Saturday, 17 June 2023

Ziegenbalg - The originator of Tamil printing

 


ബര്‍ത്തലോമസ് സീഗന്‍ബാല്‍ഗ്

 തമിഴ് ഭാഷയുടെ അച്ചടിക്ക് തുടക്കമിട്ട  ജര്‍മ്മന്‍കാരനാണ് ബര്‍ത്തലോമസ് സീഗന്‍ബാല്‍ഗ്.ഇന്ത്യയില്‍ അച്ചടിയന്ത്രം കൊണ്ടുവന്നത് പോര്‍ച്ചുഗീസുകാരാണ്. 1556 ല്‍ ഗോവയിലെ ജസ്യൂട്ട് സെയ്ന്‍റ് പോള്‍സ് കോളേജിലായിരുന്നു ഇത് സ്ഥാപിച്ചത്. എന്നാല്‍ തമിഴ്നാട്ടില്‍ ഈ അത്ഭുതയന്ത്രം എത്തുന്നത് സീഗന്‍ബാല്‍ഗ് ഡാനിഷ്-ഹാലെ മിഷന്‍റെ ഭാഗമായി തരംഗബാടിയില്‍ എത്തിയതോടെയാണ്. 1620 ല്‍ ഡാനിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് തഞ്ചാവൂര്‍ രാജാവായിരുന്ന രഘുനാഥ നായിക്കില്‍ നിന്നും വ്യാപാര ആവശ്യത്തിനായി കുറച്ചുസ്ഥലം മയിലാട്തുറൈയിലെ തരംഗബാടിയില്‍ വാങ്ങിയത്. വ്യാപാരത്തിനൊപ്പം മതപ്രചാരണവും അവര്‍ ലക്ഷ്യമിട്ടിരുന്നു.

1705 ല്‍ ഡന്മാര്‍ക്കിലെ രാജാവായിരുന്ന ഫ്രെഡറിക് നാലാമന്‍ ഡാനിഷ് സെറ്റില്‍മെന്‍റുകളില്‍ മതപ്രചരണത്തിനായി ലൂഥറന്‍ സന്ന്യാസിമാരെ ക്ഷണിച്ചു. കിഴക്കന്‍ ജര്‍മ്മനിയിലെ ഹാലെയില്‍ നിന്നും തിയോളജി വിദ്യാര്‍ത്ഥിയായ ബര്‍ത്തലോമസ് സീഗന്‍ബാല്‍ഗ് ഡാനിഷുകാര്‍ ട്രാന്‍ക്വിബാര്‍ എന്നു വിളിക്കുന്ന തരംഗബാടിയിലെത്തുന്നതും ഈ മിഷന്‍റെ ഭാഗമായിട്ടാണ്. കൃത്യമായി പറഞ്ഞാല്‍ 1706 ജൂലൈ ഒന്‍പതിനാണ് അദ്ദേഹം തമിഴ്തീരം അണഞ്ഞത്. ഇന്ത്യയിലേക്കുള്ള ആദ്യ പ്രൊട്ടസ്റ്റന്‍റ് മിഷനറിമാരുടെ സംഘമായിരുന്നു അന്ന് ട്രാന്‍ക്വിബാറിലെത്തിയത്. സീഗന്‍ബാല്‍ഗിന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു പ്രായം. സാധാരണക്കാരുമായി ഇടപഴകാനും മതം പ്രചരിപ്പിക്കാനും പ്രാദേശിക ഭാഷ അറിയുക എന്നത് അത്യാവശ്യമാണെന്ന് അദ്ദേഹം മനസിലാക്കി. ഈ കാലത്ത് ഡെയ്ന്‍സ്, ഡച്ച്,പോര്‍ച്ചുഗീസ്,ജര്‍മ്മന്‍ തുടങ്ങിയ ദേശങ്ങളില്‍ നിന്നുള്ള വിദേശികളുടെ വലിയ സാന്നിധ്യം തരംഗബാടിയിലുണ്ടായിരുന്നു.മികച്ച തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു ഇവിടം.

വേഗത്തില്‍ പുതിയ ഭാഷകള്‍ വശമാക്കാന്‍ പ്രാവീണ്യമുള്ള ആളായിരുന്നു സീഗന്‍ബാല്‍ഗ്. അഴഗപ്പന്‍ എന്ന ബഹുഭാഷാ പണ്ഡിതന്‍റെ സഹായത്തോടെ മൂന്ന് മാസംകൊണ്ട് അദ്ദേഹം തമിഴ് പഠിച്ചു. കടല്‍ത്തീരത്തെ മണലില്‍ എഴുതിയായിരുന്നു അക്ഷരപഠനം. 1708 ല്‍ ബൈബിള്‍ പുതിയ നിയമത്തിന്‍റെ തമിഴ് വിവര്‍ത്തനം ആരംഭിച്ചു. മൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ആ ജോലി പൂര്‍ത്തിയാക്കിയത്. 1709 ല്‍ അദ്ദേഹം ഡെന്മാര്‍ക്ക് രാജാവിന് ഒരു കത്തയച്ചു. ഒരു പ്രിന്‍റിംഗ് പ്രസ് വേണം എന്നതായിരുന്നു ആവശ്യം. രാജാവ് ആ കത്ത് ലണ്ടനിലെ സൊസൈറ്റി ഫോര്‍ പ്രൊമോട്ടിംഗ് ക്രിസ്ത്യന്‍ നോളജിന് അയച്ചു കൊടുത്തു. 1712 ല്‍ അവര്‍ പ്രിന്‍റിംഗ് പ്രസ് അയച്ചുകൊടുത്തു. യൂറോപ്യന്‍ ഭാഷയില്‍ അച്ചടിക്ക് ഉതകുന്ന പ്രസായിരുന്നു അത്. പ്രിന്‍റിംഗ് പ്രസ് ഉപകാരപ്രദമായെങ്കിലും തമിഴില്‍ അച്ചടി സാധ്യമായാലേ മതപ്രചരണം ഊര്‍ജ്ജിതമാകൂ എന്ന് സീഗന്‍ബാല്‍ഗിന് അറിയാമായിരുന്നു. അതിനായി പിന്നത്തെ ശ്രമം. അദ്ദേഹം തമിഴ് അക്ഷരങ്ങളുടെ ഡ്രായിംഗുകള്‍ ഹാലേയിലേക്കയച്ച് തമിഴ് അച്ചുകള്‍ തയ്യാറാക്കിച്ചു.

1713 ജൂണ്‍ 29 ന് ഹാലെ ഓര്‍ഫന്‍ ഹൌസില്‍ നിന്നും തമിഴ് അച്ചുകളുമായി തടിയിലുള്ള പ്രിന്‍റിംഗ് പ്രസ് തരംഗബാടിയിലെത്തി. 1715 ല്‍ പുതിയ നിയമത്തിന്‍റെ ആദ്യ തമിഴ് പതിപ്പ് പുറത്തുവന്നു. വിശാലഹൃദയനായ സീഗന്‍ബാല്‍ഗ് ഗ്രാമര്‍ പുസ്തകങ്ങളും ടെക്സ്റ്റ് ബുക്കുകളും ഹിന്ദുമത പുസ്തകങ്ങളും തമിഴില്‍ പ്രസിദ്ധീകരിച്ചു. ഉലഗ നീതി എന്ന തമിഴ് ഗ്രന്ഥം ജര്‍മ്മന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തു. അദ്ദേഹം പെണ്‍കുട്ടികള്‍ക്കായി ഒരു ബോര്‍ഡിംഗ് സ്കൂള്‍ ആരംഭിക്കുകയും തയ്യല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ആണ്‍കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം നല്‍കി. 1718 ലാണ് ജര്‍മ്മന്‍ വാസ്തുശില്‍പ്പ മാതൃകയില്‍ ഒരു പള്ളി തരംഗബാടിയില്‍ നിര്‍മ്മിച്ചത്. 1719 ല്‍ മുപ്പത്തിയാറാം വയസ്സില്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ അടക്കിയതും ഇതേ പള്ളിയിലായിരുന്നു. തരംഗബാടിയിലെ കിംഗ്സ് തെരുവിലാണ് ന്യൂ ജറുസലേം പള്ളി സ്ഥിതിചെയ്യുന്നത്.

സീഗന്‍ബാല്‍ഗ് ഉപയോഗിച്ചിരുന്ന തടികൊണ്ടുള്ള പ്രിന്‍റിംഗ് പ്രസ് കുറേകാലത്തിന് ശേഷം നശിച്ചുപോയി. എന്നാല്‍ അതിന്‍റെ ഒരു പകര്‍പ്പ് ഇപ്പോള്‍ തരംഗബാഡിയിലെ സീഗന്‍ബാള്‍ഗ് ഹൌസില്‍ സൂക്ഷിച്ചിട്ടുണ്ട്. സീഗന്‍ബാള്‍ഗ് ഹൌസും അദ്ദേഹം ആരംഭിച്ച സ്കൂളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് തമിഴ് ഇവാന്‍ജലിക്കല്‍ ലൂഥറന്‍ ചര്‍ച്ചിന്‍റെ കീഴിലാണ്. താന്‍ ഏറ്റെടുത്ത ജോലിയില്‍ ആസ്വദിച്ച് മുഴുകിയ സീഗന്‍ബാള്‍ഗ് ഉത്തമ ജീവിതത്തിന്‍റെ ഒരു മനോഹര മാതൃകയാണ് എന്നതില്‍ സംശയമില്ല.🙏





No comments:

Post a Comment