ഡോക്ടര്‍ വേണു - മികച്ച അഡ്മിനിസ്ട്രേറ്റര്‍
-------------------------------------------------------------------
വി.ആര്‍.അജിത് കുമാര്‍
-----------------------------------------
ഡോക്ടര്‍ വി.വേണു കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയായി നിയമിതനായതിലുള്ള സന്തോഷവും അഭിനന്ദനവും ആദ്യം തന്നെ അറിയിക്കട്ടെ. കേരളത്തില്‍ വിവിധ വകുപ്പുകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇടയ്ക്കൊരു സമയം തന്‍റെ പാഷനായ മ്യൂസിയം പ്രവര്‍ത്തനങ്ങളില്‍ ഒരു കലാകാരനെപോലെ മുഴുകിയ ദല്‍ഹി ദേശീയ മ്യൂസിയം തലവന്‍ വരെ വ്യത്യസ്തങ്ങളായ റോളുകള്‍. ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് തലവനായിരിക്കുമ്പോള്‍ ദല്‍ഹിയില്‍ നടന്ന ആദ്യ പ്രവാസി ഭാരതീയ ദിവസുമായി ബന്ധപ്പെട്ടും ഞാന്‍ മുന്‍കൈ എടുത്ത് നടത്തിയ ആദ്യ ഓണം ഫെയറുമായുമൊക്കെ ബന്ധപ്പെട്ട രസകരമായ ഒട്ടേറെ സംഗതികളുണ്ട്. അതൊന്നും പറയാനല്ല ഞാന്‍ മുതിരുന്നത്. എന്നെ അത്ഭുതപ്പെടുത്തിയ ഒരു തീരുമാനം പങ്കുവയ്ക്കാനാണ്.
പ്രഗതി മൈതാനിലെ പഴയ കേരള പവിലിയന്‍ കണ്ടിട്ടുള്ളവര്‍ ഓര്‍ക്കുന്നുണ്ടാകും അതിന്‍റെ മുഖപ്പ്. പരമ്പരാഗത ക്ഷേത്രമുഖപ്പിന്‍റെ രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ഓടിന്‍റെ ആകൃതിയില്‍ കട്ടുചെയ്ത പ്ലൈവുഡ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരുന്നത്. അതുകൊണ്ടുതന്നെ സെന്‍ട്രല്‍ തീം ഏരിയയില്‍ മാത്രമാണ് നമുക്ക് ആകര്‍ഷകമായ രീതിയില്‍ പവിലിയന്‍ തീം ഒരുക്കാന്‍ കഴിഞ്ഞിരുന്നത്. എന്നിട്ടും സ്ഥിരമായി സ്വര്‍ണ്ണമെഡല്‍ നേടിയിരുന്നതും കേരളമായിരുന്നു. എന്നാല്‍ ഗുജറാത്തും മഹാരാഷ്ട്രയുമൊക്കെ പവിലിയനുകള്‍ പുതുക്കി പണിതതോടെ അവര്‍ക്ക് പവിലിയന് പുറത്തും എക്സിബിഷന് സാധ്യത തെളിഞ്ഞു. അതോടെ കേരളം അവാര്‍ഡിന് പുറത്തായി. ഇതിന് പരിഹാരം മുഖപ്പ് പൊളിച്ച് പവിലിയന്‍റെ എക്സ്റ്റീരിയര്‍ കൂടി ഉപയോഗപ്പെടുത്തുകയാണ് എന്ന് വേണുസാറിന് മുന്നെ ഉണ്ടായിരുന്ന രണ്ട് ഡയറക്ടര്‍മാരോട് അഭിപ്രായപ്പെട്ടെങ്കിലും അവരെ മരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ ഭയപ്പെടുത്തി. കെട്ടിടത്തിന് ബലമില്ല, ഭാരം താങ്ങാന്‍ കഴിയില്ല എന്നൊക്കെ അവര്‍ പറഞ്ഞതോടെ ഡയറക്ടര്‍മാര്‍ നിശബ്ദരായി. മരാമത്തുകാരുടെ താത്പ്പര്യം എന്തായിരുന്നു എന്നത് ഇവിടെ പ്രസക്തമല്ല. മുന്‍പുണ്ടായിരുന്ന ഡയറക്ടര്‍മാരോട് പറഞ്ഞ അതേകാര്യം വേണുസാറിനോടും പറഞ്ഞു. അദ്ദേഹം കൃത്യമായി കാര്യം മനസിലാക്കി. “അജിത്തിന് എന്താണ് വേണ്ടത് എന്നായിരുന്ന സാറിന്‍റെ ചോദ്യം. മുഖപ്പ് പൊളിച്ചു മാറ്റണം ,അത്രയല്ലേ ഉള്ളൂ. വിളിക്ക് , എന്‍ജിനീയറെ ഇപ്പോള്‍ വിളിക്ക്.”
പവിലിയനില്‍ നിന്നുകൊണ്ടുതന്നെ ഞാന്‍ എന്‍ജിനീയര്‍ ഹമീദിനെ വിളിച്ചു. അയാള്‍ അരമണിക്കൂറിനുള്ളില്‍ കേരളഹൌസില്‍ നിന്നും പ്രഗതിമൈതാനിലെത്തി.
മുഖപ്പ് പൊളിച്ചാലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ ചോദിക്കും, അയാള്‍ മറുപടി പറയും, സാറും നിശബ്ദനാകും എന്ന മട്ടിലായിരുന്നു ഞാന്‍ നിന്നത്. എന്നാല്‍ തുടക്കം ഇങ്ങിനെയായിരുന്നു.
“ഹമീദേ, ഈ മുഖപ്പ് പൊളിക്കാന്‍ എത്ര ദിവസം വേണം?” ഹമീദ് ഒന്നമ്പരന്നു.
“സാര്‍, ഒരു മുപ്പത് ദിവസം. “
അപ്പോള്‍ സാര്‍ പറഞ്ഞു, “പോട്ടെ ഒരു നാല്‍പ്പത്തിയഞ്ച് ദിവസം ഞാന്‍ തരുന്നു. അത് കഴിയുമ്പോള്‍ ഞാന്‍ വരും. അപ്പോള്‍ ഈ മുഖപ്പിന്‍റെ ഒരു തുണ്ട് പോലും ഇവിടെ കാണരുത്. നിങ്ങടെ വകുപ്പിലെ ഉത്തരവിനൊന്നും കാത്തിരിക്കണ്ട. നാളെ പണി തുടങ്ങണം. നിങ്ങളുടെ മന്ത്രി എന്‍റെ ക്ലാസ്മേറ്റാണ്(ഡോക്ടര്‍ മുനീറായിരുന്നു മന്ത്രി), അറിയാമല്ലോ .അതുകൊണ്ട് അവിടെ തടസ്സമൊന്നും ഉണ്ടാകില്ല. “ഒരു ചെറിയ ചിരിയും സമ്മാനിച്ച് , എല്ലാം സൂപ്പര്‍വൈസ് ചെയ്യണം എന്ന് തോളില്‍ തട്ടിപറഞ്ഞ് സാര്‍ പോയി.
അത്തരമൊരു രീതി എനിക്ക് അപരിചിതമായിരുന്നു. എന്നിട്ടും ആശങ്ക ഒഴിഞ്ഞിരുന്നില്ല. മരാമത്ത് വകുപ്പിനെ നന്നായി അറിയാവുന്നത് കൊണ്ടുള്ള ആശങ്കയായിരുന്നു അത്. എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ നടന്നു. ദല്‍ഹിയിലും കേരളത്തിലും ഫയല്‍ വര്‍ക്കുകള്‍ തടസമില്ലാതെ മുന്നോട്ടുപോയി. മുഖപ്പ് മാറ്റി തികച്ചും നഗ്നമായ പവിലിയന്‍ ജിനനെയും ബിനുവിനേയും ഏല്‍പ്പിച്ചു. പിന്നീട് കണ്ടത് വലിയ അത്ഭുതമാണ്. ത്രീഡി മാതൃകയില്‍ കെട്ടുവള്ളമായി പവിലിയന്‍ മാറി. ഏറ്റവുമധികം സെല്‍ഫി എടുക്കപ്പെട്ട പവിലിയനായിരുന്നു ആ വര്‍ഷത്തെ കേരള പവിലിയന്‍. ആ വര്‍ഷം മുതല്‍ ട്രേയ്ഡ് ഫെയര്‍ അധികൃതര്‍ സംസ്ഥാന പവിലിയനുകള്‍ പൊളിച്ചുമാറ്റും വരെയും കേരളം അവാര്‍ഡുകളുടെ കാര്യത്തില്‍ അതിന്‍റെ മുന്നേറ്റം തുടര്‍ന്നു.ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ കേരളത്തെ കുടിയിരുത്താന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന മുഖപ്പുകളുണ്ടായി.അത് തീര്‍ച്ചയായും കേരളത്തിന്‍റെ വിനോദസഞ്ചാരമേഖലയ്ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ടാവും. ഈ മാറ്റത്തിന് കാരണമായത് വേണുസാറിന്‍റെ ശക്തമായ ആ ഒരുനിലപാട് ആയിരുന്നു. ഇതൊക്കെ ചരിത്രമാണ്. ഇത്തരത്തില്‍ കൂടെ പ്രവര്‍ത്തിച്ച പലര്‍ക്കും പല അനുഭവങ്ങളുമുണ്ടാകും പറയാനായി.
No comments:
Post a Comment