Sunday, 18 June 2023

The message of the movie "Waank"

 


വാങ്ക് എന്ന സിനിമ നല്‍കുന്ന സന്ദേശം

2021 ല്‍ ഇറങ്ങിയ വാങ്ക് എന്ന സിനിമ ഇന്നലെയാണ് സീ 5 വില്‍ കണ്ടത്. ഉണ്ണി ആറിന്‍റെ 2018 ല്‍ എഴുതിയ കഥയെ അടിസ്ഥാനമാക്കി ശബ്ന മുഹമ്മദ് തിരക്കഥ എഴുതി കാവ്യ പ്രകാശ് സംവിധാനം ചെയ്ത സിനിമയാണ് വാങ്ക് . സിറാജുദീനും ഷബീര്‍ പത്താനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് അര്‍ജുന്‍ രവി സിനിമറ്റോഗ്രഫിയും സുരേഷ് ഉര്‍സ് എഡിറ്റിംഗും ഔസേപ്പച്ചന്‍ സംഗീതവും നിര്‍വ്വഹിച്ചു. പി.എസ്.റഫീക്കാണ് ഗാനങ്ങള്‍ എഴുതിയത്. അനശ്വര രാജനും വിനീതും ഷബ്ന മുഹമ്മദും നന്ദന വര്‍മ്മയും മീനാക്ഷി ഉണ്ണികൃഷ്ണനും പ്രധാന കഥാപാത്രങ്ങളായ ചിത്രം ഒരു കവിതപോലെ കണ്ടിരിക്കാവുന്ന ഒന്നാണ്.

എന്നാല്‍ അതില്‍ ശ്രദ്ധേയമാവുന്ന സംഗതി സ്ത്രീകള്‍ക്ക് പുരുഷമേധാവിത്തമുള്ള സമൂഹം കല്‍പ്പിക്കുന്ന നിയന്ത്രണങ്ങളും പരിമിതികളുമാണ്. റസാക്ക് ചെറുപ്പകാലത്ത് ആഘോഷമായി ജീവിക്കുകയും മകള്‍ വലുതായതോടെ മതത്തിന്‍റെ ചങ്ങലകളിലേക്ക് സ്വയം എറിയപ്പെടുകയും ചെയ്ത ആളാണ്. എന്നാല്‍ തനിക്ക് നഷ്ടപ്പെട്ട കൌമാരം മകള്‍ക്ക് കിട്ടണം എന്നാണ് അമ്മ ജാസ്മി ആഗ്രഹിക്കുന്നത്. റസാക്കിന്‍റെ ഉമ്മയും പുരോഗമന ചിന്താഗതിക്കാരിയാണ്. നന്നായി പഠിക്കുന്ന റസിയയ്ക്ക് ഐഎഎസ് ഓഫീസറാകണം എന്നാണ് മോഹം. ഉമ്മയും മകളും നല്ല വസ്ത്രങ്ങള്‍ ധരിക്കാനും ഒരുങ്ങിനടക്കാനും ആഗ്രഹിക്കുന്നു. റസാക്ക് അവരെ പര്‍ദ ധരിപ്പിക്കുന്നുണ്ട്. എത്രയും വേഗം മകളെ വിവാഹം കഴിപ്പിക്കാനും അയാള്‍ നീക്കം നടത്തുന്നു. റസിയ ഇസ്ലാം മതത്തില്‍ ആഴത്തില്‍ വിശ്വസിക്കുന്ന പരമ്പരാഗത മുസ്ലീമാണ്. അവളുടെ വലിയ മോഹം ഒരു ദിവസമെങ്കിലും വാങ്ക് വിളിക്കണം എന്നതാണ്.

എന്നാല്‍ വാങ്ക് വിളി പുരുഷന്മാര്‍ക്ക് മാത്രം അനുവദിച്ചിട്ടുള്ള ഒന്നാണ്. വാങ്ക് വിളിക്കണം എന്ന ചിന്ത തന്നെ ശെയ്ത്താന്‍റെ കുടിയേറ്റമാണ് എന്ന് വിധിയെഴുതപ്പെടുന്നു. അവളുടെ ആഗ്രഹം സോഷ്യല്‍ മീഡിയ വഴി ഒരു കൂട്ടുകാരി പരസ്യപ്പെടുത്തുന്നതോടെ നാട്ടില്‍ വലിയ പുകിലാവുന്നു. എന്നാല്‍ അവള്‍ ദൈവത്തിന്‍റെ മനോഹര സൃഷ്ടികളായ മരങ്ങളും ജീവികളും മാത്രമുള്ള കൊടുങ്കാട്ടില്‍ പോയി വാങ്ക് വിളിച്ച്  ആഗ്രഹം പൂര്‍ത്തീകരിക്കുന്നു. സ്ത്രീശബ്ദത്തിലുള്ള ആ വാങ്ക് നാളിതുവരെ കേട്ട വാങ്കുകളില്‍ നിന്നും വ്യത്യസ്തമായ ഒരനുഭൂതി സിനിമ കാണുന്നവര്‍ക്ക് നല്‍കുന്നു. വലിയ ട്രാജഡി ആകാവുന്ന ഒരു സിനിമയെ സുഖകരമായ ഒരനുഭവമായി അവസാനിപ്പിക്കുന്നു.

ശരിക്കും ഈ ചിത്രം കണ്ടപ്പോഴാണ് സ്ത്രീകള്‍ക്ക് വാങ്ക് വിളിക്കാന്‍ അവകാശമില്ല എന്നത് എന്‍റെ ശ്രദ്ധയില്‍ വന്നത്.സത്യത്തില്‍ പുരുഷന്മാരേക്കാളും ആഴത്തില്‍ ഭക്തിയുള്ളത് സ്ത്രീകള്‍ക്കാണ് എന്നതാണ് സത്യം. അമ്പലങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും പോയാല്‍ നമുക്കിത് മനസിലാകും. മുസ്ലിം സ്ത്രീകളും പള്ളിയില്‍ പ്രവേശനമില്ലെങ്കിലും അല്ലാഹുവിനെ പ്രാര്‍ത്ഥിക്കുന്നത് മനസലിഞ്ഞാണ്. അതില്‍ കപടത കുറവാണ്. പിന്നെന്തുകൊണ്ടാണ് ഇവര്‍ക്ക് പൂജ ചെയ്യാനും പ്രാര്‍ത്ഥന ചെയ്യാനും നിരോധനം എന്നറിയില്ല. തീര്‍ച്ചയായും പുരുഷ കേന്ദ്രീകൃതമാണ് എല്ലാ മതങ്ങളും. ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരാക്കുന്നതിന് എന്താണ് തടസ്സം. മെന്‍സസാണ് ഒരു തടസ്സമായി പറയുന്നത്. മെന്‍സസിനെ മോശമായ സമയമായി ചിത്രീകരിച്ചതും അശുദ്ധിയുടെ അടയാളമാക്കിയതും ഇതേ പുരുഷ മേധാവിത്തം തന്നെയാണ്. അവരുടെ മനസിലെ അഴുക്ക് നീങ്ങിയാല്‍ ഇത് അഴുക്കല്ലാതാകും.

ക്രസ്ത്യന്‍ പള്ളിയില്‍ കുര്‍ബാന നടത്താനും കുമ്പസാരം കേള്‍ക്കാനും വിവാഹം നടത്തിക്കൊടുക്കാനും കന്യാസ്ത്രീകളെ അനുവദിക്കേണ്ടതല്ലെ. അതല്ലെ ശരി. മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് വാങ്ക് വിളിക്കാനും പ്രാര്‍ത്ഥിക്കാനുമൊക്കെ അവകാശം നല്‍കേണ്ടതല്ലെ. നഗ്നാനായ ജൈനസന്ന്യാസി അത്തരമൊരവസ്ഥയെ കുറിച്ച് ചിന്തിക്കാത്തവിധം ദൈവജ്ഞനായിരിക്കുമ്പോള്‍ എന്തുകൊണ്ട് ഒരു ജൈനസന്ന്യാസിനിക്ക് അത്തരമൊരവസ്ഥയെ സ്വീകരിച്ചുകൂടാ. ബുദ്ധമതത്തിലും സന്ന്യാസിമാര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം സന്ന്യാസിനിമാര്‍ക്കില്ല. ചുരുക്കത്തില്‍ മതം പുരുഷ കേന്ദ്രീകൃതമാണ്. മതത്തിന് പ്രാധാന്യമില്ലാത്ത ഒരു സമൂഹത്തെകുറിച്ച് ഗൌരവമായി ചിന്തിക്കേണ്ടത് സ്ത്രീകളാണ് എന്നാണ് ഈ ചിത്രം കണ്ടപ്പോള്‍ എനിക്ക് തോന്നിയത് 🙏

 

No comments:

Post a Comment