Thursday 15 June 2023

Trade bond between Madhura and Rome

 

മധുരയും റോമും

തമിഴ്നാടിന്‍റെ സാംസ്ക്കാരിക കേന്ദ്രമായ മധുരയും ഇറ്റാലിയന്‍ തലസ്ഥാനമായ റോമും തമ്മിലെന്ത് ബന്ധം എന്ന് ദക്ഷിണേന്ത്യയുടെ വാണിജ്യചരിത്രം അറിയാത്തവര്‍ ചോദിച്ചേക്കാം. എന്നാല്‍ ചരിത്രം ബാക്കിവയ്ക്കുന്ന ചിലതുണ്ട്. അതിലൊന്നാണ് ദിണ്ഡിഗല്‍ ജില്ലയിലെ ബത് ലഗുണ്ഡുവിനടുത്തായുള്ള കണ്ണുവരന്‍ കോട്ടൈ. വൈഗയും മരുതനദിയും മഞ്ചളാറും സന്ധിക്കുന്ന ത്രിവേണി. ഇവിടെ പാണ്ഡ്യരാജാക്കന്മാര്‍ ഒരു ടോള്‍ഗേറ്റ് അഥവാ ചുങ്കചാവിടി സ്ഥാപിച്ചിരുന്നു. പശ്ചിമഘട്ടത്തില്‍ നിന്നും മഴക്കാലത്ത് വളക്കൂറുള്ള മണ്ണിനെ നദികള്‍ ഇവിടെയാണ് കൊണ്ടുവന്ന് നിക്ഷേപിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവിടം തെങ്ങുകളാല്‍ സമൃദ്ധവുമായിരുന്നു. ചുങ്കചാവിടിയില്‍ രാജാവിനുള്ള ആറ് ശതമാനം ചുങ്കവുമടച്ച് കച്ചവടക്കാര്‍ ഇവിടെ വിശ്രമിക്കാറുണ്ടായിരുന്നു. ഇവിടെയാണ് റോമാക്കാരായ യവനരും നാട്ടുകാരായ കച്ചവടക്കാരും കണ്ടുമുട്ടി സൌഹൃദം സ്ഥാപിച്ചിരുന്നത്. ഈ സൌഹൃദം കുരുമുളക് കച്ചവടത്തിനുവേണ്ടിയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇവിടെ നിന്നും കൊണ്ടുപോകുന്ന കുരുമുളകിലെ ഒരു നുള്ളായിരുന്നു അന്ന് റോമന്‍ ഭക്ഷണത്തിന്‍റെ രുചിയേറ്റിയിരുന്നത്.

മണ്‍സൂണ്‍ കാലത്തെ കാറ്റിന്‍റെ ആനുകൂല്യം പറ്റിയായിരുന്നു ഈജിപ്തില്‍ നിന്നും നാല്‍പ്പത്തിയഞ്ച് ദിവസം യാത്ര ചെയ്ത് റോമക്കാര്‍ മുസിരിസില്‍ എത്തിയിരുന്നത്. അവിടെനിന്നും നടന്നായിരുന്നു പശ്ചിമഘട്ടം താണ്ടിയിരുന്നതും. കുമ്പം ചുരം വഴിയാകണം ഇവര്‍ നടന്ന് വന്നിരുന്നത്. ആ ഭാഗത്ത് പുരാരേഖാ വകുപ്പുകാര്‍ നടത്തിയ ഖനനത്തില്‍ സീസര്‍ അഗസ്റ്റിന്‍റെ ചിത്രമുള്ള വെള്ളിനാണയങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇത്തരം നാണയങ്ങള്‍ ഇടുക്കിയിലും കണ്ടെത്തിയിരുന്നു. മറ്റൊരു പാത താണ്ടിക്കുടി വഴിയാണ്. ഇത് കണ്ണുവരന്‍ കോട്ടയില്‍ നിന്നും നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെ ആയിരത്തഞ്ഞൂറ് മീറ്റര്‍ ഉയരത്തിലാണ്. ദുഷ്ക്കരമായ പാതയാണ് ചോലവനങ്ങളിലുണ്ടായിരുന്നത്. കുരുമുളകിനായി എന്ത് സാഹസവും സഹിക്കാന്‍ റോമക്കാര്‍ തയ്യാറായിരുന്നു. അക്കാലത്ത് പൊതുവെ നദീതീരങ്ങളിലാണ് ജനവാസവും വ്യാപാരവും നടക്കുക. എന്നാല്‍ അതിനൊരപവാദമാണ് താണ്ടിക്കുടി.അവിടെ പതിമൂന്നാം നൂറ്റാണ്ടിലും കുരുമുളക് വില്‍ക്കാന്‍ വ്യാപാരകേന്ദ്രമുണ്ടായിരുന്നു. ഇരുമ്പുയുഗത്തിലേ താണ്ടിക്കുടി വികസിതമായിരുന്നു എന്നാണ് പുരാരേഖ ശാസ്ത്രജ്ഞര്‍ പറയുന്നത്. അവിടെ കണ്ടെത്തിയ തൊപ്പിക്കല്ലുകള്‍ അവര്‍ രേഖയായി ചൂണ്ടിക്കാട്ടുന്നു.

ചെങ്കോട്ട ചുരം വഴിയുള്ളതായിരുന്നു മറ്റൊരു വാണിജ്യപാത. വിലകൂടിയ കല്ലുകള്‍ തേടിവരുന്ന കച്ചവടക്കാരാണ് ഈ പാത തെരഞ്ഞെടുത്തിരുന്നത്. കോര്‍ക്കയില്‍ നിന്നും മറ്റും കൊണ്ടുപോയിരുന്ന മുത്തുകളും കല്ലുകളും റോമിലെ സമ്പന്നര്‍ക്ക് പ്രിയങ്കരമായിരുന്നു. ഈ പാതകളെല്ലാം വന്നവസാനിച്ചിരുന്നത് മധുരയിലാണ്. വൈഗയുടെ തീരത്ത് താമരപോലെ വിടര്‍ന്നതായിരുന്നു മധുര നഗരം. എഡി ഒന്നാം നൂറ്റാണ്ടില്‍ പാണ്ഡ്യതലസ്ഥാനം മീനാക്ഷി സുന്ദരേശ്വരാര്‍ ക്ഷേത്രത്തിന് ചുറ്റിനുമായിട്ടായിരുന്നു. ഓരോ തരം വ്യാപാരത്തിനും പറ്റിയ തരത്തില്‍ തെരുവുകള്‍ താമരയിതളുകള്‍ പോലെ തയ്യാറാക്കിയിരുന്നു. നാഗകടൈ വീഥി,എഴുത്തുകരൈ വീഥി,ചിത്രൈ വീഥി എന്നിങ്ങനെയായിരുന്നു തെരുവുകള്‍ അറിയപ്പെട്ടിരുന്നത്.മുഷിഞ്ഞ വേഷം ധരിച്ച, പൊക്കം കൂടിയ യവനരെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ സംഘംകൃതികളില്‍ ധാരാളമുണ്ട്. യവനര്‍ അവരുടെ മിനുസമുള്ള കളിമണ്‍ പാത്രങ്ങളും ശില്‍പ്പങ്ങളും വില്‍പ്പനയ്ക്കായി കൊണ്ടുവന്നിരുന്നു. അത്തരം ചുവന്ന അരെറ്റൈന്‍ പാത്രങ്ങള്‍ പാണ്ഡ്യരാജാക്കന്മാര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു. അവര്‍ സ്വര്‍ണ്ണവും വില്‍പ്പന നടത്തിയിരുന്നു. മുന്തിരി വൈന്‍ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയതും യവനരാണ്.

മധുരയില്‍ എട്ടാം നൂറ്റാണ്ടില്‍തന്നെ വ്യാപാരിസംഘങ്ങളുണ്ടായിരുന്നു. ഐനൂട്രവര്‍,മണിഗ്രാമത്താര്‍,പതിനന്‍ വിശായതാര്‍, അഞ്ചുവണ്ണം എന്നിവയായിരുന്നു അവ. ഇവര്‍ കച്ചവടക്കാര്‍ മാത്രമല്ല സ്വന്തമായി കപ്പലും പട്ടാളവുമുള്ളവരുമായിരുന്നു.വിലയേറിയ കല്ലുകളും സുഗന്ധവ്യഞ്ജനങ്ങളും ശേഖരിച്ച് മധുരയില്‍ നിന്നും വിദേശികള്‍ അളഗന്‍ കുളം,അരിക്കമേട്, കാവേരിപ്പട്ടണം,കായല്‍പട്ടണം,കോര്‍ക്കൈ, മാമല്ലപുരം,നാഗപട്ടണം,പെരിയപട്ടണം,ദേവിപട്ടണം എന്നിവിടങ്ങളിലെ തുറമുഖങ്ങളിലേക്കാണ് നീങ്ങിയിരുന്നത്. കച്ചവടക്കാര്‍ സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമായി നാട്ടുകാര്‍ക്കുവേണ്ടി കുളങ്ങളും ക്ഷേത്രങ്ങളും നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇത്തരത്തില്‍ വലിയ സമൃദ്ധിയുണ്ടായിരുന്ന നാടിനെയാണ് പിന്നീട് യൂറോപ്പുകാര്‍ വന്ന് കൊള്ളയടിച്ച് നശിപ്പിച്ചത്. ഇത്തരം ചരിത്രങ്ങള്‍ കുട്ടികള്‍ മനസിലാക്കുന്നത് അവരില്‍ ആത്മാഭിമാനമുണര്‍ത്താന്‍ സഹായിക്കും എന്നതില്‍ സംശയമില്ല🙌

No comments:

Post a Comment