Friday, 30 April 2021

Our legal system needs overhauling

 


 നിയമ വ്യവസ്ഥയില്‍ വലിയ മാറ്റം അനിവാര്യം

 ലോകമൊട്ടാകെ ,ജനാധിപത്യ രാജ്യങ്ങളില്‍ അനുവര്‍ത്തിച്ചു വരുന്ന നിയമ സംവിധാനം പറയുന്നതും പ്രവര്‍ത്തിക്കുന്നതും കൂടുതലും കുറ്റവാളികള്‍ക്കുവേണ്ടിയാണ്. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നതിന്റെ ലോജിക് എനിക്കിതുവരെയും മനസിലായിട്ടില്ല. റഷ്യയും ചൈനയുമൊക്കെ ഭരണാധികാരിക്കെതിരെ ശബ്ദിക്കുന്നവനെ നിശബ്ദനാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതുള്‍പ്പെടെ കടുത്ത അനീതികള്‍ ചെയ്യുമ്പോള്‍ അവിടെ നിയമവ്യവസ്ഥ അതിനൊപ്പം നില്‍ക്കുന്നു. ഏകാധിപതികളുടെ മുസ്ലിം രാഷ്ട്രങ്ങളില്‍ വലിയ തെറ്റുകള്‍ക്ക് വലിയ ശിക്ഷ നല്‍കുന്നു, അതും ഉടനുടന്‍. അമേരിക്കയിലും ജഡ്ജിമാര്‍ യുക്തിപൂര്‍വ്വകമായ ശിക്ഷകള്‍ നടപ്പിലാക്കുന്നതായാണ് മനസിലാകുന്നത്. ഇംഗ്ലണ്ടിലൊക്കെ ഇന്ത്യയില്‍ നിന്നുള്ള കാട്ടുകള്ളന്മാര്‍ പോയി നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് വര്‍ഷങ്ങളോളം സുഖമായി ജീവിക്കുന്നു. ബ്രിട്ടീഷുകാരന്റെ ആ നിയമവ്യവസ്ഥയുടെ ചുവട് പിടിച്ച് ഇന്ത്യ തയ്യാറാക്കിയ നിയമ വ്യവസ്ഥയില്‍, ഇന്ത്യയില്‍ രാജാക്കന്മാര്‍ നടപ്പിലാക്കിയിരുന്ന, ഇന്ന് പ്രാകൃതമെന്നു വിശേഷിപ്പിക്കുന്ന നിയമ സംവിധാനത്തിലെ ചില നല്ല കാര്യങ്ങള്‍ കൂടി ചേര്‍ക്കാമായിരുന്നു. എന്തായാലും നമ്മുടെ നിയമ സംവിധാനം പണവും സ്വാധീനവുമുള്ളവര്‍ക്ക് സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപെടാന്‍ അവസരമൊരുക്കുന്നു എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ , ക്രൈം ചെയ്യുന്നവര്‍ അതില്‍ വലിയ ഗൗരവം കാണാത്തതും.

 ഒറ്റയ്ക്ക താമസിക്കുന്ന ഒരമ്മയില്‍ നിന്നും വെള്ളവും ഭക്ഷണവും വാങ്ങിക്കഴിച്ചവന്‍ രാത്രിയില്‍ അവരെ അടിച്ചുകൊന്ന് ശവഭോഗവും നടത്തി,അല്‍പ്പമാത്രമായ സ്വര്‍ണ്ണവും മോഷ്ടിച്ചു പോകുന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീയുടെ ആഭരണങ്ങള്‍ ആയുധം കാട്ടി വാങ്ങിയശേഷം ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തീവണ്ടിയില്‍ നിന്നും ചാടിയ യുവതി ഗുരുതരമായ പരുക്കോടെ ആശുപത്രിയിലാവുന്നു. ഇതൊക്കെ കേരളത്തില്‍ നടക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും ദയനീയമാണ്. പക്ഷെ, കോടതിയില്‍ കേസ് വരുമ്പോള്‍ വക്കീല്‍ സമര്‍ത്ഥനാണെങ്കില്‍, നിമയങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് ക്രിമിനലുകളെ രക്ഷപെടുത്തുന്നു. സംശയത്തിന്റെ ആനുകൂല്യം എപ്പോഴും പ്രതിക്കാണ് ലഭിക്കുന്നത്. സാക്ഷികള്‍ പ്രലോഭനങ്ങള്‍ക്ക് വശംവദരായി മൊഴിമാറ്റുന്നതും പോലീസിന്റെ നേര്‍ത്ത പാളിച്ചകളുമൊക്കെ പ്രതിക്ക് അനുകൂല വിധിക്ക് ജഡ്ജിയെ സഹായിക്കുന്നു. ഇനി ശിക്ഷ വാങ്ങി ജയിലില്‍ എത്തിയാലോ? മൂന്ന് നേരം സുഭിക്ഷ ഭക്ഷണവും ഇടയ്ക്ക് പരോളും ആഘോഷങ്ങളും എന്നുവേണ്ട, ഇവിടം വിട്ടുപോകണ്ട എന്നു തോന്നുംവിധം അവനെ സന്തോഷിപ്പിക്കുന്നതാണ് നമ്മുടെ സംവിധാനം.കടുത്ത കുറ്റങ്ങള്‍ ചെയ്യുന്നവനെ ഒരു നേരം മാത്രം ഭക്ഷണം നല്‍കി ജീവിതാന്ത്യം വരെ ഏകാന്തത്തടവ് നല്‍കാനെങ്കിലും നിയമത്തിന് കഴിയണം. പലപ്പോഴും പത്രവാര്‍ത്തകളില്‍ നിറയുന്ന കേസുകളിലെ പ്രതിയെക്കുറിച്ച് കാണുന്ന ഒരു വിശേഷണമുണ്ട്. ഇയാള്‍ മുപ്പതോളം കേസുകളിലെ പ്രതിയാണ്. മുപ്പതോളം കേസുകളിലെ പ്രതി സ്വതന്ത്രമായി വിഹരിക്കുന്ന ഒരിടം ഇന്ത്യ മാത്രമാകുമെന്നു തോന്നുന്നു.

 ലെജിസ്ലേറ്ററും സാമൂഹിക-നീതി വ്യവസ്ഥയിലെ പ്രമുഖരും ഒന്നിച്ചിരുന്ന് ഇതിനൊരു മാറ്റമുണ്ടാക്കാന്‍ ശ്രമിക്കണ്ടെ? ഈ രീതിയില്‍ കാര്യങ്ങള്‍ പോയാല്‍ മതിയോ. വക്കീലന്മാര്‍ യോജിക്കില്ലായിരിക്കാം. പക്ഷെ ,മറ്റുള്ളവര്‍ യോജിച്ചേ കഴിയൂ. സാമാന്യബുദ്ധിക്ക് നിരക്കാത്ത നിലയില്‍ കാര്യങ്ങള്‍ പോകുന്നത് നല്ലതല്ല. നിയമങ്ങള്‍ കര്‍ശനമാകണം. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. മനുഷ്യനെ മാത്രം ആശ്രയിക്കാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഇതിനായി ഉപയോഗിക്കാന്‍ കഴിയണം. കഴിയുമെങ്കില്‍ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും നിയമ സംവിധാനത്തെ പുതുക്കണം. നിയമജ്ഞരെ അത്തരത്തില്‍ ശാക്തീകരിക്കണം.ഒരു തവണ കോടതിയില്‍ വരുന്നതിന് കോടികള്‍ വരെ വങ്ങുന്ന വക്കീലന്മാരുണ്ട്. ഇവര്‍ നിയമത്തെ വ്യാഖ്യാനിച്ച് കുറ്റക്കാരെ രക്ഷപെടുത്തുകയാണ്. അവരെ കൗണ്ടര്‍ ചെയ്യാന്‍ കഴിയുന്ന വക്കീല്‍ എതിര്‍ഭാഗത്തുണ്ടാവില്ല. അവിടെയാണ് ജഡ്ജിക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകാരപ്പെടുക.
 
 നീതിമാന്മാരും കറപ്റ്റായാല്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. ചങ്ങലയ്ക്കു ഭാന്തുപിടിച്ചാല്‍ ചികിത്സയില്ല എന്നാണല്ലൊ. ബാംഗ്ലൂരിലെ ഒരു റിട്ടയേര്‍ഡ് ജഡ്ജ് ഗവര്‍ണ്ണര്‍ പദവി നേടിത്തരാം എന്നു പറഞ്ഞ ഒരിടനിലക്കാരന് കോടിക്കണക്കിന് രൂപ നല്‍കി. അയാള്‍ കാര്യം സാധിച്ചു നല്‍കാത്തതിനാല്‍ അവര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നു. ഈ കോടികള്‍ അവര്‍ എങ്ങിനെയാവും സമ്പാദിച്ചത്???   

Thursday, 29 April 2021

How can Kerala Govt support paddy farmers ?

 


 കൊയ്ത നെല്ലുമായി ദയാദാക്ഷിണ്യത്തിന് കര്‍ഷകര്‍, അങ്ങിനെയെങ്കില്‍ കൃഷി വകുപ്പ് ആവശ്യമോ ?

 കുട്ടനാട്, പാലക്കാട്,തൃശൂര്‍ മേഖലയിലാണ് ഇനി നെല്‍കൃഷി ബാക്കിയുള്ളത്. വിവധ ദുരിതങ്ങള്‍ സഹിച്ച് കുറച്ചു കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുകയാണ്. കഴുകന്‍ കണ്ണുകളുമായി നടക്കുന്ന നികത്തല്‍ മാഫിയയെയും അതിന് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ ഇടനിലക്കാരെയും അതിജീവിച്ചാണ് കൃഷി. സര്‍ക്കാരും കൃഷി വകുപ്പും നല്‍കുന്ന സൗജന്യവിത്തും വളവും ലോഭമില്ലാത്ത മോഹിപ്പിക്കലും അവരെ ഓരോ വര്‍ഷവും കൃഷി ചെയ്യാന്‍ പ്രചോദിപ്പിക്കുന്നു. മന്ത്രിയും എംഎല്‍എയുമൊക്കെ ചെളിയിലിറങ്ങിനിന്ന് വിത്തെറിയുന്ന ചിത്രമൊക്കെ മനോഹരമാണ്. പക്ഷെ, കൊയ്ത്തുകാലത്ത് ഇവരെ ആരെയും കാണില്ല. കൊയ്യാന്‍ യന്ത്രമുണ്ടാകില്ല, മെതിക്കാന്‍ യന്ത്രമുണ്ടാകില്ല, എല്ലാം കഴിയുമ്പോള്‍ നെല്ല വാങ്ങാനും ആളുണ്ടാവില്ല. ആവര്‍ത്തിക്കപ്പെടുന്ന ഈ അശ്ലീലം അവസാനിപ്പിക്കണമെന്ന് കൃഷി വകുപ്പിനോ അതിനെ മുന്നോട്ടുകൊണ്ടുപോകുന്ന മന്ത്രിക്കോ സര്‍ക്കാരിനോ തോന്നുന്നില്ല. അതോ, പുറമെ കര്‍ഷക സ്‌നേഹം പറയുകയും അകമേ പാടങ്ങള്‍ നികത്തി ആശുപത്രിയും റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും മാളുകളും പണിയാന്‍ ആഗ്രഹിക്കുന്ന മുതലാളിമാര്‍ക്കൊപ്പം നിന്ന് കര്‍ഷകനെ കൃഷിയില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നോ ? എവിടെയോ ഒരു വൃത്തികെട്ട കാറ്റടിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രീയക്കാര്‍ നയിക്കുന്ന കര്‍ഷക സംഘടനകള്‍ക്ക് കഴിയില്ല എന്നതും പകല്‍പോലെ സത്യം.

നിലവിലെ സ്ഥിതി

കൊയ്ത നെല്ല് ദിവസങ്ങളായി പാടശേഖരത്ത് കെട്ടിക്കിടക്കുന്നു.ക്വിന്റലിന് 10 രൂപ കിഴിവാണ് ഏജന്റുമാര്‍ ചോദിക്കുന്നത്. രണ്ട് കിലോ വരെ കൊടുക്കാന്‍ കര്‍ഷകര്‍ തയ്യാര്‍. അതിനപ്പുറം പോയാല്‍ നഷ്ടമാകും ഫലം. പാലക്കാട്ട് സംഭരണത്തിന് രജിസ്റ്റര്‍ ചെയ്തത് 60,000 കര്‍ഷകരാണ്. സംഭരണം വൈകിയതോടെ മിക്ക കര്‍ഷകരും 17 രൂപക്ക് നെല്ല് ഇടനിലക്കാര്‍ക്ക് വിറ്റു. കൃഷി ഓഫീസറുടെ സാക്ഷ്യപത്രം ലഭിക്കാത്തതിനാല്‍ സപ്ലൈകോ നെല്ലെടുക്കുന്നില്ല. കുട്ടനാട്ടില്‍ ആവശ്യപ്പെടുന്ന കിഴിവ് 16 കിലോയാണ്. അവിടെ കെട്ടിക്കിടക്കുന്നത് 30,000 ടണ്ണാണ്. തൃശൂരില്‍ സംഭരണം വൈകിയതിനാല്‍ നെല്ല് കിളിര്‍ത്തു തുടങ്ങി. ഇവിടെ ക്വിന്റലിന് 3-4 ശതമാനം കിഴിവാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നത്.

താങ്ങുവില

കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 28 രൂപ താങ്ങുവില പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍വര്‍ഷത്തെ 27.48 രൂപയിലെ സംഭരിക്കൂ എന്നതാണ് നിലപാട്. 18.68 രൂപ കേന്ദ്രവും 8.80 രൂപ സംസ്ഥാനവുമാണ് നല്‍കുക. ഒന്നാം വിളസീസണില്‍ മില്ലുടമകളുമായി തര്‍ക്കമുണ്ടായതിനാല്‍ സഹകരണ മേഖലയെ ഇറക്കിനോക്കി സര്‍ക്കാര്‍. എന്നാല്‍ സഹകരണമേഖലയ്ക്ക് ആവശ്യമായ സംഭരണ സംവിധാനമോ അരി ഉത്പ്പാദന സംവിധാനമോ ഇല്ലാത്തതിനാല്‍ പണി പാളി.അതോടെ വീണ്ടും മില്ലുടമകള്‍ എത്തി. ഉദ്യോഗസ്ഥര്‍ പോലും അവരുടെ ഇടനിലക്കാരായി മാറുന്ന സാഹചര്യമാണുള്ളത്. വിവിധ തടസവാദങ്ങള്‍ ഉന്നയിച്ച് സപ്ലൈകോ സംഭരണം വൈകിപ്പിക്കുകയാണ്.

വില കിട്ടാനുളള കാലതാമസം

എടുത്ത നെല്ലിന്റെ വില സപ്ലൈകോ നല്‍കുന്നത് വളരെ വൈകിയാണ്. അതോടെ വായ്പ എടുത്ത് കൃഷി ചെയ്തവര്‍ പലിശയും കൂട്ടുപലിശയും നല്‍കേണ്ട ഗതികേടിലാണ്.. കര്‍ഷകന്‍ 50 കിലോഗ്രാം വരുന്ന ഒരു ചാക്ക് ലോറിയില്‍ കയറ്റാന്‍ നല്‍കുന്നത് 23 രൂപയാണ്. മില്ലുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് ആറ് രൂപയും.ഇത്തരം ചൂഷണങ്ങള്‍ വേറെയും. കുട്ടനാട്ടില്‍ 20,000 കര്‍ഷകരാണ് ഒരു മാസമായി വില കാത്തിരിക്കുന്നത്. കുടിശ്ശിക 100 കോടിയിലെത്തി. ഒരേക്കറില്‍ കിട്ടുന്ന ലാഭം വെറും പതിനായിരം രൂപയില്‍ താഴെയാണ് എന്നോര്‍ക്കണം.

പരിഹാരം

കേരളത്തിലെ നെല്‍കര്‍ഷകരെ സംഘടിപ്പിച്ച് മൂന്ന് കമ്പനികള്‍ ആരംഭിക്കുക.ദക്ഷിണ -മധ്യ- ഉത്തര മേഖലകളില്‍ ഇത് തുടങ്ങാം. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വലിയ സഹായങ്ങളാണ് ലഭ്യമാക്കുക.കേരളത്തിലെ നബാര്‍ഡുമായി സഹകരിച്ച് ഇത് നടപ്പിലാക്കാം. രാഷ്ട്രീയം മാറ്റിവച്ച് കര്‍ഷകര്‍ക്കായി കമ്പനികള്‍ രൂപീകരിച്ച് കൃഷി ആരംഭിക്കുക. ആദ്യം മുതല്‍ ശാസ്ത്രീയമായ മോണിറ്ററിംഗോടെ ( കൃഷി വകുപ്പിനെ ബന്ധപ്പെടുത്താതെ) ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി നടത്തി കൊയ്ത് സ്വന്തം മില്ലില്‍ കുത്തിയെടുത്ത് അരിയാക്കി, സ്വദേശത്തും വിദേശത്തും വില്‍പ്പന നടത്തിയും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ തയ്യാറാക്കിയും ഓരോ കര്‍ഷകനെയും ഒരു കമ്പനിയുടമയാക്കി മാറ്റുകയാണ് വേണ്ടത്. ഇതിനുളള വില്‍പവറാകട്ടെ പുതിയ സര്‍ക്കാരിന് ഉണ്ടാകുന്നത്. വെറുതെ പ്രസ്താവന ഇറക്കുകയും പാടത്തുനിന്ന് ചിത്രവും വിഷ്വലും എടുത്ത് ചിരിക്കുകയും ചെയ്യുന്നപോലെ എളുപ്പമല്ല ഈ ശ്രമം. നല്ല ജോലിയുണ്ട്. ഇതിന് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന ഒരു കൃഷി മന്ത്രിക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

Monday, 26 April 2021

Women and sexual freedom- article published in 2004 Sep

 

സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യം ഉണ്ടാകണം

( ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന നാരായം സാഹിത്യ മാസികയില്‍ 2004 സെപ്തംബറില്‍ എഴുതിയത്)

 പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ ഒരു മേഖലയിലും സ്ത്രീയ്ക്ക് വേണ്ടത്ര സ്വാതന്ത്ര്യമില്ല എന്നതൊരു സത്യമാണ്. അപ്പോള്‍ പിന്നെ ലൈംഗിക സ്വാതന്ത്ര്യത്തെകുറിച്ച് പ്രത്യേകം പറയേണ്ടതുമില്ല. സ്ത്രീയെ വളരെ ബലമായിത്തന്നെ അടുക്കളയില്‍ തളച്ചിട്ട് പുരുഷന്‍ നാടുവാണ കാലം കടന്നുപോയെങ്കിലും നിയന്ത്രണത്തിന്റെ അനേകം ചങ്ങലകള്‍ വിവിധ ഇടങ്ങളില്‍ നിന്നും സ്ത്രീയ്ക്കു നേരെ ഉയരുന്നത് കാണാം. സ്ത്രീ-പുരുഷ സൗഹൃദങ്ങളെ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ കാണാന്‍ ഇന്നും സമൂഹം പ്രാപ്തമായിട്ടില്ല എന്നു കാണാന്‍ കഴിയും.

 ലൈംഗിക സുഖത്തിനുള്ള ഉപകരണം എന്ന നിലയിലേക്ക് സ്ത്രീ താഴ്ത്തപ്പെടുന്നതിന്റെ അപകടവും അവിടെയാണ്.തനിക്കിഷ്ടമില്ലാത്ത ഒരാള്‍ തന്റെ സ്വകാര്യതകളിലേക്ക് ഇറങ്ങിവരുകയും ഇഷ്ടപ്പെട്ട ആളിനോട് അതു പറയാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ആപത്ക്കരമായ അവസ്ഥ. വീട്ടിനുള്ളില്‍ സ്വാതന്ത്ര്യമുള്ള വ്യക്തി അവളെ പീഡിപ്പിക്കുമ്പോള്‍ സമൂഹത്തിനോടുളള ഭയം കാരണം, സമൂഹത്തിന്റെ പ്രതികരണത്തിന്റെ രീതിബോദ്ധ്യം കാരണം, അവള്‍ മൗനമായി തന്റെ വിധിയെ പഴിക്കുകയോ കരയുകയോ ചെയ്യുന്ന അവസ്ഥ;ഇത് പുരുഷ ലൈംഗിക മേല്‍ക്കോയ്മ നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഒരവസ്ഥയാണ്. പീഡനത്തിന് ഇരയാകുന്ന സ്ത്രീയെ പഴിപറയാനുള്ള പ്രവണതയാണ് സമൂഹത്തില്‍ മുന്തി നില്‍ക്കുന്നത്. വര്‍ഷങ്ങളായി സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന ഒരു ചിന്താഗതിയുടെ പരിണതിയാണിത്. ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ പിന്നോക്കക്കാരോട് കാട്ടിവന്ന അതേ അധമസ്വഭാവമാണ് സ്ത്രീയോടുള്ള ഈ സമീപനത്തില്‍ കാണുന്നത്. ഇതിനോട് പ്രതികരിക്കണമെങ്കില്‍ സ്ത്രീയ്ക്ക് ലൈംഗികസ്വാതന്ത്ര്യമുണ്ടാകണം.

 ജനാധിപത്യക്രമത്തില്‍ ഏതൊരു പൗരനും അഭിപ്രായം പറയാനും സ്വത്ത് കൈവശം വയ്ക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുമതിയുള്ളപോലെ ,സ്ത്രീക്ക് അവളുടെ ഇണയെ കണ്ടെത്താനും തന്റെ സ്വത്തായ സൗന്ദര്യത്തെ എങ്ങിനെ വിനിയോഗിക്കണം എന്നു തീരുമാനിക്കാനുമുള്ള അവകാശവും ഉണ്ടായിരിക്കേണ്ടതുണ്ട്. സ്ത്രീയുടെ ഇഷ്ടത്തിനല്ലാതെയുള്ള ഏതുതര ലൈംഗികക്രിയകളും കനത്ത ശിക്ഷയ്ക്ക് കാരണമാക്കേണ്ടതുണ്ട്. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പുതന്നെ തന്റെ ലൈംഗികഅവകാശങ്ങള്‍ സംബ്ബന്ധിച്ച് ബോധവത്ക്കരണം അനിവാര്യമാണ്. അങ്ങിനെ ബോധവത്ക്കരിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ ഇംഗിതത്തിന് അടിപ്പെടുത്താനോ ലൈംഗികതൊഴിലിലേക്ക് നയിക്കാനോ കഴിയുമെന്നു തോന്നുന്നില്ല. വികലമായ ലൈംഗിക സങ്കല്‍പ്പങ്ങളാണ് പലപ്പോഴും അത്തരം അപഥവീഥികളിലേക്ക് അവര്‍ നയിക്കപ്പെടാന്‍ കാരണമാകുന്നത്.

 ഒരുതരം കപട സദാചാരമാണ് ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ കൂടിയ അളവിലും കാണപ്പെടുന്നത്. നേരിട്ടു കാണുമ്പോള്‍ കപടമായ വിനയപ്രകടനവും സദാചാരവര്‍ത്തമാനവും നടത്തുകയും മാറിനിന്ന് ദുഷ്പ്രചരണം നടത്തുകയും ചെയ്യുന്ന വിരൂപമനസിനുടമകളാണ് ഭൂരിപക്ഷവും. സമൂഹത്തിന്റെ ചങ്ങലകള്‍ക്ക് പുറത്തേക്ക് ഒരു സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ അവളെ മോശക്കാരിയാക്കി ചിത്രീകരിച്ച് നശിപ്പിച്ചേ അടങ്ങൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിന് മാറ്റം വരാന്‍ സ്ത്രീകള്‍ വന്‍തോതില്‍ സ്വതന്ത്ര്യം പ്രഖ്യാപിക്കേണ്ടി വരും. അത് നിലവിലുള്ള സാമൂഹിക ബന്ധങ്ങളെ ബാധിക്കും എന്ന ഭയം അസ്ഥാനത്താണ്. അങ്ങിനെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സമൂഹമൊന്നും കടലില്‍ താണുപോയിട്ടില്ല എന്നും അഭിവൃദ്ധി പ്രാപിച്ചിട്ടേയുള്ളു എന്നും കാണാന്‍ കഴിയും.

 ലൈംഗിക സ്വാതന്ത്ര്യം നേടിയ ഒരു സ്ത്രീയ്ക്ക് മാത്രമെ താനൊരു ഉപഭോഗവസ്തുവല്ലെന്നും അനുവാദമില്ലാതെ തന്നെ കണ്ടും തൊട്ടും നോക്കിയും ആസ്വദിക്കാന്‍ പുരുഷന് അവകാശമില്ലെന്നും തന്റേടത്തോടെ പ്രതികരിക്കാന്‍ കഴിയൂ. അല്ലാത്തവര്‍ ബസിലും വഴികളിലും ജോലിസ്ഥലത്തും വീട്ടിലുമൊക്കെത്തന്നെ പീഡനത്തിന് വിധേയരാകും. ഭാര്യാഭര്‍തൃ ബന്ധത്തില്‍പോലും പുരുഷന്റെ ലൈംഗികമേല്‍ക്കോയ്മ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അനേകം ശാരീരിക പരിമിതികളുള്ള ഒരു സൃഷ്ടിയാണ് സ്ത്രീ. അതുകൊണ്ടുതന്നെ ലൈംഗികതയില്‍ സ്ത്രീയുടെ ഇഷ്ടങ്ങള്‍ക്കാണ് മുന്‍തൂക്കം കിട്ടേണ്ടതും. എന്നാല്‍ പൊതുവെ പുരുഷന്മാര്‍ ഭാര്യയെ, തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളപ്പോഴെല്ലാം രതിക്രിയയ്ക്ക് വഴങ്ങേണ്ട ഉപകരണമാണ് എന്നും താന്‍ നിശ്ചയിക്കും പ്രകാരമുള്ള ബന്ധങ്ങള്‍ക്ക് കീഴ്‌പ്പെടേണ്ടവളാണ് എന്നും കരുതുന്നു. ഈ കരുതലിന്റെ മേല്‍ക്കൈ ഒരു തരം അടിമസമ്പ്രദായത്തിന്റെ പിന്‍തുടര്‍ച്ചയാണ് . ലൈംഗിക സ്വാതന്ത്ര്യം നേടിയ സ്ത്രീക്കേ ആ പ്രവണതയെ പ്രതിരോധിക്കാന്‍ കഴിയൂ.

സിനിമയിലും പരസ്യചിത്രത്തിലുമൊക്കെ സൗന്ദര്യത്തിന്റെ മികച്ച രീതിയിലുളള കച്ചവടമാണ് നടക്കുന്നത്. സൗന്ദര്യ മത്സരങ്ങളും ഫാഷന്‍ ഷോകളും ഇത്തരം വിപണിയുടെ വൈപുല്യമായെ കാണാന്‍ കഴിയൂ. പുരുഷന്‍ പണത്തിനും പ്രശസ്തിക്കുമായി ബുദ്ധിക്കു പുറമെ കായിക ശക്തിയും വിനിയോഗിക്കുമ്പോള്‍ സ്ത്രീക്ക് ബുദ്ധിക്കു പുറമെ ലഭ്യമായിട്ടുളള സൗന്ദര്യത്തെ പണവും പ്രശസ്തിയും അധികാരവും നേടാനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനെ എതിര്‍ക്കാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നു തോന്നുന്നില്ല.

 ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ അറസ്റ്റുചെയ്യുന്നതും അവരുടെ ചിത്രങ്ങല്‍ പത്രമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. അത് അവളുടെ ലൈംഗികസ്വാതന്ത്ര്യത്തിനുമേലുളള കടന്നുകയറ്റവുമാണ്. നിയമം മൂലം ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണവും സുരക്ഷയും നല്‍കുക എന്നതാണ് ലൈംഗിക ജനാധിപത്യബോധമുള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന് കരണീയം.

ഇന്നത്തെ ഭാരത സ്ത്രീ, ലോകത്തെ മൊത്തം സ്ത്രീകളുടെ ഭാഗമാണ്. അവര്‍ സ്വതന്ത്ര്യത്തിന്റെ അനന്തവിഹായസിലേക്ക് പറന്നുയരാന്‍ ശ്രമിക്കുന്നവരാണ്. അവിവാഹിതരായി ജീവിതം ആസ്വദിക്കുന്നവരും സ്വവര്‍ഗ്ഗസ്‌നേഹികളും വിവാഹബന്ധം ഒരു സ്ഥിരമായ ചങ്ങലയല്ലെന്നുകണ്ട് സഹനത്തിന്റെ വഴിവിട്ട് വേര്‍പരിയുന്നവരുമൊക്കെ ധാരളമുണ്ടാവുകയാണ്. ഇതുകണ്ട് പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ അഴുക്കുകള്‍ ഭാരത സമൂഹത്തെ മലിനപ്പെടുത്തുകയാണ് എന്ന വിധം മുറവിളികൂട്ടുന്നതില്‍ അര്‍ത്ഥമില്ല. ലോകം ഒരു ചെറുസമൂഹമായി ചുരുങ്ങുമ്പോള്‍ ഇഷ്ടമായതെന്തും സ്വീകരിക്കാനുളള സ്വാതന്ത്ര്യമാണ് കൈവരുന്നത്. അപ്പോള്‍ പുരുഷന് ഒരു നീതി, സ്ത്രീയ്ക്ക് മറ്റൊരു നീതി എന്ന നില ശരിയല്ല.

 അഞ്ചു പുരുഷന്മാരെ ആസ്വദിച്ച പാഞ്ചാലിയേയും ഭര്‍ത്താക്കന്മാരെ കൈവിട്ട് ശ്രീകൃഷ്ണന്റെ പിന്നാലെ കൂടിയ ഗോപികമാരേയും പല പുരുഷന്മാരില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച കുന്തിയേയും പുണ്യവതികളായി സ്വീകരിച്ച ഇന്ത്യന്‍ സമൂഹം എന്തുകൊണ്ടാണ് സ്ത്രീ ലൈംഗിക സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് എന്നു മനസിലാകുന്നില്ല. നിയമങ്ങള്‍ എഴുതിയുണ്ടാക്കിയ നിയമജ്ഞരും മതസ്ഥാപകരും ഭൂരിപക്ഷം ഭരണകര്‍ത്താക്കളും പുരുഷന്മാരായതിനാലാവാം, സ്ത്രീയ്ക്ക് നീതിനിഷേധം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ലിഖിതമായും അലിഖിതമായും സമൂഹത്തില്‍ സൃഷ്ടിച്ചത്.

 സ്ത്രീയുടെ ലോകം ഇന്നു വളരുകയാണ്. മുന്‍കാലങ്ങളില്‍ പുരുഷാധിപത്യത്തിലായിരുന്ന പലമേഖലകളിലേക്കും അവര്‍ കടന്നുകയറുകയാണ്. അതോടൊപ്പം ഇഷ്ടമുള്ള ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവര്‍ നേടുകയാണ്. അവരെ ഉപഭോഗവസ്തുവായോ ചൂഷണം ചെയ്യാന്‍ എളുപ്പമുള്ള ദുര്‍ബ്ബല വിഭാഗമായോ കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് തെറ്റുപറ്റുകയാണ്. ആരോട് സൗഹൃദം കൂടണമെന്നും ആ സൗഹൃദം ഏതളവുവരെ പോകാമെന്നും വിവേചിച്ചറിയാനുള്ള സ്വാതന്ത്ര്യം ആധുനിക സ്ത്രീ നേടുകയാണ്. അതിനുള്ള പ്രത്യേക തന്റേടം അവള്‍ ആര്‍ജ്ജിക്കുകയാണ്. ഇതിനെ അപകടകരമായ സാമൂഹിക ചുറ്റുപാട് എന്ന നിലയില്‍ കാണുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി ബാധിച്ചിരിക്കയാണ് എന്നുവേണം പറയാന്‍. അവര്‍ തന്റേതായ സ്വാര്‍ത്ഥതയ്ക്കായി സ്ത്രീയെ തളച്ചിടാന്‍ ആഗ്രഹിക്കുന്നു. ഈ പ്രതിരോധത്തെ തട്ടിമാറ്റി മുന്നോട്ടു പോകുമ്പോഴാണ് സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യം ലഭിക്കുക. ഒരു ജനാധിപത്യ ക്രമത്തില്‍ ഇതിനെ നമുക്ക് ലൈംഗിക ജനാധിപത്യം എന്നു വിളിക്കാം   



Sunday, 18 April 2021

Sasneham Nitavo - book introduction

 


 പുസ്തക പരിചയം

സസ്‌നേഹം നിതാവോ

( 1995 ലാണ് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് സസ്‌നേഹം നിതാവോ ആദ്യപതിപ്പ് ഇറക്കിയത് . പിന്നീട് ഒരു പതിപ്പുകൂടി ഇറക്കിയിരുന്നു.95 ല്‍ 10 രൂപയായിരുന്നു വില)

(ന്യൂഡല്‍ഹി ഇന്നില്‍ വന്ന പുസ്തക പരിചയം )

ഇലക്ട്രോണിക്‌സ് മാധ്യമങ്ങളുടെയും മറ്റും അതിപ്രസരത്തിലും ഉപഭോഗ സംസ്‌ക്കാരത്തിന്റെ സ്വാധീനവലയത്തിലും പെട്ട് പുസ്തകം മരിക്കുന്നതിന് എന്തു പ്രതിവിധി എന്നാലോചിക്കുമ്പോള്‍ തോന്നുന്ന ആശയം ' വേരില്‍ വളം വയ്ക്കുക' എന്നതാണ്. അതായത് ഈ തരംഗങ്ങളുടെ ഇടയില്‍ മുതിര്‍ന്നവരെ വായനുമായി അടുപ്പിക്കാന്‍ ശ്രമിച്ചാല്‍ ഫലപ്പെട്ടെന്നു വരില്ല.അത് കതിരില്‍ വളം വച്ചാലത്തെ ഗുണമെ ചെയ്യുകയുള്ളു. മറിച്ച്, കുട്ടികളെ വായനാശീലമുള്ളവരാക്കിത്തീര്‍ത്താല്‍ വളര്‍ന്നാലും അവര്‍ പുസ്തകങ്ങളില്‍ നിന്നും പെട്ടെന്ന് വിട്ടുപോയെന്നു വരില്ല. എന്നാല്‍ ഇന്നുള്ള ഒരു ദുര്യോഗം കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കുതകുന്ന രചനകള്‍ വളരെ വിരളമാണെന്നതാണ്.കച്ചവടക്കണ്ണോടെ സ്വകാര്യ പ്രസാധകര്‍ കുട്ടികള്‍ക്കുവേണ്ടി പുറത്തിറക്കുന്ന മിക്ക ബാലപ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും മറ്റും അവരുടെ ഇളം മനസിനെ വികലമാക്കുന്ന തരത്തിലുള്ളതാണ്. ഈ ചുറ്റുപാടില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങള്‍ വലിയൊരു ആശ്വാസമാണ്.

 ' ശാസ്ത്രവസ്തുതകള്‍ സാഹിത്യത്തിന്റെ മധുരം പുരട്ടി കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കുന്ന രചനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഇന്‍സ്റ്റിട്യൂട്ട് പ്രത്യേകം ശ്രദ്ധിക്കുന്നു എന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഏറ്റം സഹായകരമായ ഒരു ശാസ്ത്ര നോവാലാണ് വി.ആര്‍.അജിത് കുമാറിന്റെ ' സസ്‌നേഹം നിതാവോ' എന്നും ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്ടര്‍ ഡോ.കുര്യാസ് കുമ്പളക്കുഴി ചൂണ്ടിക്കാട്ടുന്നു.

 ഒരു പേടകത്തിലേറി മിക്കാലോ എന്ന ഗ്രഹത്തിലേക്കു ചെന്ന് അവിടുത്തെ ഭൂപ്രകൃതിയും ജീവിതരീതിയും മറ്റും നോക്കിക്കാണുന്ന ബാലുവിന്റെ അനുഭവമാണ് ഈ നോവലിന്റെ ഇതിവൃത്തം. മിക്കാലോയില്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങളും തന്റെ നാട്ടിലെ രീതികളും തമ്മില്‍ ബാലു തട്ടിച്ചുനോക്കുന്നു. അപ്പോള്‍ മിക്കാലോയില്‍ ജീവിതം ഏറെ സുഖകരമാണെന്നും തന്റെ നാട്ടിലെ ജീവിത വൈഷമ്യങ്ങളുടെ മൂലഹേതു ഇവിടെ അധിവസിക്കുന്ന മനുഷ്യരുടെ മനോഗതിയുടെയും പ്രവര്‍ത്തിദോഷത്തിന്റെയും പരിണിതഫലമാണെന്നും അവന്‍ ഗ്രഹിക്കുന്നു. അതോടെ ഭൂമിയെ എങ്ങിനെ മിക്കാലോ പോലെ സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്തോഷത്തിന്റെയും വിളനിലമാക്കാമെന്നായി അവന്റെ ചിന്ത.

 ബാലുവിന്റേതുപോലുള്ള ചിന്ത ഈ നോവല്‍ വായിക്കുന്ന കുട്ടികളിലും ഉണ്ടാകും. മിക്കാലോ പോലെ ഒരു ഗ്രഹത്തെ സ്വയം വിഭാവന ചെയ്യാനും അത്തരത്തില്‍ നമ്മള്‍ അധിവസിക്കുന്ന ഭൂമിയും ആയിത്തീര്‍ന്നെങ്കില്‍ എന്നു ചിന്തിക്കാനും ഇളം മനസുകള്‍ക്കു പ്രചോദനമാകും എന്നതാണ് വി.ആര്‍.അജിത് കുമാറിന്റെ സസ്‌നേഹം നിതാവോ എന്ന നോവലിന്റെ പ്രധാന സവിശേഷത.സമത്വ സുന്ദരമായ നല്ലൊരു ലോകം കെട്ടിപ്പടുക്കാന്‍ തനിക്കെങ്ങനെ സാധിക്കും , അല്ലെങ്കില്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് കുട്ടികളായ ഓരോ വായനക്കാര്‍ക്കും കലശലായി ആലോചിക്കാനും ആഗ്രഹിക്കാനും ഈ നോവല്‍ ഉപകരിക്കും. ഇങ്ങനെയുളള ആലോചനയും ആഗ്രഹവും ഉത്തമ രാഷ്ട്ര പൗരനാകാന്‍ ഉത്തേജനം നല്‍കുന്നുവെങ്കില്‍ നല്ല കാര്യമാണല്ലോ.

 നല്ല അച്ചടിയും പുറംചട്ടയും. പുറംചട്ടയില്‍ ഗ്രന്ഥകര്‍ത്താവിന്റെ പേര് അച്ചടിച്ചതില്‍ ചെറിയ പിശക് സംഭവിച്ചത് പ്രസാധകരുടെ അശ്രദ്ധയായി ചൂണ്ടിക്കാട്ടാം.

 സംസ്ഥാന പബിളിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനാണ് ( അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,കേരള ഹൗസ്, ന്യൂ ഡല്‍ഹി) ഗ്രന്ഥകര്‍ത്താവായ വി.ആര്‍.അജിത് കുമാര്‍.

സസ്‌നേഹം നിതാവോ
വില:10 രൂപ
പ്രസാധനം-സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിട്യൂട്ട്, തിരുവനന്തപുരം

Thursday, 15 April 2021

War cemetery at New Delhi

 

 ജീവത്യാഗത്തിന്റെ സ്മാരക ശിലകള്‍

(1996 സെപ്തംബര്‍ 15 സണ്‍ഡേ മംഗളത്തില്‍ പ്രസിദ്ധീകരിച്ചത് )

 ന്യൂഡല്‍ഹിയിലെ സേനാ ഓഫീസുകളും മറ്റും സ്ഥിതി ചെയ്യുന്ന നാരായണ്‍ എന്ന സ്ഥലത്തുള്ള യുദ്ധശ്മശാനത്തിലെത്തുമ്പോള്‍ ഏതൊരാളും നിശബ്ദനാകുന്നു. അന്തരീക്ഷത്തിലെ മൂകതയെ സ്വാംശീകരിച്ച്, ഒരു നിമിഷം തലകുനിച്ച്, വീരമൃത്യു വരിച്ചവരെ ആദരിക്കുന്നു. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് , അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായാണ് യുദ്ധശ്മശാനം.

 രണ്ട് ലോകമഹായുദ്ധങ്ങളുടെ ഭീതി നിറഞ്ഞ ഓര്‍മ്മകളും ഇനിയൊരു യുദ്ധമുണ്ടാകല്ലെ എന്ന പ്രാര്‍ത്ഥനയുമായി ശ്മശാനം ചുറ്റിനടന്നു കാണുമ്പോള്‍ നാം അറിയാത്ത പലരും നമ്മുടെ ബന്ധുക്കളായി മാറുന്നു.

 മഹായുദ്ധങ്ങളെക്കുറിച്ച് തലമുറകളെ ബോധവാന്മാരാക്കാന്‍ മിക്ക രാജ്യങ്ങളിലും യുദ്ധശ്മശാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.

 ഡല്‍ഹിയിലെ ശ്മശാനത്തിന്റെ പ്രധാന കവാടം രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള കല്ലുകള്‍കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. വലതുവശത്തുള്ള തുറന്ന മുറിയില്‍ കണ്ണാടിപ്പെട്ടിക്കുള്ളിലായി മരണമടഞ്ഞ ജവാന്മാരുടെ പേരെഴുതിയ പുസ്തകം സൂക്ഷിച്ചിരിക്കുന്നു. നെടുകെ തുറന്നു വച്ചിട്ടുളള പുസ്തകത്തില്‍ ഹിന്ദിയിലാണ് പേരും വിലാസവും അച്ചടിച്ചിട്ടുള്ളത്. മരണമടഞ്ഞ 25,000 ജവാന്മാരുടെ പേരുകള്‍ ഇതിലുണ്ട്.

 1914-18 കാലത്ത് മരണമടഞ്ഞവരുടെ പേരുകള്‍ ഇടതുവശത്തായി കൊത്തിവച്ചിട്ടുണ്ട്. ഇവരെ മീററ്റിലാണ് അടക്കിയിട്ടുള്ളത്. നേരെ മുന്നിലുള്ള ശിലാഫലകത്തില്‍ ' ഇവരുടെ നാമം എന്നെന്നും ഓര്‍ക്കപ്പെടും' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

 മരണമടഞ്ഞ പ്രധാനികളുടെ പേരുകളാണ് വെളുത്ത ഫലകങ്ങളില്‍. അവര്‍ ജോലിചെയ്ത വിഭാഗത്തിന്റെ ചിഹ്നവും ജനനത്തീയിതിയും മരണമടഞ്ഞ തീയതിയും അതിലുണ്ട്. വരിവരിയായി സ്ഥാപിച്ചിട്ടുള്ള ഫലകങ്ങള്‍ക്ക് ചുറ്റും നിറയെ പൂച്ചെടികള്‍.

 റോയല്‍ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സ്, ഇന്റലിജന്‍സ് കോര്‍പ്‌സ്, ഈജിപ്ത് ലിങ്കണ്‍ ഷെയര്‍, റോയല്‍ ഇന്ത്യന്‍ ആര്‍മി സര്‍വ്വീസ് കോര്‍പ്‌സ്, റോയല്‍ എന്‍ജിനിയേഴ്‌സ്, ദ സഫോള്‍ക്ക് റജിമെന്റ്, ഇന്ത്യന്‍ അര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്സ്, രാജ്പുത്ത് റജിമെന്റ്, ബര്‍മ്മ റൈഫിള്‍സ്, റോയല്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍പെട്ടവരുടെയെല്ലാം സ്മരകശിലകള്‍ ഇവിടെയുണ്ട്. ബൊഗെയിന്‍വില്ല പടര്‍ന്നു കിടക്കുന്ന നടപ്പാതയിലൂടെ പോകുന്ന ഏതൊരാള്‍ക്കും തന്നെ എതിരേല്‍ക്കുന്ന ആയിരക്കണക്കിന് ആത്മാക്കളുടെ സ്പന്ദനം ഒരു കാറ്റിന്റെ ഞരക്കം പോലെ കേള്‍ക്കാന്‍ കഴിയും. ഇംഗ്ലണ്ടിലെ മെയ്ഡന്‍ ഹെഡിലുള്ള കോമണ്‍വെല്‍ത്ത് വാര്‍ഗ്രേവ്‌സ് കമ്മീഷനാണ് ഈ ശ്മശാനത്തിന്റെ സൂക്ഷിപ്പുകാര്‍. യുദ്ധശ്മശാനകത്തിന് പിന്നിലുളള പള്ളി ശ്മശാനവും അതിനോട് ചേര്‍ന്നുള്ള മുനിസിപ്പല്‍ ശ്മശാനവും ആ യുദ്ധസെമിത്തേരിയുടെ അന്തരീക്ഷം കൂടുതല്‍ ശോകാര്‍ദ്രമാക്കുന്നു



Monday, 12 April 2021

A trip to Athirappilli forest

 

ആതിരപ്പിള്ളി കാടുകയറിയ ഓര്‍മ്മ

(ഫോട്ടോസ് - ഹരി & സതീഷ്)

ഏകദേശം പത്തു വര്‍ഷം മുന്നെയുള്ള ഈ കാട്ടുയാത്രയെ ഇങ്ങിനെ കുറിക്കാം. ചാലക്കുടിയില്‍ നിന്നും ആതിരപ്പിള്ളിയിലക്ക് . അന്നവിടെ ഒരു തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. വെങ്കിടേഷും തമന്നയും അഭിനയിക്കുന്ന നൃത്തരംഗം. ജലപാതത്തിന്റെ അടിയില്‍ പ്രത്യേകം ഒരുക്കിയ സെറ്റിലാണ് ഷൂട്ടിംഗ് . വനം വകുപ്പിന്റെ വാഴച്ചാല്‍ ഡിവിഷനില്‍ ഉള്‍പ്പെട്ടതാണ് ആതിരപ്പിള്ളി റേഞ്ച്. ഉയര്‍ന്ന പാറയുടെ മുകളില്‍ നിന്നും മൂന്നിടത്തായി ജലം നിപതിക്കുന്നു. പതയുന്ന ജലസമൃദ്ധിയുടെ ധവളിമ. അതിരപ്പിള്ളി കാടിന്റെ അധികാരി  ഡപ്യൂട്ടി റേഞ്ചര്‍ സതീഷാണ്. പബ്‌ളിക് റിലേഷന്‍സിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ഹരിയുടെ സുഹൃത്താണ് സതീഷ്. കേരളത്തിലെ കാടായ കാടുകളൊക്കെ അരിച്ചു പെറുക്കി കണ്ട് ചിത്രങ്ങളെടുത്തിട്ടുള്ള ഹരി ഓരോ കാട്ടുയാത്രകളുടെ കഥകള്‍ പറഞ്ഞു മോഹിപ്പിച്ചാണ് ഈ യാത്രയിലേക്ക് മനസും ശരീരവും എത്തിച്ചേര്‍ന്നത്. സുമുഖനായ ചെറുപ്പക്കാരന്‍ ഒരു നിറപുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു. അനേകകാലത്തെ സൗഹൃദം പങ്കിട്ടപോലെ ഒരു തോന്നലുണ്ടാക്കാന്‍ ആദ്യ കാഴ്ചയിലെ ചിലര്‍ക്കു കഴിയും. സതീഷ് അത്തരമൊരാളാണ്. സതീഷിനൊപ്പം ഞങ്ങള്‍ നദിക്കരയിലേക്ക് നടന്നു.സുനീഷും സലീമും ഏലിയാസും ലാലുവുമാണ് സതീഷിന്റെ അസിസ്റ്റന്റുമാര്‍.

 താഴെ ചാലക്കുടിപ്പുഴയാണ്. പുഴയോരത്തുനിന്ന് ലാലു നീട്ടിവിളിച്ചു. മറുവിളി വന്നു. ഒപ്പം ഒരു ചങ്ങാടവും. നദിക്ക് കുറുകെ കെട്ടിയ വടത്തില്‍ പിടിച്ചാണ് യാത്ര. പത്തുമുളകള്‍ വീതം രണ്ടടുക്കാക്കി മൂന്നിടത്ത് പലകകള്‍ കെട്ടിയുറപ്പിച്ചാണ് ചങ്ങാടം തയ്യാറാക്കിയിരിക്കുന്നത്. ആതിരപ്പിള്ളിയിലെ ആദിവാസികള്‍ കാടരാണ്. ആ കൂട്ടത്തിലുള്ള ഒരാളാണ് ചങ്ങാടവുമായി വന്ന രാജന്‍. കാടര്‍ ആനകളെ ചേച്ചിമാര്‍ എന്നാണ് വിളിക്കുക എന്ന് രാജന്റെ സംഭാഷണത്തില്‍ നിന്നും മനസിലാക്കി. ഞങ്ങള്‍ ആദ്യം ക്യാമ്പിലേക്കാണ് പോയത്. സാധാരണ തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. കിടന്നുറങ്ങാന്‍ ഒരു ചായ്പ്പാണുള്ളത്. ഭക്ഷണമുണ്ടാക്കാന്‍ ഒരു മുറിയും. രാജനാണ് പാചകക്കാരന്‍. ചിക്കന്‍ കറിയും കൂട്ടി ഗംഭീര ഊണായിരുന്നു.അത് കഴിച്ച് ജീപ്പില്‍ കയറി ആതിരപ്പിള്ളി ജലപാതത്തിന്റെ അതിര്‍ത്തിയിലെത്തി. അവിടെ ഒരു വലിയ കിണറിലേക്കാണ് ജലം വന്നുവീഴുന്നത്. അത് താഴേക്ക് വിള്ളലുള്ള കിണറാണ്. അതിലൂടെയാണ് ജലം പുറത്തേക്ക് പതിക്കുന്നത്. അതിനടുത്തായി കാടര്‍ ശിവനെ ആരാധിക്കുന്ന ഇടമാണ്. അവിടെ അല്‍പ്പസമയം ചിലവഴിച്ച ശേഷം ഞങ്ങള്‍ കാടിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി. ജീപ്പ് പോയി തെളിഞ്ഞ ഇടങ്ങളിലൂടെ ,തടസ്സങ്ങള്‍ നീക്കിയുളള യാത്രയില്‍ സലീമായിരുന്നു സാരഥി. വീണുകിടക്കുന്ന മരക്കമ്പുകളൊക്കെ നീക്കം ചെയ്തിരുന്നത് ഗംഗാധരനും. അരുവികളും ഈറ്റക്കാടുകളും ആനച്ചൂരുമുള്ള കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു ജീവിയും കണ്ണില്‍പെട്ടില്ല. ഒടുവില്‍ മൊബൈല്‍ ടവറുകളുടെ വിന്യാസപരിധിക്കപ്പുറം വേട്ടക്കാരെ നിരീക്ഷിക്കാന്‍ കെട്ടിയ ഒറ്റ മുറി കെട്ടിടത്തില്‍ എത്തി. ചുറ്റിനും കിടങ്ങുള്ള കെട്ടിടം. നാല് തൂണിലാണ് കെട്ടിടം നില്‍ക്കുന്നത്. മുറിയില്‍ കയറി അല്‍പ്പസമയം വിശ്രമിച്ച ശേഷം അരുവിയിലെ തണുത്ത ജലത്തില്‍ മുങ്ങിക്കുളിച്ചു. പിന്നെ രാത്രി ഭക്ഷണത്തിന് തീകൂട്ടി. കപ്പയും ആ പരിസരത്ത് നട്ടുവളര്‍ത്തിയിരുന്ന ചേമ്പും പുഴുങ്ങി. കഞ്ഞിയും കോഴിക്കറിയും കാന്താരി മുളകിന്റെ ചമ്മന്തിയും തയ്യാറായി. പാനീയങ്ങളും ചേര്‍ന്നപ്പോള്‍ രാത്രി വിരുന്ന് ഗംഭീരമായി, സംഗീതമയവും. പിന്നെ കടുത്ത നിശബ്ദത.തറയില്‍ പായവിരിച്ച് സുഖമായുറങ്ങി.

 രാവിലെ ഉണര്‍ന്നപ്പോള്‍ അപൂര്‍വ്വങ്ങളായ കിളികളെ പ്രതീക്ഷിച്ചു. എന്നാല്‍ സാധാരണ നാട്ടില്‍ കാണുന്ന കിളികള്‍ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. കുളിയും കഴിഞ്ഞുള്ള മടക്കയാത്രയിലാണ് ആനയെ കണ്ടത്. മൂന്ന് പിടിയാനകളും ഒരു കുട്ടിക്കൊമ്പനും മേഞ്ഞുനില്‍ക്കുകയായിരുന്നു. ഹരിക്ക് ഫോട്ടോ എടുക്കാന്‍ സൗകര്യപ്രദമായ നിലയില്‍ ജീപ്പ് നിര്‍ത്തി. അത് ആനകള്‍ക്ക് ഇഷ്ടമായില്ല. ഹരി പരമാവധി വേഗത്തില്‍ ക്ലിക്ക് ചെയ്ത് നില്‍ക്കെ ആന വാല്‍ചുരുട്ടുന്നതു കണ്ട് വണ്ടി എടുക്കാന്‍ സതീഷ് നിര്‍ദ്ദേശിച്ചു. ഹരിയും ചാടിക്കയറി. വെപ്രാളപ്പെട്ട് വണ്ടി എടുത്തപ്പോള്‍ അത് സ്റ്റാര്‍ട്ടായില്ല. അധികം നിന്നാല്‍ പ്രശ്‌നമാണ്. നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ വേഗതയിലാവും ആന ഓട്ടം തുടങ്ങുക. പിന്നെ എല്ലാം നിമിഷങ്ങള്‍ക്കകം കഴിയും. ആനകള്‍ക്ക് പേടിപ്പിക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു എന്നു തോന്നുന്നു. അലറിവിളിച്ചെങ്കിലും അവര്‍ അവിടെത്തന്നെ നിന്നു. ഇതിനകം വണ്ടി സ്റ്റാര്‍ട്ടാക്കി ഞങ്ങള്‍ നീങ്ങി. ജീപ്പ് ഓടിച്ചിരുന്ന ലാലു ആനയെ കണ്ട പേടിയില്‍ നിന്നും മോചിതനാകാന്‍ സമയമെടുത്തു. അവന്റെ അച്ഛന്‍ സുപ്രമണി ആനയുടെ ഉപദ്രവമേറ്റ് മരിച്ചതിനാല്‍ ആനയെ അവന് വലിയ പേടിയാണ്. വനം വകുപ്പില്‍ ഇരുപത് വര്‍ഷമായി ദിവസവേതന ജീവനക്കാരനായിരുന്ന സുപ്രമണിക്ക് എല്ലാ കാട്ടാനകളും സുഹൃത്തുക്കളായിരുന്നു. അവരോട് സംസാരിച്ചും നടന്നും കാടിനെ വീടാക്കിയ സുപ്രമണി കാടുകയറിയാല്‍ തിരിച്ചിറങ്ങുക പല ദിവസങ്ങള്‍ കഴിഞ്ഞാകും. അത്തരമൊരു യാത്രയിലാണ് ,ഒരു മഴക്കാലത്ത്, സുപ്രമണിയെ ആന കാലുകൊണ്ട് തട്ടുകയോ തുമ്പിക്കൈയ്യില്‍ തൂക്കി എറിയുകയോ ചെയ്തത്. രണ്ട് ദിവസം ജീപ്പ് ഡ്രൈവര്‍ അവധിയിലായിരുന്നതിനാലും കനത്ത മഴ കാരണവും  അന്വേഷിച്ചു പോകാന്‍ കഴിഞ്ഞില്ല. വാരിയെല്ലും കാലും ഒടിഞ്ഞ സുപ്രമണി നടക്കാന്‍ കഴിയാതെ കാട്ടില്‍ കിടന്നുമരിക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് വനം വകുപ്പില്‍ ജോലി കിട്ടിയ മകനാണ് ലാലു. അവന് അച്ഛനെ ഓര്‍മ്മവരുക സ്വാഭാവികം.

 കുറച്ചുകൂടി മുന്നോട്ടു പോകുമ്പോള്‍ ഈറ്റവെട്ടുകാരുടെ ജീവിതം കണ്ടു. ഈറ്റ വെട്ടുന്ന രണ്ട് മനുഷ്യര്‍. അവര്‍ രാത്രിയില്‍ താമസിക്കുന്നത് കലുങ്കിന് താഴെയാണ്. അവിടെ തീകൂട്ടി ജീവികളെ അകറ്റിനിര്‍ത്തും.കാട്ടില്‍ വീണുകിടക്കുന്ന തേക്കും മറ്റുമാണ് വിറകിനായി ഉപയോഗിക്കുന്നത്. തുടര്‍യാത്രയില്‍ അനേകം കാട്ടുനായ്ക്കളെ കാണാന്‍ കഴിഞ്ഞു. ഒരു മാനിനെ വേട്ടയാടാനുള്ള ശ്രമത്തിലായിരുന്നു അവര്‍. ജീപ്പ് കണ്ടതോടെ നായ്ക്കള്‍ ചിതറിയോടി. പൂവനും പിടയുമായ കാട്ടുകോഴികളെയും യാത്രയില്‍ കാണുകയുണ്ടായി.

 കാടിറങ്ങി ആതിരപ്പിള്ളിയിലെത്തി 175 പടികള്‍ ഇറങ്ങി ജലപാതത്തിന് മുന്നില്‍ നിന്ന് ചിത്രമെടുത്ത്, അവിടെ പാറയില്‍ വിശ്രമിച്ച് രണ്ടുദിവസത്തെ കാനന യാത്ര അവസാനിപ്പിച്ചു. ഓര്‍മ്മയില്‍ കുറേ സ്‌നേഹം സമ്മാനിച്ച സതീഷിനും സുഹൃത്തുക്കള്‍ക്കും വിടചൊല്ലി മടങ്ങി, നഗരത്തിന്റെ തിരക്കിലേക്ക്.  






















Friday, 9 April 2021

Kerala needs Social Security Force

 


 കേരളത്തിന് വേണം സാമൂഹിക സുരക്ഷ സേന

 *മുറിവേല്‍പ്പിച്ചും മര്‍ദ്ദിച്ചും രണ്ടാനച്ഛന്‍ അഞ്ചുവയസുകാരിയെ കൊന്നു,കൊലപ്പെടുത്തും മുന്‍പ് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു
 *പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
 *മാനസിക പ്രശ്‌നങ്ങളുള്ള  പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
 *പതിനേഴുകാരനെ മര്‍ദ്ദിച്ച് വീഡിയോ സാമൂഹിക മാധ്യമത്തിലിട്ടു
 *പരീക്ഷ എഴുതാന്‍ പോയ യുവതി വഴിയില്‍ വെട്ടേറ്റ നിലയില്‍
 *പരീക്ഷപ്പേടിയില്‍ അത്മഹത്യ
 * കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തു
 *മയക്കുമരുന്ന് ഉപയോഗം യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നു
 *മദ്യഉപയോഗത്തില്‍ കേരളം മുന്നില്‍

 ഇതെല്ലാം കേരളത്തിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തലക്കെട്ടുകളാണ് .വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും മറ്റ് സംസ്ഥനങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുകന്ന കേരളം സാമൂഹിക സുരക്ഷയ്ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കിയിട്ടും നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും സാമൂഹിക സുരക്ഷ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. സാമൂഹിക സുരക്ഷ മിഷനൊക്കെ ബോധവത്ക്കരണത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതൊക്കെ എത്രമാത്രം ഫലപ്രദമാണ് എന്നു നമ്മള്‍ വിലയിരുത്തേണ്ടതുണ്ട്. സമൂഹത്തിലെ ഓരോ വീടുകളിലെയും ഓരോ വ്യക്തിയുടെയും സുരക്ഷ സംബ്ബന്ധിച്ച് ശ്രദ്ധിക്കാന്‍ നിലവിലുളള പോലീസ് ഫോഴ്‌സിന് കഴിയില്ല. അതുകൊണ്ടു തന്നെ നിയമപരമായ അധികാരങ്ങളോടെ ഒരു സാമൂഹിക സുരക്ഷ സേന ഉണ്ടാകേണ്ടതുണ്ട്.

 സേനയുടെ ചുമതലകള്‍

1.ഭവന സന്ദര്‍ശനം, വീടുകളില്‍ കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍,വിവിധങ്ങളായ പ്രശ്‌നങ്ങളെ അതിജീവിക്കുന്നവര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന പരിഗണന, സര്‍ക്കാര്‍ നല്‍കേണ്ട സഹായങ്ങള്‍ എന്നിവ മനസിലാക്കുക, നടപടി സ്വീകരിക്കുക

2.മാനസിക പ്രശ്‌നങ്ങളുള്ളവര്‍ക്ക് കൗണ്‍സിലിംഗ് ഒരുക്കുക, ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ആസ്പത്രിയില്‍ എത്തിക്കാന്‍ സഹായിക്കുക, സാമ്പത്തിക പ്രശ്‌നമുള്ളവര്‍ക്ക് വിവിധ ഏജന്‍സികളുടെ സഹായത്തോടെ സാമ്പത്തികം ലഭ്യമാക്കുക

3. മദ്യവര്‍ജ്ജന ബോധവത്ക്കരണം എന്ന പേരില്‍ കോടിക്കണക്കിന് രൂപ ഓരോ വര്‍ഷവും സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തില്‍ ഒരു ചലനവും അത് സൃഷ്ടിക്കുന്നില്ല. മദ്യവര്‍ജ്ജനം കേള്‍ക്കാന്‍ സുഖമുള്ള ഒരു ലോഗോ മാത്രമാണ്,നടപ്പിലാക്കേണ്ടത് അമിതമദ്യാപാനത്തിനെതിരായ ബോധവത്ക്കരണവും നടപടികളുമാണ്. കേരളം ഇന്നാവശ്യപ്പെടുന്നതും അതാണ്. അമിത മദ്യാപാനികള്‍ വീടിനും സമൂഹത്തിനും വിപത്താണ്. കുട്ടികളെയും ഭാര്യയേയും മാതാപിതാക്കളെപോലും ഉപദ്രവിക്കുന്ന ഇത്തരം മദ്യപാനികളെ ഐഡന്റിഫൈ ചെയ്യുകയും മദ്യോപയോഗത്തില്‍ പാലിക്കേണ്ട ആരോഗ്യപരമായ സമീപനം പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ചികിത്സ വേണ്ടവര്‍ക്ക് അത് നല്‍കാനും പ്രശ്‌നകാരികള്‍ക്ക് ശിക്ഷ എന്ന നിലയില്‍ മദ്യം നല്‍കാതെ നിശ്ചിത ദിവസങ്ങളിലേക്ക് തടവ് നിശ്ചയിക്കാനുമൊക്കെ നിയമപരമായ അധികാരം സേനയ്ക്കുണ്ടാവണം.
 
4. മയക്കുമരുന്ന് കേരളത്തിലെ ചെറുപ്പക്കാരെ വലിയ ദുരന്തത്തിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ ,മയക്കുമരുന്ന് വ്യാപനം തടയാനും സേനയ്ക്കുകഴിയണം. ബോധവത്ക്കരണം മാത്രമല്ല, കടുത്ത നടപടികളും ഇതിനാവശ്യമാണ്. മൈക്രോലെവലില്‍  മയക്കുമരുന്ന് വ്യാപനം തടയാന്‍ സുരക്ഷസേനയ്ക്ക് കഴിയും.

5. പോലീസിന് നല്‍കുന്നവിധമുള്ള പരിശീലനവും ഒപ്പം സാമൂഹിക സുരക്ഷ ലക്ഷ്യമിടുന്ന ആറുമാസം നീളുന്ന പരിശീലനവും ഇവര്‍ക്ക് നല്‍കാവുന്നതാണ്

 കേരളസമൂഹത്തില്‍ വലിയ മാറ്റത്തിന് ഇത് ഉപകരിക്കുമെന്നു കരുതുന്നു. ഒരു നിയമനിര്‍മ്മാണത്തിന് പുതിയ നിയമസഭയില്‍ ശ്രമമുണ്ടാകും എന്നു കരുതുന്നു


Thursday, 8 April 2021

Duty of polling officers - Kerala can follow Tamil Nadu model

 

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ദുരിതം ,തെരഞ്ഞെടുപ്പ് കമ്മീഷന് വരുംകാലം തമിഴ്‌നാട് മാതൃക സ്വീകരിക്കാം

 എന്റെ ബന്ധുക്കള്‍ നാല് പേര്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. 48 മണിക്കൂര്‍ നീണ്ട ദുരന്ത കഥയാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. അഞ്ചാം തീയതി വെളുപ്പിനെ വീട്ടില്‍ നിന്നും പുറപ്പെട്ടു. എട്ടുമണി മുതല്‍ പോളിംഗ് സാമഗ്രികള്‍ നല്‍കിത്തുടങ്ങും എന്നായിരുന്നു അറിയിപ്പ്. കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഉത്സവപ്പറമ്പിലെ പോലെ തിരക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പുല്ലുവിലയായിരുന്നു അവിടെ. മെഷീന്‍ നല്‍കുന്നിടത്ത് അഭയാര്‍ത്ഥികേന്ദ്രത്തിലെ പോലെ തിക്കും തിരക്കും ഉന്തും തള്ളുമായിരുന്നു. അവിടെ നിന്നും എല്ലാം കളക്ട് ചെയ്ത് വൈകിട്ടോടെ ബൂത്തുകളില്‍ എത്തി. ബൂത്തുകളുടെ എണ്ണം കൂട്ടിയതിനാല്‍ ഉദ്യോഗസ്ഥരുടെ എണ്ണവും ക്രമാതീതമായിരുന്നു.ഉച്ചഭക്ഷണം കഴിച്ചെന്നു വരുത്തിയുളള യാത്ര.പോളിംഗ് ബൂത്തിലെ ഒരുക്കങ്ങളും കവറുകള്‍ സജ്ജീകരിക്കലുമൊക്കെ കഴിഞ്ഞ് രാത്രിയില്‍ തളര്‍ന്നു കിടന്നുറങ്ങി. ഇതില്‍ ഒരാള്‍ക്ക് കിട്ടിയ പോളിംഗ് സെന്ററര്‍ ചെറിയൊരു സ്‌കൂളായിരുന്നു. ്അവിടെ  5 ബൂത്തുകളും.ആകെ ഒരു ടോയ്‌ലറ്റാണുള്ളത്. അതുകൊണ്ടുതന്നെ രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടി വന്നു. രാവിലെ അഞ്ച് മണിക്ക് മോക്ക് പോളിംഗ് തുടങ്ങി. ഏഴിന് പോളിംഗും ആരംഭിച്ചു. രാത്രി ഏഴിനാണ് പോളിംഗ് അവസാനിച്ചത്. ഏതാണ്ട് പട്ടിണിയായിരുന്നു അന്നത്തെ അവസ്ഥ. പിന്നീട് വാഹനം കാത്തിരിപ്പ്. കളക്ഷന്‍ കേന്ദ്രത്തിലെത്തുന്നത് രാത്രി പത്തുമണിക്ക്.വീണ്ടും അഭയാര്‍ത്ഥി കേന്ദ്രത്തില്‍ .വീട്ടിലേക്ക് മടങ്ങാനുള്ള ധൃതിയില്‍ എല്ലാവരും ഞാന്‍ മുന്നെ, ഞാന്‍ മുന്നെ എന്ന നിലയില്‍ മറ്റീരിയല്‍ തിരികെ കൊടുക്കാനുളള തിക്കും തിരക്കും. എല്ലാം കഴിഞ്ഞ് രാത്രി പന്ത്രണ്ടു മണിക്കൊക്കെയായിരുന്നു മടക്കം. വീട്ടിലെത്തിയത് വെളുപ്പിനെ. അടുത്ത ദിവസം തളര്‍ന്നുറങ്ങി ക്ഷീണം മാറ്റി. പോളിംഗ് ഡ്യൂട്ടിയിലായിരുന്ന മിക്കവര്‍ക്കും ഇതൊക്കെത്തന്നെയായിരുന്നു അനുഭവം.

 തമിഴ്‌നാട് മാതൃക ഇങ്ങിനെ. പോളിംഗ് ഉദ്യോഗസ്ഥര്‍ അഞ്ചാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് പോളിംഗ് നടക്കുന്ന സ്‌കൂളില്‍ എത്തി. ഒരു ഡപ്യൂട്ടി തഹസീല്‍ദാരുടെ നേതൃത്വത്തിലുളള സ്വാഡ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും പേപ്പറുകളും അവിടെ എത്തിച്ചുകൊടുത്തു. പോളിംഗ് ഉദ്യോഗസ്ഥര്‍ അവ ഒത്തുനോക്കി വാങ്ങി ബോധ്യപ്പെട്ടു. കേന്ദ്രത്തില്‍ വളരെ റിലാക്‌സ് ചെയ്ത് സജ്ജീകരണങ്ങള്‍ ഒരുക്കി അവര്‍ ഭക്ഷണം കഴിച്ച് സ്വസ്ഥമായി ഉറങ്ങി. അടുത്ത ദിവസം രാവിലെ അഞ്ചുമണിക്ക് മോക്ക് പോളിംഗ്. രാവിലെ ഏഴിന് വളരെ ഫ്രഷ് ആയി പോളിംഗ് ആരംഭിച്ചു. വൈകിട്ട് ഏഴുമണിക്ക് പോളിംഗ് അവസാനിച്ച ശേഷം പേപ്പറെല്ലാം തയ്യാറാക്കി അവിടെത്തന്നെ ഇരുന്നു. പോളിംഗ് സാമഗ്രികള്‍ തലേദിവസം കൊണ്ടുനല്‍കിയ അതേ സ്വാഡ് തന്നെ സ്‌കൂളിലെത്തി ഏറ്റുവാങ്ങി.. ചിലയിടത്ത് സ്വാഡ് എത്തിയപ്പോള്‍ പത്തുമണിയൊക്കെ ആയെന്നു മാത്രം. അവരെ ഉപകരണങ്ങള്‍ ഏല്‍പ്പിച്ച് ബോധ്യപ്പെടുത്തി പോളിംഗ് ഉദ്യോഗസ്ഥര്‍  അവിടെ നിന്നു തന്നെ അവരവരുടെ വീടുകളിലേക്ക് മടങ്ങി.

 ഇതുവഴി നേട്ടങ്ങള്‍ ഇങ്ങിനെ. വലിയ ഉത്തരവാദിത്തമുള്ള ജോലി തീരെ ടെന്‍ഷനില്ലാതെയും അലച്ചിലില്ലാതെയും നിര്‍വ്വഹിക്കാം. കളക്ഷന്‍ കേന്ദ്രത്തില്‍ അനാവശ്യമായ തിക്കും തിരക്കും ഒഴിവാക്കാം. കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും ഇതുവഴി കഴിയുന്നു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് ഉത്തരവാദപ്പെട്ടവരും ഇത് ശ്രദ്ധിക്കുമെന്നും ഈ മാതൃക പിന്‍തുടരുമെന്നും പ്രതീക്ഷിക്കുന്നു.

Sunday, 4 April 2021

Kattu yathra


 കാട്ടുയാത്ര

ഉണ്ണിക്കുട്ടന് യാത്രകള്‍ ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ചും കാട്ടിലൂടെയുള്ള യാത്ര. രസകരമായ ഒരുപാടനുഭവങ്ങള്‍ക്ക് അത് അവസരമൊരുക്കും. അച്ഛന്റെ സ്‌കോര്‍പിയോ കാറിലാണ് അവന്‍ യാത്ര പോവുക. പോകുംവഴി ചിലപ്പോള്‍ മൃഗങ്ങളെ കാണും. അതല്ലെങ്കില്‍ താമസിക്കുന്നിടത്തെങ്കിലും മൃഗങ്ങള്‍ വരും. ഒരിക്കല്‍ മൂന്നാറില്‍ നിന്നും മറയൂരെത്തി ചിന്നക്കനാലിലേക്ക് ഒരു യാത്ര പോയി. അവിടെ നിന്നും കാട്ടിലൂടെ തായണ്ണന്‍ കുടിയിലും ചുള്ളിപ്പെട്ടിയിലുമെത്തി. കാടിന്റെ നടുക്ക് ഒരു ജനസമൂഹം താമസിക്കുന്നു. ആദിവാസിക്കുടിയാണ് ചുള്ളിപ്പെട്ടി. മൂപ്പനാണ് അവിടെ എല്ലാം നിശ്ചയിക്കുന്നയാള്‍. അദ്ദേഹത്തെ കണ്ട് പരിചയപ്പെട്ടു. അവിടെ ആദിവാസികള്‍ കവുങ്ങും തെങ്ങും നെല്ലും കൃഷി ചെയ്തിരിക്കുന്നത് കണ്ടു. പശുക്കളും ആടുകളുമുണ്ട് കുടിയില്‍. മൂപ്പന് കൂട്ടായി പതിനഞ്ച് പട്ടികളും. അവിടെ നല്ല മിനുസമുളള പ്രതലത്തോടുകൂടിയ ഒരു പാറയും അവന്‍ കണ്ടു. ആന സ്വന്തം ശരീരം ഉരസി രസിക്കുന്ന സ്ഥലമാണവിടം. അടുത്ത ദിവസം രാവിലെ ആന ശരീരം ഉരസുന്ന ആ കാഴ്ച കാണാനും ഉണ്ണിക്കുട്ടന് കഴിഞ്ഞു.

 ആ പ്രദേശത്ത് താമസിക്കുന്നവര്‍ അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നത് മുപ്പത് കിലോമീറ്റര്‍ നടന്ന് ചിന്നക്കനാല്‍ വന്നാണ് എന്നത് ഉണ്ണിക്കുട്ടനെ അത്ഭുതപ്പെടുത്തി. ഉണ്ണിക്കുട്ടന്‍  ഒരു ദിവസം ചുള്ളിപ്പെട്ടിയിലെ  ട്രീഹട്ടില്‍ താമസിച്ചു. രാത്രിയില്‍ ആ മരത്തിന് കീഴെ ഒരുപാട് മൃഗങ്ങള്‍ വന്നു. കുറേ സമയം ബഹളം വച്ചു കളിച്ച ശേഷം അവ മടങ്ങിപ്പോയി. ആ കൂട്ടത്തില്‍ ഒരു കരടിയും ഉണ്ടായിരുന്നു. അത് ഈയിടെ ഒരാളെ ആക്രമിച്ച കഥ ചുള്ളിപ്പെട്ടിക്കാരനായ ദാസന്‍ ഉണ്ണിക്കുട്ടനോട് പറഞ്ഞു', മനുഷ്യരുടെ ചില സ്വഭാവങ്ങള്‍ കരടിക്കുമുണ്ട്. അത് പിറകിലൂടെ വന്ന് തോളില്‍ തട്ടി വിളിക്കുകയായിരുന്നു. ആരോ വിളിച്ചതാണെന്നു കരുതി അയാള്‍ മുഖം തിരിച്ചു. കരടിയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയും മുന്നെ മുഖമടച്ച് അടികിട്ടി. കണ്ണുകള്‍ ഉള്‍പ്പെടെ മുഖത്തിന്റെ വലതുവശം ഇളകി പറിഞ്ഞുപോയി. കൂടെയുണ്ടായിരുന്നയാള്‍ സിഗററ്റ് ലൈറ്റര്‍ കത്തിച്ചു. അപ്പോള്‍തന്നെ കരടി ഓടിപ്പോയി. തീപ്പെട്ടി കത്തിച്ചാലും കരടി ഓടും. രോമങ്ങള്‍ നിറഞ്ഞ ശരീരമുള്ള കരടിക്ക് തീയെ വലിയ ഭയമാണ്', ദാസന്‍ പറഞ്ഞു.

 ഉണ്ണിക്കുട്ടന്റെ അച്ഛന്‍ അപ്പോള്‍ മറ്റൊരു കഥ പറഞ്ഞു. ' ഒരിക്കല്‍ ഞാന്‍ കാട്ടുപോത്തിന്റെ ചിത്രം എടുത്തുകൊണ്ടു നില്‍ക്കുകയായിരുന്നു. ധാരാളം ചിത്രങ്ങള്‍ കിട്ടി. ഇടയിക്കിടെ അവന്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. അധികം കഴിയുംമുന്നെ തല കുനിച്ചുപിടിച്ച് കൈകാലുകള്‍ ഇളക്കി അവന്‍ എന്റെ നേരെ പാഞ്ഞുവന്നു. ആ വരവില്‍ അവിടെ നിന്നു കൊടുത്താല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ ബാള്‍ തട്ടിയപോലെ ഞാന്‍ തെറിച്ചുപോയി ചിതറിയേനെ. പെട്ടെന്ന് അടുത്തുകണ്ട മരത്തിന്റെ മറവിലേക്ക് മാറി. കാട്ടുപോത്ത് വന്ന വേഗത്തില്‍ മുന്നോട്ടുതന്നെ പോയി. അതിന്റെ സ്വഭാവം അങ്ങിനെയാണ്. പിന്‍തിരിഞ്ഞുള്ള വരവൊന്നും ഉണ്ടാകില്ല', അച്ഛന്‍ പറഞ്ഞു നിര്‍ത്തി. ആ നിമിഷങ്ങള്‍ മനസില്‍ സങ്കല്‍പ്പിച്ച് അവന്‍ അത്ഭുതത്തോടെ അച്ഛനെ നോക്കി. അപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാരനായ ഗോപി മാമന്‍ മറ്റൊരു കഥ പറഞ്ഞു. ' ഒരിക്കല്‍ ഞാനും കൂട്ടുകാരും കൂടി ജീപ്പില്‍ കാട്ടിലൂടെ യാത്ര പോവുകയായിരുന്നു. പെട്ടെന്ന് ഒരു പുലി ജീപ്പിന് മുകളിലൂടെ ചാടി. കുറച്ചു മുന്നോട്ടു നീക്കി വണ്ടി നിര്‍ത്തിയശേഷം ഡ്രൈവര്‍ പുലിയുടെ പിന്നാലെ ഓടി. ഞങ്ങളും ഒപ്പം കൂടി. പുലി താഴെ വയിലിലേക്കാണ് ഓടിയത്. അത് കുറച്ചു ദൂരം പോയശേഷം തിരിഞ്ഞുനില്‍ക്കുകയാണ്. ഒരു മോഴയെ അവിടെ കൊന്നിട്ടിട്ടുണ്ട്. അതിന്റെ ഹൃദയവും കരളും ആദ്യം തന്നെ പുലി തിന്നു കഴിഞ്ഞിരുന്നു. ആ മോഴയെ എടുക്കാന്‍ വരുന്ന ഉദ്യോഗസ്ഥരാണ് ഞങ്ങള്‍ എന്നാണ് പുലി കരുതിയത്. അത് ശവത്തിന് കാവലിരിക്കുമ്പോഴാണ് ജീപ്പ് വന്നത്. ഹൃദയവും കരളും തിന്ന ശേഷം ബാക്കിയായ ശരീരം രണ്ടു ദിവസം കിടന്ന് മയപ്പെട്ടശേഷമെ പുലി തുടയും മറ്റും കഴിക്കുകയുള്ളു. ഇതിനിടെ കുറുക്കനോ ചെന്നായോ വന്നാല്‍ അവരെ ഓടിക്കാനാണ് കാവലിരിപ്പ്', മാമന്‍ പറഞ്ഞുനിര്‍ത്തി. ഉണ്ണിക്കുട്ടന് കാട്ടില്‍ വച്ച് പുലിയെ കാണാന്‍ മോഹം തോന്നി. വളരുമ്പോള്‍ വനം വകുപ്പില്‍ ജോലി കിട്ടിയിരുന്നെങ്കില്‍ എന്നവന്‍ ആഗ്രഹിച്ചു.

 കാട്ടില്‍ മനുഷ്യര്‍ക്ക് ഏറ്റവും അപകടം ചെയ്യുന്നത്. ആനകളാണെന്ന് അച്ഛന്‍ അവനോട് പറഞ്ഞു. ഒരിക്കല്‍ അവര്‍ വയനാട്ടിലെ മുത്തങ്ങയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവര്‍ അപ്പുക്കുട്ടന് കാട്ടാനയുടെ ഗന്ധം കിട്ടി. തൊട്ടടുത്ത മരമനങ്ങുന്നതും അപ്പുക്കുട്ടന്‍ കണ്ടു. വണ്ടി മുന്നോട്ടോടിച്ച് കുറച്ചകലെ കൊണ്ടുനിര്‍ത്തിയ ശേഷം അവര്‍ മടങ്ങിവന്നു. അപ്പോള്‍ കുട്ടിയാനകള്‍ ഉള്‍പ്പെട്ട വലിയ ഒരാനക്കൂട്ടം റോഡ് കടന്നുപോകുന്നത് അവര്‍ കണ്ടു. ആനക്കുട്ടികള്‍ മനുഷ്യരെ കണ്ടാല്‍ അടുത്തുവരും. ഇത് കാണുമ്പോള്‍ കുട്ടികളെ പിടിക്കാന്‍ വന്ന മനുഷ്യരാണെന്നു കരുതി അമ്മയാന ഉപദ്രവിക്കാന്‍ വരും. അതല്ലെങ്കില്‍ സാധാരണ കൂട്ടമായി പോകുന്ന ആനകള്‍ മനുഷ്യരെ ഉപദ്രവിക്കാറില്ലെന്നും അച്ഛന്‍ അവന് പറഞ്ഞുകൊടുത്തു. ആനഗന്ധം അന്തരീക്ഷത്തിലുണ്ടെങ്കില്‍ വണ്ടിയുടെ മുന്നില്‍ കൈലേസ് കെട്ടി കാറ്റിന്റെ ഗതി നോക്കണം. കാറ്റ് വരുന്നിടത്താവും ആനയുണ്ടാവുക. മുത്തങ്ങയിലേക്ക് യാത്ര പോകണം എന്ന് ഉണ്ണിക്കുട്ടന്‍ വാശിപിടിച്ചപ്പോള്‍ അടുത്ത യാത്ര മുത്തങ്ങയിലേക്കാകാം എന്ന് അച്ഛന്‍ സമ്മതിച്ചു. അതോടെ കമ്പിളിപ്പുതപ്പ്  മൂടി അവന്‍ ഉറങ്ങാന്‍ കിടന്നു.

Friday, 2 April 2021

Malayalathinu abhimanikkan oru hindi sahithyakaaran -Prof.Chandrasekaran nair

 

മലയാളത്തിന് അഭിമാനിക്കാന്‍ ഒരു ഹിന്ദി സാഹിത്യകാരന്‍

( മഹാത്മഗാന്ധി കോളേജില്‍ ഹിന്ദി പ്രൊഫസറായിരുന്ന ചന്ദ്രശേഖരന്‍ നായരെ 1995 ല്‍ കേരള ഹൗസില്‍ ഇന്റര്‍വ്യൂ ചെയ്ത് 1995 മാര്‍ച്ച് 16- ഏപ്രില്‍ 1 ലക്കം ന്യൂഡല്‍ഹി ഇന്നില്‍ പ്രസിദ്ധീകരിച്ചത്.2020 ല്‍ രാഷ്ട്രം ഇദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു)

 തികഞ്ഞ ഗാന്ധിയന്‍,സാമൂഹ്യപ്രവര്‍ത്തകന്‍,പ്രിയങ്കരനായ അധ്യാപകന്‍,ചിത്രകാരന്‍.ഡോക്ടര്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക് ഇണങ്ങുന്ന വിശേഷണങ്ങള്‍ ധാരാളം. ഹിന്ദി പഠിക്കുക എന്നാല്‍ ദേശസേവനമാണ് എന്ന ഗാന്ധിജിയുടെ ഉപദേശം ഉള്‍ക്കൊണ്ട് ,രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനും ഏറെ മുന്‍പ് ഹിന്ദി ഭാഷ പഠിക്കാന്‍ തുടങ്ങിയ ഡോക്ടര്‍ നായര്‍ ഇപ്പോള്‍ കേരള ഹിന്ദി സാഹിത്യ അക്കാദമി ചെയര്‍മാനാണ്. 45 ഗ്രന്ഥങ്ങളും നൂറ്റമ്പതില്‍ അധികം ചിത്രങ്ങളും രചിച്ച ഇദ്ദേഹത്തിന്റെ പുസ്തകങ്ങളുടെയും ചിത്രങ്ങളുടെയും ഒരു പ്രദര്‍ശനം കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു വരുന്നു. അദ്ദേഹവുമായുണ്ടായ കൂടിക്കാഴ്ചയില്‍ നിന്ന്:

* ഹിന്ദി ഭാഷ പഠിക്കാനുണ്ടായ സാഹചര്യം ?

്# സ്വാതന്ത്ര്യം കിട്ടുംമുമ്പ് ഹിന്ദി ഭാഷ പഠിക്കുക എന്നാല്‍ തിരുവിതാംകൂറില്‍ ദേശദ്രോഹമായി കണക്കാക്കിയിരുന്നു. എന്നാല്‍ ഹിന്ദി ഭാഷാ പഠനം ദേശസേവനമാണെന്ന ഗാന്ധിജിയുടെ ഉപദേശം എന്നെ ആകര്‍ഷിച്ചു. അന്ന് അതിനുളള സ്‌കൂളുകളൊന്നും ഉണ്ടായിരുന്നില്ല. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയാണ് എന്റെ ദേശം. കൊട്ടാരക്കര നിന്നുവന്ന കെ.രാഘവന്‍ എന്ന ഹിന്ദി പ്രചാരകനാണ് എന്നെ ഹിന്ദി പഠിപ്പിച്ചത്.

* എതിര്‍പ്പുകള്‍?

# പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉണ്ടായി. അതെല്ലാം അതിജീവിച്ച് പഠനം മുന്നോട്ടുപോയി. ശാസ്താംകോട്ടയിലെ റെസിഡന്‍ഷ്യല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.സി.ടി.ഈപ്പന്‍ 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിനെ എതിര്‍ത്തു. എതിര്‍പ്പുകളെ അവഗണിച്ച് ആഘോഷം നടത്തി. അന്ന് ദേശീയഗാനം പാടിയ കുട്ടി പിന്നീട് പ്രസിദ്ധ നാടകകൃത്ത് സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ ഭാര്യയായി.

*സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ?

# ഉണ്ടായേനെ, അതിന് കാത്തുനില്‍ക്കാതെ അടുത്ത ദിവസം തന്നെ രാജിവച്ചു.

* തുടര്‍ന്ന് --- ?

# ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ വിശാരദ് എഴുതിയെടുത്തു. അപ്പോള്‍തന്നെ പ്രാക്കുളം,പുനലൂര്‍,കടമ്പനാട് എന്നിവിടങ്ങളിലെ ഇംഗ്ലീഷ് സ്‌കൂളുകളില്‍ നിന്നും നിയമന ഉത്തരവുകള്‍ ലഭിച്ചു. പുനലൂര്‍ സ്‌കൂളില്‍ ജോലി സ്വീകരിച്ചു. അവിടെ ഇരുന്നുകൊണ്ട് മദ്രാസ് മെട്രിക്കുലേഷന്‍ പാസായി.

* ആ കാലത്തെ പ്രത്യേക ഓര്‍മ്മകള്‍ ?

# കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. ഇപ്പോഴത്തെ ഗതാഗത വകുപ്പു മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ശിഷ്യനായി അന്നവിടെ ഉണ്ടായിരുന്നു.

* പുനലൂരില്‍ നിന്ന് പിന്നീട് --?

# തിരുവനന്തപുരത്ത് ശാസ്തമംഗലം എന്‍എസ്എസ് സ്‌കൂളിലേക്ക് മാറി. അവിടെ പഠിപ്പിക്കുന്ന കാലത്ത് തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിഎ പാസായി.

* എംജിയിലേക്കുള്ള മാറ്റം ?

# 1951 ഒക്ടോബറില്‍ തിരുവനന്തപുരം മഹാത്മഗാന്ധി കോളേജില്‍ ട്യൂട്ടറായി. തുടര്‍ന്ന് അലഹബാദിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നും എംഎ എടുത്തു. 1967 വരെ എംജിയില്‍ തുടര്‍ന്നു. പിന്നീട് ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ആറുകൊല്ലം പ്രൊഫസറായി സേവനമനുഷ്ടിച്ചു. അക്കാലത്ത് അവിടെ ഗാന്ധി വിജ്ഞാന്‍ ഭവന്‍ സ്ഥാപിച്ചു. സാമൂഹ്യതലത്തില്‍ ഏറെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അന്ന് സാധിച്ചു. ഗാന്ധി സെന്റിനറി കമ്മറ്റിയുടെ ഒറ്റപ്പാലം ഏരിയ ചെയര്‍മാനും പാലക്കാട് ജില്ല വൈസ് ചെയര്‍മാനുമായിരുന്നു. പിന്നീട് ഒരു വര്‍ഷം മട്ടന്നൂര്‍ കോളേജില്‍ തുടര്‍ന്നു.

* ഡോക്ടറേറ്റ്-- ?

# 1975 ല്‍ എംജി കോളേജില്‍ മടങ്ങിയെത്തി. ആ കാലത്ത് ബീഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ചഡിക്ക് ചേര്‍ന്നു. ഹിന്ദിയിലേയും മലയാളത്തിലേയും രണ്ട് പ്രതീകവാദികളായ കവികള്‍(സുമിത്രാനന്ദന്‍ പന്തും ജി.ശങ്കരകുറുപ്പും) എന്നതായിരുന്നു വിഷയം. 1977 ല്‍ ഡോക്ടറേറ്റ് കിട്ടി. തീസിസ് യൂജിസി പ്രസിദ്ധീകരിക്കുകയും ചെയ്തു. സുമിത്രാനന്ദന്‍ പന്താണ് ഇതിന് ആമുഖമെഴുതിയത്. ഇത് ഹിന്ദി സാഹിത്യത്തിന് മാത്രമല്ല ഇന്ത്യന്‍ സാഹിത്യത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം ആമുഖത്തില്‍ പറയുന്നു.

* ഈ വിഷയം തെരഞ്ഞെടുക്കാന്‍ പ്രത്യേക കാരണം ?

# 1953 ല്‍ മലയാളി വിശേഷാല്‍ പതിപ്പില്‍ ജീയും പന്തും എന്നൊരു ലേഖനം എഴുതിയിരുന്നു. അന്നേ മനസില്‍ പതിഞ്ഞ വിഷയമായിരുന്നു ഇത്.

* ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം ?

# 1961 ല്‍ മലയാളത്തിലാണ് ആദ്യത്തെ പുസ്തകം. ' ചെരുപ്പുകുത്തിയുടെ മകള്‍' എന്ന ചെറുകഥാസമാഹാരം. 1962 ല്‍ ' ദ്വിവേണി( രണ്ട് ധാരകള്‍) എന്ന ഹിന്ദി നാടകം. ഒരു മലയാളി എഴുതിയ ആദ്യത്തെ ഹിന്ദി നാടകമാണിത്. നിരവധി ഭാഷകളിലേക്ക് പിന്നീടിത് തര്‍ജ്ജമ ചെയ്യപ്പെട്ടു. ഗുജറാത്തിയില്‍ നാല് വിവര്‍ത്തനങ്ങളുണ്ടായി.

* ഇതിന് പുറമെ ?

# 1962 ല്‍ തന്നെ ' കുരുക്ഷേത്ര് ജാഗ്താ ഹെ'( കുരുക്ഷേത്രം ഉണരുന്നു), എന്ന നാടക സമാഹാരം. 1965 ല്‍ ' ഹിമാലയ് ഗര്‍ജ് രഹാ ഹെ' ( ഹിമാലയം ഗര്‍ജ്ജിക്കുന്നു) എന്ന ഖണ്ഡകാവ്യം , തുടര്‍ന്ന് ജീവചരിത്രം, ചെറുകഥാ സമാഹാരം,നാടകം, ഖണ്ഡകാവ്യം എന്നീ വിവിധ സാഹിത്യ ശാഖകളിലായി 45 ഗ്രന്ഥങ്ങള്‍ രചിച്ചു.

* അംഗീകാരങ്ങള്‍ ?

# സുമിത്രനന്ദന്‍ പന്ത് ഉള്‍പ്പെടെ 14 സാഹിത്യകാരന്മാര്‍ ചേര്‍ന്ന് എന്റെ കൃതികളെ സംബ്ബന്ധിച്ച് തയ്യാറാക്കിയ പുസ്തകം എല്‍.കെ.അദ്വാനി മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം പ്രകാശനം ചെയ്തു. ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് തയ്യാറാക്കിയ സമകാലീന ഭാരതീയ നാട്യസാഹിത്യം 1987 ഫെബ്രുവരിയില്‍ പി.വി.നരസിംഹറാവു പ്രകാശനം ചെയ്തു. ഇവയാണ് ഏറ്റവും വലിയ അംഗീകാരങ്ങള്‍.

* മറ്റ് അംഗീകാരങ്ങള്‍ ?

# അനേകം ലഭിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അവാര്‍ഡ്,അന്തര്‍ദേശീയ കുസുമ് അവാര്‍ഡ് എന്നിവ ഇവയില്‍ ചിലതാണ്.

* പ്രധാന പദവികള്‍ ?

# കോഴിക്കോട് സര്‍വ്വകലാശാല ഹിന്ദി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, സര്‍വ്വോദയ മണ്ഡല്‍ പാലക്കാട് ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല വിസിറ്റിംഗ് ലക്ചറര്‍, കേരള സ്‌കൂള്‍ സിലബസ് പരിഷ്‌ക്കരണ ഉപദേശക സമിതി അംഗം, കേരള സര്‍വ്വകലാശാല സെനറ്റ് അംഗം തുടങ്ങി അനേകം ചുമതലകള്‍ ഏറ്റെടുത്തിട്ടുണ്ട്

* ചിത്രരചന രംഗത്തെ താത്പ്പര്യം ?

# വലരെ ചെറുപ്പത്തിലെ ചിത്രരചനയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പെയിന്റിംഗ്,ഫ്രീഹാന്‍ഡ് പരീക്ഷകള്‍ പാസായി. 150 ല്‍ അധികം ചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. അനേകം എക്‌സിബിഷനുകള്‍ നടത്തി. അനേകം അംഗീകാരങ്ങളും ലഭിച്ചു. പ്രസിദ്ധ ചിത്രകലാ നിരൂപകന്‍ കെ.പി.പത്മനാഭന്‍ തമ്പി ' ബുദ്ധിജീവിയായ ചിത്രകാരന്‍' എന്ന് അഭിന്ദിച്ചിട്ടുണ്ട്. അതാണ് ഈ രംഗത്തെ ഏറ്റവും വലിയ പുരസ്‌ക്കാരമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

* ഏത് തരം ചിത്രങ്ങളോടാണ് താല്‍പ്പര്യം ?

# കാഴ്ചക്കാര്‍ക്ക് മനസിലാകാത്ത,നിഗൂഢതകള്‍ നിറഞ്ഞ ചിത്രങ്ങള്‍ വരയ്ക്കാറില്ല. എന്നാല്‍ പ്രതീകാത്മകതയോട് താത്പ്പര്യമുണ്ട്. 'പ്രകൃതിയും പുരുഷനും', ' വിശ്വപുരുഷന്‍', 'സംഹാരവും സംരക്ഷണവും' തുടങ്ങിയ ചിത്രങ്ങളില്‍ അത് ഏറെ തെളിഞ്ഞുകാണാം. ' പ്രകൃതിയും പുരുഷനും' എന്ന ചിത്രം കല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'റിഥം' മാസികയില്‍ അച്ചടിച്ചു വരുകയും ചെയ്തു.

 യോഗസിദ്ധിയുടെ ഊര്‍ജ്ജവും കര്‍മ്മനിരതയുടെ പ്രസരിപ്പും കൊണ്ട് ശക്തനായി നില്‍ക്കുന്ന ഈ എഴുപതുകാരനില്‍ നിന്നും രാജ്യത്തിന് ഇനിയും സാഹിത്യ-കലാ-സാമൂഹിക രംഗങ്ങളില്‍ ഏറെ കാര്യങ്ങള്‍ പ്രതീക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ഹ്രസ്വമായ ഈ കൂടിക്കാഴ്ച നല്‍കിയത്.  

Thursday, 1 April 2021

New Delhi Innu newspaper & Sathabhishekam drama

 


 ഡല്‍ഹിയില്‍ കെ.മാധവന്‍ നായരുടെ നേതൃത്വത്തില്‍ ഇറക്കിയിരുന്ന ആഴ്ചപത്രമായിരുന്നു ന്യൂഡല്‍ഹി ഇന്ന്. ഒരിക്കല്‍ നിന്ന പത്രം രണ്ടാമത് പ്രസിദ്ധീകരണം തുടങ്ങിയെങ്കിലും അധികകാലം നടത്താന്‍ കഴിഞ്ഞില്ല. പിന്നീട് പലരും പത്രപരീക്ഷണം നടത്തിയിരുന്നു, എന്റെ സുഹൃത്ത് മാര്‍ട്ടിന്‍ ഉള്‍പ്പെടെ.ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷം ശ്രമം ഉപേക്ഷിക്കയാണുണ്ടായത്. മനോരമയുടെയും മാതൃഭൂമിയുടെയും ഡല്‍ഹി  എഡിഷന്‍ വന്നതോടെ അത്തരം പ്രാദേശിക പത്രങ്ങളുടെ പ്രസക്തിതന്നെ ഇല്ലാതായി. ഒരു പഴയ ഫയലില്‍കണ്ടെത്തിയ, ന്യൂഡല്‍ഹി ഇന്നില്‍ ഞാനെഴുതിയ ഒരാസ്വാദനം ഇവിടെ കുറിക്കട്ടെ. ആ കാലഘട്ടത്തില്‍ ഡല്‍ഹിയിലുണ്ടായിരുന്ന, പ്രത്യേകിച്ചും ജനസംസ്‌കൃതിക്കാര്‍ക്ക് ഓരോര്‍മ്മയുണര്‍ത്തലാകും

  ശതാഭിഷേകം വേദിയിലെത്തിയപ്പോള്‍

എസ്.രമേശന്‍ നായര്‍ രചിച്ച് കെ.എസ്.റാണാപ്രതാപന്‍ സംവിധാനം ചെയ്ത് ആകാശവാണി പ്രക്ഷേപണം ചെയ്ത നാടകമാണ് ശതാഭിഷേകം. ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഈ നാടകത്തിന്റെ രംഗാവിഷ്‌ക്കാരം ഈയിടെ ഡല്‍ഹിയില്‍ അരങ്ങേറി. കോപ്പര്‍ നിക്കസ് മാര്‍ഗ്ഗിലെ എല്‍ടിജി ആഡിറ്റോറിയത്തില്‍ അവതരിപ്പിച്ച നാടകം സംവിധാനം ചെയ്തത് എം.വി.സന്തോഷാണ്.

തറവാട് കാരണവരായ കിട്ടുമ്മാവന്‍,സ്വന്തം അധികാരം നിലനിര്‍ത്താനായി നടത്തുന്ന തന്ത്രങ്ങളാണ് നാടകത്തിന്റെ കേന്ദ്രബിന്ദു. ഭാര്യ ഭരണാക്ഷിയമ്മയും ആശ്രിതന്‍ ഏഷണികുമാരനും അജകുമാറും ചില അനന്തിരവരും അമ്മാവന് സ്തുതിപാടി തന്‍കാര്യം നേടുമ്പോള്‍, കുറേ അനന്തിരവന്മാര്‍ അമ്മാവന്റെ ഏകാധിപത്യ ഭരണത്തെ എതിര്‍ക്കുന്നു. എന്നാല്‍ ആ എതിര്‍പ്പ് ശക്തിമത്തല്ല. കുറച്ചു പൊന്നും പണവും കൈയ്യില്‍ കിട്ടുമ്പോള്‍ അവര്‍ സംതൃപ്തരായി മടങ്ങുന്നു. അല്‍പ്പനാള്‍ കഴിയുമ്പോള്‍ വീണ്ടും അസ്വസ്ഥരായി ശബ്ദമുയര്‍ത്തുന്നു.

 പൊതുവെ ജനാധിപത്യ ഭരണക്രമത്തില്‍ കണ്ടുവരാറുള്ള താളങ്ങളും അവയുടെ ക്രമം തെറ്റലും ഒരു തറവാടിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ത്തികാട്ടുന്ന ഈ നാടകത്തില്‍, മന്ദബുദ്ധിയായ വളര്‍ത്തുമകന്‍ കിങ്ങിണിക്കുട്ടന്‍, കാലം കണ്ട സ്വേച്ഛാധിപതികളുടെ ദൗര്‍ബ്ബല്യത്തിന്റെ പ്രതീകമാകുന്നു.

 റേഡിയോ നാടകം , രംഗത്ത് അവതരിപ്പിക്കുക ഒട്ടേറെ വിഷമതകളുള്ള കാര്യമാണ്. ശബ്ദക്രമീകരണം കൊണ്ടുമാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന നാടകാന്തരീക്ഷത്തെ പ്രേക്ഷകന്റെ കണ്ണിനുമുന്നില്‍ എത്തിക്കുമ്പോള്‍ , മുഷിവ് കൂടാതെ ഒരു മണിക്കൂറിലധികം നാടകം കണ്ടുകൊണ്ടിരിക്കാന്‍ കഴിയുംവിധം അതിനെ സജ്ജമാക്കേണ്ടതുണ്ട്. സംവിധായകന്‍ സന്തോഷ് ഇക്കാര്യത്തില്‍ വിജയിച്ചു എന്ന് സംശയലേശമെന്യെ പറയാം.

 ഇരുപത്തിയഞ്ചോളം കഥാപാത്രങ്ങളെ മെരുക്കിയെടുത്ത് രംഗത്ത് കൊണ്ടുവരിക ശ്രമകരമായ ജോലിതന്നെയാണ്. കുടുംബപശ്ചാത്തലത്തില്‍ പറഞ്ഞുവരുന്ന കഥയാണെങ്കിലും ആധുനിക നാടകത്തിന്റെ ചിട്ടകളും സന്നിവേശിപ്പിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

 കിട്ടുമ്മാവനായി രംഗത്തുവന്ന സന്തോഷ്, കിങ്ങിണിക്കുട്ടനെ അവതരിപ്പിച്ച രവി, ഏഷണികുമാരനായി വന്ന മുരളി, അനന്തിരവരായ പ്രദീപ്,സുനില്‍ തുടങ്ങിയവര്‍ മെച്ചപ്പെട്ട അഭിനയം കാഴ്ചവച്ചു. റേഡിയോ നാടകത്തില്‍ തിളങ്ങിനിന്ന ഭരണാക്ഷിയമ്മ രംഗത്ത് പരാജയമായി. വെളിച്ച ക്രമീകരണത്തിലെ ചില അപാകതകള്‍ ഒഴിച്ചാല്‍ , നാടകം പൊതുവെ നന്നായി. ഡല്‍ഹി മലയാളികള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു നാടക സംഘമാണ് സന്തോഷിന്റേത്.

 ജനസംസ്‌ക്ൃതി കൊണാട്ട് പ്ലേസ് ഏരിയ 13ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് നാടകം അവതരിപ്പിച്ചത്. വാര്‍ഷിക പരിപാടികള്‍ ജസ്റ്റീസ് പി.സുബ്രഹ്മണ്യന്‍ പോറ്റി ഉത്ഘാടനം ചെയ്തു. ജനസംസ്‌കൃതി വൈസ്പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷം വഹിച്ചു. സിന്ധു പരമേശ്വരന്‍, വിനീത് വിജയന്‍ എന്നിവര്‍ കഥകളിയും ഉഷാനായര്‍, വിജയലക്ഷ്മി എന്നിവര്‍ ഭരതനാട്യവും അവതരിപ്പിച്ചു.