്‍ നിന്നുള്ളവരാണ്.ഈ ജാതിതിരിവ് ആദ്യകാലത്ത് ഉണ്ടായിരുന്നിരിക്കാന്‍ സാധ്യത കുറവാണ്. ഇത് തീര്‍ച്ചയായും പത്തൊന്‍പത്-ഇരുപത് നൂറ്റാണ്ടുകളുടെ സൃഷ്ടിയാകാം. ചില മഠങ്ങള്‍ക്ക് അളവറ്റ സ്വത്തുക്കളുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

    തിരുവാവാടുതുറൈ അധീനത്തിന് തമിഴ്നാടിന്‍റെ തെക്കൻ ജില്ലകളില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയും ഇരുപത് ക്ഷേത്രങ്ങളും സ്വന്തമായിട്ടുണ്ട്. ധര്‍മ്മപുരം മഠത്തിന് ഇരുപത്തിയേഴ് ക്ഷേത്രങ്ങളും എഴുപത്തീരായിരം ഏക്കര്‍ ഭൂമിയുമുണ്ട്. എന്നാല്‍ ഇതില്‍ മിക്കതും റവന്യൂ ഭൂമി -കുടികിടപ്പ് പ്രശ്നങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ്. കാഞ്ചി മഠം രാഷ്ട്രീയമായി മേല്‍ക്കോയ്മ പുലര്‍ത്തിയിരുന്ന സമയത്ത് നേരിയതോതില്‍ അബ്രാഹ്മണ സമീപനം അധീനങ്ങള്‍ പുലര്‍ത്തിയിരുന്നു. എന്നാല്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാഞ്ചി മഠാധിപതിയെ അറസ്റ്റ് ചെയ്യുകയും ജയേന്ദ്ര സരസ്വതി മരണപ്പെടുകയും ചെയ്തതോടെ അബ്രാഹ്മണ സമീപനം പൂര്‍ണ്ണമായും ഇല്ലാതായി. ഇപ്പോള്‍ ബിജെപി നല്‍കുന്ന പ്രാധാന്യം അവര്‍ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു.

No comments:

Post a Comment