ചിലര്‍ പറയും, ചിലര്‍ ചെയ്യും പരമ്പരയില്‍ എല്‍.ഇളയപെരുമാളിനെ പരിചയപ്പെടാം
=================================
മൂന്ന് – എല്‍.ഇളയപെരുമാള്‍
=============================
1924 ജൂണ്‍ 26 ന് തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ ചിദംബരത്തിനടുത്ത് തെമ്മൂരിലാണ് ഇളയപെരുമാള്‍ ജനിച്ചത്. സ്കൂള്‍ കാലത്തേ ജാതിക്കെതിരെ പോരാടിയായിരുന്നു പെരുമാള്‍ തന്‍റെ ജീവിതം ആരംഭിച്ചത്. സ്കൂളില്‍ ദളിത് കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ പ്രത്യേകം കുടം വച്ചിരുന്നതിനെതിരെയായിരുന്നു ആ പോരാട്ടം. സ്കൂള്‍ വിട്ട് എല്ലാവരും വീട്ടില്‍ പോയാലും പെരുമാള്‍ അവിടത്തന്നെ നിന്ന് ആ കുടങ്ങള്‍ പൊട്ടിച്ചുകളയുമായിരുന്നു. അധികൃതര്‍ വീണ്ടും കുടങ്ങള്‍ വാങ്ങിവച്ചു. പെരുമാള്‍ അവയും നശിപ്പിച്ചു. ഒടുവില്‍ അധ്യാപകന്‍ പ്രതിയെ പിടികൂടി ചോദ്യം ചെയ്തു. അവന്‍റെ വാദത്തില്‍ കഴമ്പുണ്ടെന്നു കണ്ട അധികൃതര്‍ പ്രത്യേകം പാത്രം വയ്ക്കുന്ന രീതി ഒഴിവാക്കി.
പഠനം കഴിഞ്ഞ് 1944 ല്‍ കുറച്ചുകാലം അദ്ദേഹം പട്ടാളത്തില്‍ ജോലി നോക്കി. നാട്ടില്‍ തിരിച്ചെത്തി ജാതിവ്യവസ്ഥയ്ക്കും ജന്മിമാരുടെ ക്രൂരതകള്‍ക്കുമെതിരെ പോരാടാന്‍ തുടങ്ങി. 1952 ല്‍ ചിദംബരം സംവരണ മണ്ഡലത്തില്‍ നിന്നും ഇരുപത്തിയേഴാം വയസില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്‍റിലെത്തി. പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ ഭരണത്തിലെ പോരായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ജാതിവിവേചനത്തിനെതിരെയും തൊഴിലിടങ്ങളിലെ മിനിമം വേതനത്തിനു വേണ്ടിയും ശക്തമായി നിലകൊണ്ടു. 1953 മാര്‍ച്ച് 20 ന് ലോക്സഭയില്‍ നടന്ന വാദപ്രതിവാദത്തില്‍ 1948 ലെ സ്റ്റാട്യൂട്ട് ബുക്കില്‍ പറയുന്ന മിനിമം വേതനം മദ്രാസ് സര്‍ക്കാര്‍ നടപ്പാക്കിയില്ല എന്ന പരാമര്‍ശം ശ്രദ്ധേയമായി. ജന്മിത്വം അവസാനിപ്പിച്ച് ഭൂമി പണിയെടുക്കുന്നവര്‍ക്ക് നല്‍കണം എന്ന് പ്രസംഗിച്ചതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളാണ് പെരുമാള്‍ പിന്‍തുടരുന്നത് എന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍തന്നെ ആക്ഷേപമുന്നയിച്ചു.
കോണ്‍ഗ്രസിലെ മികച്ച ദളിത് നേതാവ് എന്ന നിലയില്‍ പെരുമാള്‍ ഭൂരഹിതകര്‍ഷത്തൊഴിലാളികളുടെ പോരാട്ടസമരങ്ങളുടെ മുന്നണിയില്‍ നിന്നു . സ്വന്തം അന്തസിന് ക്ഷതം വരുന്ന ജോലികളില്‍ നിന്നും മാറിനില്‍ക്കാന്‍ അദ്ദേഹം ദളിതരെ ആഹ്വാനം ചെയ്തു. ചിദംബരത്തുള്ള സ്വാമി സഹജാനന്ദയുടെ മരണശേഷം നന്ദനാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് നേതൃത്വം നല്‍കിയതും പെരുമാളായിരുന്നു. 1980 കാലത്ത് തമിഴ്നാട് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റായിരുന്ന പെരുമാള്‍ എഗ്മൂറില്‍ നിന്നും നിയമസഭാംഗമായി.
ഇളയപെരുമാളിന്‍റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന ഉണ്ടായത് അദ്ദേഹത്തിന് 41 വയസുള്ള കാലത്താണ്. രാഷ്ട്രീയത്തില്‍ യുവാവായ പെരുമാളിനെ 1965 ലാണ് കേന്ദ്ര സര്‍ക്കാര്‍ കമ്മറ്റി ഓണ്‍ അണ്‍ടച്ചബിലിറ്റി,ഇക്കണോമിക് ആന്‍റ് എഡ്യൂക്കേഷണല്‍ ഡവലപ്പ്മെന്‍റ് ഓഫ് ദ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ചെയര്‍മാനായി നിയമിച്ചത്. സമിതി ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് 1969 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ പരമ്പരാഗത പൂജാരി നിയമനം അവസാനിപ്പിക്കണമെന്നും പൂജ ചെയ്യാനറിയാവുന്ന എല്ലാ ജാതിക്കാര്‍ക്കും പൂജാരിയാകാന്‍ അവസരം നല്‍കണം എന്നുമായിരുന്നു.കേന്ദ്രസര്‍ക്കാര്‍ പെരുമാള്‍ സമിതി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയ്യാറാകാതിരുന്നതില്‍ പ്രതിഷേധിച്ച് 1984 ല്‍ പെരുമാള്‍ കോണ്‍ഗ്രസ് വിടുകയും ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. അംബദ്ക്കറെ പോലെതന്നെ കോണ്‍ഗ്രസിലെ സവര്‍ണ്ണ മേധാവിത്തത്തോട് കലഹിക്കുകയായിരുന്നു പെരുമാളും ചെയ്തത്. 1989 ല്‍ അദ്ദേഹം പിന്‍തുണച്ച സ്വതന്ത്രന്‍ ചിദംബരം ദേശത്തെ കാട്ടുമണ്ണാര്‍കോയില്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചു. ആ കാലത്ത് സമാനസ്വഭാവമുള്ള സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ജനപ്രതിനിധി എന്ന നിലയില്‍ എല്ലാ പുരോഗമന വിഷയങ്ങളിലും സര്‍ക്കാരുമായി സംസാരിക്കാന്‍ പെരുമാള്‍ മുന്നിലുണ്ടായിരുന്നു.
പെരുമാള്‍ കമ്മറ്റി ശുപാര്‍ശ ആദ്യമായി നടപ്പിലാക്കിയത് കരുണാനിധി മുഖ്യമന്ത്രിയായിരുന്ന ഡിഎംകെ സര്‍ക്കാരാണ്. 1970 ഡിസംബര്‍ രണ്ടിന് തമിഴ്നാട് അസംബ്ലി തമിഴ്നാട് ഹിന്ദു റിലിജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ്സ് ആക്ടില്‍ ഭേദഗതി വരുത്തി. അതോടെ പരമ്പരാഗത പൂജാരി സമ്പ്രദായം അവസാനിച്ചു. എല്ലാ ജാതിയില്‍ നിന്നും പൂജ പഠിച്ചവര്‍ക്ക് പൂജാരിയാകാം എന്ന നിലവന്നു. ഇപ്പോഴും അത് പൂര്‍ണ്ണമായിട്ടില്ലെങ്കിലും വിപ്ലവകരമായ ഒരു നിയമമായിരുന്നു അത്. ഈ ഭേദഗതിക്ക് കാരണമായത് ഇളയപെരുമാള്‍ കമ്മറ്റി ശുപാര്‍ശയായിരുന്നു. ഭേദഗതിയുടെ സ്റ്റേറ്റ്മെന്‍റ്സ് ഓഫ് ഒബ്ജക്ട്സ് ആന്‍റ് റീസണ്‍സില്‍ കമ്മറ്റി ശുപാര്‍ശ പരാമര്‍ശിക്കുന്നുണ്ട്. സുപ്രിംകോടതിയില്‍ കേസ് വന്നപ്പോഴും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച പെരുമാള്‍ കമ്മറ്റി ശുപാര്‍ശ പ്രകാരമാണ് ഭേദഗതി കൊണ്ടുവന്നതെന്നും തമിഴ്നാട് സര്‍ക്കാര്‍ വാദിച്ചു. 2007 ലാണ് തമിഴ്നാട് സര്‍ക്കാര്‍ അര്‍ച്ചക പരിശീലന കേന്ദ്രം ആരംഭിച്ചത്.1989 ലെ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍റ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് (പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ) ആക്ടിന് കാരണമായതും പെരുമാള്‍ കമ്മറ്റി ശുപാര്‍ശകളായിരുന്നു.
1998 ല്‍ തമിഴ്നാട് സര്‍ക്കാര്‍ അണ്ണാള്‍ അംബദ്ക്കര്‍ പുരസ്ക്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2003 ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചുവന്നു. 2005 സെപ്തംബര്‍ 9 ന് അന്തരിച്ചു. നിലവിലുള്ള വ്യവസ്ഥിതിയോട് കലഹിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇളയപെരുമാളിനെ പോലുള്ളവര്‍ പുതുതലമുറയ്ക്ക് ഉത്തേജനമാകേണ്ടതുണ്ട്. ജീവിതം ഒന്നേയുള്ളു എന്നതിനാല്‍ രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും ആത്മാഭിമാനം പണയപ്പെടുത്താതെ ജീവിക്കാന്‍ ഓരോ പൌരനും തയ്യാറാകേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇളയപെരുമാള്‍🙏
- വി.ആര്‍.അജിത് കുമാര്‍
Monday, 12 June 2023
A few will say, a few will act - story of Ilayaperumal
Subscribe to:
Post Comments (Atom)
No comments:
Post a Comment